ഇന്‍സാന്‍ (മനുഷ്യന്‍)

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2019 ഏപ്രില്‍ 27 1440 ശഅബാന്‍ 22

അധ്യായം: 76, ഭാഗം: 3

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

وَيَطُوفُ عَلَيْهِمْ وِلْدَانٌ مُخَلَّدُونَ إِذَا رَأَيْتَهُمْ حَسِبْتَهُمْ لُؤْلُؤًا مَنْثُورًا (١٩) وَإِذَا رَأَيْتَ ثَمَّ رَأَيْتَ نَعِيمًا وَمُلْكًا كَبِيرًا (٢٠) عَالِيَهُمْ ثِيَابُ سُنْدُسٍ خُضْرٌ وَإِسْتَبْرَقٌ ۖ وَحُلُّوا أَسَاوِرَ مِنْ فِضَّةٍ وَسَقَاهُمْ رَبُّهُمْ شَرَابًا طَهُورًا (٢١) إِنَّ هَٰذَا كَانَ لَكُمْ جَزَاءً وَكَانَ سَعْيُكُمْ مَشْكُورًا (٢٢)
(19) അനശ്വര ജീവിതം നല്‍കപ്പെട്ട ചില കുട്ടികള്‍ അവര്‍ക്കിടയിലൂടെ ചുറ്റി നടന്നുകൊണ്ടുമിരിക്കും. അവരെ നീ കണ്ടാല്‍ വിതറിയ മുത്തുകളാണ് അവരെന്ന് നീ വിചാരിക്കും. (20) അവിടം നീ കണ്ടാല്‍ സുഖാനുഗ്രഹവും വലിയൊരു സാമ്രാജ്യവും നീ കാണുന്നതാണ്. (21) അവരുടെ മേല്‍ പച്ചനിറമുള്ള നേര്‍ത്ത പട്ടുവസ്ത്രങ്ങളും കട്ടിയുള്ള പട്ടു വസ്ത്രവും ഉണ്ടായിരിക്കും. വെള്ളിയുടെ വളകളും അവര്‍ക്ക് അണിയിക്കപ്പെടുന്നതാണ്. അവര്‍ക്ക് അവരുടെ രക്ഷിതാവ് തികച്ചും ശുദ്ധമായ പാനീയം കുടിക്കാന്‍ കൊടുക്കുന്നതുമാണ്. (22) (അവരോട് പറയപ്പെടും:) തീര്‍ച്ചയായും അത് നിങ്ങള്‍ക്കുള്ള പ്രതിഫലമാകുന്നു. നിങ്ങളുടെ പരിശ്രമം നന്ദിപൂര്‍വം സ്വീകരിക്കപ്പെട്ടിരിക്കയാകുന്നു.

19). (ചുറ്റി നടന്നുകൊണ്ടിരിക്കും) സ്വര്‍ഗക്കാര്‍ക്കിടയില്‍ അവരുടെ ഭക്ഷണത്തിലും പാനീയത്തിലും സേവനത്തിലും. (അനശ്വര ജീവിതം നല്‍കപ്പെട്ട ചില കുട്ടികള്‍) പ്രായമാവുകയോ മാറ്റംവരുകയോ ചെയ്യാതെ സ്വര്‍ഗത്തില്‍ ശേഷിക്കുന്നവരായി സൃഷ്ടിക്കപ്പെട്ടവര്‍. അവര്‍ വളരെയധികം ഭംഗിയുള്ളവരായിരിക്കും. (അവരെ നീ കണ്ടാല്‍) സ്വര്‍ഗക്കാരുടെ സേവനത്തില്‍ വ്യാപിച്ചവരായി. (അവരെപ്പറ്റി നീ വിചാരിക്കും) അവരുടെ ഭംഗിയാല്‍ (ചിതറിയ മുത്തുകളാണെന്ന്). ഇതെല്ലാം സ്വര്‍ഗത്തിലെ സമ്പൂര്‍ണ സുഖങ്ങളാണ്. കാണാന്‍ ഭംഗിയുള്ള ശാശ്വതരാക്കപ്പെട്ട കുട്ടികള്‍ സേവകന്‍മാരായിരിക്കും. അവര്‍ അവരുടെ താമസ സ്ഥലങ്ങളില്‍ വരികയും അവരുടെ മനസ്സ് ആഗ്രഹിക്കുന്നതും ആവശ്യപ്പെടുന്നതുമെല്ലാം അവര്‍ക്ക് എത്തിച്ചുകൊടുക്കുകയും ചെയ്യും. 

20). (അവിടം നീ കണ്ടാല്‍) സ്വര്‍ഗത്തെയും അതിലുള്ള സുഖാനുഗ്രഹങ്ങളെയും നീ കണ്ടാല്‍. (സുഖാനുഗ്രഹവും വലിയൊരു സാമ്രാജ്യവും നീ കാണുന്നതാണ്) സ്വര്‍ഗക്കാരില്‍ പെട്ട ഒരാളുടെ അടുക്കല്‍ തന്നെ നിനക്ക് കാണാന്‍ കഴിയും. വര്‍ണിക്കാനാവാത്ത മണിമന്ദിരങ്ങളും ഭവനങ്ങളും കൊട്ടാരങ്ങളും പുഷ്പിച്ചുനില്‍ക്കുന്ന തോട്ടങ്ങളും അടുത്ത് നില്‍ക്കുന്ന പഴങ്ങളും രുചികരമായ ഫലങ്ങളും ഒഴുകുന്ന നദികളും വിസ്മയിപ്പിക്കുന്ന ഉദ്യാനങ്ങളും പാട്ടുപാടുന്ന, ആനന്ദം പകരുന്ന, ഹൃദയത്തെ സ്വാധീനിക്കുന്ന, മനസ്സിനെ സന്തോഷിപ്പിക്കുന്ന പക്ഷികളും. അവന് ഇണകളും ഉണ്ടായിരിക്കും. അവരാകട്ടെ, അങ്ങേയറ്റം സൗന്ദര്യവതികളായിരിക്കും. ബാഹ്യവും ആന്തരികവുമായ സൗന്ദര്യം ഒന്നിച്ചവര്‍, മനസ്സില്‍ സന്തോഷവും ആഹ്ലാദവും നിറക്കുന്നവര്‍. ചുറ്റുമാകട്ടെ, അനശ്വരരാക്കപ്പെട്ട കുട്ടികളും സേവകരും. അവര്‍ സമാധാനവും സന്തോഷവും നല്‍കുന്നു. ജീവിതാസ്വാദനം പൂര്‍ണമാകുന്നു. സന്തോഷം അതിന്റെ പാരമ്യതയിലെത്തുന്നു. അതിനെല്ലാമപ്പുറം കരുണാമയനായ റബ്ബിനെ കാണുന്നതിലൂടെ ഏറ്റവും വലിയ വിജയം കരസ്ഥമാക്കുന്നു. അവന്റെ സംസാരം ശ്രവിക്കുന്നു. അവന്റെ സാമീപ്യത്തിന്റെ ആസ്വാദനം അനുഭവിക്കുന്നു. അവന്റെ തൃപ്തിയില്‍ സന്തോഷമടയുന്നു. ഓരോ നിമിഷവും ആ സുഖാനുഗ്രഹങ്ങള്‍ വര്‍ധിച്ചുകൊണ്ടിരിക്കും. വ്യക്തമായ സത്യവും അധികാരസ്ഥനുമായവന്‍ എത്ര  പരിശുദ്ധന്‍. അവന്റെ ഖജനാവ് തീര്‍ന്നുപോവുകയില്ല. അവന്റെ നന്മ കുറയുകയില്ല. അവന്റെ വിശേഷണങ്ങളും നന്മയും അവസാനിക്കാത്ത പോലെ തന്നെ. 

21). (അവരുടെ മേല്‍ പച്ച നിറമുള്ള നേര്‍ത്ത പട്ടുവസ്ത്രങ്ങളുണ്ട്). നേരിയതും കട്ടിയുള്ളതുമായ പച്ചപ്പട്ടുകള്‍ അവര്‍ക്ക് മഹത്ത്വം നല്‍കി. ഇവ രണ്ടും പട്ടിന്റെ ഇനങ്ങളാണ്. ഒന്ന് കട്ടിയുള്ളതും മറ്റേത് നേരിയതും. (വെള്ളിയുടെ വളകളും അവര്‍ക്ക് അണിയിക്കപ്പെടുന്നതാണ്) അതായത് സ്ത്രീകളുടെയും പുരുഷന്മാരുടെയും കൈകളില്‍ വെള്ളിയുടെ വളകള്‍ അണിയിക്കപ്പെടും. ഇതവര്‍ക്ക് അല്ലാഹു നല്‍കിയ വാഗ്ദത്തമാണ്. അവന്റെ വാഗ്ദാനം നടപ്പിലാക്കപ്പെടും. കാരണം അവന്‍ സത്യം പറയുന്നവരില്‍ ഏറ്റവും സത്യവാനാണ്. 

(അവര്‍ക്ക്  അവരുടെ രക്ഷിതാവ് തികച്ചും ശുദ്ധമായ പാനീയം കുടിക്കാന്‍ കൊടുക്കുന്നതാണ്) ഒരു തരത്തിലുള്ള അശുദ്ധിയും അതിലുണ്ടാവില്ല. വയറിലെ എല്ലാ ഉപദ്രവങ്ങളെയും മാലിന്യങ്ങെളയും അത് ശുദ്ധീകരിക്കും.

22). (തീര്‍ച്ചയായും അത്) ഉന്നതമായ പ്രതിഫലവും മനോഹരമായ ദാനവും. (നിങ്ങള്‍ക്കുള്ള പ്രതിഫലമാകുന്നു) നിങ്ങള്‍ മുമ്പ് ചെയ്ത പ്രവര്‍ത്തനങ്ങള്‍ക്കുള്ള. (നിങ്ങളുടെ പരിശ്രമം നന്ദിപൂര്‍വം സ്വീകരിക്കപ്പെട്ടിരിക്കുകയാകുന്നു) അതില്‍ നിന്ന് ഒരല്‍പം; അങ്ങനെ അല്ലാഹു നിങ്ങള്‍ക്ക് അതുമൂലം ക്ലിപ്തപ്പെടുത്താനാവാത്ത നിത്യസുഖം ഏര്‍പ്പെടുത്തിയിരിക്കുന്നു.