നബഅ് (വൃത്താന്തം)

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2019 ഫെബ്രുവരി 16 1440 ജുമാദല്‍ ആഖിര്‍ 11

അധ്യായം: 78, ഭാഗം: 2

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

لَا يَذُوقُونَ فِيهَا بَرْدًا وَلَا شَرَابًا (٢٤) إِلَّا حَمِيمًا وَغَسَّاقًا (٢٥) جَزَاءً وِفَاقًا (٢٦) إِنَّهُمْ كَانُوا لَا يَرْجُونَ حِسَابًا (٢٧) وَكَذَّبُوا بِآيَاتِنَا كِذَّابًا (٢٨) وَكُلَّ شَيْءٍ أَحْصَيْنَاهُ كِتَابًا (٢٩) فَذُوقُوا فَلَنْ نَزِيدَكُمْ إِلَّا عَذَابًا (٣٠)
(24) കുളിര്‍മയോ കുടിനീരോ അവര്‍ അവിടെ ആസ്വദിക്കുകയില്ല. (25) കൊടുംചൂടുള്ള വെള്ളവും കൊടും തണുപ്പുള്ള വെള്ളവുമല്ലാതെ. (26) അനുയോജ്യമായ പ്രതിഫലമത്രെ അത്. (27) തീര്‍ച്ചയായും അവര്‍ വിചാരണ പ്രതീക്ഷിക്കുന്നില്ലായിരുന്നു. (28) നമ്മുടെ ദൃഷ്ടാന്തങ്ങളെ അവര്‍ തീര്‍ത്തും നിഷേധിച്ചു തള്ളുകയും ചെയ്തു. (29) ഏതു കാര്യവും നാം എഴുതി തിട്ടപ്പെടുത്തിയിരിക്കുന്നു. (30) അതിനാല്‍ നിങ്ങള്‍ (ശിക്ഷ) ആസ്വദിച്ചു കൊള്ളുക. തീര്‍ച്ചയായും നാം നിങ്ങള്‍ക്കു ശിക്ഷയല്ലാതൊന്നും വര്‍ധിപ്പിച്ചു തരികയില്ല.

(24). അവര്‍ ആ നരകത്തില്‍ ചെന്നാല്‍ (കുളിര്‍മയോ കുടിനീരോ അവര്‍ അവിടെ ആസ്വദിക്കുകയില്ല). ദാഹത്തെ തടുക്കുന്നതോ തൊലികളെ തണുപ്പിക്കുന്നതോ ആയ പാനീയം.

(25). (കൊടും ചൂടുള്ളതല്ലാതെ) ആമാശയങ്ങളെ തകര്‍ത്തു കളയുന്ന, മുഖങ്ങള്‍ കരിച്ചുകളയുന്ന ചൂടുള്ള വെള്ളം. (കൊടും തണുപ്പുള്ളതും) നരകക്കാര്‍ക്കുള്ള ചോരയും ചലവും കലര്‍ന്ന നീരാണത്. അങ്ങേയറ്റം ദുര്‍ഗന്ധമുള്ളതും അതിന്റെ രുചിയാകട്ടെ ഏറെ അരോചകരവുമാണ്.

(26). ഈ മോശമായ ശിക്ഷകള്‍ക്ക് അവര്‍ അവകാശികള്‍ തന്നെയാണ് (അനുയോജ്യമായ പ്രതിഫലമത്രെ അത്). അതിലേക്ക് നയിക്കുന്ന പ്രവര്‍ത്തനങ്ങള്‍ അവര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. അവരോട് അല്ലാഹു അനീതി കാണിച്ചിട്ടില്ല. അവര്‍ തന്നെയാണ് അവരോട് അനീതി ചെയ്തത്. ഈ ശിക്ഷക്ക് അവരെ അര്‍ഹരാക്കിയ കാര്യങ്ങളാണ് തുടര്‍ന്ന് അല്ലാഹു പറയുന്നത്. 

(27). (തീര്‍ച്ചയായും അവര്‍ വിചാരണ പ്രതീക്ഷിക്കുന്നില്ലായിരുന്നു). നന്മ-തിന്മകള്‍ക്ക് അല്ലാഹു പ്രതിഫലം നല്‍കുമെന്നതോ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുമെന്നതോ അവര്‍ വിശ്വസിച്ചിരുന്നില്ല. അതിനാല്‍ തന്നെ പരലോകത്തേക്ക് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളെ അവര്‍ അവഗണിച്ചു.

(28). (നമ്മുടെ ദൃഷ്ടാന്തങ്ങളെ അവര്‍ തീര്‍ത്തും നിഷേധിച്ചുതള്ളുകയും ചെയ്തു). വ്യക്തമായും പ്രകടമായും അവര്‍ അതിനെ കളവാക്കി. തെളിവുകള്‍ വന്നുകിട്ടിയപ്പോള്‍ അവര്‍ ധിക്കാരം കാണിച്ചു. 

(29) (എല്ലാ കാര്യവും) നന്മയായാലും തിന്മയായാലും അധികമായാലും കുറച്ചായാലും (നാം എഴുതി തിട്ടപ്പെടുത്തിയിരിക്കുന്നു). എല്ലാം സുരക്ഷിത ഫലകത്തില്‍ (اللوح المحفوظ) സ്ഥിരപ്പെടുത്തി വെച്ചിട്ടുണ്ട്. തങ്ങള്‍ ചെയ്യാത്ത കുറ്റത്തിന് ശിക്ഷക്കപ്പെടുമെന്നോ ചെയ്ത പ്രവര്‍ത്തനങ്ങള്‍ പാഴായിപ്പോകുമെന്നോ അണുമണിത്തൂക്കം പോലും മറന്ന് പോകുമെന്നോ കുറ്റവാളികള്‍ വിചാരിക്കേണ്ടതില്ല. അല്ലാഹു പറയുന്നു: 

وَوُضِعَ الْكِتَابُ فَتَرَى الْمُجْرِمِينَ مُشْفِقِينَ مِمَّا فِيهِ وَيَقُولُونَ يَا وَيْلَتَنَا مَالِ هَٰذَا الْكِتَابِ لَا يُغَادِرُ صَغِيرَةً وَلَا كَبِيرَةً إِلَّا أَحْصَاهَا ۚ وَوَجَدُوا مَا عَمِلُوا حَاضِرًا ۗ وَلَا يَظْلِمُ رَبُّكَ أَحَدًا

''(കര്‍മങ്ങളുടെ) രേഖ വെക്കപ്പെടും. അപ്പോള്‍ കുറ്റവാളികളെ, അതിലുള്ളതിനെപ്പറ്റി ഭയവിഹ്വലരായ നിലയില്‍ നിനക്ക് കാണാം. അവര്‍ പറയും: അയ്യോ! ഞങ്ങള്‍ക്ക് നാശം. ഇതെന്തൊരു രേഖയാണ്? ചെറുതോ വലുതോ ആയ ഒന്നും തന്നെ അത് കൃത്യമായി രേഖപ്പെടുത്താതെ വിട്ടുകളയുന്നില്ലല്ലോ! തങ്ങള്‍ പ്രവര്‍ത്തിച്ചതൊക്കെ (രേഖയില്‍) നിലവിലുള്ളതായി അവര്‍ കണ്ടെത്തും. നിന്റെ രക്ഷിതാവ് യാതൊരാളോടും അനീതി കാണിക്കുകയില്ല.

(30). ''(അതിനാല്‍ നിങ്ങള്‍ ആസ്വദിച്ച് കൊള്ളുക). ഹേയ്, സത്യനിഷേധികളേ! ഈ നിത്യമായ അപമാനത്തെ, വേദനയേറിയ ശിക്ഷയെ നിങ്ങള്‍ അനുഭവിച്ചുകൊള്ളുക. (തീര്‍ച്ചയായും നാം നിങ്ങള്‍ക്ക് ശിക്ഷയല്ലാതൊന്നും വര്‍ധിപ്പിച്ച് തരുകയുമില്ല). എല്ലാ സമയത്തും സന്ദര്‍ഭത്തിലും ശിക്ഷ വര്‍ധിച്ചുകൊണ്ടേയിരിക്കുന്നു. നരകക്കാരുടെ ശിക്ഷയുടെ കാഠിന്യത്തെ വിവരിക്കുന്ന ശക്തമായ വചനങ്ങളാണിത്. അല്ലാഹു അതില്‍ നിന്ന് നമ്മെ കാത്തുരക്ഷിക്കട്ടെ.