ഹാഖ്ഖ (യഥാര്‍ഥ സംഭവം)

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2019 നവംബര്‍ 23 1441 റബിഉല്‍ അവ്വല്‍ 26

അധ്യായം: 69, ഭാഗം: 1

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

لْحَاقَّةُ (١) مَا الْحَاقَّةُ (٢) وَمَا أَدْرَاكَ مَا الْحَاقَّةُ (٣) كَذَّبَتْ ثَمُودُ وَعَادٌ بِالْقَارِعَةِ (٤) فَأَمَّا ثَمُودُ فَأُهْلِكُوا بِالطَّاغِيَةِ (٥) وَأَمَّا عَادٌ فَأُهْلِكُوا بِرِيحٍ صَرْصَرٍ عَاتِيَةٍ (٦) سَخَّرَهَا عَلَيْهِمْ سَبْعَ لَيَالٍ وَثَمَانِيَةَ أَيَّامٍ حُسُومًا فَتَرَى الْقَوْمَ فِيهَا صَرْعَىٰ كَأَنَّهُمْ أَعْجَازُ نَخْلٍ خَاوِيَةٍ (٧‬) فَهَلْ تَرَىٰ لَهُمْ مِنْ بَاقِيَةٍ (٨‬) وَجَاءَ فِرْعَوْنُ وَمَنْ قَبْلَهُ وَالْمُؤْتَفِكَاتُ بِالْخَاطِئَةِ (٩) فَعَصَوْا رَسُولَ رَبِّهِمْ فَأَخَذَهُمْ أَخْذَةً رَابِيَةً (١٠) إِنَّا لَمَّا طَغَى الْمَاءُ حَمَلْنَاكُمْ فِي الْجَارِيَةِ (١١) لِنَجْعَلَهَا لَكُمْ تَذْكِرَةً وَتَعِيَهَا أُذُنٌ وَاعِيَةٌ (١٢)
(1). ആ യഥാര്‍ഥ സംഭവം! (2). എന്താണ് ആ യഥാര്‍ഥ സംഭവം? (3). ആ യഥാര്‍ഥ സംഭവം എന്താണെന്ന് നിനക്കെന്തറിയാം? (4). ഥമൂദ് സമുദായവും ആദ് സമുദായവും ആ ഭയങ്കര സംഭവത്തെ നിഷേധിച്ചു കളഞ്ഞു. (5). എന്നാല്‍ ഥമൂദ് സമുദായം അത്യന്തം ഭീകരമായ ഒരു ശിക്ഷ കൊണ്ട് നശിപ്പിക്കപ്പെട്ടു. (6). എന്നാല്‍ ആദ് സമുദായം, ആഞ്ഞു വീശുന്ന അത്യുഗ്രമായ കാറ്റ് കൊണ്ട് നശിപ്പിക്കപ്പെട്ടു. (7). തുടര്‍ച്ചയായ ഏഴു രാത്രിയും എട്ടു പകലും അത് (കാറ്റ്) അവരുടെ നേര്‍ക്ക് അവന്‍ തിരിച്ചുവിട്ടു. അപ്പോള്‍ കടപുഴകി വീണ ഈന്തപ്പനത്തടികള്‍ പോലെ ആ കാറ്റില്‍ ജനങ്ങള്‍ വീണുകിടക്കുന്നതായി നിനക്ക് കാണാം. (8). ഇനി അവരുടെതായി അവശേഷിക്കുന്ന വല്ലതും നീ കാണുന്നുണ്ടോ? (9). ഫിര്‍ഔനും, അവന്റെ മുമ്പുള്ളവരും കീഴ്‌മേല്‍ മറിഞ്ഞ രാജ്യങ്ങളും (തെറ്റായ പ്രവര്‍ത്തനം കൊണ്ടു വന്നു.) (10). അവര്‍ അവരുടെ രക്ഷിതാവിന്റെ ദൂതനെ ധിക്കരിക്കുകയും, അപ്പോള്‍ അവന്‍ അവരെ ശക്തിയേറിയ ഒരു പിടുത്തം പിടിക്കുകയും ചെയ്തു. (11). തീര്‍ച്ചയായും നാം, വെള്ളം അതിരുകവിഞ്ഞ സമയത്ത് നിങ്ങളെ കപ്പലില്‍ കയറ്റി രക്ഷിക്കുകയുണ്ടായി. (12). നിങ്ങള്‍ക്ക് നാം അതൊരു സ്മരണയാക്കാനും ശ്രദ്ധിച്ചു മനസ്സിലാക്കുന്ന കാതുകള്‍ അത് ശ്രദ്ധിച്ചു മനസ്സിലാക്കുവാനും വേണ്ടി.

(1-3) (ആ യഥാര്‍ഥ സംഭവം!) ഉയിര്‍ത്തെഴുന്നേല്‍പ് നാളിന്റെ പേരുകളില്‍ ഒന്നാണിത്. കാരണം അത് യാഥാര്‍ഥ്യമാകുന്നതാണ്. സൃഷ്ടികളില്‍ അതിറങ്ങും. കാര്യങ്ങളുടെ യാഥാര്‍ഥ്യങ്ങളും മനസ്സില്‍ ഒളിച്ചുവെക്കപ്പെട്ടതും അന്ന് വ്യക്തമാകും. ആവര്‍ത്തിച്ച് പറയുന്നതിലൂടെ അല്ലാഹു അതിന്റെ കാര്യത്തെ ഗൗരവതരവും മഹത്വമുള്ളതുമാക്കുന്നു. (ആ യഥാര്‍ഥ സംഭവം എന്താണെന്ന് നിനക്കെന്തറിയാം). തീര്‍ച്ചയായും അതിന്റെ കാര്യം വമ്പിച്ചതുമാണ്. അതിഭീകരവുമാണ്).

4). (ഇത്തരത്തില്‍ ഇഹലോകത്ത് സാക്ഷ്യം വഹിക്കപ്പെട്ട മുമ്പു സംഭവിച്ച അവസ്ഥകളുടെ ചില മാതൃകകളാണ് പിന്നീട് പറയുന്നത്. ധിക്കാരികളായ ജനങ്ങള്‍ക്കിറങ്ങിയ തീവ്രമായ ചില ശിക്ഷാനടപടികളാണത്. (ഥമൂദ് സമുദായം നിഷേധിച്ചുകളഞ്ഞു). സ്വാലിഹ് നബി(അ)യെ അല്ലാഹു നിയോഗിച്ചു. ഹിജ്‌റിലെ താമസക്കാരായ പ്രസിദ്ധ ഗോത്രമാണ് ഥമൂദ്. അവര്‍ ചെയ്തുകൊണ്ടിരിക്കുന്ന ശിര്‍ക്കിനെ അദ്ദേഹം അവരോട് വിരോധിക്കുകയും തൗഹീദ് കല്‍പിക്കുകയും ചെയ്തു. ആ പ്രബോധനത്തെ അവര്‍ നിരാകരിച്ചു. അവര്‍ കളവാക്കി. ഉയിര്‍ത്തെഴുന്നേല്‍പ് നാളിനെക്കുറിച്ച് അദ്ദേഹം പറഞ്ഞുകൊടുത്തത്അവര്‍ തള്ളിക്കളഞ്ഞു. സൃഷ്ടികളെ ബാധിക്കുന്നതായ ഭയാനകമായ മഹാവിപത്താണിത്. ഹൂദ്(അ) അല്ലാഹു നിയോഗിച്ച ഹളര്‍ മൗതിലെ താമസക്കാരാണ് ആദ് സമുദായം. അദ്ദേഹം അവരെ ഏകദൈവാരാധനയിലേക്ക് ക്ഷണിച്ചു. അപ്പോള്‍ അദ്ദേഹത്തെ അവര്‍ നിഷേധിച്ചു. ഉയിര്‍ത്തെഴുന്നേല്‍പിനെ കുറിച്ച് അദ്ദേഹംഅറിയിച്ചു കൊടുത്തകാര്യങ്ങള്‍ അവരും നിഷേധിച്ചു. പെട്ടെന്നുള്ള നാശത്താല്‍ രണ്ട് വിഭാഗത്തെയും അല്ലാഹു നശിപ്പിച്ചു.

5) (എന്നാല്‍ ഥമൂദ് സമുദായം അത്യന്തംഭീകരമായ ഒരു ശിക്ഷ കൊണ്ട് നശിപ്പിക്കപ്പെട്ടു). പേടിപ്പെടുത്തുന്ന ഭയാനകമായ ഒരു ഘോരശബ്ദം. ഹൃദയെത്ത ഭേദിക്കുന്ന, ആത്മാവുകളെ ഇല്ലാതാക്കുന്ന ശബ്ദം. അവരുടെ താമസസ്ഥലങ്ങളും ശവശരീരങ്ങളുമല്ലാതെ മറ്റൊന്നും കാണപ്പെടാത്ത വിധം അവര്‍ മരിച്ചുതീര്‍ന്നു.

6). (എന്നാല്‍ ആദ് സമുദായം ആഞ്ഞുവീശുന്ന അത്യുഗ്രമായ ഒരു കാറ്റുകൊണ്ട് നശിപ്പിക്കപ്പെട്ടു). തകര്‍ത്തു കളയുന്ന ഇടിയുടെശബ്ദത്തെക്കാളും ശക്തമായ ശബ്ദത്തില്‍ അടിച്ചുവീശുന്ന കഠിനവും ശക്തവുമായ കാറ്റ് (عاتية) 'പരിധിവിട്ടത്' അധിക വ്യാഖ്യാതാക്കളും പറഞ്ഞത് അവരുടെ ഖജനാവുകള്‍ക്കു മേല്‍ അത് കടന്നുചെന്നു. അല്ലെങ്കില്‍ ആദ് സമുദായത്തിനു മേല്‍ എല്ലാ പരിധികളും ലംഘിച്ചുവെന്നര്‍ഥം.

7). (തുടര്‍ച്ചയായ ഏഴു രാത്രിയും എട്ടു പകലും അത് (കാറ്റ്) അവരുടെ നേര്‍ക്ക് അവന്‍ തിരിച്ചുവിട്ടു). ദുരന്തമായി, അവര്‍ക്ക് അപമാനകരമായ നാശമായി അവരെതകര്‍ക്കുകയും നശിപ്പിക്കുകയും ചെയ്തു. (ജനങ്ങള്‍ കാറ്റില്‍ വീണു കിടക്കുന്നതായി നിനക്കു കാണാം. നശിച്ചവരായി മരണപ്പെട്ടവരായി. (അപ്പോള്‍ കടപുഴകി വീണ ഈത്തപ്പനത്തടികള്‍ പോലെ). ഒന്ന് ഒന്നിനു മേല്‍ വീണ് തലപോയ ഈത്തപ്പനത്തടികള്‍ പോലെ.

8). ഇനി അവരുടേതായി അവശേഷിക്കുന്നവല്ലതും (നീ കാണുന്നുണ്ടോ?) ഒന്നും കാണുന്നില്ലെന്ന് ഉറപ്പിച്ച് പറയുന്ന നിഷേധത്തെ സ്ഥാപിക്കുന്ന ചോദ്യമാണിത്.

9-10). ആദ്, ഥമൂദ് എന്ന ധിക്കാരികളായ ഈരണ്ട് സമുദായങ്ങള്‍ക്ക് പുറമെ പരിധിവിട്ട ധിക്കാരികള്‍ വേറെയും ഉണ്ടായിട്ടുണ്ട്. തന്റെ അടിമയും ദൂതനുമായ ഇംറാനിന്റെ മകന്‍ മൂസാനബി(അ)യെ അല്ലാഹു നിയോഗിച്ചു. ഈജിപ്തിലെ ഫിര്‍ഔനിനെ പോലെയുള്ളവര്‍. സത്യം ബോധ്യപ്പെടാവുന്ന വ്യക്തമായ തെളിവുകള്‍ അവര്‍ക്കദ്ദേഹം കാണിച്ചുകൊടുത്തു. എന്നാല്‍ ഔന്നിത്യത്താലും അക്രമത്താലും അവര്‍ നിഷേധിക്കുകയും തള്ളിക്കളയുകയും ചെയ്തു. അവര്‍ മുമ്പും നിഷേധികളുണ്ടായിട്ടുണ്ട്.

(കീഴ്‌മേല്‍ മറിഞ്ഞ രാജ്യങ്ങള്‍) ലൂത്വ്(അ)ന്റെ ജനതയുടെ ഗ്രാമങ്ങള്‍ അവരെല്ലാവരും (തെറ്റായപ്രവര്‍ത്തനം) കൊണ്ടുവന്നു. അതിരുവിട്ട പ്രവര്‍ത്തനം. അത് നിഷേധവും കളവാക്കലും അക്രമവും ധിക്കാരവും അതിനോട് ബന്ധപ്പെട്ട അനുസരണക്കേടിന്റെയും അധര്‍മത്തിന്റെയും മറ്റിനങ്ങളും. (അവര്‍ അവരുടെ രക്ഷിതാവിന്റെ ദൂതനെ ധിക്കരിക്കുകയും) ഇതൊരു വര്‍ഗനാമമാണ്. അതായത്, അവരിലേക്കയച്ച ദൂതനെ കളവാക്കിയെന്നര്‍ഥം. (അപ്പോള്‍ അല്ലാഹു പിടികൂടി). മുഴുവന്‍ ആളുകളെയും (ശക്തിയേറിയ ഒരു പിടുത്തം). അവര്‍ നശിക്കാനാവശ്യമായ കണക്കിനു പരിധികള്‍ക്കും അപ്പുറത്തേക്കുള്ള പിടുത്തം).

11-12). ഈ കൂട്ടത്തില്‍ പെട്ടവര്‍ തന്നെയാണ് നൂഹിന്റെ ജനതയും. അവരെ അല്ലാഹു വെള്ളത്തില്‍ മുക്കി. (വെള്ളം അതിരു കവിഞ്ഞ സമയത്ത്) ഭൂമുഖത്ത് ഉയര്‍ന്ന സ്ഥലങ്ങളിലേക്കു കൂടി അതുയര്‍ന്നു. അവര്‍ക്ക് ശേഷമുള്ളവരോട് അല്ലാഹു കരുണ കാണിച്ചു അവരെ വഹിപ്പിക്കുന്നതിലൂടെ (കപ്പലില്‍). നിങ്ങളെയെന്നത് അല്ലാഹു രക്ഷപ്പെടുത്തിയ പിതാക്കളുടെയും മാതാക്കളുടെയും മുതുകില്‍ ഉള്ളവര്‍. അക്രമികള്‍ നശിപ്പിക്കപ്പെട്ടപ്പോള്‍ നിങ്ങളെ അവന്‍ രക്ഷപ്പെടുത്തി. നിങ്ങള്‍ നന്ദി ചെയ്യുക. അവനെ സ്തുതിക്കുകയും ചെയ്യു. അവന്റെ ഏകത്വത്തെ അറിയിക്കുന്ന ദൃഷ്ടാന്തങ്ങളില്‍ നിന്ന് പാഠമുള്‍ക്കൊള്ളുകയും ചെയ്യുക. അതാണ് തുടര്‍ന്ന് പറയുന്നത്. (അതിനെ നാം ആക്കുന്നതിനു വേണ്ടി) അതായത് ആ കപ്പലിനെ ഉദ്ദേശം മുഴുവന്‍ കപ്പലുകളുമാണ് (സ്മരണ) ആദ്യമായി ഉണ്ടാക്കപ്പെട്ട കപ്പലിന്റെ ചരിത്രം നിങ്ങളെ ഓര്‍മിപ്പിച്ചുകൊണ്ടിരിക്കും. എങ്ങനെയാണ് അല്ലാഹു അവനില്‍ വിശ്വസിക്കുകയും അവന്റെ ദൂതനെ പിന്‍പറ്റുകയും ചെയ്തവരെ രക്ഷപ്പെടുത്തിയതെന്നും ഭൂമിയിലുള്ളവരെ മുഴുവന്‍ നശിപ്പിച്ചതെന്നും. ഒരു വര്‍ഗം അതിന്റെ അടിസ്ഥാനത്തെ ഓര്‍മപ്പെടുത്തുന്നു.

(ശ്രദ്ധിച്ചു മനസ്സിലാക്കുന്ന കാതുകള്‍ അത് ശ്രദ്ധിച്ചു മനസ്സിലാക്കാനും) ബുദ്ധിയുള്ളവര്‍ ആലോചിക്കുകയും അതിലുള്ള ഉദ്ദേശ്യവും ദൃഷ്ടാന്തവും എന്താണെന്ന് ചിന്തിക്കുകയും ചെയ്യും. ബുദ്ധിസാമര്‍ഥ്യം ഇല്ലാത്തവരും വിഡ്ഢികളും അശ്രദ്ധരും തിരിഞ്ഞുകളയുന്നവരും ഇവരില്‍ നിന്നും വ്യത്യസ്തരുമാണ്. അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങള്‍ കൊണ്ട് പ്രയോജനമില്ലാത്തവരാണിവര്‍.