പരിശുദ്ധയായ മാതാവ്, അനുഗ്രഹീതനായ കുഞ്ഞ്

ഹുസൈന്‍ സലഫി, ഷാര്‍ജ

2019 മാര്‍ച്ച് 23 1440 റജബ് 16

(ഈസാ നബി(അ): 3)

വേദനയോടെ അല്ലാഹുവിനോട് പ്രാര്‍ഥിച്ച മര്‍യം ബീവി(റ)ക്ക് അല്ലാഹു ഉത്തരം ചെയ്തു. അല്ലാഹു പറയുന്നു:

''ഉടനെ അവളുടെ താഴ്ഭാഗത്ത് നിന്ന് (ഒരാള്‍) വിളിച്ചുപറഞ്ഞു: നീ വ്യസനിക്കേണ്ട, നിന്റെ താഴ്ഭാഗത്ത് ഒരു അരുവി ഉണ്ടാക്കി തന്നിരിക്കുന്നു. നീ ഈന്തപ്പനമരം നിന്റെ അടുക്കലേക്ക് പിടിച്ചുകുലുക്കിക്കൊള്ളുക. അത് നിനക്ക് പാകമായ ഈന്തപ്പഴം വീഴ്ത്തിത്തരുന്നതാണ്. അങ്ങനെ നീ തിന്നുകയും കുടിക്കുകയും കണ്ണ് കുളിര്‍ത്തിരിക്കുകയും ചെയ്യുക. ഇനി നീ മനുഷ്യരില്‍ ആരെയെങ്കിലും കാണുന്ന പക്ഷം ഇപ്രകാരം പറഞ്ഞേക്കുക: പരമകാരുണികന്ന് വേണ്ടി ഞാന്‍ ഒരു വ്രതം നേര്‍ന്നിരിക്കയാണ്. അതിനാല്‍ ഇന്നു ഞാന്‍ ഒരു മനുഷ്യനോടും സംസാരിക്കുകയില്ല തന്നെ'' (ക്വുര്‍ആന്‍ 19:24-26).

താഴ്‌വരയില്‍ വെച്ച് മര്‍യം ബീവി(റ)യോട് ഈ കാര്യങ്ങള്‍ വിളിച്ചുപറഞ്ഞത് ജിബ്‌രീല്‍(അ) ആകാനും ആ കുഞ്ഞ് തന്നെ ആകാനും സാധ്യതയുണ്ട്. ജിബ്‌രീല്‍(അ) ആണെന്നതാണ് പ്രബലമായ അഭിപ്രായം. വിഷമിക്കേണ്ടതില്ല, താഴ്ഭാഗത്ത് കൂടി അരുവി ഒഴുക്കിത്തരുന്നതാണ്, സമീപത്തുള്ള  ഈത്തപ്പന പിടിച്ചു കുലുക്കിയാല്‍ അതില്‍ നിന്ന് പഴം വീഴുന്നതാണ്, അതെടുത്ത് കഴിക്കുക, കുഞ്ഞിനെ നോക്കി കണ്‍കുളിര്‍ക്കുക, ജനങ്ങളോട് ഒന്നും സംസാരിക്കരുത് എന്നെല്ലാം അല്ലാഹു അറിയിച്ചു എന്ന് സാരം.

ഒരു സ്ത്രീ അങ്ങേയറ്റം അബലയും ദുര്‍ബലയുമായി മാറുന്ന ഘട്ടമാണല്ലോ പ്രസവം അടുത്ത സമയം. ഈ സമയത്ത് ഒരു ഈത്തപ്പന പിടിച്ചു കുലുക്കുവാനാണ് കല്‍പന. ഒരു ഈത്തപ്പന നല്ല ആരോഗ്യമുള്ള സമയത്ത് ഒരു പെണ്ണ് പിടിച്ചു കുലുക്കിയാല്‍ തന്നെ എത്രമാത്രം കുലുങ്ങും? ഈത്തപ്പഴം വീഴാന്‍ മാത്രം ശക്തിയില്‍ ഈത്തപ്പന കുലുക്കാന്‍ ഒരു യുവാവിനെക്കൊണ്ട് സാധിക്കുമോ? എന്നാല്‍ മര്‍യം ബീവി(റ)യോട് കല്‍പിക്കുന്നത് അവരുടെ അങ്ങേയറ്റത്തെ ദുര്‍ബല ഘട്ടത്തിലാണ്! ഇത് ഒരു അത്ഭുതമായിരുന്നു. അവര്‍ക്ക് കഴിക്കാനുള്ള ഈത്തപ്പഴം ലഭിക്കാന്‍ ഒരു കാരണം മാത്രമായിരുന്നു ആ കുലുക്കല്‍. യഥാര്‍ഥത്തില്‍ ഈത്തപ്പഴം വീണത് അവരുടെ കുലുക്കലിന്റെ ശക്തി കൊണ്ടായിരുന്നില്ല. അല്ലാഹു അത്ഭുതകരമായി വീഴ്ത്തിക്കൊടുക്കുകയായിരുന്നു.  

പ്രസവത്തോട് അടുത്ത് നില്‍ക്കുന്ന സമയത്താണല്ലോ ഈത്തപ്പഴം കഴിക്കാനായി കല്‍പന വരുന്നത്. ഇതുമായി ബന്ധപ്പെട്ട് പണ്ഡിതന്മാര്‍ പറയുന്ന ചില കാര്യങ്ങള്‍ ശ്രദ്ധേയമാണ്. ഇംറാന്‍ ഇബ്‌നു മൈമൂന്‍(റ) പറയുന്നു: ''ഗര്‍ഭിണികളായ സ്ത്രീകള്‍ക്ക് കാരക്കയെക്കാളും ഈത്തപ്പഴത്തെക്കാളും നല്ല ഒരു വസ്തുവില്ല.'' എന്ന് പറഞ്ഞിട്ട് അദ്ദേഹം ''അത് നിനക്ക് പാകമായ ഈന്തപ്പഴം വീഴ്ത്തിത്തരുന്നതാണ്. അങ്ങനെ നീ തിന്നുകയും കുടിക്കുകയും കണ്ണ് കുളിര്‍ത്തിരിക്കുകയും ചെയ്യുക'' എന്ന ആയത്ത് പാരായണം ചെയ്തു.

ഇമാം ക്വര്‍ത്വുബി(റ) തന്റെ ക്വുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥത്തില്‍ ഇപ്രകാരം ഉദ്ധരിച്ചിട്ടുണ്ട്: റബീഅ് ബ്‌നു ഖൈസം(റ) പറഞ്ഞു: ''ഈ ആയത്തിന്റെ അടിസ്ഥാനത്തില്‍ ഗര്‍ഭിണികള്‍ക്ക് ഈത്തപ്പഴത്തെക്കാള്‍ നല്ല (ഒരു ഭക്ഷണം) എന്റെ അടുത്തില്ല. ഗര്‍ഭിണികള്‍ക്ക് ഈത്തപ്പഴത്തെക്കാള്‍ ശ്രേഷ്ഠമായത് ഉണ്ടെങ്കില്‍ അല്ലാഹു അത് ഭക്ഷിപ്പിക്കുമായിരുന്നു. അതിനാല്‍ അവര്‍ (പണ്ഡിതന്മാര്‍) പറഞ്ഞു: 'ഗര്‍ഭിണികള്‍ക്ക് ആ സമയത്ത് ഈത്തപ്പഴം പതിവായിരുന്നു. അപ്രകാരം തന്നെ (നവജാത ശിശുവിന്) മധുരം നല്‍കലും.' പ്രസവം ഞെരുക്കമായാല്‍ ഈത്തപ്പഴത്തെക്കാള്‍ നല്ലത് ഇല്ല എന്നും രോഗികള്‍ക്ക് തേനിനെക്കാള്‍ നല്ലതില്ല എന്നും പറയപ്പെട്ടിരിക്കുന്നു.''

ഈത്തപ്പഴം ഉപയോഗിക്കുന്നത് ചിലര്‍ക്ക് ചില വിഷമങ്ങള്‍ ഉണ്ടാക്കിയേക്കും. അത്തരക്കാര്‍ അത് ഉപയോഗിക്കുന്നത് ശ്രദ്ധിച്ചാകണം എന്നും പണ്ഡിതന്മാര്‍ ഉണര്‍ത്തിയിട്ടുണ്ട്.

ഈത്തപ്പഴത്തിന്റെ അളവറ്റ ഗുണങ്ങള്‍ വൈദ്യശാസ്ത്രത്തിന് ഈ അടുത്ത കാലത്താണ് തെളിയിക്കാന്‍ കഴിഞ്ഞത്. എന്നാല്‍ സഹസ്രാബ്ദങ്ങള്‍ക്ക് മുമ്പ് അല്ലാഹു ഇതിന്റെ ഗുണത്തെ ക്വുര്‍ആനിലൂടെ നമുക്ക് അറിയിച്ചു തന്നിരിക്കുന്നു. 

പല മഹാന്മാരും ഈത്തപ്പഴ ഉപയോഗത്തിന്റെ നേട്ടത്തെ സംബന്ധിച്ച് പറഞ്ഞത് നാം കണ്ടല്ലോ. എന്നാല്‍ ഇവ്വിഷയകമായി വന്ന ഹദീഥുകള്‍ ഒന്നും സ്വീകാര്യമല്ലെന്നാണ് പണ്ഡിതന്മാര്‍ പറയുന്നത്. ഉദാഹരണം: 'പ്രസവം അടുത്തിരിക്കുന്ന നിങ്ങളുടെ സ്ത്രീകളെ നിങ്ങള്‍ ഈത്തപ്പഴം ഭക്ഷിപ്പിക്കുവിന്‍. ഇനി ഈത്തപ്പഴം കിട്ടിയില്ലെങ്കില്‍ കാരക്ക (ഭക്ഷിപ്പിക്കുവിന്‍). മരങ്ങളില്‍ വെച്ച് അല്ലാഹു ഏറ്റവും കൂടുതല്‍ ആദരിച്ചിട്ടുള്ള മരം മര്‍യം(റ) വിശ്രമിക്കാന്‍ ഇരുന്ന മരമാകുന്നു.' ഈ റിപ്പോര്‍ട്ട് അസ്വീകാര്യമായ ഗണത്തിലാണ് പണ്ഡിതന്മാര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

മര്‍യം ബീവി(റ)യുടെ പ്രസവ വിവരം ജനങ്ങള്‍ അറിയാന്‍ പോകുന്ന ഒരു കാര്യമാണല്ലോ. ജനങ്ങള്‍ പല രൂപത്തിലും പ്രതികരിക്കും. അതിനാല്‍ തന്നെ മര്‍യമി(അ)നോട് സംസാരിക്കാതിരിക്കാനും താന്‍ മൗനവ്രതത്തിലാണ് എന്ന് അവരെ അറിയിക്കാനും കല്‍പിച്ചു.

മൗനവ്രതം അക്കാലത്ത് പുണ്യകരമായ ഒരു കര്‍മമായിരുന്നു. പുണ്യകരമായ കാര്യമായതിനാലാണല്ലോ അവര്‍ അത് നേര്‍ച്ചയാക്കിയത്. എന്നാല്‍ ഇന്ന് നമുക്ക് മൗനവ്രതം അനുഷ്ഠിക്കാന്‍ പാടില്ല. 

ഇബ്‌നുഅബ്ബാസ്(റ)വില്‍ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: ''നബി ﷺ ഖുത്വുബ പറയുന്നതിനിടയില്‍ ഒരാള്‍ എഴുന്നേറ്റു നില്‍ക്കുകയായിരുന്നു. അപ്പോള്‍ നബി ﷺ അയാളെ പറ്റി ചോദിച്ചു. അവര്‍ പറഞ്ഞു: 'അത് അബൂഇസ്‌റാഈലാകുന്നു. ഇരിക്കാതെ, നില്‍ക്കുവാനും തണല്‍ കൊള്ളാതിരിക്കുവാനും സംസാരിക്കാതിരിക്കുവാനും നോമ്പെടുക്കുവാനും അയാള്‍ നേര്‍ച്ചയാക്കിയിരിക്കുന്നു.' അപ്പോള്‍ നബി ﷺ പറഞ്ഞു: 'അദ്ദേഹത്തോട് കല്‍പിക്കുക; അയാള്‍ സംസാരിക്കുകയും തണല്‍ കൊള്ളുകയും ഇരിക്കുകയും നോമ്പ് പൂര്‍ത്തിയാക്കുകയും ചെയ്തുകൊള്ളട്ടെ'' (ബുഖാരി).

മര്‍യം(റ) പ്രസവിച്ചു. കുഞ്ഞിനെയും കൂട്ടി അവര്‍ ജനങ്ങള്‍ക്കിടയിലേക്ക് പുറപ്പെട്ടു. ക്വുര്‍ആന്‍ പറയുന്നു:

''അനന്തരം അവനെ(കുട്ടിയെ)യും വഹിച്ചുകൊണ്ട് അവള്‍ തന്റെ ആളുകളുടെ അടുത്ത് ചെന്നു. അവര്‍ പറഞ്ഞു: മര്‍യമേ, ആക്ഷേപകരമായ ഒരു കാര്യം തന്നെയാകുന്നു നീ ചെയ്തിരിക്കുന്നത്'' (19:27).

ജനങ്ങള്‍ വിവരം അറിയുന്നതിന് മുമ്പ് തന്നെ കുടുംബം അത് അറിഞ്ഞിരുന്നു. അവരില്‍ നിന്ന് തന്നെ ഇഷ്ടക്കാരായ പലരുടെയും സംസാരവും അവര്‍ കേട്ടിരുന്നു. അവര്‍ ചോദിച്ചു: 'ഓ, മര്‍യം! വിത്തില്‍ നിന്നല്ലാതെ കൃഷി ഉണ്ടാകുമോ?' അവര്‍(മര്‍യം) പറഞ്ഞു: 'അതെ! ആദ്യത്തെ കൃഷിയെ സൃഷ്ടിച്ചത് ആരാണ്?' പിന്നീട് അയാള്‍ ചോദിച്ചു: 'വെള്ളത്തില്‍ നിന്നും മഴയില്‍നിന്നുമല്ലാതെ വൃക്ഷം ഉണ്ടായിട്ടുണ്ടോ?' അവര്‍ പറഞ്ഞു: 'അതെ, അപ്പോള്‍ ആരാണ് ആദ്യത്തെ വൃക്ഷത്തെ സൃഷ്ടിച്ചത്?' പിന്നീട് അയാള്‍ ചോദിച്ചു: 'ഒരു പുരുഷനില്‍ നിന്നല്ലാതെ ഒരു കുഞ്ഞ് ഉണ്ടാകുമോ?' അവര്‍ പറഞ്ഞു: 'അതെ, അപ്പോള്‍ ആരാണ് ആണില്‍ നിന്നും പെണ്ണില്‍ നിന്നുമല്ലാതെ ആദ്യത്തെ മനുഷ്യനെ സൃഷ്ടിച്ചത്?'(അല്‍ ബിദായഃ വന്നിഹായഃ)

പരിഹസിക്കാനും താഴ്ത്തിക്കെട്ടാനുമായി ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്ക് അവര്‍ യുക്തിഭദ്രമായ മറുപടി നല്‍കി. അതിന് സാക്ഷികളായ വിശ്വാസികള്‍ക്ക് അവരുടെ മറുപടി തൃപ്തികരമായി. എന്നാല്‍ മര്‍യമിനോട് വെറുപ്പും വിദ്വേഷവും വെച്ച് നടക്കുന്ന ശത്രുക്കള്‍ക്ക് അവരെ തകര്‍ക്കാന്‍ പറ്റിയ അവസരം കൈവന്നിരിക്കുകയാണല്ലോ. അവര്‍ അത് മുതലെടുത്തു. അവര്‍ അവരുടെ ആരോപണം ശക്തമാക്കി. സകരിയ്യാ നബി(അ)യെയും മര്‍യമി(റ)നെയും അവിടെ ഉണ്ടായിരുന്ന യൂസുഫ് അന്നജ്ജാറിനെയും ബന്ധപ്പെടുത്തി പലതും കെട്ടിയുണ്ടാക്കി അവര്‍ പ്രചാരണം തുടങ്ങിയിരുന്നു.

''ഹേ; ഹാറൂന്റെ സഹോദരീ, നിന്റെ  പിതാവ് ഒരു ചീത്ത മനുഷ്യനായിരുന്നില്ല. നിന്റെ മാതാവ് ഒരു ദുര്‍നടപടിക്കാരിയുമായിരുന്നില്ല'' (ക്വുര്‍ആന്‍ 19:28).

മര്‍യമിന്റെ പിതാവ് ഇംറാനും മാതാവ് ഹന്നയും ആ നാട്ടില്‍ പ്രശസ്തരായിരുന്നു. അവരാരും യാതൊരു ദുര്‍വൃത്തിയും ചെയ്തിരുന്നില്ലല്ലോ. പിന്നെ നീ എങ്ങനെ ഇങ്ങനെയായി എന്നതാണ് അവരുടെ ചോദ്യം. അന്യായമായി ആ ദുഷ്ടന്മാര്‍ മര്‍യം ബീവി(അ)യുടെയും മറ്റുള്ളവരുടെയും പേരില്‍ വ്യഭിചാരാരോപണം നടത്തി. 

മര്‍യം(അ)യുടെ സഹോദരനായി പരിചയപ്പെടുത്തിയ ഹാറൂന്‍ മൂസാ(അ)യുടെ സഹോദരന്‍ ഹാറൂന്‍(അ) അല്ല. മൂസാ നബി(അ)യുടെയും ഈസാ നബി(അ)യുടെയും ഇടയില്‍ പതിമൂന്ന് നൂറ്റാണ്ടിന്റെ ദൈര്‍ഘ്യമുണ്ട്. എന്നാല്‍ ഈ കാര്യം മനസ്സിലാക്കാത്ത ചിലര്‍ ക്വുര്‍ആനിലെ അബദ്ധമായി ഇതിനെ ഉയര്‍ത്തിക്കാട്ടാറുണ്ട്. യഥാര്‍ഥത്തില്‍ ഇത് മര്‍യം ബീവി(അ)യുടെ ഒരു സഹോദരന്‍ തന്നെയാണ്. ഇതിന് ബലം നല്‍കുന്ന ഒരു ഹദീഥ് കാണുക:

മുഗീറത്തുബ്‌നു ശുഅ്ബ(റ)യില്‍ നിന്ന് നിവേദനം; അദ്ദേഹം പറഞ്ഞു: ''ഞാന്‍ നജ്‌റാനില്‍ ചെന്നപ്പോള്‍ അവര്‍ എന്നോട് (പലതും) ചോദിച്ചു. എന്നിട്ട് അവര്‍ പറഞ്ഞു: 'ഓ, ഹാറൂനിന്റെ സഹോദരീ എന്ന് നിങ്ങള്‍ പാരായണം ചെയ്യുന്നുണ്ടല്ലോ? മൂസാ ഈസാക്ക് മുമ്പ് ഇങ്ങനെയും ഇങ്ങനെയുമൊക്കെയാണല്ലോ. (കാലദൈര്‍ഘ്യം ഉണ്ടല്ലോ എന്നര്‍ഥം). അങ്ങനെ ഞാന്‍ നബി ﷺ യുടെ അടുത്ത് ചെന്ന് അതിനെ സംബന്ധിച്ച് ചോദിച്ചു. അപ്പോള്‍ നബി ﷺ പറഞ്ഞു: 'തീര്‍ച്ചയായും അവര്‍ അവരുടെ (മക്കള്‍ക്ക്) മുമ്പുണ്ടായിരുന്ന പ്രവാചകന്മാരുടെയും നല്ല ആളുകളുടെയും പേര് വിളിക്കാറുണ്ടായിരുന്നു''(മുസ്‌ലിം).

പ്രസ്തുത ക്വുര്‍ആന്‍ വചനത്തിലെ ഹാറൂന്‍ എന്ന വ്യക്തി മര്‍യം ബീവി(റ)യുടെ ഒരു സഹോദരന്‍ തന്നെയാണ് എന്ന് ഈ നബിവചനം നമുക്ക് വ്യക്തമാക്കിത്തരുന്നു. മാത്രവുമല്ല, ഹാറൂന്‍ എന്ന നാമം പിന്നീട് ആ സമൂഹത്തില്‍ ധാരാളം പേര്‍ക്ക് പേര് വിളിക്കപ്പെട്ടതായി പല റിപ്പോര്‍ട്ടുകളിലും കാണാവുന്നതാണ്. 

യഹൂദികള്‍ അല്ലാഹുവിന്റെ ശാപ കോപങ്ങള്‍ക്ക് വിധേയരായവരാണല്ലോ. അതിന് പല കാരണങ്ങളും ഉണ്ട്. അതില്‍ ഒന്ന് ക്വുര്‍ആന്‍ പറയുന്നു:

''അവരുടെ സത്യനിഷേധം കാരണമായും മര്‍യമിന്റെ പേരില്‍ അവര്‍ ഗുരുതരമായ അപവാദം പറഞ്ഞതിനാലും...'' (4:156).

അല്ലാഹു ഏറെ മഹത്ത്വപ്പെടുത്തിയ മര്‍യം ബീവി(അ)യുടെ പേരില്‍ വമ്പിച്ച കളവ് പ്രചരിപ്പിച്ചതിനാല്‍ അല്ലാഹു അവരെ ശപിച്ചിരിക്കുന്നു.

മര്‍യം(അ) ജനങ്ങളിലേക്ക് കുഞ്ഞിനെയുമായി ചെന്നപ്പോള്‍ വമ്പിച്ച അപവാദങ്ങളും ഇല്ലാ കഥകളും തനിക്കും സകരിയ്യാ നബി(അ)ക്കും യൂസുഫ് എന്ന അവിടെയുണ്ടായിരുന്ന ആ നല്ല മനുഷ്യനും എതിരില്‍ പറഞ്ഞുകൊണ്ടിരിക്കുന്നു. മഹതിക്ക് അത് സഹിക്കാന്‍ സാധിച്ചില്ല. എന്ത് ചെയ്യും? ക്വുര്‍ആന്‍ പറയുന്നു:

''അപ്പോള്‍ അവള്‍ അവന്റെ (കുട്ടിയുടെ) നേരെ ചൂണ്ടിക്കാണിച്ചു. അവര്‍ (ജനങ്ങള്‍) പറഞ്ഞു: തൊട്ടിലിലുള്ള ഒരു കുട്ടിയോട് ഞങ്ങള്‍ എങ്ങനെ സംസാരിക്കും?'' (19:29)

ഈ പശ്ചാത്തലത്തെ പറ്റി ഇബ്‌നുകഥീര്‍(റ) വിവരിക്കുന്നത് കാണുക: ''ശത്രുക്കള്‍ മര്‍യമിനെ അങ്ങേയറ്റം പ്രയാസപ്പെടുത്തി. 'അപ്പോള്‍ അവള്‍ അവന്റെ (കുട്ടിയുടെ) നേരെ ചൂണ്ടിക്കാണിച്ചു.' അതായത് അവനോട് സംസാരിച്ചുകൊള്ളുക. അവന്‍ നിങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം തരുന്നതാണ്. അത് അവര്‍ക്ക് ഇഷ്ടമായില്ല. അവര്‍ ദേഷ്യത്തോടെ ചോദിച്ചു: 'തൊട്ടിലിലുള്ള ഒരു കുട്ടിയോട് ഞങ്ങള്‍ എങ്ങനെ സംസാരിക്കും?' 

അത്ഭുതം! ''അവന്‍ (കുട്ടി) പറഞ്ഞു: ഞാന്‍ അല്ലാഹുവിന്റെ ദാസനാകുന്നു. അവന്‍ എനിക്ക് വേദഗ്രന്ഥം നല്‍കുകയും എന്നെ അവന്‍ പ്രവാചകനാക്കുകയും ചെയ്തിരിക്കുന്നു. ഞാന്‍ എവിടെയായിരുന്നാലും എന്നെ അവന്‍ അനുഗൃഹീതനാക്കിയിരിക്കുന്നു. ഞാന്‍ ജീവിച്ചിരിക്കുന്ന കാലമത്രയും നമസ്‌കരിക്കുവാനും സകാത്ത് നല്‍കുവാനും അവന്‍ എന്നോട് അനുശാസിക്കുകയും ചെയ്തിരിക്കുന്നു. (അവന്‍ എന്നെ) എന്റെ മാതാവിനോട് നല്ല നിലയില്‍ പെരുമാറുന്നവനും (ആക്കിയിരിക്കുന്നു). അവന്‍ എന്നെ നിഷ്ഠൂരനും ഭാഗ്യം കെട്ടവനുമാക്കിയിട്ടില്ല. ഞാന്‍ ജനിച്ച ദിവസവും മരിക്കുന്ന ദിവസവും ജീവനോടെ എഴുന്നേല്‍പിക്കപ്പെടുന്ന ദിവസവും എന്റെ മേല്‍ ശാന്തി ഉണ്ടായിരിക്കും'' (ക്വുര്‍ആന്‍ 19:30-33).