ഹാഖ്ഖ (യഥാര്‍ഥ സംഭവം)

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2019 ഡിസംബര്‍ 14 1441 റബിഉല്‍ ആഖിര്‍ 17

അധ്യായം: 69, ഭാഗം: 4

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

فَلَا أُقْسِمُ بِمَا تُبْصِرُونَ (٣٨‬) وَمَا لَا تُبْصِرُونَ (٣٩) إِنَّهُ لَقَوْلُ رَسُولٍ كَرِيمٍ (٤٠) وَمَا هُوَ بِقَوْلِ شَاعِرٍ ۚ قَلِيلًا مَا تُؤْمِنُونَ (٤١) وَلَا بِقَوْلِ كَاهِنٍ ۚ قَلِيلًا مَا تَذَكَّرُونَ (٤٢) تَنْزِيلٌ مِنْ رَبِّ الْعَالَمِينَ (٤٣) وَلَوْ تَقَوَّلَ عَلَيْنَا بَعْضَ الْأَقَاوِيلِ (٤٤) لَأَخَذْنَا مِنْهُ بِالْيَمِينِ (٤٥) ثُمَّ لَقَطَعْنَا مِنْهُ الْوَتِينَ (٤٦) فَمَا مِنْكُمْ مِنْ أَحَدٍ عَنْهُ حَاجِزِينَ (٤٧‬) وَإِنَّهُ لَتَذْكِرَةٌ لِلْمُتَّقِينَ (٤٨) وَإِنَّا لَنَعْلَمُ أَنَّ مِنْكُمْ مُكَذِّبِينَ (٤٩) وَإِنَّهُ لَحَسْرَةٌ عَلَى الْكَافِرِينَ (٥٠) وَإِنَّهُ لَحَقُّ الْيَقِينِ (٥١) فَسَبِّحْ بِاسْمِ رَبِّكَ الْعَظِيمِ (٥٢)
(38) എന്നാല്‍ നിങ്ങള്‍ കാണുന്നവയെക്കൊണ്ട് ഞാന്‍ സത്യം ചെയ്ത് പറയുന്നു: (39) നിങ്ങള്‍ കാണാത്തവയെക്കൊണ്ടും (40) തീര്‍ച്ചയായും ഇത് മാന്യനായ ഒരു ദൂതന്റെ വാക്കു തന്നെയാകുന്നു. (41) ഇതൊരു കവിയുടെ വാക്കല്ല. വളരെ കുറച്ചേ നിങ്ങള്‍ വിശ്വസിക്കുന്നുള്ളൂ. (42) ഒരു ജ്യോത്സ്യന്റെ വാക്കുമല്ല. വളരെക്കുറച്ചേ നിങ്ങള്‍ ആലോചിച്ചു മനസ്സിലാക്കുന്നുള്ളൂ. (43) ഇത് ലോകരക്ഷിതാവിങ്കല്‍ നിന്ന് അവതരിപ്പിക്കപ്പെട്ടതാകുന്നു. (44) നമ്മുടെ പേരില്‍ അദ്ദേഹം (പ്രവാചകന്‍) വല്ല വാക്കും കെട്ടിച്ചമച്ചു പറഞ്ഞിരുന്നെങ്കില്‍ (45) അദ്ദേഹത്തെ നാം വലതുകൈ കൊണ്ട് പിടികൂടുകയും, (46) എന്നിട്ട് അദ്ദേഹത്തിന്റെ ജീവനാഡി നാം മുറിച്ചുകളയുകയും ചെയ്യുമായിരുന്നു. (47) അപ്പോള്‍ നിങ്ങളില്‍ ആര്‍ക്കും അദ്ദേഹത്തില്‍ നിന്ന് (ശിക്ഷയെ) തടയാനാവില്ല. (48) തീര്‍ച്ചയായും ഇത് (ഖുര്‍ആന്‍) ഭയഭക്തിയുള്ളവര്‍ക്ക് ഒരു ഉല്‍ബോധനമാകുന്നു. (49) തീര്‍ച്ചയായും നിങ്ങളുടെ കൂട്ടത്തില്‍ (ഇതിനെ) നിഷേധിച്ചു തള്ളുന്നവരുണ്ടെന്ന് നമുക്കറിയാം. (50) തീര്‍ച്ചയായും ഇത് സത്യനിഷേധികള്‍ക്ക് ഖേദത്തിന് കാരണവുമാകുന്നു. (51) തീര്‍ച്ചയായും ഇത് ദൃഢമായ യാഥാര്‍ഥ്യമാകുന്നു. (52) അതിനാല്‍ നീ നിന്റെ മഹാനായ രക്ഷിതാവിന്റെ നാമത്തെ പ്രകീര്‍ത്തിക്കുക.

38-43). കാണുന്നതും കാണാത്തതുമായ എല്ലാ വസ്തുക്കളെയും കൊണ്ട് അല്ലാഹു സത്യം ചെയ്യുന്നു. ഇതില്‍ എല്ലാ സൃഷ്ടികളും ഉള്‍ക്കൊള്ളുന്നു. പരിശുദ്ധനായ അല്ലാഹുവും ഉള്‍ക്കൊള്ളും.

ക്വുര്‍ആനുമായി വന്ന നബി ﷺ യുടെ സത്യതയെ ആണ് ഇവിടെ സ്ഥാപിക്കുന്നത്. പരിശുദ്ധ ദൂതന്‍ അല്ലാഹുവില്‍ നിന്നും അത് എത്തിച്ചു. അദ്ദേഹത്തെ കവിയെന്നും മാരണക്കാരനെന്നും ശത്രുക്കള്‍ ആരോപിച്ചു. ആരോപണങ്ങളില്‍ അല്ലാഹു ദൂതനെ പരിശുദ്ധപ്പെടുത്തുകയും ചെയ്യുന്നു. ഇത്തരമൊരു ആരോപണത്തിന് അവരെ പ്രേരിപ്പിച്ചത് അവരുടെ വിശ്വാസമില്ലായ്മയും ചിന്താശൂന്യതയുമാണ്. പ്രവാചകന്റെ അവസ്ഥയെ അവര്‍ ശരിയായി വീക്ഷിക്കുകയും അദ്ദേഹത്തിന്റെ സ്വഭാവങ്ങളെയും ഗുണങ്ങളെയും കുറിച്ച് ഒന്ന് ആലോചിക്കുകയും ചെയ്തിരുന്നെങ്കില്‍ സൂര്യനെപ്പോലെ അവര്‍ക്ക് വ്യക്തമാകും; അദ്ദേഹത്തിന്റെയും അദ്ദേഹം കൊണ്ടുവന്നതിന്റെയും സത്യത. (ഇത് ലോകരക്ഷിതാവില്‍ നിന്ന് അവതരിപ്പിക്കപ്പെട്ടവയാകുന്നു) മനുഷ്യരുടെ വാക്കുകളോട് അത് യോജിക്കുന്നില്ല. മറിച്ച് സൃഷ്ടികള്‍ക്ക് ഉപരിയായ, അവരെ പൂര്‍ണമായി നോക്കിവളര്‍ത്തുന്ന, മഹത്തായ വിശേഷണങ്ങളുള്ള, ഏറെ മഹത്ത്വമുള്ളവന്റെ വചനങ്ങളാണത്. അത് മാത്രമല്ല, ഇവരുടെ വിചാരങ്ങളൊന്നും അല്ലാഹുവിനോടും അവന്റെ യുക്തിജ്ഞാനത്തോടും യോജിക്കുന്നതേയല്ല.

44-47). (നമ്മുടെ പേരില്‍ (പ്രവാചകന്‍) വല്ല വാക്കും കെട്ടിച്ചമച്ചു പറഞ്ഞിരുന്നെങ്കില്‍) കളവായി കെട്ടിച്ചമക്കുക. (വല്ല വാക്കുകളും) കളവായ. (അദ്ദേഹത്തെ നാം വലതു കൈകൊണ്ട് പിടികൂടും). (എന്നിട്ട് അദ്ദേഹത്തിന്റെ ജീവനാഡി നാം മുറിച്ചുകളയുകയും ചെയ്യുമായിരുന്നു). ഹൃദയവുമായി ബന്ധിപ്പിച്ച ഒരു ഞരമ്പാണത്. അത് മുറിഞ്ഞാല്‍ മനുഷ്യന്‍ നശിക്കും. ഇനി പ്രവാചകനെക്കുറിച്ച് സങ്കല്‍പിച്ചാല്‍ -അതൊരിക്കലും ഉണ്ടാവില്ല- അല്ലാഹുവില്‍ കളവ് കെട്ടിച്ചമച്ച് പറയുക എന്നത്. അല്ലാഹു ഉടന്‍ ശിക്ഷിക്കുകയും പ്രതാപിയും ശക്തനുമായ ഒരുത്തന്‍ പിടികൂടുന്ന വിധം പിടികൂടുകയും ചെയ്യും. കാരണം അവന്‍ എല്ലാറ്റിനും കഴിയുന്ന യുക്തിമാനാണ്. അല്ലാഹുവിന്റെ യുക്തി തേടുന്നത് അവന്റെമേല്‍ കളവ് പറയുന്നവര്‍ക്ക് യാതൊരു സാവകാശവും നല്‍കരുതെന്നാണ്. തനിക്ക് എതിര് പ്രവര്‍ത്തിക്കുന്നവരുടെ രക്തവും ധനവും തനിക്ക് അനുവദനീയമാക്കിയിട്ടുണ്ടെന്നാണല്ലോ അദ്ദേഹം വാദിക്കുന്നത്. എന്നതിനാല്‍ അദ്ദേഹത്തിനും അദ്ദേഹത്തെ പിന്‍പറ്റുന്നവര്‍ക്കും വിജയമാണുള്ളത്. എതിര് പ്രവര്‍ത്തിക്കുന്നവര്‍ക്ക് നാശവും. എന്നാല്‍ അല്ലാഹു തന്റെ ദൂതനെ അമാനുഷിക ദൃഷ്ടാന്തങ്ങള്‍ കൊണ്ട് ശക്തിപ്പെടുത്തിയെങ്കില്‍ അദ്ദേഹം കൊണ്ടുവന്നതിന്റെ സത്യത വ്യക്തമായ തെളിവുകള്‍ കൊണ്ട് തെളിയിക്കുകയും ശത്രുക്കള്‍ക്കെതിരെ സഹായിക്കുകയും അവരെ കീഴ്‌പ്പെടുത്താന്‍ സൗകര്യം നല്‍കുകയും ചെയ്തുവെങ്കില്‍ അതുതന്നെ അദ്ദേഹത്തിന്റെ പ്രവാചകത്വത്തിനുള്ള മികച്ച സാക്ഷ്യമാണ്.  

(അപ്പോള്‍ നിങ്ങളില്‍ ആര്‍ക്കും അദ്ദേഹത്തില്‍ നിന്ന് (ശിക്ഷയെ) തടയാനാവില്ല). അല്ലാഹു അദ്ദേഹത്തെ നശിപ്പിക്കുകയാണെങ്കില്‍ അദ്ദേഹത്തിന് സ്വന്തമായോ അല്ലെങ്കില്‍ മറ്റാര്‍ക്കെങ്കിലുമോ ശിക്ഷയില്‍ നിന്നു അദ്ദേഹത്തെ തടയാനാവില്ല.

48). (തീര്‍ച്ചയായും) അതായത് പരിശുദ്ധക്വുര്‍ആന്‍ (ഭയഭക്തിയുള്ളവര്‍ക്ക് ഒരു ഉല്‍ബോധനമാകുന്നു). അതിനെ മുന്‍നിര്‍ത്തിയാണ് അവരുടെ ഇഹപരജീവിത നന്മകളെക്കുറിച്ച് അവര്‍ ചിന്തിക്കുന്നത്.

അത് മനസ്സിലാക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. മതപരമായ വിശ്വാസങ്ങളെയും തൃപ്തികരമായ സ്വഭാവത്തെയും മതനിയമങ്ങളെയും അത് അവരെ ഉല്‍ബോധിപ്പിക്കുന്നു. അങ്ങനെ അവര്‍ മാതൃകായോഗ്യരായ പണ്ഡിതന്മാരും അറിവുള്ള അടിമകളും സച്ചരിതരായ നേതാക്കളുമായിത്തീരുന്നു.

49). (തീര്‍ച്ചയായും നിങ്ങളുടെ കൂട്ടത്തില്‍ അതിനെ നിഷേധിച്ചുതള്ളുന്നവരുണ്ടെന്ന് നമുക്കറിയാം) ഇതില്‍ നിഷേധിക്കുന്നവര്‍ക്ക് താക്കീതും ഭീഷണിയുമുണ്ട്. അവരുടെ നിഷേധത്തിന് വഴിയെ കഠിനമായ ശിക്ഷയുണ്ടാകും.

50). (തീര്‍ച്ചയായും ഇത് സത്യനിഷേധികള്‍ക്ക് ഖേദത്തിന് കാരണവുമാകുന്നു). അവരോട് വാഗ്ദത്തം ചെയ്തത് കണ്ടിട്ടും അവര്‍ അതിനെ നിഷേധിച്ചു. അതിന്റെ സന്മാര്‍ഗം സ്വീകരിച്ചതും ഇല്ല, അതിന് കീഴ്‌പ്പെട്ടതും ഇല്ല. അതില്‍ അവര്‍ അതിയായി ഖേദിക്കും. അതിനാല്‍ അവര്‍ക്ക് പ്രതിഫലം നഷ്ടപ്പെട്ടു. കഠിനമായ ശിക്ഷ ലഭിക്കുകയും എല്ലാ ബന്ധങ്ങളും മുറിഞ്ഞുപോവുകയും ചെയ്തു.

51). (തീര്‍ച്ചയായും ഇത് ദൃഢമായ യാഥാര്‍ഥ്യമാകുന്നു) വിജ്ഞാനത്തിന്റെ ഏറ്റവും ഉന്നത സ്ഥാനത്തുള്ളത്. വിജ്ഞാനത്തിന്റെ ഉന്നതസ്ഥാനം ദൃഢബോധ്യമാണ്. ദൃഢബോധ്യതക്ക് മൂന്ന് തലങ്ങളുണ്ട്. ഓരോന്നും അതിനു മുമ്പുള്ളതിന്റെ മേലെയാണ്. ഒന്നാമത്തെത് ( علم اليقين) ദൃഢമായ അറിവ്. (കേള്‍ക്കുന്ന വിവരങ്ങളില്‍ നിന്ന് ലഭിക്കുന്ന അറിവാണത്). മറ്റൊന്ന് (عين اليقين ) ദൃഢമായ കണ്‍കാഴ്ച. (കാഴ്ചശക്തിയിലൂടെ നേടുന്ന അറിവ്). പിന്നീട് ( حق اليقين) ദൃഢമായ യാഥാര്‍ഥ്യം. (നേരിട്ടുള്ള അനുഭവശക്തി കൊണ്ട് നേടുന്ന അറിവ്). ഇത് ക്വുര്‍ആനിന്റെ വിശേഷണമാണ്. ഖണ്ഡിതമായ തെളിവുകളില്‍ ശക്തമായ അറിവുകളാണ് ക്വുര്‍ആനിലുള്ളത്. ദൃഢമായ യാഥാര്‍ഥ്യം അനുഭവിക്കുന്നവന് കരസ്ഥമാക്കാന്‍ കഴിയുന്ന വിശ്വാസപരമായ അറിവുകളും യാഥാര്‍ഥ്യങ്ങളുമാണ് അതിലുള്ളത്.

(52). (അതിനാല്‍ നീ നിന്റെ മഹാനായ രക്ഷിതാവിന്റെ നാമത്തെ പ്രകീര്‍ത്തിക്കുക). അവന്റെ മഹത്ത്വത്തിന് യോജിക്കാത്തതില്‍ നിന്ന് നീ അവനെ പരിശുദ്ധപ്പെടുത്തുക. അവന്റെ മഹത്ത്വത്തിന്റെയും ഭംഗിയുടെയും പൂര്‍ണതയുടെയും വിശേഷണങ്ങള്‍ പറഞ്ഞ് അവന്റെ പരിശുദ്ധിയെ വാഴ്ത്തുകയും ചെയ്യുക.

(സൂറഃ അല്‍ഹാഖ്ഖ പൂര്‍ത്തിയായി)