അനുഗ്രഹങ്ങളും പരീക്ഷണവും

ഹുസൈന്‍ സലഫി, ഷാര്‍ജ

2019 ജനുവരി 19 1440 ജുമാദല്‍ അവ്വല്‍ 13

(സുലൈമാന്‍ നബി(അ): 06)

സുലൈമാന്‍ നബി(അ)യുടെ ജീവിതത്തില്‍ നടന്ന മറ്റൊരു സംഭവത്തിലേക്ക് ക്വുര്‍ആന്‍ വെളിച്ചം നല്‍കുന്നത് കാണുക:

''സുലൈമാനെ നാം പരീക്ഷിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ സിംഹാസനത്തിന്മേല്‍ നാം ഒരു ജഡത്തെ ഇടുകയും ചെയ്തു. പിന്നീട് അദ്ദേഹം താഴ്മയുള്ളവനായി മടങ്ങി. അദ്ദേഹം പറഞ്ഞു. എന്റെ രക്ഷിതാവേ, നീ എനിക്ക് പൊറുത്തുതരികയും എനിക്ക് ശേഷം ഒരാള്‍ക്കും തരപ്പെടാത്ത ഒരു രാജവാഴ്ച നീ എനിക്ക് പ്രദാനം ചെയ്യുകയും ചെയ്യേണമേ. തീര്‍ച്ചയായും നീ തന്നെയാണ് ഏറ്റവും വലിയ ദാനശീലന്‍'' (ക്വുര്‍ആന്‍ 38:34,35).

അല്ലാഹുവിന്റെ പരീക്ഷണങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ വിധേയരായവര്‍ അല്ലാഹുവിന്റെ പ്രവാചകന്മാരാണ്. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ എത്ര അടിയുറച്ച് നില്‍ക്കുന്നുവോ, അതിനനുസരിച്ച് അല്ലാഹു അവരെ പരീക്ഷിക്കുന്നതാണ്. ആ പരീക്ഷണങ്ങള്‍ അവരുടെ ഉയര്‍ച്ചക്ക് നിമിത്തമാകുന്നതുമാണ്. എല്ലാ നബിമാര്‍ക്കും മറ്റു മഹാന്മാര്‍ക്കും പലവിധ പരീക്ഷണങ്ങളെ തരണം ചെയ്യേണ്ടതായി വന്നിട്ടുണ്ട് എന്നത് ചരിത്രം നമുക്ക് നല്‍കുന്ന ഗുണപാഠമാകുന്നു. അല്ലാഹുവില്‍ വിശ്വസിച്ചു എന്നത് കൊണ്ട് പരീക്ഷണങ്ങള്‍ ഇല്ലാതെ കഴിയാമെന്ന് ആരും വ്യാമോഹിക്കേണ്ടതില്ലെന്നും അല്ലാഹു മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

''ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു എന്ന് പറയുന്നത്‌കൊണ്ട് മാത്രം തങ്ങള്‍ പരീക്ഷണത്തിന് വിധേയരാകാതെ വിട്ടേക്കപ്പെടുമെന്ന് മനുഷ്യര്‍ വിചാരിച്ചിരിക്കയാണോ? അവരുടെ മുമ്പുണ്ടായിരുന്നവരെ നാം പരീക്ഷിച്ചിട്ടുണ്ട്. അപ്പോള്‍ സത്യം പറഞ്ഞവര്‍ ആരെന്ന് അല്ലാഹു അറിയുകതന്നെ ചെയ്യും. കള്ളം പറയുന്നവരെയും അവനറിയും'' (ക്വുര്‍ആന്‍ 29:2,3).

അല്ലാഹുവില്‍ വിശ്വസിച്ച കാരണത്താല്‍ നിരവധി പരീക്ഷണങ്ങള്‍ക്ക് വിശ്വാസികള്‍ വിധേയരാക്കപ്പെട്ടേക്കാം. അത്തരം സന്ദര്‍ഭങ്ങളില്‍ ഇടര്‍ച്ചയോ പതര്‍ച്ചയോ കൂടാതെ, അല്ലാഹുവിന്റെ നിയമ നടപടികളെ പഴിക്കാതെ ക്ഷമിക്കാന്‍ കഴിയുന്നവര്‍ക്കാണ് തന്റെ വിശ്വാസം മുഖേന വിജയത്തില്‍ എത്താന്‍ സാധിക്കുകയുള്ളൂ എന്നതാണ് ക്വുര്‍ആന്‍ നമുക്ക് നല്‍കുന്ന അറിവ്.

സുലൈമാന്‍ നബി(അ)യെയും അല്ലാഹു പരീക്ഷിക്കുകയുണ്ടായി. എന്തായിരുന്നു ആ പരീക്ഷണം എന്ന് ക്വുര്‍ആനിലോ സുന്നത്തിലോ വ്യക്തമായ നിലയ്ക്ക് വരാത്തതിനാല്‍ ഇന്നതായിരുന്നു ആ പരീക്ഷണം എന്ന് ഉറപ്പിച്ചു പറയുവാന്‍ നമുക്ക് നിര്‍വാഹമില്ല.

'സുലൈമാനെ നാം പരീക്ഷിക്കുകയുണ്ടായി' എന്ന് പറഞ്ഞതിന് ശേഷം ക്വുര്‍ആന്‍ പറയുന്നത് 'അദ്ദേഹത്തിന്റെ സിംഹാസനത്തിന്മേല്‍ നാം ഒരു ജഡത്തെ ഇടുകയും ചെയ്തു. പിന്നീട് അദ്ദേഹം താഴ്മയുള്ളവനായി മടങ്ങി' എന്നാണല്ലോ. ശേഷം അദ്ദേഹം അല്ലാഹുവിനോട് പ്രാര്‍ഥിക്കുന്നതാണ് എടുത്തു പറഞ്ഞിരിക്കുന്നത്. ആ പ്രാര്‍ഥന എന്തായിരുന്നു എന്നതും വ്യക്തമാണ്.

അല്ലാഹുവിനോട് പൊറുക്കലിനെ ചോദിച്ചുകൊണ്ടാണ് അദ്ദേഹം പ്രാര്‍ഥിക്കുന്നത്. അല്ലാഹുവിന്റെ പരീക്ഷണത്തില്‍ സുലൈമാന്‍(അ)ക്ക് ചെറിയ എന്തോ വീഴ്ച സംഭവിച്ചതിനാലാകാം അദ്ദേഹം അല്ലാഹുവിനോട് പൊറുക്കലിനെ ചോദിച്ചത്.

സുലൈമാന്‍(അ)യെ അല്ലാഹു പരീക്ഷിച്ചതുമായി ബന്ധപ്പെട്ട ഈ പരാമര്‍ശത്തെ വ്യാഖ്യാനിച്ച് പല കള്ളക്കഥകളും പ്രചരിപ്പിക്കപ്പെട്ടിട്ടുണ്ട്. ഒരു പ്രവാചകനിലേക്ക് ചേര്‍ത്തു പറയാന്‍ പറ്റാത്ത വിധത്തിലാണ് പല വ്യാഖ്യാനങ്ങളും വന്നിട്ടുള്ളത്. അത് കേള്‍ക്കുകയും സത്യമാണെന്ന് കരുതുകയും ചെയ്തവര്‍ക്ക് തെറ്റുധാരണ തിരുത്താന്‍ സഹായകമാകും എന്നതിനാല്‍ മാത്രം അത്തരത്തില്‍ വന്ന ഒരു ദുര്‍വ്യാഖ്യാനത്തിന്റെ ചുരുക്ക വിവരണം ഇവിടെ നല്‍കാം: 'സുലൈമാന്‍ നബി(അ)യുടെ കഴിവും രാജാധിപത്യവും നിലനിന്നിരുന്നത് അദ്ദേഹത്തിന്റെ കൈയ്യിലുണ്ടായിരുന്ന ഒരു മാന്ത്രിക മോതിരത്തിലായിരുന്നു. 'സുലൈമാന്റെ മോതിരം' എന്ന പേരില്‍ അത് ജനങ്ങള്‍ക്കിടയില്‍ ഏറെ പ്രശസ്തമായിരുന്നു. ഈ മോതിരം ഇല്ലാതെ അദ്ദേഹത്തിന് ഒന്നും ചെയ്യാന്‍ സാധിക്കുമായിരുന്നില്ല. എന്നാല്‍ ബാത്ത്‌റൂമില്‍ പ്രവേശിക്കുന്ന സമയത്ത് ഈ മോതിരം അദ്ദേഹം കൊണ്ടു പോകാറില്ലായിരുന്നു. അങ്ങനെ ഒരു ദിവസം അദ്ദേഹം ബാത്ത്‌റൂമില്‍ പ്രവേശിക്കുമ്പോള്‍ ആ മോതിരം അദ്ദേഹത്തിന്റെ ഭാര്യയെ ഏല്‍പിച്ചു. അപ്പോള്‍ പിശാച് സുലൈമാന്‍ നബി(അ)യുടെ രൂപത്തില്‍ ഭാര്യയുടെ അടുത്ത് വന്നു. എന്നിട്ട് പിശാച് ചോദിച്ചു: എവിടെ മോതിരം? ഭാര്യ ആ മോതിരം പിശാചിന് കൊടുത്തു. പിശാച് ആ മോതിരം ധരിച്ചതോടെ അവനായി രാജാവ്. അങ്ങനെ എല്ലാവരും ഈ പിശാചിന് സേവനം ചെയ്യാന്‍ തുടങ്ങി. പിന്നീട് പിശാച് അവിടം വിട്ടുപോയി. സുലൈമാന്‍(അ) ബാത്ത് റൂമില്‍ നിന്ന് പുറത്ത് വന്ന് ഭാര്യയോട് തന്റെ മോതിരം ചോദിച്ചു. അത് താങ്കള്‍ വാങ്ങിയില്ലേ എന്ന് അവര്‍ തിരിച്ചു ചോദിച്ചു. അങ്ങനെ കുറെ കാലം പിശാച് അവിടെ ഭരണം നടത്തി. പിന്നീട് പിശാച് ആ മോതിരം സമുദ്രത്തിലേക്ക് എറിഞ്ഞു. സുലൈമാന്‍ നബി(അ)ക്ക് അവിടെ ജീവിക്കാന്‍ പോലും പറ്റാത്ത അവസ്ഥയായി. അങ്ങനെ ഒരു ദിവസം അദ്ദേഹം മീന്‍ പിടിക്കാനായി സമുദ്രത്തിലേക്ക് പോയി. അന്ന് ഒരു മത്സ്യം ലഭിച്ചു. അതിനെ മുറിക്കുമ്പോള്‍ അതിന്റെ വയറ്റില്‍ നിന്ന് ആ മോതിരം കിട്ടി. അങ്ങനെ അദ്ദേഹം അത് ധരിച്ചു. തന്റെ രാജാധിപത്യം തിരികെ ലഭിക്കുകയും ചെയ്തു.' ഇതാണ് സുലൈമാന്‍ നബി(അ)ക്ക് ഉണ്ടായ പരീക്ഷണം എന്ന് ഇവര്‍ വ്യാഖ്യാനിക്കുന്നു. ഇത് സുലൈമാന്‍ നബി(അ)യുടെ പേരില്‍ കെട്ടിയുണ്ടാക്കിയിട്ടുള്ള കള്ളക്കഥയാണെന്ന് വ്യക്തമാണ്. 

ഒരു പ്രവാചകന്റെ രൂപത്തിലും പിശാച് വരില്ല എന്നത് ഉറപ്പാണ്. നബി ﷺ ഇപ്രകാരം പറഞ്ഞിട്ടുണ്ട്. 'തീര്‍ച്ചയായും പിശാച് എന്റെ രൂപം പ്രാപിക്കുന്നതല്ല' (ബുഖാരി, മുസ്‌ലിം).

നബിമാരുടെ രൂപത്തില്‍ പിശാചുക്കള്‍ക്ക് രൂപം പ്രാപിക്കുവാന്‍ കഴിയില്ല. എന്നാല്‍ വേറെ ഏതെങ്കിലും രൂപത്തില്‍ സ്വപ്‌നത്തിലോ മറ്റോ വന്ന് ഞാന്‍ നബിയാണെന്ന് പറഞ്ഞേക്കാം. ഇക്കാലത്ത് പലരും പല രൂപത്തിലുള്ള ദിക്‌റുകളും പ്രാര്‍ഥനകളും വഴിപാടുകളും കിതാബ് രചിക്കലും എല്ലാം ചെയ്തു വരുന്നു; എന്നിട്ട് അവര്‍ പാമര ജനങ്ങളുടെ മുന്നില്‍ വന്ന് യാതൊരു മടിയും കൂടാതെ പറയുന്നു; ഇത് നബി ﷺ എന്നോട് ഉറക്കത്തില്‍ വന്ന് പറഞ്ഞതാണ് എന്ന്! ഇസ്‌ലാമിന്റെ അധ്യാപനങ്ങളെ പരിഹസിക്കുവാനും കളവാക്കുവാനും ജനങ്ങളുടെ ഹൃദയങ്ങളില്‍ ദീനിനോട് പുച്ഛ മനോഭാവം സൃഷ്ടിക്കുവാനും ഇറങ്ങി പുറപ്പെടുന്ന ഇത്തരം ചൂഷകരെ നാം തിരിച്ചറിയാതിരുന്നു കൂടാ.

നബി ﷺ യെ യഥാര്‍ഥ രൂപത്തില്‍ സ്വപ്‌നം കാണുവാന്‍ സ്വഹാബിമാര്‍ക്കേ സാധിക്കൂ. കാരണം, അവരാണ് ഉണര്‍ച്ചയില്‍ അദ്ദേഹത്തെ കണ്ടവര്‍. നബി ﷺ യെ നേരില്‍ കാണാത്ത ഒരാള്‍ക്ക് താന്‍ കണ്ടത് അല്ലാഹുവിന്റെ റസൂലിനെത്തന്നെയാണെന്ന് എങ്ങനെ പറയാന്‍ സാധിക്കും? 

സുലൈമാന്‍ നബി(അ)യെ പരീക്ഷിച്ചതുമായി ബന്ധപ്പെട്ടു വന്ന ശരിയായ വ്യാഖ്യാനം നമുക്ക് ഇപ്രകാരം ചുരുക്കി മനസ്സിലാക്കാം: 'ഒരു രാത്രിയില്‍ തന്റെ പല ഭാര്യമാരുടെ അടുക്കല്‍ താന്‍ ചെല്ലുമെന്നും അങ്ങനെ അവരെല്ലാം അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സമരം ചെയ്യത്തക്ക ഓരോ കുതിരപ്പടയാളിയായ മകനെ പ്രസവിക്കുമെന്നും സുലൈമാന്‍(അ) പറയുകയുണ്ടായി. പക്ഷേ, അദ്ദേഹം 'ഇന്‍ശാ അല്ലാഹു' എന്ന് പറയുകയുണ്ടായില്ല. എന്നാല്‍ ഒരു ഭാര്യ ഒഴിച്ച് മറ്റാരും പ്രസവിച്ചില്ല. പ്രസവിച്ച കുട്ടിയാകട്ടെ ഒരു അപൂര്‍ണ കുഞ്ഞും. 'ഇന്‍ശാ അല്ലാഹു' എന്ന് അദ്ദേഹം പറഞ്ഞിരുന്നുവെങ്കില്‍ എല്ലാവരില്‍ നിന്നും ഓരോ കുതിരപ്പടയാളിയായ കുഞ്ഞ് ഉണ്ടാകുമായിരുന്നു.' ഈ വ്യാഖ്യാനവും നമുക്ക് ഉറപ്പിച്ച് പറയാന്‍ സാധിക്കുന്നതല്ല. എന്നാല്‍ ഏതാണ്ട് യോജിക്കാവുന്ന ഒരു വ്യാഖ്യാനമാണിത്.

ഈ വ്യാഖ്യനത്തിന് കൂടുതല്‍ സ്വീകാര്യത കൊടുക്കാന്‍ കാരണം ഇത് നബി ﷺ നമുക്ക് അറിയിച്ചു തന്നിട്ടുള്ള ഒന്നായതിനാലാണ്. ഹദീസ് ഇപ്രകാരമാണ്.

അബൂഹുറയ്‌റ(റ)വില്‍ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ''സുലൈമാന്‍(അ) പറഞ്ഞു: 'ഒരു രാത്രിയില്‍ ഞാന്‍ എഴുപത് ഭാര്യമാരെ സന്ദര്‍ശിക്കുന്നതാണ്. (അങ്ങനെ) അവര്‍ ഒരോ സ്ത്രീയും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സമരം ചെയ്യുന്ന കുതിരപ്പടയാളിയെ പ്രസവിക്കുന്നതാണ്. അപ്പോള്‍ അദ്ദേഹത്തോട് (അദ്ദേഹത്തിന്റെ കൂടെ ഉണ്ടായിരുന്ന) ആള്‍ പറഞ്ഞു: 'ഇന്‍ശാ അല്ലാഹു.' എന്നാല്‍ സുലൈമാന്‍(അ) അത് പറഞ്ഞില്ല. (അങ്ങനെ) ഒരാള്‍ അല്ലാത്ത ആരും പ്രസവിച്ചില്ല.'' 

എന്നിട്ട് നബി ﷺ പറഞ്ഞു: ''സുലൈമാന്‍(അ) അത് പറഞ്ഞിരുന്നുവെങ്കില്‍ അവര്‍ എല്ലാവരും (പ്രസവിക്കുകയും അങ്ങനെ എല്ലാ മക്കളും) അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സമരം ചെയ്യുകയും ചെയ്യുമായിരുന്നു''(ബുഖാരി).

സുലൈമാന്‍ നബി(അ)യുടെ സിംഹാസനത്തില്‍ ഇടപ്പെട്ട ആ മൃതശരീരം ഈ കുഞ്ഞിന്റെതാണ് എന്ന് ഇതിന്റെ അടിസ്ഥാനത്തില്‍ വ്യാഖ്യാനിക്കപ്പെട്ടിരിക്കുന്നു; അല്ലാഹുവാണ് നന്നായി അറിയുന്നവന്‍. 

അല്ലാഹുവിനോട് പൊറുക്കലിനെ ചോദിച്ചതിന്റെ കൂടെ ആര്‍ക്കും തന്നെ തരപ്പെടാത്ത വിധത്തിലുള്ള ഒരു രാജവാഴ്ചക്കായും സുലൈമാന്‍(അ) തേടിയല്ലോ. അധികാരത്തോടും ഭൗതിക സൗകര്യങ്ങളോടും ആര്‍ത്തിയില്ലാത്തവരാണല്ലോ നബിമാര്‍. അപ്പോള്‍ ഒരു പ്രവാചകന്‍ എങ്ങനെയാണ് അല്ലാഹുവിനോട് ഐഹിക സൗകര്യങ്ങള്‍ ആവശ്യപ്പെടുക എന്ന് ചിലരെങ്കിലും സംശയിച്ചേക്കാം. അതിനുള്ള ഉത്തരം ഇപ്രകാരമാകുന്നു: സുലൈമാന്‍(അ) ഇഹലോകത്തിലെ അധികാരം ലക്ഷ്യം വെച്ചല്ല അല്ലാഹുവിനോട് അപ്രകാരം തേടിയത്. അല്ലാഹുവിലേക്ക് കൂടുതല്‍ അടുക്കുവാന്‍ വേണ്ടിയാണ് സുലൈമാന്‍(അ)  ഭൗതികലോകത്തിലെ അധികാരം ചോദിച്ചത്. 'താങ്കള്‍ എന്നെ ഭൂമിയിലെ ഖജനാവുകളുടെ അധികാരമേല്‍പിക്കൂ. തീര്‍ച്ചയായും ഞാന്‍ വിവരമുള്ള ഒരു സൂക്ഷിപ്പുകാരനായിരിക്കും' എന്ന് യൂസുഫ്(അ) മന്ത്രിയായിരിക്കെ രാജാവിനോട് ആവശ്യപ്പെട്ടത് പോലെ; നീതി ജനങ്ങള്‍ക്കിടയില്‍ വിശ്വസ്തതയോടെ വ്യാപിക്കുന്നതിനുവേണ്ടിയുമാണ് സുലൈമാന്‍(അ) അല്ലാഹുവിനോട് ചോദിക്കുന്നത്. അന്യായമായ രൂപത്തില്‍ കാര്യങ്ങള്‍ നടപ്പിലാക്കുന്ന പരിസര രാജ്യങ്ങളിലെ രാജാക്കന്മാരുടെ അധികാരം പോലുള്ള അധികാരത്തെയല്ല സുലൈമാന്‍(അ) അല്ലാഹുവിനോട് ചോദിച്ചത്.

തന്റെ രാജ്യത്ത് ദൈവിക മാര്‍ഗത്തിലൂടെ ജനങ്ങളെ വഴി നടത്തുവാന്‍ തന്റെ അധികാരം ഏറെ ഉപകരിക്കുമെന്ന് സുലൈമാന്‍(അ) മനസ്സിലാക്കിയതിനാലാണ് അല്ലാഹുവിനോട് പൊറുക്കലിനെ ചോദിച്ചതിന്റെ കൂടെ വിശാലമായ അധികാരവും അല്ലാഹുവിനോട് ചോദിച്ചത്.