നബഅ് (വൃത്താന്തം) 

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2019 മാര്‍ച്ച് 02 1440 ജുമാദല്‍ ആഖിര്‍ 25

അധ്യായം: 78, ഭാഗം: 4

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

يَوْمَ يَقُومُ الرُّوحُ وَالْمَلَائِكَةُ صَفًّا ۖ لَا يَتَكَلَّمُونَ إِلَّا مَنْ أَذِنَ لَهُ الرَّحْمَٰنُ وَقَالَ صَوَابًا (٣٨) ذَٰلِكَ الْيَوْمُ الْحَقُّ ۖ فَمَنْ شَاءَ اتَّخَذَ إِلَىٰ رَبِّهِ مَآبًا (٣٩) إِنَّا أَنْذَرْنَاكُمْ عَذَابًا قَرِيبًا يَوْمَ يَنْظُرُ الْمَرْءُ مَا قَدَّمَتْ يَدَاهُ وَيَقُولُ الْكَافِرُ يَا لَيْتَنِي كُنْتُ تُرَابًا (٤٠)
(38) റൂഹും മലക്കുകളും അണിയായി നില്‍ക്കുന്ന ദിവസം. പരമകാരുണികനായ അല്ലാഹു അനുവാദം നല്‍കിയിട്ടുള്ളവനും സത്യം പറഞ്ഞിട്ടുള്ളവനുമല്ലാതെ അന്ന് സംസാരിക്കുകയില്ല. (39) അതത്രെ യഥാര്‍ഥമായ ദിവസം. അതിനാല്‍ വല്ലവനും ഉദ്ദേശിക്കുന്ന പക്ഷം തന്റെ രക്ഷിതാവിങ്കലേക്കുള്ള മടക്കത്തിന്റെ മാര്‍ഗം അവന്‍ സ്വീകരിക്കട്ടെ. (40) ആസന്നമായ ഒരു ശിക്ഷയെ പറ്റി തീര്‍ച്ചയായും നിങ്ങള്‍ക്കു നാം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നു. മനുഷ്യന്‍ തന്റെ കൈകള്‍ മുന്‍കൂട്ടി ചെയ്തുവെച്ചത് നോക്കിക്കാണുകയും, അയ്യോ ഞാന്‍ മണ്ണായിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനെ എന്ന് സത്യനിഷേധി പറയുകയും ചെയ്യുന്ന ദിവസം.

38) അത് (റൂഹ് നില്‍ക്കുന്ന ദിവസം) മലക്കുകളില്‍ ശ്രേഷ്ഠനായ ജിബ്‌രീല്‍ ആണത്. (മലക്കുകള്‍) അതായത് മുഴുവന്‍ മലക്കുകളും. (അണിയായി) അല്ലാഹുവിന് കീഴ്‌പ്പെട്ടവരായി. (പരമകാരുണികനായ അല്ലാഹു അനുവാദം നല്‍കിയിട്ടുള്ളവനും സത്യം പറഞ്ഞിട്ടുള്ളവനുമല്ലാതെ അന്ന് സംസാരിക്കുകയില്ല). ആഗ്രഹമുണ്ടാക്കിയും ഭയപ്പെടുത്തിയും സന്തോഷിപ്പിച്ചും താക്കീത് ചെയ്തും അല്ലാഹു പറയുന്നു.

39) (അതത്രെ യഥാര്‍ഥ ജീവിതം. അതിനാല്‍ വല്ലവനും ഉദ്ദേശിക്കുന്ന പക്ഷം അവന്റെ രക്ഷിതാവിങ്കലേക്കുള്ള മടക്കത്തിന്റെ മാര്‍ഗം അവന്‍ സ്വീകരിക്കട്ടെ). നന്മയാലും സത്യത്തിന്റെ പദവിയാലും അവന്‍ അന്ത്യനാളില്‍ അവങ്കലേക്ക് മടങ്ങും.

40) (ആസന്നമായ ഒരു ശിക്ഷയെപ്പറ്റി തീര്‍ച്ചയായും നിങ്ങള്‍ക്ക് നാം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നു). കാരണം അത് മുന്നോട്ടടുക്കുകയാണ്. വന്നുകൊണ്ടിരിക്കുന്നതെല്ലാം അടുത്തതാണല്ലോ. (മനുഷ്യന്‍ തന്റെ കൈകള്‍ മുന്‍കൂട്ടി ചെയ്തുവെച്ചത് നോക്കിക്കാണും). ഇതിന് പ്രാധാന്യം നല്‍കുകയും ഭയപ്പെടുകയും ചെയ്യുന്നവന്‍ ഈ ലോകത്തു വെച്ച് സ്ഥിരതാമസത്തിന്റെ ഭവനത്തിനു വേണ്ടി ചെയ്തു വെച്ചത് എന്താണെന്ന് നോക്കട്ടെ.

يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّهَ وَلْتَنظُرْ نَفْسٌ مَّا قَدَّمَتْ لِغَدٍ ۖ وَاتَّقُوا اللَّهَ ۚ إِنَّ اللَّهَ خَبِيرٌ بِمَا تَعْمَلُونَ

 ''സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. ഓരോ വ്യക്തിയും താന്‍ നാളേക്ക് വേണ്ടി എന്തൊരു മുന്നൊരുക്കമാണ് ചെയ്തു വെച്ചിട്ടുള്ളതെന്ന് നോക്കിക്കൊള്ളട്ടെ. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. തീര്‍ച്ചയായും അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെ പറ്റി സൂക്ഷ്മജ്ഞാനമുള്ളവനാകുന്നു'' (59:18).

നല്ലതു വന്നാല്‍ അല്ലാഹുവിനെ സ്തുതിക്കുക. മറിച്ചാണെങ്കില്‍ തന്നെത്തന്നെ ആക്ഷേപിക്കുകയും ചെയ്യുക. അതുകൊണ്ട് കഠിനമായ ഖേദത്താലും നഷ്ടബോധത്താലും അവിശ്വാസികള്‍ മരണത്തെ ആഗ്രഹിക്കുന്നു. (ഞാന്‍ മണ്ണായിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനെ എന്ന് സത്യനിഷേധി പറയുകയും ചെയ്യുന്ന ദിവസം).

എല്ലാ ദോഷങ്ങളില്‍ നിന്നും അവിശ്വാസത്തില്‍ നിന്നും അല്ലാഹു നമ്മെ കാത്തുരക്ഷിക്കട്ടെ. അവന്‍ അങ്ങേയറ്റത്തെ ഔദാര്യവാനാണ്.