ഖലം (പേന)

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2019 ഡിസംബര്‍ 21 1441 റബിഉല്‍ ആഖിര്‍ 24

അധ്യായം: 68, ഭാഗം: 1

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

ن ۚ وَالْقَلَمِ وَمَا يَسْطُرُونَ (١) مَا أَنْتَ بِنِعْمَةِ رَبِّكَ بِمَجْنُونٍ (٢) وَإِنَّ لَكَ لَأَجْرًا غَيْرَ مَمْنُونٍ (٣) وَإِنَّكَ لَعَلَىٰ خُلُقٍ عَظِيمٍ (٤) فَسَتُبْصِرُ وَيُبْصِرُونَ (٥) بِأَيْيِكُمُ الْمَفْتُونُ (٦) إِنَّ رَبَّكَ هُوَ أَعْلَمُ بِمَنْ ضَلَّ عَنْ سَبِيلِهِ وَهُوَ أَعْلَمُ بِالْمُهْتَدِينَ (٧‬) فَلَا تُطِعِ الْمُكَذِّبِينَ (٨‬) وَدُّوا لَوْ تُدْهِنُ فَيُدْهِنُونَ (٩)
(1) നൂന്‍; പേനയും അവര്‍ എഴുതുന്നതും തന്നെയാണ് സത്യം. (2) നിന്റെ രക്ഷിതാവിന്റെ അനുഗ്രഹം കൊണ്ട് നീ ഒരു ഭ്രാന്തനല്ല. (3) തീര്‍ച്ചയായും നിനക്ക് മുറിഞ്ഞ് പോകാത്ത പ്രതിഫലമുണ്ട്. (4) തീര്‍ച്ചയായും നീ മഹത്തായ സ്വഭാവത്തിലാകുന്നു. (5) ആകയാല്‍ വഴിയെ നീ കണ്ടറിയും, അവരും കണ്ടറിയും; (6) നിങ്ങളില്‍ ആരാണ് കുഴപ്പത്തിലകപ്പെട്ടവനെന്ന്. (7) തീര്‍ച്ചയായും നിന്റെ രക്ഷിതാവ് അവന്റെ മാര്‍ഗം വിട്ടു പിഴച്ചുപോയവരെപ്പറ്റി നല്ലവണ്ണം അറിയുന്നവനാകുന്നു. സന്‍മാര്‍ഗം പ്രാപിച്ചവരെപ്പറ്റിയും അവന്‍ നല്ലവണ്ണം അറിയുന്നവനാകുന്നു. (8) അതിനാല്‍ സത്യനിഷേധികളെ നീ അനുസരിക്കരുത്? (9) നീ വഴങ്ങിക്കൊടുത്തിരുന്നെങ്കില്‍ അവര്‍ക്കും വഴങ്ങിത്തരാമായിരുന്നു എന്നവര്‍ ആഗ്രഹിക്കുന്നു.

1-2). വിവിധ തരം വിജ്ഞാനങ്ങള്‍ രേഖപ്പെടുത്താന്‍ ഉപയോഗിക്കുന്ന, സര്‍വ എഴുത്തുപകരണങ്ങളെയും പൊതുവായി ഉള്‍ക്കൊള്ളുന്ന ഒരു വര്‍ഗനാമമാണ് ഇവിടെ  قلم(പേന) എന്നത്. ഗദ്യങ്ങളും പദ്യങ്ങളും രേഖപ്പെടുത്താന്‍ അത് ഉപയോഗിക്കുന്നു. ഇവിടെ പേന രേഖപ്പെടുത്തുന്നതാവട്ടെ, അല്ലാഹുവിന്റെ മഹത്തായ ദൃഷ്ടാന്തങ്ങളായ അവന്റെ വിവിധ വചനങ്ങള്‍. അവ സത്യം ചെയ്ത് പറയാന്‍ അര്‍ഹമായവയാണ്; ശത്രുക്കള്‍ നബിലയില്‍ ആരോപിക്കുന്ന ഭ്രാന്തില്‍നിന്ന് അദ്ദേഹം മുക്തനാണെന്ന്. അല്ലാഹുവിന്റെ മഹത്തായ കാരുണ്യം കൊണ്ടും ഔദാര്യം കൊണ്ടും തികഞ്ഞ ബുദ്ധിയും ഉന്നതമായ കാഴ്ചപ്പാടും സംശയരഹിതമായ വാക്കുകളുമാണ് അദ്ദേഹത്തിനുള്ളത്. പേനകളില്‍ നിന്ന് ഉത്ഭവിച്ച, മനുഷ്യന്‍ എഴുതിയവയെക്കാള്‍ ഏറ്റവും ഉത്തമമായത് ഈ വചനങ്ങള്‍ തന്നെ. ഇത് ഈ ലോകത്ത് അദ്ദേഹത്തിന് ലഭിച്ച ഏറ്റവും വലിയ സൗഭാഗ്യമാണ്.

3). തുടര്‍ന്ന് അല്ലാഹു പറയുന്നത്, പരലോകത്ത് അദ്ദേഹത്തിന് ലഭിക്കുന്ന സൗഭാഗ്യത്തെക്കുറിച്ചാണ്. (തീര്‍ച്ചയായും നിനക്ക് മുറിഞ്ഞുപോകാത്ത പ്രതിഫലമുണ്ട്). മഹത്തായ പ്രതിഫലം എന്നും വാചകത്തിന്റെ പ്രയോഗത്തില്‍ നിന്ന് ലഭിക്കും. അതായത് നിന്നുപോകാത്തത്, നിത്യമായി നിലനില്‍ക്കുന്നത് എന്നര്‍ഥം. അതെല്ലാം അദ്ദേഹം ചെയ്തുവെച്ച സല്‍പ്രവര്‍ത്തനങ്ങളുടെയും സമ്പൂര്‍ണ സ്വഭാവ ഗുണങ്ങളുടെയും നന്മകളുടെയും ഫലമായിട്ടാണ്.

4). അതാണ് തുടര്‍ന്ന് പറയുന്നത്: (തീര്‍ച്ചയായും നീ മഹത്തായ സ്വഭാവത്തിലാകുന്നു) അതായത് ഔന്നത്യമുള്ളവന്‍. താങ്കള്‍ക്ക് അല്ലാഹു കനിഞ്ഞു നല്‍കിയ സ്വഭാവം മൂലമുണ്ടായ ഔന്നത്യം. നബിലയുടെ സ്വഭാവത്തെക്കുറിച്ച് ചോദിച്ച വ്യക്തിയോട് ആഇശല ആ സ്വഭാവത്തിന്റെ സംക്ഷിപ്തം വിശദീകരിച്ചിട്ടുണ്ട്. അവര്‍ പറഞ്ഞു: 'അദ്ദേഹത്തിന്റെ സ്വഭാവം ക്വുര്‍ആനായിരുന്നു.' ഇത് പോലുള്ള വചനങ്ങള്‍ (അത് വ്യക്തമാക്കുന്നു:).

خُذِ الْعَفْوَ وَأْمُرْ بِالْعُرْفِ وَأَعْرِضْ عَنِ الْجَاهِلِينَ

''നീ വിട്ടുവീഴ്ച സ്വീകരിക്കുകയും സദാചാരം കല്‍പിക്കുകയും അവിവേകികളെ വിട്ട് തിരിഞ്ഞുകളയുകയും ചെയ്യുക'' (7:199).

فَبِمَا رَحْمَةٍ مِنَ اللَّهِ لِنْتَ لَهُمْ ۖ

''അല്ലാഹുവിങ്കല്‍ നിന്നുള്ള കാരുണ്യം കൊണ്ടാണ് നീ അവരോട് സൗമ്യമായി പെരുമാറിയത്...'' (3:159).

لَقَدْ جَاءَكُمْ رَسُولٌ مِنْ أَنْفُسِكُمْ عَزِيزٌ عَلَيْهِ مَا عَنِتُّمْ

''തീര്‍ച്ചയായും നിങ്ങള്‍ക്കിതാ നിങ്ങളില്‍ നിന്ന് തന്നെയുള്ള ഒരു ദൂതന്‍ വന്നിരിക്കുന്നു. നിങ്ങള്‍ കഷ്ടപ്പെടുന്നത് സഹിക്കാന്‍ കഴിയാത്തവന്‍.'' (9:128).

നബില സ്വീകരിച്ച ആദരണീയമായ സ്വഭാവഗുണങ്ങളെയാണ് ഈ വചനങ്ങളും ഇതുപോലുള്ളവയും അറിയിക്കുന്നത്. ഇവയെല്ലാം മഹത്തായ സ്വഭാവ ഗുണങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നവ കൂടിയാണ്. ഇവയെല്ലാം പൂര്‍ണമായും ഉന്നതമായും അദ്ദേഹത്തിനും ഉണ്ടായിരുന്നു. എല്ലാ കാര്യത്തിലും ഉന്നതശ്രേണിയിലായിരുന്നു. ജനങ്ങളോട് ഏറ്റവും അടുത്തും മൃദുലമായും ലളിതമായും അദ്ദേഹം വര്‍ത്തിച്ചു. ചോദിച്ചതിനെല്ലാം ഉത്തരം നല്‍കിയും ആവശ്യക്കാരന്റെ ആവശ്യങ്ങള്‍ നിര്‍വഹിച്ചും അന്വേഷിക്കുന്നവനെ നിരാശനാക്കാതെയും തടസ്സപ്പെടുത്താതെയും അവന്റെ മനസ്സിന് പരിഹാരം നല്‍കുന്നവനായി നിലകൊണ്ടു. കുറ്റകരമല്ലാത്ത ഏതു കാര്യവും തന്റെ അനുചരന്മാര്‍ ഉദ്ദേശിച്ചാല്‍ അതിനോട് യോജിക്കുകയും അതു നിര്‍വഹിക്കാന്‍ അവരോടൊപ്പം നില്‍ക്കുകയും ചെയ്യും. ഒരു കാര്യം അദ്ദേഹം തീരുമാനിച്ചാല്‍ സ്വേച്ഛാധിപത്യത്തോടെ നടപ്പിലാക്കലല്ല മറിച്ച് അവരോട് കൂടിയാലോചിച്ചും ചര്‍ച്ച ചെയ്തുമായിരിക്കും അത് ചെയ്യുക. അവരില്‍ നന്മ ചെയ്യുന്നവരെ അദ്ദേഹം സ്വീകരിക്കുകയും അപാകതകള്‍ സംഭവിക്കുന്നവര്‍ക്ക് വിട്ടുവീഴ്ച നല്‍കുകയും ചെയ്യും. ഒരു കൂട്ടുകാരനുമായി പെരുമാറുമ്പോള്‍ അദ്ദേഹത്തിന്റെ പെരുമാറ്റം കുറ്റമറ്റതും നന്മ നിറഞ്ഞതുമായിരിക്കും. അദ്ദേഹം വെറുപ്പോടെ ഒരാളോടും മുഖം ചുളിക്കാറില്ല. സംസാരത്തില്‍ പരുഷത കാട്ടാറില്ല. തൊലി ചുളിക്കാറില്ല. നാവിന്റെ പിഴവുകള്‍ക്ക് നടപടി എടുക്കാറില്ല. പരുഷത കാണിക്കുന്നവരോട് ശിക്ഷാനടപടി സ്വീകരിക്കാറില്ല. മറിച്ച് അവരോടെല്ലാം അങ്ങേയറ്റത്തെ നന്മ ചെയ്യും. വലിയ സഹനം കാണിക്കുകയും ചെയ്യും.

5,6). ഈ ഉന്നത സ്ഥാനങ്ങളില്‍ അല്ലാഹു എത്തിച്ചപ്പോള്‍ ശത്രുക്കള്‍ അദ്ദേഹത്തെ ഭ്രാന്തനും കുഴപ്പത്തില്‍ അകപ്പെട്ടവനുമാക്കി. (ആകയാല്‍ വഴിയെ നീ കണ്ടറിയും. അവരും കണ്ടറിയും). ഇവിടെ വ്യക്തമാകുന്നത് നബില ജനങ്ങളില്‍ ഏറ്റവും സന്മാര്‍ഗിയും സ്വന്തത്തോടും മറ്റുള്ളവരോടും നന്നായി വര്‍ത്തിച്ചവനുമാണ് എന്നാണ്. എന്നാല്‍ അദ്ദേഹത്തിന്റെ ശത്രുക്കളാകട്ടെ, ജനങ്ങളില്‍ ഏറ്റവും വഴിപിഴച്ചവരും ആളുകളില്‍ മറ്റുള്ളവരോട് ഏറ്റവും മോശമായി വര്‍ത്തിക്കുന്നവരുമാണ്. അല്ലാഹുവിന്റെ നല്ലവരായ അടിമകളെ ദ്രോഹിക്കുകയും വഴിതെറ്റിക്കുകയും ചെയ്തു. അതെല്ലാം അല്ലാഹുവിനറിയാമെന്നതു തന്നെ മതി കാരണം. അവനാണല്ലോ വിചാരണ ചെയ്യുന്ന പ്രതിഫല ദാതാവ്.

7). (തീര്‍ച്ചയായും നിന്റെ രക്ഷിതാവ് അവന്റെ മാര്‍ഗം വിട്ട് പിഴച്ചുപോകുന്നവരെപ്പറ്റി നല്ലവണ്ണം അറിയുന്നവനാകുന്നു. സന്മാര്‍ഗം പ്രാപിച്ചവരെപ്പറ്റിയും അവന്‍ നല്ലവണ്ണം അറിയുന്നവനാകുന്നു) ഇതില്‍ വഴിപിഴച്ചവര്‍ക്കുള്ള താക്കീതും സന്മാര്‍ഗികള്‍ക്കുള്ള വാഗ്ദാനവുമുണ്ട്. സന്മാര്‍ഗത്തിന് യോഗ്യരായവര്‍ക്ക് അവന്‍ മറ്റുള്ളവരില്‍ നിന്ന് വിഭിന്നമായി അത് നല്‍കുന്നു എന്ന അല്ലാഹുവിന്റെ യുക്തിയെ വ്യക്തമാക്കുക കൂടി ചെയ്യുന്നു.

8). അല്ലാഹു തന്റെ നബിയോട് പറയുന്നു: (അതിനാല്‍ സത്യനിഷേധികളെ നീ അനുസരിക്കരുത്). സത്യത്തോട് ധിക്കാരം കാണിച്ചവരെയും നിന്നെ കളവാക്കിയവരെയും. കാരണം അവര്‍ അനുസരിക്കപ്പെടാന്‍ യോഗ്യരല്ല. അവരുടെ മനസ്സിന്റെ ഇച്ഛകള്‍ മാത്രമാണവര്‍ കല്‍പിക്കുന്നത്. അസത്യമാണവര്‍ ഉദ്ദേശിക്കുന്നത്.

അവരെ അനുസരിക്കുന്നവര്‍ തനിക്ക് ദോഷകരമായതിലേക്കാണ് വരുന്നത്. എല്ലാ നിഷേധിക്കും നിഷേധത്തില്‍ നിന്നുണ്ടാകുന്ന എല്ലാ അനുസരണത്തിനും ഇത് ബാധകമാണ്; സന്ദര്‍ഭം മറ്റൊന്നാണെങ്കിലും. സന്ദര്‍ഭം ബഹുദൈവ വിശ്വാസികള്‍ തങ്ങളുടെ ആരാധ്യരിലും മതത്തിലും തെറ്റ് കാണുന്നതില്‍ നിന്നും മൗനം ദീക്ഷിക്കാന്‍ ആവശ്യപ്പെടുന്നതാണ്.

9). അതാണ് അല്ലാഹു പറയുന്നത്: (അവര്‍ ആഗ്രഹിക്കുന്നു) അതായത് ബഹുദൈവ വിശ്വാസികള്‍. (നീ വഴങ്ങിക്കൊടുത്തിരുന്നുവെങ്കില്‍) അവര്‍ പുലര്‍ത്തുന്ന ചില കാര്യങ്ങളോടെങ്കിലും യോജിപ്പ് കാണിച്ചെങ്കില്‍, വാക്കുകൊണ്ടോ പ്രവൃത്തികൊണ്ടോ; ചുരുങ്ങിയത് അതിനെക്കുറിച്ച് പറയാതെ മൗനം കൊണ്ടെങ്കിലും. എന്നാല്‍ (അവര്‍ക്കും വഴങ്ങിത്തരാമായിരുന്നു). എന്നാല്‍ നീ ചെയ്യേണ്ടത,് അല്ലാഹു കല്‍പിച്ചത് ഉറക്കെ പറയുക. ഇസ്‌ലാംമതത്തെ വ്യക്തമാക്കുക. അതിന്റെ വ്യക്തത പൂര്‍ണമാകുന്നത് അതിന് വിരുദ്ധമായതിനെ ഖണ്ഡിക്കുമ്പോഴും തെറ്റുകള്‍ ചൂണ്ടിക്കാണിക്കുമ്പോഴുമാണ്.