അല്‍മുദ്ദസ്സിര്‍ (പുതച്ചുമൂടിയവന്‍)

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2019 ആഗസ്ത് 10 1440 ദുല്‍ഹിജ്ജ 09

അധ്യായം: 74, ഭാഗം: 2

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

ذَرْنِي وَمَنْ خَلَقْتُ وَحِيدًا (١١) وَجَعَلْتُ لَهُ مَالًا مَمْدُودًا (١٢) وَبَنِينَ شُهُودًا (١٣) وَمَهَّدْتُ لَهُ تَمْهِيدًا (١٤) ثُمَّ يَطْمَعُ أَنْ أَزِيدَ (١٥) كَلَّا ۖ إِنَّهُ كَانَ لِآيَاتِنَا عَنِيدًا (١٦) سَأُرْهِقُهُ صَعُودًا (١٧) إِنَّهُ فَكَّرَ وَقَدَّرَ (١٨) فَقُتِلَ كَيْفَ قَدَّرَ (١٩) ثُمَّ قُتِلَ كَيْفَ قَدَّرَ (٢٠) ثُمَّ نَظَرَ (٢١) ثُمَّ عَبَسَ وَبَسَرَ (٢٢) ثُمَّ أَدْبَرَ وَاسْتَكْبَرَ (٢٣) فَقَالَ إِنْ هَٰذَا إِلَّا سِحْرٌ يُؤْثَرُ (٢٤) إِنْ هَٰذَا إِلَّا قَوْلُ الْبَشَرِ (٢٥) سَأُصْلِيهِ سَقَرَ (٢٦) وَمَا أَدْرَاكَ مَا سَقَرُ (٢٧) لَا تُبْقِي وَلَا تَذَرُ (٢٨‬) لَوَّاحَةٌ لِلْبَشَرِ (٢٩) عَلَيْهَا تِسْعَةَ عَشَرَ (٣٠)
(11). എന്നെയും ഞാന്‍ ഏകനായിക്കൊണ്ട് സൃഷ്ടിച്ച ഒരുത്തനെയും വിട്ടേക്കുക. (12). അവന് ഞാന്‍ സമൃദ്ധമായ സമ്പത്ത് ഉണ്ടാക്കി കൊടുക്കുകയും ചെയ്തു. (13). സന്നദ്ധരായി നില്‍ക്കുന്ന സന്തതികളെയും. (14). അവനു ഞാന്‍ നല്ല സൗകര്യങ്ങള്‍ ചെയ്തു കൊടുക്കുകയും ചെയ്തു. (15). പിന്നെയും ഞാന്‍ കൂടുതല്‍ കൊടുക്കണമെന്ന് അവന്‍ മോഹിക്കുന്നു. (16). അല്ല, തീര്‍ച്ചയായും അവന്‍ നമ്മുടെ ദൃഷ്ടാന്തങ്ങളോട് മാത്സര്യം കാണിക്കുന്നവനായിരിക്കുന്നു. (17). പ്രയാസമുള്ള ഒരു കയറ്റം കയറാന്‍ നാം വഴിയെ അവനെ നിര്‍ബന്ധിക്കുന്നതാണ്. (18). തീര്‍ച്ചയായും അവനൊന്നു ചിന്തിച്ചു, അവനൊന്നു കണക്കാക്കുകയും ചെയ്തു. (19). അതിനാല്‍ അവന്‍ നശിക്കട്ടെ. എങ്ങനെയാണവന്‍ കണക്കാക്കിയത്? (20). വീണ്ടും അവന്‍ നശിക്കട്ടെ, എങ്ങനെയാണവന്‍ കണക്കാക്കിയത്? (21). പിന്നീട് അവനൊന്നു നോക്കി. (22). പിന്നെ അവന്‍ മുഖം ചുളിക്കുകയും മുഖം കറുപ്പിക്കുകയും ചെയ്തു. (23). പിന്നെ അവന്‍ പിന്നോട്ട് മാറുകയും അഹങ്കാരം നടിക്കുകയും ചെയ്തു. (24). എന്നിട്ടവന്‍ പറഞ്ഞു: ഇത് (ആരില്‍ നിന്നോ) ഉദ്ധരിക്കപ്പെടുന്ന മാരണമല്ലാതെ മറ്റൊന്നുമല്ല. (25). ഇത് മനുഷ്യന്റെ വാക്കല്ലാതെ മറ്റൊന്നുമല്ല. (26). വഴിയെ ഞാന്‍ അവനെ സക്വറില്‍ (നരകത്തില്‍) ഇട്ട് എരിക്കുന്നതാണ്. (27). സക്വര്‍ എന്നാല്‍ എന്താണെന്ന് നിനക്കറിയുമോ? (28). അത് ഒന്നും ബാക്കിയാക്കുകയോ വിട്ടുകളയുകയോ ഇല്ല. (29). അത് തൊലികരിച്ച് രൂപം മാറ്റിക്കളയുന്നതാണ്. (30). അതിന്റെ മേല്‍നോട്ടത്തിന് പത്തൊമ്പത് പേരുണ്ട്.

11-30) വലീദുബ്‌നു മുഗീറയുടെ കാര്യത്തിലാണ് ഈ വചനങ്ങള്‍ അവതരിച്ചത്. സത്യത്തോട് ധിക്കാരം കാണിച്ചവന്‍ അല്ലാഹുവോടും അവന്റെ ദൂതനോടും എതിര്‍ത്തും ഏറ്റുമുട്ടിയും പോരാടിയവന്‍. അതിനാല്‍ അല്ലാഹു അവനെ മറ്റൊരാളെയും ആക്ഷേപിച്ചിട്ടില്ലാത്ത വിധം ആക്ഷേപിക്കുകയാണ്. സത്യത്തോട് എതിര്‍പ്പ് കാണിക്കുകയും ധിക്കരിക്കുകയും ചെയ്തവരുടെയെല്ലാം ഫലമിതാണ്. ഇഹലോകത്ത് അവന് നന്ദ്യതയാണുള്ളത്. പരലോകത്താകട്ടെ അങ്ങേയറ്റത്തെ അപമനാകരമായ ശിക്ഷയും.

തുടര്‍ന്ന് പറയുന്നു: (എന്നെയും ഞാന്‍ ഏകനായിക്കൊണ്ട് സൃഷ്ടിച്ച ഒരുത്തനെയും വിട്ടേക്കുക). പരിവാരങ്ങളോ സമ്പത്തോ മറ്റൊന്നും തന്നെയില്ലാതെ ഏകനായി ഞാന്‍ അവനെ സൃഷ്ടിച്ചു. ഇപ്പോഴും ഞാനവനെ സംരക്ഷിക്കുകയും ആവശ്യമായത് നല്‍കുകയും ചെയ്തുകൊണ്ടിരിക്കുന്നു.

(അവന് ഞാന്‍ സമൃദ്ധമായ സമ്പത്ത് ഉണ്ടാക്കിക്കൊടുക്കുകയും ചെയ്തു). അതായത് ധാരാളം. അവന് ഏര്‍പ്പെടുത്തിക്കൊടുക്കുകയും ചെയ്തു (സന്തതികളെ). അഥവാ ആണ്‍മക്കളെ. (സന്നദ്ധരായി നില്‍ക്കുന്ന) എപ്പോഴും അവന്റെ അടുക്കല്‍ ഹാജറായി നില്‍ക്കുകയും അവരെക്കൊണ്ട് അവന്‍ സന്തോഷിക്കുകയും ആവശ്യങ്ങള്‍ നിര്‍വഹിക്കുകയും സഹായങ്ങള്‍ സ്വീകരിക്കുകയും ചെയ്യുന്നു. (അവനു ഞാന്‍ നല്ല സൗകര്യങ്ങള്‍ ചെയ്തു കൊടുക്കുകയും ചെയ്തു).

ഇഹലോകത്ത് അതിനു വേണ്ട വഴികളുണ്ടാക്കിക്കൊടുക്കുകയും അവന്റെ ആവശ്യങ്ങള്‍ക്ക് കഴിയുകയും അവന്‍ ആഗ്രഹിക്കുന്നതും ഉദ്ദേശിക്കുന്നതും നേടുകയും ചെയ്തു. (പിന്നെയും) ഈ അനുഗ്രഹ സഹായങ്ങള്‍ ഉണ്ടായിട്ടും (ഞാന്‍ കൂടുതല്‍ കൊടുക്കണമെന്ന് അവന്‍ മോഹിക്കുന്നു). അതായത് പരലോക സുഖാനുഗ്രഹങ്ങളില്‍ നിന്നും ഇഹലോകത്ത് ലഭിച്ചതുപോലെ ലഭിക്കണമെന്ന് അവന്‍ ആഗ്രഹിക്കുന്നു. (അല്ല) അവന്‍ ആശിക്കുന്നത് പോലെയല്ല കാര്യം. അവന്റെ താല്‍പര്യങ്ങള്‍ക്കും ഉദ്ദേശ്യങ്ങള്‍ക്കും വിപരീതമായാണത് സംഭവിക്കുക. അത് (തീര്‍ച്ചയായും അവന്‍ നമ്മുടെ ദൃഷ്ടാന്തങ്ങളോട് മാത്സര്യം കാണിക്കുന്നവനായിരിക്കുന്നു). സത്യം മനസ്സിലാക്കി പിന്നെ നിഷേധിച്ചു. സത്യത്തിലേക്ക് അവന് പ്രേരണയുണ്ടായി. പക്ഷേ, അവന്‍ അതിന് വഴങ്ങിയില്ല. സത്യത്തെ അവഗണിക്കുന്നതു കൊണ്ടും തിരിഞ്ഞു കളയുന്നത് കൊണ്ടും അവന്‍ മതിയാക്കിയില്ല. മറിച്ച് അതിനോട് ഏറ്റുമുട്ടുകയും അതിനെ നിഷ്ഫലമാക്കാന്‍ പരിശ്രമിക്കുകയും ചെയ്തു. (തീര്‍ച്ചയായും അവനൊന്ന് ചിന്തിച്ചു) അതായത് സ്വന്തത്തെക്കുറിച്ച്. (അവനൊന്ന് കണക്കാക്കുകയും ചെയ്തു) അവന്‍ ചിന്തിച്ച കാര്യത്തില്‍. അത് ക്വുര്‍ആനിനെ നിരര്‍ഥകമാക്കുന്ന ഒരു പ്രസ്താവന പറയാനായിരുന്നു. (അതിനാലവന്‍ നശിക്കട്ടെ. എങ്ങനെയാണവന്‍ കണക്കാക്കിയത്). അവന്റെ പരിധിയില്‍ പെടാത്ത കാര്യത്തില്‍ അവന്‍ കണക്കാക്കി. അവനോ അവനെപ്പോലെയുള്ളവര്‍ക്കോ പ്രാപിക്കാന്‍ കഴിയാത്തതിലേക്ക് അവന്‍ അതിരുവിടുന്നു.

(പിന്നീടവനൊന്നു നോക്കി) പറയേണ്ടതെന്താണെന്ന്. (പിന്നെ അവന്‍ മുഖം ചുളിക്കുകയും മുഖം കറുപ്പിക്കുകയും ചെയ്തു) സത്യത്തോടുള്ള വെറുപ്പും വിദ്വേഷവും അവന്റെ മുഖത്ത് അവന്‍ പ്രകടമാക്കി. (പിന്നെ അവന്‍ പിന്നോട്ടുമാറി) പിന്തിരിഞ്ഞു. (അഹങ്കാരം നടിക്കുകയും ചെയ്തു) വാക്കിലും വിജ്ഞാനത്തിലും ചിന്തയിലുമുള്ള അവന്റെ പരിശ്രമങ്ങളുടെ ഫലമായുള്ള അഹങ്കാരം.

(എന്നിട്ടവന്‍ പറഞ്ഞു, ഇത് (ആരില്‍ നിന്നോ) ഉദ്ധരിക്കപ്പെടുന്ന മാരണമല്ലാതെ മറ്റൊന്നുമല്ല. ഇത് മനുഷ്യന്റെ വാക്കല്ലാതെ മറ്റൊന്നുമല്ല). ഇത് അല്ലാഹുവിന്റെ വചനങ്ങളല്ല, മറിച്ച് മനുഷ്യന്റെ വാക്കുകളാണ്. മാത്രവുമല്ല, നല്ല മനുഷ്യന്റെ വാക്കുകള്‍ പോലുമല്ല! മറിച്ച്, മാരണക്കാരനും വ്യാജവാദിയും ധിക്കാരിയുമായവന്റെ വചനം. ആകയാല്‍ അവനു നാശം! ശരിയില്‍ നിന്നും അല്ലാഹു അവനെ എത്രയാണ് അകറ്റിയത്? എത്ര വലിയ നാശത്തിനും നഷ്ടത്തിനുമാണ് അവന്‍ അര്‍ഹനായത്? ഒരു മനുഷ്യന്റെ ബുദ്ധിക്കെങ്ങനെ ഇവ്വിധം ചിന്തിക്കാനാകും? ഹൃദയത്തിനെങ്ങനെ സങ്കല്‍പിക്കാനാകും? പരിശുദ്ധനായ രക്ഷിതാവിന്റെ മഹത്തരവും ശ്രേഷ്ഠവുമായ വചനങ്ങള്‍ അപൂര്‍ണരായ, ആശ്രയരായ സൃഷ്ടികളുടെ വചനങ്ങളോട് സാദൃശ്യപ്പെടുകയോ?

അല്ലാഹുവിന്റെ വചനത്തെക്കുറിച്ച് ഇങ്ങനെ പറയാന്‍ ഈ ധിക്കാരിയായ വ്യാജവാദിക്ക് ധൈര്യം വന്നതെങ്ങനെ? പാഠം നല്‍കുന്ന കഠിനമായ ശിക്ഷയല്ലാതെ ഇവനവകാശപ്പെട്ടത് മറ്റെന്താണ്? തുടര്‍ന്ന് അല്ലാഹു പറയുന്നു: (വഴിയെ ഞാന്‍ അവനെ സക്വറില്‍ ഇട്ട് എരിക്കുന്നതാണ്. സക്വര്‍ എന്നാല്‍ എന്താണെന്ന് നിനക്കറിയുമോ? അത് ഒന്നും ബാക്കിയാക്കുകയോ വിട്ടുകളയുകയോ ഇല്ല). ശിക്ഷയുടെ കാഠിന്യത്താല്‍ ശിക്ഷിക്കപ്പെടുന്നതില്‍ ഒന്നും അവശേഷിക്കുകയില്ല; എല്ലാം പൂര്‍ത്തിയാക്കിയിട്ടല്ലാതെ.

(അത് തൊലികരിച്ച് രൂപം മാറ്റിക്കളയുന്നതാണ്). അത് അവരെ കരിച്ച് കളയും. തൊലിയുടെ നിറം മാറുകയും ചെയ്യും. അതിന്റെ ശിക്ഷയില്‍ ചൂടിന്റെ കാഠിന്യത്താല്‍ അത് അവരെ മാറ്റിക്കളയും. (അതിന്റെ മേല്‍നോട്ടത്തിന് പത്തൊമ്പത് പേരുണ്ട്). നരകത്തിന്റെ കാവല്‍ക്കാരായ മലക്കുകൡ നിന്ന്. അവര്‍ പരുഷ സ്വഭാവമുള്ളവരും അതിശക്തന്മാരുമായ മലക്കുകളുമായിരിക്കും. അല്ലാഹു അവരോട് കല്‍പിച്ച കാര്യത്തില്‍ അവനോടവര്‍ അനുസരണക്കേട് കാണിക്കുകയില്ല. അവരോട് കല്‍പിക്കപ്പെടുന്നത് അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്യും.