ഖലം (പേന)

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2019 ഡിസംബര്‍ 28 1441 ജുമാദല്‍ അവ്വല്‍ 2

അധ്യായം: 68, ഭാഗം: 1

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

وَلَا تُطِعْ كُلَّ حَلَّافٍ مَهِينٍ (١٠) هَمَّازٍ مَشَّاءٍ بِنَمِيمٍ (١١) مَنَّاعٍ لِلْخَيْرِ مُعْتَدٍ أَثِيمٍ (١٢) عُتُلٍّ بَعْدَ ذَٰلِكَ زَنِيمٍ (١٣) أَنْ كَانَ ذَا مَالٍ وَبَنِينَ (١٤) إِذَا تُتْلَىٰ عَلَيْهِ آيَاتُنَا قَالَ أَسَاطِيرُ الْأَوَّلِينَ (١٥) سَنَسِمُهُ عَلَى الْخُرْطُومِ (١٦)
(10) അധികമായി സത്യം ചെയ്യുന്നവനും നീചനുമായിട്ടുള്ള യാതൊരാളെയും നീ അനുസരിച്ചു പോകരുത്. (11) കുത്തുവാക്ക് പറയുന്നവനും ഏഷണിയുമായി നടക്കുന്നവനുമായ, (12) നന്‍മയ്ക്ക് തടസ്സം നില്‍ക്കുന്നവനും, അതിക്രമിയും മഹാപാപിയുമായ, (13) ക്രൂരനും അതിനു പുറമെ ദുഷ്‌കീര്‍ത്തി നേടിയവനുമായ. (14) അവന്‍ സ്വത്തും സന്താനങ്ങളും ഉള്ളവനായി എന്നതിനാല്‍ (അവന്‍ അത്തരം നിലപാട് സ്വീകരിച്ചു). (15) നമ്മുടെ ദൃഷ്ടാന്തങ്ങള്‍ അവന്ന് വായിച്ചുകേള്‍പിക്കപ്പെട്ടാല്‍ അവന്‍ പറയും; പൂര്‍വികന്‍മാരുടെ പുരാണകഥകള്‍ എന്ന്. (16) വഴിയെ (അവന്റെ) തുമ്പിക്കൈമേല്‍ നാം അവന്ന് അടയാളം വെക്കുന്നതാണ്.

10). (അധികം സത്യം ചെയ്യുന്നവനെ നീ അനുസരിക്കരുത്) അതായത് ധാരാളം സത്യം ചെയ്യുന്നവനെ. കാരണം അവന്‍ പറയുന്നത് ചെയ്യുന്നവനായിരിക്കില്ല. നുണ പറയുന്നവന്‍ മാത്രമായിരിക്കും. അങ്ങനെ അല്ലാതിരിക്കാന്‍ നിവൃത്തിയില്ല.

(നീചന്‍) മനസ്സിന്റെ അധമത്വം, മനഃശക്തിയില്ലായ്മ, നന്മയില്‍ താല്‍പര്യമില്ലായ്മ; മാത്രമല്ല, അവന്റെ താല്‍പര്യങ്ങളാവട്ടെ മോശമായ മനസ്സില്‍ നിന്നുണ്ടാകുന്നതും.

(കുത്തുവാക്ക് പറയുന്നവനും) ജനങ്ങളെ ധാരാളമായി ആക്ഷേപിക്കുകയും ആരോപണങ്ങളുന്നയിക്കുകയും പരിഹസിക്കുകയും ചെയ്യുക. (ഏഷണിയുമായി നടക്കുന്നവന്‍) ജനങ്ങള്‍ക്കിടയില്‍ ഏഷണിയുമായി നടക്കുന്നു. ജനങ്ങള്‍ക്കിടയില്‍ ശത്രുതയും വിദ്വേഷണവും ഉണ്ടാക്കുന്നതിനും കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നതിനും സംസാരങ്ങളെ പരസ്പരം എത്തിച്ചുകൊടുത്തുകൊണ്ടിരിക്കുക എന്നതാണ് ഏഷണി.

(12). (നന്മക്ക് തടസ്സം നില്‍ക്കുന്നവനും) നിര്‍ബന്ധമായും നല്‍കേണ്ട ചെലവുകളും സകാത്തും മറ്റു ദാനങ്ങളും നല്‍കാത്തവന്‍. (അതിക്രമി) സൃഷ്ടികളുടെ മേല്‍, അവരുടെ അഭിമാനത്തിലും സമ്പത്തിലും ജീവനിലും അക്രമം കാണിക്കുന്നവന്‍. (മഹാപാപി) അല്ലാഹുവോട് ചെയ്യേണ്ട ബാധ്യതകളില്‍ തെറ്റുകളും പാപങ്ങളും ധാരാളമായി ചെയ്യുന്നവന്‍.

13). (ക്രൂരനും അതിനു പുറമെ) ക്രൂര പ്രകൃതിയുള്ള കഠിനന്‍, ഹൃദയകാഠിന്യമുള്ളവന്‍, സത്യത്തിന് കീഴ്‌പ്പെടാത്തവന്‍. (ദുഷ്‌കീര്‍ത്തി നേടിയവന്‍) അടിത്തറയില്ലാത്തവനും സ്വഭാവമാകട്ടെ ഏറ്റവും മോശമായവനും. അതില്‍ നിന്ന് ഒരു രക്ഷയും പ്രതീക്ഷിക്കപ്പെടാന്‍ പറ്റാത്തവന്‍. زنمة (സിന്‍മത്ത്) ഉള്ളവന്‍ തിന്മയുടെ അടയാളങ്ങള്‍ കാണപ്പെടുന്നവന്‍. ചീത്ത സ്വഭാവക്കാരും മനസ്സ് മോശമായവരും കളവ് പറയുന്നവരും അധികമായി സത്യം ചെയ്യുന്നവരുമായ വ്യക്തികളെ അനുസരിക്കുന്നത് വിലക്കുകയാണിവിടെ. പ്രത്യേകിച്ചും തന്നെക്കുറിച്ച് അമിതമായ മതിപ്പ് കാണിക്കുന്നവരും സത്യത്തോടും മനുഷ്യരോടും അഹന്തകാണിക്കുന്നവരും ഏഷണിയും പരദൂഷണവുമായി മറ്റുള്ളവരെ നിസ്സാരമാക്കുന്നതും അധിക്ഷേപിക്കുന്നവരും തെറ്റുകള്‍ അധികരിപ്പിക്കുന്നവരുമായവരെ.

14-15). ഈ വചനങ്ങളിറങ്ങിയത് വലീദ്ബ്‌നു മുഗീറയെപ്പോലുള്ള ചില അവിശ്വാസികളുടെ കാര്യത്തിലാണ്. അവനെക്കുറിച്ച് പറയുന്നു: (അവന്‍ സ്വത്തും സന്താനങ്ങളും ഉള്ളവനായി എന്നതിനാല്‍ നമ്മുടെ ദൃഷ്ടാന്തങ്ങള്‍ അവന് വായിച്ചു കേള്‍പിക്കപ്പെട്ടാല്‍ അവന്‍ പറയും: പൂര്‍വികരുടെ പുരാണ കഥകളെന്ന്).

സമ്പത്തും സന്താനങ്ങളും ധാരാളം ഉള്ളതിനാല്‍ അവന്‍ അതിരുവിടുകയും സത്യത്തെ നിരാകരിക്കുകയും അഹങ്കാരം കാണിക്കുകയും അതിനെ അവന്‍ പൂര്‍വികരുടെ പുരാണങ്ങളില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. അത് സത്യത്തിനും അസത്യത്തിനും സാധ്യതയുള്ളതാണ്. ഈ വിശേഷണങ്ങള്‍ ആര്‍ക്കെല്ലാമുണ്ടോ, അവരെല്ലാം ഇതിലുള്‍പ്പെടും. കാരണം ക്വുര്‍ആന്‍ മുഴുവന്‍ സൃഷ്ടികള്‍ക്കും മാര്‍ഗദര്‍ശനത്തിനു വേണ്ടി അവതരിച്ചതാണ്. അതില്‍ ഈ സമുദായത്തിലെ എല്ലാവരും ഉള്‍പ്പെടുന്നു. പൊതുവായ ചില നിയമങ്ങള്‍ വ്യക്തമാക്കുന്നതിനു വേണ്ടി ചില പ്രത്യേക വ്യക്തികളുടെ കാര്യത്തില്‍ ആയത്തുകള്‍ ഇറങ്ങാം. പൊതു നിയമങ്ങളില്‍ ഉള്‍പ്പെടുന്ന ചില ഭാഗിക കാര്യങ്ങള്‍ അതില്‍ നിന്ന് മനസ്സിലാക്കിയെടുക്കാന്‍ കഴിയും.

16). ഈ പറഞ്ഞ ദോഷങ്ങളുള്ളവരെ താക്കീത് ചെയ്യുകയാണ് തുടര്‍ന്നുള്ള വചനങ്ങളില്‍. അവന്റെ തുമ്പിക്കൈയില്‍ അല്ലാഹു ശിക്ഷയുടെ അടയാളം വെക്കും. പ്രകടമായ ശിക്ഷ അവനെ ശിക്ഷിക്കുകയും ചെയ്യും. അവന്റെ  ഏറ്റവും പ്രത്യക്ഷമായ ഭാഗങ്ങളില്‍ ആ അടയാളവും ഉണ്ടായിരിക്കും. അതായത് മുഖത്ത് തന്നെ.