നൂഹ്

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2019 സെപ്തംബര്‍ 14 1441 മുഹര്‍റം 15

അധ്യായം: 71, ഭാഗം: 2

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

مَا لَكُمْ لَا تَرْجُونَ لِلَّهِ وَقَارًا (١٣) وَقَدْ خَلَقَكُمْ أَطْوَارًا (١٤) أَلَمْ تَرَوْا كَيْفَ خَلَقَ اللَّهُ سَبْعَ سَمَاوَاتٍ طِبَاقًا (١٥) وَجَعَلَ الْقَمَرَ فِيهِنَّ نُورًا وَجَعَلَ الشَّمْسَ سِرَاجًا (١٦) وَاللَّهُ أَنْبَتَكُمْ مِنَ الْأَرْضِ نَبَاتًا (١٧) ثُمَّ يُعِيدُكُمْ فِيهَا وَيُخْرِجُكُمْ إِخْرَاجًا (١٨) وَاللَّهُ جَعَلَ لَكُمُ الْأَرْضَ بِسَاطًا (١٩) لِتَسْلُكُوا مِنْهَا سُبُلًا فِجَاجًا (٢٠)
(13). നിങ്ങള്‍ക്കെന്തു പറ്റി? അല്ലാഹുവിന് ഒരു ഗാംഭീര്യവും നിങ്ങള്‍ പ്രതീക്ഷിക്കുന്നില്ല! (14). നിങ്ങളെ അവന്‍ പല ഘട്ടങ്ങളിലായി സൃഷ്ടിച്ചിരിക്കുകയാണല്ലോ. (15). നിങ്ങള്‍ കണ്ടില്ലേ; എങ്ങനെയാണ് അല്ലാഹു അടുക്കുകളായിട്ട് ഏഴ് ആകാശങ്ങള്‍ സൃഷ്ടിച്ചിരിക്കുന്നത് എന്ന്. (16). ചന്ദ്രനെ അവിടെ ഒരു പ്രകാശമാക്കിയിരിക്കുന്നു. സൂര്യനെ ഒരു വിളക്കുമാക്കിയിരിക്കുന്നു. (17). അല്ലാഹു നിങ്ങളെ ഭൂമിയില്‍ നിന്ന് ഒരു മുളപ്പിക്കല്‍ മുളപ്പിച്ചിരിക്കുന്നു. (18). പിന്നെ അതില്‍ തന്നെ നിങ്ങളെ അവന്‍ മടക്കുകയും നിങ്ങളെ ഒരിക്കല്‍ അവന്‍ പുറത്തു കൊണ്ട്‌വരികയും ചെയ്യുന്നതാണ്. (19). അല്ലാഹു നിങ്ങള്‍ക്കു വേണ്ടി ഭൂമിയെ ഒരു വിരിപ്പാക്കുകയും ചെയ്തിരിക്കുന്നു. (20). അതിലെ വിസ്താരമുള്ള പാതകളില്‍ നിങ്ങള്‍ പ്രവേശിക്കുവാന്‍ വേണ്ടി.

13-14).(നിങ്ങള്‍ക്കെന്തു പറ്റി; അല്ലാഹുവിന് ഒരു ഗാംഭീര്യവും നിങ്ങള്‍ പ്രതീക്ഷിക്കുന്നില്ലേ?). അല്ലാഹുവിന്റെ മഹത്ത്വത്തെ നിങ്ങള്‍ ഭയപ്പെടുന്നില്ല. നിങ്ങളുടെ അടുക്കല്‍ അല്ലാഹുവിന് ഒരു വിലയും ഇല്ല. (നിങ്ങളെ അവന്‍ പല ഘട്ടങ്ങളിലായി സൃഷ്ടിച്ചിരിക്കുകയാണല്ലോ) സൃഷ്ടിപ്പിന്റെ ഓരോരോ ഘട്ടങ്ങള്‍. മാതാവിന്റെ വയറ്റില്‍ കഴിഞ്ഞ ഒരു ഘട്ടം. അത് കഴിഞ്ഞ് മുലകുടി പ്രായം. പിന്നീട് ശൈശവം, തുടര്‍ന്ന് കൗമാരം, യുവത്വം അങ്ങനെ അവസാനഘട്ടം വരെ എത്തുന്നു. ആരാണോ ഈ സൃഷ്ടിപ്പിലും നൂതനവും വ്യവസ്ഥാപിതവുമായ നിയന്ത്രണത്തിലും ഏകനായവന്‍ അവന്‍ ആരാധനയിലും വിശ്വാസത്തിലും ഏകനായവന്‍ തന്നെ. സൃഷ്ടിപ്പിന്റെ ആരംഭത്തെക്കുറിച്ച് പരാമര്‍ശിച്ചതില്‍ മരണാനന്തര തിരിച്ചുവരവിനെക്കുറിച്ചുള്ള ഓര്‍മപ്പെടുത്തലുണ്ട്. ഇല്ലായ്മയില്‍ നിന്നും അവരെ ഉണ്ടാക്കിയവന്‍ മരണശേഷം അവരെ തിരിച്ചുകൊണ്ടുവരാന്‍ കഴിവുറ്റവന്‍ തന്നെ.

15-16). മനുഷ്യരെ സൃഷ്ടിക്കുന്നതിനെക്കാളും വലുതാണ് ആകാശ ഭൂമികളുടെ സൃഷ്ടിപ്പ്. അതാണ് മറ്റൊരു തെളിവായി പറയുന്നത്. (നിങ്ങള്‍ കണ്ടില്ലേ; എങ്ങനെയാണ് അല്ലാഹു അടുക്കുകളായിട്ട് ഏഴ് ആകാശങ്ങള്‍ സൃഷ്ടിച്ചിരിക്കുന്നത് എന്ന്) ഓരോ ആകാശവും മറ്റേതിന് മുകളിലായി. (ചന്ദ്രനെ അവിടെ നിങ്ങള്‍ക്ക് ഒരു പ്രകാശമാക്കിയിരിക്കുന്നു). ഭൂമിയിലുള്ളവര്‍ക്ക്. (സൂര്യനെ അവന്‍ ഒരു വിളക്കുമാക്കിയിരിക്കുന്നു). ഈ വസ്തുക്കളുടെയെല്ലാം സൃഷ്ടിപ്പിന്റെ മഹത്ത്വം ഇതില്‍ ഉണര്‍ത്തുന്നുണ്ട്. സൂര്യന്റെയും ചന്ദ്രന്റെയും വര്‍ധിച്ച പ്രയോജനങ്ങളും അല്ലാഹുവിന്റെ കരുണയെയും ഗുണം തരുന്നതിന്റെ വിശാലതയെയും അറിയിക്കുന്നു. അപ്പോള്‍ മഹത്ത്വമുടയവനായ കരുണാനിധി മഹത്ത്വപ്പെടാനും സ്‌നേഹിക്കപ്പെടാനും ഭയപ്പെടാനും പ്രതീക്ഷിക്കപ്പെടാനും അര്‍ഹനാകുന്നു.

17-18). (അല്ലാഹു നിങ്ങളെ ഭൂമിയില്‍ നിന്നും ഒരു മുളപ്പിക്കല്‍ മുളപ്പിച്ചിരിക്കുന്നു). നിങ്ങളുടെ പിതാവായ ആദമിനെ സൃഷ്ടിച്ചപ്പോള്‍ നിങ്ങള്‍ അദ്ദേഹത്തിന്റെ മുതുകിലുണ്ടായിരുന്നു. (പിന്നെ അതില്‍ തന്നെ നിങ്ങളെ മടക്കുകയും ചെയ്തു). മരണസമയത്ത് (നിങ്ങളെ ഒരിക്കലവന്‍ പുറത്തുകൊണ്ടുവരുന്നതാണ്). ഉയിര്‍ത്തെഴുന്നേല്‍പിനും ഒരുമിച്ചുകൂട്ടലിനും. അവനാണ് ജീവിതവും മരണവും ഉയിര്‍ത്തെഴുന്നേല്‍പും ഉടമപ്പെടുത്തുവന്‍.

19-20). (അല്ലാഹു നിങ്ങള്‍ക്ക് വേണ്ടി ഭൂമിയെ ഒരു വിരിപ്പാക്കുകയും ചെയ്തിരിക്കുന്നു). വിശാലമാക്കപ്പെട്ടതും പ്രയോജനപ്പെടുത്താന്‍ സൗകര്യപ്രദമായ നിലയിലും. (അതിലെ വിസ്താരമുള്ള പാതകളില്‍ നിങ്ങള്‍ പ്രവേശിക്കാന്‍ വേണ്ടി). ഭൂമി വിരിപ്പാക്കപ്പെട്ടിരുന്നില്ലെങ്കില്‍ അത് സാധ്യമാകുമായിരുന്നില്ല. മാത്രമല്ല, കൃഷിയോ വിളകളോ കെട്ടിടങ്ങളോ അതിനു മുകളില്‍ ശാന്തമായി നില്‍ക്കാന്‍ പോലും സാധ്യമല്ല.