നബഅ് (വൃത്താന്തം)

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2019 ഫെബ്രുവരി 09 1440 ജുമാദല്‍ ആഖിര്‍ 04

അധ്യായം: 78

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

عَمَّ يَتَسَاءَلُونَ (١) عَنِ النَّبَإِ الْعَظِيمِ (٢) الَّذِي هُمْ فِيهِ مُخْتَلِفُونَ (٣) كَلَّا سَيَعْلَمُونَ (٤) ثُمَّ كَلَّا سَيَعْلَمُونَ (٥) أَلَمْ نَجْعَلِ الْأَرْضَ مِهَادًا (٦) وَالْجِبَالَ أَوْتَادًا (٧‬) وَخَلَقْنَاكُمْ أَزْوَاجًا (٨‬) وَجَعَلْنَا نَوْمَكُمْ سُبَاتًا (٩) وَجَعَلْنَا اللَّيْلَ لِبَاسًا (١٠) وَجَعَلْنَا النَّهَارَ مَعَاشًا (١١) وَبَنَيْنَا فَوْقَكُمْ سَبْعًا شِدَادًا (١٢) وَجَعَلْنَا سِرَاجًا وَهَّاجًا (١٣) وَأَنْزَلْنَا مِنَ الْمُعْصِرَاتِ مَاءً ثَجَّاجًا (١٤) لِنُخْرِجَ بِهِ حَبًّا وَنَبَاتًا (١٥) وَجَنَّاتٍ أَلْفَافًا (١٦) إِنَّ يَوْمَ الْفَصْلِ كَانَ مِيقَاتًا (١٧) يَوْمَ يُنْفَخُ فِي الصُّورِ فَتَأْتُونَ أَفْوَاجًا (١٨) وَفُتِحَتِ السَّمَاءُ فَكَانَتْ أَبْوَابًا (١٩) وَسُيِّرَتِ الْجِبَالُ فَكَانَتْ سَرَابًا (٢٠) إِنَّ جَهَنَّمَ كَانَتْ مِرْصَادًا (٢١) لِلطَّاغِينَ مَآبًا (٢٧) لَابِثِينَ فِيهَا أَحْقَابًا (٢٣)
(1) എന്തിനെപ്പറ്റിയാണ് അവര്‍ പരസ്പരം ചോദിച്ചുകൊണ്ടിരിക്കുന്നത്? (2) ആ മഹത്തായ വൃത്താന്തത്തെപ്പറ്റി. (3) അവര്‍ ഏതൊരു കാര്യത്തില്‍ അഭിപ്രായവ്യത്യാസത്തിലായിക്കൊണ്ടിരിക്കുന്നുവോ അതിനെപ്പറ്റി. (4) നിസ്സംശയം; അവര്‍ വഴിയെ അറിഞ്ഞു കൊള്ളും. (5) വീണ്ടും നിസ്സംശയം; അവര്‍ വഴിയെ അറിഞ്ഞുകൊള്ളും. (6) ഭൂമിയെ നാം ഒരു വിരിപ്പാക്കിയില്ലേ? (7) പര്‍വതങ്ങളെ ആണികളാക്കുകയും (ചെയ്തില്ലേ?). (8) നിങ്ങളെ നാം ഇണകളായി സൃഷ്ടിക്കുകയും ചെയ്തിരിക്കുന്നു. (9) നിങ്ങളുടെ ഉറക്കത്തെ നാം വിശ്രമമാക്കുകയും ചെയ്തിരിക്കുന്നു. (10) രാത്രിയെ നാം ഒരു വസ്ത്രമാക്കുകയും (11) പകലിനെ നാം ജീവസന്ധാരണ വേളയാക്കുകയും ചെയ്തിരിക്കുന്നു. (12) നിങ്ങള്‍ക്ക് മീതെ ബലിഷ്ഠമായ ഏഴു ആകാശങ്ങള്‍ നാം നിര്‍മിക്കുകയും (13) കത്തിജ്വലിക്കുന്ന ഒരു വിളക്ക് നാം ഉണ്ടാക്കുകയും ചെയ്തിരിക്കുന്നു. (14) കാര്‍മേഘങ്ങളില്‍ നിന്ന് കുത്തിഒഴുകുന്ന വെള്ളം നാം ഇറക്കുകയും ചെയ്തു. (15) അതുമുഖേന ധാന്യവും സസ്യവും നാം പുറത്തു കൊണ്ടുവരാന്‍ വേണ്ടി; (16) ഇടതൂര്‍ന്ന തോട്ടങ്ങളും. (17) തീര്‍ച്ചയായും തീരുമാനത്തിന്റെ ദിവസം സമയം നിര്‍ണയിക്കപ്പെട്ടതായിരിക്കുന്നു. (18) അതായത് കാഹളത്തില്‍ ഊതപ്പെടുകയും നിങ്ങള്‍ കൂട്ടംകൂട്ടമായി വന്നെത്തുകയും ചെയ്യുന്ന ദിവസം. (19) ആകാശം തുറക്കപ്പെടുകയും എന്നിട്ടത് പല കവാടങ്ങളായി തീരുകയും ചെയ്യും. (20) പര്‍വതങ്ങള്‍ സഞ്ചരിപ്പിക്കപ്പെടുകയും അങ്ങനെ അവ മരീചിക പോലെ ആയിത്തീരുകയും ചെയ്യും. (21) തീര്‍ച്ചയായും നരകം കാത്തിരിക്കുന്ന സ്ഥലമാകുന്നു. (22) അതിക്രമകാരികള്‍ക്ക് മടങ്ങിച്ചെല്ലാനുള്ള സ്ഥലം. (23) അവരതില്‍ കാലങ്ങളോളം താമസിക്കുന്നവരായിരിക്കും.

(1-3) അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളെ കളവാക്കുന്നവര്‍ എന്തിനെപ്പറ്റിയാണ് പസ്പരം ചോദിച്ചുകൊണ്ടിരിക്കുന്നത്? തുടര്‍ന്ന് അവര്‍ പരസ്പരം ചോദിക്കുന്ന കാര്യം അല്ലാഹു തന്നെ വ്യക്തമാക്കുന്നു. (അവര്‍ ഏതൊരു കാര്യത്തില്‍ അഭിപ്രായ വ്യത്യാസത്തിലായിക്കൊണ്ടിരിക്കുന്നുവോ ആ മഹത്തായ വൃത്താന്തത്തെപ്പറ്റി). അവര്‍ ദീര്‍ഘമായി തര്‍ക്കിക്കുകയും അസംഭവ്യമായി കാണുകയും കളവാക്കുകയും ചെയ്യുന്ന നിലയില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ പ്രചരിക്കുകയും ചെയ്ത വാര്‍ത്ത. ആ വാര്‍ത്തയാകട്ടെ, സംശയിക്കേണ്ടാത്തതും സന്ദേഹത്തിനിടയില്ലാത്തതുമാണ്. എന്നാല്‍ അല്ലാഹുവിനെ കണ്ടുമുട്ടുമെന്നത് നിഷേധിക്കുന്നവര്‍ വിശ്വസിക്കാത്തവരാണ്. എത്രതന്നെ ദൃഷ്ടാന്തങ്ങള്‍ കണ്ടാലും ശിക്ഷയെ നേരില്‍ കാണുന്നതുവരെയും അവിശ്വാസം അവര്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നു.

(4-5). അതാണ് പറയുന്നത് (നിസ്സംശയം അവര്‍ വഴിയെ അറിഞ്ഞുകൊള്ളും. വീണ്ടും നിസ്സംശയം അവര്‍ വഴിയെ അറിഞ്ഞുകൊള്ളും). ശിക്ഷയിറങ്ങുമ്പോള്‍ അവര്‍ക്ക് മനസ്സിലാകും. ശിക്ഷയിലേക്ക് ശക്തമായി തള്ളിവിടുമ്പോള്‍ അവര്‍ കളവാക്കിയത് അവര്‍ക്ക് മനസ്സിലാകും. അവരോട് പറയപ്പെടും:

هَٰذِهِ النَّارُ الَّتِي كُنتُم بِهَا تُكَذِّبُونَ

''ഇതത്രെ നിങ്ങള്‍ നിഷേധിച്ചുകളഞ്ഞിരുന്ന നരകം'' (52:14).

തുടര്‍ന്ന് പ്രവാചകന്മാര്‍ കൊണ്ടുവന്നതിനെ സ്ഥാപിക്കുന്ന തെളിവും അതിലുള്ള അനുഗ്രഹങ്ങളെയും പരാമര്‍ശിക്കുന്നു. (ഭൂമിയെ ഒരു വിരിപ്പാക്കിയില്ലേ) എന്ന് തുടങ്ങി (ഇടതൂര്‍ന്ന തോട്ടങ്ങളും) എന്നതുവരെ.

(6) മഹത്തായ അനുഗ്രഹങ്ങള്‍ നാം നിങ്ങള്‍ക്കു നല്‍കി. അങ്ങനെ നിങ്ങള്‍ക്ക് (ഭൂമിയെ സൗകര്യപ്രദമാക്കിയില്ലേ?) വഴികളും താമസസ്ഥലങ്ങളും കൃഷിഭൂമികളുമായി നിങ്ങളുടെ നന്മകള്‍ക്ക് ഉപകരിക്കുന്നവിധത്തില്‍ ഭൂമിയെ സൗകര്യപ്രദവും കീഴ്‌പെടുത്തപ്പെട്ടതുമാക്കി.

(7). (പര്‍വതങ്ങളെ ആണികളും ആക്കിയില്ലേ?) നിങ്ങളെക്കൊണ്ട് ഭൂമി ഇളകുകയോ ചാഞ്ഞുപോവുകയോ ചെയ്യാതെ ഭൂമിയെ പിടിച്ചുനിര്‍ത്തുന്നു.

(8). (നിങ്ങളെ നാം ഇണകളാക്കി സൃഷ്ടിക്കുകയും ചെയ്തിരിക്കുന്നു) ഒരേ വര്‍ഗത്തില്‍ പെട്ട ആണും പെണ്ണുമായി. പരസ്പരം സമാധാനം കണ്ടെത്തുന്നതിനായി; അങ്ങനെ സ്‌നേഹവും കാരുണ്യവുമുണ്ടാകന്‍. അവര്‍ രണ്ടു പേരില്‍ നിന്നും സന്താനങ്ങളുണ്ടാകാനും. വിവാഹിതന് ലഭിക്കുന്ന ആസ്വാദനങ്ങളും ഈ അനുഗ്രഹത്തില്‍ ഉള്‍പ്പെടുത്താം.

(9-10) (നിങ്ങളുടെ ഉറക്കത്തെ നാം വിശ്രമമാക്കുകയും ചെയ്തിരിക്കുന്നു) നിങ്ങള്‍ക്ക് വിശ്രമമായി നിങ്ങളുടെ ജോലിത്തിരക്കുകള്‍ക്ക് ഒരു ഇടവേള. ജോലികള്‍ അതിരുവിടുമ്പോള്‍, അത് നിങ്ങളുടെ ശരീരങ്ങള്‍ക്ക് ദോഷകരമായിത്തീരുമ്പോള്‍ രാത്രിയും ഉറക്കവും അവരെ മൂടും. ദോഷകരമായ ചലനങ്ങള്‍ ശാന്തമാവുകയും പ്രയോജനകരമായ വിശ്രമം ലഭിക്കുകയും ചെയ്യുന്നു.

(12). (നിങ്ങള്‍ക്കു മീതെ ബലിഷ്ടമായ ഏഴു ആകാശങ്ങള്‍ നാം നിര്‍മിക്കുകയും ചെയ്തു). അങ്ങേയറ്റം ശക്തവും ബലിഷ്ടവുമായ ഏഴ് ആകാശങ്ങള്‍. അല്ലാഹു അവന്റെ കഴിവിനാല്‍ അതിനെ പിടിച്ചുനിര്‍ത്തുകയും ഭൂമിക്ക് ഒരു മേല്‍ക്കൂരയാക്കുകയും ചെയ്തു. അതില്‍ ധാരാളം പ്രയോജനങ്ങളുണ്ട്. അതിലൊന്നായ സൂര്യനെക്കുറിച്ചാണ് തുടര്‍ന്ന് പറയുന്നത്.

(13). (കത്തിജ്വലിക്കുന്ന ഒരു വിളക്ക് നാം ഉണ്ടാക്കുകയും ചെയ്തിരിക്കുന്നു) സൃഷ്ടികള്‍ക്ക് ഒഴിച്ചുകൂടാന്‍ പറ്റാത്ത വെളിച്ചമാകുന്ന അനുഗ്രഹത്തെ വിളക്കായിട്ടാണ് പറഞ്ഞത്. (وَهَّاجًا>) എന്ന് പറഞ്ഞത് പ്രയോജനങ്ങളും ഫലങ്ങളും നല്‍കുന്ന അതിന്റെ ചൂടിനെ ഉദ്ദേശിച്ചാണ്.

(14) (കാര്‍മേഘങ്ങളില്‍ നിന്ന് വെള്ളം നാം ഇറക്കുകയും ചെയ്തു) വളരെയധികം എന്നര്‍ഥം.

(15) (അതുമൂലം ധാന്യം നാം പുറത്തുകൊണ്ടുവരാന്‍ വേണ്ടി) ഗോതമ്പ്, ബാര്‍ളി, ചോളം, നെല്ല് തുടങ്ങി മനുഷ്യന്‍ ഭക്ഷിക്കുന്നവ (സസ്യവും)യും നാല്‍ക്കാലികള്‍ക്ക് ഭക്ഷണമായ മറ്റു ചെടികളും ഇതില്‍ ഉള്‍പ്പെടുന്നു.

(16).(ഇടതൂര്‍ന്ന തോട്ടങ്ങളും) രുചികരമായ എല്ലാവിധ പഴങ്ങളുമുള്ള ഇടതിങ്ങിയ തോട്ടങ്ങള്‍. എണ്ണിക്കണക്കാക്കാന്‍ പറ്റാത്ത ഈ മഹത്തായ അനുഗ്രഹങ്ങള്‍ തന്നവനെ നിങ്ങള്‍ നിഷേധിക്കുന്നത് എങ്ങനെയാണ്? ഉയിര്‍ത്തെഴുന്നേല്‍പ്, പുനരുത്ഥാനം തുടങ്ങി അവന്‍ അറിയിച്ചു തന്ന കാര്യങ്ങള്‍  നിങ്ങളെങ്ങനെ കളവാക്കും? അവന്റെ അനുഗ്രഹങ്ങളെങ്ങനെ നിങ്ങള്‍ തെറ്റുകള്‍ക്കും നിഷേധത്തിനും ഉപയോഗിക്കും?

(17-23). സത്യനിഷേധികള്‍, പരസ്പരം ചോദിച്ചുകൊണ്ടിരിക്കുന്ന ധിക്കാരികള്‍ തള്ളുകയും അന്ത്യദിനത്തില്‍ ഉണ്ടാകാന്‍ പോകുന്നതുമായ സംഭവങ്ങളാണ് തുടര്‍ന്ന് പറയുന്നത്. അതൊരു മഹത്തായ ദിവസമാണ്. (അല്ലാഹു അതിനെ സൃഷ്ടികള്‍ക്ക് നിര്‍ണയിക്കപ്പെട്ടതാക്കി). അതായത് കാഹളത്തില്‍ ഊതപ്പെടുകയും നിങ്ങള്‍ കൂട്ടംകൂട്ടമായി വന്നെത്തുകയും ചെയ്യുന്ന ദിവസം). കുട്ടികള്‍ നരച്ചുപോകുന്ന, ഹൃദയങ്ങള്‍ വിറച്ചുപോകുന്ന ദുരന്തങ്ങളും നാശങ്ങളും ഉണ്ടാകുന്ന ദിനം.

പര്‍വതങ്ങള്‍ സഞ്ചരിക്കുകയും ചിതറപ്പെട്ട ധൂളികളെപ്പോലെ ആയിത്തീരുകയും ചെയ്യും. ആകാശങ്ങള്‍ പൊട്ടിപ്പിളര്‍ന്ന് കവാടങ്ങളായിത്തീരും. നീതിപൂര്‍വമായ വിധി അത് അല്ലാഹു സൃഷ്ടികള്‍ക്കിടയില്‍ വിധിക്കും. അല്ലാഹു കാത്തുവെച്ച നരകം കത്തിക്കപ്പെടും. മടക്ക സ്ഥലമായി, സങ്കേതമായി അതിക്രമകാരികള്‍ക്ക് അല്ലാഹു തയ്യാറാക്കിയതാണത്. യുഗാന്തരങ്ങളോളം അതിലവര്‍ താമസിക്കും. (أحقاب) അഹ്ക്വാബ് എന്നതിന്റെ ഏകവചനം (حقب>) ഹുക്വ്ബ്. 80 വര്‍ഷത്തെ ദൈര്‍ഘ്യമാണ് അതിനുള്ളതെന്ന് (ഒരു ഹുക്വ്ബിന്) വ്യാഖ്യാതാക്കള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.