ഖിയാമ (ഉയിര്‍ത്തെഴുന്നേല്‍പ്)

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2019 ജൂലായ് 06 1440 ദുല്‍ക്വഅദ് 03

അധ്യായം: 75, ഭാഗം: 3

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

فَلَا صَدَّقَ وَلَا صَلَّىٰ (٣١) وَلَٰكِنْ كَذَّبَ وَتَوَلَّىٰ (٣٢) ثُمَّ ذَهَبَ إِلَىٰ أَهْلِهِ يَتَمَطَّىٰ (٣٣) أَوْلَىٰ لَكَ فَأَوْلَىٰ (٣٤) ثُمَّ أَوْلَىٰ لَكَ فَأَوْلَىٰ (٣٥) أَيَحْسَبُ الْإِنْسَانُ أَنْ يُتْرَكَ سُدًى (٣٦) أَلَمْ يَكُ نُطْفَةً مِنْ مَنِيٍّ يُمْنَىٰ (٣٧) ثُمَّ كَانَ عَلَقَةً فَخَلَقَ فَسَوَّىٰ (٣٨‬) فَجَعَلَ مِنْهُ الزَّوْجَيْنِ الذَّكَرَ وَالْأُنْثَىٰ (٣٩) أَلَيْسَ ذَٰلِكَ بِقَادِرٍ عَلَىٰ أَنْ يُحْيِيَ الْمَوْتَىٰ (٤٠)
(31) എന്നാല്‍ അവന്‍ വിശ്വസിച്ചില്ല, അവന്‍ നമസ്‌കരിച്ചതുമില്ല. (32) പക്ഷേ, അവന്‍ നിഷേധിക്കുകയും പിന്തിരിയുകയും ചെയ്തു. (33) എന്നിട്ട് ദുരഭിമാനം നടിച്ചുകൊണ്ട് അവന്‍ അവന്റെ സ്വന്തക്കാരുടെ അടുത്തേക്ക് പോയി. (34) (ശിക്ഷ) നിനക്കേറ്റവും അര്‍ഹമായതു തന്നെ. നിനക്കേറ്റവും അര്‍ഹമായതു തന്നെ. (35) വീണ്ടും നിനക്കേറ്റവും അര്‍ഹമായത് തന്നെ. നിനക്കേറ്റവും അര്‍ഹമായത് തന്നെ. (36) മനുഷ്യന്‍ വിചാരിക്കുന്നുവോ; അവന്‍ വെറുതെ വിട്ടേക്കപ്പെടുമെന്ന്! (37) അവന്‍ സ്രവിക്കപ്പെടുന്ന ശുക്ലത്തില്‍ നിന്നുള്ള ഒരു കണമായിരുന്നില്ലേ? (38) പിന്നെ അവന്‍ ഒരു ഭ്രൂണമായി. എന്നിട്ട് അല്ലാഹു (അവനെ) സൃഷ്ടിച്ചു സംവിധാനിച്ചു. (39) അങ്ങനെ അതില്‍ നിന്ന് ആണും പെണ്ണുമാകുന്ന രണ്ടടു ഇണകളെ അവന്‍ ഉണ്ടാക്കി. (40) അങ്ങനെയുള്ളവന്‍ മരിച്ചവരെ ജീവിപ്പിക്കാന്‍ കഴിവുള്ളവനല്ലേ?

31-33) എന്നാല്‍ വചനങ്ങള്‍ പ്രയോജനപ്പെടാത്ത ധിക്കാരത്തിലും അവിശ്വാസത്തിലും വഴികേടിലും ഉറച്ചു നിലകൊണ്ടിരിക്കുന്ന നിഷേധി (എന്നാല്‍ അവന്‍ വിശ്വസിച്ചില്ല). അതായത് അല്ലാഹുവിലോ അവന്റെ മലക്കുകളിലോ വേദഗ്രന്ഥങ്ങളിലോ അന്ത്യദിനത്തിലോ വിധിയിലോ അതിലെ ഗുണവും ദോഷവും അവന്റെ പക്കലാണെന്നതിലോ അവന്‍ വിശ്വസിച്ചില്ല. (പക്ഷേ, അവന്‍ നിഷേധിക്കുകയും സത്യത്തില്‍ വിശ്വസിക്കേണ്ടതിന് പകരം പിന്തിരിഞ്ഞുകളയുകയും ചെയ്തു) കല്‍പനാവിരോധങ്ങളില്‍ നിന്ന് രക്ഷിതാവിനെ ഭയപ്പെടാതെ യാതൊരു വിധ മനസ്സമാധാനക്കേടുമില്ലാതെ. (എന്നിട്ട് ദുരഭിമാനം നടിച്ചുകൊണ്ട് അവന്‍ അവന്റെ സ്വന്തക്കാരുടെ അടുത്തേക്ക് പോയി) യാതൊരു വിലയും കല്‍പിക്കാതെ.

34,35). പിന്നീട് അവനെ താക്കീത് ചെയ്യുന്നു. ശിക്ഷ നിനക്കേറ്റവും അര്‍ഹമായതു തന്നെ, നിനക്കേറ്റവും അര്‍ഹമായതു തന്നെ. ഇത് താക്കീതിന്റെ വാക്കുകളാണ്. താക്കീത് ആവര്‍ത്തിക്കാനാണ് ആവര്‍ത്തിച്ചു പറയുന്നത്.

36-40). പിന്നീട് മനുഷ്യന്റെ ആദ്യ സൃഷ്ടിപ്പിനെ പരാമര്‍ശിക്കുന്നു. (മനുഷ്യന്‍ വിചാരിക്കുന്നുവോ അവന്‍ വെറുതെ വിട്ടേക്കപ്പെടുമെന്ന്?) ഒന്നും കല്‍പിക്കപ്പെടാതെ, വിരോധക്കപ്പെടാതെ, അവഗണിക്കപ്പെട്ടവനായി, ശിക്ഷിക്കപ്പെടാതെ, പ്രതിഫലം നല്‍കപ്പെടാതെ! ഇത് വെറും അര്‍ഥശൂന്യമായ കണക്കുകൂട്ടലാണ്. അല്ലാഹുവിന്റെ ഹിക്മത്തിനോട് ഒട്ടും യോജിക്കാത്ത വിചാരം.

(അവന്‍ സ്രവിക്കപ്പെട്ടുന്ന ശുക്ലത്തില്‍ നിന്നുള്ള കണമായിരുന്നില്ലേ. പിന്നീട് അവന്‍ ഒരു ഭ്രൂണമായി) ഇന്ദ്രിയത്തിനു ശേഷം. (എന്നിട്ട് അല്ലാഹു (അവനെ) സൃഷ്ടിച്ചു). അതില്‍ നിന്നും ജീവികളെ. എന്നിട്ടതിനെ ശരിപ്പെടുത്തി. അതായത് അന്യൂനമാക്കി, സുദൃഢമാക്കി. (അങ്ങനെ അതില്‍ നിന്ന് ആണും പെണ്ണുമാകുന്ന രണ്ടു ഇണകളെ അവന്‍ ഉണ്ടാക്കി).

(അങ്ങനെയുള്ളവനല്ലേ?) അതായത് മനുഷ്യനെ സൃഷ്ടിക്കുകയും വ്യത്യസ്തമായ ഘട്ടങ്ങളിലൂടെ അവനെ വളര്‍ത്തുകയും ചെയ്തവന്‍. (മരിച്ചവരെ ജീവിപ്പിക്കാന്‍ കഴിവുള്ളവന്‍) അവന്‍ എല്ലാറ്റിനും കഴിവുള്ളവന്‍ തന്നെ.

(സൂറതുല്‍ ക്വിയാമയുടെ വ്യാഖ്യാനം പൂര്‍ത്തിയായി. സര്‍വലോക രക്ഷിതാവായ അല്ലാഹുവിന് സര്‍വ സ്തുതി. അവന്റെ പ്രവാചകന്റെ മേല്‍ അനുഗ്രഹമുണ്ടാകട്ടെ).