ഇന്‍സാന്‍ (മനുഷ്യന്‍)

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2019 മെയ് 04 1440 ശഅബാന്‍ 28

അധ്യായം: 76, ഭാഗം: 4

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

إِنَّا نَحْنُ نَزَّلْنَا عَلَيْكَ الْقُرْآنَ تَنْزِيلًا (٢٣) فَاصْبِرْ لِحُكْمِ رَبِّكَ وَلَا تُطِعْ مِنْهُمْ آثِمًا أَوْ كَفُورًا (٢٤) وَاذْكُرِ اسْمَ رَبِّكَ بُكْرَةً وَأَصِيلًا (٢٥) وَمِنَ اللَّيْلِ فَاسْجُدْ لَهُ وَسَبِّحْهُ لَيْلًا طَوِيلًا (٢٦) إِنَّ هَٰؤُلَاءِ يُحِبُّونَ الْعَاجِلَةَ وَيَذَرُونَ وَرَاءَهُمْ يَوْمًا ثَقِيلًا (٢٧) نَحْنُ خَلَقْنَاهُمْ وَشَدَدْنَا أَسْرَهُمْ ۖ وَإِذَا شِئْنَا بَدَّلْنَا أَمْثَالَهُمْ تَبْدِيلًا (٢٨‬) إِنَّ هَٰذِهِ تَذْكِرَةٌ ۖ فَمَنْ شَاءَ اتَّخَذَ إِلَىٰ رَبِّهِ سَبِيلًا (٢٩) وَمَا تَشَاءُونَ إِلَّا أَنْ يَشَاءَ اللَّهُ ۚ إِنَّ اللَّهَ كَانَ عَلِيمًا حَكِيمًا (٣٠) يُدْخِلُ مَنْ يَشَاءُ فِي رَحْمَتِهِ ۚ وَالظَّالِمِينَ أَعَدَّ لَهُمْ عَذَابًا أَلِيمًا (٣١)
(23) തീര്‍ച്ചയായും നാം നിനക്ക് ഈ ക്വുര്‍ആനിനെ അല്‍പാല്‍പമായി അവതരിപ്പിച്ചു തന്നിരിക്കുന്നു. (24) ആകയാല്‍ നിന്റെ രക്ഷിതാവിന്റെ തീരുമാനത്തിന് നീ ക്ഷമയോടെ കാത്തിരിക്കുക. അവരുടെ കൂട്ടത്തില്‍ നിന്ന് യാതൊരു പാപിയെയും നന്ദികെട്ടവനെയും നീ അനുസരിച്ചു പോകരുത്. (25) നിന്റെ രക്ഷിതാവിന്റെ നാമം കാലത്തും വൈകുന്നേരവും നീ സ്മരിക്കുകയും ചെയ്യുക. (26) രാത്രിയില്‍ നീ അവനെ പ്രണമിക്കുകയും ദീര്‍ഘമായ നിശാവേളയില്‍ അവനെ പ്രകീര്‍ത്തിക്കുകയും ചെയ്യുക. (27) തീര്‍ച്ചയായും ഇക്കൂട്ടര്‍ ക്ഷണികമായ ഐഹികജീവിതത്തെ ഇഷ്ടപ്പെടുന്നു. ഭാരമേറിയ ഒരു ദിവസത്തിന്റെ കാര്യം അവര്‍ തങ്ങളുടെ പുറകില്‍ വിട്ടുകളയുകയും ചെയ്യുന്നു. (28) നാമാണ് അവരെ സൃഷ്ടിക്കുകയും അവരുടെ ശരീരഘടന ബലപ്പെടുത്തുകയും ചെയ്തത്. നാം ഉദ്ദേശിക്കുന്ന പക്ഷം അവര്‍ക്ക് തുല്യരായിട്ടുള്ളവരെ നാം അവര്‍ക്കു പകരം കൊണ്ടുവരുന്നതുമാണ്. (29) തീര്‍ച്ചയായും ഇത് ഒരു ഉല്‍ബോധനമാകുന്നു. ആകയാല്‍ വല്ലവനും ഉദ്ദേശിക്കുന്ന പക്ഷം തന്റെ രക്ഷിതാവിങ്കലേക്കുള്ള മാര്‍ഗം സ്വീകരിച്ചുകൊള്ളട്ടെ. (30) അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷമല്ലാതെ നിങ്ങള്‍ ഉദ്ദേശിക്കുകയില്ല. തീര്‍ച്ചയായും അല്ലാഹു സര്‍വജ്ഞനും യുക്തിമാനുമാകുന്നു. (31) അവന്‍ ഉദ്ദേശിക്കുന്നവരെ അവന്റെ കാരുണ്യത്തില്‍ അവന്‍ പ്രവേശിപ്പിക്കുന്നതാണ്. അക്രമകാരികള്‍ക്കാവട്ടെ അവന്‍ വേദനയേറിയ ശിക്ഷ ഒരുക്കി വെച്ചിരിക്കുന്നു.

23) സ്വര്‍ഗീയ സുഖങ്ങളെക്കുറിച്ച് പറയുമ്പോള്‍ തന്നെ അല്ലാഹു പറയുന്നു: (തീര്‍ച്ചയായും നാം നിനക്ക് ഈ ക്വുര്‍ആനിനെ അല്‍പാല്‍പമായി അവതരിപ്പിച്ചു തന്നിരിക്കുന്നു). അതില്‍ താക്കീതും വാഗ്ദാനങ്ങളുമുണ്ട്. അടിമക്ക് ആവശ്യമായതെല്ലാം വിശദീകരിച്ചിട്ടുണ്ട്. അല്ലാഹുവിന്റെ കല്‍പനകളെയും മതനിയമങ്ങളെയും ഏറ്റവും നല്ല രൂപത്തില്‍ നിര്‍വഹിക്കാനും നടപ്പിലാക്കാനും അതിനായി ക്ഷമിക്കാനും അതില്‍ കല്‍പനയുമുണ്ട്.

24). (ആകയാല്‍ നിന്റെ രക്ഷിതാവിന്റെ തീരുമാനത്തിന് നീ ക്ഷമയോടെ കാത്തിരിക്കുക. അവരുടെ കൂട്ടത്തില്‍ നിന്ന് യാതൊരു പാപിയെയും നന്ദികെട്ടവനെയും നീ അനുസരിച്ചു പോകരുത്) വിധിയായി വരുന്ന അവന്റെ തീരുമാനങ്ങളില്‍ നീ അനിഷ്ടം കാണിക്കരുത്. മതപരമായ വിധികള്‍ നടപ്പിലാക്കുകയും ചെയ്യുക. അതില്‍ ഒരു പ്രയാസവും നിന്നെ പ്രയാസപ്പെടുത്തരുത്. (നീ അനുസരിക്കരുത്) നിന്നെ തടയാനുദ്ദേശിക്കുന്ന ധിക്കാരികളെ. (പാപികളെ) പാപവും അനുസരണക്കേടും കാണിക്കുന്ന. (നന്ദികെട്ടവനെയും) അധര്‍മകാരിയെയും തോന്നിവാസിയെയും അനുസരിച്ചാല്‍ അത് തെറ്റിലാവാനേ നിവൃത്തിയുള്ളൂ. അവരുടെ മനസ്സിന്റെ താല്‍പര്യങ്ങളേ അവര്‍ കല്‍പിക്കൂ. അതിനാല്‍ ക്ഷമ അല്ലാഹുവിനുള്ള ആരാധന നിര്‍വഹിക്കാന്‍ സഹായിക്കുന്നു.

25).(നിന്റെ രക്ഷിതാവിന്റെ നാമം കാലത്തും വൈകുന്നേരവും നീ സ്മരിക്കുകയും ചെയ്യുക) അതായത് പകലിന്റെ ആദ്യത്തിലും അവസാനത്തിലും. ആ സമയങ്ങളിലാണ് നിര്‍ബന്ധ, സുന്നത്ത് നമസ്‌കാരങ്ങളുള്ളത്. ദിക്‌റുകളുടെയും തസ്ബീഹുകളുടെയും തഹ്‌ലീലുകളുടെയും കൂടി സമയമാണത്.

26). (രാത്രിയില്‍ നീ അവനെ പ്രണമിക്കുക) അതായത് സുജൂദ് നീ വര്‍ധിപ്പിക്കുക. നമസ്‌കാരം അധികരിപ്പിക്കാതെ അത് സാധ്യമല്ല. (ദീര്‍ഘമായ നിശാവേളയില്‍ അവനെ പ്രകീര്‍ത്തിക്കുകയും ചെയ്യുക) ഈ നിരുപാധികമായ നിര്‍ദേശത്തെ നിര്‍ണയിച്ചുകൊണ്ട് അല്ലാഹു പറയുന്നു:

يَا أَيُّهَا الْمُزَّمِّلُ (١)

قُمِ اللَّيْلَ إِلَّا قَلِيلًا (٢)

''ഹേ, വസ്ത്രം കൊണ്ട് മൂടിയവനേ, രാത്രി അല്‍പസമയം ഒഴിച്ച് എഴുന്നേറ്റ് നിന്ന് പ്രാര്‍ഥിക്കുക'' (73:1,2).

27). (തീര്‍ച്ചയായും ഇക്കൂട്ടര്‍) തെളിവുകള്‍ വ്യക്തമായതിന് ശേഷവും പ്രവാചകരേ, താങ്കളെ നിഷേധിക്കുന്നവര്‍. അവരെ മോഹിപ്പിച്ചിട്ടും താക്കീത് ചെയ്തിട്ടുമൊന്നും അവര്‍ക്കത് യാതൊരു പ്രയോജനവും ചെയ്തില്ല. അവര്‍ മുന്‍ഗണന നല്‍കുന്നത് (ക്ഷണികമായ ഐഹിക ജീവിതത്തെ). അതിലവര്‍ സമാധാനമടയുന്നു. (അവര്‍ വിട്ടുകളയുന്നു) അവര്‍ക്കു മുന്നില്‍. (ഭാരമേറിയ ഒരു ദിവസത്തെ) എണ്ണിക്കണക്കാക്കുന്ന അന്‍പതിനായിരം ദിവസത്തിന്റെ ദൈര്‍ഘ്യമുള്ള ഉയിര്‍ത്തെഴുന്നേല്‍പിന്റെ ദിനമാണത്.

يَقُولُ الْكَافِرُونَ هَٰذَا يَوْمٌ عَسِرٌ (٨‬)

''സത്യനിഷേധികള്‍ (അന്ന്) പറയും: ഇതൊരു പ്രയാസകരമായ ദിവസമാകുന്നു'' (54:8).

ഇഹലോക ജീവിതത്തിനും അതിലുള്ള താമസത്തിനും വേണ്ടി മാത്രമാണ് അവര്‍ സൃഷ്ടിക്കപ്പെട്ടതെന്ന് തോന്നും.

28) പിന്നീട് അവര്‍ക്കെതിരെയും ഉയിര്‍ത്തെഴുന്നേല്‍പ് സ്ഥാപിച്ചുകൊണ്ടും ബുദ്ധിപരമായ ഒരു തെളിവ് കൊണ്ടുവരുന്നു. അത് സൃഷ്ടിപ്പിന്റെ ആരംഭത്തെക്കുറിച്ചാണ്. (നാം അവരെ സൃഷ്ടിക്കുകയും) അതായത് ഇല്ലായ്മയില്‍ നിന്ന് അവരെ നാം ഉണ്ടാക്കി. (അവരുടെ ശരീരഘടന നാം ബലപ്പെടുത്തുകയും ചെയ്തു) മസിലുകള്‍, നാഡി ഞരമ്പുകള്‍ മുതലായവകൊണ്ട് ബാഹ്യവും ആന്തരികവുമായി അവരുടെ സൃഷ്ടിപ്പിനെ നാം ദൃഢമാക്കി, അങ്ങനെ ശരീരം സമ്പൂര്‍ണമായി. അതിനാല്‍ അവനുദ്ദേശിക്കുന്നതെല്ലാം സാധ്യമാകുന്നു. ഈ അവസ്ഥയില്‍ അവനെ സൃഷ്ടിച്ചവന്‍ അവര്‍ക്ക് മരണശേഷം പ്രതിഫലം നല്‍കാനും തിരിച്ചു കൊണ്ടുവരാനും കഴിവുള്ളവനാണ്. ഇവിടെ വ്യത്യസ്ത ഘട്ടങ്ങളിലൂടെ അവനെ പരിവര്‍ത്തിച്ചവന്‍ അവരോടൊന്നും കല്‍പിക്കാതെയും വിരോധിക്കാതെയും ശിക്ഷയും പ്രതിഫലവും നല്‍കാതെയും വെറുതെ വിട്ടുകളയില്ല. അതാണ് തുടര്‍ന്ന് പറയുന്നത്. (തുല്യരായിട്ടുള്ളവനെ നാം അവര്‍ക്ക് പകരം കൊണ്ടുവരുന്നതുമാണ്) അതായത് ഉയിര്‍ത്തെഴുന്നേല്‍പിനായി നാം മറ്റൊരിക്കല്‍ അവരെ പുനഃസൃഷ്ടിക്കും. അവരെത്തന്നെ നാം മടക്കിക്കൊണ്ടു വരും. അവരുടെ അതേ പോലെ തന്നെ.

29). (തീര്‍ച്ചയായും ഇതൊരു ഉല്‍ബോധനമാകുന്നു) വിശ്വാസി അതിനെക്കുറിച്ച് ചിന്തിക്കുകയും അതില്‍ നിന്ന് ഭയപ്പെടേണ്ടതും ആഗ്രഹിക്കേണ്ടതും കണ്ടെത്തി പ്രയോജനപ്പെടുത്തുകയും ചെയ്യും. (ആകയാല്‍ വല്ലവനും ഉദ്ദേശിക്കുന്ന പക്ഷം തന്റെ രക്ഷിതാവിങ്കലേക്കുള്ള മാര്‍ഗം സ്വീകരിച്ചുകൊള്ളട്ടെ) അല്ലാഹുവിലേക്കെത്തുന്ന മാര്‍ഗം; അല്ലാഹു സത്യവും നേര്‍മാര്‍ഗവും വ്യക്തമാക്കുന്നു. പിന്നീട് ജനങ്ങള്‍ അത് സ്വീകരിക്കണമോ നിരാകരിക്കണമോ എന്നതില്‍ തങ്ങളുടെ ഇഷ്ടം സ്വീകരിക്കുന്നു. തെളിവുകള്‍ അവര്‍ക്കെതിരായ നിലനില്‍ക്കെ തന്നെ.

30). (അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷമല്ലാതെ നിങ്ങള്‍ ഉദ്ദേശിക്കുകയില്ല) അല്ലാഹുവിന്റെ ഉദ്ദേശ്യം നടപ്പിലാക്കപ്പെടുന്നതാണ്. (തീര്‍ച്ചയായും അല്ലാഹു സര്‍വജ്ഞനും യുക്തിമാനുമാകുന്നു) വഴിപിഴക്കുന്നവനെ വഴിപിഴപ്പിക്കുന്നതിലും സന്മാര്‍ഗം സ്വീകരിക്കുന്നവനെ സന്മാര്‍ഗത്തിലാക്കുന്നതിലും അവന്റെ യുക്തിയുണ്ട്.

31).(അവര്‍ ഉദ്ദേശിക്കുന്നവരെ അവന്റെ കാരുണ്യത്തില്‍ അവന്‍ പ്രവേശിപ്പിക്കുന്നതാണ്) അവന്‍ അവരെ പ്രത്യേകം ശ്രദ്ധിക്കും. സൗഭാഗ്യത്തിന് നിമിത്തങ്ങളുണ്ടാക്കി കൊടുക്കുകയും അതിന്റെ വഴികളിലേക്ക് നയിക്കുകയും ചെയ്യും. (അക്രമകാരികള്‍) സന്മാര്‍ഗത്തിന് പകരും ദുര്‍മാര്‍ഗം സ്വീകരിച്ചവര്‍. (അവന്‍ വേദനയേറിയ ശിക്ഷ ഒരുക്കി വെച്ചിരിക്കുന്നു) അവരുടെ അക്രമത്താലും ശത്രുതയാലും.

സൂറഃഅല്‍ ഇന്‍സാനിന്റെ വ്യാഖ്യാനം പൂര്‍ത്തിയാകുന്നു. അല്ലാഹുവിന് സ്തുതി.