മആരിജ് (കയറുന്ന വഴികള്‍)

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2019 നവംബര്‍ 09 1441 റബിഉല്‍ അവ്വല്‍ 12

അധ്യായം: 70, ഭാഗം: 3

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

إِنَّ الْإِنْسَانَ خُلِقَ هَلُوعًا (١٩) إِذَا مَسَّهُ الشَّرُّ جَزُوعًا (٢٠) وَإِذَا مَسَّهُ الْخَيْرُ مَنُوعًا (٢١) إِلَّا الْمُصَلِّينَ (٢٢) الَّذِينَ هُمْ عَلَىٰ صَلَاتِهِمْ دَائِمُونَ (٢٣) وَالَّذِينَ فِي أَمْوَالِهِمْ حَقٌّ مَعْلُومٌ (٢٤) لِلسَّائِلِ وَالْمَحْرُومِ (٢٥) وَالَّذِينَ يُصَدِّقُونَ بِيَوْمِ الدِّينِ (٢٦) وَالَّذِينَ هُمْ مِنْ عَذَابِ رَبِّهِمْ مُشْفِقُونَ (٢٧) إِنَّ عَذَابَ رَبِّهِمْ غَيْرُ مَأْمُونٍ (٢٨‬) وَالَّذِينَ هُمْ لِفُرُوجِهِمْ حَافِظُونَ (٢٩) إِلَّا عَلَىٰ أَزْوَاجِهِمْ أَوْ مَا مَلَكَتْ أَيْمَانُهُمْ فَإِنَّهُمْ غَيْرُ مَلُومِينَ (٣٠) فَمَنِ ابْتَغَىٰ وَرَاءَ ذَٰلِكَ فَأُولَٰئِكَ هُمُ الْعَادُونَ (٣١) وَالَّذِينَ هُمْ لِأَمَانَاتِهِمْ وَعَهْدِهِمْ رَاعُونَ (٣٢) وَالَّذِينَ هُمْ بِشَهَادَاتِهِمْ قَائِمُونَ (٣٣) وَالَّذِينَ هُمْ عَلَىٰ صَلَاتِهِمْ يُحَافِظُونَ (٣٤) أُولَٰئِكَ فِي جَنَّاتٍ مُكْرَمُونَ (٣٥)
(19). തീര്‍ച്ചയായും മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് അങ്ങേയറ്റം അക്ഷമനായിക്കൊണ്ടാണ്. (20). അതായത് തിന്‍മ ബാധിച്ചാല്‍ പൊറുതികേട് കാണിക്കുന്നവനായിക്കൊണ്ടും, (21). നന്‍മ കൈവന്നാല്‍ തടഞ്ഞുവെക്കുന്നവനായിക്കൊണ്ടും. (22). നമസ്‌കരിക്കുന്നവരൊഴികെ; (23). അതായത് തങ്ങളുടെ നമസ്‌കാരത്തില്‍ സ്ഥിരമായി നിഷ്ഠയുള്ളവര്‍. (24). തങ്ങളുടെ സ്വത്തുക്കളില്‍ നിര്‍ണിതമായ അവകാശം നല്‍കുന്നവരും; (25). ചോദിച്ചു വരുന്നവന്നും ഉപജീവനം തടയപ്പെട്ടവന്നും. (26). പ്രതിഫലദിനത്തില്‍ വിശ്വസിക്കുന്നവരും (27). തങ്ങളുടെ രക്ഷിതാവിന്റെ ശിക്ഷയെപറ്റി ഭയമുള്ളവരുമൊഴികെ. (28). തീര്‍ച്ചയായും അവരുടെ രക്ഷിതാവിന്റെ ശിക്ഷ (വരികയില്ലെന്ന്) സമാധാനപ്പെടാന്‍ പറ്റാത്തതാകുന്നു. (29). തങ്ങളുടെ ഗുഹ്യാവയവങ്ങള്‍ കാത്തുസൂക്ഷിക്കുന്നവരും (ഒഴികെ). (30). തങ്ങളുടെ ഭാര്യമാരുടെയോ, വലം കൈകള്‍ ഉടമപ്പെടുത്തിയവരുടെയോ കാര്യത്തിലൊഴികെ. തീര്‍ച്ചയായും അവര്‍ ആക്ഷേപമുക്തരാകുന്നു. (31). എന്നാല്‍ അതിലപ്പുറം ആരെങ്കിലും ആഗ്രഹിക്കുന്ന പക്ഷം അത്തരക്കാര്‍ തന്നെയാകുന്നു അതിരുകവിയുന്നവര്‍. (32). തങ്ങളെ വിശ്വസിച്ചേല്‍പിച്ച കാര്യങ്ങളും തങ്ങളുടെ ഉടമ്പടികളും പാലിച്ചു പോരുന്നവരും, (33). തങ്ങളുടെ സാക്ഷ്യങ്ങള്‍ മുറപ്രകാരം നിര്‍വഹിക്കുന്നവരും, (34). തങ്ങളുടെ നമസ്‌കാരങ്ങള്‍ നിഷ്ഠയോടെ നിര്‍വഹിക്കുന്നവരും (ഒഴികെ). (35). അത്തരക്കാര്‍ സ്വര്‍ഗത്തോപ്പുകളില്‍ ആദരിക്കപ്പെടുന്നവരാകുന്നു.

(19-21) (തീര്‍ച്ചയായും മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് അങ്ങേയറ്റം അക്ഷമനായിക്കൊണ്ടാണ്) മനുഷ്യന്റെ പ്രകൃതിപരമായ ഒരു സവിശേഷതയാണ് ഇവിടെ പറയുന്നത്. അവന്‍ അക്ഷമനാണ്. പിന്നീട് ആ ക്ഷമയില്ലായ്മ എന്താണെന്ന് വിശദീകരിക്കുകയും ചെയ്യുന്നു. (അതായത് തിന്മബാധിച്ചാല്‍ പൊറുതികേട് കാണിക്കുന്നവനായിരിക്കൊണ്ടും) ദാരിദ്ര്യമോ രോഗമോ ബാധിക്കുകയോ തനിക്കിഷ്ടപ്പെട്ട ധനമോ ബന്ധുക്കളോ മക്കളോ നഷ്ടപ്പെടുകയോ ചെയ്താല്‍ അവര്‍ അക്ഷമരാകും. അല്ലാഹുവിന്റെ വിധിയില്‍ തൃപ്തിപ്പെടാനോ ക്ഷമിക്കാനോ കഴിയുന്നില്ല. (നന്മകൈവന്നാല്‍ തടഞ്ഞുവെക്കുന്നവനായിക്കൊണ്ടും) അല്ലാഹു നല്‍കിയതില്‍ നിന്നും അവര്‍ ചെലവഴിക്കില്ല. അവന്‍ നല്‍കിയ അനുഗ്രഹത്തിനും ഗുണത്തിനും നന്ദി കാണിക്കുകയുമില്ല. പ്രയാസങ്ങള്‍ വരുമ്പോള്‍ ക്ഷമകേട് കാണിക്കുകയും സൗകര്യങ്ങളുണ്ടാകുമ്പോള്‍ തടഞ്ഞുവെക്കുന്നവരാകുകയും ചെയ്യും.

22-23). (നമസ്‌കരിക്കുന്നവരൊഴികെ) എന്നാല്‍ ഈ വിശേഷണങ്ങളുള്ളവര്‍ മറിച്ചാണ്. അവര്‍ക്ക് നന്മ ലഭിച്ചാല്‍ അവര്‍ അല്ലാഹുവിന് നന്ദി കാണിക്കുകയും അവര്‍ക്ക് അധീനമായി കിട്ടിയതില്‍ നിന്ന് ചെലവഴിക്കുകയും ചെയ്യും. തിന്മ ബാധിച്ചാലാകട്ടെ, ക്ഷമിക്കുകയും പ്രതിഫലമാഗ്രഹിക്കുകയും ചെയ്യും. അവരുടെ മറ്റൊരു വിശേഷണം: (അതായത് തങ്ങളുടെ നമസ്‌കാരത്തില്‍ സ്ഥിരമായി നിഷ്ഠയുള്ളവരും) അതിന്റെ പൂര്‍ണ നിയമങ്ങളോടും നിബന്ധനകളോടും കൂടി സമയത്തു തന്നെ നിത്യമായി നിര്‍വഹിക്കും. അവര്‍ നമസ്‌കരിക്കാത്തവരെ പോലെയോ സമയകൃത്യതയില്ലാതെ ചെയ്യുന്നവരോ അപൂര്‍ണമായി ചെയ്യുന്നവരോ അല്ല.

24-25). (തങ്ങളുടെസ്വത്തുക്കളില്‍  നിര്‍ണിതമായ അവകാശം നല്‍കുന്നവരും) സകാത്ത്, സ്വദക്വ പോലുള്ളത്. (ചോദിച്ചുവരുന്നവന്) ചോദിച്ചെത്തുന്നവന്‍. (ഉപജീവനമാര്‍ഗം തടയപ്പെട്ടവന്‍) ചോദിച്ചാല്‍ ലഭിക്കുമെങ്കിലും ചോദിക്കാതെ ജീവിക്കുന്ന സാധു. അവന്‍ തന്റെ ദാരിദ്ര്യം മറ്റുള്ളവരെ അറിയിക്കില്ല. അറിയിച്ചാല്‍ ദാനം ലഭിക്കും.

26). (പ്രതിഫല ദിനത്തില്‍ വിശ്വസിക്കുന്നവരും) പ്രതിഫലത്തെക്കുറിച്ചും ഉയിര്‍ത്തെഴുന്നേല്‍പിനെക്കുറിച്ചും അല്ലാഹുവും പ്രവാചകനും അറിയിച്ച കാര്യങ്ങളില്‍ വിശ്വസിക്കുന്നവര്‍, അതില്‍ ദൃഢബോധ്യമുള്ളവര്‍. അവര്‍ പരലോകത്തിനു വേണ്ടി തയ്യാറായിക്കൊണ്ടിരിക്കുകയും അതിനു വേണ്ടതായ പരിശ്രമങ്ങള്‍ ചെയ്തുകൊണ്ടിരിക്കുകയും ചെയ്യുന്നു. പരലോകത്തെ സത്യപ്പെടുത്തുക എന്നതിന് പ്രവാചകന്‍മാര്‍ കൊണ്ടുവന്ന വേദങ്ങളെ കൂടി സത്യപ്പെടുത്തല്‍ നിര്‍ബന്ധമാക്കുന്നു.

27-28). (തീര്‍ച്ചയായും അവരുടെ രക്ഷിതാവിന്റെ ശിക്ഷ (വരികയില്ലെന്ന്) സമാധാനപ്പെടാന്‍ പറ്റാത്തതാകുന്നു) ആ ശിക്ഷ ഭയപ്പെടേണ്ടതും ആശങ്കപ്പെടേണ്ടതും തന്നെ.

29-31). (തങ്ങളുടെ ഗുഹ്യാവയവങ്ങള്‍ കാത്തുസൂക്ഷിക്കുന്നവരും) വ്യഭിചാരം പോലുള്ള നിഷിദ്ധമായ ശാരീരിക ബന്ധങ്ങള്‍, സ്വവര്‍ഗരതി, ആര്‍ത്തവ സമയത്ത് ബന്ധം പുലര്‍ത്തുക, വികൃതമായ ലൈംഗിക ബന്ധങ്ങള്‍ മുതലായവയൊന്നും അവര്‍ ചെയ്യില്ല. തനിക്ക് അനുവദനീയമല്ലാത്ത സ്ത്രീകളെ നോക്കുന്നതും സ്പര്‍ശിക്കുന്നതുമെല്ലാം അവര്‍ സൂക്ഷിക്കും. അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രേരിപ്പിക്കുന്ന നിഷിദ്ധ മാര്‍ഗങ്ങളും അവരുപേക്ഷിക്കും. (തങ്ങളുടെ ഭാര്യമാരുടെയോ വലതു കൈകള്‍ ഉടമപ്പെടുത്തിയവരുടെയോ കാര്യത്തിലൊഴികെ) അവരുടെ സ്വകാര്യതകളില്‍. (തീര്‍ച്ചയായും അവര്‍ ആക്ഷേപമുക്തരാകുന്നു) യഥാര്‍ഥ സ്ഥാനത്താണ് അവര്‍ അത് ചെയ്യുന്നത്. പ്രത്യുല്‍പാദനത്തിന്റെ സ്ഥാനം. (എന്നാല്‍ അതിലപ്പുറം ആരെങ്കിലും ആഗ്രഹിക്കുന്ന പക്ഷം) വലം കൈകള്‍ ഉടമപ്പെടുത്തിയവര്‍ക്കും ഇണകള്‍ക്കുമപ്പുറം. (അവര്‍ തന്നെയാകുന്നു അതിരുകവിയുന്നവര്‍) അല്ലാഹു അനുവദിച്ചതില്‍ നിന്നും നിഷിദ്ധമാക്കിയതിലേക്ക് പോകുന്നവര്‍. മുത്അ (നിശ്ചിത സമയത്തേക്ക് മാത്രമുള്ള വിവാഹം) നിഷിദ്ധമാണെന്ന് ഈ വചനത്തില്‍ നിന്ന് മനസ്സിലാകും. അവള്‍ ശരിയായ ഭാര്യയോ വലംകൈ ഉടമപ്പെടുത്തിയവളോ അല്ല.

32). (തങ്ങളെ വിശ്വസിച്ചേല്‍പിച്ച കാര്യങ്ങളും തങ്ങളുടെ ഉടമ്പടികളും പാലിച്ചുപോരുന്നവരും) അത് പൂര്‍ത്തിയാക്കാനും നിര്‍വഹിക്കാനും പ്രയാസപ്പെട്ട് സൂക്ഷിച്ചും പാലിച്ചും പോരുന്നു. അടിമയുടെയും രക്ഷിതാവിന്റെയും ഇടയിലുള്ള എല്ലാ അമാനത്തുകളും ഇതില്‍ ഉള്‍പ്പെടും; അല്ലാഹു അല്ലാതെ മറ്റാരും കാണാത്ത രഹസ്യമായ ബാധ്യതകള്‍, രഹസ്യങ്ങളിലും സാമ്പത്തിക ഇടപാടുകളിലും സൃഷ്ടികള്‍ പരസ്പരമുള്ള അമാനത്തുകള്‍ പോലുള്ളവ. കരാര്‍ എന്ന് പറഞ്ഞാല്‍ സമ്പൂര്‍ണമാണ്. സ്രഷ്ടാവിനോടും സൃഷ്ടികളോടുമുള്ള എല്ലാ കരാറുകളും ഇതില്‍ പെടും. കരാറുകളെക്കുറിച്ച് അടിമ ചോദിക്കപ്പെടും. അത് നിര്‍വഹിച്ച് പൂര്‍ത്തിയാക്കിയോ അതോ നിരാകരിച്ചുവോ, നിര്‍വഹിക്കാതെ വഞ്ചന കാണിച്ചോ എന്നെല്ലാം.

33). (തങ്ങളുടെ സാക്ഷ്യങ്ങള്‍ മുറപ്രകാരം നിര്‍വഹിക്കുന്നവരും) തങ്ങള്‍ക്കറിയാത്തതില്‍ അവര്‍ സാക്ഷ്യം വഹിക്കുകയോ സാക്ഷ്യത്തില്‍ കൂട്ടുകയോ കുറക്കുകയോ മറച്ചുവെക്കുകയോ ഇല്ല. ബന്ധുവെന്നോ കൂട്ടുകാരനെന്നോ ഉള്ള സ്‌നേഹബന്ധങ്ങളെയും അതിലവര്‍ പരിഗണിക്കുകയില്ല. അത് നിര്‍വഹിക്കുന്നതില്‍ അവരുടെ ഉദ്ദേശ്യം അല്ലാഹുവിന്റെ പ്രീതി മാത്രമാണ്.

وَأَقِيمُوا الشَّهَادَةَ لِلَّهِ ۚ

''...അല്ലാഹുവിന് വേണ്ടി സാക്ഷ്യം നേരാംവണ്ണം നിലനിര്‍ത്തുക'' (65:2).

يَا أَيُّهَا الَّذِينَ آمَنُوا كُونُوا قَوَّامِينَ بِالْقِسْطِ شُهَدَاءَ لِلَّهِ وَلَوْ عَلَىٰ أَنْفُسِكُمْ أَوِ الْوَالِدَيْنِ وَالْأَقْرَبِينَ ۚ

''സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിന് വേണ്ടി സാക്ഷ്യം വഹിക്കുന്നവരെന്ന നിലയില്‍ കണിശമായി നീതി നിലനിര്‍ത്തുന്നവരായിരിക്കണം. അത് നിങ്ങള്‍ക്ക് തന്നെയോ, നിങ്ങളുടെ മാതാപിതാക്കള്‍, അടുത്ത ബന്ധുക്കള്‍ എന്നിവര്‍ക്കോ പ്രതികൂലമായിത്തീര്‍ന്നാലും ശരി.''(4:135).

34). (തങ്ങളുടെ നമസ്‌കാരങ്ങള്‍ നിഷ്ഠയോടെ നിര്‍വഹിക്കുന്നവരും (ഒഴികെ). ശരിയായ രൂപത്തില്‍ സ്ഥിരമായി നിര്‍വഹിക്കുന്നവര്‍.

35). (അത്തരക്കാര്‍) ഈ പറയപ്പെട്ട ഗുണങ്ങളുള്ളവര്‍. (സ്വര്‍ഗത്തോപ്പുകളില്‍ ആദരിക്കപ്പെടുന്നവരാകുന്നു) ആദരവും നിത്യസുഖങ്ങളും മനസ്സിന്റെ ആഗ്രഹങ്ങളും കണ്ണുകള്‍ക്കാനന്ദവും അല്ലാഹു അവര്‍ക്ക് നല്‍കും. അവരതില്‍ ശാശ്വതരായിരിക്കും.

ചുരുക്കത്തില്‍ സൗഭാഗ്യത്തിന്റെയും നന്മയുടെയും ആളുകള്‍ക്ക് അല്ലാഹു നല്‍കിയ സമ്പൂര്‍ണ വിശേഷണങ്ങളാണിവ: സ്ഥിരമായി നിര്‍വഹിക്കേണ്ട നമസ്‌കാരം പോലുള്ള ശ്രേഷ്ഠമായ ആരാധനകളാല്‍ തൃപ്തിപ്പെട്ട സ്വഭാവം, എല്ലാ നന്മകള്‍ക്കും പ്രേരകമാകുന്ന അല്ലാഹുവിലുള്ള ഭയം, സാമ്പത്തികമായ ആരാധനകള്‍, ഉപകാരപ്രദമായ വിശ്വാസം, ശ്രേഷ്ഠമായ സ്വഭാവങ്ങള്‍, അല്ലാഹുവോടും സൃഷ്ടികളോടുമുള്ള ഏറ്റവും നല്ല പെരുമാറ്റം, അവരോടുള്ള നീതിയും അവര്‍ക്കുള്ള കടമകളും കടപ്പാടുകളും സൂക്ഷിക്കുകയും ചെയ്യല്‍, അല്ലാഹു വെറുക്കുന്ന കാര്യങ്ങളില്‍ നിന്നും ഗുഹ്യസ്ഥാനങ്ങളെ സൂക്ഷിച്ചുകൊണ്ടുള്ള സമ്പൂര്‍ണ പരിശുദ്ധി.