ദൈവിക ദൃഷ്ടാന്തങ്ങള്‍

ഹുസൈന്‍ സലഫി, ഷാര്‍ജ

2019 മാര്‍ച്ച് 30 1440 റജബ് 23

പുരുഷാരം മുഴുവനും ഒരു വനിതയെ അപമാനിച്ചും കളിയാക്കിയും ചീത്തവിളിച്ചും ഒറ്റപ്പെടുത്തി സംസാരിക്കുമ്പോള്‍ കൈക്കുഞ്ഞായ മകന്‍ അത്രയും ജനങ്ങളെ സാക്ഷിയാക്കി, അവരെ അമ്പരപ്പിക്കുന്ന വിധത്തില്‍ പത്തോളം കാര്യങ്ങള്‍ അവിടെ വെച്ച് സംസാരിച്ചു. ഈസാ നബി(അ)യുടെ ജന സമക്ഷത്തിലുള്ള ആദ്യത്തെ സംസാരമായിരുന്നു അത്.

ഈസാ നബി(അ)യെ കുറിച്ച് പില്‍ക്കാലക്കാര്‍ ആരോപിച്ച ഏറ്റവും വലിയ കളവിനുള്ള ഖണ്ഡനമായിരുന്നു അതില്‍ ആദ്യത്തേത്. ഞാന്‍ അല്ലാഹുവിന്റെ അടിമയാകുന്നു എന്നതാണ് അത്. ക്രൈസ്തവര്‍ ഈസാ നബി(അ)യെ അമിതമായി പ്രശംസിച്ച് അല്ലാഹുവിന്റെ പുത്രനായി ചിത്രീകരിച്ചു. അതുവഴി അവര്‍ നേര്‍മാര്‍ഗത്തില്‍ നിന്നും മാറിപ്പോയി.

അല്ലാഹു എനിക്ക് വേദഗ്രന്ഥം തരികയും അവന്‍ എന്നെ നബിയാക്കുകയും ചെയ്തിരിക്കുന്നു എന്നതാണ് പിന്നീട് പറഞ്ഞ കാര്യങ്ങള്‍. മര്‍യമിനെക്കുറിച്ച് അപവാദം പ്രചരിപ്പിച്ചവര്‍ക്കുള്ള മറുപടിയും ഇതിലുണ്ട്. സമൂഹത്തില്‍ മോശമായി കാണുന്ന വ്യഭിചാരം, മദ്യപാനം, മോഷണം തുടങ്ങിയ നീചസ്വഭാവക്കാരായ മാതാപിതാക്കളിലൂടെയല്ല അല്ലാഹു നബിമാരെ കൊണ്ടുവരല്‍. അപ്പോള്‍ മര്‍യം(അ) ആ ദുഷ്ടന്മാര്‍ പറഞ്ഞതില്‍ നിന്നും സംരക്ഷിക്കപ്പെടുകയാണ് ചെയ്യുന്നത്. അവരെ  സത്യസന്ധയും അല്ലാഹുവിനെ ആരാധിക്കുന്ന നല്ല ഒരു മാതൃകാ വനിതയായിട്ടുമാണ് ക്വുര്‍ആന്‍ പരിചയപ്പെടുത്തുന്നത്. 

ഈസാ(അ) കൈക്കുഞ്ഞായിരിക്കെയാണ് 'അല്ലാഹു എനിക്ക് കിതാബ് തന്നിരിക്കുന്നു, അവന്‍ എന്നെ നബിയാക്കിയിരിക്കുന്നു' എന്നെല്ലാം പറയുന്നത്. ഇത് പറയുന്ന സമയത്ത് തന്നെ അദ്ദേഹത്തിന് അല്ലാഹു കിതാബ് കൊടുത്തിരുന്നോ? അന്ന് തന്നെ അല്ലാഹു അദ്ദേഹത്തെ നബിയാക്കിയിരുന്നോ? ഭാവിയില്‍ നടക്കാന്‍ പോകുന്ന ഒരു കാര്യം നേരത്തെ തീര്‍ച്ചപ്പെടുത്തി പറയുക എന്നത് ക്വുര്‍ആനിന്റെയും സുന്നത്തിന്റെയും ഒരു ശൈലിയാണ്. പാരായണം ചെയ്യുന്നവര്‍ക്ക് വരാനിരിക്കുന്ന കാര്യത്തെ പറ്റി പ്രതീക്ഷ നല്‍കുന്നതിനും മറ്റുമാണ് ക്വുര്‍ആന്‍ ഈ ശൈലി സ്വീകരിച്ചിട്ടുള്ളത്.

'ഞാന്‍ എവിടെയായിരുന്നാലും അവന്‍ എന്നെ അനുഗ്രഹിക്കപ്പെട്ടവനാക്കിയിരിക്കുന്നു' എന്നുപറഞ്ഞതിന് പല വ്യാഖ്യാനങ്ങളും പണ്ഡിതന്മാര്‍ നല്‍കിയിട്ടുണ്ട്. ഓരോ വ്യാഖ്യാനവും പരസ്പരം ബന്ധപ്പെട്ടുകിടക്കുന്നവയാണ്. ഞാന്‍ എവിടെയായിരുന്നാലും ജനങ്ങള്‍ക്ക് ഞാന്‍ നന്മ പഠിപ്പിക്കുന്നവനായിരിക്കും, ഞാന്‍ എവിടെയായിരുന്നാലും ജനങ്ങളോട് നന്മ കല്‍പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുന്നവനായിരിക്കും എന്നിങ്ങനെയാണ് ആ വ്യാഖ്യാനങ്ങള്‍. ഇത് രണ്ടും ചേര്‍ത്ത് വെച്ച് പണ്ഡിതന്മാര്‍ വിവരിക്കുന്നു: 'നന്മ പഠിപ്പിക്കല്‍ ഒരു അനുഗ്രഹമാണ്. അല്ലാഹു അവന്റെ കിതാബിനെ പറ്റിയും അനുഗ്രഹീതമായത് എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്. കാരണം അതില്‍ നിന്നാണ് ജനങ്ങള്‍ അറിവും സന്മാര്‍ഗവും പഠിച്ചെടുക്കുന്നത്. ജനങ്ങളെ നന്മ പഠിപ്പിക്കുന്നവന്‍ സന്മാര്‍ഗത്തെയാണ് പ്രചരിപ്പിക്കുന്നത്. അതുമുഖേന ജനങ്ങള്‍ക്ക് ഇഹലോകത്തും പരലോകത്തും ഉപകാരം ലഭിക്കുകയും ചെയ്യുന്നു.

'ഞാന്‍ ജീവിച്ചിരിക്കുന്ന കാലമത്രയും നമസ്‌കരിക്കുവാനും സകാത്ത് നല്‍കുവാനും അവന്‍ എന്നോട് അനുശാസിക്കുകയും ചെയ്തിരിക്കുന്നു' എന്നാണ് പിന്നീട് ഈസാ(അ) പറയുന്നത്. നമസ്‌കാരം, സകാത്ത് എന്നീ ആരാധനാകര്‍മങ്ങള്‍ ഒരു പ്രത്യേക സമയത്ത് മാത്രം അനുഷ്ഠിക്കുകയും പിന്നീട് ഒഴിവാക്കുകയും ചെയ്യേണ്ടതല്ല. പ്രായപൂര്‍ത്തിയെത്തിയ, സ്വബോധമുള്ള ഒരാള്‍ ജീവിതകാലം മുഴുവനും തുടര്‍ത്തിപ്പോരേണ്ടുന്ന കര്‍മമാകുന്നു നമസ്‌കാരം. സകാത്താകട്ടെ മതം അനുശാസിക്കുന്ന പരിധിയിലുള്ള സാമ്പത്തിക ശേഷിയുള്ള കാലമത്രയും നല്‍കേണ്ടതാണ്. നമസ്‌കാരം, സകാത്ത് തുടങ്ങിയ ആരാധനാ കര്‍മങ്ങള്‍ ഈ സമുദായത്തിന് മാത്രം നിര്‍ബന്ധമാക്കപ്പെട്ടവയല്ല, പൂര്‍വസമുദായങ്ങള്‍ക്കും അവ നിര്‍ബന്ധമായിരുന്നു.

മാതാവിനോട് നല്ല നിലയില്‍ പെരുമാറുന്ന വിഷയമാണ് പിന്നെ പറയുന്നത്. ഇവിടെ മാതാവ് എന്ന് മാത്രമാണ് പരാമര്‍ശിച്ചിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. പിതാവില്ലാതെയാണ് അദ്ദേഹം ജനിച്ചത് എന്നത് ഈ സംസാരത്തിലും പ്രകടമാണ്. മക്കളുടെ ബാധ്യതയാണ് മാതാപിതാക്കള്‍ക്ക് പുണ്യം ചെയ്യല്‍. അതില്‍ യാതൊരു വീഴ്ചയും ഉണ്ടായിക്കൂടാ. അവര്‍ക്ക് വേണ്ടി ആത്മാര്‍ഥമായി പ്രാര്‍ഥിക്കുവാനും നന്മ ചെയ്യാനും നമുക്ക് സാധിക്കണം. പ്രവാചകന്മാരോട് പോലും ഈ കാര്യം കൊണ്ട് അല്ലാഹു കല്‍പിച്ചിരിക്കുകയാണ്.

'അല്ലാഹു എന്നെ അഹങ്കാരിയും ദൗര്‍ഭാഗ്യവാനുമാക്കിയിട്ടില്ല' എന്നതാണ് അടുത്ത സംസാരം. അഹങ്കാരം എന്ന ദുര്‍ഗുണത്തില്‍നിന്ന് ഈസാ നബി(അ)യെ അല്ലാഹു സംരക്ഷിച്ചിരിക്കുന്നു. അല്ലാഹുവിനെ ആരാധിക്കുന്നതിലോ അവനെ അനുസരിക്കുന്നതിലോ മാതാവിന് പുണ്യം ചെയ്യുന്നതിലോ ഉപേക്ഷവരുത്തല്‍ ദൗര്‍ഭാഗ്യമാണ്. അല്ലാഹു ഇസാനബി(അ)യെ ഒരര്‍ഥത്തിലും ദൗര്‍ഭാഗ്യവാനാക്കിയിട്ടില്ല.

'ഞാന്‍ ജനിച്ച ദിവസവും മരിക്കുന്ന ദിവസവും ഉയര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്ന ദിവസവും എനിക്ക് സമാധാനമായിരിക്കും' എന്നാണ് അവസാനമായി പറയുന്നത്. ഈ മൂന്ന് സമയങ്ങളുടെ പ്രത്യകത യഹ് യാ നബി(അ)യുടെ ചരിത്രം പറഞ്ഞിടത്ത് നാം വിവരിച്ചിട്ടുണ്ട്. 

ഈസാ(അ) കൈക്കുഞ്ഞായിരിക്കെ സംസാരിച്ച വിഷയങ്ങള്‍ പറഞ്ഞതിന് ശേഷം ക്വുര്‍ആന്‍ ഇപ്രകാരം പറയുന്നു:

''അതത്രെ മര്‍യമിന്റെ മകനായ ഈസാ. അവര്‍ ഏതൊരു വിഷയത്തില്‍ തര്‍ക്കിച്ച് കൊണ്ടിരിക്കുന്നുവോ അതിനെപ്പറ്റിയുള്ള യഥര്‍ഥമായ വാക്കത്രെ ഇത്. ഒരു സന്താനത്തെ സ്വീകരിക്കുക എന്നത് അല്ലാഹുവിന്നുണ്ടാകാവുന്നതല്ല. അവന്‍ എത്ര പരിശുദ്ധന്‍! അവന്‍ ഒരു കാര്യം തീരുമാനിച്ച് കഴിഞ്ഞാല്‍ അതിനോട് ഉണ്ടാകൂ എന്ന് പറയുക മാത്രം ചെയ്യുന്നു. അപ്പോള്‍ അതുണ്ടാകുന്നു. (ഈസാ പറഞ്ഞു:) തീര്‍ച്ചയായും അല്ലാഹു എന്റെയും നിങ്ങളുടെയും രക്ഷിതാവാകുന്നു. അതിനാല്‍ അവനെ നിങ്ങള്‍ ആരാധിക്കുക. ഇതത്രെ നേരെയുള്ള മാര്‍ഗം'' (19:34-36).

രണ്ട് കക്ഷികളാണ് ഈസാ നബി(അ)യെ സംബന്ധിച്ച് അന്യായമായ തര്‍ക്കം നടത്തുന്നത്. ക്രൈസ്തവരും ജൂതന്മാരുമാണ് ആ കക്ഷികള്‍. ക്രൈസ്തവര്‍ ഈസാ നബി(അ)യെ ദൈവ പുത്രനായും ജൂതന്മാര്‍ ഈസാ(അ)യെ വ്യഭിചാരപുത്രനായും ആണ് വിശേഷിപ്പിക്കുന്നത്. ഈ രണ്ട് വാദങ്ങളെയും അല്ലാഹു ഈ സൂക്തങ്ങളിലൂടെ ഖണ്ഡിക്കുകയും ആരാണ് ഈസാ എന്ന് വെളിപ്പെടുത്തുകയുമാണ് ചെയ്യുന്നത്.

സ്രഷ്ടാവായ അല്ലാഹുവിന് ഒരു സന്താനമുണ്ടാകുക എന്നത് ഒരിക്കലും അനുയോജ്യമല്ലാത്ത കാര്യമാണ്. ഏതൊരു സൃഷ്ടിക്ക് കുഞ്ഞുണ്ടാകുന്നുവോ, ആ കുഞ്ഞിന്റെ മാതാപിതാക്കളുടെ പ്രകൃതം ആ കുഞ്ഞിനും ഉണ്ടാകും. ഈസാ നബി(അ) അല്ലാഹുവിന്റെ പുത്രനാണെങ്കില്‍ അല്ലാഹുവിന്റെ എന്ത് ഗുണമാണ് ഈസാ നബി(അ)യില്‍ ഉള്ളത്? ഒന്നുമില്ല! വിശപ്പും ദാഹവും സന്തോഷവും ദുഃഖവും ക്ഷീണവും ഉറക്കവും ഒക്കെയുള്ള മനുഷ്യനായിരുന്നു ഈസാ നബി(അ). ഇതില്‍ ഒന്നു പോലും അല്ലാഹുവിന് ഇല്ല. അതെ, ഒരു സന്താനത്തെ സ്വീകരിക്കുക എന്നത് അല്ലാഹുവിന്നുണ്ടാകാവുന്നതല്ല. അവന്‍ എത്ര പരിശുദ്ധന്‍!

വ്യഭിചാരപുത്രനാണ് എന്ന ജൂതന്മാരുടെ വാദവും കള്ളത്തരവും വിവരക്കേടുമാകുന്നു. കള്ളത്തരമാണ് എന്നത് ഈസാ നബി(അ)യുടെ ജനനത്തിലെ അത്ഭുതം നമുക്ക് തെളിയിച്ചു തരും. അജ്ഞതയാണ് എന്നത് അവര്‍ക്ക് അല്ലാഹുവിന്റെ കഴിവിലുള്ള വിശ്വാസക്കുറവും നമുക്ക് ബോധ്യപ്പെടുത്തിത്തരും. കാരണം, അല്ലാഹു പറയുന്നത് 'അവന്‍ ഒരു കാര്യം തീരുമാനിച്ച് കഴിഞ്ഞാല്‍ അതിനോട് ഉണ്ടാകൂ എന്ന് പറയുക മാത്രംചെയ്യുന്നു. അപ്പോള്‍ അതുണ്ടാകുന്നു' എന്നാണ്.

ഈസാ നബി(അ)യുടെ കാര്യത്തില്‍ അതിരുകവിഞ്ഞ ഇരു കക്ഷികളുടെയും പൊള്ളവാദങ്ങളെ അല്ലാഹു കൃത്യമായി ഖണ്ഡിക്കുകയാണ് ചെയ്തത്. ആരാണ് ഈസാ എന്ന് അല്ലാഹു വ്യക്തമാക്കി. ഇനി ഈസാ(അ) തന്റെ ആദര്‍ശം പ്രഖ്യാപിക്കുന്നത് കാണുക:

''തീര്‍ച്ചയായും അല്ലാഹു എന്റെയും നിങ്ങളുടെയും രക്ഷിതാവാകുന്നു. അതിനാല്‍ അവനെ നിങ്ങള്‍ ആരാധിക്കുക. ഇതാകുന്നു നേരായ മാര്‍ഗം'' (ക്വുര്‍ആന്‍ 3:51).

''(ഈസാ പറഞ്ഞു:) തീര്‍ച്ചയായും അല്ലാഹു എന്റെയും നിങ്ങളുടെയും രക്ഷിതാവാകുന്നു. അതിനാല്‍ അവനെ നിങ്ങള്‍ ആരാധിക്കുക. ഇതത്രെ നേരെയുള്ള മാര്‍ഗം'' (19:36).

ഈസാനബി(അ)യുടെ മുഅ്ജിസത്തുകള്‍

''(ഈസായോട്) അല്ലാഹു പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധേയമാകുന്നു:). മര്‍യമിന്റെ മകനായ ഈസാ! തൊട്ടിലില്‍ വെച്ചും മധ്യവയസ്‌കനായിരിക്കെയും നീ ജനങ്ങളോട് സംസാരിക്കവെ, പരിശുദ്ധാത്മാവ് മുഖേന നിനക്ക് ഞാന്‍ പിന്‍ബലം നല്‍കിയ സന്ദര്‍ഭത്തിലും, ഗ്രന്ഥവും ജ്ഞാനവും തൗറാത്തും ഇന്‍ജീലും നിനക്ക് ഞാന്‍ പഠിപ്പിച്ചുതന്ന സന്ദര്‍ഭത്തിലും, എന്റെ അനുമതി പ്രകാരം കളിമണ്ണ് കൊണ്ട് നീ പക്ഷിയുടെ മാതൃകയില്‍ രൂപപ്പെടുത്തുകയും എന്നിട്ട് നീ അതില്‍ ഊതുമ്പോള്‍ എന്റെ അനുമതി പ്രകാരം അത് പക്ഷിയായിത്തീരുകയും ചെയ്യുന്ന സന്ദര്‍ഭത്തിലും, എന്റെ അനുമതി പ്രകാരം ജന്‍മനാ കാഴ്ചയില്ലാത്തവനെയും പാണ്ഡുരോഗിയെയും നീ സുഖപ്പെടുത്തുന്ന സന്ദര്‍ഭത്തിലും, എന്റെ അനുമതി പ്രകാരം നീ മരണപ്പെട്ടവരെ പുറത്ത് കൊണ്ട് വരുന്ന സന്ദര്‍ഭത്തിലും, നീ ഇസ്‌റാഈല്‍ സന്തതികളുടെ അടുത്ത് വ്യക്തമായ തെളിവുകളുമായി ചെന്നിട്ട് അവരിലെ സത്യനിഷേധികള്‍ ഇത് പ്രത്യക്ഷമായ മാരണം മാത്രമാകുന്നു എന്ന് പറഞ്ഞ അവസരത്തില്‍ നിന്നെ അപകടപ്പെടുത്തുന്നതില്‍ നിന്ന് അവരെ ഞാന്‍ തടഞ്ഞ സന്ദര്‍ഭത്തിലും ഞാന്‍ നിനക്കും നിന്റെ മാതാവിനും ചെയ്തു തന്ന അനുഗ്രഹം ഓര്‍ക്കുക; നിങ്ങള്‍ എന്നിലും എന്റെ ദൂതനിലും വിശ്വസിക്കൂ എന്ന് ഞാന്‍ ഹവാരികള്‍ക്ക് ബോധനം നല്‍കിയ സന്ദര്‍ഭത്തിലും. അവര്‍ പറഞ്ഞു: ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. ഞങ്ങള്‍ മുസ്‌ലിംകളാണെന്നതിന് നീ സാക്ഷ്യം വഹിച്ച് കൊള്ളുക'' (ക്വുര്‍ആന്‍ 5:110-111).

''അവന് (ഈസാക്ക്) അല്ലാഹു ഗ്രന്ഥവും ജ്ഞാനവും തൗറാത്തും ഇന്‍ജീലും പഠിപ്പിക്കുകയും ചെയ്യും. ഇസ്‌റാഈല്‍ സന്തതികളിലേക്ക് (അവനെ) ദൂതനായി നിയോഗിക്കുകയും ചെയ്യും. (അവന്‍ അവരോട് പറയും:) നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള ദൃഷ്ടാന്തവും കൊണ്ടാണ് ഞാന്‍ നിങ്ങളുടെ അടുത്ത് വന്നിരിക്കുന്നത്. പക്ഷിയുടെ ആകൃതിയില്‍ ഒരു കളിമണ്‍രൂപം നിങ്ങള്‍ക്കു വേണ്ടി ഞാന്‍ ഉണ്ടാക്കുകയും എന്നിട്ട് ഞാനതില്‍ ഊതുമ്പോള്‍ അല്ലാഹുവിന്റെ അനുവാദപ്രകാരം അതൊരു പക്ഷിയായിത്തീരുകയും ചെയ്യും. അല്ലാഹുവിന്റെ അനുവാദപ്രകാരം, ജന്മനാ കാഴ്ചയില്ലാത്തവനെയും പാണ്ഡുരോഗിയെയും ഞാന്‍ സുഖപ്പെടുത്തുകയും മരിച്ചവരെ ഞാന്‍ ജീവിപ്പിക്കുകയും ചെയ്യും. നിങ്ങള്‍ തിന്നുന്നതിനെപ്പറ്റിയും നിങ്ങള്‍ നിങ്ങളുടെ വീടുകളില്‍ സൂക്ഷിച്ചുവെക്കുന്നതിനെപ്പറ്റിയും ഞാന്‍ നിങ്ങള്‍ ക്ക് പറഞ്ഞറിയിച്ചു തരികയും ചെയ്യും. തീര്‍ച്ചയായും അതില്‍ നിങ്ങള്‍ക്ക് ദൃഷ്ടാന്തമുണ്ട്; നിങ്ങള്‍ വിശ്വസിക്കുന്നവരാണെങ്കില്‍. എന്റെ മുമ്പിലുള്ള തൗറാത്തിനെ സത്യപ്പെടുത്തുന്നവനായിക്കൊണ്ടും നിങ്ങളുടെ മേല്‍ നിഷിദ്ധമാക്കപ്പെട്ട കാര്യങ്ങളില്‍ ചിലത് നിങ്ങള്‍ക്ക് അനുവദിച്ചുതരുവാന്‍ വേണ്ടിയുമാകുന്നു (ഞാന്‍ നിയോഗിക്കപ്പെട്ടിട്ടുള്ളത്). നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള ദൃഷ്ടാന്തവും നിങ്ങള്‍ക്ക് ഞാന്‍ കൊണ്ടുവന്നിരിക്കുന്നു. ആകയാല്‍ നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും എന്നെ അനുസരിക്കുകയും ചെയ്യുവിന്‍. തീര്‍ച്ചയായും അല്ലാഹു എന്റെയും നിങ്ങളുടെയും രക്ഷിതാവാകുന്നു. അതിനാല്‍ അവനെ നിങ്ങള്‍ ആരാധിക്കുക. ഇതാകുന്നു നേരായ മാര്‍ഗം'' (ക്വുര്‍ആന്‍ 3:48-51).

മുകളില്‍ കൊടുത്തിട്ടുള്ള സൂക്തങ്ങളില്‍ നിന്ന് ഈസാ നബി(അ)ക്ക് അല്ലാഹു നല്‍കിയ ദൃഷ്ടാന്തങ്ങള്‍ ഏതെല്ലാമായിരുന്നു എന്ന് മനസ്സിലാക്കാവുന്നതാണ്. ഈസാ നബി(അ) തന്റെ ജനതയോട് പറഞ്ഞ കാര്യങ്ങളാണ് ഈ സൂക്തങ്ങളിലുള്ളത്. അവയില്‍ അദ്ദേഹത്തിന് അല്ലാഹു നല്‍കിയ മുഅ്ജിസത്തുകളെക്കുറിച്ചുള്ള പരാമര്‍ശങ്ങളും കാണാം. 

തൊട്ടിലില്‍ കിടക്കുന്ന (ശൈശവ) പ്രായത്തില്‍ സംസാരിച്ചത്, കളിമണ്ണില്‍ നിന്ന് പക്ഷിയുടെ രൂപം ഉണ്ടാക്കിയത്, അതില്‍ അദ്ദേഹം ഊതിയപ്പോള്‍ പക്ഷിയായി മാറിയത്, വെള്ളപ്പാണ്ട്, അന്ധത തുടങ്ങിയവ സുഖപ്പെടുത്തിയത്, മരണപ്പെട്ടവരെ ജീവിപ്പിച്ചത്, ജനങ്ങള്‍ ഭക്ഷിച്ചതും വീട്ടില്‍ സൂക്ഷിപ്പു സ്വത്തായി വെച്ചതും അദ്ദേഹം അവര്‍ക്ക് പറഞ്ഞു കൊടുത്തത് തുടങ്ങിയ മുഅ്ജിസത്തുകളെ ഈ വചനങ്ങളില്‍ പരാമര്‍ശിക്കുന്നു.

ഈ അത്ഭുതങ്ങള്‍ ഒന്നും സംഭവിച്ചത് ഈസാ നബി(അ)യുടെ കഴിവ് കൊണ്ടായിരുന്നില്ല. ഒരു സൃഷ്ടിക്കും സ്വന്തമായി അപ്രകാരം ചെയ്യാന്‍ കഴിയില്ല. ഇതെല്ലാം അല്ലാഹു ഈസാ നബി(അ)യിലൂടെ പ്രകടമാക്കുന്നതാണ്.

മുഅ്ജിസത്ത് എന്നാല്‍ എന്താണ് എന്നതിനെ പറ്റി മുമ്പ് നാം വിശദീകരിച്ചിട്ടുണ്ട്. അശക്തമാക്കുക, കഴിവ് കെടുത്തുക എന്നൊക്കെയാണ് ആ പദത്തിന്റെ അര്‍ഥം. പ്രവാചകന്മാര്‍ അല്ലാഹു നിയോഗിച്ച  പ്രവാചകന്മാര്‍ തന്നെയാണ് എന്ന് ജനങ്ങള്‍ക്ക് ബോധ്യപ്പെടുന്നതിന് വേണ്ടി അവരിലൂടെ അല്ലാഹു പ്രകടമാക്കുന്ന അത്ഭുതങ്ങള്‍ക്കാണ് മുഅ്ജിസത്ത് എന്ന് പറയുന്നത്. ഇപ്രകാരം പ്രകടമാകുന്ന മുഅ്ജിസത്തുകള്‍ ഒരാള്‍ക്കും ചെയ്യാന്‍ കഴിയാത്തതാണ്. മുഅ്ജിസത്തുകളെ വെല്ലാന്‍ ഒരാള്‍ക്കും സാധിക്കുകയുമില്ല. മുഹമ്മദ് നബി ﷺ ക്ക് നല്‍കപ്പെട്ട ഏറ്റവും വലിയ മുഅ്ജിസത്ത് ക്വുര്‍ആന്‍ ആണല്ലോ. അതിന്റെ വെല്ലുവിളികളെ അതിജയിക്കാന്‍ ഇന്നു വരെ ഒരാള്‍ക്കും സാധിച്ചിട്ടില്ല. സാധിക്കുകയുമില്ല.