തുഫൈലുബ്‌നു അംറ്(റ)

ഡോ. മുഹമ്മദ് റാഫി ചെമ്പ്ര

2019 ആഗസ്ത് 24 1440 ദുല്‍ഹിജ്ജ 22

തിഹാമ പര്‍വതവും മറികടന്ന് തുഫൈല്‍ നടന്നകലുകയാണ്. മക്കയാണ് ലക്ഷ്യം. മക്കയിലാകട്ടെ മുഹമ്മദ് നബി ﷺ യുടെ അനുയായികള്‍ക്കെതിരെ ക്വുറൈശികള്‍ അക്രമങ്ങളുടെ പരമ്പര തന്നെ അഴിച്ചുവിട്ടുകൊണ്ടിരിക്കുന്നു. അതിനായി അവര്‍ സകലശക്തിയും സംഭരിക്കുന്നുണ്ട്. ഒരേയൊരു ലക്ഷ്യം മാത്രം; മുഹമ്മദിന്റെ പ്രബോധനം തുടരാതിരിക്കുക! മറുഭാഗത്ത് മുഹമ്മദ് നബി ﷺ  തന്റെ രക്ഷിതാവിനോട് പ്രാര്‍ഥിച്ചും അവനില്‍ ഭരമേല്‍പിച്ചും മുന്നോട്ട് പോകുന്നു. കയ്യിലുള്ള കരുത്താകട്ടെ വര്‍ധിതമായ വിശ്വാസവും നിറഞ്ഞ സത്യസന്ധതയും.

ഇതിനിടയിലേക്കായിരുന്നു തുഫൈലിന്റെ കടന്നുവരവ്. ഒട്ടും നിനക്കാതെ ഈ പോരാട്ടത്തിനിടയിലേക്ക് എടുത്തുചാടേണ്ടിവരികയായിരുന്നു ദൗസ് ഗോത്രത്തിന്റെ നേതാവായിരുന്ന തുഫൈലിന്റെ ജീവിതനിയോഗം.

അദ്ദേഹം തന്നെ ആശ്ചര്യകരമായ ആ സംഭവം വിവരിക്കുന്നുണ്ട്: ''ഞാന്‍ മക്കയിലെത്തിയപ്പോള്‍ ക്വുറൈശി പ്രമുഖര്‍ എന്നെ സ്വീകരിക്കുകയും അവരുടെ വീടുകളില്‍ കൊണ്ടുപോയി എല്ലാവിധ ആതിഥ്യ മര്യാദകളോടെയും എന്നെ സല്‍കരിക്കുകയും ചെയ്തു. പിന്നീട് മുഴുവന്‍ ക്വുറൈശി നേതാക്കളും എന്റെ ചുറ്റുമിരുന്ന് മക്കയില്‍ അവര്‍ അനുഭവിക്കുന്ന പുതിയ പ്രശ്‌നത്തിന്റെ കാഠിന്യത എന്നെ ബോധ്യപ്പെടുത്താനാരംഭിച്ചു. അവര്‍ പറഞ്ഞത് ഇപ്രകാരം: 'തുഫൈല്‍! നീ ഞങ്ങളുടെ നാട്ടിലെത്തിയതില്‍ ഞങ്ങള്‍ ഏറെ സന്തോഷിക്കുന്നു. പക്ഷേ, ഞങ്ങള്‍ വലിയൊരു പ്രതിസന്ധിയിലാണ്'.

അവര്‍ മുഹമ്മദിനെക്കുറിച്ച് എന്നോട് പറയാനാരംഭിച്ചു: 'അയാള്‍ ഞങ്ങളുടെ സകല പ്രതീക്ഷകളെയും തകര്‍ത്തുകൊണ്ടിരിക്കുന്നു. ഞങ്ങള്‍ക്കിടയിലുണ്ടായിരുന്ന ഐക്യവും യോജിപ്പും ഇല്ലാതാക്കി. ഞങ്ങള്‍ ഭയക്കുന്നു. ഇതിനുശേഷം അയാള്‍ താങ്കളുടെ ഗോത്രത്തിലേക്കും വരും. താങ്കള്‍ക്ക് ഇന്നവര്‍ നല്‍കിക്കൊണ്ടിരിക്കുന്ന സ്ഥാനവും പദവിയും ഇല്ലാതാകാനാവും അത് കാരണമാവുക. അത്‌കൊണ്ട് കഴിയുന്നത്ര അയാളുമായി സംസാരിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. അയാളുടെ വാക്കുകള്‍ മാസ്മരികശക്തിയുള്ളതാണ്. അവ പിതാവിനും മകനുമിടയില്‍ പോലും വിള്ളലുണ്ടാക്കാന്‍ മാത്രം ശക്തിയുള്ളതത്രെ. ഭൂമിയിലെ കനപ്പെട്ട എല്ലാ ബന്ധങ്ങള്‍ക്കുമപ്പുറത്ത് മനുഷ്യര്‍ ആ ആശയങ്ങളുടെ മാസ്മരികതയിലേക്ക് ഇഴുകിച്ചേരുന്നു.' തുഫൈല്‍ തുടരുന്നു:

''എന്റെ ചുറ്റുമിരുന്ന് മുഹമ്മദിനെക്കുറിച്ച് അദ്ദേഹത്തിന്റെ അപരിചിതവും ഭയപ്പെടേണ്ടതുമായ ആശയങ്ങളെക്കുറിച്ച് അവര്‍ പറഞ്ഞുകൊണ്ടേയിരുന്നു. ഒടുവില്‍ ഞാന്‍ തീരുമാനിച്ചു; അയാളുമായി ഒരു ബന്ധവും എനിക്ക് വേണ്ട; ഞാനയാളുമായി സംസാരിക്കില്ല. അയാളില്‍നിന്ന് ഒന്നും കേള്‍ക്കാനുമാഗ്രഹിക്കുന്നില്ല''.

''അടുത്ത ദിവസം, മക്കയിലെ എന്റെ പതിവുപോലെ രാവിലെ കഅ്ബ പ്രദക്ഷിണം ചെയ്യാനും അവക്ക് ചുറ്റുമുള ഞങ്ങള്‍ ഏറെ ആദരിക്കുന്ന വിഗ്രഹങ്ങളില്‍നിന്ന് അനുഗ്രഹം തേടാനുമായി ഞാന്‍ പോയി. പക്ഷേ, മുഹമ്മദിന്റെ വാക്കുകളോ ആശയങ്ങളോ എന്റെ ചെവിയിലെത്തേണ്ട എന്ന് കരുതി ഇരുചെവികളിലും പരുത്തിത്തുണികള്‍ തിരുകി വെക്കാന്‍ ഞാന്‍ പ്രത്യേകം ശ്രദ്ധിരിച്ചിരുന്നു. പക്ഷേ, സംഭവിച്ചത് മറ്റൊന്നായിരുന്നു. ഞാന്‍ കഅ്ബക്കടുത്തേക്ക് പ്രവേശിക്കുമ്പോള്‍ തന്നെ ഒരാള്‍ അതിനടുത്തുനിന്ന് നമസ്‌കരിക്കുന്നു. വര്‍ഷങ്ങളായി ഞങ്ങള്‍ നടത്തിവരുന്ന ബഹളമയമായ ആരാധനാരീതിയായിരുന്നില്ല അത്. മറിച്ച് തികച്ചും ശാന്തവും സ്വസ്ഥവുമായ ആരാധന! ആദ്യകാഴ്ചയില്‍ തന്നെ അതെന്നെ ആകര്‍ഷിച്ചു. ഞാനറിയാതെ അദ്ദേഹത്തിലേക്ക് ഞാന്‍ അടുക്കുന്നതായും ഏതോ ഒരു ശക്തി എെന്ന അദ്ദേഹത്തിലേക്ക് പിടിച്ചുവലിക്കുന്നതായും എനിക്ക് തോന്നി. ചെവിയില്‍ തുണി തിരുകിവെച്ചിരുന്നതിനാല്‍ അദ്ദേഹത്തിന്റെ സംസാരത്തില്‍നിന്ന് അല്‍പം മാത്രമെ എനിക്ക് കേള്‍ക്കാന്‍ സാധിച്ചിരുന്നുള്ളൂ. അതാകട്ടെ എനിക്ക് ഏറെ മാധുര്യമുള്ളതായി അനുഭവപ്പെടുകയും ചെയ്തു. ഞാന്‍ സ്വയം മന്ത്രിച്ചു: 'തുഫൈല്‍! നിനക്ക് നാശം. നീ വിവേകമതിയായിരുന്നില്ലേ? പോരാത്തതിന് കവിത വശമുള്ളവനും. എന്നിട്ടും എന്തുകൊണ്ട് നല്ലതിനെയും ചീത്തയെയും വേര്‍തിരിക്കാനായില്ല? എന്തുകൊണ്ട് ഇദ്ദേഹം പറയുന്നത് കേള്‍ക്കുന്നതില്‍നിന്ന് പോലും നീ അകന്നു? നല്ലതായി വല്ലതുമുണ്ടെങ്കില്‍ സ്വീകരിക്കാനും മറിച്ചായിരുന്നെങ്കില്‍ തിരസ്‌കരിക്കാനും നിനക്കാകുമായിരുന്നില്ലേ?''

തുഫൈല്‍(റ) തുടരുന്നു: ''കുറച്ചുകഴിഞ്ഞ് മുഹമ്മദ് ﷺ  വീട്ടിലേക്ക് മടങ്ങി. ഞാനും അദ്ദേഹത്തെ പിന്തുടര്‍ന്ന് അവിടെയെത്തി. ഞാനദ്ദേഹത്തോട് പറഞ്ഞു: 'മുഹമ്മദ്! നിന്റെ ജനത നിന്നെക്കുറിച്ച് എന്നോട് കുറെ പറഞ്ഞു. അവരെന്നെ ഭയപ്പെടുത്തിയത് കാരണം നിന്റെ വാക്കുകള്‍ കേള്‍ക്കരുതെന്ന് കരുതി ചെവിയില്‍ തുണി തിരുകിക്കൊണ്ടാണ് ഞാന്‍ കഅ്ബക്കടുത്തെത്തിയത്. വളരെ കുറച്ച് മാത്രമെ എനിക്ക് താങ്കളില്‍നിന്ന് കേള്‍ക്കാനായുള്ളൂ. താങ്കളുടെ ആശയം ഒന്ന് പങ്കുവെച്ചാലും.''

അദ്ദേഹം അതെന്റെ മുന്നില്‍ അവതരിപ്പിച്ചു. വിശുദ്ധ ക്വുര്‍ആനിലെ രണ്ട് അധ്യായങ്ങള്‍ (അല്‍ ഇഖ്‌ലാസ,് അല്‍ ഫലക്വ് എന്നിവ) അദ്ദേഹമെനിക്ക് ഓതിത്തന്നു. ഹോ, എത്ര സുന്ദരം! ഇത്രയും മനോഹരമായ ഒരാശയം, ഇതിനു തുല്യമായ ഒരു ദൈവസങ്കല്‍പം ഞാന്‍ കേട്ടതോ പഠിച്ചതോ ആയ ഒരു അറേബ്യന്‍ ചരിത്രപാഠങ്ങളിലും ഉണ്ടായിരുന്നില്ല. ആ നിമിഷം തന്നെ ഇരുകരങ്ങളും നീട്ടി ഞാന്‍ ഇസ്‌ലാം സ്വീകരിച്ചു.''

തുഫൈല്‍(റ) തുടരുന്നു: ''കുറച്ചുകാലം കൂടി ഞാന്‍ മക്കയില്‍ താമസിച്ചു. ഇസ്‌ലാമിന്റെ അടിസ്ഥാന കാര്യങ്ങള്‍ പഠിച്ചെടുത്തു. ക്വുര്‍ആനില്‍നിന്ന് സാധ്യമായത്ര മനഃപാഠമാക്കി. തുടര്‍ന്ന് സ്വന്തം നാട്ടിലേക്ക് മടങ്ങിപ്പോകാന്‍ തീരുമാനിച്ചു.

റസൂല്‍ ﷺ യുടെ അടുക്കല്‍ ചെന്ന് ഞാന്‍ പറഞ്ഞു: 'അല്ലാഹുവിന്റെ റസൂലേ! ഞാന്‍ എന്റെ കുടുംബാംഗങ്ങള്‍ക്കിടയില്‍ ആദരിക്കപ്പെടുകയും അംഗീകരിക്കപ്പെടുകയും ചെയ്യുന്നവനാണ്. ഇപ്പോള്‍ ഞാന്‍ അവരുടെ അടുത്തേക്ക് മടങ്ങുന്നു. ലക്ഷ്യം അവരെ സത്യദീനിലേക്ക്  ക്ഷണിക്കലാണ്. അവരെ ദീനിലേക്ക് ക്ഷണിക്കാന്‍ ഉപയുക്തമാകുംവിധം എനിക്കൊരു ദൃഷ്ടാന്തം നല്‍കാന്‍ അങ്ങ് അല്ലാഹുവിനോട് പ്രാര്‍ഥിക്കണം'.

നബി ﷺ  അദ്ദേഹത്തിനുവേണ്ടി പ്രാര്‍ഥിച്ചു: 'അല്ലാഹുവേ, ഇദ്ദേഹത്തിന് ഒരു ദൃഷ്ടാന്തം നല്‍കേണമേ.'

തുഫൈല്‍(റ) തുടരുന്നു: ''അപ്രകാരം ഞാന്‍ എന്റെ നാട്ടിലെത്തി. ഓരോ കുടുംബവും താമസിക്കുന്ന പ്രദേശത്തെത്തുമ്പോള്‍ എന്റെ ഇരു കണ്ണുകള്‍ക്കുമിടയില്‍ ഒരു വെളിച്ചം രുപപ്പെടാന്‍ തുടങ്ങി. ഞാന്‍ അല്ലാഹുവോട് പ്രാര്‍ഥിച്ചു: 'അല്ലാഹുവേ! ഇതെന്റെ മുഖത്തുനിന്നും മാറ്റിത്തരേണമേ. ഞാന്‍ അവരുടെ മതം ഉപേക്ഷിച്ചതിന് വന്നുപെട്ട ആപത്താണ് ഇതെന്ന് അവര്‍ ധരിച്ചേക്കുമോ എന്നു ഞാന്‍ ഭയപ്പെടുന്നു.''

''അങ്ങനെ അതെന്റെ തലയുടെ ഭാഗത്തേക്ക് മാറ്റപ്പെട്ടു. ജനങ്ങള്‍ നോക്കുമ്പോള്‍ ഒരു കൊച്ചുപ്രകാശം എന്റെ തലയില്‍ പ്രകാശിച്ചുകൊണ്ടേയിരിക്കുന്നു. ഞാന്‍ നാട്ടിലെത്തിയപ്പോള്‍ പിതാവ് എന്റെയടുത്തേക്ക് വന്നു. നല്ല പ്രായമുള്ളയാളായിരുന്നു അദ്ദേഹം. ഞാനദ്ദേഹത്തോട് പറഞ്ഞു: 'പിതാവേ! ഇപ്പോള്‍ എനിക്കും താങ്കള്‍ക്കുമിടയില രപകടമായ വ്യത്യാസമുണ്ട്.''

അദ്ദേഹം ചോദിച്ചു: 'അതെന്താണ് മകനേ?' ഞാന്‍ പറഞ്ഞു: 'ഞാന്‍ മുസ്‌ലിമാവുകയും മുഹമ്മദിനെ പിന്‍പറ്റുകയും ചെയ്തിരിക്കുന്നു.' അദ്ദേഹം പ്രതികരിച്ചത് 'മകനേ, നിന്റെ ആദര്‍ശം തന്നെയാണ് എനിക്കു മതിയായത്' എന്നാണ്. ഞാനദ്ദേഹത്തോട് കുളിച്ച് ശുദ്ധിയായി വരാന്‍ ആവശ്യപ്പെട്ടു. അദ്ദേഹം ശുദ്ധിയായി വന്നു. ഇസ്‌ലാമിന്റെ അടിസ്ഥാന കാര്യങ്ങള്‍ ഞാന്‍ അദ്ദേഹത്തിന് വിവരിച്ചുകൊടുത്തു. അദ്ദേഹം മുസ്‌ലിമായി.

പിന്നീട് എന്റെ ഭാര്യയുടെ ഊഴമായിരുന്നു. അവളോടും ഞാന്‍ പറഞ്ഞു; നിനക്കും എനിക്കുമിടയില്‍ പ്രകടമായ വ്യത്യാസമുണ്ടെന്ന്. ഞാന്‍ ഇസ്‌ലാം സ്വീകരിച്ച വിവരമറിഞ്ഞപ്പോള്‍ അവളും അതിന് സന്നദ്ധയായി. എന്നാല്‍ അവളോട് കുളിച്ച് ശുദ്ധിയായി വരാന്‍ പറഞ്ഞപ്പോള്‍ 'ദൂശ്ശറഃ തടാകത്തില്‍നിന്നും കുളിച്ചാല്‍ (ദൗസ് ഗോത്രത്തിന്റെ ഒരു ബിംബം അവിടെ സ്ഥിതിചെയ്യുന്നുണ്ടായിരുന്നു) ഇനി കുട്ടികള്‍ക്കോ മറ്റോ വല്ല ബുദ്ധിമുട്ടും ഉണ്ടാകുമോ എന്നവള്‍ ആശങ്കപ്പെട്ടു. ഞാനവള്‍ക്ക് ഉറപ്പ് കൊടുത്തു; ആ കരിങ്കല്ലിന് നമുക്കെതിരെ ഒന്നും ചെയ്യാനാവില്ലെന്ന്. അവള്‍ കുളിച്ചുവന്ന് ഇസ്‌ലാം സ്വീകരിച്ചു.

പിന്നീട് ഞാന്‍ എന്റെ ഗോത്രത്തെ നിരന്തരം ഇസ്‌ലാമിലേക്ക് ക്ഷണിച്ചുകൊേണ്ടയിരുന്നു. പക്ഷേ, അവര്‍ പുറകോട്ട് പോവുകയാണുണ്ടായത്. എന്നാല്‍ അബൂഹുറയ്‌റ(റ) മാത്രം ഇസ്‌ലാമിലേക്ക് കടന്നുവന്നു.''

തുഫൈല്‍(റ) തുടരുന്നു: ''അങ്ങനെ ഞാന്‍ റസൂ

ല്‍ ﷺ യുടെ അടുക്കല്‍ മക്കയില്‍ എത്തിച്ചേര്‍ന്നു. എന്റെകൂടെ അബൂഹുറയ്‌റ(റ)യുമുണ്ടായിരുന്നു. റസൂല്‍ ﷺ  എന്നോട് ചോദിച്ചു: 'തുഫൈല്‍, കൂടെ ആരൊക്കെയുണ്ട്?' ഞാന്‍ പറഞ്ഞു: 'അവരുടെ ഹൃദയങ്ങള്‍ സത്യത്തില്‍നിന്ന് ഏറെ അകലെയാണ്. നിഷേധവും അധര്‍മവുമാണ് ദൗസുകാരെ അടക്കിഭരിക്കുന്നത്'.

ഇതു കേട്ട റസൂല്‍ ﷺ  വുദുവെടുത്ത് നമസ്‌കരിച്ചതിനു ശേഷം ഇരുകരങ്ങളും ആകാശത്തേക്കുയര്‍ത്തി. അബൂഹുറയ്‌റ(റ) പറയുന്നു: 'ഇതു കണ്ട ഞാന്‍ ഭയന്നുപോയി. അല്ലാഹുവിന്റെ പ്രവാചകന്‍ എന്റെ ജനതക്കെതിരെയെങ്ങാനും പ്രാര്‍ഥിക്കുകയും അവര്‍ നാശമടയുകയും ചെയ്‌തേക്കുമോ എന്നതായിരുന്നു എന്റെ ഭയം.'

എന്നാല്‍ പ്രവാചകന്‍ ﷺ  പ്രാര്‍ഥിച്ചത് ഇപ്രകാരമായിരുന്നു: 'അല്ലാഹുവേ! ദൗസ് ഗോത്രത്തിന് നീ നേര്‍വഴി കാണിക്കേണമേ.' എന്നിട്ട് തുഫൈലിനോടായി പറഞ്ഞു: 'നീ മടങ്ങിപ്പോയി ദൗസുകാരുടെ കൂടെ ജീവിച്ച് അവരെ ഇസ്‌ലാമിലേക്ക് ക്ഷണിക്കുക.' തുഫൈല്‍(റ) പറയുന്നു: ''ഞാന്‍ ദൗസുകാരിലേക്ക് മടങ്ങിപ്പോയി. അവരെ ഇസ്‌ലാമിലേക്ക് ക്ഷണിച്ചുകൊണ്ടേയിരുന്നു. ഇതിനിടയില്‍ നബി ﷺ  മദീനയിലേക്ക് ഹിജ്‌റ പോകുകയും ബദ്ര്‍, ഉഹ്ദ്, ഖന്തക്വ് തുടങ്ങിയ യുദ്ധങ്ങള്‍ നടക്കുകയും ചെയ്തിരുന്നു. ദീര്‍ഘ കാലത്തെ എന്റെ പരിശ്രമത്തിനൊടുവില്‍ എന്റെ കൂടെ അടിയുറച്ചുനിന്ന എണ്‍പതോളം കുടുംബങ്ങളുമായി ഞാന്‍ മദീനയിലെത്തി. നബി ﷺ ക്ക് ഏറെ സന്തോഷമായി. ഖൈബര്‍ യുദ്ധാര്‍ജിത സ്വത്തില്‍നിന്ന് ഒരോഹരി ഞങ്ങള്‍ക്ക് നബി ﷺ  അനുവദിച്ചു.

തുടര്‍ന്ന് മക്കാവിജയം വരെ റസൂല്‍ ﷺ യുടെ വലംകയ്യായി പ്രവര്‍ത്തിക്കാന്‍ അല്ലാഹു എനിക്ക് അവസരം നല്‍കി. മക്കാവിജയ ഘട്ടത്തില്‍ ഞാന്‍ പ്രവാചകനോട് പറഞ്ഞു: 'റസൂലേ! അംറുബ്‌നു നമമാഗോത്രത്തിന്റെ 'ദുല്‍കഫൈന്‍' വിഗ്രഹം തകര്‍ക്കാനും കത്തിച്ചുകളയാനും അങ്ങെനിക്ക് അനുവാദം നല്‍കണം.' എനിക്ക് അനുവാദം തന്നു. ഞാന്‍ അവിടെയെത്തിയപ്പോള്‍ ആബാലവൃദ്ധം ജനങ്ങള്‍ വിഗ്രഹം തകര്‍ത്താല്‍ വലിയ പ്രത്യാഘാതങ്ങളുണ്ടാകുമെന്ന പേടിയോടെ അവിടെ കൂടിനിന്നു.''

ബിംബാരാധകരുടെ കണ്‍മുമ്പില്‍ വെച്ച് തുഫൈല്‍(റ) അതിന് തീകൊളുത്തി. ദൗസ് ഗോത്രത്തിന്റെ ആരാധനാമൂര്‍ത്തിയായിരുന്ന ബിംബം കത്തിയമര്‍ന്നപ്പോള്‍ അവരുടെ മനസ്സില്‍ കട്ടപിടിച്ചിരുന്ന വിഗ്രഹാരാധനയോടുള്ള ആദരവുകൂടിയാണ് കത്തിയമര്‍ന്നത്. യാഥാര്‍ഥ്യം ബോധ്യപ്പെട്ട ദൗസ് ഗോത്രം ഒന്നടങ്കം ഇസ്‌ലാമിലേക്ക് കടന്നുവന്നു. ക്ഷമയോടുകൂടിയുള്ള നിരന്തര പരിശ്രമം ഫലംകണ്ടു.

റസൂല്‍ ﷺ യുടെ മരണംവരെയും തുഫൈല്‍(റ) അദ്ദേഹത്തിന്റെകൂടെ ജീവിച്ചു. അബൂബകര്‍(റ)വിന്റെ കാലത്ത് തുഫൈലും മകനും സര്‍വായുധരായി ഖലീഫയെ അനുസരിച്ചു. കള്ളപ്രവാചകനായ മുസൈലിമക്കെതിരെയുള്ള പോരാട്ടത്തിന്റെ മൂന്‍നിരയില്‍തന്നെയുണ്ടായിരുന്നു അദ്ദേഹവും മകന്‍ അംറുബ്‌നു തുഫൈലും.  

യുദ്ധത്തിനായി യമാമയിലേക്കുള്ള യാത്രാമധ്യെ അദ്ദേഹം ഒരു സ്വപ്‌നം കണ്ടു. കൂടെയുള്ളവരോടത് പങ്കുവെച്ചു: ''എന്റെ തല മുണ്ഡനം ചെയ്യപ്പെട്ടു. ഒരു പക്ഷി എന്റെ വായില്‍നിന്നും പുറത്തേക്ക് പറന്നുപോയി. ഒരു സ്ത്രീ അവരുടെ വയറിനകത്തേക്ക് എന്നെ പ്രവേശിപ്പിച്ചു. എന്റെ മകന്‍ അംറ് എന്നെ അനേ്വഷിക്കുന്നുണ്ടായിരുന്നു. പക്ഷേ, അവനും എനിക്കുമിടയില്‍ മറയിടപ്പെട്ടു.''

അവര്‍ ഒന്നടങ്കം പറഞ്ഞു: 'ഇതൊരു നല്ല സ്വപ്‌നമാണെന്നു തോന്നുന്നു.' തുഫൈല്‍ തന്നെ മറുപടി പറഞ്ഞു: 'അല്ലാഹുവാണെ, എനിക്ക് തോന്നുന്നത് തലമുണ്ഡനം ചെയ്തതിന്റെ അര്‍ഥം എന്റെ തല കൊയ്‌തെടുക്കപ്പെടും എന്നായിരിക്കാം. വായില്‍നിന്നും പറന്ന പക്ഷി എന്റെ ആത്മാവായിരിക്കാം. ഞാന്‍ കടന്നുചെന്ന സ്ത്രീയുടെ വയറ് എന്റെ ക്വബ്‌റുമായിരിക്കാം. ഈ യുദ്ധത്തില്‍ ഞാന്‍ ശഹീദാകുമെന്ന് പ്രതീക്ഷിക്കുന്നു. എന്റെ മകന്‍ എന്നെ അനേ്വഷിക്കുന്നു. അവനും ശഹാദത്തിനെയാണ് അന്വേഷിക്കുന്നതെന്നര്‍ഥം. എന്നാല്‍ അല്ലാഹുവിന്റെ അനുമതി പ്രകാരം അവന് പിന്നീടായിരിക്കും അതിനുള്ള വിധിയുണ്ടാവുക.'

യമാമ യുദ്ധത്തില്‍ തുഫൈല്‍(റ) വലിയ അര്‍ഥത്തില്‍ ആക്രമിക്കപ്പെടുകയും രക്തസാക്ഷിയാവുകയും ചെയ്തു. അദ്ദേഹത്തിന്റെ മകന്‍ അംറ്(റ)വിന് ആക്രമണമേറ്റ് വലതുകൈപ്പത്തി മുറിഞ്ഞുവീണു. യുദ്ധശേഷം വികലാംഗനും പിതാവ് നഷ്ടമായവനുമായാണ് അദ്ദേഹം മദീനയില്‍ മടങ്ങിയെത്തിയത്.

ഉമര്‍(റ)വിന്റെ ഭരണകാലത്ത് അംറുബ്‌നു തുഫൈല്‍(റ) അമീറുല്‍ മുഅ്മിനീന്റെ അരികിലുണ്ടായിരിക്കെ ഭഷണസമയമായി. കൂടെയുള്ളവരല്ലാം കൈകഴുകി തീന്‍മേശക്കരികെയെത്തി. അംറ് മാത്രം മാറിനിന്നു. ഉമര്‍(റ) ചോദിച്ചു: 'എന്ത് പറ്റി? മുറിഞ്ഞ കൈയാണോ ഞങ്ങളുടെ കൂടെ ഒരേ പാത്രത്തില്‍നിന്ന് കഴിക്കാതിരിക്കാന്‍ താങ്കളെ പ്രേരിപ്പിക്കുന്നത്?'

അംറ്: 'അതെ അമീറുല്‍ മുഅ്മിനീന്‍.'

ഉമര്‍(റ): 'അല്ലാഹുവാണെ, താങ്കളുടെ ആ കൈകൊണ്ട് ഞങ്ങളുെട ഭക്ഷണത്തില്‍നിന്നും താങ്കള്‍ കഴിക്കുന്നതുവരെ ഞാന്‍ കഴിക്കില്ല. അല്ലാഹുവാണെ, ജീവിച്ചിരിക്കുമ്പോഃള്‍ തന്നെ ശരീരത്തിന്റെ ഒരു ഭാഗം സ്വര്‍ഗത്തിലെത്തിയവര്‍ ഇവിടെ ഞങ്ങളിലാരുമില്ല.'

യര്‍മൂക് യുദ്ധത്തില്‍ ആ മകന്നും ശഹാദത്തെന്ന വലിയ അനുഗ്രഹം അല്ലാഹു നല്‍കി. അേദ്ദഹം ശഹീദും ശഹീദായ പിതാവിന്റെ മകനുമാണല്ലോ!