ഖുല്‍ ഊഹിയ ഇലയ്യ

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2019 സെപ്തംബര്‍ 28 1441 മുഹര്‍റം 28

അധ്യായം: 72, ഭാഗം: 1

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

قُلْ أُوحِيَ إِلَيَّ أَنَّهُ اسْتَمَعَ نَفَرٌ مِنَ الْجِنِّ فَقَالُوا إِنَّا سَمِعْنَا قُرْآنًا عَجَبًا (١) يَهْدِي إِلَى الرُّشْدِ فَآمَنَّا بِهِ ۖ وَلَنْ نُشْرِكَ بِرَبِّنَا أَحَدًا (٢) وَأَنَّهُ تَعَالَىٰ جَدُّ رَبِّنَا مَا اتَّخَذَ صَاحِبَةً وَلَا وَلَدًا (٣) وَأَنَّهُ كَانَ يَقُولُ سَفِيهُنَا عَلَى اللَّهِ شَطَطًا (٤) وَأَنَّا ظَنَنَّا أَنْ لَنْ تَقُولَ الْإِنْسُ وَالْجِنُّ عَلَى اللَّهِ كَذِبًا (٥)
(1). (നബിയേ,) പറയുക: ജിന്നുകളില്‍ നിന്നുള്ള ഒരു സംഘം ക്വുര്‍ആന്‍ ശ്രദ്ധിച്ചു കേള്‍ക്കുകയുണ്ടായി എന്ന് എനിക്ക് ദിവ്യബോധനം നല്‍കപ്പെട്ടിരിക്കുന്നു. എന്നിട്ടവര്‍ (സ്വന്തം സമൂഹത്തോട്) പറഞ്ഞു: തീര്‍ച്ചയായും അത്ഭുതകരമായ ഒരു ക്വുര്‍ആന്‍ ഞങ്ങള്‍ കേട്ടിരിക്കുന്നു. (2). അത് സന്‍മാര്‍ഗത്തിലേക്ക് വഴികാണിക്കുന്നു. അതുകൊണ്ട് ഞങ്ങള്‍ അതില്‍ വിശ്വസിച്ചു. മേലില്‍ ഞങ്ങളുടെ രക്ഷിതാവിനോട് ആരെയും ഞങ്ങള്‍ പങ്കുചേര്‍ക്കുകയേ ഇല്ല. (3). നമ്മുടെ രക്ഷിതാവിന്റെ മഹത്ത്വം ഉന്നതമാകുന്നു. അവന്‍ കൂട്ടുകാരിയെയോ, സന്താനത്തെയോ സ്വീകരിച്ചിട്ടില്ല. (4). ഞങ്ങളിലുള്ള വിഡ്ഢികള്‍ അല്ലാഹുവെ പറ്റി അതിക്രമപരമായ പരാമര്‍ശം നടത്തുമായിരുന്നു. (5). ഞങ്ങള്‍ വിചാരിച്ചു; മനുഷ്യരും ജിന്നുകളും അല്ലാഹുവിന്റെ പേരില്‍ ഒരിക്കലും കള്ളം പറയുകയില്ലെന്ന് എന്നും (അവര്‍ പറഞ്ഞു.)

1) (പറയുക) പ്രവാചകരേ, ജനങ്ങളോട് പറയുക. (ജിന്നുകളില്‍ നിന്നുള്ള ഒരു സംഘം ക്വുര്‍ആന്‍ ശ്രദ്ധിച്ചുകേള്‍ക്കുകയുണ്ടായി എന്ന് എനിക്ക് ദിവ്യബോധനം നല്‍കപ്പെട്ടിരിക്കുന്നു). ക്വുര്‍ആനിക വചനങ്ങളെ കേള്‍ക്കാന്‍ അല്ലാഹു അവരെ തന്റെ ദൂതനിലേക്ക് തിരിച്ചുവിട്ടു. അവര്‍ക്കെതിരെ തെളിവുണ്ടാകാനും അവരുടെ മേല്‍ അവന്റെ അനുഗ്രഹം പൂര്‍ണമാകാനും അവര്‍ തങ്ങളുടെ ജനതക്ക് താക്കീത് നല്‍കാനും വേണ്ടിയാണത്. ആ വിവരം ജനങ്ങളെ അറിയിക്കാന്‍ തന്റെ ദൂതനോട് നിര്‍ദേശിക്കുകയും ചെയ്യുന്നു. അവര്‍ അദ്ദേഹത്തിന്റെ അടുക്കല്‍ ഹാജറായപ്പോള്‍ അവര്‍ പറഞ്ഞു: നിങ്ങള്‍ നിശ്ശബ്ദത പാലിക്കുക. അപ്പോള്‍ അവര്‍ നിശ്ശബ്ദരായി. തുടര്‍ന്ന് അവര്‍ അതിന്റെ ആശയം ഗ്രഹിക്കുകയും അതിലുള്ള യാഥാര്‍ഥ്യങ്ങള്‍ അവരുടെ ഹൃദയങ്ങളില്‍ പ്രവേശിക്കുകയും ചെയ്തു. (എന്നിട്ടവര്‍ പറഞ്ഞു: തീര്‍ച്ചയായും അത്ഭുതകരമായ ഒരു ക്വുര്‍ആന്‍ ഞങ്ങള്‍ കേട്ടിരിക്കുന്നു). അതായത്, ഉന്നത ലക്ഷ്യങ്ങളുള്ള, അത്യത്ഭുതകരമായ ക്വുര്‍ആന്‍.

2). (അത് സന്മാര്‍ഗത്തിലേക്ക് വഴികാണിക്കുന്നു). ഭൗതികവും മതപരവുമായ എല്ലാ നന്മകളിലേക്കും വഴികാണിക്കുന്നത് എന്ന സമ്പൂര്‍ണ അര്‍ഥമാണ് (رشد) എന്ന പദത്തിനുള്ളത്.

(അതുകൊണ്ട് ഞങ്ങളതില്‍ വിശ്വസിച്ചു. മേലില്‍ ഞങ്ങളുടെ രക്ഷിതാവിനോട് ആരെയും ഞങ്ങള്‍ പങ്കുചേര്‍ക്കുകയേ ഇല്ല). തിന്മകള്‍ ഉപേക്ഷിക്കുക എന്ന ആശയം ഉള്‍ക്കൊള്ളുന്ന തക്വ്‌വയും മുഴുവന്‍ സല്‍പ്രവൃത്തികളെയും ഉള്‍ക്കൊള്ളുന്ന ഈമാനിനെയും അവര്‍ ഒരുമിപ്പിച്ചു. വിശുദ്ധ ക്വുര്‍ആനിന്റെ മാര്‍ഗ നിര്‍ദേശങ്ങളില്‍ നിന്നും അവര്‍ മനസ്സിലാക്കിയ കാര്യങ്ങളാണ് ശരിയായ വിശ്വാസത്തിലേക്കും അതിന്റെ അനുബന്ധങ്ങളിലേക്കും എത്തിച്ചേരാനുള്ള പ്രേരണയും കാരണവുമാക്കിയത്. അതോടൊപ്പം ക്വുര്‍ആന്‍ നിര്‍ദേശിക്കുന്ന ദോഷകരമായ കാര്യങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുകയും പ്രയോജനകരമായതും നന്മ നിറഞ്ഞതുമായ ക്വുര്‍ആനിക നിര്‍ദേശങ്ങള്‍ പാലിക്കുകയും ചെയ്യുക. ക്വുര്‍ആനിന്റെ മാര്‍ഗദര്‍ശനം സ്വീകരിക്കുകയും അതിനാല്‍ വെളിച്ചമന്വേഷിക്കുകയും ചെയ്യുന്നവന്‍, തീര്‍ച്ചയായും അത് ഖണ്ഡിതമായ തെളിവും മഹത്തായ ദൃഷ്ടാന്തവുമാണ്.

എല്ലാ നന്മകളും വിളയുന്ന പ്രയോജനകരമായ ഈ വിശ്വാസമാകട്ടെ, ക്വുര്‍ആനിന്റെ മാര്‍ഗദര്‍ശനത്താല്‍ ഉണ്ടാക്കപ്പെട്ടതാണ്. ആചാരപരവും പതിവ് സമ്പ്രദായങ്ങളില്‍ നിന്നുമുണ്ടായ വിശ്വാസങ്ങളില്‍ നിന്ന് തികച്ചും വ്യത്യസ്തമായത്. അത്തരം വിശ്വാസങ്ങളാവട്ടെ, ധാരാളം വൈരുധ്യങ്ങളും ആശയ പ്രശ്‌നങ്ങളുമുള്ള അന്ധമായ അനുകരണങ്ങളില്‍ നിന്നുണ്ടായതാണ്.

3). (നമ്മുടെ രക്ഷിതാവിന്റെ മഹത്ത്വം ഉന്നതമാകുന്നു) അവന്റെ മഹത്ത്വം ഉന്നതമായിരിക്കുന്നു. അവന്റെ നാമങ്ങള്‍ പരിശുദ്ധമാവുകയും ചെയ്തിരിക്കുന്നു. (അവന്‍ കൂട്ടുകാരിയെയോ സന്താനത്തെയോ സ്വീകരിച്ചിട്ടില്ല) അല്ലാഹുവിന്റെ മഹത്ത്വവും ശ്രേഷ്ഠതയും അവര്‍ക്ക് മനസ്സിലായി; അവന് ഇണയോ സന്താനമോ ഉണ്ടെന്ന് വാദിക്കുന്നവരുടെ നിരര്‍ഥകത. അവന്റെ മഹത്ത്വമെന്നത് എല്ലാ വിശേഷണങ്ങളിലും പരിപൂര്‍ണമാണ്. ആ പരിപൂര്‍ണതയാകട്ടെ, ഇണയെയും സന്താനത്തെയും സ്വീകരിക്കുന്നതിനെ നിരാകരിക്കുന്നു. കാരണം അത് അല്ലാഹുവിന്റെ ഐശ്വര്യതയുടെ പൂര്‍ണതക്ക് നിരക്കാത്തതാണ്.

4). (ഞങ്ങളിലെ വിഡ്ഢികള്‍ അല്ലാഹുവെപ്പറ്റി അതിക്രമപരമായ പരാമര്‍ശം നടത്തുമായിരുന്നു). പരിധി വിട്ടതും സത്യത്തെ മറികടന്നതുമായ വാക്ക്. അതിനവനെ പ്രേരിപ്പിച്ചതാകട്ടെ, അവന്റെ ബുദ്ധിക്കുറവും വിഡ്ഢിത്തവുമാണ്. അല്ലെങ്കില്‍ അവന്‍ ശാന്തനും അടക്കമുള്ളവനുമാകും. പറയേണ്ടത് എങ്ങനെയാണെന്നറിയുന്നു.

5) (ഞങ്ങള്‍ വിചാരിച്ചു മനുഷ്യരും ജിന്നുകളും അല്ലാഹുവിന്റെ മേല്‍ ഒരിക്കലും കള്ളം പറയുക ഇല്ലെന്ന്) ജിന്നുകളിലും മനുഷ്യരിലും പെട്ട നേതാക്കളുടെയും നായകരുടെയും കാര്യങ്ങളില്‍ ഞങ്ങള്‍ വഞ്ചിതരായിരുന്നു. അവര്‍ ഞങ്ങളെ വഞ്ചിച്ചുകളഞ്ഞു. ഞങ്ങള്‍ അവരെക്കുറിച്ച് നല്ലത് വിചാരിച്ചു. ഞങ്ങളുടെ ധാരണ അല്ലാഹുവിന്റെ മേല്‍ കളവ് പറയാന്‍ അവര്‍ ധൈര്യപ്പെടുകയില്ലെന്ന് തന്നെയായിരുന്നു. അതിനാല്‍ മുമ്പ് ഞങ്ങള്‍ അവരുടെ വഴി പിന്തടരുന്നു. എന്നാല്‍ ഇന്ന് ഞങ്ങള്‍ക്ക് സത്യം വ്യക്തമായി. ആ സത്യത്തിന്റെ വഴിയില്‍ ഞങ്ങള്‍ പ്രവേശിക്കുകയും കീഴൊതുങ്ങുകയും ചെയ്തു. ഇനി സത്യത്തിനെതിരായി സൃഷ്ടികളില്‍ നിന്ന് ഒരാളുടെയും വാക്ക് ഞങ്ങള്‍ പരിഗണിക്കില്ല.