മആരിജ് (കയറുന്ന വഴികള്‍)

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2019 നവംബര്‍ 16 1441 റബിഉല്‍ അവ്വല്‍ 19

അധ്യായം: 70, ഭാഗം: 4

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

فَمَالِ الَّذِينَ كَفَرُوا قِبَلَكَ مُهْطِعِينَ (٣٦) عَنِ الْيَمِينِ وَعَنِ الشِّمَالِ عِزِينَ (٣٧) أَيَطْمَعُ كُلُّ امْرِئٍ مِنْهُمْ أَنْ يُدْخَلَ جَنَّةَ نَعِيمٍ (٣٨‬) كَلَّا ۖ إِنَّا خَلَقْنَاهُمْ مِمَّا يَعْلَمُونَ (٣٩) فَلَا أُقْسِمُ بِرَبِّ الْمَشَارِقِ وَالْمَغَارِبِ إِنَّا لَقَادِرُونَ (٤٠) عَلَىٰ أَنْ نُبَدِّلَ خَيْرًا مِنْهُمْ وَمَا نَحْنُ بِمَسْبُوقِينَ (٤١) فَذَرْهُمْ يَخُوضُوا وَيَلْعَبُوا حَتَّىٰ يُلَاقُوا يَوْمَهُمُ الَّذِي يُوعَدُونَ (٤٢) يَوْمَ يَخْرُجُونَ مِنَ الْأَجْدَاثِ سِرَاعًا كَأَنَّهُمْ إِلَىٰ نُصُبٍ يُوفِضُونَ (٤٣) خَاشِعَةً أَبْصَارُهُمْ تَرْهَقُهُمْ ذِلَّةٌ ۚ ذَٰلِكَ الْيَوْمُ الَّذِي كَانُوا يُوعَدُونَ (٤٤)
(36). അപ്പോള്‍ സത്യനിഷേധികള്‍ക്കെന്തു പറ്റി! അവര്‍ നിന്റെ നേരെ കഴുത്തു നീട്ടി വന്നിട്ട് (37). വലത്തോട്ടും ഇടത്തോട്ടും കൂട്ടങ്ങളായി ചിതറിപ്പോകുന്നു. (38). സുഖാനുഭൂതിയുടെ സ്വര്‍ഗത്തില്‍ താന്‍ പ്രവേശിപ്പിക്കപ്പെടണമെന്ന് അവരില്‍ ഓരോ മനുഷ്യനും മോഹിക്കുന്നുണ്ടോ? (39). അതു വേണ്ട. തീര്‍ച്ചയായും അവര്‍ക്കറിയാവുന്നതില്‍ നിന്നാണ് അവരെ നാം സൃഷ്ടിച്ചിട്ടുള്ളത്. (40). എന്നാല്‍ ഉദയസ്ഥാനങ്ങളുടെയും അസ്തമയസ്ഥാനങ്ങളുടെയും രക്ഷിതാവിന്റെ പേരില്‍ ഞാന്‍ സത്യം ചെയ്തു പറയുന്നു: തീര്‍ച്ചയായും നാം കഴിവുള്ളനാണെന്ന്. (41). അവരെക്കാള്‍ നല്ലവരെ പകരം കൊണ്ടുവരാന്‍. നാം തോല്‍പിക്കപ്പെടുന്നവനല്ല താനും. (42). ആകയാല്‍ അവര്‍ക്ക് താക്കീത് നല്‍കപ്പെടുന്ന അവരുടെ ആ ദിവസത്തെ അവര്‍ കണ്ടുമുട്ടുന്നത് വരെ അവര്‍ തോന്നിവാസത്തില്‍ മുഴുകുകയും കളിച്ചു കൊണ്ടിരിക്കുകയും ചെയ്യാന്‍ നീ അവരെ വിട്ടേക്കുക. (43). അതായത് അവര്‍ ഒരു നാട്ടക്കുറിയുടെ നേരെ ധൃതിപ്പെട്ട് പോകുന്നത് പോലെ ക്വബ്‌റുകളില്‍ നിന്ന് പുറപ്പെട്ടു പോകുന്ന ദിവസം. (44). അവരുടെ കണ്ണുകള്‍ കീഴ്‌പോട്ട് താണിരിക്കും. അപമാനം അവരെ ആവരണം ചെയ്തിരിക്കും. അതാണ് അവര്‍ക്ക് താക്കീത് നല്‍കപ്പെട്ടിരുന്ന ദിവസം.

36-39). സത്യനിഷേധികള്‍ അകപ്പെട്ട വഞ്ചനയെ വ്യക്തമാക്കി അല്ലാഹു പറയുന്നു: (അപ്പോള്‍ സത്യനിഷേധികള്‍ക്ക് എന്തുപറ്റി? അവര്‍ നിന്റെ നേരെ കഴുത്ത് നീട്ടിവരുന്നു) ധൃതിപ്പെട്ടവരായി. (വലത്തോട്ടും ഇടത്തോട്ടും കൂട്ടങ്ങളായി ചിതറിപ്പോകുന്നു) വിഭിന്ന കൂട്ടങ്ങളായി, വ്യത്യസ്ത സംഘങ്ങളായി എല്ലാവരും തങ്ങളുടെ പക്കലുള്ളതില്‍ സന്തുഷ്ടരാണ്. (സുഖാനുഭൂതിയുടെ സ്വര്‍ഗത്തില്‍ താന്‍ പ്രവേശിപ്പിക്കപ്പെടണമെന്ന് അവരില്‍ ഓരോ മനുഷ്യനും മോഹിക്കുന്നുണ്ടോ?) ലോകരക്ഷിതാവിനോട് നിഷേധമല്ലാതെ മറ്റൊന്നും ചെയ്തിട്ടില്ലാത്തവര്‍ അങ്ങനെ ആഗ്രഹിക്കാന്‍ അവര്‍ക്കെന്താണുള്ളത്? അതാണ് തുടര്‍ന്ന് പറയുന്നത്: (അതുവേണ്ട) കാര്യം അവര്‍ മോഹിക്കുന്നതു പോലെയല്ല. അവരുടെ ശക്തിയാല്‍ അവരാഗ്രഹിക്കുന്നത് ലഭിക്കാനും പോകുന്നില്ല. (തീര്‍ച്ചയായും അവര്‍ക്കറിയാവുന്നതില്‍ നിന്നാണ് നാം അവരെ സൃഷ്ടിച്ചിട്ടുള്ളത്). നെഞ്ചെല്ലിന്റെയും മുതുകെല്ലിന്റെയും ഇടയില്‍ നിന്ന് തെറിച്ചുവീഴുന്ന ദ്രാവകത്തില്‍ നിന്ന്. അവര്‍ ദുര്‍ബലരാണ്. സ്വന്തങ്ങള്‍ക്കു തന്നെ ഉപകാരമോ ഉപദ്രവമോ മരണമോ ജീവിതമോ ഉയിര്‍ത്തെഴുന്നേല്‍പോ അവര്‍ ഉടമപ്പെടുത്തുന്നില്ല.

41-44). ഇവിടെ അല്ലാഹു സൂര്യന്റെയും ചന്ദ്രന്റെയും നക്ഷത്രങ്ങളുടെയും ഉദയസ്ഥാനങ്ങളെയും അസ്തമയ സ്ഥാനങ്ങളെയും സത്യം ചെയ്തു പറയുന്നു. കാരണം അതില്‍ ഉയിര്‍ത്തെഴുന്നേല്‍പിനും അവരെ അവരായിത്തന്നെ തിരിച്ചുകൊണ്ടുവരാന്‍ കഴിയുമെന്നതിനും വ്യക്തമായ തെളിവുകളുണ്ട്.

عَلَىٰ أَنْ نُبَدِّلَ أَمْثَالَكُمْ وَنُنْشِئَكُمْ فِي مَا لَا تَعْلَمُونَ

''(നിങ്ങള്‍ക്കു) പകരം നിങ്ങളെ പോലുള്ളവരെ കൊണ്ടുവരികയും. നിങ്ങള്‍ക്ക് അറിവില്ലാത്ത വിധത്തില്‍ നിങ്ങളെ (വീണ്ടും) സൃഷ്ടിച്ചുണ്ടാക്കുകയും ചെയ്യുന്ന കാര്യത്തില്‍'' (56:61).

(നാം തോല്‍പിക്കപ്പെടുന്നവനല്ല താനും) മനുഷ്യനെ വീണ്ടും തിരിച്ചുകൊണ്ടുവരാന്‍ നാം തീരുമാനിച്ചാല്‍ നമ്മെ പരാജയപ്പെടുത്തുന്നവനോ നഷ്ടപ്പെടുത്തുന്നവനോ അശക്തമാക്കുന്നവനോ ആയി ഒരാളും തന്നെയില്ല.

42). പ്രതിഫലവും ഉയിര്‍ത്തെഴുന്നേല്‍പും സമര്‍ഥിക്കുമ്പോള്‍ അവര്‍ അല്ലാഹുവിന്റെ തെളിവുകള്‍ക്ക് വഴങ്ങാതെ നിഷേധത്തില്‍ തുടരുകയാകുന്നു. (അവര്‍ തോന്നിവാസത്തില്‍ മുഴുകുകയും കളിച്ചുകൊണ്ടിരിക്കുകയും ചെയ്യാന്‍ നീ അവരെ വിട്ടേക്കുക) നിരര്‍ഥകമായ വാക്കുകളിലും തെറ്റായ വിശ്വാസങ്ങളിലും മതം കൊണ്ടുള്ള കളികളിലും തിന്നലും കുടിക്കലിലുമൊക്കെയായി അവര്‍ മുഴുകട്ടെ. (അവര്‍ക്ക് താക്കീത് നല്‍കപ്പെടുന്ന അവരുടെ ആ ദിവസത്തെ അവര്‍ കണ്ടുമുട്ടുന്നതു വരെ) തീര്‍ച്ചയായും അല്ലാഹു അവര്‍ക്ക് പാഠം നല്‍കുന്ന ശിക്ഷയും നാശവുമെല്ലാം അവരുടെ കളിയുടെയും തോന്നിവാസത്തിന്റെയും പരിണിതഫലമായി തയ്യാറാക്കിവെച്ചിട്ടുണ്ട്.

43-44). താക്കീത് ചെയ്യപ്പെട്ട ദിവസത്തെ കണ്ടുമുട്ടുമ്പോഴുള്ള സൃഷ്ടികളുടെ അവസ്ഥയാണ് തുടര്‍ന്ന് പരാമര്‍ശിക്കുന്നത്. (ക്വബ്‌റുകളില്‍ നിന്ന് ധൃതിയില്‍ പുറപ്പെട്ട് പോകുന്ന ദിവസം). (ധൃതിയില്‍) വിളിക്കുന്നവന്റെ അടുക്കലേക്ക് ഉത്തരം നല്‍കുന്നവരായി ധൃതിപ്പെട്ടു പോകുന്നവര്‍. (അതായത് അവര്‍ ഒരു നാട്ടക്കുറിയുടെ നേരെ ധൃതിപ്പെട്ട് പോകുന്നതു പോലെ) ഒരു അടയാളത്തിലേക്ക് ലക്ഷ്യം വെച്ച് പോകുന്നതു പോലെ. വിളിക്കുന്നവന്റെ വിളിയില്‍ നിന്ന് തിരിഞ്ഞുകളയാനോ അനുസരിക്കാതിരിക്കാനോ അവര്‍ക്ക് കഴിയില്ല. മറിച്ച് ലോകരക്ഷിതാവിന്റെ മുമ്പില്‍ നില്‍ക്കാന്‍ കീഴ്‌പെടുത്തപ്പെട്ടവരായി, നിന്ദ്യരായി അവര്‍ വരും. (അവരുടെ കണ്ണുകള്‍ കീഴ്‌പോട്ട് താണിരിക്കും. അപമാനം അവരെ ആവരണം ചെയ്തിരിക്കും. അസ്വസ്ഥതയും നിന്ദ്യതയും അവരുടെ ഹൃദയത്തെ അധീനപ്പെടുത്തിയിരിക്കും. അവരുടെ ഹൃദയങ്ങളുടെമേല്‍ ആധിപത്യം സ്ഥാപിച്ചിരിക്കും. അപ്പോള്‍ അവരുടെ കണ്ണുകള്‍ കീഴ്‌പോട്ടു താഴും. ചലനം നിലയ്ക്കും. ശബ്ദം നിന്നുപോകും. (അതാണ്) അവസ്ഥയും മടക്കസ്ഥാനവും. അതാണ് (അവര്‍ക്ക് താക്കീത് നല്‍കപ്പെട്ടിരുന്ന ദിവസം). അല്ലാഹുവിന്റെ കരാര്‍ നിറവേറാതെ നിവര്‍ത്തിയില്ല.

മആരിജ് സൂറഃയുടെ വ്യാഖ്യാനം പൂര്‍ത്തിയായി.