ഈസാ നബി (അ) യുടെ പുനരാഗമനം

ഹുസൈന്‍ സലഫി, ഷാര്‍ജ

2019 മെയ് 18 1440 റമദാന്‍ 13

(ഈസാ നബി(അ): 10)

അല്ലാഹുവിലേക്ക് ഉയര്‍ത്തപ്പെട്ട ഈസാ(അ) അന്ത്യനാളിനോട് അടുത്ത സമയത്ത് വീണ്ടും ഈ ലോകത്തേക്ക് തിരിച്ചു വരുന്നതാണ്. വിശുദ്ധ ക്വുര്‍ആന്‍ ആ കാര്യത്തിലേക്ക് സൂചന നല്‍കുന്നുണ്ട്:

''തീര്‍ച്ചയായും അദ്ദേഹം അന്ത്യസമയത്തിന്നുള്ള ഒരു അറിയിപ്പാകുന്നു...'' (43:61).

''വേദക്കാരില്‍ ആരും തന്നെ അദ്ദേഹത്തിന്റെ (ഈസായുടെ) മരണത്തിനു മുമ്പ് അദ്ദേഹത്തില്‍ വിശ്വസിക്കാത്തവരായി ഉണ്ടാവുകയില്ല. ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളിലാകട്ടെ അദ്ദേഹം അവര്‍ക്കെതിരില്‍ സാക്ഷിയാകുകയും ചെയ്യും'' (4:159).

ഇമാം ബുഖാരി(റ)യെ പോലുള്ള പണ്ഡിതന്മാര്‍ ഈസാ നബി(അ) അന്ത്യദിനത്തിന് മുമ്പായി വരുന്നമെന്നതിന് ഈ സൂക്തത്തെ തെളിവാക്കിയതായി കാണാം.

ഈസാ(അ) അന്ത്യദിനത്തിന് മുമ്പ് വരുമെന്നും ആ സമയത്ത് വേദക്കാരായ ജൂത-ക്രൈസ്തവര്‍ക്ക് സത്യം ബോധ്യപ്പെടുകയും അവര്‍ അദ്ദേഹത്തില്‍ വിശ്വസിക്കുകയും ചെയ്യുമെന്ന് അല്ലാഹു അറിയിക്കുകയാണ് ഈ സൂക്തത്തിലൂടെ. ഈ സൂക്തം ഈസാ(അ) മരണപ്പെട്ടിട്ടില്ല എന്നും വ്യക്തമാക്കുന്നുണ്ട്. 

ഈസാ നബി(അ) രണ്ടാമത് വരുന്നതിനെ പറ്റി നബി ﷺ  നമുക്ക് വിശദമായി പറഞ്ഞു തന്നിട്ടുണ്ട്. എവിടെയാണ് അദ്ദേഹം ഇറങ്ങുക, എപ്പോഴാണ് അദ്ദേഹം ഇറങ്ങുക എന്നെല്ലാം അദ്ദേഹം നമുക്ക് വ്യക്തമാക്കിത്തന്നിട്ടുണ്ട്. ഇറങ്ങി വരുന്ന സമയത്തെ ശാരീരികമായ അവസ്ഥകള്‍ വരെ നമുക്ക് പഠിപ്പിച്ചു തന്നിട്ടുണ്ട്. ദമസ്‌കസിന്റെ കിഴക്ക് ഭാഗത്തുള്ള വെള്ള മിനാരത്തിന്റെ സമീപത്തായിരിക്കും ഈസാ(അ) ഇറങ്ങുക.

ഗൂഗിളില്‍ ആ സ്ഥലത്തെ പറ്റി തിരയുന്നവര്‍ക്ക് മനാറത്തുല്‍ ബയ്ദ്വാഅ് (വെള്ള മിനാരം) എന്ന് അറബിയില്‍ എഴുതിയത് കാണാം. അതു തന്നെയാണോ ഹദീഥില്‍ പറഞ്ഞത് എന്ന് ഉറപ്പിച്ച് പറയാന്‍ നമുക്ക് സാധ്യമല്ല, ചിലപ്പോള്‍ ആ കാലത്തേക്ക് വേറെ അവിടെ ഉണ്ടാകുമോ എന്നും നമുക്ക് അറിയില്ല. അല്ലാഹുവാണ് നന്നായി അറിയുന്നവന്‍.

ഈസാ(അ) ഇറങ്ങിവരുമ്പോള്‍ രണ്ട് മലക്കുകളുടെ ചിറകുകളില്‍ കൈ വെച്ച അവസ്ഥയായിരിക്കും. അദ്ദേഹത്തിന്റെ ചുമലുകള്‍ക്കിടയില്‍ കുങ്കുമ നിറത്തിലുള്ള -അല്ലെങ്കില്‍ മഞ്ഞ നിറത്തിലുള്ള- രണ്ട് പുതപ്പും ഉണ്ടായിരിക്കും. തല താഴ്ത്തുമ്പോള്‍ വെള്ളം ഇറ്റി വീഴുകയും തല ഉയര്‍ത്തിയാല്‍ മുത്തുമണികളെ പോലെ തുള്ളികള്‍ ഇറ്റി വീഴുകയും ചെയ്യും. അതൊരു അത്ഭുതകരമായ പ്രത്യേകതയാണ്. തല നനഞ്ഞ അവസ്ഥയാകും എന്ന് നാം വിചാരിക്കരുത്. ഒത്ത ശരീര പ്രകൃതിയുള്ള, ചുവപ്പും വെളുപ്പും കലര്‍ന്ന സുന്ദര രൂപമായിരിക്കും ഈസാ നബി(അ)ക്ക് ഉണ്ടാവുക.

ദജ്ജാലിന്റെ കുഴപ്പങ്ങള്‍ കാരണം വിശ്വാസികള്‍ പൊറുതിമുട്ടി നില്‍ക്കുന്ന സമയത്ത്, അവനെതിരില്‍ പോരാടല്‍ മാത്രമാണ് വഴി എന്ന് മനസ്സിലാക്കി അതിന് തയ്യാറായി;  സ്വുബ്ഹി നമസ്‌കാരത്തിന് അണികള്‍ ശരിപ്പെടുത്തുന്ന സമയത്ത്, അവരുടെ അന്നത്തെ ഇമാം വിശ്വാസികളെയും കൂട്ടി നമസ്‌കാരത്തിന് ഒരുങ്ങുന്ന വേളയിലായിരിക്കും ഈസാ നബി(അ) ഇറങ്ങി വരിക. ആ ഇമാമാണ് 'ഇമാം മഹ്ദി' എന്ന പേരില്‍ അറിയപ്പെടുന്നത്. ഇമാം മഹ്ദി ഈസാ നബി(അ)യെ കാണുമ്പോള്‍ അദ്ദേഹത്തെ മാനിച്ച് അദ്ദേഹം ഇമാമായി നില്‍ക്കുവാന്‍ പുറകിലേക്ക് മാറി നില്‍ക്കും. അപ്പോള്‍ ഈസാ നബി(അ) ഇമാം മഹ്ദിയുടെ രണ്ട് ചുമലുകള്‍ക്കിടയില്‍ കൈ വെച്ച് അദ്ദേഹത്തോട് തന്നെ ഇമാമായി നില്‍ക്കാന്‍ പറയും. ഇമാം മഹ്ദി ഇമാമായി നില്‍ക്കും. ഈസാ നബി(അ) അദ്ദേഹത്തെ പിന്തുടരുകയും ചെയ്യും.

'എനിക്ക് ശേഷം ഒരു നബി വരാനില്ല' എന്ന നബിവചനത്തിന് എതിരല്ല ഈസാ നബി(അ)യുടെ ഈ വരവ്. കാരണം ഈസാ(അ) സ്വതന്ത്രനായ ഒരു നബിയായി ഇഞ്ചീലനുസരിച്ച് ജനങ്ങളെ വഴി നടത്താനല്ല വരുന്നത്. മറിച്ച് മുഹമ്മദ് നബി ﷺ യുടെ ശരീഅത്തിലായി, അതനുസരിച്ച് നബിയെ പിന്തുടരുന്ന ആളായിട്ടാണ് വരുന്നത്. ദജ്ജാലിന്റെ കാലശേഷം ഈസാ(അ) ജനങ്ങളെ ഭരിക്കുന്നത് ക്വുര്‍ആനിന്റെയും മുഹമ്മദ് നബി ﷺ യുടെ സുന്നത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും. മുഹമ്മദ് നബി ﷺ ക്ക് ശേഷം ഈസാ നബി(അ) വരുന്നതിനെ പറ്റി പ്രമാണങ്ങള്‍ നമുക്ക് വ്യക്തമാക്കിത്തന്നിട്ടുള്ള കാര്യങ്ങളാണിത്. 

ഈസാ(അ) വന്ന് കഴിഞ്ഞാല്‍ ആദ്യമായി ചെയ്യുക ദജ്ജാലിനെ കൊല്ലലാണ്. ദജ്ജാല്‍ അപ്പോഴേക്കും രാജ്യം മുഴുവനും സഞ്ചരിച്ച് കുഴപ്പങ്ങള്‍ സൃഷ്ടിച്ചിരിക്കും. പതിനായിരക്കണക്കിന് യഹൂദികള്‍ അവനെ പിന്തുടര്‍ന്നിരിക്കും. ധാരാളം സ്ത്രീകളും അവന്റെ പുറകിലുണ്ടായിരിക്കും.

ദജ്ജാല്‍ ഫലസ്തീനിലെ ഈലിയാ പര്‍വതത്തിന്റെ അടുത്ത് ചെല്ലും. അവിടെയുള്ള മുസ്‌ലിംകളെ അവന്‍ ഉപരോധിക്കും. അങ്ങനെ അവിടെയുള്ള മുസ്‌ലിംകള്‍ അവനെതിരില്‍ ഒരുമിക്കാന്‍ തയ്യാറാകും. ആ അവസരത്തില്‍ ഈസാ(അ) അവരുടെ അടുത്തേക്ക് ചെല്ലും; എന്നിട്ട് ദജ്ജാലും അണികളും ഉള്ള ഭാഗത്തെ കവാടം തുറക്കാന്‍ വിശ്വാസികളോട് ആവശ്യപ്പെടും. വാതില്‍ തുറക്കുമ്പോള്‍ അതിന്റെ സമീപത്ത് ദജ്ജാല്‍ ഇരിപ്പുണ്ടാകും. അവന്റെ കൂടെ യുദ്ധത്തിന് സജ്ജരായി വാളുകളേന്തി എഴുപതിനായിരം ജൂതന്മാരും ഉണ്ടാകും.

ഉപ്പ് വെള്ളത്തില്‍ ലയിക്കുന്നത് പോലെ, ദജ്ജാല്‍ ഈസാ നബി(അ)യെ കാണുമ്പോഴേക്ക് തന്നെ ഉരുകിപ്പോകുന്നതാണ്. അവന്റെ ശക്തിയെല്ലാം ക്ഷയിക്കുന്നതാണ്. ഈസാ നബി(അ)ക്ക് ആ സമയത്തെ ശ്വാസോച്ഛ്വാസത്തിന് പ്രത്യേക ഗന്ധമുണ്ടാകുമെന്നാണ് നബി ﷺ  നമ്മെ പഠിപ്പിക്കുന്നത്. അതും ഒരു അത്ഭുതമാണ്. അത് വിശ്വാസികള്‍ക്ക് യാതൊരു പ്രയാസവും സൃഷ്ടിക്കുന്നതല്ല. അവിശ്വാസികള്‍ അത് ശ്വസിക്കുമ്പോഴേക്ക് നശിക്കുകയും ചെയ്യും.

ഞാന്‍ റബ്ബാണെന്ന് വാദിച്ച, സ്വര്‍ഗവും നരകവും എന്റെ അടുത്തുണ്ട്, ജീവിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നവന്‍ ഞാനാണ് എന്ന് വാദിച്ച ദജ്ജാല്‍ ദുര്‍ബലനാവും. അങ്ങനെ ദജ്ജാല്‍ പേടിച്ച് ഓടും. ഈസാ(അ) അവനെ പിന്തുടരും. ഫലസ്തീനിലെ കിഴക്ക് ഭാഗത്തുള്ള 'ബാബുലുദ്ദ്' എന്ന സ്ഥലത്ത് വെച്ച് അവനെ കാണും. അവിടെ വെച്ച് ഈസാ(അ) അവനെ കൊല്ലുകയും ചെയ്യും. അവനെ കൊന്നതിന് ശേഷം അവന്റെ രക്തം കുന്തത്തില്‍ പുരണ്ടത് ജനങ്ങള്‍ക്ക് കാണിക്കുകയും ചെയ്യും.

ദജ്ജാലിന്റെ കൂടെയുള്ള ജൂതപ്പട ശേഷം അഭയം തേടി ഓടിയൊളിച്ചിരിക്കും. മുസ്‌ലിംകളുടെ തകര്‍ച്ചക്ക് ഒളിഞ്ഞും തെളിഞ്ഞും പ്രവര്‍ത്തിക്കുന്ന ജൂതന്മാര്‍ പരാജയപ്പെടുകയാണ്. നേതാവ് കൊല്ലപ്പെട്ടത് ജൂതന്മാര്‍ കണ്ടു. അവര്‍ എവിടെ മറഞ്ഞ് നില്‍ക്കാന്‍ ശ്രമിക്കുമ്പോഴും അവയെല്ലാം മുസ്‌ലിംകള്‍ക്ക് പറഞ്ഞു കൊടുക്കും. 'ഓ അല്ലാഹുവിന്റെ അടിമേ...! എന്റെ പിന്നില്‍ ഒരു യഹൂദിയിരിക്കുന്നു' എന്നിങ്ങനെ കല്ലും മരങ്ങളും എല്ലാം വിളിച്ചു പറയും. 'ഗര്‍ക്വദ്' മരം ഒഴികെ.

കല്ല്, മരം തുടങ്ങിയ വസ്തുക്കള്‍ സംസാരിക്കുന്നതിനെ അംഗീകരിക്കാന്‍ ചില മതയുക്തിവാദികള്‍ക്ക് സാധിക്കുന്നില്ല. എന്നാല്‍ റസൂല്‍ ﷺ  പറഞ്ഞ കാര്യത്തെ യഹൂദികള്‍ പോലും അംഗീകരിക്കുന്നുണ്ട്. അതിനാല്‍ തന്നെ യഹൂദികള്‍ ഇസ്രായേലില്‍ ധാരാളമായി നട്ടുപിടിപ്പിക്കുന്ന വൃക്ഷമുണ്ടെങ്കില്‍ അത് 'ഗര്‍ക്വദാണ്.' മുഹമ്മദ് നബി ﷺ യില്‍ നിന്ന് സത്യം വ്യക്തമായി തിരിച്ചറിഞ്ഞിട്ടും അംഗീകരിക്കുവാന്‍ തയ്യാറാകാതെ നിഷേധം കാണിക്കുകയാണ് അവര്‍ ചെയ്യുന്നത്.

ഈസാ നബി(അ)യുടെ പുനരാഗമനത്തെക്കുറിച്ച് നബി ﷺ  നമുക്ക് മുന്നറിയിപ്പ് നല്‍കിയ ഓരോ കാര്യവും നമുക്ക് വിശ്വാസം വര്‍ധിപ്പിക്കുന്നതാകണം.