ഇന്‍സാന്‍ (മനുഷ്യന്‍)

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2019 ഏപ്രില്‍ 20 1440 ശഅബാന്‍ 15

അധ്യായം: 76, ഭാഗം: 2

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

وَيُطْعِمُونَ الطَّعَامَ عَلَىٰ حُبِّهِ مِسْكِينًا وَيَتِيمًا وَأَسِيرًا (٨‬) إِنَّمَا نُطْعِمُكُمْ لِوَجْهِ اللَّهِ لَا نُرِيدُ مِنْكُمْ جَزَاءً وَلَا شُكُورًا (٩) إِنَّا نَخَافُ مِنْ رَبِّنَا يَوْمًا عَبُوسًا قَمْطَرِيرًا (١٠) فَوَقَاهُمُ اللَّهُ شَرَّ ذَٰلِكَ الْيَوْمِ وَلَقَّاهُمْ نَضْرَةً وَسُرُورًا (١١) وَجَزَاهُمْ بِمَا صَبَرُوا جَنَّةً وَحَرِيرًا (١٢) مُتَّكِئِينَ فِيهَا عَلَى الْأَرَائِكِ ۖ لَا يَرَوْنَ فِيهَا شَمْسًا وَلَا زَمْهَرِيرًا (١٣) وَدَانِيَةً عَلَيْهِمْ ظِلَالُهَا وَذُلِّلَتْ قُطُوفُهَا تَذْلِيلًا (١٤) وَيُطَافُ عَلَيْهِمْ بِآنِيَةٍ مِنْ فِضَّةٍ وَأَكْوَابٍ كَانَتْ قَوَارِيرَا (١٥) قَوَارِيرَ مِنْ فِضَّةٍ قَدَّرُوهَا تَقْدِيرًا (١٦) وَيُسْقَوْنَ فِيهَا كَأْسًا كَانَ مِزَاجُهَا زَنْجَبِيلًا (١٧) عَيْنًا فِيهَا تُسَمَّىٰ سَلْسَبِيلًا (١٨)
(08) ആഹാരത്തോട് പ്രിയമുള്ളതോടൊപ്പം തന്നെ അഗതിക്കും അനാഥയ്ക്കും തടവുകാരന്നും അവരത് നല്‍കുകയും ചെയ്യും. (09) (അവര്‍ പറയും:) അല്ലാഹുവിന്റെ പ്രീതിക്കു വേണ്ടി മാത്രമാണ് ഞങ്ങള്‍ നിങ്ങള്‍ക്കു ആഹാരം നല്‍കുന്നത്. നിങ്ങളുടെ പക്കല്‍ നിന്നു യാതൊരു പ്രതിഫലവും നന്ദിയും ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. (10) മുഖം ചുളിച്ചു പോകുന്നതും ദുസ്സഹവുമായ ഒരു ദിവസത്തെ ഞങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്ന് തീര്‍ച്ചയായും ഞങ്ങള്‍ ഭയപ്പെടുന്നു. (11) അതിനാല്‍ ആ ദിവസത്തിന്റെ തിന്‍മയില്‍ നിന്ന് അല്ലാഹു അവരെ കാത്തുരക്ഷിക്കുകയും പ്രസന്നതയും സന്തോഷവും അവര്‍ക്ക് അവന്‍ നല്‍കുകയും ചെയ്യുന്നതാണ്. (12) അവര്‍ ക്ഷമിച്ചതിനാല്‍ സ്വര്‍ഗത്തോപ്പും പട്ടു വസ്ത്രങ്ങളും അവര്‍ക്കവന്‍ പ്രതിഫലമായി നല്‍കുന്നതാണ്. (13) അവരവിടെ സോഫകളില്‍ ചാരിയിരിക്കുന്നവരായിരിക്കും. വെയിലോ കൊടും തണുപ്പോ അവര്‍ അവിടെ കാണുകയില്ല. (14) ആ സ്വര്‍ഗത്തിലെ തണലുകള്‍ അവരുടെ മേല്‍ അടുത്തു നില്‍ക്കുന്നതായിരിക്കും. അതിലെ പഴങ്ങള്‍ പറിച്ചെടുക്കാന്‍ സൗകര്യമുള്ളതാക്കപ്പെടുകയും ചെയ്തിരിക്കുന്നു. (15) വെള്ളിയുടെ പാത്രങ്ങളും (മിനുസം കൊണ്ട്) സ്ഫടികം പോലെയായി തീര്‍ന്നിട്ടുള്ള കോപ്പകളുമായി അവര്‍ക്കിടയില്‍ (പരിചാരകന്‍മാര്‍) ചുറ്റി നടക്കുന്നതാണ്. (16) വെള്ളിക്കോപ്പകള്‍. അവര്‍ അവയ്ക്ക് (പാത്രങ്ങള്‍ക്ക്) ഒരു തോതനുസരിച്ച് അളവ് നിര്‍ണയിച്ചിരിക്കും. (17) ഇഞ്ചിനീരിന്റെ ചേരുവയുള്ള ഒരു കോപ്പ അവര്‍ക്ക് അവിടെ കുടിക്കാന്‍ നല്‍കപ്പെടുന്നതാണ്. (18) അതായത് അവിടത്തെ (സ്വര്‍ഗത്തിലെ) സല്‍സബീല്‍ എന്നു പേരുള്ള ഒരു ഉറവിലെ വെള്ളം.

8-10). (ആഹാരത്തോട് പ്രിയമുള്ളതോടൊപ്പം അവര്‍ ഭക്ഷണം നല്‍കുകയും ചെയ്യും) ഭക്ഷണത്തോടും ധനത്തോടും ഏറെ ഇഷ്ടമുള്ള അവസ്ഥയിലാണവര്‍. എന്നാലും തങ്ങളോടുള്ള ഇഷ്ടത്തെക്കാള്‍ അല്ലാഹുവോടുള്ള ഇഷ്ടത്തിന് അവന്‍ മുന്‍ഗണന നല്‍കും. മാത്രമല്ല, ജനങ്ങളില്‍ ഏറെ ആവശ്യവും അര്‍ഹതയുമുള്ളവര്‍ക്ക് ഭക്ഷണം നല്‍കാന്‍ അവര്‍ ശ്രദ്ധ പുലര്‍ത്തും. 

(അഗതിക്കും അനാഥക്കും തടവുകാരനും) അവര്‍ ഭക്ഷണം നല്‍കുന്നതുകൊണ്ടും ചെലവഴിക്കുന്നത് കൊണ്ടും ഉദ്ദേശിക്കുന്നത് അല്ലാഹുവിന്റെ പ്രീതിയാണ്. ആ സന്ദര്‍ഭത്തില്‍ അവര്‍ പറയുന്ന പോലെയുണ്ട്: (അല്ലാഹുവിന്റെ പ്രീതിക്കു വേണ്ടി മാത്രമാണ് ഞങ്ങള്‍ നിങ്ങള്‍ക്ക് ആഹാരം നല്‍കുന്നത്. നിങ്ങളുടെ പക്കല്‍ നിന്ന് യാതൊരു പ്രതിഫലവും നന്ദിയും ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല). അതായത് സാമ്പത്തികമായ പ്രതിഫലമോ പുകഴ്ത്തുന്ന വാക്കുകളോ. (മുഖം ചുളിച്ചുപോകുന്നതായ ഒരു ദിവസത്തെ ഞങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്ന് തീര്‍ച്ചയായും ഞങ്ങള്‍ ഭയപ്പെടുന്നു) അതായത്, ഭയാനകതയും ദുരന്തവും ശക്തമായത്. (ദുസ്സഹമായ) അതായത് കുടുസ്സായതും ഇടുങ്ങിയതുമായ നിലയില്‍.

11) (അതിനാല്‍ ആ ദിവസത്തിന്റെ തിന്മയില്‍ നിന്ന് അല്ലാഹു അവരെ കാത്തുരക്ഷിക്കുകയും) ഏറ്റവും വലിയ ആ സംഭവം അവര്‍ക്ക് ദുഃഖമുണ്ടാക്കുകയില്ല. നിങ്ങള്‍ക്ക് വാഗ്ദാനം ചെയ്യപ്പെട്ടിരുന്ന നിങ്ങളുടെതായ ദിവസമാണിത് എന്ന് കരുതിക്കൊണ്ട് മലക്കുകള്‍ അവരെ സ്വാഗതം ചെയ്യുന്നതാണ്. (അവര്‍ക്ക് നില്‍കുന്നതാണ്) അവരെ ആദരിക്കുകയും അവര്‍ക്ക് നല്‍കുകയും ചെയ്യും. (പ്രസന്നത) അവരുടെ മുഖങ്ങളില്‍. (സന്തോഷം) അവരുടെ ഹൃദയങ്ങളില്‍. അങ്ങനെ പ്രത്യക്ഷവും പരോക്ഷവുമായ സുഖങ്ങള്‍ അവര്‍ക്കവന്‍ ഒരുമിച്ച് നല്‍കും.

12). (അവര്‍ ക്ഷമിച്ചതിനാല്‍ പ്രതിഫലമായി നല്‍കുന്നതാണ്) സാധിക്കുന്നത്ര അവനെ അനുസരിച്ച് പ്രവര്‍ത്തിച്ചതിന്, അവന് എതിര് പ്രവര്‍ത്തിക്കുന്നതില്‍ നിന്ന് വിട്ടുനിന്നതിന്, വേദനിപ്പിക്കുന്ന അവന്റെ വിധികളില്‍ ക്ഷമിക്കുകയും അതില്‍ വിഷമം പ്രകടിപ്പിക്കുകയും ചെയ്യാതിരുന്നതിന്. (സ്വര്‍ഗത്തോപ്പ്) എല്ലാ സുഖങ്ങളെയും ഒരുമിപ്പിച്ചു. എല്ലാ കുറവുകളില്‍ നിന്നും അനിഷ്ടങ്ങളില്‍ നിന്നും സുരക്ഷിതമായ. (പട്ടുവസ്ത്രങ്ങളും)

وَلِبَاسُهُمْ فِيهَا حَرِيرٌ

''പട്ടായിരിക്കും അവര്‍ക്ക് അവിടെയുള്ള വസ്ത്രം''(22:23).

ഒരുപക്ഷേ, അല്ലാഹു ഇവിടെ പട്ടിന്റെ പ്രത്യേകത എടുത്തു പറഞ്ഞത് അവരുടെ ബാഹ്യവസ്ത്രം അത് ധരിച്ചവന്റെ അവസ്ഥയെ അറിയിക്കുന്നതുകൊണ്ടായിരിക്കും.

13). (അവരവിടെ സോഫകളില്‍ ചാരിയിരിക്കുന്നവരായിരിക്കും) സൗകര്യ പൂര്‍ണമായ ഇരുത്തമാണ് ചാരിയിരുത്തം. മനസ്സമാധാനവും സന്തോഷവും ആശ്വാസവുമുള്ളപ്പോഴുള്ള ഇരുത്തം. അലംകൃത വസ്ത്രങ്ങളുള്ള കട്ടിലുകളാണ് സോഫകള്‍ കൊണ്ട് ഉദ്ദേശ്യം.

(അവിടെ കാണുകയില്ല) സ്വര്‍ഗത്തില്‍. (വെയിലോ) ബുദ്ധിമുട്ടിക്കുന്ന ചൂട്. (കൊടുംതണുപ്പോ) കഠിന തണുപ്പ്. എല്ലാ സമയത്തും അവര്‍ തണലുകളിലായിരിക്കും. ചൂടോ തണുപ്പോ ഇല്ലാത്ത. ശരീരങ്ങള്‍ക്ക് ആസ്വദിക്കാവുന്ന, തണുപ്പിന്റെയോ ചൂടിന്റെയോ വേദനകളില്ലാത്ത. 

14). (ആ സ്വര്‍ഗത്തിലെ തണലുകള്‍ അവരുടെ മേല്‍ അടുത്ത് നില്‍ക്കുന്നതായിരിക്കും. അതിലെ പഴങ്ങള്‍ പറിച്ചെടുക്കാന്‍ സൗകര്യമുള്ളതാക്കപ്പെടുകയും ചെയ്തിരിക്കുന്നു) ആഗ്രഹിക്കുന്നവനിലേക്ക് ആ പഴങ്ങള്‍ അടുത്തതായിരിക്കും. നിന്നും ഇരുന്നും കിടന്നുമെല്ലാം പറിച്ചെടുക്കാന്‍ കഴിയുംവിധം.

15-16). (അവര്‍ക്കിടയില്‍ ചുറ്റി നടക്കുന്നതാണ്) കുട്ടികളും സേവകരും സ്വര്‍ഗക്കാര്‍ക്കിടയില്‍ ചുറ്റിനടക്കും. (വെള്ളിയുടെ പാത്രങ്ങളും സ്ഫടികം പോലെയായി തീര്‍ന്നിട്ടുള്ള വെള്ളിക്കോപ്പകളുമായി).

(വെള്ളിക്കോപ്പകള്‍) അതിന്റെ ധാതു വെള്ളിയാണ്. സ്ഫടികത്തിന്റെ തെളിമയുണ്ടതിന്. ഇത് അത്ഭുതകരമായ ഒരു കാര്യമാണ്. കട്ടിയുള്ള വെള്ളി അതിന്റെ സത്തയുടെ തെളിമയാലും ഘനിമയുടെ മേന്മയാലും സ്ഫടികത്തെപ്പോലെ തെളിമയാര്‍ന്നതാവുക എന്നത്.

(അവര്‍ അവക്ക് ഒരു തോതനുസരിച്ച് അളവ് നിര്‍ണയിച്ചിരിക്കും) ഈ പാത്രങ്ങളിലുള്ള പാനീയങ്ങള്‍ അവരുടെ ദാഹത്തിന്റെ തോതനുസരിച്ചായിരിക്കും.

അത് അളവില്‍ കൂടുകയോ കുറയുകയോ ഇല്ല. കാരണം കൂടിയാല്‍ അതിന്റെ ആസ്വാദനം കുറയും. കുറഞ്ഞാലാവട്ടെ, ദാഹം തീരാതെ വരികയും ചെയ്യും. ഇതിന്റെ ഉദ്ദേശ്യമായി പറയുന്ന മറ്റൊരഭിപ്രായം സ്വര്‍ഗക്കാര്‍ തങ്ങളുടെ ആസ്വാദനത്തിന് യോജിക്കുന്ന വിധത്തില്‍ അതിന്റെ അളവ് സ്വയം നിര്‍ണയിക്കുന്നതാണ്. അങ്ങനെ അത് അവര്‍ വിചാരിക്കുന്ന അളവില്‍ ലഭിക്കും.

17). (അവിടെ കുടിക്കാന്‍ നല്‍കപ്പെടുന്നതാണ്) അതായത് കോപ്പയില്‍ നിന്നും, സ്വര്‍ഗത്തില്‍ വെച്ച്. ആ കോപ്പകള്‍ മധുരത്താല്‍ നിറക്കപ്പെട്ടതായിരിക്കും.

(അതിന്റെ ചേരുവ) (ഇഞ്ചിനീര്) അതിന്റെ രുചിയും മണവും നന്നായിത്തീരാന്‍.

18). (അവിടത്തെ ഒരു ഉറവ) സ്വര്‍ഗത്തിലെ. (സല്‍സബീല്‍ എന്നു പേരുള്ള) രുചി കൊണ്ടും ഭംഗികൊണ്ടും നിര്‍മലത കൊണ്ടുമാണ് ആ പേര് നല്‍കപ്പെട്ടത്.