ആകാശത്ത് നിന്നും ഭക്ഷണത്തളിക

ഹുസൈന്‍ സലഫി, ഷാര്‍ജ

2019 ഏപ്രില്‍ 27 1440 ശഅബാന്‍ 22

(ഈസാ നബി(അ): 7)

ഈസാ നബി(അ) ജനങ്ങളെ തൗഹീദിലേക്ക് അഥവാ ഏകദൈവ വിശ്വാസത്തിലേക്ക് ക്ഷണിച്ചതിനുള്ള ഉദാഹരണം കൈകടത്തലുകള്‍ക്ക് വിധേയമായ പുതിയ നിയമത്തില്‍ നിന്നു തന്നെ നാം കാണുകയുണ്ടായി. അപ്രകാരം തന്നെ പരലോക വിശ്വാസത്തെ സംബന്ധിച്ചും അദ്ദേഹം ജനങ്ങളെ ഉത്‌ബോധിപ്പിച്ചതായി കാണാം. നരകാഗ്‌നിയില്‍ നിന്ന് രക്ഷപ്പെട്ട് സ്വര്‍ഗത്തില്‍ പ്രവേശിക്കുകയാണ് മനുഷ്യജീവിതത്തിന്റെ പരമമായ ലക്ഷ്യമെന്ന് അദ്ദേഹം പഠിപ്പിച്ചു. നശ്വരമായ ഈ ലോകത്തിലെ സുഖഭോഗങ്ങളെക്കാള്‍ ഉദാത്തം അനശ്വരമായ സ്വര്‍ഗരാജ്യത്തിലെ ശാശ്വത വാസമാണെന്ന് ഈസാ നബി(അ) ജനങ്ങളെ പഠിപ്പിക്കുകയുണ്ടായി. എത്ര സുന്ദരമായ ഉദാഹരണങ്ങളിലൂടെയാണ് അദ്ദേഹം ഈ കാര്യങ്ങള്‍ ജനങ്ങളെ പഠിപ്പിച്ചതെന്ന് കാണുക: 'ഭൂമിയില്‍ നിക്ഷേപം കരുതിവെക്കരുത്. തുരുമ്പും കീടങ്ങളും അത് നശിപ്പിക്കും. കള്ളന്മാര്‍ തുരന്ന് നശിപ്പിക്കും. എന്നാല്‍ സ്വര്‍ഗത്തില്‍ നിങ്ങള്‍ക്കായി നിക്ഷേപങ്ങള്‍ കരുതിവെക്കുക. അവിടെ തുരുമ്പും കീടങ്ങളും അതു നശിപ്പിക്കുകയില്ല. കള്ളന്മാര്‍ മോഷ്ടിക്കുകയില്ല' (മത്തായി 6:19-21).

ശരീരം മുഴുവന്‍ നരകാഗ്‌നിയില്‍ പതിക്കുന്നതിനെക്കാള്‍ ഉത്തമം ഇവിടെ വെച്ച് പാപഹേതുവാകുന്ന അവയവങ്ങള്‍ ഛേദിച്ചു കളയുന്നതാണെന്ന് കര്‍ക്കശമായി പഠിപ്പിക്കുന്നു യേശുക്രിസ്തു. ഇഹലോകത്ത് ജീവന്‍ തന്നെ നഷ്ടപ്പെട്ടാലും പരലോകത്ത് നരകത്തില്‍ നിന്ന് രക്ഷപ്പെടുന്നതാണ് ഉത്തമം എന്നും അദ്ദേഹം ജനങ്ങളെ ഉപദേശിച്ചതില്‍ നമുക്ക് കാണാവുന്നതാണ്. 'നീ പാപം ചെയ്യാന്‍ നിന്റെ കൈ കാരണമാകുന്നുവെങ്കില്‍ അത് വെട്ടിക്കളയുക. ഇരുകൈകളുമായി നരകത്തില്‍ വീഴുന്നതിനെക്കാള്‍ നല്ലത് വികലാംഗനായി ജീവനില്‍ പ്രവേശിക്കുന്നതാണ്. പാപം ചെയ്യാന്‍ നിന്റെ കാല്‍ കാരണമാകുന്നുവെങ്കില്‍ അത് വെട്ടിക്കളയുക. രണ്ടു കാലുള്ളവനായി നരകത്തില്‍ എറിയപ്പെടുന്നതിനെക്കാള്‍ നല്ലത് മുടന്തനായി ജീവനില്‍ പ്രവേശിക്കുന്നതാണ്. നീ പാപം ചെയ്യാന്‍ നിന്റെ കണ്ണ് കാരണമാകുന്നുവെങ്കില്‍ അത് ചൂഴ്‌ന്നെടുത്ത് കളയുക. ഇരു കണ്ണുകളുമായി നരകത്തില്‍ പ്രവേശിക്കുന്നതിനെക്കാള്‍ നല്ലത് ഒറ്റക്കണ്ണുമായി ദൈവരാജ്യത്തില്‍ പ്രവേശിക്കുന്നതാണ്. ആ നരകത്തില്‍ അവരുടെ പുഴുക്കള്‍ നശിക്കുന്നതല്ല. തീ കെടുന്നുമില്ല. കാരണം എല്ലാവരിലും തീ കൊണ്ട് ഉപ്പ് ചേര്‍ക്കും' (മാര്‍ക്കോസ് 9:43-50).

നന്മകള്‍ ചെയ്യുന്നിടത്ത് ആത്മാര്‍ഥതയാണ് വേണ്ടതെന്നും ജനങ്ങളെ കാണിപ്പിക്കരുതെന്നും ഈസാ(അ) ജനങ്ങളെ പഠിപ്പിച്ചു: 'മറ്റുള്ളവരെ കാണിക്കാന്‍ വേണ്ടി അവരുടെ മുന്നില്‍ വെച്ച് നിങ്ങളുടെ സല്‍കര്‍മങ്ങള്‍ അനുഷ്ഠിക്കാതിരിക്കാന്‍ സൂക്ഷിച്ചുകൊള്ളുവീന്‍. അല്ലെങ്കില്‍ സ്വര്‍ഗസ്ഥനായ പിതാവിങ്കല്‍ നിങ്ങള്‍ക്ക് പ്രതിഫലമില്ല' (മത്തായി 6:1). 

'വലതുകൈ ചെയ്യുന്നത് ഇടതുകൈ അറിയാതിരിക്കട്ടെ. രഹസ്യങ്ങള്‍ അറിയുന്ന പിതാവ് നിനക്ക് പ്രതിഫലം നല്‍കും' (മത്തായി 6:4).

കൊല്ലരുതെന്നും വ്യഭിചരിക്കരുതെന്നും ഈസാ(അ) ജനങ്ങളെ അനുശാസിച്ചിരുന്നു: 'ആസക്തിയോടെ സ്ത്രീയെ നോക്കുന്നവന്‍ ഹൃദയത്തില്‍ അവരുമായി വ്യഭിചാരം ചെയ്തുകഴിഞ്ഞു' (മത്തായി 5:27,28).

പലിശക്കെതിരിലും ഈസാ(അ) ശക്തമായി സംസാരിച്ചിട്ടുണ്ട്. അത് ഇന്ന് െ്രെകസ്തവര്‍ക്ക് അനുവദനീയമാണ് എന്നതാണ് വിചിത്രം!

സ്ത്രീ വേഷവിധാനത്തെ പറ്റി ഈസാ(അ) ജനങ്ങളോട് പറഞ്ഞത് കാണുക: 'സ്ത്രീ മൂടുപടമിടുന്നില്ലെങ്കില്‍ മുടി കത്രിച്ചു കളയട്ടെ. കത്രിക്കുന്നതോ ക്ഷൗരം ചെയ്യിക്കുന്നതോ സ്ത്രീക്ക് ലജ്ജയെങ്കില്‍ മൂടുപടം ഇട്ടുകൊള്ളട്ടെ' (1 കൊരിന്തിയര്‍ 11:6).

'പുരുഷന്റെ വസ്ത്രം സ്ത്രീയും സ്ത്രീയുടെ വസ്ത്രം പുരുഷനും ധരിക്കരുത്. അങ്ങിനെ ചെയ്യുന്നവരൊക്കെയും നിന്റെ ദൈവമായ യഹോവക്ക് വെറുപ്പാകുന്നു' (ആവര്‍ത്തന പുസ്തകം 22:5).

അന്ത്യപ്രവാചകന്റെ വരവിനെക്കുറിച്ചും ഈസാ(അ) ജനങ്ങളെ അറിയിച്ചിരുന്നു. ഈ കാര്യങ്ങളെല്ലാം ഇന്നും ബൈബിളില്‍ നിലനില്‍ക്കുന്നത് നമുക്ക് കാണാന്‍ കഴിയും. എന്നാല്‍ വേദ പുരോഹിതര്‍ ആ സന്ദേശത്തെ ദുര്‍വ്യാഖ്യാനിച്ച് നിഷേധിക്കുകയാണ് ചെയ്യുന്നത്. ഏത് കള്ളനും ചില അടയാളങ്ങള്‍ ശേഷിപ്പിക്കുമെന്ന് പറയുന്നത് പോലെ പല സത്യങ്ങളും ഇന്നും അവയില്‍ അവശേഷിച്ചു കൊണ്ടിരിക്കുന്നു. 

'ഞാന്‍ പോകുന്നത് നിങ്ങളുടെ നന്മക്കാണ്. ഞാന്‍ പോകാതിരുന്നാല്‍ സഹായകന്‍ നിങ്ങളുടെ അടുക്കല്‍ വരികയില്ല. ഇനിയും പലകാര്യങ്ങള്‍ എനിക്ക് നിങ്ങളോട് പറയാനുണ്ട്. എന്നാല്‍ ഇപ്പോള്‍ നിങ്ങള്‍ക്കത് താങ്ങാന്‍ സാധ്യമല്ല. സത്യാത്മാവ് വരുമ്പോള്‍ അവന്‍ നിങ്ങളെ എല്ലാ സത്യത്തിലേക്കും നയിക്കും. സ്വന്തം അധികാരത്തില്‍ ഒന്നും അവന്‍ പറയുകയില്ല. എന്നാല്‍ താന്‍ കേള്‍ക്കുന്നതെന്തും അവന്‍ പറയും. വരാനിരിക്കുന്ന കാര്യങ്ങള്‍ അവന്‍ നിങ്ങളോട് പ്രഖ്യാപിക്കും' (യോഹന്നാന്‍: 16:12-14).

ഈസാ(അ) അന്ത്യപ്രവാചകന്റെ വരവിനെ പറ്റി അറിയിച്ചതിനെക്കുറിച്ച് ക്വുര്‍ആന്‍ ഇപ്രകാരം പറയുന്നു:

''മര്‍യമിന്റെ മകന്‍ ഈസാ പറഞ്ഞ സന്ദര്‍ഭവും (ശ്രദ്ധേയമാകുന്നു:) ഇസ്രായീല്‍ സന്തതികളേ, എനിക്കു മുമ്പുള്ള തൗറാത്തിനെ സത്യപ്പെടുത്തുന്നവനായിക്കൊണ്ടും എനിക്ക് ശേഷം വരുന്ന അഹ്മദ് എന്നു പേരുള്ള ഒരു ദൂതനെപ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കുന്നവനായിക്കൊണ്ടും നിങ്ങളിലേക്ക് അല്ലാഹുവിന്റെ ദൂതനായി നിയോഗിക്കപ്പെട്ടവനാകുന്നു ഞാന്‍. അങ്ങനെ അദ്ദേഹം വ്യക്തമായ തെളിവുകളും കൊണ്ട് അവരുടെ അടുത്ത് ചെന്നപ്പോള്‍ അവര്‍ പറഞ്ഞു: ഇത് വ്യക്തമായ ജാലവിദ്യയാകുന്നു'' (61:6).

ഈസാ നബി(അ)ക്ക് അല്ലാഹു നല്‍കിയ ഇഞ്ചീല്‍ പുരോഹിതന്മാര്‍ അങ്ങേയറ്റം വികൃതമാക്കി. അതിനാല്‍ തന്നെ ഇന്ന് ക്രിസ്ത്യാനികളുടെ പക്കലുള്ള ബൈബിളിനെ ഒരു വേദഗ്രന്ഥത്തിന്റെ സ്ഥാനത്ത് നാം കണ്ടുകൂടാ.

ബൈബിളില്‍ ക്വുര്‍ആനിനോടോ സുന്നത്തിനോടോ യോജിപ്പിള്ള ആശയങ്ങള്‍ കണ്ടാല്‍ ആ സന്ദേശം ദൈവികമാകാന്‍ സാധ്യതയുണ്ടെന്നും വിയോജിപ്പുള്ളവയാണെങ്കില്‍ അത് തീര്‍ത്തും ദൈവിക ഗ്രന്ഥത്തില്‍ നടത്തിയ കൈകടത്തലാണെന്നും ക്വുര്‍ആനിലും സുന്നത്തിലും ഉള്ളവക്ക് എതിരാകാതിരിക്കുകയോ അനുകൂലമാകാതിരിക്കുകയോ ചെയ്യുന്നതാണെങ്കില്‍ അതിനെ പറ്റി മൗനം പാലിക്കുകയാണ് ചെയ്യേണ്ടത് എന്നുമാണ് ബൈബിളിനോട് മുസ്‌ലിം സ്വീകരിക്കേണ്ട സമീപനമെന്ന് പണ്ഡിതന്മാര്‍ നമുക്ക് പഠിപ്പിച്ചു തന്നിട്ടുണ്ട്.

ഓരോ മതക്കാര്‍ക്കും അവരുടെ വിശ്വാസം അനുസരിച്ച് ജീവിക്കാന്‍ ഈ ലോകത്ത് സ്വാതന്ത്ര്യമുണ്ട്. ഇതര മതക്കാരുടെ വിശ്വാസ ആചാരങ്ങളെ പഠന വിധേയമാക്കി സത്യത്തെയും അസത്യത്തെയും വേര്‍തിരിക്കുന്നതിനും ഇവിടെ സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ ഈ സ്വാതന്ത്ര്യം ഒരിക്കലും കയ്യേറ്റങ്ങള്‍ക്കോ വൈകാരിക പ്രകടനങ്ങള്‍ക്കോ ഇടയായിക്കൂടാ. ആശയങ്ങള്‍ തമ്മില്‍ പരസ്പരം മാറ്റുരച്ച് വിശദീകരിക്കുക മാത്രമാണ് ഈ സ്വാതന്ത്ര്യത്തില്‍ ഒതുങ്ങി നിന്ന് ചെയ്യേണ്ടത്. ഇപ്രകാരം മനുഷ്യര്‍ക്കിടയില്‍ പഠനങ്ങളും വിമര്‍ശനങ്ങളും ഉണ്ടാകുമ്പോള്‍ ആളുകള്‍ക്ക് തെറ്റും ശരിയും വേര്‍തിരിച്ച് മനസ്സിലാക്കാനും പരസ്പരം അടുക്കാനും സാധിക്കും. ഇത്തരം ആശയ പ്രചാരണം നടക്കാതിരുന്നാല്‍ തെറ്റുധാരണകള്‍ വര്‍ധിക്കും. അത് മാനുഷികബന്ധങ്ങളെ സാരമായി ബാധിക്കും. 

ഈസാ നബി(അ) ജനങ്ങളെ ശുദ്ധമായ തൗഹീദിലേക്ക് ക്ഷണിച്ചു. എന്നാല്‍ എല്ലാ പ്രവാചകന്മാര്‍ക്കും ശത്രുക്കള്‍ ഉണ്ടായത് പോലെ അദ്ദേഹത്തിനും സ്വന്തം സമൂഹത്തില്‍ നിന്ന് ശത്രുക്കള്‍ ഉണ്ടായി. അദ്ദേഹത്തെ അവര്‍ കൊല്ലാന്‍ തയ്യാറായി. അവര്‍ക്ക് അതിന് സാധിച്ചില്ല എന്നു മാത്രം. ആ കാര്യങ്ങള്‍ നാം വിശദീകരിച്ചു. ശത്രുത വര്‍ധിച്ചപ്പോഴും പ്രബോധന വീഥിയില്‍ നിന്ന് അദ്ദേഹം പിന്മാറിയില്ല.

ശത്രുക്കളുടെ നിഷേധം നാള്‍ക്കുനാള്‍ വര്‍ധിച്ചു. ഈസാ നബി(അ)ക്ക് അവരുടെ ചെയ്തികളില്‍ നിന്ന് അത് മനസ്സിലായി. അപ്പോള്‍ അദ്ദേഹം തന്റെ സമൂഹത്തോട് ചോദിച്ചു: ആരുണ്ട് എന്റെ കൂടെ ഉറച്ച് നില്‍ക്കാന്‍? ആ സന്ദര്‍ഭത്തെ ക്വുര്‍ആന്‍ ഇപ്രകാരം വിവരിക്കുന്നു.

''എന്നിട്ട് ഈസായ്ക്ക് അവരുടെ നിഷേധസ്വഭാവം ബോധ്യമായപ്പോള്‍ അദ്ദേഹം പറഞ്ഞു: അല്ലാഹുവിങ്കലേക്ക് എന്റെ സഹായികളായി ആരുണ്ട്? ഹവാരികള്‍ പറഞ്ഞു: ഞങ്ങള്‍ അല്ലാഹുവിന്റെ സഹായികളാകുന്നു. ഞങ്ങള്‍ അല്ലാഹുവില്‍ വിശ്വസിച്ചിരിക്കുന്നു. ഞങ്ങള്‍ (അല്ലാഹുവിന്ന്) കീഴ്‌പെട്ടവരാണ് എന്നതിന് താങ്കള്‍ സാക്ഷ്യം വഹിക്കുകയും ചെയ്യണം. (തുടര്‍ന്ന്  അവര്‍ പ്രാര്‍ഥിച്ചു:) ഞങ്ങളുടെ നാഥാ, നീ അവതരിപ്പിച്ചു തന്നതില്‍ ഞങ്ങള്‍ വിശ്വസിക്കുകയും, (നിന്റെ) ദൂതനെ ഞങ്ങള്‍ പിന്‍പറ്റുകയും ചെയ്തിരിക്കുന്നു. ആകയാല്‍ സാക്ഷ്യം വഹിച്ചവരോടൊപ്പം ഞങ്ങളെ നീ രേഖപ്പെടുത്തേണമേ. അവര്‍ (സത്യനിഷേധികള്‍) തന്ത്രം പ്രയോഗിച്ചു. അല്ലാഹുവും തന്ത്രം പ്രയോഗിച്ചു. അല്ലാഹു നന്നായി തന്ത്രം പ്രയോഗിക്കുന്നവനാകുന്നു'' (3:52-54).

ഈസാ(അ) ജനങ്ങളെ ധാരാളം ഉപദേശിച്ചു. എന്നാല്‍ അധിക പേരും അവിശ്വസിക്കുകയും അനുസരണക്കേട് കാണിക്കുകയും ചെയ്യുകയാണ് ഉണ്ടായത്. ഭൂരിപക്ഷം ജനങ്ങളുടെയും ഈ സമീപനം സ്വാഭാവികമായും ഈസാ(അ)നെ വിഷമിപ്പിച്ചു. ഈ ഘട്ടത്തില്‍ ചോദിച്ച കാര്യങ്ങളാണ് മുകളിലെ സൂക്തങ്ങളില്‍ നാം കണ്ടത്.

ഞാന്‍ നിങ്ങളോട് പറയുന്ന ദൈവിക സന്ദേശം കളങ്കമില്ലാതെ ജനങ്ങള്‍ക്കിടയില്‍ പ്രബോധനം നടത്താനും 'അല്ലാഹു അല്ലാതെ ആരാധനക്കര്‍ഹനില്ല; ഈസാ അല്ലാഹുവിന്റെ ദൂതനാകുന്നു' എന്ന മാര്‍ഗത്തില്‍ ഉറച്ച് നിന്ന് എന്നെ സഹായിക്കാനും നിങ്ങളില്‍ ആരാണ് തയ്യാറുള്ളവര്‍ എന്ന് ഈസാ(അ) ഇസ്രാഈല്യരോട് ചോദിച്ചു. ഈ ചോദ്യത്തിന് അവരില്‍ കുറച്ച് പേര്‍ ഉത്തരം നല്‍കി. അവരാണ് ഹവാരികള്‍. 'ഹവാരിയ്യ്' എന്നതിന് സഹായി എന്നാണ് നമുക്ക് അര്‍ഥം നല്‍കാന്‍ കഴിയുക. അഥവാ, അല്ലാഹുവിന്റെ മതം പ്രചരിപ്പിക്കുകയും പ്രബോധനം ചെയ്യുകയും ചെയ്യുന്നതില്‍ ഞങ്ങള്‍ ഞങ്ങള്‍ക്ക് കഴിയുന്നതെല്ലാം ചെയ്യാം എന്ന് പറഞ്ഞ് മുന്നോട്ട് വന്നവര്‍. ഇവരാണ് ഈസാനബി(അ)യുടെ ശിഷ്യന്മാരായി അറിയപ്പെട്ടത്. ഇവര്‍ 'അപ്പോസ്തലന്മാര്‍' എന്ന പേരിലാണ് അറിയപ്പെടുന്നത്. ഈ അപ്പോസ്തലന്മാര്‍ പന്ത്രണ്ട് പേരായിരുന്നു എന്നാണ് ചരിത്രത്തില്‍ നിന്ന് നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നത്. അല്ലാഹുവാണ് നന്നായി അറിയുന്നവന്‍.

അല്ലാഹുവാണ് എല്ലാം പടച്ചവനെന്നും അല്ലാഹുവിന്റെ പ്രവര്‍ത്തനങ്ങളിലും നാമഗുണ വിശേഷണങ്ങളിലും അവന്‍ ഏകനാണെന്നും അവന് തുല്യനായി യാതൊരു വസ്തുവുമില്ല എന്ന് നിഷ്‌കളങ്കമായി ഞങ്ങള്‍ വിശ്വസിക്കുന്നു എന്നതായിരുന്നു അവരുടെ ആദ്യ പ്രഖ്യാപനം. ഞങ്ങള്‍ മുസ്‌ലിംകളാണെന്നും അല്ലാഹുവിന് വഴിപ്പെട്ട് ജീവിക്കാന്‍ ഞങ്ങള്‍ സന്നദ്ധരാണെന്നും അവര്‍ അവിടെ വെച്ച് പരസ്യമാക്കി. അവര്‍ ഇപ്രകാരം പ്രാര്‍ഥിക്കുകയും ചെയ്തു: 'ഞങ്ങളുടെ നാഥാ, നീ അവതരിപ്പിച്ചു തന്നതില്‍ ഞങ്ങള്‍ വിശ്വസിക്കുകയും (നിന്റെ) ദൂതനെ ഞങ്ങള്‍ പിന്‍പറ്റുകയും ചെയ്തിരിക്കുന്നു. ആകയാല്‍ സാക്ഷ്യം വഹിച്ചവരോടൊപ്പം ഞങ്ങളെ നീ രേഖപ്പെടുത്തേണമേ.'

ഹവാരികള്‍ ആരാണെന്ന് നാം പറഞ്ഞുവല്ലോ. നബി ﷺ യും ഹവാരിയ്യ് എന്ന് പ്രയോഗിച്ചത് ഹദീഥില്‍ വന്നിട്ടുണ്ട്.

ജാബിര്‍(റ)വില്‍ നിന്ന് നിവേദനം; അദ്ദേഹം പറഞ്ഞു: നബി ﷺ  പറഞ്ഞു: 'അഹ്‌സാബ് യുദ്ധത്തിന്റെ ദിവസം (ശത്രു)സംഘത്തിന്റെ വിവരങ്ങള്‍ ആരാണ് എനിക്ക് കൊണ്ടുവന്നു തരിക?' സുബൈര്‍(റ) പറഞ്ഞു: 'ഞാന്‍.' പിന്നെയും നബി ﷺ  ചോദിച്ചു: '(ശത്രു)സംഘത്തിന്റെ വിവരങ്ങളുമായി ആരാണ് എനിക്ക് കൊണ്ടുവന്നു തരിക?' സുബൈര്‍(റ) പറഞ്ഞു: 'ഞാന്‍.' അപ്പോള്‍ നബി ﷺ  പറഞ്ഞു: 'തീര്‍ച്ചയായും എല്ലാ പ്രവാചകനും ഒരു ഹവാരിയ്യ് ഉണ്ട്. എന്റെ ഹവാരിയ്യ് സുബൈറാകുന്നു' (ബുഖാരി, മുസ്‌ലിം).

വിവിധ കക്ഷികള്‍ ചേര്‍ന്ന് മുസ്‌ലിംകള്‍ക്കെതിരില്‍ പടക്കൊരുങ്ങിയ അപകടകരമായ ഒരു സന്ദര്‍ഭമായിരുന്നു അത്. ആ അവസരത്തില്‍ നബി ﷺ  യുദ്ധ തന്ത്രത്തിന്റെ ഭാഗമായി ശത്രു പാളയത്തിന്റെ നീക്കങ്ങളെ കുറിച്ച് അറിയല്‍ അനിവാര്യമായിരുന്നു. ആ വിവരം തനിക്ക് അറിയിച്ചു തരാന്‍ ആരാണ് നിങ്ങളുടെ കൂട്ടത്തില്‍ എന്നതായിരുന്നു മുഹമ്മദ് നബി ﷺ യുടെ ചോദ്യം. ആവര്‍ത്തിച്ച് ചോദിച്ചപ്പോഴും സുബൈര്‍(റ) ഞാനെന്ന് പറഞ്ഞ് മുന്നോട്ടു വന്നു. നബി ﷺ  ആ സന്ദര്‍ഭത്തില്‍ പറഞ്ഞു: എല്ലാ പ്രവാചകനും ഒരു ഹവാരിയ്യ് ഉണ്ട്. എന്റെ ഹവാരിയ്യ് സുബൈറാകുന്നു. എന്ത് ത്യാഗം സഹിച്ചും സഹായിക്കാന്‍ സന്നദ്ധനാവുക എന്നതാണ് ഹവാരിയ്യ് എന്നതിന്റെ ഉദ്ദേശ്യം എന്ന് ഈ ഹദീഥും നമുക്ക് വ്യക്തമാക്കി തരുന്നുണ്ട്.

ഈസാ(അ)യുടെ ഹവാരിയ്യുകളെ ഉദാഹരിച്ച് കൊണ്ട് വിശ്വാസികളോട് അല്ലാഹുവിന്റെ സഹായികളാകാന്‍ ഉണര്‍ത്തിയത് ക്വുര്‍ആനില്‍ നമുക്ക് കാണാവുന്നതാണ്.

''സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിന്റെ സഹായികളായിരിക്കുക. മര്‍യമിന്റെ മകന്‍ ഈസാ അല്ലാഹുവിങ്കലേക്കുള്ള മാര്‍ഗത്തില്‍ എന്റെ സഹായികളായി ആരുണ്ട് എന്ന് ഹവാരികളോട് ചോദിച്ചതു പോലെ. ഹവാരികള്‍ പറഞ്ഞു: ഞങ്ങള്‍ അല്ലാഹുവിന്റെ  സഹായികളാകുന്നു. അപ്പോള്‍ ഇസ്രായീല്‍ സന്തതികളില്‍ പെട്ട ഒരു വിഭാഗം വിശ്വസിക്കുകയും മറ്റൊരു വിഭാഗം അവിശ്വസിക്കുകയും ചെയ്തു. എന്നിട്ട് വിശ്വസിച്ചവര്‍ക്ക് അവരുടെ ശത്രുവിനെതിരില്‍ നാം പിന്‍ബലം നല്‍കുകയും അങ്ങനെ അവന്‍ മികവുറ്റവരായിത്തീരുകയും ചെയ്തു'' (61:14).

 സത്യവിശ്വാസികളേ എന്ന് വിളിച്ചുകൊണ്ടാണല്ലോ ക്വുര്‍ആന്‍ ഈ കാര്യം നമ്മോട് ഉണര്‍ത്തുന്നത്. സത്യവിശ്വാസികളേ എന്ന് വിളിച്ചുള്ള ക്വുര്‍ആനിന്റെ അഭിസംബോധന വിശ്വാസികള്‍ കണ്ണും കാതും കൊടുത്ത് ശ്രദ്ധിച്ച് കേള്‍ക്കണം എന്നാണ് പണ്ഡിതന്മാര്‍ പറയുന്നത്.

അല്ലാഹുവിന്റെ മതത്തെ വികലമാക്കി അവതരിപ്പിക്കുന്ന, ഇസ്‌ലാമിന് പുറത്തും അകത്തും നിന്നുള്ള ശത്രുക്കളുടെ വികല വാദങ്ങള്‍ക്ക് മറുപടി കൊടുക്കാന്‍ ഇസ്‌ലാമിക പ്രമാണങ്ങള്‍ പഠിച്ചും പഠിച്ചിട്ടുള്ളവ ജീവിതത്തില്‍ പ്രവൃത്തിപഥത്തില്‍ കൊണ്ടുവന്നും മതം പ്രബോധനം ചെയ്തും അല്ലാഹുവിനെ സഹായിക്കാനാണ് ഈ സൂക്തത്തിലൂടെ ആഹ്വാനം ചെയ്യുന്നത്. എന്നാല്‍ ഈ ആഹ്വാനത്തെ സ്വീകരിക്കാനും തിരസ്‌കരിക്കാനും ആളുകള്‍ ഉണ്ടാകും. അല്ലാഹുവിന്റെ ആഹ്വാനത്തെ സ്വീകരിക്കുന്നവര്‍ക്കാണ് വിജയമെന്നും അല്ലാഹു ഈ ആഹ്വാനത്തിലൂടെ വിശ്വാസികളെ അറിയിക്കുകയാണ്.

ഹവാരിയ്യുകളെ പറ്റി ഇനിയും ക്വുര്‍ആന്‍ മറ്റൊരു ഭാഗത്ത് പ്രസ്താവിക്കുന്നത് കാണുക: ''നിങ്ങള്‍ എന്നിലും എന്റെ ദൂതനിലും വിശ്വസിക്കൂ എന്ന് ഞാന്‍ ഹവാരികള്‍ക്ക്  ബോധനം നല്‍കിയ സന്ദര്‍ഭത്തിലും. അവര്‍ പറഞ്ഞു: ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. ഞങ്ങള്‍ മുസ്‌ലിംകളാണെന്നതിന് നീ സാക്ഷ്യം വഹിച്ച് കൊള്ളുക'' (5:111).

ഹവാരികള്‍ക്ക് ഞാന്‍ വഹ്‌യ് നല്‍കി എന്നാണ് ക്വുര്‍ആന്‍ പ്രയോഗിച്ചത്. അല്ലാഹു വഹ്‌യ് നല്‍കുന്നത് പ്രവാചകന്മാര്‍ക്കാണല്ലോ. അപ്പോള്‍ ഹവാരികള്‍ പ്രവാചകന്മാരാണോ? അല്ല! വഹ്‌യ് നല്‍കുക എന്ന ക്വുര്‍ആനിലെ എല്ലാ പ്രയോഗവും പ്രവാചകന്മാര്‍ക്ക് ദിവ്യസന്ദേശം നല്‍കുക എന്ന അര്‍ഥത്തിലല്ല ഉള്ളത്. തോന്നിപ്പിക്കുക എന്ന അര്‍ഥത്തില്‍ ധാരാളം സ്ഥലങ്ങളില്‍ ഉപയോഗിച്ചത് പല തവണ നാം മനസ്സിലാക്കിയിട്ടുണ്ട്. ഈ അര്‍ഥത്തില്‍ തന്നെയാണ് ഈ സൂക്തത്തിലും ഉപയോഗിച്ചിരിക്കുന്നത്.

ഹവാരികള്‍ക്ക് അല്ലാഹുവിലും അവന്റെ റസൂലായ ഈസായിലും വിശ്വസിക്കാന്‍ തോന്നിപ്പിച്ചു. ഒരാള്‍ അല്ലാഹുവില്‍ മാത്രം വിശ്വസിച്ചത് കൊണ്ട് അയാളുടെ വിശ്വാസം ശരിയാകുന്നതല്ല. അല്ലാഹു അയച്ചിട്ടുള്ള ദൂതന്മാരിലും വിശ്വസിക്കുമ്പോള്‍ മാത്രമെ അയാളുടെ വിശ്വാസം ശരിയാവുകയുള്ളൂ.

ഹവാരികള്‍ അല്ലാഹുവിന്റെ കല്‍പന സ്വീകരിച്ചു. അവര്‍ അവരുടെ വിശ്വാസം പ്രഖ്യാപിക്കുകയും ചെയ്തു. ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നുവെന്നും അല്ലാഹുവിന്റെ എല്ലാ കല്‍പനകള്‍ക്കും ഞങ്ങള്‍ കീഴ്‌പെട്ട് മുസ്‌ലിംകളായിരിക്കുന്നു എന്നും പ്രഖ്യാപിച്ചു.

ഈസാ(അ)യുടെ ശിഷ്യന്മാരായ ഹവാരികള്‍ ഒരിക്കല്‍ ഈസാ(അ)യോട് ഒരു കാര്യം ആവശ്യപ്പെട്ടു. അതിനെ പറ്റിയുള്ള ക്വുര്‍ആന്‍ വിശദീകരിക്കുന്നത് കാണുക:

''ഹവാരികള്‍ പറഞ്ഞ സന്ദര്‍ഭം ശ്രദ്ധിക്കുക: മര്‍യമിന്റെ മകനായ ഈസാ, ആകാശത്തുനിന്ന് ഞങ്ങള്‍ക്ക് ഒരു ഭക്ഷണത്തളിക ഇറക്കിത്തരുവാന്‍ നിന്റെ രക്ഷിതാവിന് സാധിക്കുമോ? അദ്ദേഹം പറഞ്ഞു: നിങ്ങള്‍ വിശ്വാസികളാണെങ്കില്‍ അല്ലാഹുവെ സൂക്ഷിക്കുക. അവര്‍ പറഞ്ഞു: ഞങ്ങള്‍ക്കിതില്‍ നിന്ന് ഭക്ഷിക്കുവാനും അങ്ങനെ ഞങ്ങള്‍ക്ക് മനസ്സമാധാനമുണ്ടാകുവാനും താങ്കള്‍ ഞങ്ങളോട് പറഞ്ഞത് സത്യമാണെന്ന് ഞങ്ങള്‍ക്ക് ബോധ്യമാകുവാനും ഞങ്ങള്‍ അതിന് ദൃക്‌സാക്ഷികളായിത്തീരുവാനുമാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. മര്‍യമിന്റെ മകന്‍ ഈസാ പറഞ്ഞു: ഞങ്ങളുടെ രക്ഷിതാവായ അല്ലാഹുവേ, ഞങ്ങള്‍ക്ക് നീ ആകാശത്ത് നിന്ന് ഒരു ഭക്ഷണത്തളിക ഇറക്കിത്തരേണമേ. ഞങ്ങള്‍ക്ക് ഞങ്ങളിലെ ആദ്യത്തിലുള്ളവന്നും അവസാനത്തിലുള്ളവന്നും ഒരു പെരുന്നാളും നിന്റെ പക്കല്‍നിന്നുള്ള ഒരു ദൃഷ്ടാന്തവുമായിരിക്കണം അത്. ഞങ്ങള്‍ക്ക് നീ ഉപജീവനം നല്‍കുകയും ചെയ്യേണമേ. നീ ഉപജീവനം നല്‍കുന്നവരില്‍ ഏറ്റവും ഉത്തമനാണല്ലോ. അല്ലാഹു പറഞ്ഞു: ഞാന്‍ നിങ്ങള്‍ക്കത് ഇറക്കിത്തരാം. എന്നാല്‍ അതിന് ശേഷം നിങ്ങളില്‍ ആരെങ്കിലും അവിശ്വസിക്കുന്ന പക്ഷം ലോകരില്‍ ഒരാള്‍ക്കും  ഞാന്‍ നല്‍കാത്ത വിധമുള്ള (കടുത്ത) ശിക്ഷ അവന്ന് നല്‍കുന്നതാണ്'' (5:112-115).

ഈസാനബി(അ)യോട് ഹവാരികള്‍ ആകാശത്തുനിന്ന് അത്ഭുതകരമായി ഒരു ഭക്ഷണത്തളിക ഇറക്കിത്തരാന്‍ അല്ലാഹുവിന് സാധിക്കുമോ എന്നാണ് ചോദിച്ചത്. നിങ്ങള്‍ വിശ്വാസികളാണെങ്കില്‍ അല്ലാഹുവിനെ സൂക്ഷിക്കുക എന്നാണ് അദ്ദേഹം ഉടന്‍ നല്‍കിയ മറുപടി. മുന്‍കാല പ്രവാചകന്മാരോട് വിശ്വാസികള്‍ അത്ഭുതകരമായ കാര്യങ്ങള്‍ ആവശ്യപ്പെടുകയും അത്ഭുതങ്ങള്‍ക്ക് സാക്ഷികളായതിന് ശേഷം നന്ദികേട് കാണിക്കുകയും ചെയ്ത നിരവധി സംഭവങ്ങള്‍ കഴിഞ്ഞു പോയിട്ടുണ്ടല്ലോ. അതിനാലാകാം ഈസാ(അ) ശിഷ്യന്മാരോട് ഇപ്രകാരം മറുപടി പറഞ്ഞത്.

ശിഷ്യന്മാര്‍ ഏറെ ആഗ്രഹത്തോടെ വീണ്ടും ആവശ്യപ്പെട്ടു. അത്ഭുതകരമായ ആ തളികയില്‍ നിന്ന് ഭക്ഷിക്കാനും ആ അത്ഭുതം കാണുന്നതിലൂടെ ഞങ്ങള്‍ക്ക് വിശ്വാസത്തില്‍ കൂടുതല്‍ ഉറപ്പ് ലഭിച്ച് ആശ്വാസം ലഭിക്കുന്നതിനും താങ്കള്‍ ഞങ്ങളോട് പറഞ്ഞ കാര്യങ്ങളെല്ലാം സത്യമാണെന്ന് ഞങ്ങള്‍ക്ക് ബോധ്യപ്പെടുന്നതിനും ആ അത്ഭുതത്തിന് ഞങ്ങള്‍ സാക്ഷികളാകുന്നതിന് വേണ്ടിയും അല്ലാഹുവിനോട് താങ്കള്‍ ആവശ്യപ്പെട്ടാല്‍ അത് സാധിക്കുമോ എന്ന് വീണ്ടും അവര്‍ ഈസാ(അ)നോട് ആവശ്യപ്പെടുന്നു. അപ്പോള്‍ ഈസാ(അ) അല്ലാഹുവിനോട് അതിനായി തേടി. 

ഭക്ഷണത്തളിക നിങ്ങള്‍ക്ക് ഇറക്കിത്തരാമെന്ന് അല്ലാഹു ഉത്തരം നല്‍കി. എന്നാല്‍ ഈ അത്ഭുതം കണ്ടതിന് ശേഷം ആരെങ്കിലും നിഷേധിച്ചാല്‍ ഒരാള്‍ക്കും ലഭിച്ചിട്ടില്ലാത്ത വിധം ശക്തമായ ശിക്ഷയും നല്‍കുന്നതാണെന്ന് അല്ലാഹു അവര്‍ക്ക് മുന്നറിയിപ്പ് നല്‍കി. തുടര്‍ന്ന് എന്താണ് സംഭവിച്ചതെന്ന് ക്വുര്‍ആന്‍ പറയുന്നില്ല. എന്നാല്‍ ക്വുര്‍ആന്‍ വ്യാഖ്യാതാക്കളില്‍ ഭൂരിപക്ഷവും ഈ സൂക്തത്തിലെ പരാമര്‍ശത്തെ കണക്കിലെടുത്ത് കൊണ്ട് അല്ലാഹു അത് അവര്‍ക്ക് ഇറക്കിക്കൊടുത്തു എന്നാണ് അഭിപ്രായപ്പെടുന്നത്. മുജാഹിദ്(റ)വിനെ പോലെയുള്ള മഹാന്മാര്‍ പറയുന്നത് അല്ലാഹു അവര്‍ക്ക് അത് ഇറക്കിയിട്ടില്ലെന്നാണ്. കാരണം, അവസാനത്തിലെ അല്ലാഹുവിന്റെ താക്കീത് അവരെ പേടിപ്പെടുത്തി എന്നാണ്. ഈ കാര്യത്തെ സംബന്ധിച്ച് ഖണ്ഡിതമായി നമുക്ക് ഉറപ്പിച്ച് പറയാന്‍ സാധ്യമല്ല.