നൂഹ്

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2019 സെപ്തംബര്‍ 21 1441 മുഹര്‍റം 21

അധ്യായം: 71, ഭാഗം: 3

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

قَالَ نُوحٌ رَبِّ إِنَّهُمْ عَصَوْنِي وَاتَّبَعُوا مَنْ لَمْ يَزِدْهُ مَالُهُ وَوَلَدُهُ إِلَّا خَسَارًا (٢١) وَمَكَرُوا مَكْرًا كُبَّارًا (٢٢) وَقَالُوا لَا تَذَرُنَّ آلِهَتَكُمْ وَلَا تَذَرُنَّ وَدًّا وَلَا سُوَاعًا وَلَا يَغُوثَ وَيَعُوقَ وَنَسْرًا (٢٣) وَقَدْ أَضَلُّوا كَثِيرًا ۖ وَلَا تَزِدِ الظَّالِمِينَ إِلَّا ضَلَالًا (٢٤) مِمَّا خَطِيئَاتِهِمْ أُغْرِقُوا فَأُدْخِلُوا نَارًا فَلَمْ يَجِدُوا لَهُمْ مِنْ دُونِ اللَّهِ أَنْصَارًا (٢٥) وَقَالَ نُوحٌ رَبِّ لَا تَذَرْ عَلَى الْأَرْضِ مِنَ الْكَافِرِينَ دَيَّارًا (٢٦) إِنَّكَ إِنْ تَذَرْهُمْ يُضِلُّوا عِبَادَكَ وَلَا يَلِدُوا إِلَّا فَاجِرًا كَفَّارًا (٢٧) رَبِّ اغْفِرْ لِي وَلِوَالِدَيَّ وَلِمَنْ دَخَلَ بَيْتِيَ مُؤْمِنًا وَلِلْمُؤْمِنِينَ وَالْمُؤْمِنَاتِ وَلَا تَزِدِ الظَّالِمِينَ إِلَّا تَبَارًا (٢٨‬)
(21). നൂഹ് പറഞ്ഞു: എന്റെ രക്ഷിതാവേ, തീര്‍ച്ചയായും ഇവര്‍ എന്നോട് അനുസരണക്കേട് കാണിക്കുകയും ഒരു വിഭാഗത്തെ പിന്തുടരുകയും ചെയ്തിരിക്കുന്നു; അവര്‍ക്ക് (പിന്തുടരപ്പെട്ട നേതൃവിഭാഗത്തിന്) സ്വത്തും സന്താനവും മൂലം (ആത്മീയവും പാരത്രികവുമായ) നഷ്ടം കൂടുക മാത്രമാണുണ്ടായത്. (22). (പുറമെ) അവര്‍ (നേതാക്കള്‍) വലിയ കുതന്ത്രം പ്രയോഗിക്കുകയും ചെയ്തിരിക്കുന്നു. (23). അവര്‍ പറഞ്ഞു: (ജനങ്ങളേ,) നിങ്ങള്‍ നിങ്ങളുടെ ദൈവങ്ങളെ ഉപേക്ഷിക്കരുത്. വദ്ദ്, സുവാഅ്, യഗൂഥ്, യഊഖ്, നസ്‌റ് എന്നിവരെ നിങ്ങള്‍ ഉപേക്ഷിക്കരുത്. (24). അങ്ങനെ അവര്‍ വളരെയധികം ആളുകളെ വഴിപിഴപ്പിച്ചു. (രക്ഷിതാവേ,) ആ അക്രമകാരികള്‍ക്ക് വഴിപിഴവല്ലാതെ മറ്റൊന്നും നീ വര്‍ധിപ്പിക്കരുതേ. (25). അവരുടെ പാപങ്ങള്‍ നിമിത്തം അവര്‍ മുക്കി നശിപ്പിക്കപ്പെട്ടു. എന്നിട്ടവര്‍ നരകാഗ്‌നിയില്‍ പ്രവേശിപ്പിക്കപ്പെട്ടു. അപ്പോള്‍ തങ്ങള്‍ക്ക് അല്ലാഹുവിനു പുറമെ സഹായികളാരെയും അവര്‍ കണ്ടെത്തിയില്ല. (26). നൂഹ് പറഞ്ഞു: എന്റെ രക്ഷിതാവേ, ഭൂമുഖത്ത് സത്യനിഷേധികളില്‍ പെട്ട ഒരു പൗരനെയും നീ വിട്ടേക്കരുതേ. (27). തീര്‍ച്ചയായും നീ അവരെ വിട്ടേക്കുകയാണെങ്കില്‍ നിന്റെ ദാസന്‍മാരെ അവര്‍ പിഴപ്പിച്ചുകളയും. ദുര്‍വൃത്തന്നും സത്യനിഷേധിക്കുമല്ലാതെ അവര്‍ ജന്‍മം നല്‍കുകയുമില്ല. (28). എന്റെ രക്ഷിതാവേ, എന്റെ മാതാപിതാക്കള്‍ക്കും എന്റെ വീട്ടില്‍ വിശ്വാസിയായിക്കൊണ്ട് പ്രവേശിച്ചവന്നും സത്യവിശ്വാസികള്‍ക്കും സത്യവിശ്വാസിനികള്‍ക്കും സത്യവിശ്വാസിനികള്‍ക്കും നീ പൊറുത്തുതരേണമേ. അക്രമകാരികള്‍ക്ക് നാശമല്ലാതൊന്നും നീ വര്‍ധിപ്പിക്കരുതേ.

21-24). (നൂഹ് പറഞ്ഞു:) തന്റെ രക്ഷിതാവിനോട് ആവാലതിപ്പെട്ടുകൊണ്ട്. ഈ വാക്കോ ഉപദേശങ്ങളോ ഉല്‍ബോധനങ്ങളോ അവരില്‍ ഫലപ്പെടുകയോ പ്രയോജനപ്പെടുകയോ ചെയ്തില്ല. (തീര്‍ച്ചയായും അവരെന്നോട് അനുസരണക്കേട് കാണിക്കുകയും) ഞാന്‍ അവരോട് കല്‍പിച്ചതില്‍ (ഒരു വിഭാഗത്തെ പിന്തുടരുകയും ചെയ്തിരിക്കുന്നു. അവര്‍ക്ക് സ്വത്തും സന്താനവും മൂലം നഷ്ടം കൂടുക മാത്രമാണുണ്ടായത്). നന്മ അറിയിച്ചുകൊടുക്കുന്ന ഉപദേശകനായ പ്രവാചകനെ അവര്‍ ധിക്കരിച്ചു. സ്വത്തിലും സന്താനങ്ങളിലും നഷ്ടം മാത്രം വര്‍ധിപ്പിക്കുന്നവരായ പ്രമുഖരെയും നേതാക്കളെയും അവര്‍ പിന്‍പറ്റി; ലാഭങ്ങളെ നഷ്ടപ്പെടുത്തുകയും നശിപ്പിക്കുകയും ചെയ്യുന്നവരായ. അവര്‍ക്ക് കീഴ്‌പ്പെടുകയും അനുസരണം കാണിക്കുകയും ചെയ്യുന്നവന്റെ അവസ്ഥ എങ്ങനെയായിരിക്കും? (അവര്‍ വലിയ കുതന്ത്രം പ്രയോഗിക്കുകയും ചെയ്തിരിക്കുന്നു). സത്യത്തെ നിഷേധിക്കുന്നതില്‍ അങ്ങേയറ്റത്തെ മഹാകുതന്ത്രം. ശിര്‍ക്കിനെ നല്ലതായി കാണിച്ച് അതിലേക്ക് ക്ഷണിക്കുന്നവര്‍ അവരോട് പറഞ്ഞു: (നിങ്ങള്‍ നിങ്ങളുടെ ദൈവങ്ങളെ ഉപേക്ഷിക്കരുത്). അവര്‍ നിലകൊള്ളുന്നതായ ബഹുദൈവ വിശ്വാസത്തോട് പക്ഷം പിടിക്കാന്‍ അവര്‍ അവരെ ക്ഷണിച്ചു. പൗരാണികരായ പൂര്‍വപിതാക്കള്‍ നിലകൊണ്ട മാര്‍ഗം ഉപേക്ഷിക്കരുതെന്നും അവരുടെ ദൈവങ്ങളെ സഹായിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. അവര്‍ പറഞ്ഞു: (നിങ്ങള്‍ നിങ്ങളുടെ ദൈവങ്ങളെ ഉപേക്ഷിക്കരുത്. വദ്ദ്, സുവാഅ്, യഗൂസ്, യഊഖ്, നസ്വ്‌റ് എന്നിവരെ നിങ്ങള്‍ ഉപേക്ഷിക്കരുത്) നല്ലവരായ ചില ആളുകളുടെ പേരുകളാണിത്. അവര്‍ മരണപ്പെട്ടപ്പോള്‍ അവരുടെ രൂപങ്ങളുണ്ടാക്കുന്നതിനെ പിശാച് അവര്‍ക്ക് അലങ്കാരമായി കാണിച്ചുകൊടുത്തു; അവരുടെ രൂപങ്ങള്‍ കണ്ടാല്‍ നല്ല കാര്യങ്ങള്‍ ചെയ്യാന്‍ താല്‍പര്യമുണ്ടാകുമെന്ന് വാദിച്ചുകൊണ്ട്. കാലം പിന്നെയും കടന്നുപോയി. മറ്റൊരു ജനത വന്നു. അപ്പോള്‍ അവരോട് പിശാച് പറഞ്ഞു; നിങ്ങളുടെ പൂര്‍വികര്‍ അവരെ (ഈ രൂപങ്ങളെ) ആരാധിക്കുകയും അവരെ മുന്‍നിര്‍ത്തി പ്രാര്‍ഥിക്കുകയും ചെയ്തിരുന്നുവെന്നും അവരെക്കൊണ്ട് മഴ ലഭിച്ചിരുന്നുവെന്നും. അപ്പോള്‍ അവര്‍ അവരെ ആരാധിച്ചു. അതുകൊണ്ടാണ് അവരെ പിന്‍പറ്റിയ നേതാക്കള്‍ ഉപദേശിച്ചത്; ആ പ്രതിരൂപങ്ങള്‍ക്കുള്ള ആരാധന ഉപേക്ഷിക്കരുതെന്ന്.

(അങ്ങനെ അവര്‍ വളരെയധികം ആളുകളെ വഴിപിഴപ്പിച്ചു). ഈ നേതാക്കളും വലിയവന്മാരും അവരുടെ പ്രബോധനം വഴി ധാരാളം ആളുകളെ വഴിതെറ്റിച്ചു. (ആ അക്രമകാരികള്‍ക്ക് വഴിപിഴവല്ലാതെ മറ്റൊന്നും നീ വര്‍ധിപ്പിക്കരുതേ). അവരുടെ വഴികേട് എന്റെ പ്രബോധനത്താല്‍ സത്യത്തിലേക്കെത്തുകയാണെങ്കില്‍ അത് ഒരു നല്ല കാര്യമാണ്. നേതാക്കള്‍ക്കുള്ള പ്രബോധനം വഴികേടല്ലാതെ അധികരിപ്പിക്കുന്നില്ല. അതായത് അവരുടെ വിജയത്തിനും നന്മക്കും ഒരിടവും അവശേഷിക്കുന്നില്ല

25). അതിനാല്‍ ഇഹത്തിലും പരത്തിലുമുള്ള ശിക്ഷയെക്കുറിച്ചാണ് ഇനി പറയുന്നത്. (അവരുടെ പാപങ്ങള്‍ നിമിത്തം അവന്‍ മുക്കി നശിപ്പിക്കപ്പെട്ടു). അവരെ വലയം ചെയ്ത വെള്ളപ്പൊക്കത്തില്‍. (എന്നിട്ടവന്‍ നരകാഗ്നിയില്‍ പ്രവേശിപ്പിക്കപ്പെട്ടു). ശരീരങ്ങള്‍ മുങ്ങിനശിച്ചു. ആത്മാവുകള്‍ നരകത്തില്‍ കത്തിക്കരിയാനും. ഇതെല്ലാം പ്രവാചകന്‍ വന്ന് താക്കീത് ചെയ്യുകയും അപകടങ്ങള്‍ അറിയിച്ചുകൊടുത്തതുമായ തെറ്റുകള്‍ പ്രവര്‍ത്തിച്ചതു നിമിത്തമാണ്. അദ്ദേഹം പറഞ്ഞതെല്ലാം അവര്‍ നിരസിച്ചു. അങ്ങനെ അവര്‍ക്ക് മാതൃകാപരമായ ശിക്ഷയിറങ്ങി. (അപ്പോള്‍ തങ്ങള്‍ക്ക് അല്ലാഹുവിന് പുറമെ സഹായികളാരെയും അവര്‍ കണ്ടെത്തിയില്ല). കൈപ്പേറിയ കാര്യം അവര്‍ക്ക് വന്നിറങ്ങിയപ്പോള്‍ സഹായിക്കാനോ വിധികളെ പ്രതിരോധിക്കാനോ കഴിയുന്ന ഒരാളെയും കണ്ടില്ല.

26-17). (നൂഹ് പറഞ്ഞു: എന്റെ രക്ഷിതാവേ ഭൂമുഖത്ത് സത്യനിഷേധികളില്‍ പെട്ട ഒരു പൗരനെയും നീ വിട്ടേക്കരുത്). ഭൂമുഖത്ത് കഴിയുന്ന. അതിന്റെ കാരണവും തുടര്‍ന്ന് പറയന്നു: (തീര്‍ച്ചയായും നീ അവരെ വിട്ടേക്കുകയാണെങ്കില്‍ നിന്റെ ദാസന്മാരെ അവര്‍ പിഴപ്പിച്ചുകളയും. ദുര്‍വൃത്തനും സത്യനിഷേധിക്കുമല്ലാതെ അവര്‍ ജന്മംനല്‍കുകയില്ല) അവര്‍ നിലനില്‍ക്കുന്നത് അവര്‍ക്കു മറ്റുള്ളവര്‍ക്കും തികച്ചും നാശം തന്നെയാണ്. നൂഹ് നബിക്ക് അതു പറയാന്‍ കഴിഞ്ഞത് അവരുടെ സ്വഭാവങ്ങളുമായുള്ള സമ്പര്‍ക്കവും അവരോടൊപ്പം ധാരാളമായി ഇടകലരാന്‍ സാധിച്ചതുകൊണ്ടുമാണ്. അവരുടെ പ്രവര്‍ത്തനഫലങ്ങളെക്കുറിച്ച് അദ്ദേഹം നന്നായി മനസ്സിലാക്കി. അങ്ങനെ ഈ പ്രാര്‍ഥനക്ക് അല്ലാഹു അദ്ദേഹത്തിന് ഉത്തരം നല്‍കി. അവരെ മുഴുവനായി മുക്കിനശിപ്പിച്ചു. നൂഹിനെയും കൂടെയുള്ള വിശ്വാസികളെയും രക്ഷപ്പെടുത്തുകയും ചെയ്തു.

28). (എന്റെ രക്ഷിതാവേ, എനിക്കും എന്റെ മാതാപിതാക്കള്‍ക്കും എന്റെ വീട്ടില്‍ വിശ്വാസിയായി കൊണ്ട് പ്രവേശിച്ചവനും) നന്മ ചെയ്യേണ്ടതിന്റെ മുന്‍ഗണനയും അര്‍ഹതയും അനുസരിച്ച് അവരെ പ്രത്യേകം എടുത്തുപറയുകയും പിന്നീട് പൊതുവായി പറയുകയും ചെയ്തു. (സത്യവിശ്വാസികള്‍ക്കും സത്യവിശ്വാസിനികള്‍ക്കും നീ പൊറുത്തുതരേണമേ. അക്രമകാരികള്‍ക്ക് നാശമല്ലാതൊന്നും നീ വര്‍ധിപ്പിക്കരുതേ). അതായത് നഷ്ടവും തകര്‍ച്ചയും നാശവും. (നൂഹ് സൂറത്തിന്റെ വ്യാഖ്യാനം പൂര്‍ത്തിയായി)