അബസ (മുഖം ചുളിച്ചു) 

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2019 മാര്‍ച്ച് 30 1440 റജബ് 23

അധ്യായം: 80, ഭാഗം: 3

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

ثُمَّ أَمَاتَهُ فَأَقْبَرَهُ (٢١) ثُمَّ إِذَا شَاءَ أَنْشَرَهُ (٢٢) كَلَّا لَمَّا يَقْضِ مَا أَمَرَهُ (٢٣) فَلْيَنْظُرِ الْإِنْسَانُ إِلَىٰ طَعَامِهِ (٢٤) أَنَّا صَبَبْنَا الْمَاءَ صَبًّا (٢٥) ثُمَّ شَقَقْنَا الْأَرْضَ شَقًّا (٢٦) فَأَنْبَتْنَا فِيهَا حَبًّا (٢٧) وَعِنَبًا وَقَضْبًا (٢٨) وَزَيْتُونًا وَنَخْلًا (٢٩) وَحَدَائِقَ غُلْبًا (٣٠) وَفَاكِهَةً وَأَبًّا (٣١) مَتَاعًا لَكُمْ وَلِأَنْعَامِكُمْ (٣٢)
(21) അനന്തരം അവനെ മരിപ്പിക്കുകയും ക്വബ്‌റില്‍ മറയ്ക്കുകയും ചെയ്തു. (22) പിന്നീട് അവന്‍ ഉദ്ദേശിക്കുമ്പോള്‍ അവനെ ഉയര്‍ത്തെഴുന്നേല്‍പിക്കുന്നതാണ്. (23) നിസ്സംശയം, അവനോട് അല്ലാഹു കല്‍പിച്ചത് അവന്‍ നിര്‍വഹിച്ചില്ല. (24) എന്നാല്‍ മനുഷ്യന്‍ തന്റെ ഭക്ഷണത്തെപ്പറ്റി ഒന്നു ചിന്തിച്ച് നോക്കട്ടെ. (25) നാം ശക്തിയായി മഴവെള്ളം ചൊരിഞ്ഞുകൊടുത്തു. (26) പിന്നീട് നാം ഭൂമിയെ ഒരു തരത്തില്‍ പിളര്‍ത്തി. (27) എന്നിട്ട് അതില്‍ നാം ധാന്യം മുളപ്പിച്ചു. (28) മുന്തിരിയും പച്ചക്കറികളും (29) ഒലീവും ഈന്തപ്പനയും (30) ഇടതൂര്‍ന്നു നില്‍ക്കുന്ന തോട്ടങ്ങളും (31) പഴവര്‍ഗവും പുല്ലും; (32) നിങ്ങള്‍ക്കും നിങ്ങളുടെ കന്നുകാലികള്‍ക്കും ഉപയോഗത്തിനായിട്ട്.

21). (അനന്തരം അവനെ മരിപ്പിക്കുകയും ക്വബ്‌റില്‍ മറയ്ക്കുകയും ചെയ്തു). മൃഗങ്ങളുടെ മൃതശരീരങ്ങള്‍ ഭൂമിയില്‍ മറവ് ചെയ്യപ്പെടാതെ കിടക്കുമ്പോള്‍ മനുഷ്യനെ മറവ് ചെയ്യപ്പെടുന്നതിലൂടെ അവനെ ആദരിച്ചു.

22-23). (പിന്നീട് അവന്‍ ഉദ്ദേശിക്കുമ്പോള്‍ പ്രതിഫലം നല്‍കുന്നതിനു വേണ്ടി). മരണശേഷം അവനെ ഉയര്‍ത്തെഴുന്നേല്‍പിക്കും. മനുഷ്യനെ നിയന്ത്രിക്കുന്നതും ഈ രൂപത്തില്‍ അവന്റെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതും ഏകനായ അല്ലാഹുവാണ്. ഒരു പങ്കുകാരനും അവനില്ല. ഇങ്ങനെയൊക്കെയാണെങ്കിലും അല്ലാഹുവിന്റെ കല്‍പന അവന്‍ നിറവേറ്റുന്നില്ല. അല്ലാഹു നിര്‍ബന്ധമാക്കിയ കാര്യങ്ങള്‍ നിര്‍വഹിച്ചിട്ടുമില്ല. മറിച്ച് നിര്‍ദേശങ്ങളില്‍ വീഴ്ച വരുത്തിക്കൊണ്ടേയിരുന്നു. പിന്നീട് മനുഷ്യനോട് അവന്‍ കഴിക്കുന്ന ഭക്ഷണത്തെക്കുറിച്ച് ചിന്തിക്കാന്‍ നിര്‍ദേശിക്കുന്നു. പല ഘട്ടങ്ങളിലൂടെ കടന്നുവന്ന ശേഷം എങ്ങനെയാണ് അത് അവനിലേക്ക് എത്തിയത് എന്ന്.

24-25). (എന്നാല്‍ മനുഷ്യന്‍ തന്റെ ഭക്ഷണത്തെപ്പറ്റി ഒന്നു ചിന്തിച്ചുനോക്കട്ടെ. നാം ശക്തിയായി മഴവെള്ളം ചൊരിഞ്ഞുകൊടുത്തു). ധാരാളമായി മഴയെ ഭൂമിയില്‍ പെയ്യിക്കുന്നു എന്നര്‍ഥം.

26-27). (പിന്നീട് ഭൂമിയെ പിളര്‍ത്തി). ചെടികള്‍ മുളക്കുന്നതിനു വേണ്ടി. (ഒരു തരം പിളര്‍ത്തല്‍. പിന്നീട് അതില്‍ നാം മുളപ്പിച്ചു). കൊതിപ്പിക്കുന്ന ഭക്ഷണങ്ങളില്‍ നിന്നും ആസ്വാദ്യകരമായ വിഭവങ്ങളില്‍ നിന്നും വ്യത്യസ്ത ഇനങ്ങള്‍. (ധാന്യവും) വ്യത്യസ്ത ഇനത്തിലുള്ള എല്ലാതരം ധാന്യങ്ങളും ഇതില്‍ ഉള്‍പ്പെടും.

(28-29) (മുന്തിരിയും പച്ചക്കറികളും) പച്ചക്കറികളാണത്. (ഒലീവും ഈത്തപ്പനയും) ഈ നാലെണ്ണത്തെ പ്രത്യേകിച്ചും പറയാന്‍ കാരണം അവയില്‍ ഗുണവും പ്രയോജനവും അധികമുള്ളതിനാലാണ്.

30). (ഇടതൂര്‍ന്നു നില്‍ക്കുന്ന തോട്ടങ്ങളും) ഇടതൂര്‍ന്ന് നില്‍ക്കുന്ന ധാരാളം മരങ്ങളുള്ള തോട്ടങ്ങള്‍.

31). (പഴവര്‍ഗവും പുല്ലും). മനുഷ്യന് രസിക്കാവുന്നത് അതാണ്. فاكهة രാഗി, അണ്ടി, മുന്തിരി, ദ്രാക്ഷപ്പഴം, ഉറുമാമ്പഴം തുടങ്ങിയവയില്‍ നിന്നുള്ള രസം. الأبّ എന്നത് നാല്‍ക്കാലികളുടെയും മറ്റു മൃഗങ്ങളുടെയും ഭക്ഷണമാണ്.

32). (നിങ്ങള്‍ക്കും നിങ്ങളുടെ കന്നുകാലികള്‍ക്കും ഉപയോഗത്തിനായിട്ട്). അതിനെ അല്ലാഹു സൃഷ്ടിക്കുകയും നിങ്ങള്‍ക്ക് കീഴ്‌പ്പെടുത്തി സൗകര്യമാക്കിത്തരുകയും ചെയ്തു. ഈ അനുഗ്രഹങ്ങളെക്കുറിച്ച് ചിന്തിക്കുന്നവന് തന്റെ രക്ഷിതാവിന് നന്ദി ചെയ്യല്‍ നിര്‍ബന്ധമായി. അവനിലേക്ക് മടങ്ങാന്‍ പരിശ്രമിക്കുകയും അവനെ അനുസരിക്കുന്നതില്‍ തല്‍പരനാവുകയും അവന്റെ നിര്‍ദേശങ്ങള്‍ സത്യപ്പെടുത്തുകയും ചെയ്യാന്‍ ബാധ്യതയുമുണ്ട്.