ഇഞ്ചീലിന്റെ ചരിത്രം

ഹുസൈന്‍ സലഫി, ഷാര്‍ജ

2019 ഏപ്രില്‍ 20 1440 ശഅബാന്‍ 15

(ഈസാ നബി(അ): 7)

ഈസാ നബി(അ)ക്ക് അല്ലാഹു നല്‍കിയ വേദഗ്രന്ഥമാണ് ഇഞ്ചീല്‍. ഇഞ്ചീലിനെ പറ്റി ക്വുര്‍ആന്‍ പ്രസ്താവിക്കുന്നത് കാണുക:

''സന്മാര്‍ഗ നിര്‍ദേശവും സത്യപ്രകാശവും അടങ്ങിയ ഇഞ്ചീലും അദ്ദേഹത്തിന് നാം നല്‍കി'' (5:46).

പ്രവാചകന്മാര്‍ക്ക് അല്ലാഹു നല്‍കിയ വേദഗ്രന്ഥങ്ങളില്‍ മുഴുവനും വിശ്വസിക്കുവാന്‍ കല്‍പിക്കപ്പെട്ടവനാണ് മുസ്‌ലിം.

ഈസാ നബി(അ)ക്ക് അല്ലാഹു നല്‍കിയ ഇഞ്ചീല്‍ സത്യസന്ധമാണെന്നും അത് മനുഷ്യനെ നേര്‍മാര്‍ഗത്തിലേക്ക് വഴിനടത്തുന്നതാണെന്നും വിശ്വസിക്കാത്തവന്റെ വിശ്വാസം ശരിയാകില്ല. എന്നാല്‍ ഇന്ന്, ഈസാ നബി(അ)ക്ക് നല്‍കപ്പെട്ട ഗ്രന്ഥമായി ക്രൈസ്തവര്‍ കണക്കാക്കുന്ന പുതിയനിയമം സാക്ഷാല്‍ ഇഞ്ചീലില്‍ നിന്നും എത്രയോ വ്യത്യാസപ്പെട്ടിരിക്കുന്നു എന്ന് വ്യക്തമാണ്. ഈസാ(അ) പഠിപ്പിച്ച മാര്‍ഗത്തിന് വിരുദ്ധമായ ആശയങ്ങള്‍ എത്രയോ അതില്‍ കടന്ന് കൂടിയതായി മനസ്സിലാക്കാന്‍ പ്രയാസമില്ല. ഒരിക്കലും തെറ്റു പറ്റാത്ത, സത്യസന്ധമായ, മാറ്റത്തിരുത്തലുകള്‍ക്ക് വിധേയമാകാത്ത ഒരു ഗ്രന്ഥം അന്ത്യനാള്‍ വരെയുള്ള മനുഷ്യര്‍ക്കായി അല്ലാഹു ഇറക്കിയിട്ടുണ്ട്; അതാണ് ക്വുര്‍ആന്‍. ഇന്ന് ലോകത്ത് അല്ലാഹു അവതരിപ്പിച്ച അതേ രൂപത്തില്‍ നിലനില്‍ക്കുന്ന ഏക ഗ്രന്ഥം ക്വുര്‍ആനാണ്. അത് മാത്രമാണ് ഇനി നമുക്ക് അനുധാവനം ചെയ്യാനുള്ള വേദഗ്രന്ഥം.

ബൈബിള്‍ (പഴയ-പുതിയ നിയമങ്ങള്‍) അല്ലാഹു ഇറക്കിയതാണെന്ന് അതിന്റെ വക്താക്കള്‍ക്ക് തന്നെയും വാദമില്ല. പുതിയ നിയമം ദൈവത്തില്‍ നിന്ന് ഇറങ്ങിയതാണെന്നോ, ഈസാ(അ) പറഞ്ഞതാണെന്നോ, എഴുതിയതാണെന്നോ അവര്‍ വാദിക്കുന്നില്ല. ഈസാ(അ)യുടെ കാലത്ത് എഴുതപ്പെട്ടതാണെന്ന് പോലും അവര്‍ അവകാശപ്പെടുന്നില്ല.

ബൈബിളിനെക്കുറിച്ച് ശൈഖുല്‍ ഇസ്‌ലാം ഇബ്‌നുതൈമിയ(റഹ്) പറയുന്നത് കാണുക:

''എന്നാല്‍ ക്രിസ്ത്യാനികളുടെ കൈകളിലുള്ള ഇഞ്ചീലുകള്‍ നാലെണ്ണമാകുന്നു; മത്തായി, യോഹന്നാന്‍, ലൂക്കോസ്, മാര്‍ക്കോസ് എന്നിവരുടെ സുവിശേഷങ്ങള്‍. ലൂക്കോസും മാര്‍ക്കോസും മസീഹ് ഈസാ(അ)യെ കണ്ടിട്ടില്ലെന്നതില്‍ അവര്‍ ഏകോപിച്ചിട്ടുണ്ട്. മത്തായി, യോഹന്നാന്‍ എന്നിവര്‍ അദ്ദേഹത്തെ കണ്ടവരുമാണ്. ഇഞ്ചീല്‍ എന്ന് അവര്‍ പേര് വിളിക്കുന്നത് (ഇവരുടെ) ഈ നാല് പുസ്തകങ്ങള്‍ക്കാണ്. ചിലപ്പോള്‍ അവരിലുള്ളവരിലെ ഓരോരുത്തരുടെതിനും ഇഞ്ചീല്‍ എന്ന് പേര് വിളിക്കാറുണ്ട്. നിശ്ചയമായും മസീഹ് ഉയര്‍ത്തപ്പെട്ടതിന് ശേഷമാണ് ഇവര്‍ ഇവ എഴുതിയത്. അവര്‍ (ആരും) അതില്‍ അല്ലാഹുവിന്റെയോ മസീഹിന്റെയോ സംസാരമുണ്ടെന്നോ പറഞ്ഞിട്ടുമില്ല. മസീഹിന്റെ സംസാരത്തില്‍ നിന്ന് ചിലത് അവയില്‍ ഉദ്ധരിച്ചിട്ടുമുണ്ട്. അദ്ദേഹത്തിന്റെ പ്രവൃത്തികളില്‍ പെട്ടതും മുഅ്ജിസത്തുകളില്‍ പെട്ടതും (ചിലതെല്ലാം അവയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്).''

അല്ലാഹു ഇറക്കിയത് പോലെ വള്ളി പുള്ളിക്ക് മാറ്റമില്ലാതെ നിലനില്‍ക്കുന്ന ഏക ഗ്രന്ഥം ക്വുര്‍ആന്‍ മാത്രമാണ്. അതിനെ എല്ലാ അര്‍ഥത്തിലും അല്ലാഹു സംരക്ഷിച്ചിട്ടുണ്ട്. ഹദീഥുകളുടെ കാര്യം പരിശോധിച്ചാലും അത്ഭുതം മാത്രമെ നമുക്ക് ഉണ്ടാകൂ. ഓരോ നബിവചനവും രേഖപ്പെടുത്തിയിട്ടുള്ള മഹാന്മാര്‍ നബി ﷺ  വരെയുള്ള ഓരോ റിപ്പോര്‍ട്ടറെ സംബന്ധിച്ചും ഗഹനമായ പഠനം നടത്തുകയും നെല്ലും പതിരും വേര്‍തിരിക്കുന്നത് പോലെ സ്വീകാര്യമായതും അസ്വീകാര്യമായതും വേര്‍തിരിക്കപ്പെട്ടു കഴിഞ്ഞിട്ടുണ്ട്. 

ബൈബിളിനെ വിശുദ്ധ ക്വുര്‍ആനിനെ പോലെ മഹത്ത്വമുള്ള ഒരു ഗ്രന്ഥമായി കാണാത്തത് എന്തുകൊണ്ട് എന്ന ചോദ്യത്തിന് ഇതാണ് മറുപടി:

ഒന്ന്) യേശുവിന്റെ ജീവിത കാലത്തിന് ശേഷം അഞ്ച് ദശാബ്ദങ്ങളെങ്കിലും കഴിഞ്ഞാണ് പുതിയ നിയമ പുസ്തകങ്ങളെല്ലാം എഴുതപ്പെട്ടിരിക്കുന്നത്.

രണ്ട്) യേശുവിന്റെ ജീവചരിത്ര വിവരണങ്ങളായ സുവിശേഷങ്ങള്‍ എഴുതിയവരാരും തന്നെ യേശുവിനെ കാണുകയോ അദ്ദേഹത്തിന്റെ പ്രബോധനങ്ങള്‍ക്ക് സാക്ഷികളാകുകയോ ചെയ്തവരല്ല.

മൂന്ന്) സുവിശേഷങ്ങള്‍ രചിച്ചതാരെന്ന് ഖണ്ഡിതമായി പറയാന്‍ കഴിയില്ല.

നാല്) പുതിയനിയമത്തിലെ പുസ്തകങ്ങളില്‍ ഒന്നുപോലും ക്രിസ്തുവിന്റെ ശിഷ്യന്മാരിലാരെങ്കിലും എഴുതിയതാണെന്ന് സംശയരഹിതമായി പറയുവാന്‍ സാധ്യമല്ല.

അഞ്ച്) യേശുവിന്റെ ജീവചരിത്രം എഴുതുന്നതിനു വേണ്ടി ശ്രമിച്ച സുവിശേഷ കര്‍ത്താക്കള്‍ തങ്ങള്‍ കേട്ടറിഞ്ഞ കാര്യങ്ങള്‍ ക്രോഡീകരിച്ചു കൊണ്ടാണ് സുവിശേഷങ്ങള്‍ രചിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ഒരേ സ്രോതസ്സില്‍ നിന്നുണ്ടായ മൂന്ന് സംഹിത സുവിശേഷങ്ങളും യോഹന്നാന്റെ സുവിശേഷവും നല്‍കുന്ന യേശു ചിത്രങ്ങള്‍ സാരമായ വ്യത്യാസങ്ങള്‍ ഉള്‍കൊള്ളുന്നവയാണ്.

ആറ്) ഇന്ന് പുതിയ നിയമത്തിലുള്‍പെടുത്തപ്പെട്ട പുസ്തകങ്ങളുടെ രചനക്കും പ്രചാരണത്തിനും മുമ്പു തന്നെ യേശുവിന്റെ ശിഷ്യന്മാര്‍ ഉപയോഗിച്ചിരുന്ന ഏതോ ഒരു രേഖ നിലനിന്നിരുന്നുവെന്ന് ആധുനിക ബൈബിള്‍ പണ്ഡിതന്മാരെല്ലാം സമ്മതിക്കുന്നു.

ചുരുക്കത്തില്‍, 'പുതിയനിയമ' പുസ്തകങ്ങളെല്ലാം എഴുതപ്പെടുന്നതിനു മുമ്പ് നിലനിന്നിരുന്ന, യേശുവിന് ദൈവം അവതരിപ്പിച്ചു കൊടുത്ത സുവിശേഷമാണ് ക്വുര്‍ആന്‍ പരിചയെപ്പടുത്തുന്ന ഇഞ്ചീല്‍. അതിലാണ് സന്മാര്‍ഗനിര്‍ദേശവും സത്യപ്രകാശവും അടങ്ങിയിരിക്കുന്നത്. അതിനെയാണ് ക്വുര്‍ആന്‍ ശരിവെക്കുന്നത്. ഇന്ന് നിലനില്‍ക്കുന്ന പുതിയ നിയമ പുസ്തകങ്ങളാകട്ടെ; മത്തായി, ലൂക്കോസ്, മാര്‍ക്കോസ്, യോഹന്നാന്‍ എന്നിവര്‍ എഴുതിയതാണ്. 

''എന്നാല്‍ സ്വന്തം കൈകള്‍ കൊണ്ട് ഗ്രന്ഥം എഴുതിയുണ്ടാക്കുകയും എന്നിട്ട് അത് അല്ലാഹുവിങ്കല്‍ നിന്ന് ലഭിച്ചതാണെന്ന് പറയുകയും ചെയ്യുന്നവര്‍ക്കാകുന്നു നാശം. അത് മുഖേന വില കുറഞ്ഞ നേട്ടങ്ങള്‍ കരസ്ഥമാക്കാന്‍ വേണ്ടിയാകുന്നു (അവരിത് ചെയ്യുന്നത്). അവരുടെ കൈകള്‍ എഴുതിയുണ്ടാക്കിയ വകയിലും അവര്‍ സമ്പാദിക്കുന്ന വകയിലും അവര്‍ക്ക് നാശം'' (ക്വുര്‍ആന്‍ 2:79).

''വേദഗ്രന്ഥത്തിലെ വാചകശൈലികള്‍ വളച്ചൊടിക്കുന്ന ചിലരും അവരുടെ കൂട്ടത്തിലുണ്ട്. അത് വേദഗ്രന്ഥത്തില്‍ പെട്ടതാണെന്ന് നിങ്ങള്‍ ധരിക്കുവാന്‍ വേണ്ടിയാണത്. അത് വേദഗ്രന്ഥത്തിലുള്ളതല്ല. അവര്‍ പറയും; അത് അല്ലാഹുവിന്റെ പക്കല്‍ നിന്നുള്ളതാണെന്ന്. എന്നാല്‍ അത് അല്ലാഹുവിങ്കല്‍ നിന്നുള്ളതല്ല. അവര്‍ അറിഞ്ഞുകൊണ്ട് അല്ലാഹുവിന്റെ പേരില്‍ കള്ളം പറയുകയാണ്'' ക്വുര്‍ആന്‍ (3:78).

''വേദഗ്രന്ഥം നല്‍കപ്പെട്ടവരോട് നിങ്ങളത് ജനങ്ങള്‍ക്ക് വിവരിച്ചുകൊടുക്കണമെന്നും നിങ്ങളത് മറച്ച് വെക്കരുതെന്നും അല്ലാഹു കരാര്‍ വാങ്ങിയ സന്ദര്‍ഭം (ശ്രദ്ധിക്കുക). എന്നിട്ട് അവരത് (വേദഗ്രന്ഥം) പുറകോട്ട് വലിച്ചെറിയുകയും തുച്ഛമായ വിലയ്ക്ക് അത് വിറ്റുകളയുകയുമാണ് ചെയ്തത്. അവര്‍ പകരം വാങ്ങിയത് വളരെ ചീത്ത തന്നെ'' (ക്വുര്‍ആന്‍ 3:187).

വേദഗ്രന്ഥത്തിലുള്ള കാര്യങ്ങള്‍ ജനങ്ങളോട് മൂടിവെക്കാതെ വ്യക്തമാക്കി കൊടുക്കുവാന്‍ അവരില്‍ നിന്ന് അല്ലാഹു കരാര്‍ വാങ്ങിയിരുന്നു. എന്നാല്‍ പല സത്യങ്ങളും അവര്‍ മൂടിവെച്ചു. പുതിയനിയമത്തില്‍ നിന്നും തിരസ്‌കരിക്കപ്പെട്ട ഒട്ടനവധി ഗ്രന്ഥങ്ങളുണ്ട്. കുറെയേറെ ലേഖനങ്ങളും സുവിശേഷങ്ങളും പുതിയ നിയമത്തില്‍ നിന്ന് നീക്കം ചെയ്യപ്പെട്ടിട്ടുണ്ട്. ഇവയാണ് 'അപ്പോക്രിഫ' എന്ന പേരില്‍ അറിയപ്പെടുന്നത്.

എന്തിന് അവര്‍ ഇതെല്ലാം ഒഴിവാക്കി? അവ തങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായ ആശയങ്ങള്‍ ഉള്‍കൊള്ളുന്നവ ആയതിനാല്‍ തന്നെ എന്ന് വ്യക്തം. പ്രവാചകന്മാര്‍ക്ക് അവതരിപ്പിക്കപ്പെട്ട ദൈവിക ഗ്രന്ഥങ്ങളുടെ ആശയങ്ങളെന്തായിരുന്നുവെന്ന് ഈ അപ്പോക്രിഫകള്‍ പഠന വിധേയമാക്കിയാല്‍ മനസ്സിലായേനെ. പക്ഷേ, ഇന്ന് അവ ലഭ്യമല്ല. പ്രവാചകന്മാരുടെ, വിശിഷ്യാ ഈസാനബിയുടെ അധ്യാപനങ്ങള്‍ക്ക് വിരുദ്ധമായ കാര്യങ്ങളടങ്ങിയ പുസ്തകത്തെ ഇവര്‍ വേദപുസ്തകമെന്ന് വാഴ്ത്തി കൊണ്ടുനടക്കുകയാണ് ചെയ്യുന്നത്.

അല്ലാഹു ഇറക്കിയ വേദഗ്രന്ഥങ്ങളില്‍ നിന്ന് സത്യം മൂടിവെച്ചതിനെ പറ്റി ക്വുര്‍ആന്‍ താക്കീത് നല്‍കുന്നത് കാണുക:

''നാം അവതരിപ്പിച്ച തെളിവുകളും മാര്‍ഗദര്‍ശനവും വേദഗ്രന്ഥത്തിലൂടെ ജനങ്ങള്‍ക്ക് നാം വിശദമാക്കികൊടുത്തതിന് ശേഷം മറച്ചുവെക്കുന്നവരാരോ അവരെ അല്ലാഹു ശപിക്കുന്നതാണ്. ശപിക്കുന്നവരൊക്കെയും അവരെ ശപിക്കുന്നതാണ്'' (2:159).

''അല്ലാഹു അവതരിപ്പിച്ച, വേദഗ്രന്ഥത്തിലുള്ള കാര്യങ്ങള്‍ മറച്ചുവെക്കുകയും അതിന്നു വിലയായി തുച്ഛമായ നേട്ടങ്ങള്‍ നേടിയെടുക്കുകയും ചെയ്യുന്നവരാരോ അവര്‍ തങ്ങളുടെ വയറുകളില്‍ തിന്നു നിറക്കുന്നത് നരകാഗ്‌നിയല്ലാതെ മറ്റൊന്നുമല്ല. ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളില്‍ അല്ലാഹു അവരോട് സംസാരിക്കുകയോ (പാപങ്ങളില്‍ നിന്ന്) അവരെ സംശുദ്ധരാക്കുകയോ ചെയ്യുകയില്ല. അവര്‍ക്ക് വേദനയേറിയ ശിക്ഷയുണ്ടായിരിക്കുകയും ചെയ്യും'' (2:174).

വേദപുസ്തകമായി ക്രൈസ്തവര്‍ കാണുന്ന സുവിശേഷങ്ങളില്‍ ധാരാളം വൈരുധ്യങ്ങള്‍ ഉണ്ടാകാന്‍ കാരണം ഈ പൂഴ്ത്തിവെക്കലും കൈകടത്തലുമാണ്. ക്വുര്‍ആനിനുള്ള ഒരു പ്രത്യേകത അതില്‍ വൈരുധ്യങ്ങള്‍ തെല്ലും ഇല്ലെന്നതാണ്. അത് ഒരു വെല്ലുവിളിയിലൂടെ ക്വുര്‍ആന്‍ പ്രഖ്യാപിച്ചിട്ടുമുണ്ട്.

ഈസാ(അ)യുടെ പ്രബോധനം

എല്ലാ പ്രവാചകന്മാരും ജനങ്ങളെ ഏകദൈവ വിശ്വാസത്തിലേക്കാണല്ലോ ക്ഷണിച്ചത്. ഈസാ നബി(അ)യും അതുതന്നെയാണ് ചെയ്തത്. 

ത്രിയേകത്വ സിദ്ധാന്തം ഈസാ(അ) പ്രബോധനം ചെയ്തിട്ടില്ല. ഈസാ(അ) ജനങ്ങളോട് പ്രബോധനം ചെയ്തത് അല്ലാഹുവിനെ ആരാധിക്കുവാന്‍ വേണ്ടിയാണ്. അദ്ദേം ജനങ്ങളോട് പറഞ്ഞത് ക്വുര്‍ആന്‍ പറയുന്നത് കാണുക:

''തീര്‍ച്ചയായും അല്ലാഹു എന്റെയും നിങ്ങളുടെയും രക്ഷിതാവാകുന്നു. അതിനാല്‍ അവനെ നിങ്ങള്‍ ആരാധിക്കുക. ഇതാകുന്നു നേരായ മാര്‍ഗം'' (3:51).

''(ഈസാ പറഞ്ഞു:) തീര്‍ച്ചയായും അല്ലാഹു എന്റെയയും നിങ്ങളുടെയും രക്ഷിതാവാകുന്നു. അതിനാല്‍ അവനെ നിങ്ങള്‍ ആരാധിക്കുക. ഇതത്രെ നേരെയുള്ള മാര്‍ഗം'' (19:36).

ഈസാ നബി(അ)യെ ആരാധിച്ചിരുന്നതിനെപ്പറ്റി അന്ത്യനാളില്‍ വിചാരണ ചെയ്യുന്ന രംഗം ക്വുര്‍ആന്‍ വിവരിക്കുന്നത് കാണുക:  

''അല്ലാഹു പറയുന്ന സന്ദര്‍ഭവും (ശ്രദ്ധിക്കുക). മര്‍യമിന്റെ മകന്‍ ഈസാ! അല്ലാഹുവിന് പുറമെ എന്നെയും എന്റെ മാതാവിനെയും ദൈവങ്ങളാക്കിക്കൊള്ളുവിന്‍ എന്ന് നീയാണോ ജനങ്ങളോട് പറഞ്ഞത്? അദ്ദേഹം പറയും: നീയെത്ര പരിശുദ്ധന്‍! എനിക്ക് (പറയാന്‍) യാതൊരു അവകാശവുമില്ലാത്തത് ഞാന്‍ പറയാവതല്ലല്ലോ? ഞാനത് പറഞ്ഞിരുന്നെങ്കില്‍ തീര്‍ച്ചയായും നീയത് അറിഞ്ഞിരിക്കുമല്ലോ. എന്റെ മനസ്സിലുള്ളത് നീ അറിയും. നിന്റെ മനസ്സിലുള്ളത് ഞാനറിയില്ല. തീര്‍ച്ചയായും നീ തന്നെയാണ് അദൃശ്യകാര്യങ്ങള്‍ അറിയുന്നവന്‍. നീ എന്നോട് കല്‍പിച്ച കാര്യം അഥവാ എന്റെയും നിങ്ങളുടെയും രക്ഷിതാവായ അല്ലാഹുവെ നിങ്ങള്‍ ആരാധിക്കണം എന്ന കാര്യം മാത്രമേ ഞാനവരോട് പറഞ്ഞിട്ടുള്ളൂ. ഞാന്‍ അവര്‍ക്കിടയില്‍ ഉണ്ടായിരുന്നപ്പോഴൊക്കെ ഞാന്‍ അവരുടെ മേല്‍ സാക്ഷിയായിരുന്നു. പിന്നീട് നീ എന്നെ പൂര്‍ണമായി ഏറ്റെടുത്തപ്പോള്‍ നീ തന്നെയായിരുന്നു അവരെ നിരീക്ഷിച്ചിരുന്നവന്‍. നീ എല്ലാ കാര്യത്തിനും സാക്ഷിയാകുന്നു. നീ അവരെ ശിക്ഷിക്കുകയാണെങ്കില്‍ തീര്‍ച്ചയായും അവര്‍ നിന്റെ ദാസന്മാാരാണല്ലോ. നീ അവര്‍ക്ക് പൊറുത്തുകൊടുക്കുകയാണെങ്കില്‍ നീ തന്നെയാണല്ലോ പ്രതാപിയും യുക്തിമാനും'' (5:116-118).

ഈസാ നബി(അ)യെ ആരാധിക്കുകയും അദ്ദേഹത്തിന്റെ അനുയായികളാണെന്ന് അഭിമാനിക്കുകയും ചെയ്തവരെ അദ്ദേഹം തന്നെ അന്ത്യദിനത്തില്‍ തള്ളിപ്പറയുന്നതാണ് നാം കണ്ടത്. 

വൈരുധ്യങ്ങള്‍ നിറഞ്ഞ പുതിയ നിയമത്തില്‍ തന്നെ യേശു പറഞ്ഞതായി ഇങ്ങനെ കാണാം: ''കര്‍ത്താവേ, കര്‍ത്താവേ എന്ന് എന്നോട് വിളിച്ചപേക്ഷിക്കുന്നവനല്ല, എന്റെ സ്വര്‍ഗസ്ഥനായ  പിതാവിന്റെ ഇഷ്ടം നിറവേറ്റുന്നവനാണ് സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുക'' (മത്തായി7:21). 

''യേശു കല്‍പിച്ചു: സാത്താനേ, ദൂരെപ്പോവുക. എന്തെന്നാല്‍ നിന്റെ ദൈവമായ കര്‍ത്താവിനെ ആരാധിക്കണം; അവിടുത്തെ മാത്രമെ പൂജിക്കാവൂ എന്ന് എഴുതപ്പെട്ടിരിക്കുന്നു'' (മത്തായി 4:10). 

ഈ ലോകത്തെ പടച്ചു പരിപാലിക്കുന്ന ഏക ദൈവത്തെ മാത്രം ആരാധിക്കുവാനാണ് ഇതില്‍ യേശു അഥവാ ഈസാ നബി(അ) കല്‍പിച്ചിരിക്കുന്നത്. എന്നാല്‍ ആ കല്‍പനയോട് അവര്‍ അനുസരണക്കേട് കാണിച്ചതിനാല്‍ അവര്‍ ശാപത്തിന് ഇരയായി.

''ഇസ്‌റാഈല്‍ സന്തതികളിലെ സത്യനിഷേധികള്‍ ദാവൂദിന്റെയും, മര്‍യമിന്റെ മകന്‍ ഈസായുടെയും നാവിലൂടെ ശപിക്കപ്പെട്ടിരിക്കുന്നു. അവര്‍ അനുസരണക്കേട് കാണിക്കുകയും അതിക്രമം കൈക്കൊള്ളുകയും ചെയ്തതിന്റെ ഫലമത്രെ അത്. അവര്‍ ചെയ്തിരുന്ന ദുരാചാരത്തെ അവര്‍ അനേ്യാന്യം തടയുമായിരുന്നില്ല. അവര്‍ ചെയ്ത് കൊണ്ടിരുന്നത് വളരെ ചീത്ത തന്നെ'' (ക്വുര്‍ആന്‍ 5:78,79).

ബനൂഇസ്‌റാഈല്യരിലേക്ക് അയക്കപ്പെട്ട പ്രവാചകന്മാരാണല്ലോ ദാവൂദ്(അ)യും ഈസാ(അ)യും. ഈ പ്രവാചകന്മാര്‍ നന്മയിലേക്ക് അവരെ ക്ഷണിച്ചു. ഇസ്‌റാഈല്‍ മക്കള്‍ അനുസരണക്കേട് കാണിച്ചു. വിശ്വാസപരമായും കര്‍മപരമായും അവര്‍ കാണിച്ചുകൊടുത്ത അതിര്‍വരമ്പുകളെ അവര്‍

ഭേദിച്ചു. അവസാനം ആ പ്രവാചകരുടെ നാവിനാല്‍ തന്നെ അവര്‍ ശപിക്കപ്പെടുകയാണ് ഉണ്ടായത്. പ്രവാചകന്മാര്‍ പഠിപ്പിച്ച ആശയങ്ങളോട് പുറംതിരിയുന്നവര്‍ക്ക് അവരുടെ ശാപമുണ്ടാകുമെന്നതും ഇതില്‍ നിന്ന് പഠിക്കാം. മാത്രവുമല്ല സമൂഹത്തില്‍ കാണുന്ന തിന്മകളെ വിലക്കാത്തവരായിരുന്നു അവര്‍ എന്നതും ക്വുര്‍ആന്‍ പ്രത്യേകം എടുത്തു പറയുന്നു. ഒരു സമൂഹത്തിന്റെ തകര്‍ച്ചക്ക് ഹേതുവാകാന്‍ മാത്രം ഗൗരവമുള്ള വിഷയമാണ് നന്മ കല്‍പിക്കാതിരിക്കലും തിന്മ വിരോധിക്കാതിരിക്കലും. അവരുടെ സ്വഭാവത്തെ പറ്റി നബി ﷺ  നമുക്ക് വിവരിച്ചു തരുന്നുണ്ട്.

ബനൂഇസ്‌റാഈല്യരില്‍ ആദ്യമായി കടന്നുകൂടിയ ന്യൂനത (ഇതായിരുന്നു:) ഒരാള്‍ മറ്റൊരാളെ കാണുമ്പോള്‍ അയാള്‍ പറയും: 'ഏയ്, നീ അല്ലാഹുവിനെ സൂക്ഷിക്കണം. നീ ചെയ്യുന്ന (ആ കാര്യം) ഒഴിവാക്കുകയും വേണം. നിശ്ചയം അത് നിനക്ക് അനുവദനീയമല്ല.' പിന്നീട് അടുത്ത ദിവസം അയാളെ (അപ്രകാരം തന്നെ) കണ്ടാല്‍ അതിനെ തൊട്ട് വിലക്കുകയുമില്ല. (പിന്നീട് ഉപദേശിക്കുന്നവന്‍) അവന്റെകൂടെ ഭക്ഷണം കഴിക്കുന്നവനും വെള്ളം കുടിക്കുന്നവനും ഇരിക്കുന്നവനും ആയിത്തീരും. അത് അവര്‍ ചെയ്തപ്പോള്‍ അവരില്‍ ചിലരുടെ ഹൃദയങ്ങളെ മറ്റു ചിലരുടെ ഹൃദയം കൊണ്ട് അടിപ്പിച്ചു. പിന്നെ നബി ﷺ  ഓതി: ''ഇസ്‌റാഈല്‍ സന്തതികളിലെ സത്യനിഷേധികള്‍ ദാവൂദിന്റെയും മര്‍യമിന്റെ മകന്‍ ഈസായുടെയും നാവിലൂടെ ശപിക്കപ്പെട്ടിരിക്കുന്നു...'' (ക്വുര്‍ആന്‍ 5:78,79).

ജനങ്ങള്‍ക്ക് നന്മ കല്‍പിക്കലും അവരെ തിന്മയെ തൊട്ട് തടുക്കലും വിശ്വാസികളുടെ ചുമതലയാണ്. അതില്‍ നിന്ന് പിന്മാറുന്നത് വിശ്വാസിക്ക് ചേര്‍ന്നതല്ല. നന്മ കല്‍പിക്കാത്ത, തിന്മ വിരോധിക്കാത്ത ഒരു സമൂഹം ഉണ്ടായാല്‍ അല്ലാഹുവിന്റെ ശിക്ഷ ഇറങ്ങുമെന്നും പിന്നീട് അതില്‍ നിന്ന് രക്ഷ ലഭിക്കാന്‍ പ്രാര്‍ഥിച്ചാല്‍ ഉത്തരം ലഭിക്കുന്നതല്ലെന്നും നബി ﷺ  നമ്മെ ഉണര്‍ത്തിയിട്ടുണ്ട്.

പ്രബോധനത്തില്‍ നിന്ന് വിട്ടുനിന്നാല്‍ അല്ലാഹു ശിക്ഷയിറക്കും എന്ന് പറഞ്ഞതിനെ പണ്ഡിതന്മാര്‍, അത് ധനത്തിലാകാം എന്നും മാരക രോഗങ്ങളാലാകാം എന്നും മരണാധിക്യമാകാം എന്നും ശത്രുവിന്റെഅധികാരം വാഴലിലൂടെയാകാം എന്നും ഭൂകമ്പം, പ്രളയം, വറുതി, ക്ഷാമം തുടങ്ങിയവ കൊണ്ടാകാം എന്നുമെല്ലാം വിവരിച്ചതായി കാണാം.