ഖിയാമ (ഉയിര്‍ത്തെഴുന്നേല്‍പ്)

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2019 ജൂലായ് 06 1440 ദുല്‍ക്വഅദ് 03

അധ്യായം: 75, ഭാഗം: 2

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

لَا تُحَرِّكْ بِهِ لِسَانَكَ لِتَعْجَلَ بِهِ (١٦) إِنَّ عَلَيْنَا جَمْعَهُ وَقُرْآنَهُ (١٧) فَإِذَا قَرَأْنَاهُ فَاتَّبِعْ قُرْآنَهُ (١٨) ثُمَّ إِنَّ عَلَيْنَا بَيَانَهُ (١٩) كَلَّا بَلْ تُحِبُّونَ الْعَاجِلَةَ (٢٠) وَتَذَرُونَ الْآخِرَةَ (٢١) وُجُوهٌ يَوْمَئِذٍ نَاضِرَةٌ (٢٢) إِلَىٰ رَبِّهَا نَاظِرَةٌ (٢٣) وَوُجُوهٌ يَوْمَئِذٍ بَاسِرَةٌ (٢٤) تَظُنُّ أَنْ يُفْعَلَ بِهَا فَاقِرَةٌ (٢٥) كَلَّا إِذَا بَلَغَتِ التَّرَاقِيَ (٢٦) وَقِيلَ مَنْ ۜ رَاقٍ (٢٧) وَظَنَّ أَنَّهُ الْفِرَاقُ (٢٨‬) وَالْتَفَّتِ السَّاقُ بِالسَّاقِ (٢٩) إِلَىٰ رَبِّكَ يَوْمَئِذٍ الْمَسَاقُ (٣٠)
(16) നീ അത് (ക്വുര്‍ആന്‍) ധൃതിപ്പെട്ട് ഹൃദിസ്ഥമാക്കാന്‍ വേണ്ടി അതും കൊണ്ട് നിന്റെ നാവ് ചലിപ്പിക്കേണ്ട. (17) തീര്‍ച്ചയായും അതിന്റെ (ക്വുര്‍ആന്റെ) സമാഹരണവും അത് ഓതിത്തരലും നമ്മുടെ ബാധ്യതയാകുന്നു. (18) അങ്ങനെ നാം അത് ഓതിത്തന്നാല്‍ ആ ഓത്ത് നീ പിന്തുടരുക. (19) പിന്നീട് അത് വിവരിച്ചുതരലും നമ്മുടെ ബാധ്യതയാകുന്നു. (20) അല്ല, നിങ്ങള്‍ (ഫലം നേരത്തെ ലഭിക്കുന്ന) ഈ ജീവിതത്തെ ഇഷ്ടപ്പെടുന്നു. (21) പരലോകത്തെ നിങ്ങള്‍ വിട്ടേക്കുകയും ചെയ്യുന്നു. (22) ചില മുഖങ്ങള്‍ അന്ന് പ്രസന്നതയുള്ളതും (23) അവയുടെ രക്ഷിതാവിന്റെ നേര്‍ക്ക് ദൃഷ്ടി തിരിച്ചവയുമായിരിക്കും. (24) ചില മുഖങ്ങള്‍ അന്നു കരുവാളിച്ചതായിരിക്കും. (25) ഏതോ അത്യാപത്ത് അവയെ പിടികൂടാന്‍ പോകുകയാണ് എന്ന് അവര്‍ വിചാരിക്കും. (26) അല്ല, (പ്രാണന്‍) തൊണ്ടക്കുഴിയില്‍ എത്തുകയും (27) മന്ത്രിക്കാനാരുണ്ട് എന്ന് പറയപ്പെടുകയും (28) അത് (തന്റെ) വേര്‍പാടാണെന്ന് അവന്‍ വിചാരിക്കുകയും (29) കണങ്കാലും കണങ്കാലുമായി കൂടിപ്പിണയുകയും ചെയ്താല്‍; (30) അന്ന് നിന്റെ രക്ഷിതാവിങ്കലേക്കായിരിക്കും തെളിച്ചു കൊണ്ടുപോകുന്നത്.

16) ജിബ്‌രീല്‍ വഹ്‌യ് കൊണ്ടുവരികയും പാരായണമാരംഭിക്കുകയും ചെയ്താല്‍ ഓതിത്തീരും മുമ്പ് നബി ﷺ  ധൃതി കാണിക്കുമായിരുന്നു. അത് ജിബ്‌രീലിന്റെ കൂടെത്തന്നെ ഓതുകയും ചെയ്യും. അതിനെയാണ് അല്ലാഹു വിരോധിക്കുന്നത്.

  وَلَا تَعْجَلْ بِالْقُرْآنِ مِنْ قَبْلِ أَنْ يُقْضَىٰ إِلَيْكَ وَحْيُهُ

''ക്വുര്‍ആന്‍ അത് നിനക്ക് ബോധനം നല്‍കപ്പെട്ടു കഴിയുന്നതിനു മുമ്പായി പാരായണം ചെയ്യുന്നതിന് നീ ധൃതികാണിക്കരുത്''(20:114).

ഇവിടെ പറയുന്നത് (നീ ധൃതിപ്പെട്ട് ഹൃദിസ്ഥമാക്കാന്‍ വേണ്ടി നിന്റെ നാവ് ചലിപ്പിക്കേണ്ട) എന്നാണ്. പിന്നീട് അതിന്റെ പാരായണവും സംരക്ഷണവും നബി ﷺ യുടെ ഹൃദയത്തില്‍ അതിനെ സമാഹരിക്കലും അനിവാര്യമാണെന്ന് അല്ലാഹു ഉറപ്പ് നല്‍കുകയും ചെയ്യുന്നു.

17). (തീര്‍ച്ചയായും അതിന്റെ സമാഹരണവും അത് ഓതിത്തരലും നമ്മുടെ ബാധ്യതയാകുന്നു). നിന്റെ മനസ്സ് അത് മറന്നുപോകുമോ, നഷ്ടപ്പെട്ടു പോകുമോ എന്ന ഭയം മൂലം ഉണ്ടായത് മാത്രമാണ്. അല്ലാഹു ഉറപ്പുതന്നാല്‍ ഒരിക്കലും അങ്ങനെ സംഭവിക്കുകയില്ല.

18). (അങ്ങനെ നാം അത് ഓതിത്തന്നാല്‍ ആ ഓത്ത് നീ പിന്തുടരുക). അതായത് ജിബ്‌രീലിന്റെ പാരായണം പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ ആ പാരായണത്തെ പിന്‍തുടര്‍ന്നു നീയും പാരായണം ചെയ്യുക.

19). (പിന്നീട് അത് വിവരിച്ചുതരലും നമ്മുടെ ബാധ്യതയാകുന്നു). അതായത് അതിന്റെ ആശയവിശദീകരണം. പദത്തെയും ആശയത്തെയും സംരക്ഷിക്കാമെന്ന് അല്ലാഹു നബി ﷺ ക്ക് ഉറപ്പ് നല്‍കുന്നു. അങ്ങനെ നബി ﷺ  തന്റെ രക്ഷിതാവ് പഠിപ്പിച്ച മര്യാദ പ്രയോഗവത്കരിച്ചു. ഇതിന് ശേഷം ജിബ്‌രീല്‍ അദ്ദേഹത്തിന് പാരായണം ചെയ്തുകൊടുക്കുമ്പോള്‍ നിശ്ശബ്ദത പാലിക്കുകയും കഴിഞ്ഞാലുടന്‍ പാരായണം ചെയ്യുകയും ചെയ്യും. ഈ വചനങ്ങളില്‍ വിജ്ഞാനം സ്വീകരിക്കുമ്പോഴുള്ള മര്യാദ ഉള്‍ക്കൊള്ളുന്നുണ്ട്. അധ്യാപകന്‍ ഒരു കാര്യം പറഞ്ഞ് തുടങ്ങിയാല്‍ അത് തീരുംവരെ വിദ്യാര്‍ഥി ധൃതി കാണിക്കാന്‍ പാടില്ല. അധ്യാപകന്‍ പറയാനുള്ളത് പറഞ്ഞ് കഴിഞ്ഞാല്‍ വിദ്യാര്‍ഥിക്ക് തന്റെ സംശയങ്ങള്‍ അദ്ദേഹത്തോട് ചോദിക്കാം. ഈ സംസാരത്തിന്റെ തുടക്കത്തില്‍ തന്നെ മറുപടി പറയേണ്ടതോ തിരുത്തേണ്ടതോ ആയ കാര്യങ്ങള്‍ ഉണ്ടായാല്‍ തന്നെ സ്വീകരിക്കാനും നിരാകരിക്കാനും സംസാരം തീരുന്നതിനു മുമ്പ് ധൃതി പാടില്ല. ശരിയും തെറ്റും വ്യക്തമാകാന്‍ അത് നല്ലതാണ്, ശരിയായി വാക്കുകളെ മനസ്സിലാക്കാനും അത് ഉപകരിക്കും. നബി ﷺ  വഹ്‌യിന്റെ പദങ്ങള്‍ തന്റെ സമുദായത്തിനു വിശദീകരിച്ചതും അതില്‍ പെട്ടതാണ്.

20,21) അല്ലാഹുവിന്റെ ഉല്‍ബോധനങ്ങളോടും ഉപദേശങ്ങളോടുമുള്ള അവഗണനയും അശ്രദ്ധയും നിങ്ങള്‍ക്കുണ്ടായി. (നിങ്ങള്‍ ഫലം നേരത്തെ ലഭിക്കുന്ന ഈ ജിവിതത്തെ ഇഷ്ടപ്പെടുന്നു) അതിനായി നിങ്ങള്‍ പരിശ്രമിച്ചുകൊണ്ടിരിക്കുന്നു. അതിന്റെ ആസ്വാദനങ്ങള്‍ക്കും താല്‍പര്യങ്ങള്‍ക്കും വേണ്ടി പരലോക ജീവിതത്തെക്കാളും അതിന് പ്രാധാന്യം നല്‍കുകയും ചെയ്യുന്നു. അതിനുള്ള പ്രവര്‍ത്തനങ്ങളില്‍ വീഴ്ച വരുത്തുകയും ചെയ്യുന്നു. കാരണം ഇഹലോക ജീവിതത്തിന്റെ അനുഗ്രഹങ്ങളും ആസ്വാദനങ്ങളും പെട്ടെന്ന് ലഭിക്കുന്നതാണ്. എന്നാല്‍ പരലോകത്തെ നിത്യസുഖാനുഗ്രഹങ്ങളാകട്ടെ വൈകി മാത്രം ലഭിക്കുന്നതും. അക്കാരണത്താല്‍ നിങ്ങള്‍ അതിനെക്കുറിച്ച് അശ്രദ്ധരാവുകയും അതിനെ ഉപേക്ഷിക്കുകയും ചെയ്തു. മാത്രമല്ല, നിങ്ങള്‍ അതിനു വേണ്ടി സൃഷ്ടിക്കപ്പെട്ടവരല്ലാത്ത പോലെ; ഈ ലോകമാണ് വിലപ്പെട്ട ആയുസ്സ് ചെലവഴിക്കേണ്ട, രാപ്പലുകളില്‍ പരിശ്രമിക്കേണ്ട സ്ഥിരതാമസത്തിന്റെ ഭവനമെന്നത് പോലെ നിങ്ങള്‍ പ്രവര്‍ത്തിക്കുന്നു. ഇവിടെ നിങ്ങള്‍ക്ക് യാഥാര്‍ഥ്യം തലതിരിഞ്ഞു പോയിരിക്കുന്നു. വലിയ നഷ്ടം സംഭവിച്ചിരിക്കുന്നു. എന്നാല്‍ പരലോകത്തിന് പ്രാധാന്യം നല്‍കുകയും പര്യവസാനങ്ങളെ ഉള്‍ക്കാഴ്ചയോടും ബുദ്ധിയോടും കൂടി കാണുകയും ചെയ്താല്‍ തീര്‍ച്ചയായും നഷ്ടം വരാത്ത ലാഭവും വിജയവും നിങ്ങള്‍ കൈവരിക്കും. കഷ്ടപ്പാടുകള്‍ ഒട്ടുമില്ലാത്ത വിജയം നിങ്ങള്‍ നേടുകയും ചെയ്യും.

22,23) പരലോകത്തിന് പ്രാധാന്യം നല്‍കാന്‍ പ്രേരിപ്പിക്കുന്ന പരാമര്‍ശങ്ങളാണ് തുടര്‍ന്ന് പറയുന്നത്.അവിടെയുള്ളവരുടെ അവസ്ഥയും അതിലെ ഏറ്റ വ്യത്യാസവും വിശദീകരിക്കുന്നു. ഇഹലോകത്തെക്കാളും പരലോകത്തിന് പ്രാധാന്യം നല്‍കുന്നവരുടെ പ്രതിഫലത്തെക്കുറിച്ച് പറയുന്നു. (ചില മുഖങ്ങള്‍ അത് പ്രസന്നതയുള്ളതായിരിക്കും). ആത്മാവിന്റെ ആനന്ദത്താലും മനസ്സിന്റെ സന്തോഷത്താലും ഹൃദയങ്ങളുടെ സുഖാനുഭൂതിയാലും പ്രകാശവും ഭംഗിയും നല്ല ശോഭയും ഉള്ളാതിയിരിക്കും ആ മുഖങ്ങള്‍.  

(അവയുടെ രക്ഷിതാവിന്റെ നേര്‍ക്കു ദൃഷ്ടി തിരിച്ചവയുമായിരിക്കും). ഓരോരുത്തരും തങ്ങളുടെ പദവികള്‍ക്ക് അനുസരിച്ചാണ് റബ്ബിനെ കാണുന്നത്. എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും അവനെ നോക്കിക്കൊണ്ടിരിക്കുന്നവരുണ്ട്. എല്ലാ ആഴ്ചയിലും ഒരിക്കല്‍ മാത്രം നോക്കിക്കാണുന്നവരുമുണ്ട്. തുല്യരില്ലാത്തവനായ അവന്റെ പരിശുദ്ധ മുഖത്തേക്ക് നോക്കി അവര്‍ ആസ്വദിച്ചുകൊണ്ടിരിക്കും. അവനെ കാണുമ്പോള്‍ അവരനുഭവിച്ചുകൊണ്ടിരിക്കുന്ന സര്‍വ സുഖാനുഗ്രഹങ്ങളും അവര്‍ മറക്കും. വിവരിക്കാനാവാത്ത സന്തോഷവും ആസ്വാദനവും അവര്‍ക്ക് ലഭിക്കും. അവരുടെ മുഖങ്ങള്‍ പ്രശോഭിക്കും. അവരുടെ ഭംഗി വര്‍ധിക്കും. അല്ലാഹു നമ്മെയും അവരില്‍ ഉള്‍പ്പെടുത്തട്ടെ.

24,25). എന്നാല്‍ പരലോകത്തെക്കാള്‍ ഇഹലോകത്തിന് പ്രാധാന്യം നല്‍കുന്നവരെക്കുറിച്ച് പറയുന്നത് (ചില മുഖങ്ങള്‍ അന്ന് കരുവാളിച്ചതായിരിക്കും). നിന്ദ്യവും പേടിച്ചതും നിറം മങ്ങിയതും ചുളിഞ്ഞതുമായിരിക്കും അത്. (ഏതോ അത്യാപത്ത് അവയെ പിടികൂടാന്‍ പോകുകയാണെന്ന് അവര്‍ വിചാരിക്കും). കഠിനശിക്ഷയും വേദനിക്കുന്ന പീഡനങ്ങളും. അതിനാല്‍ മുഖം വിവര്‍ണമാവുകയും ചുളിയുകയും ചെയ്യും.

26-30). ആത്മാവ് തൊണ്ടക്കുഴിയിലെത്തിയ മരണാസന്നമായവന്റെ അവസ്ഥ പറഞ്ഞ്‌കൊണ്ട് തന്റെ അടിമയെ ഉപദേശിക്കുകയാണ് ഇവിടെ അല്ലാഹു. (തൊണ്ടക്കുഴി) നെഞ്ചിലെ കുഴിയില്‍ കാണപ്പെടുന്ന അസ്ഥി. പ്രയാസം കഠിമാവുമ്പോള്‍ ആശ്വാസവും ശമനവും ലഭിക്കുമെന്ന് തോന്നുന്ന എല്ലാ മാര്‍ഗങ്ങളും വഴികളും അന്വേഷിക്കും. അതുകൊണ്ടാണീ ചോദ്യം. (മന്ത്രിക്കാനാരുണ്ടെന്ന് പറയപ്പെടുകയും ചെയ്യും) മന്ത്രം മന്ത്രിക്കുന്നൊരാള്‍. കാരണം ഭൗതിക കാരണങ്ങളിലുളള പ്രതീക്ഷകള്‍ അവസാനിച്ചപ്പോള്‍ അഭൗതിക കാരണങ്ങളുമായി അവന്‍ ബന്ധപ്പെടുന്നു. എന്നാല്‍ വിധി അനിവാര്യമാവുകയും വന്നെത്തുകയു ചെയ്താല്‍ അത് തടയപ്പെടില്ല. (അത് തന്റെവേര്‍പാടാണെന്ന് അവന്‍ വിചാരിക്കുകയും) അതായത് ഇഹലോകത്തോടുള്ള. (കണങ്കാല്‍ കണങ്കാലുമായി കൂട്ടിപ്പിണയുകയും ചെയ്താല്‍) കഠിന പ്രയാസങ്ങള്‍ ഒരുമിച്ചുകൂടുകയും ചുറ്റിപ്പൊതിയുകയും ചെയ്തു. കാര്യം ഗൗരവമായി. പ്രയാസം കഠിമായി. ശരീരത്താല്‍ കവിചതമായതും അതിന്റെ കൂടെ എപ്പോഴുമുണ്ടായിരുന്നതുമായ ആത്മാവ് അവനില്‍ നിന്ന് പുറത്തു പോകാനൊരുങ്ങുന്നു. തന്റെ ചെയ്തികള്‍ അംഗീകരിക്കാനും അതിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിഫലം നല്‍കപ്പെടാനും അല്ലാഹുവിലേക്ക് അത് തെളിച്ചുകൊണ്ടുപോകപ്പെടും. അല്ലാഹു പറയുന്ന ഈ ഭീഷണി ഹൃദയങ്ങളെ വിജയത്തിലേക്ക് നയിക്കാനും നാശത്തില്‍ നിന്ന് അകറ്റാനുമാണ്.