സകരിയ്യാ നബി(അ)

ഹുസൈന്‍ സലഫി, ഷാര്‍ജ

2019 ഫെബ്രുവരി 16 1440 ജുമാദല്‍ ആഖിര്‍ 11

(സകരിയ്യാ നബി(അ): 02)

സൂറഃ മര്‍യമില്‍ സകരിയ്യാ നബി(അ)യുടെ പ്രാര്‍ഥനയുടെ രൂപം ഒന്നു കൂടി വിശദമായി അല്ലാഹു നമുക്ക് പഠിപ്പിച്ചു തരുന്നുണ്ട്:

''...നിന്റെ രക്ഷിതാവ് തന്റെ ദാസനായ സകരിയ്യാക്ക് ചെയ്ത അനുഗ്രഹത്തെ സംബന്ധിച്ചുള്ള വിവരണമത്രെ ഇത്. (അതായത്) അദ്ദേഹം തന്റെ രക്ഷിതാവിനെ പതുക്കെ വിളിച്ച് പ്രാര്‍ഥിച്ച സന്ദര്‍ഭം. അദ്ദേഹം പറഞ്ഞു: എന്റെ രക്ഷിതാവേ, എന്റെ എല്ലുകള്‍ ബലഹീനമായിക്കഴിഞ്ഞിരിക്കുന്നു. തലയാണെങ്കില്‍ നരച്ചു തിളങ്ങുന്നതായിരിക്കുന്നു. എന്റെ രക്ഷിതാവേ, നിന്നോട് പ്രാര്‍ഥിച്ചിട്ട് ഞാന്‍ ഭാഗ്യം കെട്ടവനായിട്ടില്ല. എനിക്ക് പുറകെ വരാനുള്ള ബന്ധുമിത്രാദികളെപ്പറ്റി എനിക്ക് ഭയമാകുന്നു. എന്റെ ഭാര്യയാണെങ്കില്‍ വന്ധ്യയുമാകുന്നു. അതിനാല്‍ നിന്റെ പക്കല്‍ നിന്ന് നീ എനിക്ക് ഒരു ബന്ധുവെ (അവകാശിയെ) നല്‍കേണമേ. എനിക്ക് അവന്‍ അനന്തരാവകാശിയായിരിക്കും. യഅ്ക്വൂബ് കുടുംബത്തിനും അവന്‍ അനന്തരാവകാശിയായിരിക്കും. എന്റെ രക്ഷിതാവേ, അവനെ നീ (ഏവര്‍ക്കും) തൃപ്തിപ്പെട്ടവനാക്കുകയും ചെയ്യേണമേ'' (19:16). 

സൂറഃ അല്‍അമ്പിയാഇല്‍ സകരിയ്യാ നബി(അ)യുടെ പ്രാര്‍ഥന ഇപ്രകാരം കാണാവുന്നതാണ്: ''സകരിയ്യായെയും (ഓര്‍ക്കുക). അദ്ദേഹം തന്റെ രക്ഷിതാവിനെ വിളിച്ച് ഇപ്രകാരം പ്രാര്‍ഥിച്ച സന്ദര്‍ഭം: എന്റെ രക്ഷിതാവേ, നീ എന്നെ ഏകനായി (പിന്തുടര്‍ച്ചക്കാരില്ലാതെ) വിടരുതേ. നീയാണല്ലോ അനന്തരാവകാശമെടുക്കുന്നതില്‍ ഏറ്റവും ഉത്തമന്‍'' (21:89).

വളരെ രഹസ്യമായിട്ടാണ് സകരിയ്യാ(അ) പ്രാര്‍ഥിക്കുന്നത്. ആ ശൈലിയെ അല്ലാഹു പ്രശംസിക്കുകയാണ് ചെയ്തത്. അപ്രകാരം പ്രാര്‍ഥിക്കുന്നിന് പ്രത്യേകതയുമുണ്ട്. അല്ലാഹു പറയുന്നു:

''താഴ്മയോടു കൂടിയും രഹസ്യമായിക്കൊണ്ടും നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട് പ്രാര്‍ഥിക്കുക. പരിധി വിട്ട് പോകുന്നവരെ അല്ലാഹു ഇഷ്ടപ്പെടുക തന്നെയില്ല'' (8:55).

പതുക്കെ പ്രാര്‍ഥിക്കുന്നതിന് പ്രത്യേകതയുണ്ട് എന്ന് വ്യക്തം. എന്നാല്‍ ഉച്ചത്തില്‍ പ്രാര്‍ഥിക്കേണ്ട അവസരങ്ങളില്‍ ഉച്ചത്തില്‍ തന്നെ പ്രാര്‍ഥിക്കണം. വിത്‌റിലെ ക്വുനൂത്ത് പോലെയുള്ള അവസരങ്ങളില്‍ മഅ്മൂമുകള്‍ക്ക് ആമീന്‍ പറയണമെങ്കില്‍ ഇമാം ഉച്ചത്തില്‍ പ്രാര്‍ഥിക്കണമല്ലോ. എന്നാല്‍ തനിച്ചായിരിക്കുന്ന വേളയില്‍ രഹസ്യമായിട്ടായിരിക്കണം നാം പ്രാര്‍ഥിക്കേണ്ടത്. ഇമാം ഹസനുല്‍ ബസ്വരി(റഹി) പറയുന്നു:

''രഹസ്യമായ പ്രാര്‍ഥനയുടെയും പരസ്യമായ പ്രാര്‍ഥനയുടെയും ഇടയില്‍ എഴുപത് ഇരട്ടി (വ്യത്യാസമുണ്ട്). (മുന്‍ഗാമികളായ) മുസ്‌ലിംകള്‍ പ്രാര്‍ഥനയില്‍ കഠിനാധ്വാനം ചെയ്യുന്നവരായിരുന്നു. (അവരുടെ പ്രാര്‍ഥനയുടെ) ശബ്ദം കേള്‍ക്കുമായിരുന്നില്ല. (ശബ്ദം) ഉണ്ടായിരുന്നതായാല്‍ അവരുടെയും അവരുടെ രക്ഷിതാവിന്റെയും ഇടയിലുള്ള നേരിയ ശബ്ദമല്ലാതെ (കേള്‍ക്കാറില്ലായിരുന്നു). അതാണ് അല്ലാഹു പറയുന്നത്: 'താഴ്മയോടു കൂടിയും രഹസ്യമായിക്കൊണ്ടും നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട് പ്രാര്‍ഥിക്കുക.' അല്ലാഹു സ്വാലിഹായ അടിമയെ സ്മരിക്കുകയും അദ്ദേഹത്തിന്റെ പ്രവൃത്തിയെ തൃപ്തിപ്പെടുകയും ചെയ്തു. എന്നിട്ട് അല്ലാഹു പറഞ്ഞു: അദ്ദേഹം തന്റെ രക്ഷിതാവിനെ പതുക്കെ വിളിച്ച് പ്രാര്‍ഥിച്ച സന്ദര്‍ഭം...'' (തഫ്‌സീറുല്‍ ബഗവി).

രഹസ്യമായി അല്ലാഹുവിനോട് പ്രാര്‍ഥിക്കുന്നത് കൊണ്ട് പല ഗുണങ്ങളും നമുക്ക് ലഭിക്കുവാനുണ്ട്. ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തയ്മിയഃ(റഹി) അതു സംബന്ധമായി പറയുന്നതിന്റെ ചുരുക്കം കാണുക: ''പ്രാര്‍ഥന സ്വകാര്യമാക്കുന്നതില്‍ എണ്ണമറ്റ ഉപകാരങ്ങളുണ്ട്. അതില്‍ ഒന്ന്, അത് വിശ്വാസത്തിന്റെ മഹത്തായ അടയാളമാണ് എന്നതാണ്. കാരണം, രഹസ്യമായി പ്രാര്‍ഥിക്കുന്നയാള്‍ അല്ലാഹു രഹസ്യമായി പ്രാര്‍ഥിക്കുന്നത് കേള്‍ക്കുന്നവനാണ് എന്ന് അറിയുന്നവനാണ്. അതില്‍ രണ്ടാമത്തേത്,അതാണ് ഏറ്റവും നല്ല മര്യാദയും ബഹുമാനിക്കലും. കാരണം, രാജാക്കന്മാരുടെ സദസ്സില്‍ അവരുടെ ശബ്ദത്തെക്കാള്‍ മറ്റുള്ളവരുടെ ശബ്ദം ഉയരുന്നത് അവര്‍ ഇഷ്ടപ്പെടില്ലല്ലോ. അല്ലാഹു ഈ രാജാക്കന്മാരുടെ രാജാവാണല്ലോ. മൂന്ന്, അതാണ് വിനയത്തിന്റെയും ഭയഭക്തിയുടെയും അങ്ങേയറ്റം (ഉള്ള അവസ്ഥ). ഭയഭക്തിയിലാണല്ലോ പ്രാര്‍ഥനയുടെ ആത്മാവ് നിലകൊള്ളുന്നത്. നാല്, അപ്രകാരമുള്ള പ്രാര്‍ഥനയാണ് നിഷ്‌കളങ്കമായതില്‍ അങ്ങേയറ്റമുള്ളത്. അഞ്ച്, അപ്രകാരം പ്രാര്‍ഥിക്കുന്നവന്‍ അല്ലാഹുവിനോട് അടുത്തവനാണ് എന്നാണ് അറിയിക്കുന്നത്.''

പതുക്കെ പ്രാര്‍ഥിക്കുന്നവര്‍ക്ക് മുകളില്‍ പറഞ്ഞ ധാരാളം ഗുണങ്ങള്‍ കരസ്ഥമാക്കാന്‍ സാധിക്കുന്നതാണ് എന്ന് ചുരുക്കം.

സകരിയ്യാ നബി(അ)യുടെ പ്രാര്‍ഥനയിലേക്ക് തന്നെ നമുക്ക് മടങ്ങാം. ഒരു കുഞ്ഞ് ജനിക്കുവാനുള്ള സാധാരണ സാധ്യതകളെല്ലാം മങ്ങിയ അവസ്ഥയിലും അല്ലാഹുവിലുള്ള പ്രതീക്ഷ സകരിയ്യാ നബി(അ)ക്കും ഭാര്യക്കും നഷ്ടമായില്ല എന്ന് പ്രാര്‍ഥന ബോധ്യപ്പെടുത്തുന്നു. 

സന്താനമില്ലാത്തതിനുള്ള വിഷമം സ്വാഭാവികമാണ്; പ്രവാചകനായതുകൊണ്ട് അത് ഇല്ലാതിരിക്കില്ല. എന്നാല്‍ അതിനെക്കാള്‍ അദ്ദേഹത്തെ അലട്ടുന്നത് ഒരു അനന്തരാവകാശി തനിക്ക് ഇല്ലാതെ പോയാല്‍ ശരിയായ മാര്‍ഗദര്‍ശനത്തിലൂടെ പിന്‍ഗാമികളെ വഴി നടത്തുവാന്‍ ആളില്ലാതെ പോകുമോ എന്ന ചിന്തയാണ്. അതിനാല്‍ അതിന് ഉതകുന്ന ഒരു സന്താനത്തെ ലഭിക്കുവാനാണ് അദ്ദേഹത്തിന്റെ പ്രാര്‍ഥന. 

മക്കളില്ലാതെ മരണപ്പെട്ടു പോയാല്‍ തന്റെ സമ്പത്ത് എന്താകും, അതിന്റെ അനന്തരാവകാശി ആരാകും എന്നൊക്കെയാണല്ലോ സാധാരണ ആളുകള്‍ക്കിടയില്‍ നാം കണ്ടുവരുന്ന ആശങ്ക. ഇത്തരം ആശങ്കയും നിരാശയുമൊന്നും സകരിയ്യാ നബി(അ)യില്‍ ഉണ്ടായിരുന്നില്ല. പ്രവാചകന്മാരുടെ സമ്പത്ത് അനന്തരമെടുക്കപ്പെടില്ല എന്നാണ് പ്രമാണങ്ങള്‍ മനസ്സിലാക്കിത്തരുന്നത്. സകരിയ്യാ നബി(അ)ക്ക് വിട്ടേച്ചു പോകാന്‍ മാത്രം വലിയ സമ്പത്ത് ഉണ്ടാകാനും തരമില്ല. കാരണം, സകരിയ്യാ(അ) ഒരു മരപ്പണിക്കാരനായിരുന്നു എന്നാണ് ഹദീഥില്‍ കാണുന്നത്. 

അനന്തരാവകാശിയായി സന്താനത്തെ ചോദിച്ചത്, അല്ലാഹുവിന്റെ മതം അനുസരിച്ച് ജീവിക്കുന്ന ഒരു തലമുറ ഇവിടെ നിലനില്‍ക്കണം എന്ന ആശയാല്‍ മാത്രമാണ്. സകരിയ്യാ നബി(അ)യുടെ പ്രാര്‍ഥന അല്ലാഹു സ്വീകരിച്ചു; അതിന് ഉത്തരം നല്‍കി. 

''അപ്പോള്‍ നാം അദ്ദേഹത്തിന് ഉത്തരം നല്‍കുകയും അദ്ദേഹത്തിന് (മകന്‍) യഹ്‌യായെ നാം പ്രദാനം ചെയ്യുകയും, അദ്ദേഹത്തിന്റെ ഭാര്യയെ നാം (ഗര്‍ഭധാരണത്തിന്) പ്രാപ്തയാക്കുകയും ചെയ്തു'' (ക്വുര്‍ആന്‍ 21:90).

അതുവരെ ഗര്‍ഭിണിയാകാത്ത, ആര്‍ത്തവം ഉണ്ടായിട്ടില്ലാത്ത, അണ്ഡോല്പാദനം നടക്കാത്ത, ചില  ശാരീരിക ന്യൂനതകളുള്ള അവസ്ഥയിലായിരുന്നു സകരിയ്യാ നബി(അ)യുടെ ഭാര്യ. എന്നാല്‍ അല്ലാഹു സകരിയ്യാ നബി(അ)ക്ക് സന്താനത്തെ നല്‍കാന്‍ തീരുമാനിച്ചത് മുതല്‍ സ്ഥിതിഗതികള്‍ മാറി. ഗര്‍ഭധാരണത്തിന് സജ്ജമാകുന്ന അവസ്ഥയില്‍ എല്ലാ ന്യൂനതകളും ഒഴിവായി സ്‌ത്രൈണതയുടെ പൂര്‍ത്തീകരണം നടക്കുകയായി. അല്ലാഹു അവര്‍ക്ക് യഹ്‌യായെ പ്രദാനം ചെയ്തു. അല്ലാഹു പറയുന്നു:

''അങ്ങനെ അദ്ദേഹം മിഹ്‌റാബില്‍ പ്രാര്‍ഥിച്ചുകൊണ്ട് നില്‍ക്കുമ്പോള്‍ മലക്കുകള്‍ അദ്ദേഹത്തെ വിളിച്ചുകൊണ്ടു പറഞ്ഞു: യഹ്‌യാ(എന്ന കുട്ടി)യെപ്പറ്റി അല്ലാഹു നിനക്ക് സന്തോഷവാര്‍ത്ത അറിയിക്കുന്നു. അല്ലാഹുവിങ്കല്‍ നിന്നുള്ള ഒരു വചനത്തെ ശരിവെക്കുന്നവനും നേതാവും ആത്മനിയന്ത്രണമുള്ളവനും സദ്‌വൃത്തരില്‍ പെട്ട ഒരു പ്രവാചകനും ആയിരിക്കും അവന്‍'' (ക്വുര്‍ആന്‍ 3:39).

''ഹേ, സകരിയ്യാ, തീര്‍ച്ചയായും നിനക്ക് നാം ഒരു ആണ്‍കുട്ടിയെപ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കുന്നു. അവന്റെ പേര്‍ യഹ്‌യാ എന്നാകുന്നു. മുമ്പ് നാം ആരെയും അവന്റെ പേര് ഉള്ളവരാക്കിയിട്ടില്ല'' (ക്വുര്‍ആന്‍19:7).

സകരിയ്യാ(അ) ബൈത്തുല്‍ മക്വ്ദിസിലെ അദ്ദേഹത്തിന്റെ പ്രാര്‍ഥനാമണ്ഡപത്തില്‍ വെച്ച് നമസ്‌കരിച്ചു കൊണ്ടിരിക്കെ അല്ലാഹു അദ്ദേഹത്തിന് സന്തോഷവാര്‍ത്ത അറിയിച്ചു; ഒരു ആണ്‍കുഞ്ഞ് ജനിക്കാന്‍ പോകുന്ന വിവരം. പേരും അല്ലാഹു തന്നെ അറിയിച്ചു. 'യഹ്‌യാ' എന്നാണ് കുഞ്ഞിന്റെ പേര്. ആ പേര്ഇതുവരെ ആര്‍ക്കും ഉണ്ടായിട്ടുമില്ല എന്നും അല്ലാഹു സകരിയ്യാ നബി(അ)യെ അറിയിച്ചു. ആശിച്ചത് പോലള്ള ഒരു സന്താനം! പെട്ടെന്ന് ഈ വിവരം കേട്ടപ്പോള്‍ സകരിയ്യാ നബി(അ)ക്ക് അത്ഭുതമായി. അദ്ദേഹം ചോദിച്ചു:

''...എന്റെ രക്ഷിതാവേ, എനിക്കെങ്ങനെയാണ് ഒരു ആണ്‍കുട്ടിയുണ്ടാവുക? എനിക്ക് വാര്‍ധക്യമെത്തിക്കഴിഞ്ഞു. എന്റെ ഭാര്യയാണെങ്കില്‍ വന്ധ്യയാണ് താനും. അല്ലാഹു പറഞ്ഞു: അങ്ങനെ തന്നെയാകുന്നു; അല്ലാഹു താന്‍ ഉദ്ദേശിക്കുന്നത് ചെയ്യുന്നു'' (ക്വുര്‍ആണ്‍ 3:40).

''അദ്ദേഹം പറഞ്ഞു: എന്റെ രക്ഷിതാവേ, എനിക്കെങ്ങനെ ഒരു ആണ്‍കുട്ടിയുണ്ടാകും? എന്റെ ഭാര്യ വന്ധ്യയാകുന്നു. ഞാനാണെങ്കില്‍ വാര്‍ധക്യത്താല്‍ ചുക്കിച്ചുളിഞ്ഞ അവസ്ഥയിലെത്തിയിരിക്കുന്നു'' (ക്വുര്‍ആന്‍ 19:8). 

സകരിയ്യാ(അ) അത്ഭുതത്തോടെ ചോദിച്ചപ്പോള്‍ അല്ലാഹു അദ്ദേഹത്തിന് ഇപ്രകാരം ഉത്തരം നല്‍കി:

''അവന്‍ (അല്ലാഹു) പറഞ്ഞു: അങ്ങനെ തന്നെ. മുമ്പ് നീ യാതൊന്നുമല്ലാതിരുന്നപ്പോള്‍ നിന്നെ ഞാന്‍ സൃഷ്ടിച്ചിരിക്കെ, ഇത് എന്നെ സംബന്ധിച്ചിടത്തോളം ഒരു നിസ്സാര കാര്യം മാത്രമാണ് എന്ന് നിന്റെ രക്ഷിതാവ് പ്രഖ്യാപിച്ചിരിക്കുന്നു'' (ക്വുര്‍ആന്‍ 19:9).

അത്ഭുതകരമായ സംഭവമാണല്ലോ ഇവിടെ സംഭവിച്ചിരിക്കുന്നത്. അല്ലാഹുവിനെ സംബന്ധിച്ച് ഇതൊന്നും വലിയ കാര്യമല്ല. വളരെ നിസ്സാരമാണ്. ഒരു കാര്യം നടക്കാന്‍ സൃഷ്ടികള്‍ക്കാണല്ലോ പ്രകൃതി സഹജമായ കാരണങ്ങളുടെ ആവശ്യം. എന്നാല്‍ അല്ലാഹുവിന് ഒരു കാര്യം നടത്താന്‍ ഒരു കാരണത്തിന്റെയും ആവശ്യമില്ല.

ഭാര്യ ഗര്‍ഭിണിയാണെന്ന വിവരം അല്ലാഹു സകരിയ്യാ(അ)ന് അറിയിച്ചല്ലോ. അവര്‍ ഗര്‍ഭിണിയാണ് എന്ന് എനിക്ക് മനസ്സിലാകാന്‍ ഒരു ദൃഷ്ടാന്തം എനിക്ക് നല്‍കണമെന്ന് സകരിയ്യാ(അ) അല്ലാഹുവിനോട് ചോദിച്ചു. അതിന് അല്ലാഹു മറുപടിയും നല്‍കി. അത് ഇപ്രകാരമായിരുന്നു:

''അദ്ദേഹം പറഞ്ഞു: എന്റെ രക്ഷിതാവേ, എനിക്ക് ഒരു അടയാളം ഏര്‍പെടുത്തിത്തരേണമേ. അല്ലാഹു പറഞ്ഞു: നിനക്കുള്ള അടയാളം ആംഗ്യരൂപത്തിലല്ലാതെ മൂന്നു ദിവസം നീ മനുഷ്യരോട് സംസാരിക്കാതിരിക്കലാകുന്നു. നിന്റെ രക്ഷിതാവിനെ നീ ധാരാളം ഓര്‍മിക്കുകയും വൈകുന്നേരവും രാവിലെയും അവന്റെ പരിശുദ്ധിയെ നീ പ്രകീര്ത്തിക്കുകയും ചെയ്യുക'' (ക്വുര്‍ആന്‍ 3:40).

''അദ്ദേഹം (സകരിയ്യാ) പറഞ്ഞു: നീ എനിക്ക് ഒരു ദൃഷ്ടാന്തം ഏര്‍പെടുത്തിത്തരേണമേ. അവന്‍ (അല്ലാഹു) പറഞ്ഞു: നിനക്കുള്ള ദൃഷ്ടാന്തം വൈകല്യമൊന്നും ഇല്ലാത്തവനായിരിക്കെത്തന്നെ ജനങ്ങളോട് മൂന്ന് രാത്രി (ദിവസം) നീ സംസാരിക്കാതിരിക്കലാകുന്നു'' (ക്വുര്‍ആന്‍ 19:10).

തുടര്‍ച്ചയായ മൂന്ന് ദിവസങ്ങള്‍ നിനക്ക് സംസാരിക്കാന്‍ സാധിക്കില്ല എന്നതാണ് നിന്റെ ഭാര്യ ഗര്‍ഭിണിയാണ് എന്നതിനുള്ള തെളിവ് എന്ന് സകരിയ്യാ നബി(അ)യോട് അല്ലാഹു പറഞ്ഞു.

സകരിയ്യാ നബി(അ) എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും ബൈത്തുല്‍ മക്വ്ദസിലെ പ്രാര്‍ഥനാമണ്ഡപത്തില്‍ പ്രവേശിക്കാറുണ്ടായിരുന്നു. ഇനിയുള്ള മൂന്ന് നാളുകളില്‍ ബൈത്തുല്‍ മക്വ്ദസില്‍ പ്രവേശിക്കുമ്പോള്‍ ജനങ്ങളോട് സംസാരിക്കാന്‍ കഴിയില്ല. ആ സമയത്ത് ജനങ്ങളോട് ആംഗ്യഭാഷയിലൂടെ സംസാരിക്കണം.  

അങ്ങനെ സകരിയ്യാ(അ) മിഹ്‌റാബില്‍ പ്രവേശിക്കുന്ന രംഗം ക്വുര്‍ആന്‍ പറയുന്നത് കാണുക:

''അങ്ങനെ അദ്ദേഹം പ്രാര്‍ഥനാമണ്ഡപത്തില്‍ നിന്ന് തന്റെ ജനങ്ങളുടെ അടുക്കലേക്ക് പുറപ്പെട്ടു. എന്നിട്ട്, നിങ്ങള്‍ രാവിലെയും വൈകുന്നേരവും അല്ലാഹുവിന്റെ പരിശുദ്ധിയെ പ്രകീര്‍ത്തിക്കുക എന്ന് അവരോട് ആംഗ്യം കാണിച്ചു'' (ക്വുര്‍ആന്‍ 19:11).

സകരിയ്യാ നബി(അ)ക്ക് അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ യഹ്‌യാ എന്ന് അല്ലാഹു തന്നെ പേരിട്ട ഒരു ആണ്‍കുട്ടി ജനിച്ചു.

(അടുത്ത ലക്കത്തില്‍ യഹ്‌യാ നബി(അ))