മുത്വഫ്ഫീന്‍ (അളവില്‍ കമ്മി വരുത്തുന്നവര്‍)

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2019 ജനുവരി 19 1440 ജുമാദല്‍ അവ്വല്‍ 13

അധ്യായം: 83, ഭാഗം: 2

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

إِذَا تُتْلَىٰ عَلَيْهِ ءَايَٰتُنَا قَالَ أَسَٰطِيرُ ٱلْأَوَّلِينَ (١٣) كَلَّا ۖ بَلْ ۜ رَانَ عَلَىٰ قُلُوبِهِم مَّا كَانُوا۟ يَكْسِبُونَ (١٤) كَلَّآ إِنَّهُمْ عَن رَّبِّهِمْ يَوْمَئِذٍ لَّمَحْجُوبُونَ (١٥) ثُمَّ إِنَّهُمْ لَصَالُوا۟ ٱلْجَحِيمِ (١٦) ثُمَّ يُقَالُ هَٰذَا ٱلَّذِى كُنتُم بِهِۦ تُكَذِّبُونَ (١٧) كَلَّآ إِنَّ كِتَٰبَ ٱلْأَبْرَارِ لَفِى عِلِّيِّينَ (١٨) وَمَآ أَدْرَىٰكَ مَا عِلِّيُّونَ (١٩) كِتَٰبٌ مَّرْقُومٌ (٢٠) يَشْهَدُهُ ٱلْمُقَرَّبُونَ (٢١) إِنَّ ٱلْأَبْرَارَ لَفِى نَعِيمٍ (٢٢) عَلَى ٱلْأَرَآئِكِ يَنظُرُونَ (٢٣) تَعْرِفُ فِى وُجُوهِهِمْ نَضْرَةَ ٱلنَّعِيمِ (٢٤) يُسْقَوْنَ مِن رَّحِيقٍ مَّخْتُومٍ (٢٥) خِتَٰمُهُۥ مِسْكٌ ۚ وَفِى ذَٰلِكَ فَلْيَتَنَافَسِ ٱلْمُتَنَٰفِسُونَ (٢٦) وَمِزَاجُهُۥ مِن تَسْنِيمٍ (٢٧) عَيْنًا يَشْرَبُ بِهَا ٱلْمُقَرَّبُونَ (٢٨)
(13) അവന്ന് നമ്മുടെ ദൃഷ്ടാന്തങ്ങള്‍ ഓതിക്കേള്‍പിക്കപ്പെടുകയാണെങ്കില്‍ അവന്‍ പറയും; പൂര്‍വികന്‍മാരുടെ ഐതിഹ്യങ്ങളാണെന്ന്. (14) അല്ല; പക്ഷേ, അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത് അവരുടെ ഹൃദയങ്ങളില്‍ കറയുണ്ടാക്കിയിരിക്കുന്നു. (15) അല്ല; തീര്‍ച്ചയായും അവര്‍ അന്നേ ദിവസം അവരുടെ രക്ഷിതാവില്‍ നിന്ന് മറയ്ക്കപ്പെടുന്നവരാകുന്നു. (16) പിന്നീടവര്‍ ജ്വലിക്കുന്ന നരകാഗ്‌നിയില്‍ കടന്നെരിയുന്നവരാകുന്നു. (17) പിന്നീട് പറയപ്പെടും; ഇതാണ് നിങ്ങള്‍ നിഷേധിച്ചുതള്ളിക്കൊണ്ടിരുന്ന കാര്യം. (18) നിസ്സംശയം; പുണ്യവാന്മാരുടെ രേഖ ഇല്ലിയ്യൂനില്‍ തന്നെയായിരിക്കും. (19) ഇല്ലിയ്യൂന്‍ എന്നാല്‍ എന്താണെന്ന് നിനക്കറിയുമോ? (20) എഴുതപ്പെട്ട ഒരു രേഖയത്രെ അത്. (21) സാമീപ്യം സിദ്ധിച്ചവര്‍ അതിന്റെ അടുക്കല്‍ സന്നിഹിതരാകുന്നതാണ്. (22) തീര്‍ച്ചയായും സുകൃതവാന്മാര്‍ സുഖാനുഭവത്തില്‍ തന്നെയായിരിക്കും. (23) സോഫകളിലിരുന്ന് അവര്‍ നോക്കിക്കൊണ്ടിരിക്കും. (24) അവരുടെ മുഖങ്ങളില്‍ സുഖാനുഭവത്തിന്റെ തിളക്കം നിനക്കറിയാം. (25) മുദ്രവെക്കപ്പെട്ട ശുദ്ധമായ മദ്യത്തില്‍ നിന്ന് അവര്‍ക്ക് കുടിക്കാന്‍ നല്‍കപ്പെടും. (26) അതിന്റെ മുദ്ര കസ്തൂരിയായിരിക്കും. മത്സരിക്കുന്നവര്‍ അതിനു വേണ്ടി മത്സരിക്കട്ടെ (27) അതിലെ ചേരുവ തസ്‌നീം ആയിരിക്കും. (28) അതായത് സാമീപ്യം സിദ്ധിച്ചവര്‍ കുടിക്കുന്ന ഒരു ഉറവ് ജലം.

(13-14) (അവന് നമ്മുടെ ദൃഷ്ടാന്തങ്ങള്‍ ഓതിക്കേള്‍പിക്കപ്പെടുകയാണെങ്കില്‍) സത്യം ബോധ്യപ്പെടുത്തുന്നതും പ്രവാചകന്മാരുടെ സത്യതയെ അറിയിക്കുന്നതുമായ വചനങ്ങള്‍ കളവാക്കുകയും നിഷേധിക്കുകയും ചെയ്യുന്നു. (അവന്‍ പറയും:) ഇത് (പൂര്‍വികന്മാരുടെ ഐതിഹ്യങ്ങളാണെന്ന്). അഹങ്കാരത്താലും ധിക്കാരത്താലും അവര്‍ പറയുന്നു. ഇത് അല്ലാഹുവിന്റെ അടുക്കല്‍ നിന്നുള്ളതല്ല, മുന്‍ സമുദായങ്ങളുടെ വര്‍ത്തമാനങ്ങളാണ്, പൂര്‍വിക ജല്‍പനങ്ങളാണ് എന്ന്. എന്നാല്‍ നീതിയുടെ പക്ഷത്ത് നില്‍ക്കുന്നവര്‍ വ്യക്തമായ സത്യത്തെയാണ് ലക്ഷ്യമാക്കുന്നത്. അവന്‍ പരലോകത്തെ കളവാക്കുകയില്ല. കാരണം അതിനു മാത്രം ഖണ്ഡിതമായ തെളിവുകളും രേഖകളും അല്ലാഹു അതിന് നിലനിര്‍ത്തിയിട്ടുണ്ട്. അങ്ങനെ അതിനെ ഉറച്ച സത്യമാക്കി. അവരുടെ ദൃഷ്ടികളില്‍ അത് സൂര്യനെപ്പോലെ വ്യക്തമാണ്. എന്നാല്‍ താന്‍ സമ്പാദിച്ച തിന്മക്കറകളാല്‍ ഹൃദയത്തില്‍ കറപിടിച്ചവന്‍, തെറ്റുകളില്‍ മൂടിയവന്‍ സത്യത്തെ തൊട്ട് മറ വീണവനാണ്.

(15) (അല്ല തീര്‍ച്ചയായും അവന്‍ അന്നേ ദിവസം അവരുടെ രക്ഷിതാവില്‍ നിന്ന് മറയ്ക്കപ്പെടുന്നതാകുന്നു). ഇത് അവന്റെ നിലപാടിന്റെ ഫലമാണ്. അല്ലാഹുവില്‍ നിന്ന് അവന് മറയിടപ്പെട്ടു. അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളില്‍ നിന്ന് അവന്റെ ഹൃദയം മറയിട്ടതുപോലെ.

(16) (പിന്നീടവര്‍) ഈ വലിയ ശിക്ഷയോടൊപ്പം (ജ്വലിക്കുന്ന നരകാഗ്നിയില്‍ കടന്നെരിയുന്നവരാകുന്നു).

(17) പിന്നീട് അവനെ അപമാനിച്ചും പരിഹസിച്ചും അവനോട് പറയപ്പെട്ടും (ഇതാണ് നിങ്ങള്‍ നിഷേധിച്ചു തള്ളിക്കൊണ്ടിരുന്ന കാര്യം). മൂന്ന് തരം ശിക്ഷകള്‍ അവര്‍ക്കുണ്ടെന്നാണ് ഇവിടെ പറഞ്ഞത്. നരകശിക്ഷ, ആക്ഷേപത്തിന്റെയും അപമാനത്തിന്റെയും ശിക്ഷ, അല്ലാഹുവില്‍ നിന്നു മറയിടപ്പെടുന്ന ശിക്ഷ. ഇതില്‍ അല്ലാഹുവിന്റെ കോപവും വെറുപ്പുമുണ്ട്. അതിനാല്‍ അത് നരകശിക്ഷയെക്കാളും കഠിനമാണ്.

ഈ വചനത്തില്‍ നിന്ന് വ്യക്തമാവുന്ന മറ്റൊരു കാര്യം, ഉയിര്‍ത്തെഴുന്നേല്‍പ് നാളില്‍ സ്വര്‍ഗത്തില്‍ വെച്ച് വിശ്വാസികള്‍ തങ്ങളുടെ രക്ഷിതാവിനെ കണ്ടുമുട്ടുമെന്നതാണ്. ആ കാഴ്ച മൂലം മറ്റെല്ലാ ആസ്വാദനത്തെക്കാളും ആനന്ദകരമാണ്. അവനോടുള്ള അഭിമുഖത്താല്‍ അവര്‍ ആഹ്ലാദിക്കുകയും അവന്റെ സാമീപ്യത്താല്‍ അവര്‍ സന്തോഷിക്കുകയും ചെയ്യും. ഈ കാര്യം ധാരാളം ക്വുര്‍ആന്‍ വചനങ്ങളിലും നബിവചനങ്ങളിലും വന്നിട്ടുണ്ട്.

മറ്റൊരു കാര്യം ഈ വചനത്തിലുള്ളത് തിന്മയെക്കുറിച്ചുള്ള താക്കീതാണ്. അത് ഹൃദയത്തെ മൂടുകയും അല്‍പാല്‍പമായി കറപിടിപ്പിക്കുകയും ചെയ്യും. അങ്ങനെ അവന്റെ ഹൃദയത്തിന്റെ വെളിച്ചം അണയും. ഉള്‍ക്കാഴ്ച മരിക്കും. യാഥാര്‍ഥ്യബോധം തലകീഴായി മറിയും. സത്യത്തെ അസത്യമായി കാണും. അസത്യത്തെ സത്യമായി കാണും. ഇത് പാപങ്ങള്‍ക്കുള്ള ഏറ്റവും വലിയ ശിക്ഷയാണ്.

(18-22) അധര്‍മകാരികളുടെ രേഖ ഏറ്റവും താഴ്ന്നതും ഇടുങ്ങിയതുമായ സ്ഥലത്താണെന്ന് പറഞ്ഞപ്പോള്‍ പുണ്യവാന്മാരുടെ രേഖ ഏറ്റവും ഉന്നതവും വിശാലവുമായ സ്ഥാനത്താണെന്നു പറഞ്ഞു. അവരുടെ രേഖ എഴുതപ്പെട്ടതാണ്. (സാമീപ്യം സിദ്ധിച്ചവര്‍ അതിന്റെ അടുക്കല്‍ സന്നിഹിതരാകുന്നതാണ്.). അതായത് ആദരണീയരായ മലക്കുകള്‍ പ്രവാചകന്മാരുടെയും സത്യവാന്മാരുടെയും രക്തസാക്ഷികളുടെയും ആത്മാവുകള്‍. ഉന്നത ലോകത്ത് അവരെ പരാമര്‍ശിക്കുന്നതിലൂടെ പ്രശസ്തരാകും. ഇല്ലിയ്യൂന്‍ എന്നത് സ്വര്‍ഗത്തില്‍ ഉന്നതമായതാണ്. അവരുടെ രേഖയെക്കുറിച്ച് പറഞ്ഞപ്പോള്‍ അവര്‍ സുഖാനുഗ്രഹത്തിലാണെന്നു പറഞ്ഞു. അതില്‍ ഹൃദയവും ആത്മാവും ശരീരവും അനുഭവിക്കുന്ന സര്‍വ സുഖങ്ങളും ഉള്‍പ്പെടുന്നു.

(23) (സോഫകളിലായി) മനോഹരമായ വിരിപ്പുകളില്‍ അലംകൃതമായ കട്ടിലുകളില്‍ (അവര്‍ നോക്കിക്കൊണ്ടിരിക്കും). അവര്‍ക്ക് അല്ലാഹു തയ്യാറാക്കിയ സന്തോഷങ്ങളിലേക്ക്; ഔദാര്യവാനായ അവരുടെ രക്ഷിതാവിന്റെ മുഖത്തേക്കും.

(24) (നിനക്കറിയാം) അവരിലേക്ക് നോക്കുന്നവന്. (അവരുടെ മുഖങ്ങളില്‍ സുഖാനുഗ്രഹത്തിന്റെ തിളക്കം) അതിന്റെ ശോഭയും പ്രസന്നതയും ഭംഗിയും എന്നര്‍ഥം.

(25-26) (ശുദ്ധമായ മദ്യത്തില്‍ നിന്ന് അവര്‍ക്ക് കുടിക്കാന്‍ നല്‍കപ്പെടും). അത് പാനീയങ്ങളില്‍ ഏറ്റവും ശുദ്ധവും രുചിയേറിയതുമായിരിക്കും. (മുദ്രവെക്കപ്പെട്ടത്) ആണ് ആ പാനീയം. (അതിന്റെ മുദ്ര കസ്തൂരിയായിരിക്കും). മുദ്രവെക്കപ്പെട്ടത് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് അതിന്റെ ആസ്വാദനത്തെ മറക്കുന്നതോ രുചിയെ കേടുവരുത്തുന്നതോ ആയ ഒന്നും അതില്‍ പ്രവേശിക്കുകയില്ല എന്നാണ്. അതിനാണ് കസ്തൂരി കൊണ്ടുള്ള മുദ്ര. മറ്റൊരാശയം: ആ മദ്യം കുടിച്ചുതീരുമ്പോള്‍ പാത്രത്തിനടിയില്‍ അവസാനമെത്തുന്നത് കസ്തൂരിയായിരിക്കും. ഇവിടെ ഈ അവശിഷ്ടം ഒഴിച്ചുകളയലാണ് അവിടെ അത് ഏറ്റവും ശ്രേഷ്ഠമായതാണ്. (അതിനു വേണ്ടി) അല്ലാഹുവിനല്ലാതെ മേന്മയും അളവും ഒരാള്‍ക്കുമറിയാത്ത നിത്യ സുഖജീവിതത്തിനു വേണ്ടി. (മത്സരിക്കുന്നവര്‍ അതിനു വേണ്ടി മത്സരിക്കട്ടെ). അതിലേക്കെത്തിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ധൃതി കാണിക്കാന്‍ അവര്‍ മത്സരിക്കട്ടെ. ഏറ്റവും വിലയേ ചെലവഴിക്കപ്പെട്ടത് ഇതിലാണ്. ഉന്നതരായ ആളുകള്‍ എത്താനായത്/ തിരക്കു കൂട്ടാന്‍ അവകാശപ്പെട്ടത്. 

(27-28) (ഈ പാനീയം, അതിലെ ചേരുവ തസ്‌നീം ആയിരിക്കും. അതായത് സാമീപ്യം സിദ്ധിച്ചവര്‍ കുടിക്കുന്ന ഒരു ഉറവു ജലം). അവര്‍ക്കു മാത്രം സ്വര്‍ഗ പാനീയങ്ങളില്‍ ഏറ്റവും ഉന്നതമായത്. അതിനാല്‍ തന്നെ അത് സാമീപ്യം സിദ്ധിച്ചവര്‍ക്ക് മാത്രം പ്രത്യേകമാണ്; സൃഷ്ടികളില്‍ ഉന്നത സ്ഥാനീയര്‍ക്ക്. നന്മയുടെ പക്ഷക്കാര്‍ക്കു വേണ്ടി കലര്‍ത്തിയുണ്ടാക്കിയത്. രുചികരമായ പാനീയങ്ങളും ശുദ്ധമായ മദ്യവും ചേര്‍ത്തത്.