ഇന്‍ഫിത്വാര്‍ (പൊട്ടിക്കീറല്‍)

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2019 ഫെബ്രുവരി 02 1440 ജുമാദുല്‍ അവ്വല്‍ 25

അധ്യായം: 82

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

ذَا السَّمَاءُ انْفَطَرَتْ (١) وَإِذَا الْكَوَاكِبُ انْتَثَرَتْ (٢) وَإِذَا الْبِحَارُ فُجِّرَتْ (٣) وَإِذَا الْقُبُورُ بُعْثِرَتْ (٤) عَلِمَتْ نَفْسٌ مَا قَدَّمَتْ وَأَخَّرَتْ (٥) يَا أَيُّهَا الْإِنْسَانُ مَا غَرَّكَ بِرَبِّكَ الْكَرِيمِ (٦) الَّذِي خَلَقَكَ فَسَوَّاكَ فَعَدَلَكَ (٧‬) فِي أَيِّ صُورَةٍ مَا شَاءَ رَكَّبَكَ (٨‬) كَلَّا بَلْ تُكَذِّبُونَ بِالدِّينِ (٩) وَإِنَّ عَلَيْكُمْ لَحَافِظِينَ (١٠) كِرَامًا كَاتِبِينَ (١١) يَعْلَمُونَ مَا تَفْعَلُونَ (١٢) إِنَّ الْأَبْرَارَ لَفِي نَعِيمٍ (١٣) وَإِنَّ الْفُجَّارَ لَفِي جَحِيمٍ (١٤) يَصْلَوْنَهَا يَوْمَ الدِّينِ (١٥) وَمَا هُمْ عَنْهَا بِغَائِبِينَ (١٦) وَمَا أَدْرَاكَ مَا يَوْمُ الدِّينِ (١٧) ثُمَّ مَا أَدْرَاكَ مَا يَوْمُ الدِّينِ (١٨) يَوْمَ لَا تَمْلِكُ نَفْسٌ لِنَفْسٍ شَيْئًا ۖ وَالْأَمْرُ يَوْمَئِذٍ لِلَّهِ (١٩)
(1) ആകാശം പൊട്ടിപ്പിളരുമ്പോള്‍. (2) നക്ഷത്രങ്ങള്‍ കൊഴിഞ്ഞുവീഴുമ്പോള്‍. (3) സമുദ്രങ്ങള്‍ പൊട്ടി ഒഴുകുമ്പോള്‍. (4) ക്വബ്‌റുകള്‍ ഇളക്കിമറിക്കപ്പെടുമ്പോള്‍. (5) ഓരോ വ്യക്തിയും താന്‍ മുന്‍കൂട്ടി ചെയ്തുവെച്ചതും പിന്നോട്ട് മാറ്റിവെച്ചതും എന്താണെന്ന് അറിയുന്നതാണ്. (6) ഹേ; മനുഷ്യാ, ഉദാരനായ നിന്റെ രക്ഷിതാവിന്റെ കാര്യത്തില്‍ നിന്നെ വഞ്ചിച്ചു കളഞ്ഞതെന്താണ്? (7) നിന്നെ സൃഷ്ടിക്കുകയും നിന്നെ സംവിധാനിക്കുകയും നിന്നെ ശരിയായ അവസ്ഥയിലാക്കുകയും ചെയ്തവനത്രെ അവന്‍. (8) താന്‍ ഉദ്ദേശിച്ച രൂപത്തില്‍ നിന്നെ സംഘടിപ്പിച്ചവന്‍. (9) അല്ല; പക്ഷേ, പ്രതിഫല നടപടിയെ നിങ്ങള്‍ നിഷേധിച്ചു തള്ളുന്നു. (10) തീര്‍ച്ചയായും നിങ്ങളുടെ മേല്‍ ചില മേല്‍നോട്ടക്കാരുണ്ട്. (11) രേഖപ്പെടുത്തിവെക്കുന്ന ചില മാന്യന്‍മാര്‍. (12) നിങ്ങള്‍ പ്രവര്‍ത്തിക്കുന്നത് അവര്‍ അറിയുന്നു. (13) തീര്‍ച്ചയായും സുകൃതവാന്‍മാര്‍ സുഖാനുഭവത്തില്‍ തന്നെയായിരിക്കും. (14) തീര്‍ച്ചയായും ദുര്‍മാര്‍ഗികള്‍ ജ്വലിക്കുന്ന നരകാഗ്‌നിയില്‍ തന്നെയായിരിക്കും (15) പ്രതിഫലത്തിന്റെ നാളില്‍ അവരതില്‍ കടന്ന് എരിയുന്നതാണ്. (16) അവര്‍ക്ക് അതില്‍ നിന്ന് മാറിനില്‍ക്കാനാവില്ല. (17) പ്രതിഫലനടപടിയുടെ ദിവസം എന്നാല്‍ എന്താണെന്ന് നിനക്കറിയുമോ? (18) വീണ്ടും; പ്രതിഫല നടപടിയുടെ ദിവസം എന്നാല്‍ എന്താണെന്ന് നിനക്കറിയുമോ? (19) ഒരാള്‍ക്കും മറ്റൊരാള്‍ക്കു വേണ്ടി യാതൊന്നും അധീനപ്പെടുത്താനാവാത്ത ഒരു ദിവസം. അന്നേ ദിവസം കൈകാര്യകര്‍തൃത്വം അല്ലാഹുവിന്നായിരിക്കും.

(1-5) ആകാശം പൊട്ടിപ്പിളരുകയും നക്ഷത്രങ്ങള്‍ ഉതിര്‍ന്ന് വീഴുകയും അവയുടെ ഭംഗി നഷ്ടപ്പെടുകയും കടലുകള്‍ പൊട്ടിയൊഴുകി ഒരു കടലായിത്തീരുകയും ക്വബ്‌റുകള്‍ ഇളക്കി മറിക്കപ്പെട്ട് അതിനുള്ളിലുള്ള മരണപ്പെട്ടവര്‍ പുറംതള്ളപ്പെടുകയും ചെയ്യും. പ്രവര്‍ത്തനങ്ങളുടെ പ്രതിഫലത്തിനായി അല്ലാഹുവിന്റെ മുമ്പില്‍ അവര്‍ ഒരുമിച്ചുകൂട്ടപ്പെടും. അന്നേരം മൂടികള്‍ വെളിവാകും. രഹസ്യങ്ങള്‍ നീങ്ങും. ഓരോരുത്തരും തങ്ങളുടെ ലാഭനഷ്ടങ്ങളറിയും. പ്രവര്‍ത്തനങ്ങള്‍ നിഷ്ഫലമാണെന്ന് കാണുമ്പോള്‍, തുലാസ് കനം കുറഞ്ഞതാണെന്ന് അറിയുമ്പോള്‍ അക്രമി അവിടെ വെച്ച് വിരല്‍ കടിക്കും. അവന്റെ അക്രമങ്ങള്‍ അവനെ തേടിവരും. തിന്മകള്‍ അവരുടെ മുന്നില്‍ ഹാജരാകും. തുടര്‍ന്നുകൊണ്ടിരിക്കുന്ന ശിക്ഷയും നിത്യദൗര്‍ഭാഗ്യവും അവന് ഉറപ്പാകും. നന്മകള്‍ ചെയ്തുവെച്ച സദ്‌വൃത്തര്‍ നരകമോചനത്താലും നിത്യസുഖങ്ങളാലും മഹത്തായ വിജയം വരിക്കും. 

(6-12) തന്റെ രക്ഷിതാവ് കോപിക്കുന്ന കാര്യങ്ങള്‍ക്ക് ധൈര്യപ്പെടുകയും അവനോടുള്ള കടമകളില്‍ കുറവ് വരുത്തുകയും ചെയ്യുന്ന മനുഷ്യനെ ആക്ഷേപിച്ചുകൊണ്ട് അല്ലാഹു പറയുന്നു: (ഹേ മനുഷ്യാ, ഉദാരനായ നിന്റെ രക്ഷിതാവിന്റെ കാര്യത്തില്‍ നിന്നെ വഞ്ചിച്ച് കളഞ്ഞതെന്താണ്?) അവനോടുള്ള കടമകളെ നിസ്സാരമാക്കി, അവന്റെ ശിക്ഷയെ വില വെക്കാതെ, അവന്റെ പ്രതിഫലത്തില്‍ വിശ്വസിക്കാതെ. അവനല്ലയോ (നിന്നെ സൃഷ്ടിക്കുകയും സംവിധാനിക്കുകയും ചെയ്തവന്‍) ഏറ്റവും നല്ല ഘടനയില്‍ (ശരിയായ അവസ്ഥയില്‍ ആക്കുകയും ചെയ്തു) മനോഹരമായി, ഏറ്റവും നല്ല രൂപത്തില്‍, ശരിയായ അവസ്ഥയില്‍ അവന്‍ നിന്നെ ഘടിപ്പിച്ചുണ്ടാക്കി. ഈ അനുഗ്രഹങ്ങള്‍ നല്‍കിയവന്റെ അനുഗ്രഹങ്ങള്‍ക്ക് നന്ദികേട് കാണിക്കല്‍ നിനക്ക് യോജിച്ചതാണോ? നിനക്ക് ഉപകാരം ചെയ്തവന്റെ ഉപകാരങ്ങളെ നിഷേധിക്കല്‍ നിനക്ക് പറ്റിയതാണോ? ഇതെല്ലാം നിന്റെ അറിവില്ലായ്മയും അക്രമവും ധികക്കാരവും മാത്രമാണ്. 

നായയെയും കഴുതയെയും പോലുള്ള മൃഗങ്ങളുടെ രൂപം നിനക്ക് നല്‍കാത്തതില്‍ നീ അല്ലാഹുവിനെ സ്തുതിക്കുക. അതാണ് അല്ലാഹു പറഞ്ഞത്. (താനുദ്ദേശിച്ച രൂപത്തില്‍ നിന്നെ സംഘടിപ്പിക്കുകയും ചെയ്തവനത്രെ അവന്‍) എന്ന്. 

(അല്ല പക്ഷേ, പ്രതിഫല നടപടിയെ നിങ്ങള്‍ നിഷേധിച്ചുതള്ളുന്നു). ഈ ഉല്‍ബോധനങ്ങളും ഉപദേശങ്ങളുമൊക്കെ ഉണ്ടായിട്ടും പ്രതിഫലത്തെ കളവാക്കുന്നത് നിങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നു. നിങ്ങള്‍ നിങ്ങളുടെ പ്രവര്‍ത്തനങ്ങളെ പരിശോധിക്കണം. നിങ്ങളുടെ പ്രവര്‍ത്തനങ്ങളും വാക്കുകളും രേഖപ്പെടുത്താന്‍ അല്ലാഹു നിങ്ങളുടെ മേല്‍ മാന്യന്മാരായ മലക്കുകളെ നിശ്ചയിച്ചിട്ടുണ്ട്. അവര്‍ നിങ്ങളുടെ പ്രവര്‍ത്തനങ്ങളെ കണ്ടുകൊണ്ടിരിക്കുന്നു. ഇതില്‍ ഹൃദയങ്ങളുടെയും അവയവങ്ങളുടെയും പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടും. നിങ്ങള്‍ക്ക് നല്ലത് അവനെ ആദരിക്കലും മഹത്ത്വപ്പെടുത്തലും ബഹുമാനിക്കലുമാണ്. 

(13-19) പുണ്യവാന്മാരെക്കൊണ്ട് ഉദ്ദേശിക്കുന്നത് അല്ലാഹുവിനോടും അവന്റെ അടിമകളോടുമുള്ള ബാധ്യതകള്‍ നിര്‍വഹിക്കുന്നവരും ഹൃദയത്തിന്റെയും ശരീരത്തിന്റെയും പ്രവര്‍ത്തനത്തില്‍ പുണ്യകരമായതില്‍ ഉറച്ചുനില്‍ക്കുന്നവരുമാണ്. ഇവര്‍ക്കാകട്ടെ ഈ ലോകത്തും ക്വബ്‌റിലും പരലോകത്തും ശരീരത്തിനും ആത്മാവിനും ഹൃദയത്തിനും സുഖ ജീവിതമാണ് പ്രതിഫലമായിട്ടുള്ളത്. 

(തീര്‍ച്ചയായും ദുര്‍മാര്‍ഗികള്‍) അല്ലാഹുവോടും അവന്റെ അടിമകളോടുമുള്ള കടമകളില്‍ വീഴ്ച വരുത്തുന്നവരും ഹൃദയത്തിന്റെയും ശരീരത്തിന്റെയും പ്രവര്‍ത്തനങ്ങള്‍ തിന്മയിലാവുകയും ചെയ്തവര്‍ (ജ്വലിക്കുന്ന നരകാഗ്നിയില്‍ തന്നെയായിരിക്കും). സ്ഥിരതാമസത്തിന്റെ പരലോക ഭവനത്തിലും ക്വബ്‌റിലും ഇഹലോകത്തും വേദനിക്കുന്ന  ശിക്ഷ. (അവരതില്‍ കടന്നെരിയുന്നതാണ്). കഠിനമായ ശിക്ഷ അതില്‍ ശിക്ഷിക്കപ്പെടും. (പ്രതിഫലത്തിന്റെ നാളില്‍) അതായത് പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിഫലം നല്‍കുന്ന ദിനത്തില്‍. (അവര്‍ക്ക് അതില്‍ നിന്ന് മാറിനില്‍ക്കാനാവില്ല). അവരതില്‍ തന്നെ പുറത്തുപോകാതെ കഴിഞ്ഞുകൂടുന്നവരാണ്. (പ്രതിഫലനടപടിയുടെ ദിവസം എന്നാല്‍ എന്താണെന്ന് നിനക്കറിയാമോ?) ബുദ്ധികള്‍ പരിഭ്രമിച്ച് പോകുന്ന കഠിനമായ ഒരു ദിനത്തിന്റെ ഭീകരാവസ്ഥ ഇതില്‍ വ്യക്തമാണ്. 

(ഒരാള്‍ക്ക് മറ്റൊരാള്‍ക്കു വേണ്ടി യാതൊന്നും അധീനപ്പെടുത്താനാവാത്ത ഒരു ദിവസം). ഏറ്റവും അടുത്ത ബന്ധുവായിരുന്നാലും മറ്റുള്ളവരുടെ രക്ഷക്ക് താല്‍പര്യപ്പെടാത്ത വിധം സ്വന്തം കാര്യത്തില്‍ അവര്‍ നിരതരായിരിക്കും. (അന്നേ ദിവസം കൈകാര്യ കര്‍തൃത്വം അല്ലാഹുവിന്നായിരിക്കും). അവന്‍ അടിമകള്‍ക്കിടയില്‍ തീര്‍പ്പ് കല്‍പിക്കും. അക്രമിയില്‍ നിന്നും അക്രമിക്കപ്പെട്ടവന്‍ തന്റെ അവകാശങ്ങള്‍ എടുക്കും. (അല്ലാഹു അഅ്‌ലം)