അല്‍മുദ്ദസ്സിര്‍ (പുതച്ചുമൂടിയവന്‍)

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2019 ആഗസ്ത് 31 1440 ദുല്‍ഹിജ്ജ 29

അധ്യായം: 74, ഭാഗം: 5

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

فَمَا لَهُمْ عَنِ التَّذْكِرَةِ مُعْرِضِينَ (٤٩) كَأَنَّهُمْ حُمُرٌ مُسْتَنْفِرَةٌ (٥٠) فَرَّتْ مِنْ قَسْوَرَةٍ (٥١) بَلْ يُرِيدُ كُلُّ امْرِئٍ مِنْهُمْ أَنْ يُؤْتَىٰ صُحُفًا مُنَشَّرَةً (٥٢) كَلَّا ۖ بَلْ لَا يَخَافُونَ الْآخِرَةَ (٥٣) كَلَّا إِنَّهُ تَذْكِرَةٌ (٥٤) فَمَنْ شَاءَ ذَكَرَهُ (٥٥) وَمَا يَذْكُرُونَ إِلَّا أَنْ يَشَاءَ اللَّهُ ۚ هُوَ أَهْلُ التَّقْوَىٰ وَأَهْلُ الْمَغْفِرَةِ (٥٦)
(49). എന്നിരിക്കെ അവര്‍ക്കെന്തു പറ്റി? അവര്‍ ഉല്‍ബോധനത്തില്‍ നിന്ന് തിരിഞ്ഞുകളയുന്നവരായിരിക്കുന്നു! (50). അവര്‍ വിറളി പിടിച്ച കഴുതകളെപ്പോലിരിക്കുന്നു. (51). സിംഹത്തില്‍ നിന്ന് ഓടിരക്ഷപ്പെടുന്ന (കഴുതകള്‍). (52). അല്ല, അവരില്‍ ഓരോരുത്തരും ആഗ്രഹിക്കുന്നു; തനിക്ക് അല്ലാഹുവിങ്കല്‍ നിന്ന് നിവര്‍ത്തിയ ഏടുകള്‍ നല്‍കപ്പെടണമെന്ന്. (53). അല്ല; പക്ഷേ, അവര്‍ പരലോകത്തെ ഭയപ്പെടുന്നില്ല. (54). അല്ല; തീര്‍ച്ചയായും ഇത് ഒരു ഉല്‍ബോധനമാകുന്നു. (55). ആകയാല്‍ ആര്‍ ഉദ്ദേശിക്കുന്നുവോ അവരത് ഓര്‍മിച്ചു കൊള്ളട്ടെ. (56). അല്ലാഹു ഉദ്ദേശിക്കുന്നുവെങ്കിലല്ലാതെ അവര്‍ ഓര്‍മിക്കുന്നതല്ല. അവനാകുന്നു ഭക്തിക്കവകാശപ്പെട്ടവന്‍; പാപമോചനത്തിന് അവകാശപ്പെട്ടവന്‍.

49-53) അനുസരണക്കേട് കാണിച്ചവരുടെ മടക്കത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ തന്നെ അല്ലാഹു അവരെക്കൊണ്ട് എന്തു ചെയ്‌തെന്നും വ്യക്തമാക്കി. അവരുടെ മേല്‍ ആക്ഷേപവും വിമര്‍ശനവും ചൊരിയുകയും ചെയ്തു. (എന്നിരിക്കെ, അവര്‍ക്കെന്തു പറ്റി? അവര്‍ ഉദ്‌ബോധനത്തില്‍ നിന്ന് തിരിഞ്ഞുകളയുന്നവരായിരിക്കുന്നു) അതിനെ തടയുന്നവരും അതില്‍ നിന്നും അശ്രദ്ധരാകുന്നവരും. (അവര്‍ ആയിരിക്കുന്നത് പോലെയാണ്) അതില്‍ നിന്നുള്ള അവരുടെ ശക്തമായ അകല്‍ച്ചയില്‍. (വിറളി പിടിച്ച കഴുതകള്‍) വിറളി പിടിച്ച കാട്ടുകഴുതകള്‍, അവ പരസ്പരം വിറളി കാട്ടുമ്പോള്‍ അവയുടെ ഓട്ടം ശക്തമാകും. (സിംഹത്തില്‍ നിന്ന് ഓടിരക്ഷപ്പെടുന്ന (കഴുതകള്‍). അതായത് അവയെ ലക്ഷ്യം വെക്കുന്ന വേട്ടക്കാരനില്‍ നിന്നോ അമ്പെയ്ത്തുകാരനില്‍ നിന്നോ. അതല്ലെങ്കില്‍ സിംഹം പോലുള്ളവയില്‍ നിന്ന്. സത്യത്തില്‍ നിന്നും പുറംതിരിഞ്ഞ് പോകുന്നതിന്റെ ഏറ്റവും ഭീകരമായ അവസ്ഥയാണിത്. ഈ അവഗണനക്കും പുറംതിരിഞ്ഞ് പോകലിനുമൊപ്പം വലിയ ആവശ്യങ്ങളാണ് അവര്‍ ആവശ്യപ്പെടുന്നത്. (അല്ല, അവരില്‍ നിന്നും ഓരോരുത്തരും ആഗ്രഹിക്കുന്നു; തനിക്ക് അല്ലാഹുവിങ്കില്‍ നിന്ന് നിവര്‍ത്തിയ ഏടുകള്‍ നല്‍കപ്പെടണമെന്ന്). സത്യത്തിന് കീഴ്‌പ്പെടണമെങ്കില്‍ ആകാശത്തുനിന്ന് അത് ഇറക്കപ്പെടണമെന്ന് അവര്‍ വാദിക്കുന്നു. അവര്‍ കളവാക്കി. എല്ലാ ദൃഷ്ടാന്തങ്ങളും ഒന്നിച്ച് നല്‍കിയാലും വേദനിപ്പിക്കുന്ന ശിക്ഷ വന്നെത്തുന്നതു വരെ അവര്‍ വിശ്വസിക്കുകയില്ല. കാരണം അവര്‍ക്ക് സത്യത്തെ വ്യക്തമാക്കിക്കൊടുക്കുന്ന വ്യക്തമായ തെളിവുകള്‍ വന്നു. അവരില്‍ നന്മയുണ്ടായിരുന്നുവെങ്കില്‍ അവര്‍ വിശ്വസിക്കുമായിരുന്നു. അതാണ് അല്ലാഹു പറഞ്ഞത് (അല്ല), അതായത് അവര്‍ ആവശ്യപ്പെട്ടത് നാം അവര്‍ക്ക് നല്‍കുകയില്ല. അതുകൊണ്ട് തോല്‍പിക്കാനാണവര്‍ ഉദ്ദേശിക്കുന്നത്. (പക്ഷേ, അവര്‍ പരലോകത്തെ ഭയപ്പെടുന്നില്ല). ഭയപ്പെടുന്നുണ്ടായിരുന്നുവെങ്കില്‍ ഇതൊന്നും അവരില്‍നിന്നുണ്ടാവില്ല.

54-56). (അല്ല, തീര്‍ച്ചയായും ഇത് ഒരു ഉല്‍ബോധനമാകുന്നു). ഇത് എന്നതുകൊണ്ട് ഉദ്ദേശ്യം ഈ അധ്യായം ഉള്‍ക്കൊള്ളുന്ന ആശയങ്ങളാകാം. അല്ലെങ്കില്‍ ഈ ഉപദേശങ്ങളാകാം. (ആകയാല്‍ ആര്‍ ഉദ്ദേശിക്കുന്നുവോ അവരത് ഓര്‍മിച്ചുകൊള്ളട്ടെ). കാരണം അവന്‍ പ്രകടമായ തെളിവും വഴിയും വ്യക്തമാക്കിക്കൊടുത്തിട്ടുണ്ട്. (അല്ലാഹു ഉദ്ദേശിക്കുന്നുവെങ്കിലല്ലാതെ അവര്‍ ഓര്‍മിക്കുന്നതല്ല). അല്ലാഹുവിന്റെ ഉദ്ദേശ്യം സമഗ്രമായി നടപ്പിലാക്കപ്പെടും. കുറച്ചാകട്ടെ, അധികമാകട്ടെ, ഒരു സംഭവവും അതില്‍ നിന്ന് ഒഴിവാക്കപ്പെടുന്നതല്ല.

ഇതില്‍ ക്വദ്‌രിയാക്കള്‍ക്കുള്ള മറുപടിയുണ്ട്. അവര്‍ മനുഷ്യരുടെ പ്രവര്‍ത്തനങ്ങളില്‍ അല്ലാഹുവിന്റെ ഉദ്ദേശ്യമുണ്ടെന്ന കാര്യം അംഗീകരിക്കുന്നില്ല. എന്നാല്‍ ജബ്‌രിയാക്കള്‍, അവരാകട്ടെ മനുഷ്യന് യാതൊരു വിധത്തിലും ഉദ്ദേശിക്കാനോ പ്രവര്‍ത്തിക്കാനോ സാധ്യമല്ലെന്നും വാദിക്കുന്നു. മനുഷ്യരുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ബന്ധിതമായവയാണ്. യാതൊരു വിധ സ്വാതന്ത്ര്യവും അവനില്ലെന്നാണര്‍ഥം. എന്നാല്‍, അല്ലാഹു മനുഷ്യന് ഉദ്ദേശിക്കാനും പ്രവര്‍ത്തിക്കാനും ഉള്ള സ്വാതന്ത്ര്യം നല്‍കുന്നുണ്ട്. അത് അല്ലാഹുവിന്റെ ഉദ്ദേശ്യം കൂടി അനുസരിച്ചാണെന്ന് മാത്രം. (അവനാകുന്നു ഭക്തിക്കവകാശപ്പെട്ടവന്‍. പാപമോചനത്തിന് അവകാശപ്പെട്ടവന്‍) അവന്‍ ആരാധിക്കപ്പെടാനും സൂക്ഷിക്കപ്പെടാനും അര്‍ഹതപ്പെട്ടവന്‍ തന്നെ. കാരണം ആരാധനക്ക് അവനല്ലാതെ യാതൊരു അര്‍ഹനുമില്ല. അവനെ സൂക്ഷിക്കുകയും അവന്റെ തൃപ്തിയെ പിന്‍പറ്റുകയും ചെയ്യുന്നവര്‍ക്ക് പൊറുത്തുകൊടുക്കാനും അവന്‍ അവകാശപ്പെട്ടവന്‍ തന്നെ.

അല്ലാഹുവിന് സ്തുതി, സൂറതുല്‍മുദ്ദസ്സിറിന്റെ വ്യാഖ്യാനം പൂര്‍ത്തിയായി.