അബസ (മുഖം ചുളിച്ചു)

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2019 ഏപ്രില്‍ 06 1440 റജബ് 29

അധ്യായം: 80, ഭാഗം: 4

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

فَإِذَا جَاءَتِ الصَّاخَّةُ (٣٣) يَوْمَ يَفِرُّ الْمَرْءُ مِنْ أَخِيهِ (٣٤) وَأُمِّهِ وَأَبِيهِ (٣٥) وَصَاحِبَتِهِ وَبَنِيهِ (٣٦) لِكُلِّ امْرِئٍ مِنْهُمْ يَوْمَئِذٍ شَأْنٌ يُغْنِيهِ (٣٧) وُجُوهٌ يَوْمَئِذٍ مُسْفِرَةٌ (٣٨‬) ضَاحِكَةٌ مُسْتَبْشِرَةٌ (٣٩) وَوُجُوهٌ يَوْمَئِذٍ عَلَيْهَا غَبَرَةٌ (٤٠) تَرْهَقُهَا قَتَرَةٌ (٤١) أُولَٰئِكَ هُمُ الْكَفَرَةُ الْفَجَرَةُ (٤٢)
(33) എന്നാല്‍ ചെകിടടപ്പിക്കുന്ന ആ ശബ്ദം വന്നാല്‍. (34) അതായത് മനുഷ്യന്‍ തന്റെ സഹോദരനെ വിട്ട് ഓടിപ്പോകുന്ന ദിവസം; (35) തന്റെ മാതാവിനെയും പിതാവിനെയും (36) തന്റെ ഭാര്യയെയും മക്കളെയും. (37) അവരില്‍ പെട്ട ഓരോ മനുഷ്യനും തനിക്ക് മതിയാവുന്നത്ര (ചിന്താ) വിഷയം അന്ന് ഉണ്ടായിരിക്കും. (38) അന്ന് ചില മുഖങ്ങള്‍ പ്രസന്നതയുള്ളവയായിരിക്കും. (39) ചിരിക്കുന്നവയും സന്തോഷം കൊള്ളുന്നവയും. (40) വേറെ ചില മുഖങ്ങളാകട്ടെ അന്ന് പൊടി പുരണ്ടിരിക്കും. (41) അവയെ കൂരിരുട്ട് മൂടിയിരിക്കും. (42) അക്കൂട്ടരാകുന്നു അവിശ്വാസികളും അധര്‍മകാരികളുമായിട്ടുള്ളവര്‍.

33-36). ഭീകരതയാല്‍ ചെവികളില്‍ അലയടിക്കുന്ന അന്ത്യനാളിന്റെ ഘോരശബ്ദം വന്നാല്‍ അന്നേ ദിവസം ജനങ്ങള്‍ കാണുന്ന ഭയാനകതകളാലും കര്‍മങ്ങളിലേക്കുള്ള ആവശ്യത്താലും ഹൃദയങ്ങള്‍ പേടിച്ച് വിറക്കും. (മനുഷ്യന്‍ വിട്ടോടിപ്പോകുന്ന ദിവസം). ജനങ്ങളില്‍ തനിക്ക് ഏറ്റവും പ്രിയപ്പെട്ടവരില്‍ നിന്നും വാല്‍സല്യമുള്ളവരില്‍ നിന്നും. (അതായത് മനുഷ്യന്‍ തന്റെ സഹോദരനെയും മാതാവിനെയും പിതാവിനെയും തന്റെ ഭാര്യയെയും തന്റെ മക്കളെയും).

37). അങ്ങനെ ചെയ്യാന്‍ കാരണം (അവരില്‍ പെട്ട ഓരോ മനുഷ്യനും തനിക്ക് മതിയാവുന്നത്ര ചിന്താവിഷയം അന്നുണ്ടായിരിക്കും. അവന്‍ അവന്റെ കാര്യത്തില്‍ തന്നെ വ്യാപൃതനായിരിക്കും. സ്വന്തത്തെ മോചിപ്പിക്കലാണ് അവന് പ്രധാനം. മറ്റൊന്നിലേക്കും തിരിയാന്‍ അവനാകില്ല. അന്നേരം മനുഷ്യര്‍ രണ്ടായി വേര്‍തിരിയും; സൗഭാഗ്യവാന്മാരും ദൗര്‍ഭാഗ്യവാന്മാരും.

38). സൗഭാഗ്യവാന്മാരുടെ മുഖമാണ് (പ്രസന്നതയുള്ളത്). സുഖാനുഗ്രഹം നേടി വിജയിച്ചതിലും തങ്ങളുടെ രക്ഷയറിഞ്ഞതിനാലുമുള്ള സന്തോഷവും ശോഭയും ആ മുഖത്ത് പ്രകടമാകും.

39-41). (ചിരിക്കുന്നതും സന്തോഷം കൊള്ളുന്നതും ചില മുഖങ്ങള്‍). ദൗര്‍ഭാഗ്യവാന്മാരുടേത് (അന്ന് പൊടി പുരണ്ടിരിക്കും) അതിനെ മൂടിയിരിക്കും. (കൂരിരുട്ട്) കറുത്ത കൂരിരുട്ട്, നന്മകളില്ലാതെ നിരാശപ്പെടുകയും തന്റെ നാശവും ദൗര്‍ഭാഗ്യവും തിരിച്ചറിയുകയും ചെയ്തത് നിമിത്തം.

(42). (അക്കൂട്ടര്‍) ഇവിടെ വിശേഷിപ്പിക്കപ്പെട്ടവര്‍ (അവിശ്വാസികളും  അധര്‍മകാരികളുമായിട്ടുള്ളവര്‍). അല്ലാഹുവിന്റെ അനുഗ്രഹങ്ങളെ നിഷേധിക്കുകയും അവന്റെ ദൃഷ്ടാന്തങ്ങളെ കളവാക്കുകയും അവന്‍ നിഷിദ്ധമാക്കിയത് പ്രവര്‍ത്തിക്കാന്‍ ധൈര്യപ്പെടുകയും  ചെയ്തവര്‍.

നാം അല്ലാഹുവോട് മാപ്പ് ചോദിക്കുന്നു. അവന്‍ അങ്ങേയറ്റത്തെ ഔദാര്യവാനാണ്.