ഹാഖ്ഖ (യഥാര്‍ഥ സംഭവം)

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2019 നവംബര്‍ 30 1441 റബിഉല്‍ ആഖിര്‍ 03

അധ്യായം: 69, ഭാഗം: 2

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

فَإِذَا نُفِخَ فِي الصُّورِ نَفْخَةٌ وَاحِدَةٌ (١٣) وَحُمِلَتِ الْأَرْضُ وَالْجِبَالُ فَدُكَّتَا دَكَّةً وَاحِدَةً (١٤) فَيَوْمَئِذٍ وَقَعَتِ الْوَاقِعَةُ (١٥) وَانْشَقَّتِ السَّمَاءُ فَهِيَ يَوْمَئِذٍ وَاهِيَةٌ (١٦) وَالْمَلَكُ عَلَىٰ أَرْجَائِهَا ۚ وَيَحْمِلُ عَرْشَ رَبِّكَ فَوْقَهُمْ يَوْمَئِذٍ ثَمَانِيَةٌ (١٧) يَوْمَئِذٍ تُعْرَضُونَ لَا تَخْفَىٰ مِنْكُمْ خَافِيَةٌ (١٨) فَأَمَّا مَنْ أُوتِيَ كِتَابَهُ بِيَمِينِهِ فَيَقُولُ هَاؤُمُ اقْرَءُوا كِتَابِيَهْ (١٩) إِنِّي ظَنَنْتُ أَنِّي مُلَاقٍ حِسَابِيَهْ (٢٠) فَهُوَ فِي عِيشَةٍ رَاضِيَةٍ (٢١) فِي جَنَّةٍ عَالِيَةٍ (٢٢) قُطُوفُهَا دَانِيَةٌ (٢٣) كُلُوا وَاشْرَبُوا هَنِيئًا بِمَا أَسْلَفْتُمْ فِي الْأَيَّامِ الْخَالِيَةِ (٢٤)
(13.) കാഹളത്തില്‍ ഒരു ഊത്ത് ഊതപ്പെട്ടാല്‍, (14.) ഭൂമിയും പര്‍വതങ്ങളും പൊക്കിയെടുക്കപ്പെടുകയും എന്നിട്ട് അവ രണ്ടും ഒരു ഇടിച്ചു തകര്‍ക്കലിന് വിധേയമാക്കപ്പെടുകയും ചെയ്താല്‍! (15.) അന്നേദിവസം ആ സംഭവം സംഭവിക്കുകയായി. (16.) ആകാശം പൊട്ടിപ്പിളരുകയും ചെയ്യും. അന്ന് അത് ദുര്‍ബലമായിരിക്കും. (17.) മലക്കുകള്‍ അതിന്റെ നാനാഭാഗങ്ങളിലുമുണ്ടായിരിക്കും. നിന്റെ രക്ഷിതാവിന്റെ സിംഹാസനത്തെ അവരുടെ മീതെ അന്ന് എട്ടുകൂട്ടര്‍ വഹിക്കുന്നതാണ്. (18.) അന്നേദിവസം നിങ്ങള്‍ പ്രദര്‍ശിപ്പിക്കപ്പെടുന്നതാണ്. യാതൊരു മറഞ്ഞകാര്യവും നിങ്ങളില്‍ നിന്ന് മറഞ്ഞു പോകുന്നതല്ല. (19.) എന്നാല്‍ വലതുകൈയില്‍ തന്റെ രേഖ നല്‍കപ്പെട്ടവന്‍ പറയും: ഇതാ എന്റെ ഗ്രന്ഥം വായിച്ചുനോക്കൂ. (20.) തീര്‍ച്ചയായും ഞാന്‍ വിചാരിച്ചിരുന്നു; ഞാന്‍ എന്റെ വിചാരണയെ നേരിടേണ്ടി വരുമെന്ന്. (21.) അതിനാല്‍ അവന്‍ തൃപ്തികരമായ ജീവിതത്തിലാകുന്നു. (22.) ഉന്നതമായ സ്വര്‍ഗത്തില്‍. (23.) അവയിലെ പഴങ്ങള്‍ അടുത്തു വരുന്നവയാകുന്നു. (24.) കഴിഞ്ഞുപോയ ദിവസങ്ങളില്‍ നിങ്ങള്‍ മുന്‍കൂട്ടി ചെയ്തതിന്റെ ഫലമായി നിങ്ങള്‍ ആനന്ദത്തോടെ തിന്നുകയും കുടിക്കുകയും ചെയ്തു കൊള്ളുക (എന്ന് അവരോട് പറയപ്പെടും).

13-18). പ്രവാചകന്മാരെ കളവാക്കിയവരെ അല്ലാഹു എന്തുചെയ്തുവെന്നാണ് ഇവിടെ പറഞ്ഞത്; അവര്‍ക്ക് എങ്ങനെ പ്രതിഫലം നല്‍കിയെന്നും ഇഹലോകത്ത് വെച്ച് തന്നെ അവര്‍ക്ക് ശിക്ഷ നല്‍കിയെന്നും. പ്രവാചകന്മാരെയും അവരെ പിന്‍പറ്റിയവരെയും അല്ലാഹു രക്ഷപ്പെടുത്തി. ഇതെല്ലാം അന്ത്യനാളില്‍ പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ പ്രതിഫലം നല്‍കുന്നതിന്റെ ആദ്യ നടപടികളാണ്. ഉയിര്‍ത്തെഴുന്നേല്‍പ് നാളില്‍ സംഭവിക്കാനിരിക്കുന്ന ഭയാനകമായ കാര്യങ്ങള്‍ കൂടി പരാമര്‍ശിച്ചു. അതിന്റെ ആദ്യപടി ഇസ്‌റാഫീല്‍ ഊതലാണ് (കാഹളത്തില്‍). ശരീരങ്ങള്‍ വളര്‍ന്ന് പൂര്‍ണത പ്രാപിച്ചാല്‍. (ഒരു ഊത്ത്) അപ്പോള്‍ ആത്മാവുകള്‍ പുറത്തുവരും. അങ്ങനെ ഓരോ ആത്മാവും അതിന്റെ ശരീരത്തില്‍ പ്രവേശിക്കും. അങ്ങനെ എല്ലാ മനുഷ്യരും ലോകരക്ഷിതാവിലേക്കായി എഴുന്നേറ്റുവരും.

(ഭൂമിയും പര്‍വതങ്ങളും പൊക്കിയെടുക്കപ്പെടുകയും എന്നിട്ട് അവ രണ്ടും ഒരു ഇടിച്ച് തകര്‍ക്കലിന് വിധേയമാക്കപ്പെടുകയും ചെയ്യും). പര്‍വതങ്ങള്‍ ഛിന്നഭിന്നമാകും. ഭൂമിയോട് ചേര്‍ന്ന് അതില്ലാതെയാവുകയും പൊടിക്കപ്പെടുകയും ചെയ്യും. അങ്ങനെ ഭൂമി മുഴുവന്‍ ഒരു സമനിരപ്പായ മൈതാനമാകും. ഇറക്കമോ കയറ്റമോ അവിടെ കാണപ്പെടുകയില്ല. ഇതാണ് ഭൂമിക്കും അതിനു മുകളിലുള്ളവര്‍ക്കും സംഭവിക്കുക. എന്നാല്‍ ആകാശത്തിന് സംഭവിക്കുന്നതാകട്ടെ, അത് വിറകൊള്ളുകയും സഞ്ചരിക്കുകയും പൊട്ടിപ്പിളരുകയും അതിന് നിറമാറ്റം സംഭവിക്കുകയും ചെയ്യും. അതിന്റെ മഹാശക്തിയും ഉറപ്പും ക്ഷയിക്കുകയും ചെയ്യും. ഇതെല്ലാം അതിനെ വിറപ്പിച്ചു കളഞ്ഞ മഹാസംഭവത്താലും ദുരന്തത്താലും അതിനെ ദുര്‍ബലമാക്കുകയും അതിന്റെ ശക്തി ക്ഷയിപ്പിക്കുകയും ചെയ്തിരിക്കുകയാണ്.

(മലക്ക്) ആദരണീയരായ മലക്കുകള്‍. (അതിന്റെ നാനാഭാഗങ്ങളില്‍) ആകാശത്തിന്റെ ഭാഗങ്ങളില്‍ തങ്ങളുടെ രക്ഷിതാവിന് കീഴ്‌പ്പെട്ട് അവന്റെ മഹത്ത്വത്തിന് വിധേയരായി വരും. (നിന്റെ രക്ഷിതാവിന്റെ സിംഹാസനത്തെ അവരുടെ മീതെ അന്ന് എട്ടുകൂട്ടര്‍ വഹിക്കുന്നതാണ്) ശക്തിയുടെ പാരമ്യതയിലുള്ള അധികാരങ്ങള്‍. അടിമകള്‍ക്കിടയില്‍ നീതിയോടെയും സമത്വത്തോടെയും ഔദാര്യത്തോടെയും വിധി പറയുകയും തീര്‍പ്പ് കല്‍പിക്കുകയും ചെയ്യാന്‍ അവന്‍ വന്നാല്‍ (അന്നേദിവസം നിങ്ങള്‍ പ്രദര്‍ശിപ്പിക്കപ്പെടുന്നതാണ്). അല്ലാഹുവിങ്കല്‍ (യാതൊരു മറഞ്ഞകാര്യവും നിങ്ങളില്‍ നിന്നും മറഞ്ഞുപോകുന്നതല്ല) നിങ്ങളുടെ ശരീരങ്ങളില്‍ നിന്നോ തടികളില്‍ നിന്നോ പ്രവര്‍ത്തനങ്ങളില്‍ നിന്നോ സ്വഭാവങ്ങളില്‍ നിന്നോ ഒന്നും തന്നെ. കാരണം അല്ലാഹു ദൃശ്യവും അദൃശ്യവും അറിയുന്നവനാണ്. നഗ്നരായി, നഗ്നപാദരായി ഭൂമിയില്‍ വിളിക്കുന്നവനെ കേട്ടും കണ്ടും. അന്നേരം അവരുടെ പ്രവര്‍ത്തനങ്ങള്‍ക്കു പ്രതിഫലം നല്‍കപ്പെടും. തുടര്‍ന്ന് പറയുന്നത് ആ പ്രതിഫലത്തിന്റെ രൂപമാണ്.

19-20) ഇവരാകുന്നു ഭാഗ്യവാന്മാര്‍. അവരുടെ സല്‍പ്രവര്‍ത്തനങ്ങളുടെ രേഖ അവരുടെ വലതു കൈകളില്‍ നല്‍കപ്പെടും. അവരെ വേറിട്ടറിയാനും അവരെ പ്രത്യേകം പരിഗണിക്കാനും മഹത്ത്വം ഉയര്‍ത്താനും സന്തോഷം കൊണ്ടും ഇഷ്ടം കൊണ്ടും അല്ലാഹു നല്‍കിയ ആദരവും അനുഗ്രഹവും മറ്റുള്ളവര്‍ കാണാനും വേണ്ടി. അവരിലൊരാള്‍ പറയും: (ഇതാ എന്റെ ഗ്രന്ഥം വായിച്ചുനോക്കൂ) എന്റെ ഗ്രന്ഥമൊന്നെടുത്ത് വായിച്ചുനോക്കൂ. തീര്‍ച്ചയായും അത് സ്വര്‍ഗം കൊണ്ടും വ്യത്യസ്തമായ ആദരവുകള്‍ കൊണ്ടും പാപമോചനം കൊണ്ടും ന്യൂനതകള്‍ മറച്ചുവെച്ചുകൊണ്ടും സന്തോഷവാര്‍ത്തയറിയിക്കുന്നു. ഈ അവസ്ഥയില്‍ ഞാനെത്തിയത് ഉയിര്‍ത്തെഴുന്നേല്‍പിലും വിചാരണയിലുമുള്ള വിശ്വാസം അല്ലാഹു എനിക്ക് അനുഗ്രഹമായി തന്നതിനാലാണ്. സാധിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ കൊണ്ടുള്ള തയ്യാറെടുപ്പ്. (തീര്‍ച്ചയായും ഞാന്‍ വിചാരിക്കുന്നു, ഞാന്‍ എന്റെ വിചാരണയെ നേരിടേണ്ടിവരുമെന്ന്) ഞാന്‍ ഉറപ്പിച്ചിരുന്നു. അവിടെ വിചാരമെന്ന് പറഞ്ഞത് ഉറപ്പ് തന്നെയാണ്.

21-24). (അതിനാലവന്‍ തൃപ്തികരമായ ജീവിതത്തിലാകുന്നു) മനസ്സ് ആഗ്രഹിക്കുന്നതും കണ്ണുകള്‍ ആനന്ദിക്കുന്നതുമായ എല്ലാം ഉണ്ട്. അവര്‍ അതുകൊണ്ട് തൃപ്തരാവും. അതിനെക്കാള്‍ മെച്ചമായതൊന്ന് അവര്‍ തിരഞ്ഞെടുത്തിട്ടില. (ഉന്നതമായ സ്വര്‍ഗത്തില്‍) ഉയര്‍ന്നസ്ഥാനങ്ങളിലുള്ള കൊട്ടാരങ്ങളും താമസസ്ഥലങ്ങളും. (അവയിലെ പഴങ്ങള്‍ അടുത്തുവരുന്നവയുമാകുന്നു) പഴങ്ങളും പല ഇനങ്ങളില്‍ പെട്ട ഫലങ്ങളും അടുത്തുനില്‍ക്കുന്നതും സ്വര്‍ഗക്കാര്‍ക്ക് എളുപ്പത്തില്‍ പറിച്ചെടുക്കാവുന്നതുമാണ്.

ഇരുന്നും ചാരിയിരുന്നും കിടന്നുമെല്ലാം സ്വര്‍ഗക്കാര്‍ അത് എടുത്തുകൊണ്ടിരിക്കും. അപ്പോള്‍ ഒരു ആദരവായി അവരോട് പറയപ്പെടും (നിങ്ങള്‍ തിന്നുകയും കുടിക്കുകയും ചെയ്യുക). കൊതിപ്പിക്കുന്ന പാനീയങ്ങളില്‍ നിന്നു രുചികരമായ ഭക്ഷണങ്ങളില്‍ നിന്നും. (ആനന്ദത്തോടെ) കുറവോ തകരാറുകളോ ഇല്ലാത്ത ആ പ്രതിഫലം നിങ്ങള്‍ക്കു ലഭിക്കുന്നത്; (കഴിഞ്ഞുപോയദിവസങ്ങളില്‍ നിങ്ങള്‍ മുന്‍കൂട്ടി ചെയ്തതിന്റെ ഫലമായി). നമസ്‌കാരം, നോമ്പ്, ഹജ്ജ് തുടങ്ങിയ സല്‍പ്രവര്‍ത്തനങ്ങള്‍ മൂലവും സൃഷ്ടികളോട് ചെയ്ത സുകൃതങ്ങളും അല്ലാഹുവിനെ സ്മരിച്ചതും അവനിലേക്ക് ഖേദിച്ചു മടങ്ങിയതും ചീത്ത പ്രവര്‍ത്തനങ്ങള്‍ ഉപേക്ഷിച്ചതുംകൊണ്ടാണ്. അപ്പോള്‍ പ്രവര്‍ത്തനങ്ങളെ സ്വര്‍ഗപ്രവേശത്തിനുള്ള ഒരു നിമിത്തമായി അല്ലാഹു നിശ്ചയിച്ചു; അതിലെ സുഖങ്ങള്‍ക്കുംസൗഭാഗ്യങ്ങള്‍ക്കുമുള്ള അടിസ്ഥാനമായും.