ധിക്കാരികളുടെ ചരിത്രം നല്‍കുന്ന പാഠം

മമ്മദ് പി.പി, തിക്കോടി

2019 ഫെബ്രുവരി 16 1440 ജുമാദല്‍ ആഖിര്‍ 11

അല്ലാഹു മറ്റു സൃഷ്ടികളില്‍ നിന്നും ജീവജാലങ്ങളില്‍ നിന്നും മനുഷ്യന്ന് ഏറെ ശ്രേഷ്ഠത നല്‍കി. വിവേചനശക്തിയും വിശേഷബുദ്ധിയും നല്‍കി അനുഗ്രഹിച്ചു. നന്മയുടെയും തിന്മയുടെയും മാര്‍ഗങ്ങള്‍ വ്യക്തമാക്കിക്കൊടുത്തു. ഏത് വേണമെങ്കിലും തിരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്ര്യം നല്‍കി. നന്മ ചെയ്ത് സ്വര്‍ഗത്തിലെത്താം. തിന്മ ചെയ്ത് നരകത്തിലുമെത്താം. 

ഗതകാല മനുഷ്യരില്‍ ഭൂരിഭാഗവും സ്രഷ്ടാവിനോട് നന്ദികെട്ടവരും അഹങ്കാരികളുമായിരുന്നുവെന്നതിന്ന് ചരിത്രം സാക്ഷിയാണ്. ക്വുര്‍ആന്‍ പറഞ്ഞുതരുന്ന ചരിത്രകഥകളിലൂടെ സഞ്ചരിച്ചാല്‍ ഹൃദയത്തിന്ന് അന്ധത ബാധിക്കാത്ത ഏതൊരു മനുഷ്യനും മനുഷ്യരുടെ നിസ്സഹായതയും സ്രഷ്ടാവിന്റെ ശക്തിയും മനസ്സിലാക്കാനുതകുന്ന ധാരാളം തെളിവുകള്‍ കണ്ടെത്തുവാന്‍ സാധിക്കുന്നതാണ്. 

ജീവിതം സുഖസമ്പൂര്‍ണമാക്കാനുള്ള നെട്ടോട്ടത്തിനിടയില്‍ മനുഷ്യന് മരണാനന്തരജീവിതത്തെ കുറിച്ച് ചിന്തിക്കാന്‍ സമയമില്ല. മാത്രമല്ല താന്‍ നേടിയതെല്ലാം തന്റെ കഴിവ് കൊണ്ട് മാത്രമാണെന്ന അഹങ്കാരവും മനുഷ്യനെ ദൈവസ്മരണയില്‍ നിന്നും പരലോക ചിന്തയില്‍ നിന്നും അകറ്റുന്നു.

കേരളം ഒരു പ്രളയത്തിന്ന് സാക്ഷിയായത് ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ്. ചരിത്രത്തിന്റെ ആവര്‍ത്തനമാണത്. പ്രകൃതി പ്രതിഭാസങ്ങളെ പ്രകൃതിയുടെ വികൃതിയെന്നോ വിളയാട്ടമെന്നോ പ്രകൃതിയുടെ കോപമെന്നോ വിശേഷിപ്പിച്ച് പ്രപഞ്ചസ്രഷ്ടാവിനെ നിഷേധിക്കാനുള്ള പ്രവണതയാണ് നാമിന്ന് കണ്ടുകൊണ്ടിരിക്കുന്നത്. പ്രപഞ്ചം അനാദിയായത് കൊണ്ട് തുടക്കം തേടിയുള്ള അന്വേഷണം നിരര്‍ഥകമാണെന്ന് വാദിച്ച പലരും തുടക്കമോ ഒടുക്കമോ ഇല്ലാത്ത ദൈവത്തെക്കുറിച്ച് പറഞ്ഞാല്‍ അത് നിഷേധിക്കുന്നു! 

പരിണാമവാദം അര്‍ഥശൂന്യവും തെളിയിക്കപ്പെടാത്തതുമാണ് എന്ന സത്യം ഭൗതികവാദികള്‍ക്ക് സമ്മതിക്കാതെ തരമില്ല. ഒന്നുമില്ലായ്മയില്‍ എങ്ങനെ പരിണാമം സംഭവിക്കും? ജീവോല്‍പത്തിയെ കുറിച്ച് പറയുമ്പോള്‍ അതിന്ന് തുടക്കമോ ഒടുക്കമോ ഇല്ലെന്ന് പറഞ്ഞ് അവസാനിപ്പിക്കുകയാണ്  ഭൗതികവാദികള്‍. എഡ്വിന്‍ ഹബ്ബ്ള്‍ 1929ല്‍ വിപ്ലവകരമായ ഒരു ശാസ്ത്രീയ പ്രഖ്യാപനം നടത്തി: 'പ്രപഞ്ചം വികസിച്ചുകൊണ്ടിരിക്കുകയാണ്.' ഒരു ബലൂണ്‍ വികസിക്കുമ്പോള്‍ അതിലെ പുള്ളികള്‍ അകലുന്നത് പോലെ ഗ്യാലക്‌സികള്‍ പരസ്പരം അകലുന്നതായി അദ്ദേഹം കണ്ടെത്തി. പ്രപഞ്ചം എന്നും ഒരുപോലെ നിലനില്‍ക്കുന്നു എന്ന് പറഞ്ഞവരില്‍ അത് ഞെട്ടലുണ്ടാക്കി. എന്നാല്‍ 1400 വര്‍ഷം മുമ്പ് ക്വുര്‍ആനിലൂടെ അല്ലാഹു പറഞ്ഞു: 'ആകാശമാകട്ടെ നാം അതിനെ ശക്തി കൊണ്ട് നിര്‍മിച്ചിരിക്കുന്നു. തീര്‍ച്ചയായും നാം വികസിപ്പിച്ചെടുക്കുന്നവനാകുന്നു.'

പ്രപഞ്ച സ്രഷ്ടാവിനെ ധിക്കരിച്ച് ജീവിച്ച ഒട്ടേറെ ജനത ലോകത്ത് കഴിഞ്ഞുപോയിട്ടുണ്ട്. കടുത്ത ശിക്ഷക്ക് ഇഹലോകത്തുവെച്ച് തന്നെ വിധേയരായ ചില സമൂഹങ്ങളുടെ ചരിത്രം ക്വുര്‍ആന്‍ നമുക്ക് പറഞ്ഞു തരുന്നുണ്ട്. 

നൂഹ് നബി(അ) ജനങ്ങളെ 950 വര്‍ഷക്കാലം ഏകദൈവ വിശ്വാസത്തിലേക്ക് പ്രബോധനം നടത്തി. പക്ഷേ, അദ്ദേഹത്തിന്റെ ജനതയിലെ മഹാഭൂരിഭാഗവും സത്യമതം ഉള്‍ക്കൊള്ളാന്‍ തയ്യാറായില്ല; എന്ന് മാത്രമല്ല അവര്‍ നൂഹ് നബി(അ)യെ പരിഹസിക്കുകയും കളിയാക്കുകയും ചെയ്തു. ഇവരുടെ കാര്യത്തില്‍ ഒരു തീരുമാനമെടുക്കുവാന്‍ നൂഹ് നബി(അ) അല്ലാഹുവിനോട് തേടി. താമസിയാതെ ധിക്കാരത്തില്‍ ഉറച്ചുനിന്ന ആ ജനതയെ ഒരു മഹാപ്രളയത്തിലുടെ അല്ലാഹു നാമാവശേഷമാക്കി. കപ്പലില്‍ കയറിയ വിശ്വാസികളെ അല്ലാഹു രക്ഷപ്പെടുത്തുകയും ചെയ്തു. 

ഈജിപ്തിലെ ഭരണാധികാരിയായിരുന്ന ഫിര്‍ഔന്‍ തന്റെ ഭരണത്തിന് ഇസ്‌റാഈല്‍ വംശത്തില്‍ നിന്ന് ഭീഷണിയില്ലാതിരിക്കാന്‍ അവരില്‍ ജനിക്കുന്ന ആണ്‍കുഞ്ഞുങ്ങളെ കൊന്നുകളയാന്‍ കല്‍പന പുറപ്പെടുവിച്ചു. പെണ്‍കുഞ്ഞുങ്ങളെ ജീവിക്കാന്‍ അനുവദിച്ചു. എന്നാല്‍ ഇസ്‌റാഈല്‍ വംശത്തില്‍ പിറന്ന ആണ്‍കുഞ്ഞായ മൂസാ(അ) ഫിര്‍ഔനിന്റെ കൊട്ടാരത്തിലാണ് വളര്‍ന്നതും വലുതായതും! ദൈവഹിതം മറികടക്കാന്‍ ഒരു ശക്തിക്കും സാധ്യമല്ല എന്നതിന്റെ തെളിവാണ് ഈ ചരിത്രം. 

പ്രവാചകത്വം ലഭിച്ചപ്പോള്‍ മൂസാ നബി(അ) ജനങ്ങളെ സൃഷ്ടിപൂജയില്‍നിന്നും സ്രഷ്ടാവിനെ മാത്രം ആരാധിക്കുന്നതിലേക്ക് ക്ഷണിച്ചു. ഫിര്‍ഔനാകട്ടെ ഞാന്‍ തന്നെയാണ് നിങ്ങളുടെ ഉന്നതനായ രക്ഷിതാവ് എന്ന് പ്രഖ്യാപിച്ച് കടുത്ത ധിക്കാരം കാണിച്ചു. മര്‍ദനവും ഭീഷണിയും വര്‍ധിപ്പിച്ചു. ബനൂഇസ്‌റാഈല്യരുടെ രക്ഷയ്ക്കായി മൂസാ നബി(അ) അല്ലാഹുവിനോട് പ്രാര്‍ഥിച്ചു. ഇസ്‌റാഈല്യരെയും കൊണ്ട് രാത്രി പുറപ്പെടാന്‍ അല്ലാഹു മൂസാ നബി(അ)യോട് കല്‍പിച്ചു. അത് പ്രകാരം അവര്‍ പുറപ്പെട്ടു. വിവരം അറിഞ്ഞു ഫിര്‍ഔന്‍ സൈന്യസമേതം പിന്തുടര്‍ന്നു. മൂസാ നബി(അ)യും ബനൂഇസ്‌റാഈല്യരും ചെങ്കല്‍ തീരത്തെത്തി, മുമ്പില്‍ കടലും പിന്നില്‍ ഫിര്‍ഔനും പട്ടാളവും! അല്ലാഹുവിന്റെ നിര്‍ദേശ പ്രകാരം മൂസാ നബി(അ)തന്റെ കയ്യിലുള്ള വടികൊണ്ട് ചെങ്കടലില്‍ അടിച്ചു. കടല്‍ രണ്ടായി പിളര്‍ന്നു. സഞ്ചാരയോഗ്യമായ വഴി അവിടെ രൂപപ്പെട്ടു. മൂസാനബി(അ)യും അനുയായികളും കടല്‍ കടന്ന് അക്കരെയെത്തി. അതോടെ കടല്‍ പഴയപോലെയാവുകയും പിന്തുടര്‍ന്ന ഫിര്‍ഔനും സൈന്യവും മുങ്ങിമരിക്കുകയും ചെയ്തു. സ്വേച്ഛാധിപതിയായ രാജാവും മര്‍ദകനും അഹങ്കാരിയുമായ ഫിര്‍ഔനിനെ രക്ഷപ്പെടുത്താന്‍ ആര്‍ക്കും കഴിഞ്ഞില്ല.

ധിക്കാരികളുടെ അന്ത്യം എങ്ങനെയായിരിക്കുമെന്നത് ചരിത്രത്തില്‍ വീണ്ടും ആവര്‍ത്തിക്കപ്പെട്ടു. അതായിരുന്നു ലൂത്വ് നബി(അ)യുടെ ജനതയില്‍ സംഭവിച്ചത്. തങ്ങളിലേക്ക് നിയോഗിക്കപ്പെട്ട പ്രവാചകനെ അവര്‍ കളവാക്കുകയും അധിക്ഷേപിക്കുകയും ചെയ്തു. കൂടാതെ മറ്റൊരു സമുദായത്തിലും കാണാത്ത  പ്രകൃതി വിരുദ്ധ ലൈംഗിക വേഴ്ച ആ സമുദായത്തില്‍ നിലനിന്നിരുന്നു. അല്ലാഹുവിനെ മാത്രം ആരാധിക്കുവാനും സ്വവര്‍ഗ രതിയില്‍നിന്ന് വിട്ടുനില്‍ക്കുവാനും ലൂത്വ് നബി(അ) അവരെ ഉപദേശിച്ചു. എന്നാല്‍ അവര്‍ അനുസരിക്കാന്‍ തയ്യാറായില്ല. ലൂത്വ് നബി(അ) അല്ലാഹുവിനോട് പ്രാര്‍ഥിച്ചു. അല്ലാഹു അദ്ദേഹത്തോടും കുടുംബത്തോടും പ്രഭാതത്തിന്ന് മുമ്പായി നാട് വിടാന്‍ കല്‍പിച്ചു. ഭാര്യ അദ്ദേഹത്തിന്റെ കൂടെ ഉണ്ടായിരുന്നില്ല. കാരണം അവള്‍ വിശ്വാസം ഉള്‍ക്കൊണ്ടിരുന്നില്ല. ഒരു ഘോരശബ്ദത്തോടെ ആകാശത്തില്‍ നിന്ന് ചൂളക്കല്ലുകള്‍ ആ ജനതയില്‍ വര്‍ഷിച്ചു. രാജ്യം കീഴ്‌മേല്‍ മറിക്കപ്പെടുകയും ചെയ്തു. അക്രമികള്‍ മാത്രമല്ല സസ്യലതാതികള്‍ പോലും ഇല്ലാതായി. ആ പ്രേദശം ഇന്നും ജനവാസയോഗ്യമല്ല. അവിടെയുള്ള ചാവുകടലില്‍ മത്സ്യങ്ങളോ മറ്റു ജീവികളോ ഇന്നും വളരുന്നില്ല. 

ഹൂദ് നബി(അ) ആദ് സമുദായത്തിലേക്ക് അയക്കപ്പെട്ട പ്രവാചകനായിരുന്നു. അദ്ദേഹം ആ സമുദായത്തെ ഏകദൈവാരാധനയിലേക്ക് ക്ഷണിച്ചു. അവര്‍ തങ്ങളുടെ പിഴച്ച വിശ്വാസത്തില്‍ ഉറച്ചുനില്‍ക്കുകയും ധിക്കാരം കാണിക്കുകയും ചെയ്തു.

''അവര്‍ പറഞ്ഞു: ഹൂദേ, നീ ഞങ്ങള്‍ക്ക് വ്യക്തമായ ഒരു തെളിവും കൊണ്ടുവന്നിട്ടില്ല. നീ പറഞ്ഞതിനാല്‍ മാത്രം ഞങ്ങള്‍ ഞങ്ങളുടെ ദൈവങ്ങളെ വിട്ടുകളയുന്നതല്ല. ഞങ്ങള്‍ നിന്നെ വിശ്വസിക്കുന്നതുമല്ല. ഞങ്ങളുടെ ദൈവങ്ങളില്‍ ഒരാള്‍ നിനക്ക് എന്തോ ദോഷബാധ ഉളവാക്കിയിരിക്കുന്നു എന്ന് മാത്രമാണ് ഞങ്ങള്‍ക്ക് പറയാനുള്ളത്...'' (ക്വുര്‍ആന്‍ 11:53,54). 

എത്ര ഉപദേശിച്ചിട്ടും നേര്‍വഴി സ്വീകരിക്കാന്‍ വിസമ്മതം കാണിച്ച അവരിലും അല്ലാഹുവിന്റെ ശിക്ഷയിറങ്ങി. ഏഴ് രാവും എട്ട് പകലും തുടര്‍ച്ചയായി വീശിയ അത്യുഗ്രമായ കൊടുങ്കാറ്റില്‍ കയ്യൂക്കും മെയ്യൂക്കുമുള്ള ആദ് സമുദായം മരിച്ചുവീണു. ഹൂദ് നബി(അ)യെയും അദ്ദേഹത്തില്‍ വിശ്വസിച്ചവരെയും അല്ലാഹു രക്ഷപ്പെടുത്തി. 

ധിക്കാരികളായ സമൂദ് ഗോത്രത്തെ അല്ലാഹു നശിപ്പിച്ചത് ഗോരശബ്ദം മൂലമായിരുന്നു. അവര്‍ അവരുടെ പാര്‍പ്പിടങ്ങളില്‍ കമഴ്ന്നുവീണ് ചത്തൊടുങ്ങി. 

ധിക്കാരികളെ കാത്തിരിക്കുന്നത് അധികഠിനവും അസഹനീയവുമായ നരക ശിക്ഷയാണ്. അതില്‍ നിന്ന് അവരെ രക്ഷപ്പെടുത്താന്‍ ആര്‍ക്കും സാധ്യമല്ല. ധിക്കാരികളായ സമൂഹങ്ങളുടെ ചരിത്രം മാനവരാശിക്ക് ഏറെ ഗുണപാഠങ്ങള്‍ നല്‍കുന്നുണ്ട്. അല്ലാഹു സര്‍വശക്തനാണ്. അവനെ തോല്‍പിക്കുവാന്‍ ആര്‍ക്കും സാധ്യമല്ല. അവന് വിധേയപ്പെട്ടും വിനീതദാസരുമായി ജീവിച്ചാല്‍ ആത്യന്തികമായ പരാജയം ഏറ്റുവാങ്ങേണ്ടിവരില്ല.