നൂഹ്

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2019 സെപ്തംബര്‍ 07 1441 മുഹര്‍റം 08

അധ്യായം: 71, ഭാഗം: 1

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

إِنَّا أَرْسَلْنَا نُوحًا إِلَىٰ قَوْمِهِ أَنْ أَنْذِرْ قَوْمَكَ مِنْ قَبْلِ أَنْ يَأْتِيَهُمْ عَذَابٌ أَلِيمٌ (١) قَالَ يَا قَوْمِ إِنِّي لَكُمْ نَذِيرٌ مُبِينٌ (٢) أَنِ اعْبُدُوا اللَّهَ وَاتَّقُوهُ وَأَطِيعُونِ (٣) يَغْفِرْ لَكُمْ مِنْ ذُنُوبِكُمْ وَيُؤَخِّرْكُمْ إِلَىٰ أَجَلٍ مُسَمًّى ۚ إِنَّ أَجَلَ اللَّهِ إِذَا جَاءَ لَا يُؤَخَّرُ ۖ لَوْ كُنْتُمْ تَعْلَمُونَ (٤) قَالَ رَبِّ إِنِّي دَعَوْتُ قَوْمِي لَيْلًا وَنَهَارًا (٥) فَلَمْ يَزِدْهُمْ دُعَائِي إِلَّا فِرَارًا (٦) وَإِنِّي كُلَّمَا دَعَوْتُهُمْ لِتَغْفِرَ لَهُمْ جَعَلُوا أَصَابِعَهُمْ فِي آذَانِهِمْ وَاسْتَغْشَوْا ثِيَابَهُمْ وَأَصَرُّوا وَاسْتَكْبَرُوا اسْتِكْبَارًا (٧‬) ثُمَّ إِنِّي دَعَوْتُهُمْ جِهَارًا (٨‬) ثُمَّ إِنِّي أَعْلَنْتُ لَهُمْ وَأَسْرَرْتُ لَهُمْ إِسْرَارًا (٩) فَقُلْتُ اسْتَغْفِرُوا رَبَّكُمْ إِنَّهُ كَانَ غَفَّارًا (١٠) يُرْسِلِ السَّمَاءَ عَلَيْكُمْ مِدْرَارًا (١١) وَيُمْدِدْكُمْ بِأَمْوَالٍ وَبَنِينَ وَيَجْعَلْ لَكُمْ جَنَّاتٍ وَيَجْعَلْ لَكُمْ أَنْهَارًا (١٢)
(1). തീര്‍ച്ചയായും നൂഹിനെ അദ്ദേഹത്തിന്റെ ജനതയിലേക്ക് നാം അയച്ചു. നിന്റെ ജനതയ്ക്ക് വേദനയേറിയ ശിക്ഷ വരുന്നതിന്റെ മുമ്പ് അവര്‍ക്ക് താക്കീത് നല്‍കുക എന്ന് നിര്‍ദേശിച്ചു കൊണ്ട് (2). അദ്ദേഹം പറഞ്ഞു: എന്റെ ജനങ്ങളേ, തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ക്കു വ്യക്തമായ താക്കീതുകാരനാകുന്നു. (3). നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുകയും അവനെ സൂക്ഷിക്കുകയും എന്നെ അനുസരിക്കുകയും ചെയ്യുവിന്‍. (4). എങ്കില്‍ അവന്‍ നിങ്ങള്‍ക്കു നിങ്ങളുടെ പാപങ്ങളില്‍ ചിലത് പൊറുത്തുതരികയും, നിര്‍ണയിക്കപ്പെട്ട ഒരു അവധി വരെ നിങ്ങളെ നീട്ടിയിടുകയും ചെയ്യുന്നതാണ്. തീര്‍ച്ചയായും അല്ലാഹുവിന്റെ അവധി വന്നാല്‍ അത് നീട്ടി കൊടുക്കപ്പെടുകയില്ല. നിങ്ങള്‍ അറിഞ്ഞിരുന്നെങ്കില്‍. (5). അദ്ദേഹം പറഞ്ഞു: എന്റെ രക്ഷിതാവേ, തീര്‍ച്ചയായും എന്റെ ജനതയെ രാവും പകലും ഞാന്‍ വിളിച്ചു. (6). എന്നിട്ട് എന്റെ വിളി അവരുടെ ഓടിപ്പോക്ക് വര്‍ധിപ്പിക്കുക മാത്രമേ ചെയ്തുള്ളു. (7). തീര്‍ച്ചയായും, നീ അവര്‍ക്ക് പൊറുത്തുകൊടുക്കുവാന്‍ വേണ്ടി ഞാന്‍ അവരെ വിളിച്ചപ്പോഴൊക്കെയും അവര്‍ അവരുടെ വിരലുകള്‍ കാതുകളില്‍ വെക്കുകയും, അവരുടെ വസ്ത്രങ്ങള്‍ മൂടിപ്പുതക്കുകയും, അവര്‍ ശഠിച്ചുനില്‍ക്കുകയും കടുത്ത അഹങ്കാരം നടിക്കുകയുമാണ് ചെയ്തത്. (8). പിന്നീട് അവരെ ഞാന്‍ ഉറക്കെ വിളിച്ചു. (9). പിന്നീട് ഞാന്‍ അവരോട് പരസ്യമായും വളരെ രഹസ്യമായും പ്രബോധനം നടത്തി. (10). അങ്ങനെ ഞാന്‍ പറഞ്ഞു: നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട് പാപമോചനം തേടുക. തീര്‍ച്ചയായും അവന്‍ ഏറെ പൊറുക്കുന്നവനാകുന്നു. (11). അവന്‍ നിങ്ങള്‍ക്ക് മഴ സമൃദ്ധമായി അയച്ചുതരും. (12). സ്വത്തുക്കളും സന്താനങ്ങളും കൊണ്ട്‌നിങ്ങളെ അവന്‍ പോഷിപ്പിക്കുകയും നിങ്ങള്‍ക്കവന്‍ തോട്ടങ്ങള്‍ ഉണ്ടാക്കിത്തരികയും നിങ്ങള്‍ക്കവന്‍ അരുവികള്‍ ഉണ്ടാക്കിത്തരികയും ചെയ്യും.

നൂഹ്‌നബി(അ)യുടെ കഥ മാത്രമെ ഈ സൂറത്തില്‍ അല്ലാഹു പരാമര്‍ശിച്ചിട്ടുള്ളൂ. അദ്ദേഹം അത്രയും നീണ്ട കാലം തന്റെ ജനതയില്‍ കഴിച്ചുകൂട്ടുകയും ശിര്‍ക്കിനെതിരെയും തൗഹീദിലേക്കുള്ള പ്രബോധനം ആവര്‍ത്തിക്കുകയും ചെയ്തതു കൊണ്ടാണത്. നൂഹ്‌നബി(അ)യെ തന്റെ ജനതയിലേക്ക് അവര്‍ക്ക് കാരുണ്യമായും വേദനയേറിയ ശിക്ഷയെക്കുറിച്ച് താക്കീത് ചെയ്യാനുമായി അയച്ചതിനെ കുറിച്ചാണ് അല്ലാഹു ഇവിടെ അറിയിക്കുന്നത്. അവര്‍ അവിശ്വാസത്തില്‍ തുടരുമോ എന്ന ഭയം. അപ്പോള്‍ അവരെ ശാശ്വതമായി നശിപ്പിക്കുകയും അനന്തമായി ശിക്ഷിക്കേണ്ടിവരികയും ചെയ്യും.

3,4). നൂഹ്‌നബി(അ) അത് നിര്‍വഹിച്ചു. അല്ലാഹുവിന്റെ കല്‍പന നിറവേറ്റാന്‍ അദ്ദേഹം ധൃതി കാണിച്ചു. അദ്ദേഹം പറഞ്ഞു: (എന്റെ ജനങ്ങളേ, തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ക്ക് വ്യക്തമായ താക്കീതുകാരനാകുന്നു) വ്യക്തവും പ്രകടവുമായ മുന്നറിയിപ്പ്. വ്യക്തമെന്നാല്‍ താക്കീത് ചെയ്യുന്ന വിഷയവും ആരെയാണ് താക്കീത് ചെയ്യുന്നതെന്നതും വ്യക്തമാണെന്നര്‍ഥം. എങ്ങനെ വിജയം നേടാമെന്നതും വേണ്ട വിധം വ്യക്തമാക്കിക്കൊടുത്തു. തുടര്‍ന്ന് അതിനുള്ള അടിസ്ഥാന കാര്യങ്ങള്‍ നിര്‍ദേശിക്കുന്നു. (നിങ്ങള്‍ അല്ലാഹുവിനെ ആരാധിക്കുകയും അവനെ സൂക്ഷിക്കുകയും ചെയ്യുക). ആരാധനയിലും വിശ്വാസത്തിലും അവനെ ഏകനാക്കുകയും ശിര്‍ക്കില്‍ നിന്നും അതിന്റെ വഴികളില്‍ നിന്നും മാറിനില്‍ക്കുകയും ചെയ്യുക. അവര്‍ അല്ലാഹുവിനെ സൂക്ഷിക്കുകയാണെങ്കില്‍ അവരുടെ പാപങ്ങള്‍ അവന്‍ പൊറുത്തുകൊടുക്കും. പാപങ്ങള്‍ പൊറുക്കപ്പെട്ടാല്‍ ശിക്ഷയില്‍ നിന്ന് രക്ഷപ്പെടാനും പ്രതിഫലത്താല്‍ വിജയിക്കാനും കഴിയും. (നിര്‍ണയിക്കപ്പെട്ട ഒരവധി വരെ നിങ്ങളെ നീട്ടിയിടുകയും ചെയ്യുന്നതാണ്). ഈ ജീവിതത്തില്‍ നിങ്ങള്‍ക്ക് നിശ്ചിതകാലം സൗകര്യങ്ങള്‍ നല്‍കുകയും പ്രയാസങ്ങളെ തടുക്കുകയും ചെയ്യും. ഈ ലോകത്ത് ജീവിക്കുന്നതിന്റെ കണക്ക് അല്ലാഹുവിന്റെ വിധി തീരുമാനങ്ങള്‍ക്കനുസരിച്ച് ഒരു നിശ്ചിത സമയം വരെയാണ്. ആരും ഇവിടെ ശാശ്വതരല്ല. മരണം അനിവാര്യമാണ്. (തീര്‍ച്ചയായും അല്ലാഹുവിന്റെ അവധി വന്നാല്‍ അത് നീട്ടിക്കൊടുക്കപ്പെടുകയില്ല. നിങ്ങള്‍ അറിഞ്ഞിരുന്നെങ്കില്‍). സത്യത്തെ തള്ളിക്കളയുകയും അല്ലാഹുവില്‍ അവിശ്വസിക്കുകയും ചെയ്തപോലെ.

5-7). അദ്ദേഹത്തിന്റെ വിളിക്കവര്‍ ഉത്തരം നല്‍കിയില്ല. കല്‍പനകള്‍ക്ക് കീഴ്‌പ്പെട്ടതും ഇല്ല. അപ്പോള്‍ തന്റെ രക്ഷിതാവിനോട് ആവലാതിപ്പെട്ടുകൊണ്ട് അദ്ദേഹം പറഞ്ഞു: (എന്റെ രക്ഷിതാവേ, തീര്‍ച്ചയായും എന്റെ ജനതയെ രാവും പകലും ഞാന്‍ വിളിച്ചു). എന്നിട്ട് എന്റെ വിളി അവരുടെ ഓടിപ്പോക്ക് വര്‍ധിപ്പിക്കുക മാത്രമെ ചെയ്തുള്ളൂ). സത്യത്തില്‍നിന്നുള്ള ഓടിപ്പോക്കും തിരിഞ്ഞുകളയലും യാതൊരു പ്രയോജനവും ഉണ്ടാക്കിയില്ല. കാരണം പ്രബോധനത്തിന്റെ പ്രയോജനമെന്നത് ലക്ഷ്യം മുഴുവനായോ ഭാഗികമായോ കരസ്ഥമാക്കലാണ്. (തീര്‍ച്ചയായും നീ അവര്‍ക്ക് പൊറുത്തുകൊടുക്കാന്‍ വേണ്ടി ഞാന്‍ അവരെ വിളിച്ചപ്പോഴൊക്കെയും) എന്റെ വിളിക്കവര്‍ ഉത്തരം നല്‍കാനും അതുവഴി നീ അവര്‍ക്ക് പൊറുത്തുകൊടുക്കാനും വേണ്ടി. അതിലവര്‍ക്ക് നന്മ മാത്രമാണുള്ളത്. പക്ഷേ, അസത്യത്തിലുള്ള; അവരുടെ ധിക്കാരത്താലും സത്യത്തില്‍ നിന്നുള്ള അകല്‍ച്ചയാലും അവര്‍ വിസമ്മതിച്ചു. (അവര്‍ അവരുടെ വിരലുകള്‍ കാതുകളില്‍ വെക്കുകയും ചെയ്തു). അവരുടെ പ്രവാചകന്‍ നൂഹിന്റെ(അ) വാക്കുകള്‍ കേട്ടുപോകുമോ എന്ന ഭയത്താല്‍. (അവരുടെ വസ്ത്രങ്ങള്‍ മൂടിപ്പുതക്കുകയും) സത്യത്തോടുള്ള ദേഷ്യത്താലും അതില്‍ നിന്ന് വിട്ടുനില്‍ക്കാനും അവരെ മൂടുന്ന കവചങ്ങളാല്‍ അവര്‍ മൂടുകയും ചെയ്തു. (അവര്‍ ശഠിച്ചുനില്‍ക്കുകയും) അവരുടെ ദുഷ്പ്രവര്‍ത്തികളിലും അവിശ്വാസത്തിലും. (അഹങ്കാരം നടിക്കുകയും ചെയ്തു) സത്യത്തോട്. (കടുത്ത അഹങ്കാരം) അവരുടെ ദോഷങ്ങള്‍ വര്‍ധിച്ചു. നന്മകള്‍ ഇല്ലാതാവുകയും ചെയ്തു.

8,9). (പിന്നീട് ഞാനവരെ ഉറക്കെവിളിച്ചു). അവരെല്ലാവരും കേള്‍ക്കാവുന്ന വിധം. (പിന്നീട് ഞാന്‍ അവരോട് പരസ്യമായും വളരെ രഹസ്യമായും പ്രബോധനംനടത്തി). ഇതെല്ലാം അവരോടുള്ള താല്‍പര്യവും ഗുണകാംക്ഷയുമാണ്. ലക്ഷ്യം സാക്ഷാത്കരിക്കുമെന്ന് തോന്നുന്ന എല്ലാ വഴികളിലൂടെയും ചെന്നുനോക്കി.

10). (അങ്ങനെ ഞാന്‍ പറഞ്ഞു: നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട് പാപമോചനം തേടുക). നിങ്ങള്‍ ഇപ്പോള്‍ ചെയ്യുന്ന പാപങ്ങള്‍ ഉപേക്ഷിക്കുകയും അതില്‍ നിന്ന് അല്ലാഹുവോട് പാപമോചനം തേടുകയും ചെയ്യുക. (തീര്‍ച്ചയായും അവന്‍ ഏറെ പൊറുക്കുന്നവനാകുന്നു). ഖേദിച്ചു മടങ്ങുകയും പാപമോചനം തേടുകയും ചെയ്യുന്നവന് ധാരാളം പൊറുത്തുകൊടുക്കുന്നവന്‍. പാപമോചനത്തിനും അതിനെ തുടര്‍ന്ന് ലഭിക്കുന്ന പ്രതിഫലങ്ങള്‍ക്കും ശിക്ഷയെ പ്രതിരോധിക്കാനും അവരെതാല്‍പര്യപ്പെടുത്തുന്നു. പെട്ടെന്ന് ലഭിക്കുന്ന ഇഹലോകത്തെ ഗുണങ്ങള്‍ക്കും അവരെ ആഗ്രഹിപ്പിക്കുന്നു. (അവന്‍ നിങ്ങള്‍ക്ക് മഴ സമൃദ്ധമായി അയച്ചുതരും). താഴ്ന്ന പ്രദേശങ്ങളെയും മലഞ്ചെരുവുകളെയും നനപ്പിക്കുന്ന, മനുഷ്യര്‍ക്കും നാടുകള്‍ക്കും ജീവന്‍ നല്‍കുന്ന തുടര്‍ച്ചയായ മഴ. (സ്വത്തുക്കളും സന്താനങ്ങളും കൊണ്ട് നിങ്ങളെ അവന്‍ പോഷിപ്പിക്കുകയും ചെയ്യും) ഇഹലോകത്തെ നിങ്ങളുടെ ആവശ്യങ്ങള്‍ നേടാന്‍ ഉതകുന്ന സ്വത്തുക്കളും സന്താനങ്ങളും നിങ്ങള്‍ക്കവന്‍ വര്‍ധിപ്പിച്ചുതരും. (നിങ്ങള്‍ക്കവന്‍ തോട്ടങ്ങള്‍ ഉണ്ടാക്കിത്തരികയും നിങ്ങള്‍ക്കവന്‍ അരുവികളുണ്ടാക്കിത്തരികയും ചെയ്യും). ഇത് ഭൗതിക ജീവിതത്തിന്റെ ഏറ്റവും വലിയ ആവശ്യങ്ങളും ആസ്വാദനങ്ങളുമാണ്.