അല്‍മുദ്ദസ്സിര്‍ (പുതച്ചുമൂടിയവന്‍)

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2019 ആഗസ്ത് 03 1440 ദുൽഹിജ്ജ 02

അധ്യായം: 74, ഭാഗം: 1

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

يَا أَيُّهَا الْمُدَّثِّرُ (١) قُمْ فَأَنْذِرْ (٢) وَرَبَّكَ فَكَبِّرْ (٣) وَثِيَابَكَ فَطَهِّرْ (٤) وَالرُّجْزَ فَاهْجُرْ (٥) وَلَا تَمْنُنْ تَسْتَكْثِرُ (٦) وَلِرَبِّكَ فَاصْبِرْ (٧‬) فَإِذَا نُقِرَ فِي النَّاقُورِ (٨‬) فَذَٰلِكَ يَوْمَئِذٍ يَوْمٌ عَسِيرٌ (٩) عَلَى الْكَافِرِينَ غَيْرُ يَسِيرٍ (١٠)
(1) ഹേ, പുതച്ചു മൂടിയവനേ, (2) എഴുന്നേറ്റ് (ജനങ്ങളെ) താക്കീത് ചെയ്യുക. (3) നിന്റെ രക്ഷിതാവിനെ മഹത്ത്വപ്പെടുത്തുകയും (4) നിന്റെ വസ്ത്രങ്ങള്‍ ശുദ്ധിയാക്കുകയും (5) പാപം വെടിയുകയും ചെയ്യുക. (6) കൂടുതല്‍ നേട്ടം കൊതിച്ചുകൊണ്ട് നീ ഔദാര്യം ചെയ്യരുത്. (7) നിന്റെ രക്ഷിതാവിനു വേണ്ടി നീ ക്ഷമ കൈക്കൊള്ളുക. (8) എന്നാല്‍ കാഹളത്തില്‍ മുഴക്കപ്പെട്ടാല്‍; (9) അന്ന് അത് ഒരു പ്രയാസകരമായ ദിവസമായിരിക്കും. (10) സത്യനിഷേധികള്‍ക്ക് എളുപ്പമുള്ളതല്ലാത്ത ഒരു ദിവസം!

1,2) കഴിഞ്ഞ സൂറത്തില്‍ പറഞ്ഞ മുദ്ദസ്സിര്‍, മുസ്സമ്മില്‍ എന്നീ രണ്ടു പദങ്ങള്‍ക്കും ഒരേ അര്‍ഥമാണുള്ളത്. ഗുണം ആരാധിക്കുന്ന വ്യക്തിയില്‍ മാത്രം പരിമിതമാകുന്ന( القاصرة ) ആരാധനകളിലും ഗുണം മറ്റുള്ളവരിലേക്കു കൂടി എത്തുന്ന( المتعدية ) ആരാധനകളിലും ഉത്സാഹിക്കാന്‍ അല്ലാഹു തന്റെ ദൂതനോട് കല്‍പിക്കുന്നു. ശ്രേഷ്ഠമായ ആരാധനകളെക്കുറിച്ചും തന്റെ ജനതയുടെ ഉപദ്രവങ്ങളില്‍ ക്ഷമിക്കേണ്ടതിനെക്കുറിച്ചുമുള്ള നിര്‍ദേശങ്ങള്‍ നേരത്തെ പരാമര്‍ശിക്കപ്പെട്ടു. താക്കീതുകള്‍ ഉറക്കെപ്പറയാനും പ്രബോധനം പരസ്യമാക്കാനുമാണ് ഇവിടെ കല്‍പിക്കുന്നത്. അല്ലാഹു പറയുന്നു: (എഴുന്നേല്‍ക്കുക). ഉന്മേഷത്തോടൊയും പരിശ്രമത്തോടെയും. (എന്നിട്ട് ജനങ്ങളെ താക്കീത് ചെയ്യുക) ഉദ്ദേശം മനസ്സിലാകുന്ന വിധത്തിലും താക്കീത് ചെയ്യപ്പെടുന്നവന്റെ അവസ്ഥ ഉള്‍ക്കൊണ്ട വിധത്തിലുള്ള പ്രവര്‍ത്തിയും വാക്കും കൊണ്ട് നീ ജനങ്ങളെ താക്കീത് ചെയ്യുക. അത് അത്തരം കാര്യങ്ങള്‍ ഉപേക്ഷിക്കാന്‍ അവന് കൂടുതല്‍ സഹായകമാകും.

3) (നിന്റെ രക്ഷിതാവിനെ മഹത്ത്വപ്പെടുത്തുകയും) അവന്റെ ഏകത്വത്തെ നീ മഹത്ത്വപ്പെടുത്തുക. ഈ താക്കീതില്‍ നിന്റെ ലക്ഷ്യം അല്ലാഹുവിന്റെ പ്രീതി ആയിരിക്കണം. അവന്റെ അടിമകള്‍ അവനെ മഹത്ത്വപ്പെടുത്തുകയും അവനുള്ള ആരാധനകള്‍ നിര്‍വഹിക്കുകയും ചെയ്യണം.

(4) (നിന്റെ വസ്ത്രങ്ങള്‍ ശുദ്ധിയാക്കുകയും ചെയ്യുക). വസ്ത്രങ്ങള്‍ കൊണ്ട് ഉദ്ദേശ്യം നബി ﷺ യുടെ എല്ലാ പ്രവര്‍ത്തനങ്ങളുമാണ്. ശുദ്ധീകരിക്കല്‍ കൊണ്ട് ഉദ്ദേശിക്കുന്നത് അതിനെ നിഷ്‌കളങ്കമാക്കലും അതില്‍ ഗുണകാംക്ഷ പുലര്‍ത്തലും ഏറ്റവും നല്ല രൂപത്തില്‍ അത് നിര്‍വഹിക്കലുമാണ്. അതിനെ നിഷ്ഫലവും അസ്വീകാര്യവും അപൂര്‍ണവുമാക്കുന്ന ശിര്‍ക്ക്, ലോകമാന്യം, കാപട്യം, സ്വയം മഹത്ത്വപ്പെടുത്തല്‍, അഹങ്കാരം, അശ്രദ്ധ അതല്ലാത്ത ആരാധനകളില്‍ കടന്നുകൂടാന്‍ പാടില്ലാത്ത മറ്റു കാര്യങ്ങളില്‍ നിന്നെല്ലാം പരിശുദ്ധമാവുക എന്നതാണ്. മാലിന്യങ്ങളില്‍ നിന്നും വസ്ത്രം ശുദ്ധിയാവലും അതില്‍ ഉള്‍പ്പെടും. പ്രവര്‍ത്തനങ്ങളിലെ സമ്പൂര്‍ണ വിശുദ്ധിയാണത്. പ്രത്യേകിച്ചും നമസ്‌കാരത്തില്‍. അതാണ് അധിക പണ്ഡിതന്മാരുടെയും അഭിപ്രായം. നമസ്‌കാരം മാലിന്യ മുക്തമാവുക എന്നത് അതിന്റെ നിബന്ധനകളില്‍ ഒന്നാണ്. ഇവിടെ ഉദ്ദേശ്യം യഥാര്‍ഥ വസ്ത്രം തന്നെ ആകാനും സാധ്യതയുണ്ട്. എല്ലാ സമയങ്ങളിലും എല്ലാവിധ മാലിന്യങ്ങളില്‍ നിന്നും പരിശുദ്ധമായിരിക്കണമെന്നാണ് കല്‍പിക്കപ്പെട്ടത്. പ്രത്യേകിച്ചും നമസ്‌കാര സന്ദര്‍ഭങ്ങളില്‍.

5) ഇവിടെ കല്‍പിക്കുന്നത് ബാഹ്യശുദ്ധിയെക്കുറിച്ചാണെങ്കിലും ബാഹ്യശുദ്ധി ആന്തരിക ശുദ്ധിയുടെ പൂര്‍ണതയാണ്. (പാപം വെടിയുകയും ചെയ്യുക). (رجز) കൊണ്ട് ഉദ്ദേശ്യം അല്ലാഹുവോടൊപ്പം ആരാധിക്കപ്പെടുന്ന ബിംബങ്ങളും പ്രതിരൂപങ്ങളുമാകാം. അതുപേക്ഷിക്കാനും അതുമായി ബന്ധപ്പെട്ട എല്ലാ വാക്കുകളില്‍ നിന്നും പ്രവര്‍ത്തികളില്‍ നിന്നും മാറിനില്‍ക്കാനും അല്ലാഹു കല്‍പിക്കുന്നു. തെറ്റായ എല്ലാ വാക്കുകളും പ്രവര്‍ത്തികളും (رجز) ഇതില്‍ ഉള്‍പ്പെടാം. ചെറുതും വലുതും പ്രത്യക്ഷവും പരോക്ഷവുമായ എല്ലാ തിന്മകളും ഉപേക്ഷിക്കണെമന്നായിരിക്കും ഇവിടെയുള്ള നിര്‍ദേശം. അതില്‍ ശിര്‍ക്കും അല്ലാത്തതുമെല്ലാം ഉള്‍പ്പെടും.

6). (കൂടുതല്‍ നേട്ടം കൊതിച്ച് കൊണ്ട് നീ ഔദാര്യം ചെയ്യരുത്). മതപരവും ഭൗതികവുമായ അനുഗ്രഹങ്ങളില്‍ നിന്ന് നീ ജനങ്ങള്‍ക്ക് നല്‍കിയതില്‍ നീ കൂടുതല്‍ നേട്ടം ആഗ്രഹിക്കരുത്. അതില്‍ നേട്ടം ആഗ്രഹിക്കാനും അവരുടെ  മേല്‍ മഹത്ത്വം കാണിക്കാനും പാടില്ല. മറിച്ച് നിനക്ക് സാധിക്കുന്നതു പോലെ ജനങ്ങള്‍ക്ക് നന്മ ചെയ്യുക. അവര്‍ക്ക് ചെയ്ത നന്മകളെ മറക്കുക. പ്രതിഫലം അല്ലാഹുവില്‍ നിന്ന് പ്രതീക്ഷിക്കുക. നീ നന്മ ചെയ്തുകൊടുത്തവരെയും അല്ലാത്തവരെയും നീ ഒരുപോലെ കാണുക. മറ്റൊരഭിപ്രായം: നീ ഒരാള്‍ക്കും കൂടുതല്‍ പ്രത്യുപകാരം പ്രതീക്ഷിച്ച് ഒന്നും നല്‍കരുത്. ഒരുപക്ഷേ, ഈ കാര്യം നബി ﷺ ക്ക് മാത്രം പ്രത്യേകമായിരിക്കും.

7) (നിന്റെ രക്ഷിതാവിനു വേണ്ടി നീ ക്ഷമ കൈക്കൊള്ളുക). ക്ഷമയില്‍ നീ അല്ലാഹുവിന്റെ പ്രതിഫലം പ്രതീക്ഷിക്കുക. അതുമൂലം അല്ലാഹുവിന്റെ പ്രീതി ഉദ്ദേശിക്കുകയും ചെയ്യുക. അങ്ങനെ നബി ﷺ  തന്റെ രക്ഷിതാവിന്റെ കല്‍പനകളെ ജീവിതത്തില്‍ പകര്‍ത്തി. അതില്‍ ഉത്സാഹം കാണിച്ചു. ആത്മീയമായ എല്ലാ നിര്‍ദേശങ്ങളും വ്യക്തമായ വചനങ്ങള്‍ കൊണ്ട് വശദീകരിച്ച് കൊടുത്തു. അല്ലാഹുവിനെ മഹത്ത്വപ്പെടുത്തുകയും അവനെ മഹത്ത്വപ്പെടുത്താന്‍ സൃഷ്ടികളെ ക്ഷണിക്കുകയും ചെയ്തു. പ്രത്യക്ഷവും പരോക്ഷവുമായ എല്ലാ പ്രവര്‍ത്തനങ്ങളും തിന്മകളില്‍ നിന്ന് ശുദ്ധമാക്കി. അല്ലാഹുവിന് പുറമെ അവനോടൊപ്പം ആരാധിക്കപ്പെടുന്ന എല്ലാ ബിംബങ്ങളില്‍ നിന്നും തിന്മകളില്‍ നിന്നും അതിന്റെ വക്താക്കളില്‍ നിന്നും മാറി നിന്നു. അല്ലാഹു നല്‍കിയ അനുഗ്രഹങ്ങളോടൊപ്പം ജനങ്ങള്‍ക്ക് പല നന്മകളും നബി ﷺ  നല്‍കിയിട്ടുണ്ട്; യാതൊരു പ്രതിഫലമോ നന്ദിയോ പ്രതീക്ഷിക്കാതെ. തന്റെ രക്ഷിതാവിന് വേണ്ടി സമ്പൂര്‍ണമായ ക്ഷമ അദ്ദേഹം കൈക്കൊണ്ടു. അതായത് അവന്റെ കല്‍പനകള്‍ അനുസരിക്കുന്ന കാര്യത്തിലുള്ള ക്ഷമ, തെറ്റുകളില്‍ നിന്ന് മാറി നില്‍ക്കാനുള്ള ക്ഷമ, അല്ലാഹുവിന്റെ വേദനിക്കുന്ന വിധികളില്‍ കാണിച്ച ക്ഷമ. അങ്ങനെ അദ്ദേഹം ദൃഢമനസ്‌കരായ ദൈവദൂതന്മാരില്‍ ഉന്നതനായി. അവരുടെ മേല്‍ അല്ലാഹുവിന്റെ രക്ഷയും അനുഗ്രഹങ്ങളും ഉണ്ടാവട്ടെ.

8-10) അങ്ങനെ ക്വബ്‌റുകളില്‍ നിന്നും ഉയിര്‍ത്തെഴുന്നേല്‍പിന് വേണ്ടി കാഹളത്തില്‍ ഊതപ്പെട്ടാല്‍. സൃഷ്ടികള്‍ ഉയിര്‍ത്തെഴുന്നേല്‍പിനും വിചാരണക്കും ഒരുമിച്ച് കൂട്ടപ്പെടുകയും ചെയ്യപ്പെട്ടാല്‍. (അന്ന് അത് ഒരു പ്രയാസകരമായ ദിവസമായിരിക്കും). അതിന്റെ പ്രയാസങ്ങളുടെയും ഭീകരാവസ്ഥയുടെയും കാഠിന്യത്താല്‍. (സത്യനിഷേധികള്‍ക്ക് എളുപ്പമല്ലാത്ത ഒരു ദിവസം) കാരണം അവര്‍ എല്ലാ നന്മകളിലും നിരാശരാണ്. നാശവും ദുരന്തവും അവര്‍ക്ക് ഉറപ്പാവുകയും ചെയ്തു. വിശ്വാസികള്‍ക്ക് ആ ദിനം ആശ്വാസകരമായിരിക്കുമെന്നും മനസ്സിലാക്കാം.

يَقُولُ الْكَافِرُونَ هَٰذَا يَوْمٌ عَسِرٌ

''സത്യനിഷേധികള്‍ പറയും: ഇതൊരു പ്രയാസകരമായ ദിവസമാകുന്നു'' (54:8).