നബഅ് (വൃത്താന്തം)

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2019 ഫെബ്രുവരി 23 1440 ജുമാദല്‍ ആഖിര്‍ 18

അധ്യായം: 78, ഭാഗം: 3

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

إِنَّ لِلْمُتَّقِينَ مَفَازًا (٣١) حَدَائِقَ وَأَعْنَابًا (٣٢) وَكَوَاعِبَ أَتْرَابًا (٣٣) وَكَأْسًا دِهَاقًا (٣٤) لَا يَسْمَعُونَ فِيهَا لَغْوًا وَلَا كِذَّابًا (٣٥) جَزَاءً مِنْ رَبِّكَ عَطَاءً حِسَابًا (٣٦) رَبِّ السَّمَاوَاتِ وَالْأَرْضِ وَمَا بَيْنَهُمَا الرَّحْمَٰنِ ۖ لَا يَمْلِكُونَ مِنْهُ خِطَابًا (٣٧)
(31) തീര്‍ച്ചയായും സൂക്ഷ്മത പാലിച്ചവര്‍ക്ക് വിജയമുണ്ട്. (32) അതായത് (സ്വര്‍ഗത്തിലെ) തോട്ടങ്ങളും മുന്തിരികളും, (33) തുടുത്ത മാര്‍വിടമുള്ള സമപ്രായക്കാരായ തരുണികളും. (34) നിറഞ്ഞ പാനപാത്രങ്ങളും. (35) അവിടെ അനാവശ്യമായ ഒരു വാക്കോ ഒരു വ്യാജവാര്‍ത്തയോ അവര്‍ കേള്‍ക്കുകയില്ല. (36) (അത്) നിന്റെ രക്ഷിതാവിങ്കല്‍ നിന്നുള്ള ഒരു പ്രതിഫലവും കണക്കൊത്ത ഒരു സമ്മാനവുമാകുന്നു. (37) ആകാശങ്ങളുടെയും ഭൂമിയുടെയും അവയ്ക്കിടയിലുള്ളതിന്റെയും രക്ഷിതാവും പരമകാരുണികനുമായുള്ളവന്റെ (സമ്മാനം). അവനുമായി സംഭാഷണത്തില്‍ ഏര്‍പ്പെടാന്‍ അവര്‍ക്കു സാധിക്കുകയില്ല.

(31). കുറ്റവാളികളുടെ അവസ്ഥകള്‍ വിവരിക്കുമ്പോള്‍ തന്നെ സൂക്ഷ്മത പാലിക്കുന്നവരുടെ പര്യവസാനവും വിശദീകരിക്കുന്നു. (തീര്‍ച്ചയായും സൂക്ഷ്മത പാലിക്കുന്നവര്‍ക്ക് വിജയമുണ്ട്). കല്‍പനകളെ മുറുകെപ്പിടിച്ച് വിരോധങ്ങളില്‍ നിന്ന് വിട്ടുനിന്ന് അല്ലാഹുവിന്റെ കോപത്തെ സൂക്ഷിച്ചവര്‍ക്ക് രക്ഷയും വിജയവുമുണ്ട്. നരകത്തില്‍ നിന്ന് അകറ്റപ്പെടുകയും ചെയ്യും. 

(32). ആ വിജയ സ്ഥാനത്ത് അവര്‍ക്ക് (തോട്ടങ്ങള്‍) ഉണ്ട്. പഴങ്ങള്‍ കൊണ്ട് പ്രശോഭിതമായ വ്യത്യസ്ത ഇനം മരങ്ങള്‍ ഉള്‍ക്കൊള്ളുന്ന തോട്ടങ്ങളും (മുന്തിരികളും). അവയ്ക്കിടയിലൂടെ പുഴകളൊഴുകും. തോട്ടങ്ങളില്‍ മുന്തിരിയെ പ്രത്യേകം എടുത്തുപറയാന്‍ കാരണം അതിന്റെ ആധിക്യവും പഴങ്ങളില്‍ അതിനുള്ള ശ്രേഷ്ഠതയുമാണ്.

(33). മനസ്സിന്റെ താല്‍പര്യമനുസരിച്ചുള്ള ഇണകളും അതിലവര്‍ക്കുണ്ട്. (തുടുത്ത മാറിടമുള്ള). മാറിടം ഉയര്‍ന്നു നില്‍ക്കുന്നവര്‍, ഭംഗി കൊണ്ടും യുവത്വം കൊണ്ടും ശക്തികൊണ്ടും സ്തനം തുടുത്തുതന്നെ നില്‍ക്കുന്നവര്‍. (സമപ്രായക്കാരായ) പ്രായത്തില്‍ അടുത്തു നില്‍ക്കുന്ന; ഒരേ പ്രായക്കാര്‍. പ്രായത്തില്‍ ഒരുപോലെയുള്ളവര്‍ സാധാരണ പരസ്പരം ഇണക്കമുള്ളവരും സഹവാസ മനഃസ്ഥിതിയുള്ളവരുമായിരിക്കും. ആ പ്രായം 33 വയസ്സാണ്. യുവത്വത്തിന്റെ ഏറ്റവും നല്ല പ്രായം.

(34). (നിറഞ്ഞ പാനപാത്രങ്ങളും). മദ്യത്താല്‍ നിറക്കപ്പെട്ടത്, കുടിക്കുന്നവര്‍ക്ക് രുചികരമായ മദ്യം.

(35). (അനാവശ്യമായ ഒരു വാക്ക് അവര്‍ കേള്‍ക്കുകയില്ല). അതായത് പ്രയോജനമില്ലാത്ത വാക്ക്, (വ്യാജമായതും) കുറ്റകരമായതും.

لَا يَسْمَعُونَ فِيهَا لَغْوًا وَلَا تَأْثِيمًا (٢٥) إِلَّا قِيلًا سَلَامًا سَلَامًا (٢٦)

''അനാവശ്യ വാക്കോ കുറ്റപ്പെടുത്തലോ അവര്‍ അവിടെ വെച്ച് കേള്‍ക്കുകയില്ല. സമാധാനം, സമാധാനം എന്നുള്ള വാക്കുകളല്ലാതെ'' (56:25-26).

(36). ഈ മഹത്തായ പ്രതിഫലം അല്ലാഹു നല്‍കുന്നത് അവന്റെ ഔദാര്യം കൊണ്ടും നന്മ കൊണ്ടുമാണ്. (അത് നിന്റെ രക്ഷിതാവിങ്കല്‍ നിന്നുള്ള ഒരു പ്രതിഫലവും കണക്കൊത്ത ഒരു സമ്മാനവുമാകുന്നു). അല്ലാഹുവിന്റെ സഹായത്താല്‍ അവര്‍ പ്രവര്‍ത്തിച്ച സല്‍പ്രവര്‍ത്തനങ്ങള്‍ കാരണമാണത്. അങ്ങനെ അല്ലാഹുവിന്റെ ആദരവ് ലഭിക്കുന്നതിനുള്ള നിമിത്തമാക്കുകയും ചെയ്തു.

(37). ഈ സമ്മാനം നല്‍കിയത് അവരുടെ രക്ഷിതാവാണ്. (ആകാശങ്ങളുടെയും ഭൂമിയുടെയും അവയ്ക്കിടയിലുള്ളതിന്റെയും രക്ഷിതാവ്). അവയെ സൃഷ്ടിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നവന്‍. (പരമകാരുണികന്‍) എല്ലാറ്റിലും അവന്റെ കാരുണ്യം വിശാലമായിരിക്കുന്നു. അവരെ വളര്‍ത്തുകയും അനുഗ്രഹിക്കുകയും ചെയ്യുന്നവന്‍. അവരോട് വാല്‍സല്യം കാണിക്കുകയും അവര്‍ക്ക് ലഭിച്ചതെല്ലാം നല്‍കുകയും ചെയ്തവന്‍.

പിന്നീട് പരലോകത്തുള്ള അവന്റെ ഉന്നതമായ അധികാരവും മഹത്ത്വവും എടുത്തുപറയുന്നു. അന്ന് എല്ലാ സൃഷ്ടികളും നിശ്ശബ്ദരായിരിക്കും. (അവനുമായി സംഭാഷണത്തിലേര്‍പ്പെടാന്‍ അവര്‍ക്കു സാധിക്കുകയില്ല) പരമ കാരുണികനായ അല്ലാഹു അനുവാദം നല്‍കിയിട്ടുള്ളവനും സത്യം പറഞ്ഞിട്ടുള്ളവനുമല്ലാതെ. രണ്ട് നിബന്ധനകളോടെ മാത്രമെ അന്ന് സംസാരിക്കാനാവൂ. സംസാരിക്കാന്‍ അനുമതി വേണം, സംസാരിക്കുന്നത് സത്യമായിരിക്കണം. കാരണം (ആ ദിവസം) അത് (സത്യമായതാണ്). അന്ന് അസത്യം ഉന്നയിക്കില്ല. കളവ് പ്രയോജനപ്പെടുകയുമില്ല.