മആരിജ് (കയറുന്ന വഴികള്‍)

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2019 നവംബര്‍ 02 1441 റബിഉല്‍ അവ്വല്‍ 03

അധ്യായം: 70, ഭാഗം: 2

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

يَوْمَ تَكُونُ السَّمَاءُ كَالْمُهْلِ (٨‬) وَتَكُونُ الْجِبَالُ كَالْعِهْنِ (٩) وَلَا يَسْأَلُ حَمِيمٌ حَمِيمًا (١٠) يُبَصَّرُونَهُمْ ۚ يَوَدُّ الْمُجْرِمُ لَوْ يَفْتَدِي مِنْ عَذَابِ يَوْمِئِذٍ بِبَنِيهِ (١١) وَصَاحِبَتِهِ وَأَخِيهِ (١٢) وَفَصِيلَتِهِ الَّتِي تُؤْوِيهِ (١٣) وَمَنْ فِي الْأَرْضِ جَمِيعًا ثُمَّ يُنْجِيهِ (١٤) كَلَّا ۖ إِنَّهَا لَظَىٰ (١٥) نَزَّاعَةً لِلشَّوَىٰ (١٦) تَدْعُو مَنْ أَدْبَرَ وَتَوَلَّىٰ (١٧) وَجَمَعَ فَأَوْعَىٰ (١٨)
(8). ആകാശം ഉരുകിയ ലോഹം പോലെ ആകുന്ന ദിവസം! (9). പര്‍വതങ്ങള്‍ കടഞ്ഞരോമം പോലെയും. (10). ഒരു ഉറ്റബന്ധുവും മറ്റൊരു ഉറ്റബന്ധുവിനോട് (അന്ന്) യാതൊന്നും ചോദിക്കുകയില്ല. (11). അവര്‍ക്ക് അന്യോന്യം കാണിക്കപ്പെടും. തന്റെ മക്കളെ പ്രായച്ഛിത്തമായി നല്‍കിക്കൊണ്ട് ആ ദിവസത്തെ ശിക്ഷയില്‍ നിന്ന് മോചനം നേടാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് കുറ്റവാളി ആഗ്രഹിക്കും. (12). തന്റെ ഭാര്യയെയും സഹോദരനെയും, (13). തനിക്ക് അഭയം നല്‍കിയിരുന്ന തന്റെ ബന്ധുക്കളെയും, (14). ഭൂമിയിലുള്ള മുഴുവന്‍ ആളുകളെയും. എന്നിട്ട് അതവനെ രക്ഷപ്പെടുത്തുകയും ചെയ്തിരുന്നെങ്കില്‍ എന്ന്. (15). സംശയം വേണ്ട, തീര്‍ച്ചയായും അത് ആളിക്കത്തുന്ന നരകമാകുന്നു. (16). തലയുടെ തൊലിയുരിച്ചു കളയുന്ന നരകാഗ്‌നി. (17). പിന്നാക്കം മാറുകയും തിരിഞ്ഞുകളയുകയും ചെയ്തവരെ അത് ക്ഷണിക്കും. (18). ശേഖരിച്ചു സൂക്ഷിച്ചു വെച്ചവരെയും.

8-9). (ദിവസം) ഈ മഹത്തായ സംഭവങ്ങള്‍ ഉണ്ടാകുന്നതായ ഉയിര്‍ത്തെഴുന്നേല്‍പു ദിനം. അപ്പോള്‍ (ആകാശം ഉരുകിയ ലോഹം പോലെയാകുന്ന) അതിന്റെ ഭയാനകത പാരമ്യതയിലെത്തിയിരിക്കും. (പര്‍വതങ്ങള്‍ കടഞ്ഞ രോമംപോലെയും). അത് കടഞ്ഞെടുക്കപ്പെട്ട രോമമാണ്. പിന്നീടത് ചിതറപ്പെട്ട ധൂളികളായി നശിച്ചില്ലാതെയാകും.

10-14). ശക്തമായ മഹാഗോളങ്ങള്‍ക്ക് ഇത്രമേല്‍ കുലുക്കവും ചാഞ്ചല്യവും സംഭവിക്കുമെങ്കില്‍ മുതുകില്‍ തെറ്റുകളും കുറ്റങ്ങളും ഭാരം തൂങ്ങിയ ദുര്‍ബലനായ മനുഷ്യനെപ്പറ്റി നീ എന്ത് വിചാരിക്കുന്നു? അവന്റെ ഹൃദയവും ബുദ്ധിയും നഷ്ടപ്പെട്ടുപോകുന്നതും എല്ലാവരില്‍ നിന്നും അവന്‍ അശ്രദ്ധനാകുന്നതും ശരി തന്നെയല്ലെയോ? അതാണ് പറയുന്നത് (ഒരു ഉറ്റ ബന്ധുവും മറ്റൊരു ഉറ്റ ബന്ധുവോട് അന്ന് യാതൊന്നും ചോദിക്കുകയില്ല. അവര്‍ക്ക് അന്യോന്യം കാണിക്കപ്പെടും). ഉറ്റവന്‍-ബന്ധു- ഉറ്റവനെക്കാണും. അവന്റെ അവസ്ഥകളെയും കുടുംബപരമായ കാര്യങ്ങളും സ്‌നേഹവും അന്വേഷിക്കാന്‍ അവന്റെ ഹൃദയം വിശാലമാക്കപ്പെടില്ല. തനിക്ക് തന്റെ കാര്യംമാത്രമായിരിക്കും പ്രധാനം. (കുറ്റവാളി ആഗ്രഹിക്കും) ശിക്ഷക്കര്‍ഹനായവന്‍. (തന്റെ മക്കളെ പ്രായച്ഛിത്തമായി നല്‍കിക്കൊണ്ട് ആ ദിവസത്തെ ശിക്ഷയില്‍ നിന്ന് മോചനം തേടിയെങ്കില്‍). (തന്റെ ഭാര്യയെയും) ഇണയെ. (തന്റെ സഹോദരനെയും). (ബന്ധുക്കളെയും) അടുത്ത കുടുംബക്കാര്‍. (തനിക്ക് അഭയം നല്‍കിയതായ) അത് ഇഹലോകത്തിലെ പതിവാണ്; ബന്ധുക്കള്‍ പരസ്പരം സഹായിക്കുക എന്നത്. എന്നാല്‍ പരലോകത്ത് ഒരാളും മറ്റൊരാള്‍ക്ക് യാതൊരു പ്രയോജനവും ചെയ്യുകയില്ല. അല്ലാഹുവിന്റെ അനുമതി കൂടാതെ ഒരാളും ശുപാര്‍ശയും ചെയ്യില്ല. തനിക്കറിയുന്നവരെയെല്ലാം ശിക്ഷക്കര്‍ഹനായ കുറ്റവാളി പ്രായച്ഛിത്തമായി നല്‍കിയാലും (ഭൂമിയിലുള്ള മുഴുവന്‍ ആളുകളെയും, എന്നിട്ടു അത് അവനെ രക്ഷപ്പെടുത്തുകയും ചെയ്തിരുന്നെങ്കില്‍) അവനുപകാരപ്പെടില്ല.

15-18). (സംശയം വേണ്ട) രക്ഷപ്പെടാനുള്ള തന്ത്രമോ അഭയസ്ഥാനമോ അവര്‍ക്കില്ല. നിന്റെ രക്ഷിതാവിന്റെ ശിക്ഷാവചനം അവരുടെ മേല്‍ യാഥാര്‍ഥ്യമായി. സുഹൃത്തുക്കളെക്കൊണ്ടും ബന്ധുക്കളെക്കൊണ്ടുമുള്ള പ്രയോജനം അവസാനിച്ചു. (തീര്‍ച്ചയായും അത് ആളിക്കത്തുന്ന നരകമാകുന്നു. തലയുടെ തൊലിയുരിച്ച് കളയുന്ന നരകാഗ്നി) ആളിക്കത്തിക്കൊണ്ടിരിക്കുന്ന നരകം, അതിന്റെ കാഠിന്യത്താല്‍ ആന്തരികവും ബാഹ്യവുമായ അവയവങ്ങളെ അത് ഊതിത്തെറിപ്പിക്കും. (അതു ക്ഷണിക്കും) തന്നിലേക്ക്. (പിന്നാക്കം മാറുകയും തിരിഞ്ഞുകളയുകയും ചെയ്തവരെയും ശേഖരിച്ചു സൂക്ഷിച്ചുവെച്ചവരെയും) സത്യത്തെ പിന്‍പറ്റുന്നതില്‍ നിന്ന് തിരിഞ്ഞുകളഞ്ഞവര്‍, അതിനെ അവഗണിക്കുകയും ചെയ്തവര്‍. അലക്ഷ്യമായി ധനം ഒന്നിനുമേല്‍ ഒന്നായി ഒരുമിച്ചുകൂട്ടുകയും തനിക്ക് പ്രയോജനകരമായ മാര്‍ഗത്തില്‍ ചെലവഴിക്കാതിരിക്കുകയും ചെയ്തവര്‍. ഇത്തരം ആളുകളെ നരകം തന്നിലേക്ക് ക്ഷണിക്കും. അവരെ കത്തിക്കാന്‍ അത് സജ്ജമാകും.