പ്രാര്‍ഥന സ്രഷ്ടാവിനോട് മാത്രം

സയ്യിദ് സഅ്ഫര്‍ സ്വാദിക്വ് മദീനി

2019 ഫെബ്രുവരി 16 1440 ജുമാദല്‍ ആഖിര്‍ 11

പ്രവാചകന്മാരെല്ലാം തന്നെ പരമ പ്രധാനമായി ഈ ലോകത്തോട് പ്രബോധനം ചെയ്തത് ആരാധനക്കര്‍ഹന്‍ അല്ലാഹു മാത്രമാണെന്നും അവനെ മാത്രമെ ആരാധിക്കാവൂ, അവനോട് മാത്രമെ പ്രാര്‍ഥിക്കാവൂ എന്ന സത്യമായിരുന്നു. അത് വിശുദ്ധക്വുര്‍ആന്‍ ധാരാളം സ്ഥലങ്ങളില്‍ വിവരിക്കുന്നുണ്ട്. അല്ലാഹു പറയുന്നു:

''ഞാനല്ലാതെ യാതൊരു ദൈവവുമില്ല. അതിനാല്‍ എന്നെ നിങ്ങള്‍ ആരാധിക്കൂ എന്ന് ബോധനം നല്‍കിക്കൊണ്ടല്ലാതെ നിനക്ക് മുമ്പ് ഒരുദൂതനെയും നാം അയച്ചിട്ടില്ല'' (അല്‍അന്‍ബിയാഅ്: 25). 

''തീര്‍ച്ചയായും ഓരോ സമുദായത്തിലും നാം ദൂതനെ നിയോഗിച്ചിട്ടുണ്ട്. നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുകയും. ദുര്‍മൂര്‍ത്തികളെ വെടിയുകയും ചെയ്യണം എന്ന് (പ്രബോധനം ചെയ്യുന്നതിന് വേണ്ടി)'' (അന്നഹ്ല്‍: 36). 

''പള്ളികള്‍ അല്ലാഹുവിനുള്ളതാകുന്നു. അതിനാല്‍ നിങ്ങള്‍ അല്ലാഹുവേടൊപ്പം ആരെയും വിളിച്ചു പ്രാര്‍ഥിക്കരുത്'' (അല്‍ജിന്ന്: 18).

പ്രാര്‍ഥന ആരാധന തന്നെ

മുസ്‌ലിംകള്‍ തങ്ങളുടെ ജീവിതം ക്രമപ്പെടുത്തേണ്ടത് വിശുദ്ധ ക്വുര്‍ആനും തിരുസുന്നത്തുമാകുന്ന പ്രമാണങ്ങളുടെ വെളിച്ചത്തിലാണ്. പ്രാര്‍ഥനാനിര്‍ഭരമായ ജീവിതം നയിക്കേണ്ടവരാണ് സത്യവിശ്വാസികള്‍. എങ്ങനെ പ്രാര്‍ഥിക്കണമന്നും ആരോട് പ്രാര്‍ഥിക്കണമെന്നും പ്രമാണങ്ങള്‍ വ്യക്തമായി മനസ്സിലാക്കിത്തരുന്നുണ്ട്. വിശുദ്ധ ക്വുര്‍ആന്‍ പഠിപ്പിക്കുന്നത് പ്രാര്‍ഥന ആരാധന തന്നെയാണ് എന്നാണ്. 

നബിﷺ പറഞ്ഞു: ''പ്രാര്‍ഥന അത് തന്നെയാണ് ആരാധന.'' എന്നിട്ട് നബിﷺ സൂറഃ അല്‍ മുഅ്മിനിലെ അറുപതാമത്തെ സൂക്തം പാരായണം ചെയ്തു: ''നിങ്ങളുടെ രക്ഷിതാവ് പറഞ്ഞിരിക്കുന്നു: നിങ്ങള്‍ എന്നോട് പ്രാര്‍ഥിക്കൂ; ഞാന്‍ നിങ്ങള്‍ക്ക് ഉത്തരം നല്‍കാം. എന്നെ ആരാധിക്കാതെ അഹങ്കാരം നടിക്കുന്നവരാരോ അവര്‍ വഴിയെ നിന്ദ്യരായിക്കൊണ്ട് നരകത്തില്‍ പ്രവേശിക്കുന്നതാണ്'' (തിര്‍മിദി).

ഇതില്‍ അല്ലാഹു പറയുന്നത് നിങ്ങള്‍ എന്നോട് പ്രാര്‍ഥിക്കൂ എന്നാണ്. പ്രാര്‍ഥനയെന്ന ആരാധന നടത്താതെ ആരെങ്കിലും അഹങ്കാരം നടിക്കുന്ന പക്ഷം അവന്ന് കഠിനമായ നരക ശിക്ഷയാണുള്ളതെന്നും പറയുന്നു. പ്രാര്‍ഥന ആരാധന തന്നെയാണെന്നതിന്ന് വിശുദ്ധ ക്വുര്‍ആനില്‍ നിന്ന് നമുക്ക് അനേകം വചനങ്ങള്‍ ഉദ്ധരിക്കുവാന്‍ സാധിക്കും. ചില വചനങ്ങള്‍ കാണുക: 

''(നബിയേ,) പറയുക: എന്റെ രക്ഷിതാവിങ്കല്‍ നിന്ന് എനിക്ക് തെളിവുകള്‍ വന്നുകിട്ടിയിരിക്കെ അല്ലാഹുവിന്ന് പുറമെ നിങ്ങള്‍ വിളിച്ച് പ്രാര്‍ഥിക്കുന്നവരെ ആരാധിക്കുന്നതില്‍ നിന്ന് തീര്‍ച്ചയായും ഞാന്‍ വിലക്കപ്പെട്ടിരിക്കുന്നു. ലോകങ്ങളുടെ രക്ഷിതാവിന്ന് ഞാന്‍ കീഴ്‌പെടണമെന്ന് കല്‍പിക്കപ്പെടുകയും ചെയ്തിരിക്കുന്നു'' (അല്‍ഗ്വാഫിര്‍: 66).

''...അവനു പുറമെ ആരോട് നിങ്ങള്‍ പ്രാര്‍ഥിക്കുന്നുവോ അവര്‍ ഒരു ഈത്തപ്പഴക്കുരുവിന്റെ പാടപോലും ഉടമപ്പെടുത്തുന്നില്ല'' (അല്‍ഫാത്വിര്‍: 13).

''മനുഷ്യരേ, ഒരു ഉദാഹരണമിതാ വിവരിക്കപ്പെടുന്നു. നിങ്ങള്‍ അത് ശ്രദ്ധിച്ചു കേള്‍ക്കുക. തീര്‍ച്ചയായും അല്ലാഹുവിനു പുറമെ നിങ്ങള്‍ വിളിച്ച് പ്രാര്‍ഥിക്കുന്നവര്‍ ഒരു ഈച്ചയെ പോലും സൃഷ്ടിക്കുകയില്ല. ആതിന്നായി അവരെല്ലാവരും ഒത്തുചേര്‍ന്നാല്‍ പോലും. ഈച്ച അവരുടെ പക്കല്‍നിന്ന് വല്ലതും തട്ടിയെടുത്താല്‍ അതിന്റെ പക്കല്‍ നിന്ന് അത് മോചിപ്പിച്ചെടുക്കാനും അവര്‍ക്ക് കഴിയില്ല. അപേക്ഷിക്കുന്നവനും അപേക്ഷിക്കപ്പെടുന്നവനും ദുര്‍ബലര്‍ തന്നെ'' (അല്‍ഹജജ്: 73).

''(നബിയേ,) പറയുക: അല്ലാഹുവിനു പുറമെ നിങ്ങള്‍ വിളിച്ച് പ്രാര്‍ഥിക്കുന്നതിനെ പറ്റി നിങ്ങള്‍ ചിന്തിച്ച് നോക്കിയിട്ടുണ്ടോ? ഭൂമിയില്‍ അവര്‍ എന്താണ് സൃഷ്ടിച്ചിട്ടുള്ളതെന്ന് നിങ്ങള്‍ എനിക്ക് കാണിച്ച് തരൂ. അതല്ല ആകാശങ്ങളുടെ സൃഷ്ടിയില്‍ വല്ല പങ്കും അവര്‍ക്കുണ്ടോ? നിങ്ങള്‍ സത്യവാന്മാരാണെങ്കില്‍ ഇതിന് മുമ്പുള്ള ഏതെങ്കിലും വേദഗ്രന്ഥമോ അറിവിന്റെ വല്ല അംശമോ നിങ്ങള്‍ എനിക്ക് കൊണ്ടുവന്നു തരുവിന്‍'' (അല്‍അഹ്ക്വാഫ്: 4).

കോഴിക്കോട് വലിയ ക്വാദിയായിരുന്ന സയ്യിദ് അഹ്മദ് ശിഹാബുദ്ദിന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ എഴുതിയിട്ടുള്ള ക്വുര്‍ആന്‍ പരിഭാഷയില്‍ സൂറത്തുല്‍ ഫാതിഹയിലെ 'ഇയ്യാക നഅ്ബുദു വ ഇയ്യാക നസ്തഈന്‍' എന്ന സൂക്തത്തിന്റെ അര്‍ഥം കൊടുത്തതിന്ന് ശേഷം അദ്ദേഹം വിവരിക്കുന്നത് ശ്രദ്ധിക്കുക: ''നമ്മെ സൃഷ്ടിക്കുകയും പരിപാലിക്കുകയും മറ്റും ചെയ്യുന്നത് ഏകനായ അല്ലാഹുവാണ്. ഈ കാര്യങ്ങളിലൊന്നും മറ്റാര്‍ക്കും യാതൊരു പങ്കും ഇല്ല. അതിനാല്‍ അല്ലാഹുവിനെ മാത്രമെ നാം ആരാധിക്കാന്‍ പാടുള്ളൂ. അവനോട് മാത്രമെ പ്രാര്‍ഥിക്കുവാനും പാടുള്ളൂ. സഹായം തേടുകയെന്നതുകൊണ്ട് പ്രാര്‍ഥനയാണ് ഉദ്ദേശം. പ്രാര്‍ഥനയാകട്ടെ ഇബാദത്തിന്റെ -ആരാധനയുടെ ഒരു ഭാഗമാണ് താനും'' (അമ്മ ജുസ്അ് പരിഭാഷ, 'സയ്യിദ് അഹ്മദ് ശിഹാബുദ്ദിന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍' പേജ്: 3) 

സഹായം തേടുക എന്ന് പറഞ്ഞാല്‍ പ്രാര്‍ഥനയാകുന്നുവെന്നും പ്രാര്‍ഥനയാകട്ടെ ആരാധനയുടെ ഭാഗമായതിനാല്‍ അല്ലാഹുവിന്നല്ലാതെ മറ്റാര്‍ക്കുമത് നല്‍കുവാന്‍ പാടില്ലെന്നും അദ്ദേഹം എഴുതിയത് പ്രത്യേകം ശ്രദ്ധിക്കുക. 

പ്രാര്‍ഥനയുടെ പ്രാധാന്യം

വിശ്വാസിയുടെ ജീവിതത്തില്‍ ഒഴിച്ച് കൂടാന്‍ പറ്റാത്ത ഒരു കാര്യമാണ് പ്രാര്‍ഥന. സത്യവിശ്വാസി ചെയ്യുന്ന എല്ലാ ആരാധനകളിലും പ്രാര്‍ഥന ഉള്‍കൊള്ളുന്നുണ്ട്. അല്ലാഹുവിന്റെ പ്രീതി സമ്പാദിക്കുവാനുള്ള ഏറ്റവും ഉത്തമമായ മാര്‍ഗം അവനോട് തന്റെ ആവശ്യങ്ങളൊക്കെ നിരത്തിക്കൊണ്ടുള്ള നിരന്തരമായ പ്രാര്‍ഥനയാണ്. അല്ലാഹുവിനോട് പ്രാര്‍ഥിക്കാത്തവനെ അല്ലാഹു ഇഷ്ടപ്പെടുകയോ പരിഗണിക്കുകയോ ചെയ്യില്ല. അല്ലാഹു പറയുന്നു:

''(നബിയേ,) പറയുക: നിങ്ങളുടെ പ്രാര്‍ഥനയില്ലെങ്കില്‍ എന്റെ രക്ഷിതാവ് നിങ്ങള്‍ക്ക് എന്ത് പരിഗണന നല്‍കാനാണ്? എന്നാല്‍ നിങ്ങള്‍ നിഷേധിച്ചു തള്ളിയിരിക്കുകയാണ്. അതിനാല്‍ അതിനുള്ള ശിക്ഷ അനിവാര്യമായിരിക്കും'' (അല്‍ഫുര്‍ക്വാന്‍: 77).

പ്രാര്‍ഥിക്കാതെ അഹങ്കാരം നടിക്കുകന്നവന്റെ മടക്കം നരകത്തിലേക്കായിരിക്കും. അല്ലാഹു പറയുന്നു:

''നിങ്ങളുടെ രക്ഷിതാവ് പറഞ്ഞിരിക്കുന്നു: നിങ്ങള്‍ എന്നോട് പ്രാര്‍ഥിക്കൂ. ഞാന്‍ നിങ്ങള്‍ക്ക് ഉത്തരം നല്‍കാം. എന്നെ ആരാധിക്കാതെ അഹങ്കാരം നടിക്കുന്നവരാരോ അവര്‍ വഴിയെ നിന്ദ്യരായികൊണ്ട് നരകത്തില്‍ പ്രവേശിക്കുന്നതാണ്'' (ഗാഫിര്‍: 60). 

പ്രാര്‍ഥന കൊണ്ട് അല്ലാഹു പാപങ്ങള്‍ പൊറുത്ത് തരുന്നതാണ്. സല്‍മാനുല്‍ ഫാരിസി(റ)യില്‍ നിന്ന് നിവേദനം: നബിﷺ പറഞ്ഞു: ''അല്ലാഹു ലജ്ജിക്കുന്നവനും ഉദാരനുമാണ്. ഒരു അടിമ അല്ലാഹുവിലേക്ക് കൈകള്‍ ഉയര്‍ത്തി പ്രാര്‍ഥിച്ചിട്ട് ഒന്നും നല്‍കാതെ അവ മടക്കുകയെന്നത് അവന്‍ ലജ്ജിക്കുന്ന കാര്യമാണ്'' (തിര്‍മിദി)

അബൂഹുറയ്‌റ(റ)യില്‍ നിന്ന് നിവേദനം: നബിﷺ പറഞ്ഞു: ''അല്ലാഹുവിന് പ്രാര്‍ഥനയെക്കാള്‍ ആദരവുള്ളയാതൊന്നും തന്നെയില്ല'' (തിര്‍മിദി, അല്‍ബാനി ഹസനാണെന്ന് പറഞ്ഞിട്ടുണ്ട്).

അബൂഹുറയ്‌റ(റ)യില്‍ നിന്ന്: നബിﷺ പറഞ്ഞു: ''അല്ലാഹുവിനോട് ചോദിക്കാത്തവന്റെ മേല്‍ അല്ലാഹു കോപിക്കുന്നതാണ്'' (തിര്‍മിദി, അല്‍ബാനി ഹസനാണെന്ന് പറഞ്ഞിട്ടുണ്ട്).

''നിങ്ങള്‍ അവരോട് പ്രാര്‍ഥിക്കുന്ന പക്ഷം അവര്‍ നിങ്ങളുടെ പ്രാര്‍ഥന കേള്‍ക്കുകയില്ല. അവര്‍ കേട്ടാലും നിങ്ങള്‍ക്കവര്‍ ഉത്തരം നല്‍കുകയില്ല. ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളിലാകട്ടെ നിങ്ങള്‍ അവരെ പങ്കാളികളാക്കിയതിനെ അവര്‍ നിഷേധിക്കുന്നതാണ്. സൂക്ഷ്മജ്ഞാനമുള്ളവനെ (അല്ലാഹുവെ)പ്പോലെ നിനക്ക് വിവരം തരാന്‍ ആരുമില്ല.'' (ഫാത്വിര്‍: 14)

പ്രാര്‍ഥനക്ക് അര്‍ഹനാകാനുള്ള യോഗ്യതകള്‍

പ്രാര്‍ഥനക്ക് അര്‍ഹനാവാന്‍ ധാരാളം യോഗ്യതകള്‍ ആവശ്യമാണ്. അത് വിശദമായിട്ട് തന്നെ പണ്ഡിതന്മാര്‍ വിശദീകരിച്ചിട്ടുണ്ട്. അതില്‍ ചിലത് താഴെ കൊടുക്കുന്നു: 

നാം ആവശ്യപ്പെടുന്ന കാര്യങ്ങള്‍ പ്രാര്‍ഥിക്കപ്പെടുന്നവന്‍ ഉടമപ്പെടുത്തണം

അല്ലാഹു പറയുന്നു: ''രാവിനെ അവന്‍ പകലില്‍ പ്രവേശിപ്പിക്കുന്നു. പകലിനെ രാവിലും പ്രവേശിപ്പിക്കു ന്നു. സൂര്യനെയും ചന്ദ്രനെയും അവന്‍ (തന്റെ നിയമത്തിന്) വിധേയമാക്കുകയും ചെയ്തിരിക്കുന്നു. അവയോരോന്നും നിശ്ചിതമായ ഒരു പരിധിവരെ സഞ്ചരിക്കുന്നു. അങ്ങനെയുള്ളവനാകുന്നു നിങ്ങളുടെ രക്ഷിതാവായ അല്ലാഹു. അവന്നാകുന്നു ആധിപത്യം. അവനുപുറമെ ആരോട് നിങ്ങള്‍ പ്രാര്‍ഥിക്കുന്നുവോ അവര്‍ ഒരു ഈത്തപ്പഴക്കുരുവിന്റെ പാട പോലും ഉടമപ്പെടുത്തുന്നില്ല'' (അല്‍ഫാത്വിര്‍: 13)

പ്രാര്‍ഥന കേള്‍ക്കണം

അല്ലാഹു പറയുന്നു: ''നിങ്ങള്‍ അവരോട് പ്രാര്‍ഥിക്കുന്ന പക്ഷം അവര്‍ നിങ്ങളുടെ പ്രാര്‍ഥന കേള്‍ക്കുകയില്ല. അവര്‍ കേട്ടാലും നിങ്ങള്‍ക്കവര്‍ ഉത്തരം നല്‍കുകയില്ല. ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളിലാകട്ടെ നിങ്ങള്‍ അവരെ പങ്കാളികളാക്കിയതിനെ അവര്‍ നിഷേധിക്കുന്നതാണ്. സൂക്ഷ്മജ്ഞാനമുള്ളവനെ(അല്ലാഹുവെ)പ്പോലെ നിനക്ക് വിവരം തരാന്‍ ആരുമില്ല'' (അല്‍ഫാത്വിര്‍:14).

''അവന്‍ എല്ലാം കേള്‍ക്കുന്നവനും കാണുന്നവനുമാകുന്നു'' (അശ്ശൂറാ: 11).

ആവശ്യപ്പെടുന്ന കാര്യങ്ങള്‍ നല്‍കുവാന്‍ കഴിവുള്ളവനായിരിക്കണം

നാം എന്തിനാണോ പ്രാര്‍ഥിക്കുന്നത് അത് നിറവേറ്റിത്തരുവാന്‍ കഴിവുള്ളവനോടാണ് നാം പ്രാര്‍ഥിക്കേണ്ടത്; സ്വന്തം ശരീരം പോലും ഉടമപ്പെടുത്താത്ത സൃഷ്ടികളോട് പ്രാര്‍ഥിച്ചിട്ട് എന്ത് ഫലം? എല്ലാറ്റിനും ഉടമയായുള്ളവനും എല്ലാറ്റിനും കഴിവുള്ളവനുമായി അല്ലാഹു മാത്രമേയുള്ളൂ. അല്ലാഹു പറയുന്നു: ''തീര്‍ച്ചയായും അല്ലാഹു എല്ലാറ്റിനും കഴിവുള്ളവനാകുന്നു'' (അന്നഹ്ല്‍:77).

അല്ലാഹുവിനോട് പ്രാര്‍ഥിക്കുവാന്‍ മധ്യവര്‍ത്തിയുടെ ആവശ്യമില്ല

അല്ലാഹു ആവശ്യപ്പെടുന്നത് അല്ലാഹുവിനോട് നേരിട്ട് പ്രാര്‍ഥിക്കുവാനാണ്. അല്ലാഹുവിന്റെയും പ്രാര്‍ഥനയുടെയും ഇടയില്‍ ഒരു മധ്യവര്‍ത്തിയുടെ ആവശ്യമില്ല. ഇന്ന് ചിലരൊക്കെ പ്രചരിപ്പിക്കുന്നത് നമ്മുടെ പ്രാര്‍ഥന അല്ലാഹു സ്വീകരിക്കണമെങ്കില്‍ നാം നേരിട്ട് പ്രാര്‍ഥിച്ചിട്ട് കാര്യമില്ല; മഹാന്മാര്‍ മുഖേന ചോദിക്കണം എന്നാണ്. ഇത് അല്ലാഹുവിന്റെ പേരിലുള്ള കറ്റുകെട്ടി പറയലാണ്. അല്ലാഹു വളരെ വ്യക്തമായി നമ്മെ പഠിപ്പിക്കുന്നത് കാണുക:

''നിന്നോട് എന്റെ ദാസന്മാര്‍ എന്നെപ്പറ്റി ചോദിച്ചാല്‍ ഞാന്‍ (അവര്‍ക്ക് ഏറ്റവും) അടുത്തുള്ളവനാകുന്നു (എന്നു പറയുക). പ്രാര്‍ഥിക്കുന്നവന്‍ എന്നെ വിളിച്ച് പ്രാര്‍ഥിച്ചാല്‍ ഞാന്‍ ആ പ്രാര്‍ഥനക്ക് ഉത്തരം നല്‍കുന്നതാണ്. അതുകൊണ്ട് എന്റെ ആഹ്വാനം അവര്‍ സ്വീകരിക്കുകയും എന്നില്‍ അവര്‍ വിശ്വസിക്കുകയും ചെയ്യട്ടെ. അവര്‍ നേര്‍വഴി പ്രാപിക്കുവാന്‍ വേണ്ടിയാണിത്'' (അല്‍ബക്വറ: 186). 

ആയതിനാല്‍ അല്ലാഹുവിനോട് പ്രാര്‍ഥിക്കുവാന്‍ മലക്കുകളുടെയോ, പ്രവാചകന്മാരുടെയോ, വലിയ്യുകളുടെയോ, ബീവിമാരുടെയോ, കറാമത്ത് വാദികളുടേയോ, പുരോഹിതന്മാരുടെയോ ഒന്നും ആവശ്യമില്ല. നാം നേരിട്ട് അല്ലാഹുവിനോട് പ്രാര്‍ഥിക്കുക. എന്നാലേ അല്ലാഹു ഉത്തരം നല്‍കൂ. 

പ്രാര്‍ഥനയുടെ നിബന്ധനകള്‍

പ്രാര്‍ഥിക്കുന്നതിന് മുമ്പ് നാം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ പണ്ഡിതന്മാര്‍ ഉണര്‍ത്തുന്നുണ്ട്. അവയില്‍ ചിലത് താഴെ കൊടുക്കുന്നു:

1. പ്രാര്‍ഥന, എല്ലാം കേള്‍ക്കുകയും കാണുകയും നിയന്ത്രിക്കുകയും ചെയ്യുന്ന സര്‍വലോക രക്ഷിതാവായ അല്ലാഹുവിനോടായിരിക്കുക. അവനല്ലാത്തവരോടുള്ള പ്രാര്‍ഥന ശിര്‍ക്കാണ്. ശിര്‍ക്ക് അല്ലാഹു ഒരിക്കലും പൊറുക്കുകയില്ല തന്നെ.

2. നിഷിദ്ധമായ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി പ്രതാപവും ദീര്‍ഘായുസ്സും സമ്പത്തും ചോദിക്കുക. ഉദാഹരണം: പരസ്പരം പെരുമ നടിക്കുവാനും കിടമല്‍സരം നടത്തുവാനും വേണ്ടി ദീര്‍ഘായുസ്സും സമ്പത്തും ചോദിക്കുക. ഇങ്ങനെയുള്ള ഉദ്ദേശങ്ങള്‍ ഒഴിവാക്കണം. നല്ല ഉദ്ദേശത്തിന് മാത്രമെ അല്ലാഹുവിനോട് പ്രാര്‍ഥിക്കാവൂ.

3. അല്ലാഹുവിനെ പരീക്ഷിക്കുന്ന രൂപത്തിലുള്ള പ്രാര്‍ഥനയാകുവാന്‍ പാടില്ല. അല്ലാഹുവിനോട് നേരിട്ട്, എനിക്ക് നല്‍കേണമേ എന്ന് ഉറപ്പിച്ച് പ്രാര്‍ഥിക്കുക.

4. ജമാഅത്ത് നമസ്‌കാരത്തെ പോലെയുള്ള ആസന്നമായ ആരാധനകളുടെ സമയത്തെ തൊട്ട് ശ്രദ്ധ തെറ്റിക്കുന്ന രൂപത്തില്‍ പ്രാര്‍ഥിക്കാതിരിക്കുക.

5. ചെറുതും വലുതുമായ തന്റെ എല്ലാ ആവശ്യങ്ങളും അല്ലാഹുവിനോട് ചോദിക്കുക.

6. അല്ലാഹുവിന്റെ നല്ല നാമങ്ങള്‍ മുന്‍നിര്‍ത്തി പ്രാര്‍ഥിക്കുക. വാസ്തവമാണെങ്കില്‍ പോലും അല്ലാഹുവിനെ വാഴ്ത്തലും സ്തുതിക്കലും ഉള്‍ക്കൊള്ളാത്ത നാമങ്ങള്‍ ഒഴിവാക്കുക. ഉദാഹരണം: 'അല്ലയോ ഉപദ്രവിക്കുന്നവനേ,' 'അല്ലയോ പാമ്പിന്റെയും തേളിന്റെയും സ്രഷ്ടാവേ...' ഇങ്ങനെയുള്ളത് ഒഴിവാക്കുക.

7. അല്ലാഹുവിനോട് ഭയഭക്തിയോടെ, വിനയത്തോടെ പ്രാര്‍ഥിക്കുക.

8. തന്റെ ഭക്ഷണ പാനീയങ്ങളില്‍ നിന്നും, വസ്ത്രത്തില്‍ നിന്നും നിഷിദ്ധമായത് ഒഴിവാക്കി ശുദ്ധീകരിക്കുക.

9. ഉത്തരം ലഭിക്കുമെന്നുള്ള ഒരു ഉറച്ച മനസ്സോടെ പ്രാര്‍ഥിക്കുക.

10. അല്ലാഹുവിന്റെ ശിക്ഷയെ ഭയപ്പെട്ടുകൊണ്ടും കാരുണ്യത്തില്‍ പ്രതീക്ഷ വെച്ചുകൊണ്ടും പ്രാര്‍ഥിക്കുക.

''...ഭയപ്പാടോടുകൂടിയും പ്രതീക്ഷയോടു കൂടിയും നിങ്ങള്‍ അവനെ വിളിച്ച് പ്രാര്‍ഥിക്കുക. തീര്‍ച്ചയായും അല്ലാഹുവിന്റെ കാരുണ്യം സല്‍കര്‍മകാരികള്‍ക്ക് സമീപസ്ഥമാകുന്നു'' (അല്‍അഅ്‌റാഫ്: 56).