ബില്‍ക്വീസിന്റെ സിംഹാസനം

ഹുസൈന്‍ സലഫി, ഷാര്‍ജ

2019 ജനുവരി 05 1440 റബീഉല്‍ ആഖിര്‍ 28

സുലൈമാന്‍ നബി(അ): 04

സുലൈമാന്‍ നബി(അ)യുടെ കത്ത് ലഭിച്ചയുടന്‍ അവര്‍ അത് ദര്‍ബാറിലെ പ്രമുഖരെ വായിച്ചു കേള്‍പിച്ചതായി നാം മനസ്സിലാക്കി. എന്നിട്ട് ബില്‍ക്വീസ് രാജ്ഞി പറയുകയാണ്:

''അവള്‍ പറഞ്ഞു: ഹേ; പ്രമുഖന്മാരേ, എന്റെ ഈ കാര്യത്തില്‍ നിങ്ങള്‍ എനിക്ക് നിര്‍ദേശം നല്‍കുക. നിങ്ങള്‍ എന്റെ അടുക്കല്‍ സന്നിഹിതരായിട്ടല്ലാതെ യാതൊരു കാര്യവും ഖണ്ഡിതമായി തീരുമാനിക്കുന്നവളല്ല ഞാന്‍. അവര്‍ പറഞ്ഞു: നാം ശക്തിയുള്ളവരും ഉഗ്രമായ സമരവീര്യമുള്ളവരുമാണ്. അധികാരം അങ്ങേക്കാണല്ലോ, അതിനാല്‍ എന്താണ് കല്‍പിച്ചരുളേണ്ടതെന്ന് ആലോചിച്ചു നോക്കുക'' (ക്വുര്‍ആന്‍ 27:32,33).

തീരുമാനമെടുക്കാനുള്ള അധികാരം രാജ്ഞിക്കാണെന്നും എന്ത് തീരുമാനവും പൂര്‍ണ മനസ്സോടെ തങ്ങള്‍ അനുസരിക്കാന്‍ തയ്യാറാണന്നും അവിടെ സന്നിഹിതരായിരുന്നവര്‍ പറഞ്ഞു. അന്നേരം രാജ്ഞി ഇങ്ങനെ പ്രഖ്യാപിച്ചു:

''അവള്‍ പറഞ്ഞു: തീര്‍ച്ചയയായും രാജാക്കന്മാര്‍ ഒരു നാട്ടില്‍ കടന്നാല്‍ അവര്‍ അവിടെ നാശമുണ്ടാക്കുകയും അവിടത്തുകാരിലെ പ്രതാപികളെ നിന്ദ്യന്മാരാക്കുകയും ചെയ്യുന്നതാണ്. അപ്രകാരമാകുന്നു അവര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ഞാന്‍ അവര്‍ക്ക് ഒരു പാരിതോഷികം കൊടുത്തയച്ചിട്ട് എന്തൊരു വിവരവും കൊണ്ടാണ് ദൂതന്മാര്‍ മടങ്ങിവരുന്നതെന്ന് നോക്കാന്‍ പോകുകയാണ്'' (ക്വുര്‍ആന്‍ 27:34,35).

സാധാരണ രാജാക്കന്മാരുടെ സ്വഭാവവും ചെയ്തികളും എന്താണെന്ന് നന്നായി അറിയുന്ന ബില്‍ക്വീസ് രാജ്ഞി അക്കാര്യം അവരെ ഓര്‍മപ്പെടുത്തി. ഒരു നാട്ടില്‍ അധിനിവേശം നടത്തിയാല്‍ ആ നാടിനെയാകെ നശിപ്പിക്കുന്ന രാജാക്കന്മാരെക്കുറിച്ചേ അവര്‍ക്ക് അറിവുള്ളൂ. 

സുലൈമാന്‍ നബി(അ) എങ്ങനെയുള്ള രാജാവാണെന്ന് പരീക്ഷച്ചറിയുവാന്‍ അവര്‍ തീരുമാനിച്ചു. വിലപിടിപ്പുള്ള ഒരു സമ്മാനം കൊടുത്തയക്കുക. ധനത്തോട് ആര്‍ത്തിയുള്ള രാജാവാണെങ്കില്‍ വിലപിടിപ്പുള്ള ഈ പാരിതോഷികം കിട്ടിയാല്‍ അദ്ദേഹം ഒതുങ്ങും. പക്ഷേ, അദ്ദേഹം എഴുതിയിരിക്കുന്നത് മുസ്‌ലിമായി വരണം എന്നാണ്. അപ്പോള്‍ ഭൗതിക നേട്ടമല്ല ലക്ഷ്യം. എങ്കിലും ഒന്ന് ശ്രമിക്കാം എന്ന് ബില്‍ക്വീസ് ചിന്തിച്ചേക്കാം എന്ന് ഈ വചനത്തെ പണ്ഡിതന്മാര്‍ വിശദീക്കുന്നത് കാണാം.

അങ്ങനെ സബഇലെ ബില്‍ക്വീസ് രാജ്ഞി അമൂല്യമായ ഒരു സമ്മാനം ദൂതന്‍ മുഖേന സുലൈമാന്‍ നബി(അ)യുടെ കൊട്ടാരത്തില്‍ എത്തിച്ചു. അദ്ദേഹത്തെ മയപ്പെടുത്തുവാനും യുദ്ധത്തിനുള്ള ശ്രമമുണ്ടെങ്കില്‍ അതില്‍നിന്ന് പിന്തിരിപ്പിക്കാനുമായി ബില്‍ക്വീസ് കൊടുത്തയച്ച സമ്മാനം കണ്ടപ്പോള്‍ സുലൈമാന്‍(അ) നടത്തിയ പ്രതികരണമാണ് തുടര്‍ന്നുള്ള സൂക്തങ്ങളില്‍ നാം കാണുന്നത്:

''അങ്ങനെ അവന്‍ (ദൂതന്‍) സുലൈമാന്റെ അടുത്ത് ചെന്നപ്പോള്‍ അദ്ദേഹം പറഞ്ഞു: നിങ്ങള്‍ സമ്പത്ത് തന്ന് എന്നെ സഹായിക്കുകയാണോ? എന്നാല്‍ എനിക്ക് അല്ലാഹു നല്‍കിയിട്ടുള്ളതാണ് നിങ്ങള്‍ക്കവന്‍ നല്‍കിയിട്ടുള്ളതിനെക്കാള്‍ ഉത്തമം. പക്ഷേ, നിങ്ങള്‍ നിങ്ങളുടെ പാരിതോഷികം കൊണ്ട് സന്തോഷം കൊള്ളുകയാകുന്നു'' (ക്വുര്‍ആന്‍ 27:36).

വിലകൂടിയ സമ്മാനം കണ്ടപ്പോള്‍ സുലൈമാന്‍ നബി(അ)ക്ക് താല്‍പര്യം തോന്നിയില്ല. നിങ്ങളുടെ സാമ്പത്തിക സഹായം എനിക്ക് ആവശ്യമില്ലെന്നും ഇതിനെക്കാള്‍ ഉത്തമമായത് അല്ലാഹു എനിക്ക് തന്നിട്ടുണ്ടെന്നും നിങ്ങള്‍ നിങ്ങളുടെ പാരിതോഷികം കൊണ്ട് സന്തോഷം കൊള്ളുന്നുവെങ്കിലും എനിക്കതില്‍ പ്രത്യേകിച്ച് സന്തോഷമൊന്നുമില്ലെന്നും അദ്ദേഹം അവരോട് വ്യക്തമാക്കി. ഭൗതിക വിഭവങ്ങള്‍ക്ക് വേണ്ടി ഏതറ്റംവരെ പോകാനും മടികാണിക്കാത്ത; അല്ലാഹുവിനെ മറന്നുപോകുന്ന ഇന്നത്തെയാളുകള്‍ക്ക്  അല്ലാഹുവിനോട് ഏറെ കീഴ്‌വണക്കം കാണിച്ച സുലൈമാന്‍ നബി(അ)യുടെ ജീവിതത്തില്‍നിന്ന് ഏറെ പഠിക്കാനുണ്ട്.  

തുടര്‍ന്ന് സുലൈമാന്‍ നബി(അ) ബില്‍ക്വീസ് രാജ്ഞിയുടെ ദൂതനോട് പറഞ്ഞു: ''നീ അവരുടെ അടുത്തേക്ക് തന്നെ മടങ്ങിച്ചെല്ലുക. തീര്‍ച്ചയായും അവര്‍ക്ക്  നേരിടുവാന്‍ കഴിയാത്ത സൈന്യങ്ങളെയും കൊണ്ട് നാം അവരുടെ അടുത്ത് ചെല്ലുകയും നിന്ദ്യരും അപമാനിതരുമായ നിലയില്‍ അവരെ നാം അവിടെ നിന്ന് പുറത്താക്കുകയും ചെയ്യുന്നതാണ്'' (27:37).

ദൂതന്‍ തിരിച്ച് ബില്‍ക്വീസിന്റെ ദര്‍ബാറിലെത്തി സുലൈമാന്‍ നബി(അ)യുടെ നിലപാടും അദ്ദേഹത്തിന്റെ കൊട്ടാരത്തിലെ അവസ്ഥകളും വിവരിച്ചു. സുലൈമാന്‍ നബി(അ) തന്റെ കത്ത് ഒരു പക്ഷിമുഖേന കൊടുത്തയച്ചതില്‍നിന്നു തന്നെ അദ്ദേഹത്തിന് ചില സവിശേഷതകള്‍ ഉള്ളതായി രാജ്ഞി മനസ്സിലാക്കിയിരിക്കണം. താന്‍ കൊടുത്ത വിലപിടിപ്പുള്ള പാരിതോഷികം നിരാകരിക്കുകയും അല്ലാഹു തനിക്ക് നല്‍കിയതാണ് ഉത്തമം എന്ന് പറയുകയും ചെയ്ത സുലൈമാന്‍ നബിയെക്കുറിച്ച് രാജ്ഞിയില്‍ മതിപ്പ് വര്‍ധിച്ചു. സുലൈമാന്‍(അ) ഒരു സാധാരണ രാജാവല്ലെന്നും ദൈവികമായ സഹായം ലഭിച്ച് കൊണ്ടിരിക്കുന്ന മഹാനാണെന്നും അവര്‍ തിരിച്ചറിയുകയാണ്. അങ്ങനെ സുലൈമാന്‍ നബി(അ)യുടെ അടുത്ത് മുസ്‌ലിമായി ചെല്ലാന്‍ അവര്‍ തീരുമാനിച്ചു. ഈ വിവരം സുലൈമാന്‍ നബി(അ)ക്ക് ലഭിക്കുകയും ചെയ്തു. ഈ വിവരം അദ്ദേഹത്തിന് ലഭിച്ചത് ഹുദ്ഹുദ് എന്ന പക്ഷിമുഖേനയോ അല്ലാഹുവിന്റെ വഹ്‌യ് മുഖേനയോ ആയിരിക്കാം. ഈ വിവരം ലഭിച്ചപ്പോള്‍ സുലൈമാന്‍(അ) അല്ലാഹുവിന്റെ നിര്‍ദേശ പ്രകാരം മറ്റൊരു കാര്യം ചെയ്യുകയാണ്.

''അദ്ദേഹം (സുലൈമാന്‍) പറഞ്ഞു: ഹേ; പ്രമുഖന്മാരേ, അവര്‍ കീഴൊതുങ്ങിക്കൊണ്ട് എന്റെ അടുത്ത് വരുന്നതിന് മുമ്പായി നിങ്ങളില്‍ ആരാണ് അവളുടെ സിംഹാസനം എനിക്ക് കൊണ്ടുവന്ന് തരിക? ജിന്നുകളുടെ കൂട്ടത്തിലുള്ള ഒരു മല്ലന്‍ പറഞ്ഞു: അങ്ങ് അങ്ങയുടെ ഈ സദസ്സില്‍ നിന്ന് എഴുന്നേല്‍ക്കുന്നതിനു മുമ്പായി ഞാനത് അങ്ങേക്ക് കൊണ്ടുവന്നു തരാം. തീര്‍ച്ചയായും ഞാനതിന് കഴിവുള്ളവനും വിശ്വസ്തനുമാകുന്നു. വേദത്തില്‍ നിന്നുള്ള വിജ്ഞാനം കരഗതമാക്കിയിട്ടുള്ള ആള്‍ പറഞ്ഞു; താങ്കളുടെ ദൃഷ്ടി താങ്കളിലേക്ക് തിരിച്ചുവരുന്നതിന് മുമ്പായി ഞാനത് താങ്കള്‍ക്ക് കൊണ്ടുവന്ന് തരാം. അങ്ങനെ അത് (സിംഹാസനം) തന്റെ അടുക്കല്‍ സ്ഥിതിചെയ്യുന്നതായി കണ്ടപ്പോള്‍ അദ്ദേഹം പറഞ്ഞു: ഞാന്‍ നന്ദികാണിക്കുമോ, അതല്ല നന്ദികേട് കാണിക്കുമോ എന്ന് എന്നെ പരീക്ഷിക്കുവാനായി എന്റെ രക്ഷിതാവ് എനിക്ക് നല്‍കിയ അനുഗ്രഹത്തില്‍ പെട്ടതാകുന്നു ഇത്. വല്ലവനും നന്ദികാണിക്കുന്ന പക്ഷം തന്റെ ഗുണത്തിനായിട്ട് തന്നെയാകുന്നു അവന്‍ നന്ദികാണിക്കുന്നത്. വല്ലവനും നന്ദികേട് കാണിക്കുന്ന പക്ഷം തീര്‍ച്ചയായും എന്റെ രക്ഷിതാവ് പരാശ്രയമുക്തനും ഉല്‍കൃഷ്ടനുമാകുന്നു'' (27:38-40).

ബുദ്ധിമതിയായ രാജ്ഞി പട്ടാളത്തോടൊപ്പം തന്റെ കൊട്ടാരത്തില്‍ എത്തുന്നതിന് മുമ്പായി അവര്‍ക്ക് മനസ്സിലാക്കാനായി ഒരു വലിയ ദൃഷ്ടാന്തം അവിടെ സംഭവിക്കുകയാണ്. അതിന് വേണ്ടി സുലൈമാന്‍(അ) തന്റെ രാജ ദര്‍ബാര്‍ വിളിച്ചുചേര്‍ത്തു. പട്ടാളവും മറ്റു വേണ്ടപ്പെട്ടവരെല്ലാവരും അതില്‍ ഒരുമിച്ചു കൂടി. സുലൈമാന്‍ നബി(അ)യുടെ സൈന്യത്തിന്റെ പ്രത്യേകത നാം മുമ്പ് മനസ്സിലാക്കിയിട്ടുണ്ട്. അതില്‍ മനുഷ്യര്‍ക്ക് പുറമെ ജിന്നുകളും പക്ഷികളും ഉണ്ടായിരുന്നു. ജിന്നുകളില്‍ തന്നെ ചെകുത്താന്‍മാരുമുണ്ടായിരുന്നു. അവരെ സംബന്ധിച്ച് ക്വുര്‍ആന്‍ മറ്റു സ്ഥലങ്ങളിലും വിവരിച്ചിട്ടുണ്ട്.

''പിശാചുക്കളുടെ കൂട്ടത്തില്‍ നിന്ന് അദ്ദേഹത്തിന് വേണ്ടി (കടലില്‍) മുങ്ങുന്ന ചിലരെയും (നാം കീഴ്‌പെടുത്തികൊടുത്തു). അതു കൂടാതെ മറ്റു ചില പ്രവൃത്തികളും അവര്‍ ചെയ്തിരുന്നു. നാമായിരുന്നു അവരെ കാത്തുസൂക്ഷിച്ച് കൊണ്ടിരുന്നത്'' (ക്വുര്‍ആന്‍ 21:82).

''...അദ്ദേഹത്തിന്റെ രക്ഷിതാവിന്റെ കല്‍പന പ്രകാരം അദ്ദേഹത്തിന്റെ മുമ്പാകെ ജിന്നുകളില്‍ ചിലര്‍ ജോലി ചെയ്യുന്നുമുണ്ടായിരുന്നു. അവരില്‍ ആരെങ്കിലും നമ്മുടെ കല്‍പനക്ക് എതിരു പ്രവര്‍ത്തിക്കുന്ന പക്ഷം നാം അവന്ന് ജ്വലിക്കുന്ന നരകശിക്ഷ ആസ്വദിപ്പിക്കുന്നതാണ്. അദ്ദേഹത്തിന് വേണ്ടി ഉന്നത സൗധങ്ങള്‍, ശില്‍പങ്ങള്‍, വലിയ ജലസംഭരണിപോലെയുള്ള തളികകള്‍, നിലത്ത് ഉറപ്പിച്ച് നിര്‍ത്തിയിട്ടുള്ള പാചക പാത്രങ്ങള്‍ എന്നിങ്ങനെ അദ്ദേഹം ഉദ്ദേശിക്കുന്നതെന്തും അവര്‍ (ജിന്നുകള്‍) നിര്‍മിച്ചിരുന്നു'' (34:12,13).

''എല്ലാ കെട്ടിടനിര്‍മാണ വിദഗ്ധരും മുങ്ങല്‍ വിദഗ്ധരുമായ പിശാചുക്കളെയും (അദ്ദേഹത്തിന്നു കീഴ്‌പെടുത്തികൊടുത്തു.ചങ്ങലകളില്‍ ബന്ധിക്കപ്പെട്ട മറ്റു ചിലരെ(പിശാചുക്കളെ)യും (അധീനപ്പെടുത്തികൊടുത്തു) (38:37,38).

ജിന്നുകളെ അല്ലാഹു സുലൈമാന്‍ നബി(അ)ക്ക് കീഴ്‌പെടുത്തി കൊടുത്തിരുന്നു, അദ്ദേഹം അവരോട് കല്‍പിക്കുന്നതെല്ലാം അവര്‍ അനുസരിച്ച് വിവിധങ്ങളായ ജോലികള്‍ ചെയ്ത് കൊടുത്തിരുന്നു എന്നുമെല്ലാം ക്വുര്‍ആന്‍ വ്യക്തമാക്കുന്നു.

അല്ലാഹുവിന് പുറമെ നബിമാരോടും വലിയ്യുകളോടും  പ്രാര്‍ഥിക്കുന്നതിനായി സുലൈമാന്‍ നബി(അ)യുടെ ചരിത്രം വളച്ചൊടിച്ച് തെളിവുണ്ടാക്കുന്ന ചില ആളുകളുണ്ട്. അവരുടെ വാദം ഇപ്രകാരമാണ്: 'മുജാഹിദുകളുടെ പ്രാര്‍ഥനയുടെ നിര്‍വചനം തെറ്റാകുന്നു. മറഞ്ഞ വഴിക്ക് അല്ലാഹു അല്ലാത്തവര്‍ക്ക് ഗുണമോ ദോഷമോ വരുത്താന്‍ കഴിയുകയില്ല. ഈ വാദം ക്വുര്‍ആനിന് എതിരാണ്. കാരണം, ജിന്നുകളെ നമുക്ക് കാണാന്‍ കഴിയില്ല. ആ വര്‍ഗത്തോട് സുലൈമാന്‍(അ) പല കാര്യങ്ങളും ആവശ്യപ്പെടുകയും അവരെക്കൊണ്ട് പല ഉപകാരങ്ങളും ചെയ്യിപ്പിച്ചിരുന്നു. അപ്പോള്‍ മുജാഹിദുകളുടെ നിര്‍വചന പ്രകാരം സുലൈമാന്‍(അ) ശിര്‍ക്ക് ചെയ്തു എന്നായി...' ഇങ്ങനെ പോകുന്നു അവരുടെ വാദം. 

എന്നാല്‍ മുജാഹിദുകള്‍ പ്രാര്‍ഥനക്ക് നല്‍കിയ നിര്‍വചനം തെറ്റിയിട്ടില്ല. മറഞ്ഞ മാര്‍ഗത്തിലൂടെ അഥവാ അഭൗതിക മാര്‍ഗത്തിലൂടെ അല്ലാഹുവിനല്ലാതെ യാതൊരു ഗുണമോ ദോഷമോ ചെയ്യാന്‍ സാധ്യമല്ല എന്നത് തന്നെയാണ് ക്വുര്‍ആനും സുന്നത്തും പഠിപ്പിക്കുന്നത്. മറഞ്ഞ കാര്യം എന്നത് എന്താണെന്നത് ഇവര്‍ക്ക് മനസ്സിലായില്ല എന്നതാണ് വസ്തുത. മറഞ്ഞ കാര്യം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് കണ്ണില്‍ കാണാത്തത് എന്നാണെന്ന് ചിലര്‍ ധരിച്ചു പോയിട്ടുണ്ട്. സൃഷ്ടികളുടെ കഴിവില്‍ പെടാത്തതും അല്ലാഹുവിന് മാത്രം ചെയ്യാന്‍ കഴിയുന്നതുമായ കാര്യത്തെയാണ് മറഞ്ഞ കാര്യം അല്ലെങ്കില്‍ മറഞ്ഞ മാര്‍ഗം എന്നത് കൊണ്ടെല്ലാം ഉദ്ദേശിക്കുന്നത്. സുലൈമാന്‍(അ) ജിന്നുകളെ കൊണ്ട് ജോലി ചെയ്യിച്ചതും ഉപകാരം നേടിയതും ജിന്നുകള്‍ക്ക് അല്ലാഹു നല്‍കിയ കഴിവിന്റെ അടിസ്ഥാനത്തിലാണ്. അവര്‍ക്ക് എന്തെല്ലാം കഴിവ് ഉണ്ടായിരുന്നു എന്നത് മുകളിലെ സൂക്തങ്ങള്‍ നമുക്ക് അറിയിച്ചു തരുന്നുണ്ട്.

കിലോമീറ്ററുകള്‍ അകലെ കിടക്കുന്ന ബില്‍ക്വീസിന്റെ സിംഹാസനം സുലൈമാന്‍ നബി(അ)യുടെ അടുത്ത് എത്തിക്കുന്നതിനായി സുലൈമാന്‍(അ) ജിന്നുകള്‍ അടക്കമുള്ളവരോട് സഹായം ചോദിച്ചത് അഭൗതിക മാര്‍ഗത്തിലൂടെയുള്ള സഹായ തേട്ടമാണെന്ന് വരുത്തി അല്ലാഹു അല്ലാത്തവരോട് സഹായം ചോദിക്കുന്നവരുണ്ട്. സുലൈമാന്‍ നബി(അ)യുടെ ഈ ചരിത്രത്തില്‍ അഭൗതികമായ യാതൊരു സഹായ തേട്ടവും ഇല്ല. ഒരോ സൃഷ്ടിക്കും അല്ലാഹു പ്രകൃത്യാ പല കഴിവുകളും നല്‍കിയിട്ടുണ്ട്. ആ കഴിവ് ഉപയോഗപ്പെടുത്തുന്നതോ, ആ കഴിവ് അനുസരിച്ച് അവര്‍ എന്തെങ്കിലും ചെയ്യുന്നതോ അംഗീകരിക്കുന്നതിനാല്‍ അവിടെ ശിര്‍ക്ക് വരുന്നില്ല. ഇവിടെ സുലൈമാന്‍(അ) അഭൗതിക മാര്‍ഗത്തിലൂടെയുള്ള യാതൊരു സഹായ തേട്ടവും നടത്തിയിട്ടില്ല. കാരണം, അവര്‍ക്ക് ചെയ്യാന്‍ കഴിവുള്ള ഒരു കാര്യം ചെയ്യാന്‍ അവരോട് കല്‍പിക്കുക മാത്രമാണ് ചെയ്യുന്നത്.

എല്ലാവരെയും ഒരുമിച്ച് ചേര്‍ത്തതിന് ശേഷം സുലൈമാന്‍(അ) ചോദിച്ചത് അവര്‍ കീഴൊതുങ്ങിക്കൊണ്ട് എന്റെ  അടുത്ത് വരുന്നതിന് മുമ്പായി നിങ്ങളില്‍ ആരാണ് അവളുടെ സിംഹാസനം എനിക്ക് കൊണ്ടു വന്ന് തരിക എന്നാണ്. ബില്‍ക്വീസിന്റെ സിംഹാസനം വമ്പിച്ചതായിരുന്നുവെന്ന് ഹുദ്ഹുദ് മുമ്പ് നല്‍കിയ വിവരത്തില്‍ നിന്ന് വ്യക്തമാണ്. 

ചോദ്യം കേട്ട പാടെ, ജിന്നുകളിലെ മല്ലനായ ഒരു ജിന്ന് അതിന് മുന്നോട്ടു വന്നു; അങ്ങ് അങ്ങയുടെ ഈ സദസ്സില്‍ നിന്ന് എഴുന്നേല്‍ക്കുന്നതിനു മുമ്പായി ഞാനത് അങ്ങേക്ക് കൊണ്ടുവന്നുതരാം എന്ന് പ്രഖ്യാപിച്ചു. 

സുലൈമാന്‍ നബി(അ)യുടെ രാജദര്‍ബാറിലെ ചര്‍ച്ചള്‍ പലപ്പോഴും വൈകുന്നേരം രണ്ടോ മൂന്നോ മണിക്കൂറുകള്‍ നീളുന്നതായിരുന്നു. അങ്ങനെയുള്ള ആ സദസ്സ് പിരിയുന്നതിന് മുമ്പായി ബില്‍ക്വീസിന്റെ സിംഹാസനം തന്റെയടുത്ത് എത്തിക്കുവാനാണ് സുലൈമാന്‍(അ) കല്‍പന പുറപ്പെടുവിച്ചത്. അത് ഇഫ്‌രീത് ഏറ്റടുക്കുവാന്‍ തയ്യാറായി. ഞാനതിന് കഴിവുള്ളവനും വിശ്വസ്തനുമാണെന്നും ഇഫ്‌രീത് പറയുന്നുണ്ട്. ഏകദേശം ആയിരത്തി അഞ്ഞൂറ് കി.മീറ്റര്‍ അകലെയുള്ള സിംഹാസനം കൊണ്ടുവരാനുള്ള സമയം രണ്ടോ മൂന്നോ മണിക്കൂര്‍ മാത്രം! ഈ സമയത്തിനുള്ളില്‍ മൂവായിരം കി.മീറ്റര്‍ യാത്ര ചെയ്യാനും അത് വഹിച്ച് കൊണ്ടുവരാനും ഇഫ്‌രീതിന് കഴിയുമായിരുന്നു. അതാണ് അവന്‍ സുലൈമാന്‍(അ)നോട് പറയുന്നത്. രാജ്ഞിയുടെ സിംഹാസനം എടുക്കാനാണല്ലോ പോകുന്നത്. കൊട്ടാരത്തില്‍ വലിയ വിലപിടിപ്പുള്ള, ഒട്ടനേകം വസ്തുക്കള്‍ ഉണ്ടാവുക സ്വാഭാവികം. എന്നാല്‍ അതിലൊന്നും താന്‍ കൈകടത്തുകയില്ലെന്നും സത്യസന്ധനായി ആ സിംഹാസനം ഇവിടെ എത്തിക്കുന്നതുമാണ് എന്നതാവാം ഞാന്‍ വിശ്വസ്തനാണെന്ന് ഇഫ്‌രീത് പറഞ്ഞതിന്റെ താല്‍പര്യം.

ഇഫ്‌രീത് സിംഹാസനം കൊണ്ടുവരാനുള്ള സന്നദ്ധത അറിയിച്ചപ്പോള്‍ വേദത്തില്‍ ജ്ഞാനം നല്‍കപ്പെട്ട ആള്‍ സുലൈമാന്‍ നബി(അ)യോട് പറഞ്ഞു: 'താങ്കള്‍ കണ്ണ് ചിമ്മി തുറക്കുന്നതിന് മുമ്പായി ഞാനത് നിങ്ങളുടെ സന്നിധിയില്‍ എത്തിക്കുന്നതാണ്.'

ആരായിരുന്നു ഈ വേദത്തില്‍ ജ്ഞാനം നല്‍കപ്പെട്ട വ്യക്തി? ക്വുര്‍ആന്‍ വ്യാഖ്യാതക്കള്‍ പല അഭിപ്രായങ്ങളും ഇതു സംബന്ധമായി പ്രകടിപ്പിച്ചിട്ടുള്ളതായി നമുക്ക് കാണാം. അത് ഒരു മലക്കാണെന്ന് അഭിപ്രായം പറഞ്ഞവരുണ്ട്. കാരണം ഇത്ര വേഗത്തില്‍ അങ്ങ് അകലെയുള്ള സിംഹാസനം എത്തിക്കാന്‍ മലക്കിന് സാധിക്കുമെന്നതിനാലാകാം ചിലര്‍ ഈ അഭിപ്രായം പറഞ്ഞത്. എന്നാല്‍ ഈ പറഞ്ഞ വ്യക്തി സുലൈമാന്‍(അ) തന്നെ ആകാമെന്നാണ് ഇമാം റാസി(റ)യുടെ അഭിപ്രായം. ഇഫ്‌രീത് സുലൈമാന്‍ നബി(അ)യോട് ആ സദസ്സ് പിരിയുന്നതിന് മുമ്പായി എത്തിക്കുമെന്നാണല്ലോ പറഞ്ഞത്. അപ്പോള്‍ സുലൈമാന്‍(അ) ഇഫ്‌രീതിനോട് പറഞ്ഞു: 'അതിനെക്കാള്‍ വേഗത്തില്‍, താങ്കളുടെ കണ്ണ് ഇമവെട്ടി തുറക്കുന്നതിന് മുമ്പായി ഞാനത് എത്തിക്കും.' അല്ലാഹു അദ്ദേഹത്തിലൂടെ പല അത്ഭുതങ്ങളും പ്രകടമാക്കിയിട്ടുണ്ടല്ലോ. അഥവാ, സുലൈമാന്‍ നബി(അ)ക്ക്അല്ലാഹു നല്‍കിയ ഒരു മുഅ്ജിസത്തായിരുന്നു അത്. അത് എങ്ങനെയാണ് മുഅ്ജിസത്താകുക? ഇഫ്‌രീത് സുലൈമാന്‍(അ)നോട് പറയുമ്പോള്‍ അവസാനം പറഞ്ഞത് ഞാന്‍ അതിന് കഴിവുള്ളവനാണെന്നാണല്ലോ. അത് സുലൈമാന്‍(അ) പറഞ്ഞോ? ഇല്ല! കാരണം, അത് സംഭവിക്കാന്‍ പോകുന്നത് അഭൗതിക മാര്‍ഗത്തിലൂടെയാണ്. അഥവാ അത് ദൈവിക ദൃഷ്ടാന്തമാണ്. ആസ്വിഫ് ബ്‌നു ബര്‍ഖിയ എന്ന് പേരുള്ള സ്വാലിഹായ വ്യക്തി ആ പട്ടാളത്തിലുണ്ടായിരുന്നു; അദ്ദേഹമാണ് അങ്ങനെ പറഞ്ഞത് എന്നും അഭിപ്രായപ്പെട്ടവരുണ്ട്. അപ്പോള്‍ വേദഗ്രന്ഥത്തില്‍ നിന്നുള്ള പ്രത്യേക അറിവ് ഉണ്ടായിരുന്നു എന്ന് പറഞ്ഞതിന്റെ ഉദ്ദേശ്യം അദ്ദേഹത്തിന് 'ഇസ്മുല്‍ അഅ്‌ളം' അറിയാമായിരുന്നു. അത് വെച്ച് അദ്ദേഹം അല്ലാഹുവിനോട് പ്രാര്‍ഥിച്ചാല്‍ ഞൊടിയിടകൊണ്ട് ആ കാര്യം സാധിക്കുമായിരുന്നു. അങ്ങനെ അദ്ദേഹം തനിക്ക് പ്രത്യേകമായി പഠിപ്പിക്കപ്പെട്ട ആ പ്രാര്‍ഥന നിര്‍വഹിച്ചു. (ആ പ്രാര്‍ഥനയുടെ രൂപം ചില റിപ്പോര്‍ട്ടുകളില്‍ നമുക്ക് കാണാവുന്നതാണ്). അങ്ങനെ ആ സിംഹാസനം സുലൈമാന്‍ നബി(അ)യുടെ കൊട്ടാരത്തിങ്കല്‍ എത്തി. താങ്കള്‍ കണ്ണ് ചിമ്മി തുറക്കുന്നതിന് മുമ്പായി ഞാന്‍ ആ സിംഹാസനം ഇവിടെ എത്തിക്കാം എന്ന് പറഞ്ഞതില്‍ അഭൗതികമായ യാതൊന്നും സംഭവിക്കുന്നില്ല. ഇഫ്‌രീതാണ് അത് പറഞ്ഞതെങ്കില്‍ അല്ലാഹു അവന്പ്രകൃത്യാ നല്‍കിയ കഴിവ് കൊണ്ട് അത് എത്തിച്ചു. അപ്പറഞ്ഞത് സുലൈമാന്‍ നബി(അ) ആണെങ്കില്‍ അത് മുഅ്ജിസത്താണ്. അതല്ല ആസ്വിഫ് ആണെങ്കില്‍ അത് അദ്ദേഹത്തിലൂടെ അല്ലാഹു പ്രകടമാക്കുന്ന കറാമത്തും. മുഅ്ജിസത്തും കറമാത്തും അല്ലാഹുവാണല്ലോ അടിമകളിലൂടെ പ്രകടമാക്കുന്നത്.

ബില്‍ക്വീസിന്റെ സിംഹാസനം തന്റെ മുന്നില്‍ കണ്ടപ്പോള്‍ സുലൈമാന്‍(അ) നന്ദിയോടെ അല്ലാഹുവിനെ സ്മരിച്ചു.'ഞാന്‍ നന്ദികാണിക്കുമോ, അതല്ല നന്ദികേട് കാണിക്കുമോ എന്ന് എന്നെ പരീക്ഷിക്കുവാനായി എന്റെ രക്ഷിതാവ് എനിക്ക് നല്‍കിയ അനുഗ്രഹത്തില്‍ പെട്ടതാകുന്നു ഇത്. വല്ലവനും നന്ദികാണിക്കുന്ന പക്ഷം തന്റെ  ഗുണത്തിനായിട്ട് തന്നെയാകുന്നു അവന്‍ നന്ദികാണിക്കുന്നത്. വല്ലവനും നന്ദികേട് കാണിക്കുന്ന പക്ഷം തീര്‍ച്ചയായും എന്റെ രക്ഷിതാവ് പരാശ്രയമുക്തനും ഉല്‍കൃഷ്ടനുമാകുന്നു' എന്ന് വിനയത്തോടെ അദ്ദേഹം പറഞ്ഞു.

പല വാഹനങ്ങളിലും കടകളിലും വീടുകളിലുമെല്ലാം നാം കാണുന്ന ഒന്നാണ് 'ഹാദാ മിന്‍ ഫദ്‌ലി റബ്ബീ' എന്നെഴുതിയ സ്റ്റിക്കര്‍. 'എന്റെ രക്ഷിതാവ് എനിക്ക് നല്‍കിയ അനുഗ്രഹത്തില്‍ പെട്ടതാകുന്നു ഇത്' എന്നര്‍ഥം. എപ്പോഴും സിനിമയിലും സംഗീതത്തിലും മുഴുകിയിരിക്കുന്ന ആളുകളുള്ള വീടിന്റെ പുറംചുമരില്‍ ഇത് എഴുതിവെക്കുന്നതില്‍, വാഹനങ്ങളില്‍ ഇത് ഒട്ടിച്ചുെവക്കുന്നതില്‍ എന്ത് അര്‍ഥമാണുള്ളത്? അശ്ലീല പ്രസിദ്ധീകരണങ്ങളും പുകയില ഉല്‍പന്നങ്ങളും മയക്കുമരുന്നുകളും വില്‍ക്കുന്നവര്‍ കടകളില്‍ ആളുകള്‍ കാണുംവിധം ഇത് പ്രദര്‍ശിപ്പിക്കുന്നത് ആ വചനത്തെ അപഹസിക്കലല്ലേ? എന്ത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്? അതിന്റെ അര്‍ഥം അറിയാത്തതിനാല്‍ തന്നെ! 'ഞാന്‍ നന്ദികാണിക്കുമോ, അതല്ല നന്ദികേട് കാണിക്കുമോ എന്ന് എന്നെ പരീക്ഷിക്കുവാനായി എന്റെ രക്ഷിതാവ് എനിക്ക് നല്‍കിയ അനുഗ്രഹത്തില്‍ പെട്ടതാകുന്നു ഇത്' എന്നാണ് അതിന്റെ പൂര്‍ണരൂപം. കടയും വാഹനവും വീടുമെല്ലാം നാം നന്ദികാണിക്കുമോ അതല്ല നന്ദികേട് കാണിക്കുമോ എന്ന് പരീക്ഷിക്കുവാനായി രക്ഷിതാവ് നല്‍കിയ അനുഗ്രഹങ്ങളില്‍ പെട്ടതാണ് എന്നര്‍ഥം. അകത്തിരുന്ന് നന്ദികേട് കാണിക്കുകയും പുറത്ത് ഇത് എഴുതിവെക്കുകയും ചെയ്യല്‍ എത്ര നിരര്‍ഥകമാണ്. 

നബിﷺക്കും സ്വഹാബിമാര്‍ക്കും വീടില്ലായിരുന്നോ? വാഹനമുണ്ടായിരുന്നില്ലേ? എന്നിട്ട് അവര്‍ ആരെങ്കിലും ഇപ്രകാരം എഴുതിത്തൂക്കിയിരുന്നോ? ഇങ്ങനെ എഴുതിത്തൂക്കുന്നതില്‍ തന്നെ യാതൊരു പ്രത്യേകതയുമില്ല എന്ന് മനസ്സിലാക്കുക.