ഹാഖ്ഖ (യഥാര്‍ഥ സംഭവം)

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2019 ഡിസംബര്‍ 07 1441 റബിഉല്‍ ആഖിര്‍ 10

അധ്യായം: 69, ഭാഗം: 3

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

وَأَمَّا مَنْ أُوتِيَ كِتَابَهُ بِشِمَالِهِ فَيَقُولُ يَا لَيْتَنِي لَمْ أُوتَ كِتَابِيَهْ (٢٥) وَلَمْ أَدْرِ مَا حِسَابِيَهْ (٢٦) يَا لَيْتَهَا كَانَتِ الْقَاضِيَةَ (٢٧) مَا أَغْنَىٰ عَنِّي مَالِيَهْ ۜ (٢٨‬) هَلَكَ عَنِّي سُلْطَانِيَهْ (٢٩) خُذُوهُ فَغُلُّوهُ (٣٠) ثُمَّ الْجَحِيمَ صَلُّوهُ (٣١) ثُمَّ فِي سِلْسِلَةٍ ذَرْعُهَا سَبْعُونَ ذِرَاعًا فَاسْلُكُوهُ (٣٢) إِنَّهُ كَانَ لَا يُؤْمِنُ بِاللَّهِ الْعَظِيمِ (٣٣) وَلَا يَحُضُّ عَلَىٰ طَعَامِ الْمِسْكِينِ (٣٤) فَلَيْسَ لَهُ الْيَوْمَ هَاهُنَا حَمِيمٌ (٣٥) وَلَا طَعَامٌ إِلَّا مِنْ غِسْلِينٍ (٣٦) لَا يَأْكُلُهُ إِلَّا الْخَاطِئُونَ (٣٧)
(25) എന്നാല്‍ ഇടതു കയ്യില്‍ ഗ്രന്ഥം നല്‍കപ്പെട്ടവനാകട്ടെ ഇപ്രകാരം പറയുന്നതാണ്. ഹാ! എന്റെ ഗ്രന്ഥം എനിക്ക് നല്‍കപ്പെടാതിരുന്നെങ്കില്‍, (26) എന്റെ വിചാരണ എന്താണെന്ന് ഞാന്‍ അറിയാതിരുന്നെങ്കില്‍ (എത്ര നന്നായിരുന്നു.) (27) അത് (മരണം) എല്ലാം അവസാനിപ്പിക്കുന്നതായിരുന്നെങ്കില്‍ (എത്ര നന്നായിരുന്നു!) (28) എന്റെ ധനം എനിക്ക് പ്രയോജനപ്പെട്ടില്ല. (29) എന്റെ അധികാരം എന്നില്‍ നിന്ന് നഷ്ടപ്പെട്ടുപോയി. (30) (അപ്പോള്‍ ഇപ്രകാരം കല്‍പനയുണ്ടാകും:) നിങ്ങള്‍ അവനെ പിടിച്ച് ബന്ധനത്തിലിടൂ. (31) പിന്നെ അവനെ നിങ്ങള്‍ ജ്വലിക്കുന്ന നരകത്തില്‍ പ്രവേശിപ്പിക്കൂ. (32) പിന്നെ, എഴുപത് മുഴം നീളമുള്ള ഒരു ചങ്ങലയില്‍ അവനെ നിങ്ങള്‍ പ്രവേശിപ്പിക്കൂ. (33) തീര്‍ച്ചയായും അവന്‍ മഹാനായ അല്ലാഹുവില്‍ വിശ്വസിച്ചിരുന്നില്ല. (34) സാധുവിന് ഭക്ഷണം കൊടുക്കുവാന്‍ അവന്‍ പ്രോത്സാഹിപ്പിച്ചിരുന്നുമില്ല. (35) അതിനാല്‍ ഇന്ന് ഇവിടെ അവന്ന് ഒരു ഉറ്റബന്ധുവുമില്ല. (36) ദുര്‍നീരുകള്‍ ഒലിച്ചു കൂടിയതില്‍ നിന്നല്ലാതെ മറ്റു ആഹാരവുമില്ല. (37) തെറ്റുകാരല്ലാതെ അതു ഭക്ഷിക്കുകയില്ല.

25-29). ഇവരാണ് ദൗര്‍ഭാഗ്യവാന്മാര്‍. അവരുടെ ചീത്ത പ്രവര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളുന്ന രേഖകള്‍ അവരുടെ ഇടതുകൈകളില്‍ നല്‍കപ്പെടും. അവരെ വേറിട്ടറിയാനും അവര്‍ക്ക് അപമാനവും കുറവും നിന്ദ്യതയുമായിട്ട്. ദുഃഖത്താലും വിഷമത്താലും മനോവേദനയാലും അവരിലൊരാള്‍ പറയും: (ഹാ! എന്റെ ഗ്രന്ഥം എനിക്ക് നല്‍കപ്പെടാതിരുന്നെങ്കില്‍). കാരണം ശാശ്വത നഷ്ടത്തെക്കുറിച്ചും നരകപ്രവേശത്തെക്കുറിച്ചും സന്തോഷവാര്‍ത്ത അറിയിക്കപ്പെട്ടിരിക്കുകയാണ്. (എന്റെ വിചാരണ എന്താണെന്ന് ഞാന്‍ അറിയാതിരുന്നെങ്കില്‍) ഞാന്‍ വിസ്മരിക്കപ്പെട്ടവനും ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടാത്തവനും വിചാരണ ചെയ്യപ്പെടാത്തവനും ആയിരുന്നെങ്കില്‍. (അത് (മരണം) എല്ലാം അവസാനിപ്പിക്കുന്നതായിരുന്നെങ്കില്‍). എന്റെ മരണശേഷം ഉയിര്‍ത്തെഴുന്നേല്‍പില്ലാത്ത ഒരു മരണമായിരുന്നെങ്കില്‍ എത്ര നന്നായിരുന്നു! പിന്നീട് അവന്‍ അവന്റെ ധനത്തിലേക്കും അധികാരത്തിലേക്കും തിരിഞ്ഞുനോക്കി. അതവന് നാശമായിരിക്കുന്നു. പരലോകത്തേക്ക് വേണ്ടി അവനൊന്നും നീക്കിവെച്ചിട്ടില്ല. അവനത് പ്രായച്ഛിത്തമായി നല്‍കിയാലും ശിക്ഷയില്‍ നിന്ന് രക്ഷപ്പെടാന്‍ അതൊന്നും ഉപകരിക്കില്ല. (എന്റെ ധനംഎനിക്ക് പ്രയോജനപ്പെട്ടി) ഇഹലോകത്ത് ഞാനത് പ്രയോജനപ്പെടുത്തിയില്ല. ഒന്നും നീക്കിവെക്കാത്തത് മൂലം പരലോകത്തും പ്രയോജനപ്പെട്ടില്ല. പ്രയോജനപ്പെടുത്തേണ്ട സമയം അവസാനിക്കുകയും ചെയ്തു. (എന്റെ അധികാരം എന്നില്‍ നിന്ന്‌നഷ്ടപ്പെട്ടു പോയി) അത് ഇല്ലാതെയായി. സൈന്യങ്ങളുപകാരപ്പെട്ടില്ല. ആധിക്യമോ എണ്ണമോ സന്നാഹങ്ങളോ വിശാലമായ പ്രശസ്തിയോ ഒന്നും തന്നെ. അതെല്ലാം കാറ്റില്‍ പറന്നുപോയി. ലാഭങ്ങളും നേട്ടങ്ങളും നഷ്ടമായി. അതിനു പകരം മനോവേദനകളും ദുഃഖങ്ങളും വിഷമങ്ങളും വന്നു.

30-37) ആ സമയം ശിക്ഷകൊണ്ട് കല്‍പിക്കപ്പെടും. പരുഷസ്വഭാവമുള്ളവരുംഅതിശക്തരുമായ ശിക്ഷയുടെ മലക്കുകളോട് പറയപ്പെടും: (നിങ്ങള്‍ അവനെ പിടിച്ച് ബന്ധനത്തിലിടൂ). കഴുത്ത് കുടുക്കിക്കളയുന്ന ആമങ്ങളില്‍ ബന്ധിക്കൂ. (പിന്നെ അവനെനിങ്ങള്‍ ജ്വലിക്കുന്നനരകത്തില്‍ പ്രവേശിപ്പിക്കൂ) അവനെ അതിന്റെ കനലിലും ജ്വാലയിലും മറിച്ചിടുക. (പിന്നെ, എഴുപത് മുഴം നീളമുള്ള ഒരു ചങ്ങലയില്‍ അവനെ നിങ്ങള്‍ പ്രവേശിപ്പിക്കൂ) കഠിനചൂടുള്ള നരകത്തിന്റെ ചങ്ങലകളില്‍. (അവനെ നിങ്ങള്‍ പ്രവേശിപ്പിക്കൂ) അതിലവനെ കോര്‍ക്കുക. പിന്നിലൂടെ പ്രവേശിപ്പിച്ച് വായയിലൂടെ പുറത്തുവരുത്തുകയും അതില്‍ ബന്ധിക്കുകയും ചെയ്യുക. ഈ നീചമായ ശിക്ഷ നല്‍കപ്പെട്ടുകൊണ്ടേയിരിക്കും. എത്ര മോശമായ ശിക്ഷ! ഹാ, കഷ്ടം; ഈ അപമാനകരമായ ശിക്ഷ ഏല്‍ക്കേണ്ടിവരുന്നവന്റെ കാര്യം.

ഈ സ്ഥാനത്തേക്ക് അവനെ എത്തിച്ച കാരണങ്ങള്‍: (തീര്‍ച്ചയായും അവന്‍ മഹാനായ അല്ലാഹുവില്‍ വിശ്വസിച്ചിരുന്നില്ല) തന്റെ രക്ഷിതാവിനെ നിഷേധിക്കുന്നവനും അവന്റെ ദൂതന്മാരെ ധിക്കരിക്കുന്നവനും അവര്‍ കൊണ്ടുവന്ന സത്യത്തെ തള്ളിക്കളയുന്നവനുമായിരുന്നു. (സാധുവിന് ഭക്ഷണം കൊടുക്കാന്‍ അവന്‍ പ്രോത്സാഹിപ്പിച്ചിരുന്നില്ല) അഗതികളോടും ദരിദ്രരോടുമുള്ള കരുണ അവന്റെ ഹൃദയത്തിലുണ്ടായിരുന്നില്ല. തന്റെ ധനത്തില്‍ നിന്ന് അവര്‍ക്ക് ഭക്ഷണം നല്‍കുകയോ മറ്റുള്ളവരെ  അതിന് പ്രേരിപ്പിക്കുകയോ ചെയ്തിരുന്നില്ല. അവന്റെ ഹൃദയത്തില്‍ അതിനുള്ള പ്രചോദനമില്ല.

സൗഭാഗ്യത്തിന്റെ അടിസ്ഥാനം രണ്ടു കാര്യങ്ങളാണ്. അല്ലാഹുവിലുള്ള ശരിയായ വിശ്വാസത്തില്‍ നിന്നുണ്ടാകുന്ന ആത്മാര്‍ഥത. എല്ലാ നിലയ്ക്കും സൃഷ്ടികള്‍ക്ക് നന്മ ചെയ്യുക. അതിലേറ്റവും പ്രധാനം ആവശ്യക്കാരുടെ നിര്‍ബന്ധാവശ്യങ്ങള്‍ നിറവേറ്റിക്കൊടുക്കലാണ്; അവര്‍ക്കാവശ്യമായ ഭക്ഷണം നല്‍കിക്കൊണ്ട്. ഇവര്‍ക്ക് ആത്മാര്‍ഥതയും നന്മ ചെയ്യാനുള്ള മനസ്സുമില്ല. അതിനാല്‍ അവര്‍ക്ക് ലഭിച്ചതിനെല്ലാം അവര്‍ അര്‍ഹതയുള്ളവര്‍ തന്നെ.

(ഇന്നിവിടെ അവന്നില്ല) ഉയിര്‍ത്തെഴുന്നേല്‍പ് നാളില്‍. (ഒരു ഉറ്റ ബന്ധു) പ്രതിഫലം നല്‍കി വിജയിപ്പിക്കാനോ അല്ലാഹുവിന്റെ ശിക്ഷയില്‍ നിന്ന് ശിപാര്‍ശ പറഞ്ഞ് രക്ഷപ്പെടുത്താനോ ഒരു കൂട്ടുകാരനോ ബന്ധുവോ അവനില്ല.

وَلَا تَنْفَعُ الشَّفَاعَةُ عِنْدَهُ إِلَّا لِمَنْ أَذِنَ لَهُ ۚ

''ആര്‍ക്കുവേണ്ടി അവന്‍ അനുമതി നല്‍കിയോ, അവര്‍ക്കല്ലാതെ അവന്റെ അടുക്കല്‍ ശിപാര്‍ശ പ്രയോജനപ്പെടുകയില്ല'' (34:23).

مَا لِلظَّالِمِينَ مِنْ حَمِيمٍ وَلَا شَفِيعٍ يُطَاعُ

''അക്രമകാരികള്‍ക്ക് ഉറ്റബന്ധുവായോ സ്വീകാര്യനായ ശിപാര്‍ശക്കാരനായോ ആരും തന്നെയില്ല''(സൂറ: ഗാഫിര്‍: 18).

(ദുര്‍നീരുകള്‍ ഒലിച്ചുകൂടിയതില്‍ നിന്നല്ലാതെ മറ്റു ആഹാരവുമില്ല) ചോരയും ചലവും കലര്‍ന്ന നരകക്കാരുടെ നീരില്‍ നിന്നാണത്. ദുഷിച്ച മണവും കഠിനചൂടും കൈപ്പുമുള്ളതാണത്. ഈ നിന്ദ്യമായ ഭക്ഷണം തിന്നേണ്ടിവരില്ല; (തെറ്റുകാരല്ലാതെ). ശരിയായ മാര്‍ഗത്തില്‍ നിന്നും തെറ്റിപ്പോയവര്‍. നരകത്തിലെത്താവുന്ന എല്ലാ വഴികളിലും പ്രവേശിച്ചവര്‍. അതിനാലവര്‍ വേദനയേറിയ ശിക്ഷക്ക് അര്‍ഹര്‍ തന്നെ.