ജീവിത വിശുദ്ധി നിലനിര്‍ത്താന്‍ ചില മാര്‍ഗങ്ങള്‍

ടി.കെ.ത്വല്‍ഹത്ത് സ്വലാഹി

2019 ജൂണ്‍ 29 1440 ശവ്വാല്‍ 26

വിശ്വാസവും (ഈമാന്‍) സൂക്ഷ്മതയും (തക്വ്‌വ) നേടിയെടുക്കുക എന്നതിലേറെ ശ്രമകരമാണ് നേടിയെടുത്ത വിശുദ്ധി നിലനിര്‍ത്തുക എന്നത്.

മൂല്യമുള്ള ഒരു വസ്തു നിര്‍മിക്കാന്‍ ഏറെ സമയവും ത്യാഗവും അധ്വാനവും ആവശ്യമാണ്. എന്നാല്‍ അതിനെ നശിപ്പിക്കാന്‍ ഏതാനും നിമിഷങ്ങള്‍ മാത്രം മതി.

വ്രതകാലത്ത് ക്ഷമയിലൂടെയും സല്‍കര്‍മങ്ങളിലൂടെയും നേടിയെടുത്ത വിശുദ്ധി നൈമിഷിക സുഖങ്ങള്‍ക്കും താല്‍ക്കാലിക ആസ്വാദനങ്ങള്‍ക്കും വേണ്ടി തകര്‍ക്കരുത്.

മനുഷ്യന്റെ മുഖ്യശത്രുവായ പിശാച് എല്ലാവിധേനയും നമ്മെ വഴി തെറ്റിക്കാനും നമ്മുടെ വിശ്വാസത്തിന് പുഴുക്കുത്തേല്‍പിക്കാനും സദാ ശ്രമിച്ചുകൊണ്ടിരിക്കും.

അല്ലാഹു പറയുന്നു: ''തീര്‍ച്ചയായും പിശാച് നിങ്ങളുടെ ശത്രുവാകുന്നു. അതിനാല്‍ അവനെ നിങ്ങള്‍ ശത്രുവായിത്തന്നെ ഗണിക്കുക. അവന്‍ തന്റെ പക്ഷക്കാരെ ക്ഷണിക്കുന്നത് അവര്‍ നരകാവകാശികളുടെ കൂട്ടത്തിലായിരുക്കുവാന്‍ വേണ്ടി മാത്രമാണ്'' (ക്വുര്‍ആന്‍ 35:6).

ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഒരു പരിധിവരെ നമ്മുടെ തക്വ്‌വ നിലനിര്‍ത്താനും സല്‍കര്‍മങ്ങള്‍ പതിവാക്കാനും പരമവഞ്ചകനായ പിശാചിന്റെ കുതന്ത്രങ്ങളില്‍ നിന്ന് രക്ഷപ്പെടാനും നമുക്ക്  കഴിയും. അവയില്‍ ചിലത് താഴെ കൊടുക്കുന്നു:

1. നിര്‍ബന്ധമായ (ഫറദായ) കര്‍മങ്ങള്‍ക്ക് പുറമെ ഐഛികമായ (സുന്നത്തായ) കര്‍മങ്ങള്‍ കൂടി ചെയ്തു കൊണ്ട് അല്ലാഹുവിലേക്ക് അടുക്കുക:

ഫറദുകളില്‍ വരുന്ന ന്യൂനതകള്‍ പരിഹരിക്കാനും ഈമാനും വിശുദ്ധിയും നിലനിര്‍ത്താനും അതുവഴി അല്ലാഹുവിലേക്ക് അടുക്കാനും പിശാചിന്റെ ദുഷ്‌പ്രേരണകളില്‍ നിന്ന് രക്ഷപ്പെടാനും സുന്നത്തുകളിലൂടെ നമുക്ക് സാധിക്കും. ഫറദിന് പുറമെ സുന്നത്തായ കര്‍മങ്ങളിലൂടെ അല്ലാഹുവിലേക്ക് അടുത്തുകൊണ്ടിരിക്കുന്ന അടിമയെ അല്ലാഹു ഏറെ ഇഷ്ടപ്പെടുമെന്ന് ക്വുദ്‌സിയായ ഹദീസില്‍ (അല്ലാഹു പറഞ്ഞതായി നബി ﷺ പറഞ്ഞുതന്നത്) കാണാം. (ബുഖാരി).

റവാത്തിബ് സുന്നത്തുകള്‍, രാത്രി നമസ്‌കാരം, ദുഹാ നമസ്‌കാരം, സുന്നത്തു നോമ്പുകള്‍, ദാനധര്‍മങ്ങള്‍ തുടങ്ങിയ നന്മകള്‍ കഴിയുന്നത്ര ഇനിയും ജീവിതത്തില്‍ തുടരാനായാല്‍ നാം അനുഗ്രഹീതരാണ്.

നബി ﷺ സ്വുബ്ഹിക്ക് മുമ്പുള്ള രണ്ട് റക്അത്ത് നമസ്‌കാരത്തിന് മറ്റേത് റവാതിബിനെക്കാളും പ്രാധാന്യം നല്‍കിയിരുന്നു എന്നും അവ ഒരിക്കലും മുടക്കിയിരുന്നില്ല എന്നും ഹദീസുകളില്‍ കാണാം.

2. അര്‍ഥവും ആശയവും ചിന്തിച്ച് കൊണ്ട് ക്വുര്‍ആന്‍ പാരായണം ചെയ്യുക: ക്വുര്‍ആന്‍ പഠനവും പാരായണവും  പതിവാക്കുന്നവര്‍ നഷ്ടം വരാത്ത കച്ചവടത്തിലാണ്. അല്ലാഹു പറയുന്നു:

''തീര്‍ച്ചയായും അല്ലാഹുവിന്റെ ഗ്രന്ഥം പാരായണം ചെയ്യുകയും നമസ്‌കാരം മുറപോലെ നിര്‍വഹിക്കുകയും നാം കൊടുത്തിട്ടുള്ളതില്‍ നിന്ന് രഹസ്യമായും പരസ്യമായും ചെലവഴിക്കുകയും ചെയ്യുന്നവരുമാരോ അവര്‍ ആശിക്കുന്നത് ഒരിക്കലും നഷ്ടം സംഭവിക്കാത്ത ഒരു കച്ചവടമാകുന്നു'' (35:29).

3. നാവ് കൊണ്ടും മനസ്സ് കൊണ്ടും റബ്ബിനെ കുറിച്ചുള്ള ഓര്‍മ നിലനിര്‍ത്തുക: വിശ്വാസിയുടെ ആത്മിയ ഭക്ഷണമാണ് ദിക്‌റുകള്‍. നബി ﷺ എപ്പോഴും റബ്ബിനെ സ്മരിക്കുമായിരുന്നു. ശേഖരിച്ചു വെക്കാന്‍ പറ്റിയ ഏറ്റവും നല്ല സ്വത്ത് ദൈവ സ്മരണയാണെന്ന് നബി ﷺ പഠിപ്പിക്കുകയുണ്ടായി.

ഒരു ഹദീഥ് കാണുക: മുആദ്(റ)വില്‍ നിന്നും നിവേദനം; റസൂല ﷺ എന്റെ കൈപിടിച്ചു പറഞ്ഞു: 'അല്ലാഹുവാണെ, ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു. മുആദേ! ഓരോ നമസ്‌കാരത്തിനും ഒടുവില്‍ (സലാം വീട്ടുന്നതിന് തൊട്ടുമുമ്പായി) ഇങ്ങനെ പ്രാര്‍ഥിക്കുവാന്‍ നീ ഒരിക്കലും വിട്ടുപോകരുതെന്ന് നിന്നെ ഞാന്‍ ഉപദേശിക്കുന്നു: അല്ലാഹുവേ! നിന്നെ സ്മരിക്കുന്നതിനും നിന്റെ അനുഗ്രഹങ്ങള്‍ക്ക് നന്ദി ചെയ്യുന്നതിനും നല്ല രീതിയില്‍ നിന്നെ ആരാധിക്കുന്നതിനും എന്നെ നീ സഹായിക്കേണമേ'' (അബൂദാവൂദ്).

4. നല്ലവരോടൊപ്പം സഹവസിക്കുക: സത്യസന്ധതയും മതബോധവും ധാര്‍മികനിഷ്ഠയുമുള്ളവരോടൊപ്പമായിരിക്കണം നമ്മുടെ സഹവാസം. ചീത്ത ചങ്ങാത്തം നമ്മെ തിന്മയിലേക്കെത്തിക്കാന്‍ കാരണമാകും.

5. ആത്മ വിചാരണ നടത്തുക: നമ്മുടെ വിശ്വാസത്തിലും കര്‍മങ്ങളിലും സ്വഭാവത്തിലും സമീപനങ്ങളിലും ഇടപാടുകളിലും ഇടപെടലുകളിലും എന്തെങ്കിലും ന്യൂനതകള്‍ വരുന്നുണ്ടോ എന്ന് നോക്കിക്കൊണ്ടേയിരിക്കുക. ഉണ്ടെങ്കില്‍ പരിഹരിക്കുക.

6. മരണ ചിന്തയുണ്ടാവുക: നമ്മുടെ മരണം എപ്പോഴുമായേക്കാം എന്ന ചിന്തയും ഈമാനോട് കൂടി മരിക്കണം എന്ന ആഗ്രഹവും നമ്മെ നന്മകളില്‍ തുടരാന്‍ സഹായിക്കും.

7. മതസദസ്സുകളില്‍ ഹാജരാവുക: മതം പഠിക്കാനും ചോദിച്ചറിയാനും പറ്റുന്ന സദസ്സുകളിലും ക്വുര്‍ആന്‍ പഠന സംരംഭങ്ങളിലും വിജ്ഞാന വേദികളിലും മുടങ്ങാതെ ഹാജരാകുന്നത് തക്വ്‌വയുടെ വര്‍ധനവിന് വഴിയൊരുക്കും.

8. തക്വ്‌വ നിലനില്‍ക്കാന്‍ പ്രാര്‍ഥിക്കുക: മേല്‍ പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതോടൊപ്പം ഈമാനും വിശുദ്ധിയും നിലനിര്‍ത്തിത്തരാന്‍ അല്ലാഹുവിനോട് നിരന്തരമായി പ്രാര്‍ഥിക്കുക.

ക്വുര്‍ആന്‍ പഠിപ്പിക്കുന്ന പ്രാര്‍ഥന നോക്കൂ: ''ഞങ്ങളുടെ നാഥാ, ഞങ്ങളെ നീ സന്‍മാര്‍ഗത്തിലാക്കിയതിനു ശേഷം ഞങ്ങളുടെ മനസ്സുകളെ നീ തെറ്റിക്കരുതേ. നിന്റെ അടുക്കല്‍ നിന്നുള്ള കാരുണ്യം ഞങ്ങള്‍ക്ക് നീ പ്രദാനം ചെയ്യേണമേ. തീര്‍ച്ചയായും നീ അത്യധികം ഔദാര്യവാനാകുന്നു''(3:8).

പ്രവാചകന ﷺ ധാരാളമായി നടത്തിയിരുന്ന ഒരു പ്രാര്‍ഥന ഇപ്രകാരമാണ്: ''ഹൃദയങ്ങളെ മാറ്റി മറിക്കുന്നവനേ, നീ എന്റെ ഹൃദയത്തെ മതത്തില്‍ ഉറപ്പിച്ച് നിര്‍ത്തേണമേ.''