ഖിയാമ (ഉയിര്‍ത്തെഴുന്നേല്‍പ്)

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2019 ജൂണ്‍ 29 1440 ശവ്വാല്‍ 26

അധ്യായം: 75, ഭാഗം: 1

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

لَا أُقْسِمُ بِيَوْمِ الْقِيَامَةِ (١) وَلَا أُقْسِمُ بِالنَّفْسِ اللَّوَّامَةِ (٢) أَيَحْسَبُ الْإِنْسَانُ أَلَّنْ نَجْمَعَ عِظَامَهُ (٣) بَلَىٰ قَادِرِينَ عَلَىٰ أَنْ نُسَوِّيَ بَنَانَهُ (٤) بَلْ يُرِيدُ الْإِنْسَانُ لِيَفْجُرَ أَمَامَهُ (٥) يَسْأَلُ أَيَّانَ يَوْمُ الْقِيَامَةِ (٦) فَإِذَا بَرِقَ الْبَصَرُ (٧‬) وَخَسَفَ الْقَمَرُ (٨‬) وَجُمِعَ الشَّمْسُ وَالْقَمَرُ (٩) يَقُولُ الْإِنْسَانُ يَوْمَئِذٍ أَيْنَ الْمَفَرُّ (١٠) كَلَّا لَا وَزَرَ (١١) إِلَىٰ رَبِّكَ يَوْمَئِذٍ الْمُسْتَقَرُّ (١٢) يُنَبَّأُ الْإِنْسَانُ يَوْمَئِذٍ بِمَا قَدَّمَ وَأَخَّرَ (١٣) بَلِ الْإِنْسَانُ عَلَىٰ نَفْسِهِ بَصِيرَةٌ (١٤) وَلَوْ أَلْقَىٰ مَعَاذِيرَهُ (١٥)
(1) ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളുകൊണ്ട് ഞാനിതാ സത്യം ചെയ്യുന്നു. (2) കുറ്റപ്പെടുത്തുന്ന മനസ്സിനെക്കൊണ്ടും ഞാന്‍ സത്യം ചെയ്തു പറയുന്നു. (3) മനുഷ്യന്‍ വിചാരിക്കുന്നുണ്ടോ; നാം അവന്റെ എല്ലുകളെ ഒരുമിച്ചുകൂട്ടുകയില്ലെന്ന്? (4) അതെ, നാം അവന്റെ വിരല്‍ത്തുമ്പുകളെ പോലും ശരിപ്പെടുത്താന്‍ കഴിവുള്ളവനായിരിക്കെ. (5) പക്ഷേ, (എന്നിട്ടും) മനുഷ്യന്‍ അവന്റെ ഭാവി ജീവിതത്തില്‍ തോന്നിവാസം ചെയ്യാന്‍ ഉദ്ദേശിക്കുന്നു. (6) എപ്പോഴാണ് ഈ ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാള്‍ എന്നവന്‍ ചോദിക്കുന്നു. (7) എന്നാല്‍ കണ്ണ് അഞ്ചിപ്പോകുകയും (8) ചന്ദ്രന് ഗ്രഹണം ബാധിക്കുകയും (9) സൂര്യനും ചന്ദ്രനും ഒരുമിച്ചുകൂട്ടപ്പെടുകയും ചെയ്താല്‍! (10) അന്നേദിവസം മനുഷ്യന്‍ പറയും; എവിടെയാണ് ഓടിരക്ഷപ്പെടാനുള്ളതെന്ന്. (11) ഇല്ല! യാതൊരു രക്ഷയുമില്ല. (12) നിന്റെ രക്ഷിതാവിങ്കലേക്കാണ് അന്നേ ദിവസം ചെന്നുകൂടല്‍. (13) അന്നേദിവസം മനുഷ്യന്‍ മുന്‍കൂട്ടി ചെയ്തതിനെപ്പറ്റിയും നീട്ടിവെച്ചതിനെപ്പറ്റിയും അവന്ന് വിവരമറിയിക്കപ്പെടും. (14) തന്നെയുമല്ല; മനുഷ്യന്‍ തനിക്കെതിരില്‍ തന്നെ ഒരു തെളിവായിരിക്കും. (15) അവന്‍ ഒഴികഴിവുകള്‍ സമര്‍പ്പിച്ചാലും ശരി.

(1) ഇവിടെ لا എന്ന അക്ഷരം നിഷേധത്തെ കുറിക്കുന്നതോ അധികരിച്ച് വന്നതോ അല്ല. മറിച്ച് ശേഷമുള്ളതിന്റെ പ്രാധാന്യത്തെക്കുറിക്കാനും ഒരു തുടക്കത്തിനും വേണ്ടി മാത്രമാണ്. സത്യം ചെയ്ത് പറയുന്നിടത്ത് അധികവും ഇങ്ങനെ പ്രയോഗിക്കാറുണ്ട്. ഇങ്ങനെ തുടങ്ങുന്നതില്‍ തെറ്റില്ല. അടിസ്ഥാനപരമായി ഈ അക്ഷരം ( لا ) അതിനു വേണ്ടി നിശ്ചയിച്ചതല്ലെങ്കിലും.

ഇവിടെ സത്യംചെയ്യുന്ന കാര്യവും ചെയ്യപ്പെടുന്ന കാര്യവും ഒന്നാണ്. അതാവട്ടെ, മരണശേഷമുള്ള ഉയിര്‍ത്തെഴുന്നേല്‍പിനെ കുറിച്ചും ജനങ്ങള്‍ ക്വബ്‌റുകളില്‍ നിന്ന് എഴുന്നേറ്റ് വരുന്നതിനെ കുറിച്ചും പിന്നീട് അല്ലാഹുവിന്റെ തീരുമാനം പ്രതീക്ഷിച്ച് അവിടെയുള്ള നിര്‍ത്തത്തെ കുറിച്ചുമാണ്.

(2) (കുറ്റപ്പെടുത്തുന്ന മനസ്സിനെക്കൊണ്ടും ഞാന്‍ സത്യം ചെയ്തു പറയുന്നു). നല്ലതും ചീത്തയുമായ എല്ലാ മനസ്സുകൊണ്ടുമാണത്. കുറ്റപ്പെടുത്തുന്നത് എന്ന് വിളിക്കപ്പെട്ടത് അധികമായി അത് കുറ്റപ്പെടുത്തുകയും സംശയത്തിലാവുകയും ഒരേ അവസ്ഥയില്‍ അത് ഉറച്ചുനില്‍ക്കാതിരിക്കുകയും ചെയ്യുന്നു. മാത്രവുമല്ല, മരണസമയത്ത് ഓരോ മനസ്സും അതിന്റെ ഉടമയെ ആക്ഷേപിച്ചുകൊണ്ടിരിക്കും.സത്യവിശ്വാസിയുടെ മനസ്സ് അവനെ കുറ്റപ്പെടുത്തിക്കൊണ്ടിരിക്കും. അവന്റെ ബാധ്യതകളില്‍ സംഭവിച്ച കുറവുകളെയും കുറ്റങ്ങളെയും കുറിച്ച്; അല്ലെങ്കില്‍ അവന്റെ അശ്രദ്ധയെ കുറിച്ച്. പ്രതിഫലത്തിന്റെയും അതിന്റെ അര്‍ഹതയെയും ഇവിടെ ചേര്‍ത്തുപറഞ്ഞു. ഇതോടൊപ്പം ഉയിര്‍ത്തെഴുന്നേല്‍പിനെ നിഷേധിക്കുന്ന ചില ധിക്കാരികളെ കുറിച്ചും പരാമര്‍ശിക്കുന്നു.

3) (മനുഷ്യന്‍ വിചാരിക്കുന്നുണ്ടോ നാം അവന്റെ എല്ലുകളെ ഒരുമിച്ച് കൂട്ടുകയില്ലെന്ന്). അതായത്, മരണശേഷം. അവന്‍ ചോദിച്ചതു പോലെ; ശരീരത്തിന്റെ അവലംബമായ എല്ലുകളെ വീണ്ടും സൃഷ്ടിക്കാനുള്ള അല്ലാഹുവിന്റെ കഴിവിനെ വിരോധം കൊണ്ടും അജ്ഞത കൊണ്ട് അസാധ്യമായിക്കണ്ടു. അതിനു മറുപടിയായിക്കൊണ്ട് അല്ലാഹു പറയുന്നു.

4-6) (അതെ, നാം അവന്റെ വിരല്‍ത്തുമ്പുകളെപ്പോലും ശരിപ്പെടുത്താന്‍ കഴിവുള്ളവനായിരിക്കെ). അവന്റെ വിരല്‍ത്തുമ്പുകളെയും അസ്ഥികളെയും എല്ലാ ശരീരഭാഗങ്ങളുടെയും സൃഷ്ടിപ്പ് ഇതില്‍ ഉള്‍പ്പെടല്‍ അനിവാര്യമായിരിക്കുന്നു. കാരണം വിരലുകളും വിരല്‍ത്തുമ്പും പൂര്‍ത്തിയായാല്‍ ശരീരത്തിന്റെ സൃഷ്ടിപ്പ് പൂര്‍ത്തിയായിരിക്കും. തെളിവുകളുടെ അഭാവം കൊണ്ടല്ല, ഇവിടെ അല്ലാഹുവിന്റെ കഴിവിനെ നിഷേധിക്കുന്നത്. മറിച്ച് ബോധപൂര്‍വമാണ് വരാനിരിക്കുന്ന ഉയിര്‍ത്തെഴുന്നേല്‍പിനെ നിഷേധിക്കുന്നത്. അല്‍ഫുജൂര്‍ എന്നത് മനഃപൂര്‍വം കളവ് പറയുക എന്നതാണ്.

ഉയിര്‍ത്തെഴുന്നേല്‍പ് നാളിന്റെ അവസ്ഥകളാണ് തുടര്‍ന്ന് പറയുന്നത്. ഉയിര്‍ത്തെഴുന്നേല്‍പ് സംഭവിച്ചാല്‍ അതിന്റെ ഭയാനകതയാല്‍ കണ്ണുകള്‍ അഞ്ചിപ്പോവുകയും അങ്ങനെ അത് തള്ളിപ്പോവുകയും ചലിക്കാതാവുകയും ചെയ്യും. അല്ലാഹു പറയുന്നു:

إِنَّمَا يُؤَخِّرُهُمْ لِيَوْمٍ تَشْخَصُ فِيهِ الْأَبْصَارُ (٤٢) مُهْطِعِينَ مُقْنِعِي رُءُوسِهِمْ لَا يَرْتَدُّ إِلَيْهِمْ طَرْفُهُمْ ۖ وَأَفْئِدَتُهُمْ هَوَاءٌ (٤٣)

''കണ്ണുകള്‍ തള്ളിപ്പോകുന്ന ഒരു (ഭയാനകമായ) ദിവസം വരെ അവര്‍ക്കു സമയം നീട്ടിക്കൊടുക്കുക മാത്രമാണ് ചെയ്യുന്നത്. അന്ന് ബദ്ധപ്പെട്ട് ഓടിക്കൊണ്ടും തലകള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടും (അവര്‍ വരും). അവരുടെ ദൃഷ്ടികള്‍ അവരിലേക്ക് തിരിച്ചുവരികയില്ല. അവരുടെ മനസ്സുകള്‍ ശൂന്യമായിരിക്കും.'' (വി.ക്വു 14:42,43). (ചന്ദ്രന് ഗ്രഹണം ബാധിക്കുകയും) അതിന്റെ വെളിച്ചവും ശക്തിയും നഷ്ടപ്പെടുന്നു.

9) (സൂര്യനും ചന്ദ്രനും ഒരുമിച്ച് കൂട്ടപ്പെടുകയും ചെയ്താല്‍). അവ രണ്ടും സൃഷ്ടിക്കപ്പെട്ടതു മുതല്‍ ഒരുമിച്ച് കൂടിയിട്ടില്ല. എന്നാല്‍ അന്ത്യനാളില്‍ അല്ലാഹു അവയെ ഒരുമിച്ചുകൂട്ടും. ചന്ദ്രന് ഗ്രഹണം ബാധിക്കുകയും സൂര്യന്‍ ചുറ്റിപ്പൊതിയപ്പെടുകയും ചെയ്യും. തുടര്‍ന്ന് അവ രണ്ടും നരകത്തില്‍ എറിയപ്പെടും. അവയും അല്ലാഹുവിന് കീഴ്‌പ്പെടുത്തപ്പെട്ട രണ്ടു അടിമകളാണെന്ന് അടിമകള്‍ കാണാനും അവ രണ്ടിനെയും ആരാധിച്ചവര്‍ നിഷേധികളാണെന്ന് മനസ്സിലാക്കാനും വേണ്ടി.

10). (മനസ്സില്‍ പറയും) അന്നത്തെ അവസ്ഥകളും ബേജാറുകളും കാണുമ്പോള്‍. (എവിടെയാണ് ഓടിരക്ഷപ്പെടാനുള്ളതെന്ന്) ഞങ്ങള്‍ക്ക് വന്നുപെട്ടതില്‍ നിന്നും മോചനവും രക്ഷയും എവിടെയെന്ന്?

11). (ഇല്ല യാതൊരു രക്ഷയുമില്ല) അല്ലാഹു അല്ലാതെ ഒരാള്‍ക്കും ഒരു രക്ഷാസങ്കേതമില്ല.

12). (നിന്റെ രക്ഷിതാവിങ്കലേക്കാണ് അന്നേ ദിവസം വന്നുകൂടല്‍). ഒരാള്‍ക്കും ആ സ്ഥാനത്തു നിന്ന് മറഞ്ഞുനില്‍ക്കാനോ ഓടിരക്ഷപ്പെടാനോ കഴിയില്ല.അവന്റെ പ്രവര്‍ത്തനത്തിന്റെ പ്രതിഫലത്തിനായി അവന്‍ നിന്നേ പറ്റൂ.

13). (അന്നേദിവസം മനുഷ്യന്‍ മുന്‍കൂട്ടി ചെയ്തതിനെപ്പറ്റിയും നീട്ടിവെച്ചതിനെപ്പറ്റിയും അവന് വിവരമറിയിക്കപ്പെടും. നല്ലതും ചീത്തയുമായ മുഴുവന്‍ പ്രവര്‍ത്തനങ്ങളെക്കുറിച്ചും. നിഷേധിക്കാനാവാത്ത വിധം വിവരമറിയിക്കപ്പെടും.

14). (തന്നെയുമില്ല മനുഷ്യന്‍ തനിക്കെതിരില്‍ തന്നെ ഒരു തെളിവായിരിക്കും). അതായത് സാക്ഷിയും വിചാരണ ചെയ്യുന്നവനും.

15). (അവന്‍ ഒഴിവ് കഴിവുകള്‍ സമര്‍പ്പിച്ചാലുംശരി). തീര്‍ച്ചയായും അത് സ്വീകരിക്കപ്പെടാത്ത ഒഴിവ് കഴിവുകളാണ്. എന്നാല്‍ അവന്റെ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് അവനെ സമ്മതിപ്പിക്കും. അപ്പോള്‍ അവന്‍ അംഗീകരിക്കും. അതാണ് അല്ലാഹു പറഞ്ഞത്:

اقْرَأْ كِتَابَكَ كَفَىٰ بِنَفْسِكَ الْيَوْمَ عَلَيْكَ حَسِيبًا (١٤)

''നീ നിന്റെ ഗ്രന്ഥം വായിച്ചുനോക്കൂ. നിന്നെ സംബന്ധിച്ചിടത്തോളം കണക്കു നോക്കാന്‍ ഇന്ന് നീ തന്നെ മതി'' (17:14). അതായത് ഒരു അടിമ തന്റെ പ്രവര്‍ത്തനങ്ങളെ എത്ര തന്നെ നിഷേധിച്ചാലും ഒഴിവുകഴിവ് പറഞ്ഞാലും അതുകൊണ്ട് യാതൊരു പ്രയോജനവും ഉണ്ടാവുകയില്ല. കാരണം അവന്റെ കേള്‍വിയും കാഴ്ചയും അവന്റെ അവയവങ്ങളുമെല്ലാം അവന്റെ പ്രവര്‍ത്തനങ്ങള്‍ക്കു സാക്ഷിയാണ്. മാത്രവുമല്ല, അവന്റെ കുറ്റബോധത്തിന്റെ സമയം കഴിഞ്ഞുപോയി.

فَيَوْمَئِذٍ لَا يَنْفَعُ الَّذِينَ ظَلَمُوا مَعْذِرَتُهُمْ وَلَا هُمْ يُسْتَعْتَبُونَ (٥٧‬)

''എന്നാല്‍ അക്രമം പ്രവര്‍ത്തിച്ചവര്‍ക്ക് അന്നത്തെ ദിവസം അവരുടെ ഒഴികഴിവ് പ്രയോജനപ്പെടുകയില്ല. അവര്‍ പശ്ചാത്തപിക്കാന്‍ അനുശാസിക്കപ്പെടുന്നതുമല്ല''(30:57).