അല്‍മുദ്ദസ്സിര്‍ (പുതച്ചുമൂടിയവന്‍)

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2019 ആഗസ്ത് 24 1440 ദുല്‍ഹിജ്ജ 22

അധ്യായം: 74, ഭാഗം: 4

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

كَلَّا وَالْقَمَرِ (٣٢) وَاللَّيْلِ إِذْ أَدْبَرَ (٣٣) وَالصُّبْحِ إِذَا أَسْفَرَ (٣٤) إِنَّهَا لَإِحْدَى الْكُبَرِ (٣٥) نَذِيرًا لِلْبَشَرِ (٣٦) لِمَنْ شَاءَ مِنْكُمْ أَنْ يَتَقَدَّمَ أَوْ يَتَأَخَّرَ (٣٧) كُلُّ نَفْسٍ بِمَا كَسَبَتْ رَهِينَةٌ (٣٨‬) إِلَّا أَصْحَابَ الْيَمِينِ (٣٩) فِي جَنَّاتٍ يَتَسَاءَلُونَ (٤٠) عَنِ الْمُجْرِمِينَ (٤١) مَا سَلَكَكُمْ فِي سَقَرَ (٤٢) قَالُوا لَمْ نَكُ مِنَ الْمُصَلِّينَ (٤٣) وَلَمْ نَكُ نُطْعِمُ الْمِسْكِينَ (٤٤) وَكُنَّا نَخُوضُ مَعَ الْخَائِضِينَ (٤٥) وَكُنَّا نُكَذِّبُ بِيَوْمِ الدِّينِ (٤٦) حَتَّىٰ أَتَانَا الْيَقِينُ (٤٧‬) فَمَا تَنْفَعُهُمْ شَفَاعَةُ الشَّافِعِينَ (٤٨)
(32)  നിസ്സംശയം, ചന്ദ്രനെ തന്നെയാണ സത്യം. (33)  രാത്രി പിന്നിട്ട് പോകുമ്പോള്‍ അതിനെ തന്നെയാണ സത്യം. (34) പ്രഭാതം പുലര്‍ന്നാല്‍ അതു തന്നെയാണ സത്യം. (35) തീര്‍ച്ചയായും അത് (നരകം) ഗൗരവമുള്ള കാര്യങ്ങളില്‍ ഒന്നാകുന്നു. (36) മനുഷ്യര്‍ക്ക് ഒരു താക്കീതെന്ന നിലയില്‍. (37) അതായത് നിങ്ങളില്‍ നിന്ന് മുന്നോട്ട് പോകാനോ പിന്നോട്ട് വെക്കാനോ ഉദ്ദേശിക്കുന്നവര്‍ക്ക്. (38) ഓരോ വ്യക്തിയും താന്‍ സമ്പാദിച്ചു വെച്ചതിന് പണയപ്പെട്ടവനാകുന്നു. (39) വലതുപക്ഷക്കാരൊഴികെ. (40) ചില സ്വര്‍ഗത്തോപ്പുകളിലായിരിക്കും അവര്‍. അവര്‍ അന്വേഷിക്കും; (41) കുറ്റവാളികളെപ്പറ്റി, (42) നിങ്ങളെ നരകത്തില്‍ പ്രവേശിപ്പിച്ചത് എന്തൊന്നാണെന്ന്. (43) അവര്‍ (കുറ്റവാളികള്‍) മറുപടി പറയും: ഞങ്ങള്‍ നമസ്‌കരിക്കുന്നവരുടെ കൂട്ടത്തിലായില്ല. (44) ഞങ്ങള്‍ അഗതിക്ക് ആഹാരം നല്‍കുമായിരുന്നില്ല. (45) തോന്നിവാസത്തില്‍ മുഴുകുന്നവരുടെ കൂടെ ഞങ്ങളും മുഴുകുമായിരുന്നു. (46) പ്രതിഫലത്തിന്റെ നാളിനെ ഞങ്ങള്‍ നിഷേധിച്ചു കളയുമായിരുന്നു. (47) അങ്ങനെയിരിക്കെ ആ ഉറപ്പായ മരണം ഞങ്ങള്‍ക്ക് വന്നെത്തി. (48) ഇനി അവര്‍ക്ക് ശുപാര്‍ശക്കാരുടെ ശുപാര്‍ശയൊന്നും പ്രയോജനപ്പെടുകയില്ല.

32-34). () എന്ന വാക്കിന്റെ അര്‍ഥം ഇവിടെ 'സത്യം,' 'സംശയമില്ലാത്ത കാര്യം' എന്നോ; അല്ലെങ്കില്‍ ഉണര്‍ത്താന്‍ വേണ്ടി വാചകത്തിന്റെ തുടക്കത്തില്‍ ഉപയോഗിക്കുന്ന () എന്നതിന്റെ അര്‍ഥമോ ആയിരിക്കും. എന്നിട്ട് അല്ലാഹു ചന്ദ്രനെക്കൊണ്ട് സത്യം ചെയ്യുന്നു. രാത്രി പിന്നിട്ടുപോകുമ്പോള്‍ അതിനെക്കൊണ്ടും. പുലര്‍ന്ന് വരുന്ന പകലിനെക്കൊണ്ടും. ഈ പറയപ്പെട്ടവയെല്ലാം അല്ലാഹുവിന്റെ പരിപൂര്‍ണമായ കഴിവിനെയും യുക്തിജ്ഞാനത്തെയും അധികാരത്തിന്റെ വിശാലതയെയും കാരുണ്യത്തിന്റെ സമഗ്രതയെയും അറിവിന്റെ സമ്പൂര്‍ണതയെയും അറിയിക്കുന്നു. ഇവിടെ സത്യം ചെയ്തു പറയുന്നതാവട്ടെ (തീര്‍ച്ചയായും അത് (നരകം) ഗൗരവമുള്ള കാര്യങ്ങളില്‍ ഒന്നാകുന്നു).

നരകം മഹാവിപത്തുക്കളില്‍ ഒന്നും ഗൗരവകരമായ കാര്യവും തന്നെ. നാം അതിനെക്കുറിച്ച് അറിയിച്ചുതരുമ്പോള്‍ നിങ്ങള്‍ അതിനെക്കുറിച്ച് ഉള്‍ക്കാഴ്ചയുളളവരാകണം. നിങ്ങളില്‍ നിന്നും മുന്നോട്ടുപോകുവാന്‍ ഉദ്ദേശിക്കുന്നവന്‍ അല്ലാഹുവിലേക്കും അവന്റെ തൃപ്തിയിലേക്കും അവന്റെ ആദരണീയ ഭവനത്തിലേക്കും അടുപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നു. അല്ലാഹു ഇഷ്ടപ്പെടുകയും തൃപ്തിപ്പെടുകയും ചെയ്യുന്ന കാര്യങ്ങളില്‍ നിന്ന് പിറകോട്ട് പോകുവാന്‍ ഉദ്ദേശിക്കുന്നവന്‍ തിന്മകള്‍ പ്രവര്‍ത്തിച്ച് നരകത്തിലേക്ക് അടുക്കുകയും ചെയ്യുന്നു. അല്ലാഹു പറയുന്നു:

وَقُلِ الْحَقُّ مِنْ رَبِّكُمْ ۖ فَمَنْ شَاءَ فَلْيُؤْمِنْ وَمَنْ شَاءَ فَلْيَكْفُرْ ۚ

''പറയുക: സത്യം നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ളതാകുന്നു. അതിനാല്‍ ഇഷ്ടമുള്ളവര്‍ വിശ്വസിക്കട്ടെ. ഇഷ്ടമുള്ളവര്‍ അവിശ്വസിക്കട്ടെ''(18:29).

38-48). (ഓരോ വ്യക്തിയും താന്‍ സമ്പാദിച്ചുവെച്ചതിന്) നന്മയായോ തിന്മയായോ പ്രവര്‍ത്തിക്കുന്നവയ്ക്ക്. (പണയപ്പെട്ടവനാകുന്നു) തന്റെ പരിശ്രമങ്ങളില്‍ ബന്ധനസ്ഥനാണ്. അത് അവന്റെ കഴുത്തില്‍ ചേര്‍ക്കപ്പെട്ട്, പിരടിയില്‍ ബന്ധിക്കപ്പെട്ട് ശിക്ഷ അവന്റെ മേല്‍ അനിവാര്യമാക്കിത്തീര്‍ക്കുകയും ചെയ്യുന്നു.

(വലതുപക്ഷക്കാരൊഴികെ) അവര്‍ പണയത്തിലായവരല്ല, മറിച്ച് മോചിതരും സന്തോഷവാന്മാരുമാണ്. (ചില സ്വര്‍ഗത്തോപ്പുകളിലായിരിക്കും അവര്‍). അവര്‍ അന്വേഷിക്കും. (കുറ്റവാളികളെപ്പറ്റി). സ്വര്‍ത്തില്‍ അവരുടെ ആവശ്യങ്ങളെല്ലാം നിറവേറ്റപ്പെടുകയും സമാധാനാവും സന്തോഷവും പൂര്‍ണമാവുകയും ചെയ്യും. അങ്ങനെ അവര്‍ അന്വേഷിച്ചുകൊണ്ട് വരും. കുറ്റവാളികളോട് ചോദ്യങ്ങള്‍ ചോദിക്കുന്ന സംഭാഷണങ്ങള്‍ അവര്‍ക്കിടയില്‍ നടക്കും. ഏത് അവസ്ഥയിലാണ് അവര്‍ അവിടേക്ക് എത്തിയത്? അല്ലാഹു അവരോട് കരാര്‍ ചെയ്തത് അവര്‍ക്ക് ലഭിച്ചോ? അപ്പോള്‍ അവരില്‍ ചിലര്‍ ചിലരോട് പറയും: നിങ്ങള്‍ നരകത്തിലേക്ക് നോക്കുന്നില്ലേ? അപ്പോള്‍ അവരെ നരക മധ്യത്തില്‍ ശിക്ഷിക്കപ്പെടുന്നവരായി കണ്ടെത്തും. അപ്പോള്‍ അവര്‍ അവരോട് ചോദിക്കും: (നിങ്ങളെ നരകത്തില്‍ പ്രവേശിപ്പിച്ചത് എന്താണെന്ന്). അതായത് നരകത്തില്‍ പ്രവേശിക്കാന്‍ കാരണമെന്താണ്? അതിനു അര്‍ഹമാക്കിയ തെറ്റെന്താണ്? (അവര്‍ മറുപടി പറയും: ഞങ്ങള്‍ നമസ്‌കരിക്കുന്നവരുടെ കൂട്ടത്തിലായില്ല. ഞങ്ങള്‍ അഗതിക്ക് ആഹാരം നല്‍കുമായിരുന്നില്ല) ആരാധ്യനോട് ആത്മാര്‍ഥതയോ നന്മയോ ചെയ്തില്ല. ആവശ്യക്കാരായ സൃഷ്ടികള്‍ക്ക് ഉപകാരവും ചെയ്തില്ല.

(തോന്നിവാസത്തില്‍ മുഴുകുന്നവരുടെ കൂടെ ഞങ്ങളും മുഴുകുമായിരുന്നു). സത്യത്തോട് തര്‍ക്കിക്കുകയും അസത്യത്തില്‍ മുഴുകുകയും ചെയ്തു. (പ്രതിഫലത്തിന്റെ നാളിനെ ഞങ്ങള്‍ നിഷേധിച്ചുകളയുമായിരുന്നു). ഇത് അസത്യത്തില്‍ മുഴുകുന്നതിന്റെ അനന്തരഫലങ്ങളാണ്. അതായത് സത്യത്തെ കളവാക്കുക. ഏറ്റവും വലിയ സത്യം പ്രതിഫല നടപടിയുടെ ദിനമാണ്. അത് പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിഫലം നല്‍കപ്പെടുന്ന, മറ്റു സൃഷ്ടികളോട് അല്ലാഹുവിന്റെ ആധിപത്യവും നീതിപൂര്‍വകമായ തീരുമാനവും വ്യക്തമാകുന്ന സ്ഥാനവുമാണ്. അസത്യമായ ആശയങ്ങളില്‍ നമ്മുടെ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കെ (അങ്ങനെ ആയിരിക്കുന്ന ഉറപ്പായ മരണം ഞങ്ങള്‍ക്ക് വന്നെത്തി). അങ്ങനെ അവര്‍ അവിശ്വാസത്തിലായി മരണപ്പെട്ടപ്പോള്‍ അവരുടെ സൂത്രങ്ങളെല്ലാം വൃഥാവിലായി. അവരുടെ മുഖത്തെ പ്രതീക്ഷകളടഞ്ഞു. (ഇനി അവര്‍ക്ക് ശിപാര്‍ശക്കാരുടെ ശിപാര്‍ശയൊന്നും പ്രയോജനപ്പെടുകയില്ല). കാരണം അവര്‍ അല്ലാഹു തൃപ്തിപ്പെട്ടവര്‍ക്ക് മാത്രമേ ശിപാര്‍ശ ചെയ്യൂ. ഇത്തരം ആളുകളുടെ പ്രവര്‍ത്തനങ്ങളെ അല്ലാഹു തൃപ്തിപ്പെടുത്തുകയില്ല.