അല്‍മുദ്ദസ്സിര്‍ (പുതച്ചുമൂടിയവന്‍)

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2019 ആഗസ്ത് 17 1440 ദുല്‍ഹിജ്ജ 16

അധ്യായം: 74, ഭാഗം: 3

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

وَمَا جَعَلْنَا أَصْحَابَ النَّارِ إِلَّا مَلَائِكَةً ۙ وَمَا جَعَلْنَا عِدَّتَهُمْ إِلَّا فِتْنَةً لِلَّذِينَ كَفَرُوا لِيَسْتَيْقِنَ الَّذِينَ أُوتُوا الْكِتَابَ وَيَزْدَادَ الَّذِينَ آمَنُوا إِيمَانًا ۙ وَلَا يَرْتَابَ الَّذِينَ أُوتُوا الْكِتَابَ وَالْمُؤْمِنُونَ ۙ وَلِيَقُولَ الَّذِينَ فِي قُلُوبِهِمْ مَرَضٌ وَالْكَافِرُونَ مَاذَا أَرَادَ اللَّهُ بِهَٰذَا مَثَلًا ۚ كَذَٰلِكَ يُضِلُّ اللَّهُ مَنْ يَشَاءُ وَيَهْدِي مَنْ يَشَاءُ ۚ وَمَا يَعْلَمُ جُنُودَ رَبِّكَ إِلَّا هُوَ ۚ وَمَا هِيَ إِلَّا ذِكْرَىٰ لِلْبَشَرِ (٣١)
(31). നരകത്തിന്റെ മേല്‍നോട്ടക്കാരായി നാം മലക്കുകളെ മാത്രമാണ് നിശ്ചയിച്ചിരിക്കുന്നത്. അവരുടെ എണ്ണത്തെ നാം സത്യനിഷേധികള്‍ക്ക് ഒരു പരീക്ഷണം മാത്രമാക്കിയിരിക്കുന്നു. വേദം നല്‍കപ്പെട്ടിട്ടുള്ളവര്‍ക്ക് ദൃഢബോധ്യം വരാനും സത്യവിശ്വാസികള്‍ക്ക് വിശ്വാസം വര്‍ധിക്കാനും വേദം നല്‍കപ്പെട്ടവരും സത്യവിശ്വാസികളും സംശയത്തിലകപ്പെടാതിരിക്കാനും അല്ലാഹു എന്തൊരു ഉപമയാണ് ഇതു കൊണ്ട് ഉദ്ദേശിച്ചിട്ടുള്ളതെന്ന് ഹൃദയങ്ങളില്‍ രോഗമുള്ളവരും സത്യനിഷേധികളും പറയുവാനും വേണ്ടിയത്രെ അത്. അപ്രകാരം അല്ലാഹു താന്‍ ഉദ്ദേശിക്കുന്നവരെ പിഴപ്പിക്കുകയും താന്‍ ഉദ്ദേശിക്കുന്നവരെ നേര്‍വഴിയിലാക്കുകയും ചെയ്യുന്നു. നിന്റെ രക്ഷിതാവിന്റെ സൈന്യങ്ങളെ അവനല്ലാതെ മറ്റാരും അറിയുകയില്ല. ഇത് മനുഷ്യര്‍ക്ക് ഒരു ഉല്‍ബോധനമല്ലാതെ മറ്റൊന്നുമല്ല.

31). (നരകത്തിന്റെ മേല്‍നോട്ടക്കാരായി നാം മലക്കുകളെ മാത്രമാണ് നിശ്ചയിച്ചിരിക്കുന്നത്). അവരുടെ ശക്തിയും പരുഷതയുമാണ് അതിനു കാരണം. (അവരുടെ എണ്ണത്തെ നാം നിഷേധികള്‍ക്ക് ഒരു പരീക്ഷണം മാത്രമാക്കിയിരിക്കുന്നു). ഇവിടെ ഫിത്‌ന കൊണ്ട് ഉദ്ദേശ്യം അവര്‍ക്ക് പരലോകത്തുള്ള ശിക്ഷയായിരിക്കും. അവിടെ വര്‍ധിച്ചുകിട്ടുന്ന പാഠമാകുന്ന ശിക്ഷാനടപടികളും. അല്ലാഹു പറയുന്നു:

يَوْمَ هُمْ عَلَى النَّارِ يُفْتَنُونَ (١٣)

''നരകാഗ്നിയില്‍ അവര്‍ പരീക്ഷണത്തിന് വിധേയരാകുന്ന ദിവസമത്രെ അത്'' (51:13).

     അവരുടെ എണ്ണത്തെക്കുറിച്ച് നാം നിങ്ങള്‍ക്ക് അറിയിച്ചുതരുന്നത് നിങ്ങളില്‍ ആര്‍ അത് സത്യപ്പെടുത്തും, നിഷേധിക്കും എന്നറിയുന്നതിനു വേണ്ടിയാണ് എന്നതായിരിക്കും ഇവിടെ ഉദ്ദേശ്യം. അതാണ് തുടര്‍ന്നുള്ള വചനത്തില്‍ നിന്ന് മനസ്സിലാകുന്നത്. (വേദം നല്‍കപ്പെട്ടിട്ടുള്ളവര്‍ക്ക് ദൃഢബോധ്യം വരുവാനും സത്യവിശ്വാസികള്‍ക്ക് വിശ്വാസം വര്‍ധിക്കുവാനും). തീര്‍ച്ചയായും വേദക്കാര്‍ക്ക് അവരുടെ വേദഗ്രന്ഥങ്ങളോട് യോജിച്ച ആശയങ്ങള്‍ കാണുമ്പോള്‍ സത്യത്തിലുള്ള അവരുടെ വിശ്വാസം വര്‍ധിക്കും. അല്ലാഹുവിന്റെ വചനങ്ങള്‍ ഇറങ്ങുമ്പോഴെല്ലാം സത്യവിശ്വാസികള്‍ അത് അംഗീകരിക്കുകയും അവരുടെ വിശ്വാസം വര്‍ധിച്ചുകൊണ്ടിരിക്കുകയും ചെയ്യും.

(വേദം നല്‍കപ്പെട്ടവരും സത്യവിശ്വാസികളും സംശയത്തിലകപ്പെടാതിരിക്കുവാനും) അവരുടെ സംശയങ്ങളും ആശയക്കുഴപ്പങ്ങളും നീങ്ങാന്‍ വേണ്ടിയാണത്. ഈ മഹത്തായ ലക്ഷ്യങ്ങളാണ് ബുദ്ധിയുള്ളവര്‍ ഉദ്ദേശിക്കുന്നത്. എല്ലാ മതവിഷയങ്ങളിലും എല്ലാ സമയത്തിലും ഈമാന്‍ വര്‍ധിപ്പിക്കലും വിശ്വാസ ദൃഢതക്കു വേണ്ടി പരിശ്രമിക്കലുമാണ് ആ മഹത്തായ ലക്ഷ്യം. അതോടൊപ്പം സത്യത്തിനെതിരെ വരുന്ന ഊഹങ്ങളും സംശയങ്ങളും പ്രതിരോധിക്കുകയും ചെയ്യുക എന്നതും. അല്ലാഹു അവന്റെ ദൂതന്റെ മേല്‍ ഇറക്കിയത് ഈ മഹത്തായ ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കാന്‍ ഉതകുന്ന വിധത്തിലാണ്; കളവാക്കുന്നവരെയും സത്യവാന്മാരെയും തിരിച്ചറിയുന്ന വിധത്തിലും. അതാണ് തുടര്‍ന്ന് പറയുന്നത്. (ഹൃദയങ്ങളില്‍ രോഗമുള്ളവര്‍ പറയാന്‍ വേണ്ടിയും) അതായത് സംശയവും അവ്യക്തതയും കാപട്യവും ഉള്ളവര്‍.

(അല്ലാഹു എന്തൊരു ഉപമയാണ് ഇതുകൊണ്ട് ഉദ്ദേശിച്ചിട്ടുള്ളതെന്ന് സത്യനിഷേധികള്‍ പറയുവാനും വേണ്ടിയത്രെ അത്) അവരുടെ സംശയവും ആശയക്കുഴപ്പവും അല്ലാഹുവിന്റെ വചനങ്ങളിലുള്ള നിഷേധവുമാണിതിലുള്ളത്. അല്ലാഹു അവനുദ്ദേശിക്കുന്നവര്‍ക്ക് നല്‍കുന്ന സന്മാര്‍ഗത്തിലും അവന്‍ വഴികേടിലാക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്കേകുന്ന വഴികേടിലും പെട്ടതാണിതെല്ലാം.

(അപ്രകാരം അല്ലാഹു താന്‍ ഉദ്ദേശിക്കുന്നവരെ പിഴപ്പിക്കുകയും താന്‍ ഉദ്ദേശിക്കുന്നവരെ നേര്‍വഴിയിലാക്കുകയും ചെയ്യുന്നു) അല്ലാഹു സന്മാര്‍ഗം നല്‍കിയാല്‍ അവന്റെ ദൂതന് ഇറക്കിക്കൊടുത്തത് അവന് കാരുണ്യവും ദീനിലുള്ള വിശ്വാസത്തില്‍ വര്‍ധനവും ആക്കിക്കൊടുക്കും. അവന്‍ വഴികേടിലാക്കിയവന് അവന്റെ ദൂതനിറക്കിക്കൊടുത്തതിനെ ദൗര്‍ഭാഗ്യവും സംശയവും ഇരുട്ടുമാക്കിക്കൊടുക്കും. അല്ലാഹു അവന്റെ ദൂതനെ അറിയിച്ച കാര്യം പൂര്‍ണമായി കീഴ്‌പ്പെട്ട് സ്വീകരിക്കല്‍ നിര്‍ബന്ധമാണ്.

(നിന്റെ രക്ഷിതാവിന്റെ സൈന്യങ്ങളെ അറിയുകയില്ല) മലക്കുകളോ അല്ലാത്തവരോ (അവനല്ലാതെ). അവന്റെ സൈന്യത്തെക്കുറിച്ച് നിങ്ങള്‍ അറിയാത്തവരാണെങ്കില്‍ എല്ലാം സൂക്ഷ്മമായി അറിയുന്നവന്‍ നിങ്ങള്‍ക്ക് അതറിയിച്ചുതരുന്നു. അപ്പോള്‍ നിങ്ങള്‍ അത് സംശയമോ ആശയക്കുഴപ്പമോ കൂടാതെ സത്യപ്പെടുത്തണം.

(ഇത് മനുഷ്യര്‍ക്ക് ഒരു ഉല്‍ബോധനമല്ലാതെ മറ്റൊന്നുമല്ല) ഈ ഉല്‍ബോധനങ്ങളുടെയും ഉപദേശങ്ങളുടെയും ഉദ്ദേശ്യം കളിയോ നിരര്‍ഥകതയോ അല്ല. മറിച്ച് ഇതുകൊണ്ടുദ്ദേശിക്കുന്നത് മനുഷ്യന് ഉപകാരമുള്ളത് ഉല്‍ബോധിപ്പിക്കുകയും അങ്ങനെ അവന്‍ അത് പ്രവര്‍ത്തിക്കുകയും ചെയ്യുക; അവന് ദോഷകരമായതാവുമ്പോള്‍ ഉപേക്ഷിക്കുകയും ചെയ്യുക എന്നതാണ്.