ഖുല്‍ ഊഹിയ ഇലയ്യ

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2019 ഒക്ടോബര്‍ 12 1441 സഫര്‍ 13

അധ്യായം: 72, ഭാഗം: 3

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

وَأَنَّ الْمَسَاجِدَ لِلَّهِ فَلَا تَدْعُوا مَعَ اللَّهِ أَحَدًا (١٨) وَأَنَّهُ لَمَّا قَامَ عَبْدُ اللَّهِ يَدْعُوهُ كَادُوا يَكُونُونَ عَلَيْهِ لِبَدًا (١٩) قُلْ إِنَّمَا أَدْعُو رَبِّي وَلَا أُشْرِكُ بِهِ أَحَدًا (٢٠) قُلْ إِنِّي لَا أَمْلِكُ لَكُمْ ضَرًّا وَلَا رَشَدًا (٢١) قُلْ إِنِّي لَنْ يُجِيرَنِي مِنَ اللَّهِ أَحَدٌ وَلَنْ أَجِدَ مِنْ دُونِهِ مُلْتَحَدًا (٢٢) إِلَّا بَلَاغًا مِنَ اللَّهِ وَرِسَالَاتِهِ ۚ وَمَنْ يَعْصِ اللَّهَ وَرَسُولَهُ فَإِنَّ لَهُ نَارَ جَهَنَّمَ خَالِدِينَ فِيهَا أَبَدًا (٢٣) حَتَّىٰ إِذَا رَأَوْا مَا يُوعَدُونَ فَسَيَعْلَمُونَ مَنْ أَضْعَفُ نَاصِرًا وَأَقَلُّ عَدَدًا (٢٤) قُلْ إِنْ أَدْرِي أَقَرِيبٌ مَا تُوعَدُونَ أَمْ يَجْعَلُ لَهُ رَبِّي أَمَدًا (٢٥) عَالِمُ الْغَيْبِ فَلَا يُظْهِرُ عَلَىٰ غَيْبِهِ أَحَدًا (٢٦) إِلَّا مَنِ ارْتَضَىٰ مِنْ رَسُولٍ فَإِنَّهُ يَسْلُكُ مِنْ بَيْنِ يَدَيْهِ وَمِنْ خَلْفِهِ رَصَدًا (٢٧) لِيَعْلَمَ أَنْ قَدْ أَبْلَغُوا رِسَالَاتِ رَبِّهِمْ وَأَحَاطَ بِمَا لَدَيْهِمْ وَأَحْصَىٰ كُلَّ شَيْءٍ عَدَدًا (٢٨‬)
(18). പള്ളികള്‍ അല്ലാഹുവിന്നുള്ളതാകുന്നു. അതിനാല്‍ നിങ്ങള്‍ അല്ലാഹുവോടൊപ്പം ആരെയും വിളിച്ച് പ്രാര്‍ഥിക്കരുത് എന്നും. (19). അല്ലാഹുവിന്റെ ദാസന്‍ (നബി) അവനോട് പ്രാര്‍ഥിക്കാനായി എഴുന്നേറ്റ് നിന്നപ്പോള്‍ അവര്‍ അദ്ദേഹത്തിന് ചുറ്റും തിങ്ങിക്കൂടാനൊരുങ്ങി എന്നും. (20). (നബിയേ,) പറയുക: ഞാന്‍ എന്റെ രക്ഷിതാവിനെ മാത്രമെ വിളിച്ചു പ്രാര്‍ഥിക്കുകയുള്ളൂ. അവനോട് യാതൊരാളെയും ഞാന്‍ പങ്കുചേര്‍ക്കുകയില്ല. (21). പറയുക: നിങ്ങള്‍ക്ക് ഉപദ്രവം ചെയ്യുക എന്നതോ (നിങ്ങളെ) നേര്‍വഴിയിലാക്കുക എന്നതോ എന്റെ അധീനതയിലല്ല. (22). പറയുക: അല്ലാഹുവി(ന്റെ ശിക്ഷയി)ല്‍ നിന്ന് ഒരാളും എനിക്ക് അഭയം നല്‍കുകയേ ഇല്ല; തീര്‍ച്ചയായും അവന്നു പുറമെ ഒരു അഭയസ്ഥാനവും ഞാന്‍ ഒരിക്കലും കണ്ടെത്തുകയുമില്ല. (23). അല്ലാഹുവിങ്കല്‍ നിന്നുള്ള പ്രബോധനവും അവന്റെ സന്ദേശങ്ങളും ഒഴികെ (മറ്റൊന്നും എന്റെ അധീനതയിലില്ല). വല്ലവനും അല്ലാഹുവെയും അവന്റെ ദൂതനെയും ധിക്കരിക്കുന്ന പക്ഷം തീര്‍ച്ചയായും അവന്നുള്ളതാണ് നരകാഗ്‌നി. അത്തരക്കാര്‍ അതില്‍ നിത്യവാസികളായിരിക്കും. (24). അങ്ങനെ അവര്‍ക്ക് താക്കീത് നല്‍കപ്പെടുന്ന കാര്യം അവര്‍ കണ്ടു കഴിഞ്ഞാല്‍ ഏറ്റവും ദുര്‍ബലനായ സഹായി ആരാണെന്നും എണ്ണത്തില്‍ ഏറ്റവും കുറവ് ആരാണെന്നും അവര്‍ മനസ്സിലാക്കികൊള്ളും. (25). (നബിയേ,) പറയുക: നിങ്ങള്‍ക്ക് താക്കീത് നല്‍കപ്പെടുന്ന കാര്യം അടുത്തു തന്നെയാണോ അതല്ല എന്റെ രക്ഷിതാവ് അതിന് അവധി വെച്ചേക്കുമോ എന്ന് എനിക്ക് അറിയില്ല. (26). അവന്‍ അദൃശ്യം അറിയുന്നവനാണ്. എന്നാല്‍ അവന്‍ തന്റെ അദൃശ്യജ്ഞാനം യാതൊരാള്‍ക്കും വെളിപ്പെടുത്തി കൊടുക്കുകയില്ല. (27). അവന്‍ തൃപ്തിപ്പെട്ട വല്ല ദൂതന്നുമല്ലാതെ. എന്നാല്‍ അദ്ദേഹത്തിന്റെ (ദൂതന്റെ) മുന്നിലും പിന്നിലും അവന്‍ കാവല്‍ക്കാരെ ഏര്‍പ്പെടുത്തുക തന്നെ ചെയ്യുന്നതാണ്. (28). അവര്‍ (ദൂതന്‍മാര്‍) തങ്ങളുടെ രക്ഷിതാവിന്റെ ദൗത്യങ്ങള്‍ എത്തിച്ചുകൊടുത്തിട്ടുണ്ട് എന്ന് അവന്‍ (അല്ലാഹു) അറിയാന്‍ വേണ്ടി. അവരുടെ പക്കലുള്ളതിനെ അവന്‍ പരിപൂര്‍ണമായി അറിഞ്ഞിരിക്കുന്നു. എല്ലാ വസ്തുവിന്റെയും എണ്ണം അവന്‍ തിട്ടപ്പെടുത്തിയിരിക്കുന്നു.

18). (പള്ളികള്‍ അല്ലാഹുവിനുള്ളതാകുന്നു. അതിനാല്‍ നിങ്ങള്‍ അല്ലാഹുവോടൊപ്പം ആരെയും വിളിച്ച് പ്രാര്‍ഥിക്കരുത്) ആവശ്യങ്ങള്‍ ചോദിച്ചുകൊണ്ടുള്ള പ്രാര്‍ഥനയോ ആരാധന എന്ന നിലയിലുള്ള പ്രാര്‍ഥനയോ രണ്ടും അല്ലാഹു അല്ലാത്തവരോട് പാടില്ല. കാരണം പള്ളികള്‍ അല്ലാഹുവിന് നിഷ്‌കളങ്കമായും അവന്റെ മഹത്ത്വത്തിനും പ്രതാപത്തിനും കീഴൊതുങ്ങിയും വിനയപ്പെട്ടും ആരാധന നിര്‍വഹിക്കപ്പെടാന്‍ നിര്‍മിക്കപ്പെട്ട മഹത്തായ സ്ഥാപനങ്ങളാണ്.

19). (അല്ലാഹുവിന്റെ ദാസന്‍ (നബി) അവനോട് പ്രാര്‍ഥിക്കാനായി എഴുന്നേറ്റ് നിന്നപ്പോള്‍) അതായത് അല്ലാഹുവോട് ചോദിച്ചും ആരാധിച്ചും ക്വുര്‍ആന്‍ പാരായണം നിര്‍വഹിച്ചും. (അവരൊരുങ്ങി!) അതായത് ജിന്നുകള്‍, അദ്ദേഹത്തിന്റെ അടുക്കല്‍. അവരുടെ ആധിക്യത്താല്‍ (അദ്ദേഹത്തിന് ചുറ്റും തിങ്ങിക്കൂടാന്‍). അവര്‍ക്ക് കിട്ടിയ സന്മാര്‍ഗത്തോടുള്ള അങ്ങേയറ്റത്തെ താല്‍പര്യത്താല്‍ അവര്‍ മേല്‍ക്കുമേല്‍ നിന്ന് തിങ്ങിക്കൂടി.

20). (പറയുക): താങ്കള്‍ അവരെ ക്ഷണിക്കുന്ന വിഷയങ്ങളെന്താണെന്ന് പ്രവാചകരേ, താങ്കള്‍ അവര്‍ക്ക് വ്യക്തമായി പറഞ്ഞ് കൊടുക്കുക. (ഞാന്‍ എന്റെ രക്ഷിതാവിനെ മാത്രമെ വിളിച്ചു പ്രാര്‍ഥിക്കുകയുള്ളൂ. അവനോട് ഒരാളെയും ഞാന്‍ പങ്കുചേര്‍ക്കുകയില്ല). അവനെ ഞാന്‍ ഏകനാക്കുന്നു അവന് പങ്കുകാരില്ല. അവനെ കൂടാതെയുള്ള പങ്കുകാരെയും പ്രതിഷ്ഠകളെയും ഞാന്‍ ഒഴിവാക്കുന്നു. അവന് പുറമെ ബഹുദൈവ വിശ്വാസികള്‍ സ്വീകരിച്ചതെല്ലാം ഞാന്‍ നിരാകരിക്കുന്നു.

21-22). (പറയുക: നിങ്ങള്‍ക്ക് ഉപദ്രവം ചെയ്യുക എന്നതോ (നിങ്ങളെ) നേര്‍വഴിയിലാക്കുക എന്നതോ എന്റെ അധീനതയിലില്ല) ഞാനൊരടിമയാണ്. കാര്യങ്ങളില്‍ നിന്നോ അതിന്റെ നിയന്ത്രണങ്ങളില്‍ നിന്നോ ഒന്നും ഞാന്‍ ഉടമപ്പെടുത്തുന്നില്ല.

(പറയുക: അല്ലാഹുവിന്റെ ശിക്ഷയില്‍ നിന്ന് ഒരാളും എനിക്ക് അഭയം നല്‍കുകയേ ഇല്ല). അല്ലാഹുവിന്റെ ശിക്ഷയില്‍ നിന്ന് എന്നെ രക്ഷപ്പെടുത്താന്‍ വേണ്ടി എനിക്കഭയം തേടാവുന്ന ഒരാളുമില്ല. നബി ﷺ  സൃഷ്ടികളില്‍ പൂര്‍ണനായിരുന്നിട്ടുപോലും ഉപദ്രവം ചെയ്യുക എന്നതോ നേര്‍വഴിയിലാക്കുക എന്നതോ ഉടമപ്പെടുത്തുന്നില്ല. അല്ലാഹു പ്രവാചകനു തന്നെ വല്ല ഉപദ്രവവും വരുത്താന്‍ ഉദ്ദേശിച്ചാല്‍ സ്വന്തത്തെ തടുക്കാന്‍ പോലും സാധ്യമല്ല. അപ്പോള്‍ സൃഷ്ടികളില്‍ മറ്റുള്ളവരുടെ കാര്യമെടുക്കേണ്ടതില്ലല്ലോ. (അവനു പുറമെ ഒരു അഭയസ്ഥാനവും ഞാന്‍ ഒരിക്കലും കണ്ടെത്തുകയില്ല) സഹായിയെയോ അഭയസ്ഥാനമോ.

23). (അല്ലാഹുവിങ്കല്‍ നിന്നുള്ള പ്രബോധനവും അവന്റെ സന്ദേശങ്ങളും ഒഴികെ) ജനങ്ങളില്‍ എനിക്കുള്ള പ്രത്യേകത ഈ പ്രബോധനമെത്തിക്കാനും സൃഷ്ടികളെ അതിലേക്ക് ക്ഷണിക്കാനും എന്നെ അല്ലാഹു പ്രത്യേകം നിയോഗിച്ചു എന്നതാണ്. അതിനാല്‍ അത് ജനങ്ങള്‍ക്ക് എതിരായി തെളിവായി നിലനില്‍ക്കുന്നു.

(വല്ലവനും അല്ലാഹുവെയും അവന്റെ ദൂതനെയും ധിക്കരിക്കുന്ന പക്ഷം തീര്‍ച്ചയായും അവനുള്ളതാണ് നരകാഗ്നി. അത്തരക്കാര്‍ അതില്‍ നിത്യവാസികളായിരിക്കും) ധിക്കരിക്കുക എന്നതുകൊണ്ട് ഇവിടെ ഉദ്ദേശിക്കുന്നത് വിശ്വാസനിഷേധമാണ്. മറ്റു സ്ഥലങ്ങളില്‍ ഈ നിബന്ധന വ്യക്തമാക്കിയിട്ടുണ്ട്. വെറും തെറ്റാണെങ്കില്‍ അത് നരകത്തില്‍ ശാശ്വതത്വം നിര്‍ബന്ധമാക്കുന്നില്ല. അതാണ് ക്വുര്‍ആനും നബിവചനങ്ങളും സച്ചരിതരായ ഈ സമുദായത്തിലെ ഇമാമീങ്ങളും മഹത്തുക്കളും യോജിച്ച കാര്യം.

24). (അങ്ങനെ അവര്‍ക്ക് താക്കീത് നല്‍കപ്പെടുന്ന കാര്യം അവര്‍ കണ്ടുകഴിഞ്ഞാല്‍) കണ്ണില്‍ നേര്‍ക്കുനേരെ കണ്ട് സാക്ഷികളാവുകയും അതിലവര്‍ അകപ്പെടുമെന്ന് ഉറപ്പാവുകയും ചെയ്താല്‍. (അവര്‍ മനസ്സിലാക്കിക്കൊള്ളും) അറിവിന്റെ യാഥാര്‍ഥ്യം ആ സമയത്ത് അവരറിയും (ഏറ്റവും ദുര്‍ബലനായ സഹായി ആരാണെന്നും എണ്ണത്തില്‍ ഏറ്റവും കുറവ് ആരാണെന്നും) ആരും അവരെ സഹായിക്കാതിരിക്കുകയും അവര്‍ക്ക് തന്നെ അവരെ സഹായിക്കാന്‍ പറ്റാതെ വരികയും ആദ്യം സൃഷ്ടിച്ചതുപോലെ ഒറ്റക്ക് ഒരുമിച്ച് കൂട്ടുകയും ചെയ്യുമ്പോള്‍.

25-26). (നീ പറയുക) എപ്പോഴാണ് ഈ വാഗ്ദാനം നിറവേറുക എന്ന് അവര്‍ നിന്നോട് ചോദിച്ചാല്‍ നീ അവരോട് പറയണം. (നിങ്ങള്‍ക്ക് താക്കീത് നല്‍കപ്പെടുന്ന കാര്യം അടുത്തു തന്നെയാണോ അതല്ല എന്റെ രക്ഷിതാവ് അതിന് അവധി വെച്ചേക്കുമോ എന്ന് എനിക്കറിയില്ല) അതായത് നീണ്ട അവധി. ആ അറിവ് അല്ലാഹുവിന്റെ പക്കലാണ്. (അവന്‍ അദൃശ്യം അറിയുന്നവനാണ്. എന്നാല്‍ അവന്‍ തന്റെ അദൃശ്യജ്ഞാനം യാതൊരാള്‍ക്കും വെളിപ്പെടുത്തിക്കൊടുക്കുകയില്ല) ഒരു സൃഷ്ടിക്കും. ഹൃദയങ്ങളെയും രഹസ്യങ്ങളെയും അദൃശ്യങ്ങളെയും കുറിച്ചുള്ള അറിവ് അവന് മാത്രമാണുള്ളത്.

27). (അവന്‍ തൃപ്തിപ്പെട്ട വല്ല ദൂതനുമല്ലാതെ) അറിയിക്കണമെന്ന് അവന്റെ യുക്തി തേടുന്നത് അവനവരെ അറിയിക്കും. കാരണം പ്രവാചകന്മാര്‍ മറ്റുള്ളവരെപ്പോലെയല്ല. മറ്റൊരു സൃഷ്ടികളെയും ശക്തിപ്പെടുത്താത്ത വിധം അല്ലാഹു അവരെ ശക്തിപ്പെടുത്തുന്നു. അവര്‍ക്ക് വഹ്‌യ് നല്‍കുന്ന കാര്യങ്ങള്‍ പിശാചുക്കള്‍ ചെന്ന് കൂട്ടുകയോ കുറക്കുകയോ ചെയ്യാതെ യഥാര്‍ഥ രൂപത്തില്‍ അവര്‍ക്ക് എത്തിക്കുന്നതുവരെ അതിനെ  അവന്‍ സംരക്ഷിക്കും. അതിനെക്കുറിച്ചാണ് പറയുന്നത് (എന്നാല്‍ അദ്ദേഹത്തിന്റെ മുന്നിലും പിന്നിലും അവന്‍ കാവല്‍ക്കാരെ ഏര്‍പ്പെടുത്തുക തന്നെ ചെയ്യുന്നതാണ്) അല്ലാഹുവിന്റെ നിര്‍ദേശപ്രകാരം അവരതിനെ സംരക്ഷിക്കും.

28). (അവന്‍ (അല്ലാഹു) അറിയാന്‍ വേണ്ടി) ആ കാര്യം. (അവര്‍ (ദൂതന്മാര്‍) തങ്ങളുടെ രക്ഷിതാവിന്റെ ദൗത്യങ്ങള്‍ എത്തിച്ചു കൊടുത്തിട്ടുണ്ട് എന്ന്). അതിനുള്ള മാര്‍ഗങ്ങള്‍ അവന്‍ അവര്‍ക്ക് ഏര്‍പ്പെടുത്തിക്കൊടുത്തതിനാല്‍ (അവരുടെ പക്കലുള്ളതിനെ അവന്‍ പരിപൂര്‍ണമായി അറിഞ്ഞിരിക്കുന്നു). അവരുടെ അടുക്കലുള്ളതും അവര്‍ രഹസ്യമാക്കിയതും പരസ്യമാക്കിയതും. (എല്ലാ വസ്തുവിന്റെയും എണ്ണം അവന്‍ തിട്ടപ്പെടുത്തിയിരിക്കുന്നു).

ഈ അധ്യായത്തില്‍ ധാരാളം പ്രയോജനപ്രദമായ ആശയങ്ങള്‍ ഉണ്ട്. അതില്‍ പെട്ടതാണ് ജിന്നുണ്ടെന്ന കാര്യം. അവര്‍ മതപരമായ കല്‍പനാ വിരോധങ്ങള്‍ കല്‍പിക്കപ്പെട്ടവരാണ്. അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിഫലം നല്‍കപ്പെടുകയും ചെയ്യും; ഈ അധ്യായത്തിലും മറ്റു അധ്യായങ്ങളിലും വ്യക്തമാക്കിയതു പോലെ. അതില്‍പെട്ടതാണ്: അല്ലാഹുവിന്റെ ദൂതന്‍ മനുഷ്യരിലേക്ക് നിയോഗിക്കപ്പെട്ടതു പോലെ ജിന്നുകളിലേക്കും കൂടി നിയോഗിക്കപ്പെട്ടവനാണ്. അല്ലാഹു ജിന്നുകളില്‍ നിന്നും ഒരു സംഘത്തെ പ്രവാചകന് വഹ്‌യ് നല്‍കപ്പെട്ട കാര്യം ശ്രദ്ധിച്ചു കേള്‍ക്കാനും തങ്ങളുടെ ജനതക്ക് എത്തിച്ചുകൊടുക്കാനും നിയോഗിച്ചു.

അതില്‍ പെട്ടതാണ്: ജിന്നുകളും ബുദ്ധിശക്തിയും. സത്യത്തെക്കുറിച്ചുള്ള അറിവ്. ക്വുര്‍ആനിന്റെ മാര്‍ഗദര്‍ശനത്തില്‍ നിന്നും അവര്‍ മനസ്സിലാക്കിയ യാഥാര്‍ഥ്യം. അവരെ വിശ്വാസത്തിലേക്ക് നയിച്ച കാര്യം. അവരുടെ സംസാരത്തില്‍ അവര്‍ സ്വീകരിച്ച നല്ല മര്യാദകള്‍.

അതില്‍ പെട്ടതാണ്: അല്ലാഹു തന്റെ ദൂതന് നല്‍കുന്ന ശ്രദ്ധയും പ്രവാചകന്‍ കൊണ്ടുവന്നതിന് നല്‍കുന്ന സംരക്ഷണവും. പ്രവാചകത്വത്തിന്റെ ആരംഭത്തില്‍ ആകാശം നക്ഷത്രങ്ങളാല്‍ കാവല്‍ നിര്‍ത്തപ്പെട്ടതായിരുന്നു. പിശാചുക്കള്‍ ആ സ്ഥാനങ്ങളില്‍ നിന്ന് ഓടിപ്പോയി. നിരീക്ഷണ സ്ഥലങ്ങളില്‍ നിന്ന് ആട്ടിയോടിക്കപ്പെട്ടു. കണക്കാക്കാനാവാത്ത അനുഗ്രഹങ്ങള്‍ ഭൂമിയിലുള്ളവര്‍ക്ക് അല്ലാഹു നല്‍കി. അവര്‍ക്ക് ശരിയായ മാര്‍ഗം കാണിച്ചുകൊടുക്കാന്‍ അവനുദ്ദേശിച്ചു. ഹൃദയങ്ങള്‍ സന്തോഷം കൊള്ളുന്ന ഇസ്‌ലാമിക മതനിയമങ്ങള്‍ വ്യക്തമാകുന്ന, ബുദ്ധിയുള്ളവര്‍ സന്തോഷിക്കുന്ന, ബഹുദൈവത്വത്തെ നിരാകരിക്കുന്ന അറിവും മതനിയമങ്ങളും ഭൂമിയില്‍ പ്രത്യക്ഷമാക്കാന്‍ അവനുദ്ദേശിച്ചു.

അതില്‍പെട്ടതാണ്: പ്രവാചകനെ ﷺ  ശ്രദ്ധിച്ചുകേള്‍ക്കാന്‍ തിരക്കുകൂട്ടി ജിന്നുകള്‍ മേല്‍ക്കുമേല്‍ വന്നത് അവരുടെ താല്‍പര്യത്തിന്റെ ശക്തിയെ കുറിക്കുന്നു.

അതില്‍ പെട്ടതാണ്: ബഹുദൈവത്വത്തെ നിരോധിച്ചതും ഏകദൈവ വിശ്വാസത്തെ കുറിച്ചുള്ള കല്‍പനയും ഈ അധ്യായം ഉള്‍ക്കൊള്ളുന്നു. സൃഷ്ടികളുടെഅവസ്ഥ വിശദീകരിക്കുകയും ചെയ്തു. അവരിലൊരാള്‍ക്കും അണുമണിത്തൂക്കം പോലും ആരാധനക്ക് അവകാശമില്ല. ദൂതന്‍ മുഹമ്മദ് നബി ﷺ  പോലും ഒരാള്‍ക്ക് ഉപകാരമോ ഉപദ്രവമോ ഉടമപ്പെടുത്തുന്നില്ല; മാത്രവുമല്ല, സ്വന്തത്തിനു പോലും. എല്ലാ സൃഷ്ടികളുടെ കാര്യവും അത് തന്നെ. മറ്റൊരാരാധ്യനെ സ്വീകരിക്കുക എന്നത് പാപവും അനീതിയുമാണ്.

അതില്‍ പെട്ടതാണ്: അദൃശ്യജ്ഞാനം അല്ലാഹുവിന്റെ മാത്രം അറിവാണ്. മറ്റൊരാള്‍ക്കും അതറിയുകയില്ല. അല്ലാഹു തൃപ്തിപ്പെടുകയും ആ അറിവിനാല്‍ അല്ലാഹു പ്രത്യേകമാക്കുകയും ചെയ്തവരിലൊഴികെ.