മൂന്നാം ഖലീഫയുടെ കാലത്തെ ക്വുര്‍ആന്‍ ക്രോഡീകരണം

ശമീര്‍ മദീനി

2019 ഡിസംബര്‍ 21 1441 റബിഉല്‍ ആഖിര്‍ 24

വിശുദ്ധ ക്വുര്‍ആന്‍ നബി ﷺ യുടെ കാലം മുതല്‍ പ്രധാനമായും ഹൃദയങ്ങളില്‍ മനഃപാഠമായി സൂക്ഷിക്കുകയും ആവശ്യാനുസരണം പാരായണം ചെയ്യുകയുമായിരുന്നു പതിവ്. എന്നാല്‍ അതോടൊപ്പം തന്നെ എഴുതാനും വായിക്കാനും അറിയുമായിരുന്നവരെക്കൊണ്ട് അത് എഴുതി സൂക്ഷിക്കുകയും ചെയ്തിരുന്നു. അങ്ങനെ നബി ﷺ  ഈ ലോകത്തോട് വിടപറയുമ്പോഴേക്കും ആയിരക്കണക്കിന്ന് സ്വഹാബികളുടെ ഹൃദയങ്ങളില്‍ മനഃപാഠമായും നിരവധി പേരുടെ പക്കല്‍ വരമൊഴിയായും സുരക്ഷിതമായിരുന്നു വിശുദ്ധ ക്വുര്‍ആന്‍.

ശേഷം അബൂബക്കര്‍ സ്വിദ്ദീഖി(റ)ന്റെ ഭരണകാലത്ത് ഈ രേഖപ്പെടുത്തപ്പെട്ട് കിടക്കുന്നവ ഒരുമിച്ച് ഒരു ഗ്രന്ഥരൂപത്തില്‍ രണ്ട് ചട്ടക്കുള്ളിലാക്കാനുള്ള ഉമറി(റ)ന്റെ നിര്‍ദേശവും അതിനെ തുടര്‍ന്നുള്ള ചര്‍ച്ചയുമൊക്കെ കഴിഞ്ഞപ്പോള്‍ ഖലീഫയുടെ നിര്‍ദേശപ്രകാരം സൈദുബ്‌നു ഥാബിതി(റ)ന്റെ മേല്‍ നോട്ടത്തില്‍ പ്രസ്തുത ദൗത്യവും പൂര്‍ത്തിയായി. അങ്ങനെ വിശുദ്ധ ക്വുര്‍ആന്റെ കാര്യത്തില്‍ പരിപൂര്‍ണ നിര്‍ഭയത്വത്തോടെ പഠനവും പാരായണവും പ്രചാരണവുമൊക്കെയായി ആ കാലവും കഴിഞ്ഞു. ശേഷം രണ്ടാം ഖലീഫ ഉമറുബ്‌നുല്‍ ഖത്വാബി(റ)ന്റെ കാലത്തും ഇതേ സ്ഥിതി തുടര്‍ന്നു.

എന്നാല്‍ മൂന്നാം ഖലീഫയായ ഉസ്മാനുബ്‌നുല്‍ അഫ്ഫാന്റെ(റ) കാലഘട്ടത്തില്‍ (ഹി:24-35) ഇസ്‌ലാമിക സാമ്രാജ്യം കുറേകൂടി വിസ്തൃതമായി. കൂടുതല്‍ കൂടുതല്‍ ആളുകള്‍ ഇസ്‌ലാമിലേക്ക് കടന്നുവന്നുകൊണ്ടിരുന്നു. ഓരോരുത്തരും അവരവര്‍ കേട്ടുപഠിച്ച പാഠരൂപത്തില്‍ ക്വുര്‍ആന്‍ വചനങ്ങള്‍ ഓതിപ്പോന്നു. ചിലരുടെ പക്കലുള്ള വിവരങ്ങള്‍ മറ്റു ചിലരുടെ അടുക്കലില്ലാത്ത സ്ഥിതിയുമുണ്ടായി. ക്വുര്‍ആന്‍ വചനമെന്ന നിലയില്‍ പാരായണം ദുര്‍ബലപ്പെടുത്തപ്പെട്ട (മന്‍സൂഖായ) വചനങ്ങളെ 'മന്‍സൂഖാ'ണെന്ന് അറിയാതെ ക്വുര്‍ആന്‍ സൂക്തങ്ങളെന്ന ധാരണയില്‍ ഓതിവരുന്ന സ്ഥിതിവരെ ചിലര്‍ക്കിടയിലുണ്ടായി. ക്വുര്‍ആന്‍ പാരായണങ്ങളിലെ ഈ വ്യത്യാസങ്ങള്‍ ആളുകള്‍ക്കിടയില്‍ കൂടുതല്‍ അസ്വസ്ഥത സൃഷ്ടിക്കുകയും ചിലപ്പോഴൊക്കെ ഭിന്നത രൂക്ഷമാവുകയും ചെയ്തു.

അത്തരത്തിലൊരു ഭിന്നത ഇറാഖ്, സിറിയ നിവാസികള്‍ക്കിടയില്‍ രൂക്ഷമായി നിലനില്‍ക്കുന്നത് നേരിട്ടനുഭവിച്ചറിഞ്ഞ സ്വഹാബിവര്യനായ ഹുദൈഫതുബ്‌നുല്‍ യമാന്‍(റ) ഖലീഫ ഉസ്മാനെ(റ) വിവരം അറിയിച്ചു. ജൂത, ക്രിസ്ത്യാനികള്‍ അവരുടെ വേദത്തിന്റെ കാര്യത്തില്‍ ഭിന്നിച്ചതുപോലെ ഈ സമുദായം ഭിന്നിക്കാതിരിക്കാന്‍ വേണ്ടതു ചെയ്യണമെന്ന് ഖലീഫയോട് അദ്ദേഹം ഉണര്‍ത്തി. ഉസ്മാന്‍(റ) വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കി എല്ലാവരെയും വിളിച്ചുകൂട്ടി വിഷയം ചര്‍ച്ചചെയ്തു.

അങ്ങനെ അബൂബക്കറി(റ)ന്റെ കാലത്ത് ക്രോഡീകരിച്ച ക്വുര്‍ആനിന്റെ കയ്യെഴുത്ത് പ്രതിയെ അടിസ്ഥാനപ്പെടുത്തി കോപ്പികള്‍ പകര്‍ത്തിയെഴുതി വിവിധ പ്രദേശങ്ങളിലേക്ക് അയക്കാന്‍ തീരുമാനമായി.

അത് പ്രകാരം ക്വുര്‍ആന്‍ എഴുത്തുകാരിലെ പ്രമുഖനും അബൂബക്കറി(റ)ന്റെ കാലത്ത് പ്രസ്തുത ഉത്തരവാദിത്തം ഭംഗിയായി നിര്‍വഹിച്ച വ്യക്തിയുമായ സൈദുബ്‌നുഥാബിതി(റ)ന്റെ നേതൃത്വത്തില്‍ അബ്ദുല്ലാഹിബ്‌നു സുബൈര്‍(റ), സഈദുബ്‌നുല്‍ ആസ്വ്(റ), അബ്ദുര്‍റഹ്മാന്‍ ബ്‌നുല്‍ ഹാരിഥുബ്‌നു ഹിശാം(റ) മുതലായവരെ ക്വുര്‍ആന്‍ പകര്‍ത്തി എഴുതാന്‍ ഖലീഫ ഉസ്മാന്‍(റ) ചുമതലപ്പെടുത്തി. അങ്ങനെ ക്വുര്‍ആന്‍ വചനങ്ങളായി സ്ഥിരപ്പെട്ടവ മാത്രം ക്രോഡീകരിച്ച് അതിന്റെ പകര്‍പ്പുകള്‍ വിവിധ സ്ഥലങ്ങളിലേക്ക് ഖലീഫ അയച്ചുകൊടുക്കുകയും ക്വുര്‍ആനുമായി ബന്ധപ്പെട്ടുള്ള അഭിപ്രായ ഭിന്നതകള്‍ ഈ ക്രോഡീകരിച്ചതനുസരിച്ച് പരിഹരിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു.

മറ്റുള്ളവ കത്തിച്ചത് അപരാധമോ?

ഖലീഫ ഉസ്മാനുബ്‌നു അഫ്ഫാ(റ)ന്റെ നിര്‍ദേശപ്രകാരം സൈദുബ്‌നു ഥാബിതി(റ)ന്റെ നേതൃത്വത്തിലുള്ള മുസ്വ്ഹഫിനെ അടിസ്ഥാനപ്പെടുത്തി പകര്‍ത്തിയെഴുതിയ ശേഷം മറ്റുള്ള കോപ്പികള്‍ കത്തിച്ചുകളയുകയും ചെയ്തു. കാരണം ക്വുര്‍ആനിക വചനങ്ങള്‍ മാത്രമായി ക്രോഡീകരിക്കപ്പെട്ടതാണ് ഉസ്മാന്റെ(റ) നിര്‍ദേശപ്രകാരം ക്രോഡീകരിക്കപ്പെട്ട മുസ്വ്ഹഫ്. എന്നാല്‍ മറ്റുള്ള ഒറ്റപ്പെട്ട വ്യക്തികളുടെ കൈവശമുണ്ടായിരുന്ന പ്രതികളില്‍ ക്വുര്‍ആനിന്ന് പുറമെ ചില വിശദീകരണങ്ങളും മറ്റും ഉള്‍പ്പെട്ടവയുമുണ്ടായിരുന്നു. പാരായണം ദുര്‍ബലപ്പെടുത്തപ്പെട്ട (മന്‍സൂഖായ) വചനങ്ങളും പ്രസ്തുത വിവരമറിയാത്തതു കൊണ്ട് ചിലര്‍ ക്വുര്‍ആനെന്ന് ഗണിച്ച് എഴുതുകയും പാരായണം ചെയ്തുപോരുകയും ഉണ്ടായിട്ടുണ്ട്. അതുകൊണ്ടാണ് ഭാവിയില്‍ വീണ്ടും പ്രശ്‌നങ്ങള്‍ ഉടലെടുക്കാതിരിക്കാന്‍ വേണ്ടി സ്വഹാബത്തിന്റെ സാന്നിധ്യത്തില്‍ അവരുടെ കൂടി അംഗീകാരത്തോടെ ഉസ്മാന്‍(റ) അപ്രകാരം ചെയ്തത്. ക്വുര്‍ആന്‍ വചനങ്ങളും ഹദീഥ് വചനങ്ങളുമടക്കമുള്ള ആദരിക്കപ്പെടേണ്ടതായ ഏടുകള്‍ അവയോട് യാതൊരു അനാദരവും വരാതിരിക്കാന്‍ കരിച്ചുകളയുകയായിരുന്നു. അഥവാ മറ്റ് ഏടുകള്‍ കത്തിച്ചുകളഞ്ഞത് അവയോടുള്ള വിദ്വേഷം കൊണ്ടോ അനാദരവ് കൊണ്ടോ ആയിരുന്നില്ല എന്ന് സാരം. ഇന്നും ഇത്തരത്തിലുള്ള പവിത്രമായ രേഖകള്‍ ഉപയോഗ ശൂന്യമായാല്‍ കത്തിച്ചുകളയുകയാണ് പതിവ്. ഉര്‍വതുബ്‌നു സുബൈര്‍, ത്വാവൂസ് മുതലായ പൂര്‍വസൂരികളായ പണ്ഡിതന്മാരടക്കം അത്തരം രീതി സ്വീകരിച്ചു വന്നതായി ഇസ്‌ലാമിക ചരിത്രം സാക്ഷ്യപ്പെടുത്തുന്നുണ്ട്.

ചുരുക്കത്തില്‍, ഉസ്മാന്‍(റ) ഈ കാര്യം ചെയ്തത് സ്വന്തം ഇഷ്ടപ്രകാരമായിരുന്നില്ല; അലി(റ) അടക്കമുള്ള സ്വഹാബത്തിന്റെ സാന്നിധ്യത്തിലും അംഗീകാരത്തോടെയുമായിരുന്നു. 'ഉസ്മാന്റെ(റ) സ്ഥാനത്ത് ഞാനായിരുന്നെങ്കില്‍ ഞാനും ഇങ്ങനെയാണ് ചെയ്യുക' എന്ന് അലി(റ) തന്നെ വ്യക്തമാക്കിയിട്ടുമുണ്ട്.

അല്ലാഹുവിന്റെ അപാരമായ അനുഗ്രഹത്താല്‍ ഉസ്മാന്റെ(റ) സന്ദര്‍ഭോചിതമായ ഇടപെടലിലൂടെ ക്വുര്‍ആനുമായി ബന്ധപ്പെട്ട് ഉടലെടുത്ത മറ്റൊരു 'ഫിത്‌ന' കൂടി ഇല്ലാതായി.

ഇന്ന് ഇസ്‌ലാമിക ലോകത്ത് എല്ലായിടത്തുമുള്ള ക്വുര്‍ആന്‍ ഒരു പോലെയാണ്. അധ്യായങ്ങളിലും സൂക്തങ്ങളിലും ഇസ്‌ലാമിക ലോകത്ത് തര്‍ക്കങ്ങളില്ല. നബി ﷺ യുടെയും അബൂബക്കറി(റ)ന്റെയും കാലത്തുണ്ടായിരുന്ന ഏതെങ്കിലും അധ്യായമോ വചനങ്ങളോ എന്നല്ല, ഒരു പദമെങ്കിലും ഉഥ്മാന്‍(റ) പകര്‍ത്തിയെഴുതിയപ്പോള്‍ ഒഴിവാക്കി (വിട്ടുപോയി) എന്ന് ചൂണ്ടിക്കാണിക്കാന്‍ ക്വുര്‍ആനിന്റെ എതിരാളികള്‍ക്ക് ഇന്നോളം സാധിച്ചിട്ടില്ല.

ലോകത്ത് എവിടെയും, എഴുത്തിലോ പാരായണത്തിലോ ആര്‍ക്കെങ്കിലും മറവിയോ അബദ്ധമോ സംഭവിച്ചാല്‍, ഒരു വചനത്തിലോ പദത്തിലോ പോലും പിശക് പറ്റിയാല്‍ ഉടനടി തിരുത്താന്‍ പ്രാപ്തരായ പിഞ്ചുകുട്ടികള്‍ മുതല്‍ മുതിര്‍ന്ന പണ്ഡിതന്മാര്‍ വരെയുള്ള ലക്ഷക്കണക്കിനാളുകള്‍ ഇന്ന് ജീവിച്ചിരിക്കുന്നുണ്ട് എന്നതും ഏറെ അത്ഭുതകരമാണ്!

നിരവധി അത്ഭുതങ്ങളുള്‍ക്കൊള്ളുന്ന, ദൈവികമെന്ന് ആവര്‍ത്തിച്ചാവര്‍ത്തിച്ച് ഉദ്‌ഘോഷിക്കുന്ന, ലോകത്ത് ഏറ്റവും കൂടുതല്‍ വായിക്കപ്പെടുകയും ഏറ്റവും കൂടുതല്‍ ചര്‍ച്ചചെയ്യപ്പെടുന്നതുമായ ഒരു ഗ്രന്ഥം നമ്മുടെയും വായനക്കും പഠനത്തിനും വിഷയമാകേണ്ടതല്ലേ എന്ന് ആത്മാര്‍ഥമായി ആലോചിക്കുക. അല്ലാഹു പറയുന്നു:

''തീര്‍ച്ചയായും ആലോചിച്ചു മനസ്സിലാക്കാന്‍ ക്വുര്‍ആന്‍ നാം എളുപ്പമുള്ളതാക്കിയിരിക്കുന്നു. എന്നാല്‍ ആലോചിച്ചു മനസ്സിലാക്കുന്നവരായി ആരെങ്കിലുമുണ്ടോ?'' (54:17).

''തീര്‍ച്ചയായും ആലോചിച്ച് മനസ്സിലാക്കുവാന്‍ ക്വുര്‍ആന്‍ നാം എളുപ്പമുള്ളതാക്കിയിരിക്കുന്നു. എന്നാല്‍ ആലോചിച്ച് മനസ്സിലാക്കുന്നവരായി ആരെങ്കിലുമുണ്ടോ?'' (54:22).

''തീര്‍ച്ചയായും ആലോചിച്ചു മനസ്സിലാക്കുവാന്‍ ക്വുര്‍ആന്‍ നാം എളുപ്പമുള്ളതാക്കിയിരിക്കുന്നു. എന്നാല്‍ ആലോചിച്ച് മനസ്സിലാക്കുന്നവരായി ആരെങ്കിലുമുണ്ടോ?'' (54:32).

''തീര്‍ച്ചയായും ആലോചിച്ചു മനസ്സിലാക്കുന്നതിന് ക്വുര്‍ആന്‍ നാം എളുപ്പമുള്ളതാക്കിയിരിക്കുന്നു. എന്നാല്‍ ആലോചിച്ച് മനസ്സിലാക്കുന്നവരായി ആരെങ്കിലുമുണ്ടോ?''(54:40).