ഖുല്‍ ഊഹിയ ഇലയ്യ

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2019 ഒക്ടോബര്‍ 05 1441 സഫര്‍ 06

അധ്യായം: 72, ഭാഗം: 2

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

وَأَنَّهُ كَانَ رِجَالٌ مِنَ الْإِنْسِ يَعُوذُونَ بِرِجَالٍ مِنَ الْجِنِّ فَزَادُوهُمْ رَهَقًا (٦) وَأَنَّهُمْ ظَنُّوا كَمَا ظَنَنْتُمْ أَنْ لَنْ يَبْعَثَ اللَّهُ أَحَدًا (٧‬) وَأَنَّا لَمَسْنَا السَّمَاءَ فَوَجَدْنَاهَا مُلِئَتْ حَرَسًا شَدِيدًا وَشُهُبًا (٨‬) وَأَنَّا كُنَّا نَقْعُدُ مِنْهَا مَقَاعِدَ لِلسَّمْعِ ۖ فَمَنْ يَسْتَمِعِ الْآنَ يَجِدْ لَهُ شِهَابًا رَصَدًا (٩) وَأَنَّا لَا نَدْرِي أَشَرٌّ أُرِيدَ بِمَنْ فِي الْأَرْضِ أَمْ أَرَادَ بِهِمْ رَبُّهُمْ رَشَدًا (١٠) وَأَنَّا مِنَّا الصَّالِحُونَ وَمِنَّا دُونَ ذَٰلِكَ ۖ كُنَّا طَرَائِقَ قِدَدًا (١١) وَأَنَّا ظَنَنَّا أَنْ لَنْ نُعْجِزَ اللَّهَ فِي الْأَرْضِ وَلَنْ نُعْجِزَهُ هَرَبًا (١٢) وَأَنَّا لَمَّا سَمِعْنَا الْهُدَىٰ آمَنَّا بِهِ ۖ فَمَنْ يُؤْمِنْ بِرَبِّهِ فَلَا يَخَافُ بَخْسًا وَلَا رَهَقًا (١٣) وَأَنَّا مِنَّا الْمُسْلِمُونَ وَمِنَّا الْقَاسِطُونَ ۖ فَمَنْ أَسْلَمَ فَأُولَٰئِكَ تَحَرَّوْا رَشَدًا (١٤) وَأَمَّا الْقَاسِطُونَ فَكَانُوا لِجَهَنَّمَ حَطَبًا (١٥) وَأَنْ لَوِ اسْتَقَامُوا عَلَى الطَّرِيقَةِ لَأَسْقَيْنَاهُمْ مَاءً غَدَقًا (١٦) لِنَفْتِنَهُمْ فِيهِ ۚ وَمَنْ يُعْرِضْ عَنْ ذِكْرِ رَبِّهِ يَسْلُكْهُ عَذَابًا صَعَدًا (١٧)
(6). മനുഷ്യരില്‍ പെട്ട ചില വ്യക്തികള്‍ ജിന്നുകളില്‍ പെട്ട വ്യക്തികളോട് ശരണം തേടാറുണ്ടായിരുന്നു. അങ്ങനെ അതവര്‍ക്ക് (ജിന്നുകള്‍ക്ക്) ഗര്‍വ് വര്‍ധിപ്പിച്ചു. (7). നിങ്ങള്‍ ധരിച്ചത് പോലെ അവരും ധരിച്ചു; അല്ലാഹു ആരെയും ഉയിര്‍ത്തെഴുന്നേല്‍പിക്കുകയില്ല എന്നും (അവര്‍ പറഞ്ഞു). (8). ഞങ്ങള്‍ ആകാശത്തെ സ്പര്‍ശിച്ചു നോക്കി. അപ്പോള്‍ അത് ശക്തിമത്തായ പാറാവുകാരാലും തീജ്വാലകളാലും നിറക്കപ്പെട്ടതായി ഞങ്ങള്‍ കണ്ടെത്തി എന്നും (അവര്‍ പറഞ്ഞു). (9). (ആകാശത്തിലെ) ചില ഇരിപ്പിടങ്ങളില്‍ ഞങ്ങള്‍ കേള്‍ക്കാന്‍ വേണ്ടി ഇരിക്കാറുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ആരെങ്കിലും ശ്രദ്ധിച്ചു കേള്‍ക്കുകയാണെങ്കില്‍ കാത്തിരിക്കുന്ന അഗ്‌നിജ്വാലയെ അവന്ന് കണ്ടെത്താനാവും എന്നും (അവര്‍ പറഞ്ഞു). (10). ഭൂമിയിലുള്ളവരുടെ കാര്യത്തില്‍ തിന്‍മയാണോ ഉദ്ദേശിക്കപ്പെട്ടിട്ടുള്ളത്, അതല്ല അവരുടെ രക്ഷിതാവ് അവരെ നേര്‍വഴിയിലാക്കാന്‍ ഉദ്ദേശിച്ചിരിക്കുകയാണോ എന്ന് ഞങ്ങള്‍ക്ക് അറിഞ്ഞ് കൂടാ. (11). ഞങ്ങളാകട്ടെ, ഞങ്ങളുടെ കൂട്ടത്തില്‍ സദ്‌വൃത്തന്‍മാരുണ്ട്. അതില്‍ താഴെയുള്ളവരും ഞങ്ങളുടെ കൂട്ടത്തിലുണ്ട്. ഞങ്ങള്‍ വിഭിന്ന മാര്‍ഗങ്ങളായിതീര്‍ന്നിരിക്കുന്നു എന്നും (അവര്‍ പറഞ്ഞു). (12). ഭൂമിയില്‍ വെച്ച് അല്ലാഹുവെ ഞങ്ങള്‍ക്ക് തോല്‍പിക്കാനാവിെല്ലന്നും ഓടി മാറിക്കളഞ്ഞിട്ട് അവനെ തോല്‍പിക്കാനാവില്ലെന്നും ഞങ്ങള്‍ ധരിച്ചിരിക്കുന്നു (13). സന്‍മാര്‍ഗം കേട്ടപ്പോള്‍ ഞങ്ങള്‍ അതില്‍ വിശ്വസിച്ചിരിക്കുന്നു. അപ്പോള്‍ ഏതൊരുത്തന്‍ തന്റെ രക്ഷിതാവില്‍ വിശ്വസിക്കുന്നുവോ അവന്‍ യാതൊരു നഷ്ടത്തെയും അനീതിയെയും പറ്റി ഭയപ്പെടേണ്ടി വരില്ല എന്നും (അവര്‍ പറഞ്ഞു). (14). ഞങ്ങളുടെ കൂട്ടത്തില്‍ കീഴ്‌പെട്ടു ജീവിക്കുന്നവരുണ്ട്. അനീതി പ്രവര്‍ത്തിക്കുന്നവരും ഞങ്ങളുടെ കൂട്ടത്തിലുണ്ട്. എന്നാല്‍ ആര്‍ കീഴ്‌പെട്ടിരിക്കുന്നുവോ അത്തരക്കാര്‍ സന്‍മാര്‍ഗം അവലംബിച്ചിരിക്കുന്നു. (15). അനീതി പ്രവര്‍ത്തിച്ചവരാകട്ടെ നരകത്തിനുള്ള വിറക് ആയിത്തീരുന്നതാണ് (എന്നും അവര്‍ പറഞ്ഞു). (16). ആ മാര്‍ഗത്തില്‍ (ഇസ്‌ലാമില്‍) അവര്‍ നേരെ നിലകൊള്ളുകയാണെങ്കില്‍ നാം അവര്‍ക്ക് ധാരാളമായി വെള്ളം കുടിക്കാന്‍ നല്‍കുന്നതാണ്. (17). അതിലൂടെ നാം അവരെ പരീക്ഷിക്കുവാന്‍ വേണ്ടിയത്രെ അത്. തന്റെ രക്ഷിതാവിന്റെ ഉല്‍ബോധനത്തെ വിട്ട് ആര്‍ തിരിഞ്ഞുകളയുന്നുവോ അവനെ അവന്‍ (രക്ഷിതാവ്) പ്രയാസകരമായ ശിക്ഷയില്‍ പ്രവേശിപ്പിക്കുന്നതാണ് (എന്നും എനിക്ക് ബോധനം നല്‍കപ്പെട്ടിരിക്കുന്നു).

6). (മനുഷ്യരില്‍ പെട്ട ചില വ്യക്തികള്‍ ജിന്നുകളില്‍ പെട്ട ചില വ്യക്തികളോട് ശരണം തേടാറുണ്ടായിരുന്നു. അങ്ങനെ അതവര്‍ക്ക് ഗര്‍വ് വര്‍ധിപ്പിച്ചു) മനുഷ്യന്‍ ഭയത്തിന്റെയും ആശങ്കയുടെയും സന്ദര്‍ഭങ്ങളില്‍ ജിന്നുകളോട് രക്ഷതേടുകയും അവരെ ആരാധിക്കുകയും ചെയ്തിരുന്നു. ഇത് അവര്‍ക്ക് ഗര്‍വ് വര്‍ധിപ്പിച്ചു. അതായത് അഹങ്കാരവും അതിക്രമവും; മനുഷ്യര്‍ അവരെ ആരാധിക്കുന്നതും രക്ഷതേടുന്നതും കണ്ടപ്പോള്‍. അവര്‍ എന്നത് ജിന്നുകളെക്കുറിച്ചാകുമ്പോള്‍ മറ്റൊരു അര്‍ഥ സാധ്യതയുണ്ട്. അതായത് ജിന്നുകള്‍ മനുഷ്യര്‍ക്ക് ഭയവും പേടിയും വര്‍ധിപ്പിച്ചു; അവരോടവര്‍ രക്ഷതേടുന്നത് കണ്ടപ്പോള്‍. കൂടുതല്‍ അവരെക്കൊണ്ട് രക്ഷതേടിപ്പിക്കാനും അവരെ അവലംബിക്കാനും വേണ്ടി. മനുഷ്യന്‍ ഭയമുളവാക്കുന്ന വല്ല താഴ്‌വരയിലും ഇറങ്ങിയാല്‍ അവരിലെ വിഡ്ഢികള്‍ പറയാറുണ്ടായിരുന്നു: ഈ താഴ്‌വരയുടെ നേതാവിനോട് അവര്‍ രക്ഷതേടുന്നുവെന്ന്.

7). (നിങ്ങള്‍ ധരിച്ചതു പോലെ അവരും ധരിച്ചു. അല്ലാഹു ആരെയും ഉയിര്‍ത്തെഴുന്നേല്‍പിക്കുകയില്ലെന്നും (അവര്‍ പറഞ്ഞു) ഉയിര്‍ത്തെഴുന്നേല്‍പിനെ അവര്‍ നിഷേധിച്ചപ്പോള്‍ ബഹുദൈവത്വത്തിലേക്കും അതിക്രമത്തിലേക്കും അവരെത്തി.

8,9). (ഞങ്ങള്‍ ആകാശത്തെ സ്പര്‍ശിച്ചുനോക്കി) ഞങ്ങള്‍ ആകാശത്ത് ചെല്ലുകയും അതിനെ പരിശോധിച്ച് നോക്കുകയും ചെയ്തു. (അപ്പോള്‍ അത് ശക്തിമത്തായ പാറാവുകാരാല്‍ നിറക്കപ്പെട്ടതായി ഞങ്ങള്‍ കണ്ടെത്തി) അതിന്റെ ഭാഗങ്ങളിലേക്ക് എത്താനും അടുക്കാനും പറ്റാത്തവിധം. (തീ ജ്വാലകളാലും) കട്ടു കേള്‍ക്കുന്നവരെ തീജ്വാലകളാല്‍ എറിയപ്പെടുന്നതായും. തീര്‍ച്ചയായും ഈ അവസ്ഥ മുമ്പുള്ളതില്‍ നിന്ന് വ്യത്യസ്തമാണ്. കാരണം ആകാശത്തിലെ വര്‍ത്തമാനങ്ങള്‍ കേള്‍ക്കാന്‍ സാധിക്കുന്നവിധം അവിടെയെത്താന്‍ മുമ്പ് ഞങ്ങള്‍ക്ക് സൗകര്യപ്പെട്ടിരുന്നു.

(ആകാശത്തിലെ ചില ഇരിപ്പിടങ്ങളില്‍ ഞങ്ങള്‍ കേള്‍ക്കാന്‍ വേണ്ടി ഇരിക്കാറുണ്ടായിരുന്നു) അല്ലാഹു ഉദ്ദേശിക്കുന്ന, ആകാശത്തിലെ ചില വര്‍ത്തമാനങ്ങള്‍ അവന്‍ പിടിച്ചെടുത്തിരുന്നു. (എന്നാല്‍ ഇപ്പോള്‍ ആരെങ്കിലും ശ്രദ്ധിച്ച് കേള്‍ക്കുകയാണെങ്കില്‍ കാത്തിരിക്കുന്ന അഗ്നിജ്വാലയെ അവന് കണ്ടെത്താനാവും) അവനെ നശിപ്പിക്കാനും കരിച്ചുകളയാനും തയ്യാറായി കാത്തിരിക്കുന്ന തീജ്വാല. ഇത് വമ്പിച്ച ഒരു കാര്യവും മഹത്തായ ഒരു വൃത്താന്തവുമാണ്. അല്ലാഹു ഭൂമിയില്‍ ഗുണമോ ദോഷമോ, പുതിയ എന്തോ സംഭവങ്ങള്‍ ഉണ്ടാക്കാന്‍ പോകുന്നു എന്ന് അവര്‍ക്കുറപ്പാവുകയും ചെയ്തു. അതിനാലാണ് അവര്‍ പറഞ്ഞത്: (ഭൂമിയിലുള്ളളവരുടെ കാര്യത്തില്‍ തിന്മയാണോ ഉദ്ദേശിക്കപ്പെട്ടിട്ടുള്ളത് അതല്ല അവരുടെ രക്ഷിതാവ് അവരെ നേര്‍വഴിയിലാക്കാന്‍ ഉദ്ദേശിക്കുകയാണോ എന്ന് ഞങ്ങള്‍ക്കറിഞ്ഞുകൂടാ) രണ്ടിലൊന്ന് സംഭവിക്കുക തന്നെ ചെയ്യും. കാര്യങ്ങളില്‍ വന്ന വലിയ മാറ്റം കണ്ടപ്പോള്‍ എന്തോ അപരിചിതത്വം അവര്‍ക്കു തോന്നി. അവരുടെ സാമര്‍ഥ്യത്താല്‍ അവര്‍ മനസ്സിലാക്കി; ഭൂമിയില്‍ എന്തോ പുതിയ സംഭവം അല്ലാഹു ഉണ്ടാക്കാന്‍ പോകുന്നുണ്ടെന്ന്. അവരുടെ ഒരു മര്യാദ കൂടി ഇവിടെ വ്യക്തമാകുന്നു. നന്മയെക്കുറിച്ച് പറഞ്ഞപ്പോള്‍ അത് അല്ലാഹുവിലേക്ക് ചേര്‍ത്തുപറഞ്ഞു. എന്നാല്‍ തിന്മയെക്കുറിച്ച് പറഞ്ഞപ്പോഴാവട്ടെ, അതിന്റെ കര്‍ത്താവിനെ വിട്ടുകളയുകയും ചെയ്തു. ഇത് അല്ലാഹുവോടുള്ള ഒരു മര്യാദയാണ്.

11). (ഞങ്ങളാകട്ടെ, ഞങ്ങളുടെ കൂട്ടത്തില്‍ സദവൃത്തന്മാരുണ്ട്. അതില്‍ താഴെയുള്ളവരും ഞങ്ങളുടെ കൂട്ടത്തിലുണ്ട്) അതായത്, അധര്‍മകാരികളും താന്തോന്നികളും നിഷേധികളും. (ഞങ്ങള്‍ വിഭിന്ന മാര്‍ഗങ്ങളായിത്തീരിന്നിരിക്കുന്നു.) വ്യത്യസ്ത കക്ഷികള്‍, വിഭിന്ന താല്‍പര്യക്കാര്‍, എല്ലാ കക്ഷികളും തങ്ങളുടേതില്‍ സന്തുഷ്ടരാണ്.

12). (ഭൂമിയില്‍ വെച്ച് അല്ലാഹുവെ ഞങ്ങള്‍ക്ക് തോല്‍പിക്കാനാവില്ല എന്നും ഓടിക്കളഞ്ഞിട്ട് അവനെ തോല്‍പിക്കാനാവില്ലെന്നും ഞങ്ങള്‍ ധരിച്ചിരിക്കുന്നു) ഈ സമയം ഞങ്ങളുടെ അശക്തിയുടെ ആഴവും അല്ലാഹുവിന്റെ കഴിവിന്റെ പരിപൂര്‍ണതയും ഞങ്ങള്‍ക്ക് വ്യക്തമായി. ഞങ്ങളുടെ കടിഞ്ഞാണ്‍ അല്ലാഹുവിന്റെ കയ്യിലാണ്. ഭൂമിയില്‍ അവനെ തോല്‍പിക്കാനോ ഓടിപ്പോയോ പുറത്ത് കടന്നോ രക്ഷപ്പെടാനുള്ള മറ്റു മാര്‍ഗങ്ങള്‍ ഉപയോഗിച്ചോ അവന്റെ കഴിവിനെ തോല്‍പിക്കാനാവില്ലെന്നും അവനില്‍ നിന്നും അവനല്ലാതെ അഭയമില്ലെന്നും ഞങ്ങള്‍ ധരിച്ചു.

13). (സന്മാര്‍ഗം കേട്ടപ്പോള്‍ ഞങ്ങള്‍) സന്മാര്‍ഗമെന്നത് നേരായ പാതയിലേക്ക് വഴി കാണിക്കുന്ന പരിശുദ്ധ ക്വുര്‍ആനാണ്. അതിന്റെ മാര്‍ഗദര്‍ശനങ്ങളും നിര്‍ദേശങ്ങളും ഞങ്ങള്‍ മനസ്സിലാക്കി. അത് ഞങ്ങളുടെ ഹൃദയങ്ങളെ സ്വാധീനിച്ചു. അപ്പോള്‍ (ഞങ്ങളതില്‍ വിശ്വസിച്ചു). പിന്നീട് അവര്‍ പറയുന്നത് വിശ്വാസിയെ താല്‍പര്യപ്പെടുത്തുന്ന കാര്യങ്ങളാണ്: (അപ്പോള്‍ ഏതൊരുത്തന്‍ തന്റെ രക്ഷിതാവില്‍ വിശ്വസിക്കുന്നുവോ അവന്‍ യാതൊരു നഷ്ടത്തെയും അനീതിയെയും പറ്റി ഭയപ്പെടേണ്ടിവരില്ല) സത്യസന്ധമായി വിശ്വസിച്ചവന് ഒരു നഷ്ടവും സംഭവിക്കുകയില്ല. യാതൊരു ഉപദ്രവവും പിടികൂടുകയുമില്ല. ദോഷങ്ങളില്‍ നിന്ന് രക്ഷപ്പെടുകയും ഗുണം കൈവരിക്കുകയും ചെയ്യും. വിശ്വാസമാണ് എല്ലാ നല്ല പ്രചോദനങ്ങള്‍ക്കും എല്ലാ തിന്മകളുടെയും നിരാകരണത്തിനും കാരണം.

14) (ഞങ്ങളുടെ കൂട്ടത്തില്‍ കീഴ്‌പ്പെട്ട് ജീവിക്കുന്നവരുണ്ട്. അനീതി പ്രവര്‍ത്തിക്കുന്നവരും ഞങ്ങളുടെ കൂട്ടത്തിലുണ്ട്) ശരിയായ മാര്‍ഗത്തില്‍ നിന്ന് തെറ്റിപ്പോയവരും അക്രമികളും ഞങ്ങളുടെ കൂട്ടത്തിലുണ്ട്. (എന്നാല്‍ ആര്‍ കീഴ്‌പ്പെട്ടിരിക്കുന്നുവോ അത്തരക്കാര്‍ സന്മാര്‍ഗം അവലംബിച്ചിരിക്കുന്നു) സ്വര്‍ഗത്തിലേക്കും അതിന്റെ സുഖാനുഗ്രഹങ്ങളിലേക്കും എത്തിച്ചേരുന്ന ശരിയായ മാര്‍ഗം ലഭിച്ചവര്‍.

15-17). (അനീതി പ്രവര്‍ത്തിച്ചവരാകട്ടെ, നരകത്തിനുള്ള വിറകായി തീരുന്നതാണ്) അത്  അല്ലാഹുവില്‍ നിന്നുള്ള അനീതിയല്ല. മറിച്ച് അവരുടെ പ്രവര്‍ത്തന ഫലം തന്നെയാണ്. (ആ മാര്‍ഗത്തില്‍ അവര്‍ നേരെ നിലകൊള്ളുകയാണെങ്കില്‍) ശ്രേഷ്ഠമായ മാര്‍ഗത്തില്‍. (നാം അവര്‍ക്ക് ധാരാളമായി വെള്ളം കുടിക്കാന്‍ നല്‍കുന്നതാണ്) സന്തോഷപൂര്‍വം, സുഖമായി. അവരുടെ ശത്രുതാമനോഭാവവും അക്രമവുമല്ലാതെ അവരെ അതില്‍ നിന്ന് തടയുന്നില്ല. (അതിലൂടെ നാം അവരെ പരീക്ഷിക്കാന്‍ വേണ്ടിയത്രെ അത്) അസത്യവാന്മാരില്‍ നിന്നും സത്യവാന്മാരെ വ്യക്തമാക്കുന്നതിന് വേണ്ടി നാം അവരെ പരീക്ഷിക്കുകയും പരിശോധിക്കുകയും ചെയ്യുന്നു.

(തന്റെ രക്ഷിതാവിന്റെ ഉല്‍ബോധനത്തെ വിട്ട് ആര്‍ തിരിഞ്ഞുകളയുന്നുവോ അവനെ അവന്‍ (രക്ഷിതാവ്) പ്രയാസകരമായ ശിക്ഷയില്‍ പ്രവേശിപ്പിക്കുന്നതാണ്) അല്ലാഹുവിന്റെ ഉല്‍ബോധനമാകുന്ന അവന്റെ ഗ്രന്ഥത്തെ അവഗണിക്കുകയും അതിനെ പിന്‍പറ്റുകയോ മനസ്സിലാക്കാന്‍ ശ്രമിക്കുകയോ ചെയ്യാതിരിക്കുന്നവന്‍. മാത്രമല്ല, അതില്‍നിന്നവന്‍ അശ്രദ്ധനാവുകയും ചെയ്യുന്നു. അവന്‍ പ്രയാസകരമായ ശിക്ഷയില്‍ പ്രവേശിക്കും. അതായത് അങ്ങേയറ്റം കഠിനമായ ശിക്ഷ.