മുര്‍സലാത്ത് (അയക്കപ്പെടുന്നവ)

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2019 ജൂണ്‍ 08 1440 ശവ്വാൽ 05

അധ്യായം: 77, ഭാഗം: 3

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

هَٰذَا يَوْمُ لَا يَنْطِقُونَ (٣٥) وَلَا يُؤْذَنُ لَهُمْ فَيَعْتَذِرُونَ (٣٦) وَيْلٌ يَوْمَئِذٍ لِلْمُكَذِّبِينَ (٣٧) هَٰذَا يَوْمُ الْفَصْلِ ۖ جَمَعْنَاكُمْ وَالْأَوَّلِينَ (٣٨) فَإِنْ كَانَ لَكُمْ كَيْدٌ فَكِيدُونِ (٣٩) وَيْلٌ يَوْمَئِذٍ لِلْمُكَذِّبِينَ (٤٠) إِنَّ الْمُتَّقِينَ فِي ظِلَالٍ وَعُيُونٍ (٤١) وَفَوَاكِهَ مِمَّا يَشْتَهُونَ (٤٢) كُلُوا وَاشْرَبُوا هَنِيئًا بِمَا كُنْتُمْ تَعْمَلُونَ (٤٣) إِنَّا كَذَٰلِكَ نَجْزِي الْمُحْسِنِينَ (٤٤) وَيْلٌ يَوْمَئِذٍ لِلْمُكَذِّبِينَ (٤٥) كُلُوا وَتَمَتَّعُوا قَلِيلًا إِنَّكُمْ مُجْرِمُونَ (٤٦) وَيْلٌ يَوْمَئِذٍ لِلْمُكَذِّبِينَ (٤٧) وَإِذَا قِيلَ لَهُمُ ارْكَعُوا لَا يَرْكَعُونَ (٤٨) وَيْلٌ يَوْمَئِذٍ لِلْمُكَذِّبِينَ (٤٩) فَبِأَيِّ حَدِيثٍ بَعْدَهُ يُؤْمِنُونَ (٥٠)
(35) അവര്‍ മിണ്ടാത്തതായ ദിവസമാകുന്നു ഇത്. (36) അവര്‍ക്ക് ഒഴികഴിവു ബോധിപ്പിക്കാന്‍ അനുവാദം നല്‍കപ്പെടുകയുമില്ല. (37) അന്നേദിവസം നിഷേധിച്ചു തള്ളിയവര്‍ക്കാകുന്നു നാശം (38) (അന്ന് അവരോട് പറയപ്പെടും:) തീരുമാനത്തിന്റെ ദിവസമാണിത്. നിങ്ങളെയും പൂര്‍വികന്മാരെയും നാം ഇതാ ഒരുമിച്ചുകൂട്ടിയിരിക്കുന്നു. (39) ഇനി നിങ്ങള്‍ക്ക് വല്ല തന്ത്രവും പ്രയോഗിക്കാനുണ്ടെങ്കില്‍ ആ തന്ത്രം പ്രയോഗിച്ചു കൊള്ളുക. (40) അന്നേദിവസം നിഷേധിച്ചു തള്ളിയവര്‍ക്കാകുന്നു നാശം (41) തീര്‍ച്ചയായും സൂക്ഷ്മത പാലിച്ചവര്‍ (സ്വര്‍ഗത്തില്‍) തണലുകളിലും അരുവികള്‍ക്കിടയിലുമാകുന്നു. (42) അവര്‍ ഇഷ്ടപ്പെടുന്ന തരത്തിലുള്ള പഴവര്‍ഗങ്ങള്‍ക്കിടയിലും. (43) (അവരോട് പറയപ്പെടും:) നിങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതിന്റെ ഫലമായി ആഹ്ലാദത്തോടെ നിങ്ങള്‍ തിന്നുകയും കുടിക്കുകയും ചെയ്തുകൊള്ളുക. (44) തീര്‍ച്ചയായും നാം അപ്രകാരമാകുന്നു സദ്‌വൃത്തര്‍ക്ക് പ്രതിഫലം നല്‍കുന്നത്. (45) അന്നേദിവസം നിഷേധിച്ചു തള്ളിയവര്‍ക്കാകുന്നു നാശം (46) (അവരോട് പറയപ്പെടും:) നിങ്ങള്‍ അല്‍പം തിന്നുകയും സുഖമനുഭവിക്കുകയും ചെയ്തു കൊള്ളുക. തീര്‍ച്ചയായും നിങ്ങള്‍ കുറ്റവാളികളാകുന്നു. (47) അന്നേദിവസം നിഷേധിച്ചു തള്ളിയവര്‍ക്കാകുന്നു നാശം (48) അവരോട് കുമ്പിടൂ എന്ന് പറയപ്പെട്ടാല്‍ അവര്‍ കുമ്പിടുകയില്ല. (49) അന്നേദിവസം നിഷേധിച്ചു തള്ളിയവര്‍ക്കാകുന്നു നാശം (50) ഇനി ഇതിന് (ക്വുര്‍ആനിന്) ശേഷം ഏതൊരു വര്‍ത്തമാനത്തിലാണ് അവര്‍ വിശ്വസിക്കുന്നത്?

35). സത്യനിഷേധികള്‍ക്ക് ഈ വമ്പിച്ച ദിനം അതികഠിനമായിരിക്കും. ശക്തമായ ഭയത്താലും ഭീതിയാലും അവര്‍ സംസാരിക്കുകയില്ല.

36). (അവര്‍ക്ക് ഒഴികഴിവ് ബോധിപ്പിക്കാന്‍ അനുവാദം നല്‍കപ്പെടുകയുമില്ല) അതായത് അവരുടെ ഒഴികഴിവ് സ്വീകരിക്കപ്പെടുകയില്ല. എത്ര തന്നെ ഒഴികഴിവ് ബോധിപ്പിച്ചാലും.

''എന്നാല്‍ അക്രമം പ്രവര്‍ത്തിച്ചവര്‍ക്ക് അന്നത്തെ ദിവസം അവരുടെ ഒഴികഴിവ് പ്രയോജനപ്പെടുകയില്ല. അവര്‍ പശ്ചാത്തപിക്കാന്‍ അനുശാസിക്കപ്പെടുന്നതുമല്ല.'' (30:57)

38). തീരുമാനത്തിന്റെ ദിവസമാണിത്. നിങ്ങളെയും പൂര്‍വികന്മാരെയും നാം ഇതാ ഒരുമിച്ച് കൂട്ടിയിരിക്കുന്നു) നിങ്ങള്‍ക്കിടയില്‍ തീര്‍പ്പ് കല്‍പിക്കാന്‍ സൃഷ്ടികള്‍ക്കിടയില്‍ വിധി പറയാന്‍.

(39-40). (ഇനി നിങ്ങള്‍ക്ക് വല്ല തന്ത്രവും പ്രയോഗിക്കാനുണ്ടെങ്കില്‍) എന്റെ ആധിപത്യത്തില്‍ നിന്ന് പുറത്തുകടക്കാനോ എന്റ ശിക്ഷയില്‍ നിന്ന് രക്ഷപ്പെടാനോ നിങ്ങള്‍ക്ക് കഴിയുമെങ്കില്‍ (ആ തന്ത്രം പ്രയോഗിച്ചു കൊള്ളുക). നിങ്ങള്‍ക്ക് അധികാരമോ കഴിവോ ഇല്ലെന്നര്‍ഥം.

''ജിന്നുകളുടെയും മനുഷ്യരുടെയും സമൂഹമേ, ആകാശങ്ങളുടെയും ഭൂമിയുടെയും മേഖലകളില്‍ നിന്ന് പുറത്ത് കടന്നുപോകാന്‍ നിങ്ങള്‍ക്ക് സാധിക്കുന്ന പക്ഷം നിങ്ങള്‍ കടന്നുപോയിക്കൊള്ളുക. ഒരു അധികാരം ലഭിച്ചിട്ടല്ലാതെ നിങ്ങള്‍ കടന്നു പോകുകയില്ല''(55:33).

ആ ദിനം അക്രമികളുടെ സൂത്രങ്ങള്‍ നിഷ്ഫലമാകും. തന്ത്രങ്ങളും സൂത്രങ്ങളും പാഴായിപ്പോകും. അല്ലാഹുവിന്റെ ശിക്ഷക്ക് അവര്‍ കീഴ്‌പ്പെടും. അവരുടെ കളവും കളവാക്കലും അവര്‍ക്ക് ബോധ്യമാകും. (അന്നേദിവസം നിഷേധിച്ചു തള്ളിയവര്‍ക്കാകുന്നു നാശം).

41). നിഷേധികളുടെ ശിക്ഷയെക്കുറിച്ച് പറഞ്ഞപ്പോള്‍ തന്നെ നന്മ ചെയ്യുന്നവരുടെ പ്രതിഫലത്തെക്കുറിച്ച് പറഞ്ഞു. (തീര്‍ച്ചയായും സൂക്ഷ്മത പാലിക്കുന്നവര്‍) കളവാക്കുന്നതില്‍ നിന്നും സൂക്ഷ്മത പാലിച്ചവര്‍. സത്യപ്പെടുത്തിയവര്‍. വാക്കിലും പ്രവൃത്തിയിലുമെല്ലാം അവരുടെ അവസ്ഥ നേരത്തെ പറഞ്ഞവരുടേതല്ല. അവര്‍ ബാധ്യതകള്‍ നിറവേറ്റുകയും നിഷിദ്ധങ്ങളുപേക്ഷിക്കുകയും ചെയ്തു.

(തണലുകളിലും) വൈവിധ്യമാര്‍ന്ന ധാരാളം വൃക്ഷങ്ങളുടെയും മനോഹരമായ പുഷ്പങ്ങളുടെയും. (അരുവികള്‍ക്കിടയിലും) മദ്യവും സല്‍സബീലും മറ്റും ഒഴുകുന്ന.

42-43). (അവര്‍ ഇഷ്ടപ്പെടുന്ന തരത്തിലുള്ള പഴ വര്‍ഗങ്ങള്‍ക്കിടയിലും) പഴങ്ങളില്‍ ഏറ്റവും ഉത്തമവും വിശിഷ്ടവുമായത്. അവരോട് പറയും: (നിങ്ങള്‍ തിന്നുകയും കുടിക്കുകയും ചെയ്തുകൊള്ളുക) കൊതിപ്പിക്കുന്ന ഭക്ഷണങ്ങളില്‍ നിന്ന്, രുചികരമായ പാനീയങ്ങളില്‍ നിന്ന്. (ആഹ്ലാദത്തോടെ) അപൂര്‍ണതയോ കലക്കോ ഇല്ലാത്ത സന്തോഷമുണ്ടാകുന്നത്. ഭക്ഷണപാനീയങ്ങള്‍ സുരക്ഷിതമാകുമ്പോഴും എല്ലാ ന്യൂനതകളില്‍ നിന്നും അപകടങ്ങളില്‍ നിന്നും സുരക്ഷിതമാകുമ്പോഴുമാണ്. നിന്നുപോകാത്തതും നീങ്ങിപ്പോകാത്തതു കൂടിയാണതെന്ന് അവര്‍ക്കുറപ്പുണ്ടാവുകയും വേണം. (നിങ്ങള്‍ പ്രവര്‍ത്തിച്ചതിന്റെ ഫലമായി) നിത്യസുഖത്തിന്റെ സ്വര്‍ഗത്തിലേക്ക് നിങ്ങളെ എത്തിക്കുന്ന കാരണമാണിത്. അതായത്, നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍.

അല്ലാഹുവിനുള്ള ആരാധന നന്നായി നിര്‍വഹിച്ചവര്‍ക്കും അല്ലാഹുവിന്റെ അടിമകള്‍ക്ക് നന്മ ചെയ്തവര്‍ക്കുമെല്ലാം ഇതു തന്നെയാണ് ലഭിക്കുക.

44-45). (തീര്‍ച്ചയായും നാം അപ്രകാരമാകുന്നു സദ്‌വൃത്തര്‍ക്ക് പ്രതിഫലം നല്‍കുന്നത്. അന്നേദിവസം നിഷേധിച്ചു തള്ളിയവര്‍ക്കാകുന്നു നാശം). ഈ നാശമെന്നത് ഈ അനുഗ്രഹം നഷ്ടപ്പെടുക എന്നതു മാത്രമാണെങ്കിലും അതു മതി ദുഃഖത്തിനും ദുരിതത്തിനും.

46). ഇതും നിഷേധികള്‍ക്കുള്ള താക്കീതും ഭീഷണിയുമാണ്. കാരണം ഇഹലോകത്ത് അവര്‍ തിന്നുകയും കുടിക്കുകയും ആസ്വാദനങ്ങളില്‍ സുഖിക്കുകയും ചെയ്തു. മതകാര്യങ്ങളില്‍ അശ്രദ്ധരായി. അവരും കുറ്റവാളികള്‍ തന്നെ. കുറ്റവാളികള്‍ക്ക് അര്‍ഹമായത് അവര്‍ക്കും അര്‍ഹമായതു തന്നെ. അവരുടെ ആസ്വാദനങ്ങള്‍ അവസാനിക്കും. ചെയ്തതിന്റെ അനന്തര ഫലങ്ങള്‍ അവരുടെ മേല്‍ ശേഷിക്കുകയും ചെയ്യും.

48). അവരുടെ കുറ്റങ്ങളില്‍ പെട്ടതാണ് ശ്രേഷ്ഠമായ ആരാധനയായ നമസ്‌കാരത്തിന് കല്‍പിക്കപ്പെട്ടാല്‍ (കുമ്പിടൂ) അതിന് അവര്‍ വിസമ്മതിക്കുക എന്നത്. ഇതിലും വലിയ കുറ്റമെന്താണ്? ഇതിനപ്പുറം നിഷേധമെന്താണ്?

49). (അന്നേദിവസം നിഷേധിച്ചു തള്ളിയവര്‍ക്കാണ് നാശം) അവര്‍ക്കുള്ള നാശത്തില്‍ പെട്ടതാണ് സഹായത്തിന്റെ കവാടങ്ങള്‍ അടക്കപ്പെടുക, എല്ലാ നന്മയും വിലക്കപ്പെടുക എന്നത്. കാരണം സത്യത്തിന്റെയും ദൃഢതയുടെയും ഉന്നത സ്ഥാനത്തുള്ള ഈ ക്വുര്‍ആനിനെ അവര്‍ നിഷേധിച്ചു.

50). (ഇനി ഇതിനു (ക്വുര്‍ആനിന്) ശേഷം ഏതൊരു വര്‍ത്തമാനത്തിലാണ് അവര്‍ വിശ്വസിക്കുന്നത്?) തെളിവ് പോലും ആവശ്യമില്ലാത്ത വിധം യാതൊരു സംശയത്തിനും ഇടമില്ലാത്തതാണ് ക്വുര്‍ആന്‍. അതിന്റെ (ക്വുര്‍ആനിന്റെ) പോലെ പേരുള്ള അസത്യങ്ങളെയാണോ അവര്‍ വിശ്വസിക്കുന്നത്.

വ്യക്തമായ വെളിച്ചത്തിനപ്പുറം കൂരിരുട്ടുകളല്ലാതെ ഇല്ല. ഖണ്ഡിതമായ തെളിവുകളാല്‍ സ്ഥാപിക്കപ്പെട്ട സത്യത്തിനപ്പുറം വ്യക്തമായി കെട്ടിച്ചമച്ചതും കളവുകള്‍ അംഗീകരിക്കുന്നവര്‍ക്കു മാത്രം സ്വീകരിക്കാവുന്ന കളവുമല്ലാതെ മറ്റൊന്നില്ല. അവര്‍ക്ക് നാശം അവരെത്ര അന്ധര്‍. അവര്‍ക്ക് നാശം. അവരെത്ര നഷ്ടക്കാര്‍. ദൗര്‍ഭാഗ്യവാന്മാര്‍.

അല്ലാഹു നമുക്ക് സൗഖ്യവും വിട്ടുവീഴ്ചയും നല്‍കട്ടെ. അവന്‍ അങ്ങേയറ്റത്തെ ഔദാര്യവാനാണ്.