മുത്വഫ്ഫീന്‍ (അളവില്‍ കമ്മി വരുത്തുന്നവര്‍)

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2019 ജനുവരി 12 1440 ജുമാദല്‍ അവ്വല്‍ 06

അധ്യായം: 83

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

وَيْلٌ لِّلْمُطَفِّفِينَ (١) ٱلَّذِينَ إِذَا ٱكْتَالُوا۟ عَلَى ٱلنَّاسِ يَسْتَوْفُونَ (٢) وَإِذَا كَالُوهُمْ أَو وَّزَنُوهُمْ يُخْسِرُونَ (٣) أَلَا يَظُنُّ أُو۟لَٰٓئِكَ أَنَّهُم مَّبْعُوثُونَ (٤) لِيَوْمٍ عَظِيمٍ (٥) يَوْمَ يَقُومُ ٱلنَّاسُ لِرَبِّ ٱلْعَٰلَمِينَ (٦) كَلَّآ إِنَّ كِتَٰبَ ٱلْفُجَّارِ لَفِى سِجِّينٍ (٧‬) وَمَآ أَدْرَىٰكَ مَا سِجِّينٌ (٨‬) كِتَٰبٌ مَّرْقُومٌ (٩) وَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ (١٠) ٱلَّذِينَ يُكَذِّبُونَ بِيَوْمِ ٱلدِّينِ (١١) وَمَا يُكَذِّبُ بِهِۦٓ إِلَّا كُلُّ مُعْتَدٍ أَثِيمٍ (١٢)
(1) അളവില്‍ കുറക്കുന്നവര്‍ക്ക് മഹാനാശം. (2) അതായത് ജനങ്ങളോട് അളന്നുവാങ്ങുകയാണെങ്കില്‍ തികച്ചെടുക്കുകയും (3) ജനങ്ങള്‍ക്ക് അളന്നുകൊടുക്കുകയോ തൂക്കിക്കൊടുക്കുകയോ ആണെങ്കില്‍ നഷ്ടം വരുത്തുകയും ചെയ്യുന്നവര്‍ക്ക്. (4) അക്കൂട്ടര്‍ വിചാരിക്കുന്നില്ലേ; തങ്ങള്‍ എഴുന്നേല്‍പിക്കപ്പെടുന്നവരാണെന്ന്? (5) ഭയങ്കരമായ ഒരു ദിവസത്തിനായിട്ട്! (6) അതെ, ലോകരക്ഷിതാവിങ്കലേക്ക് ജനങ്ങള്‍ എഴുന്നേറ്റ് വരുന്ന ദിവസം. (7) നിസ്സംശയം; ദുര്‍മാര്‍ഗികളുടെ രേഖ സിജ്ജീനില്‍ തന്നെയായിരിക്കും. (8) സിജ്ജീന്‍ എന്നാല്‍ എന്താണെന്ന് നിനക്കറിയാമോ? (9) എഴുതപ്പെട്ട ഒരു ഗ്രന്ഥമാകുന്നു അത്. (10) അന്നേ ദിവസം നിഷേധിച്ചു തള്ളുന്നവര്‍ക്കാകുന്നു നാശം. (11) അതായത് പ്രതിഫല നടപടിയുടെ ദിവസത്തെ നിഷേധിച്ചു തള്ളുന്നവര്‍ക്ക്. (12) എല്ലാ അതിരുവിട്ടവനും മഹാപാപിയുമായിട്ടുള്ളവനല്ലാതെ അതിനെ നിഷേധിച്ചു തള്ളുകയില്ല.

(1-2) (മഹാനാശം) ശിക്ഷയെയും നാശത്തെയും സൂചിപ്പിക്കുന്ന പദം. (അളവില്‍ കുറവ് വരുത്തുന്നവര്‍) ആരാണെന്ന് അല്ലാഹു തന്നെ വിശദീകരിക്കുന്നു. (അതായത് ജനങ്ങളോട് അളന്നു വാങ്ങുകയാണെങ്കില്‍ തികച്ചെടുക്കുന്നു). അവര്‍ക്കുള്ളത് എത്രയാണോ അതവര്‍ പൂര്‍ണമായെടുക്കുന്നു (തിരിച്ചെടുക്കുന്നു). ഒന്നും കുറക്കാതെ, പൂര്‍ണമായി.

(3). (ജനങ്ങള്‍ക്ക് അളന്ന് കൊടുക്കുകയോ തൂക്കിക്കൊടുക്കുകയോ ആണെങ്കില്‍). ജനങ്ങള്‍ക്കുള്ള അവകാശം അങ്ങോട്ട് നല്‍കുമ്പോഴാകട്ടെ, അവര്‍ അളവിലും തൂക്കത്തിലും (അവര്‍ നഷ്ടം വരുത്തുകയും ചെയ്യുന്നു). അളവിലും തൂക്കത്തിലും കുറവ് വരുത്തിയോ അളവും തൂക്കവും പൂര്‍ണമാക്കാതെയോ മറ്റേതെങ്കിലും രൂപത്തിലോ അവര്‍ നഷ്ടം വരുത്തുന്നു. ഇത് യഥാര്‍ഥത്തില്‍ ജനങ്ങളുടെ സ്വത്ത് മോഷ്ടിക്കലും അവരോട് അനീതി ചെയ്യലുമാണ്. അളവിലും തൂക്കത്തിലും കുറവ് വരുത്തുന്നവരോടാണ് ഈ താക്കീതെങ്കിലും ജനങ്ങളുടെ ധനം ശക്തി ഉപയോഗിച്ച് മോഷ്ടിച്ചു കൈവശപ്പെടുത്തുന്നവര്‍ ഇവരെക്കാളും ഈ താക്കീതിന്നര്‍ഹരാണ്. ഇടപാടുകളില്‍ ജനങ്ങളില്‍ നിന്നും സ്വീകരിക്കുന്നവര്‍ അവര്‍ക്ക് തിരിച്ചുനല്‍കുമ്പോഴും അവരുടെ അവകാശങ്ങള്‍ പൂര്‍ത്തിയാക്കി കൊടുക്കാന്‍ ബാധ്യസ്ഥരാണ്.

പൊതുവായി മറ്റു ചില കാര്യങ്ങളും ഇതില്‍ ഉള്‍പെടുന്നു. തര്‍ക്കങ്ങളുണ്ടാകുമ്പോള്‍ പതിവനുസരിച്ച് ഓരോരുത്തരും തങ്ങള്‍ക്ക് അനുകൂലമായ വാക്കുകളും തെളിവുകളും സ്വീകരിക്കുന്നു. അതിനു താല്‍പര്യം കാണിക്കുന്നു. അതോടൊപ്പം തന്റെ എതിരാളിയുടെ തെളിവുകളും ന്യായങ്ങളും കൂടി സ്വീകരിക്കല്‍ നിര്‍ബന്ധമാണ്. തനിക്കനുകൂലമായ തെളിവുകളെ കാണുന്ന പോലെ എതിരാളിയുടെ തെളിവിലെ ന്യായങ്ങളും കാണണം. മാനുഷികനീതിയാണ് ഇവിടെ വ്യക്തമാവുന്നത്. ഇതില്‍നിന്നും മനുഷ്യന്‍ കക്ഷിത്വത്തില്‍ നിന്നും പക്ഷപാതിത്വത്തില്‍ നിന്നും മാറി അഹങ്കാരത്തിനു പകരം വിനയവും അവിവേകത്തിനു പകരം വിവേകവുമുള്ളവനാകണമെന്ന് മനസ്സിലാക്കാം. അല്ലാഹു നന്മയിലേക്കു നമ്മെ വഴി നടത്തട്ടെ. പിന്നീട് അളവിലും തൂക്കത്തിലും കുറവ് വരുത്തുന്നവരെ താക്കീത് ചെയ്യുകയും അവരുടെ നിലപാടിലും അത് തുടര്‍ന്നുകൊണ്ടിരിക്കുന്നതിലും അല്ലാഹു അത്ഭുതം പ്രകടിപ്പിക്കുകയും ചെയ്യുന്നു.

(4-6) (അക്കൂട്ടര്‍ വിചാരിക്കുന്നില്ലേ, തങ്ങള്‍ ഭയങ്കരമായ ഒരു ദിവസത്തനായി എഴുന്നേല്‍പിക്കപ്പെടുന്നവരാണെന്ന്. അതെ, ലോക രക്ഷിതാവിങ്കലേക്ക് ജനങ്ങള്‍ എഴുന്നേറ്റ് വരുന്ന ദിവസം).

അളവിലും തൂക്കത്തിലും കുറവ് വരുത്താന്‍ ധൈര്യപ്പെടുന്നവര്‍ അന്ത്യദിനത്തില്‍ വിശ്വസിക്കാത്തവരാണ്. മറിച്ച് അവര്‍ വിശ്വസിക്കുകയും അല്ലാഹുവിന്റെ മുമ്പില്‍ നില്‍ക്കേണ്ടിവരുമെന്നും അധികമാണെങ്കിലും കുറവാണെങ്കിലും അതിന്റെ മേല്‍ വിചാരണ ചെയ്യപ്പെടുമെന്നും മനസ്സിലാക്കിയിരുന്നുവെങ്കില്‍ അവരത് ഉപേക്ഷിക്കുകയും പശ്ചാത്തപിക്കുകയും ചെയ്യുമായിരുന്നു.

(7) അല്ലാഹു പറയുന്നു: (നിസ്സംശയം ദുര്‍മാര്‍ഗികളുടെ രേഖ 'സിജ്ജീനില്‍' തന്നെയായിരിക്കും). അവിശ്വാസികള്‍, കപടവിശ്വാസികള്‍, പാപികള്‍ തുടങ്ങിയ എല്ലാ അധര്‍മകാരികളും ഇതില്‍ ഉള്‍പ്പെടുന്നു. തുടര്‍ന്ന് അതിനെ വിശദീകരിക്കുന്നു.

(8-9) (സിജ്ജീന്‍ എന്നാല്‍ എന്താണെന്ന് നിനക്കറിയാമോ? എഴുതപ്പെട്ട ഒരു ഗ്രന്ഥമാകുന്നു അത്). അവരുടെ മോശം പ്രവര്‍ത്തനങ്ങള്‍ പരാമര്‍ശിക്കപ്പെട്ട ഗ്രന്ഥം. 'സിജ്ജീന്‍' എന്നാല്‍ ഇടുങ്ങിയതും കുടുസ്സായതുമായ സ്ഥലം എന്നാണര്‍ഥം. സിജ്ജീന്‍ എന്നതിന്റെ വിപരീതമാണ് ഇല്ലിയ്യീന്‍. അത് പുണ്യവാന്മാരുടെ രേഖയുടെ സ്ഥാനമാണ്. മറ്റൊരഭിപ്രായം: സിജ്ജീന്‍ എന്നത് ഏഴാമത്തെ ഭൂമിയുടെ ഏറ്റവും താഴ്ന്ന ഭാഗമാണെന്നാണ്. അധര്‍മകാരികളുടെ സങ്കേതം. അവര്‍ക്ക് തിരിച്ചെത്താനുള്ള സ്ഥിരവാസ കേന്ദ്രം.

(10-11) (അന്നേ ദിവസം നിഷേധിച്ച് തള്ളുന്നവര്‍ക്കാകുന്നു നാശം). തുടര്‍ന്ന് അവരാരാണെന്ന് വിശദീകരിക്കുന്നു. (അതായത് പ്രതിഫല നടപടിയുടെ ദിവസത്തെ നിഷേധിച്ച് തള്ളുന്നവര്‍ക്ക്). പ്രതിഫലദിനം തങ്ങളുടെ പ്രവര്‍ത്തനങ്ങളാല്‍ ജനങ്ങള്‍ അല്ലാഹുവിന് വിധേയരാകുന്ന ദിവസം

(12) (എല്ലാ അതിരുവിട്ടവനും മഹാപാപിയുമായിട്ടുള്ളവനുമല്ലാതെ അതിനെ നിഷേധിച്ച് തള്ളുകയില്ല). അല്ലാഹു നിഷിദ്ധമാക്കിയതിലേക്ക് അതിരുവിട്ട് കടന്നവര്‍ അനുവദനീയമായതില്‍ നിന്ന്.

(മഹാപാപി). ധാരാളം പാപം ചെയ്തവന്‍. ഈ പ്രയോഗം അവന്റെ അങ്ങേയറ്റത്തെ നിഷേധത്തെ അറിയിക്കുന്നു. അവന്‍ അഹങ്കാരിയും സത്യത്തെ തള്ളിക്കളയുന്നവനുമാണെന്ന് ഉറപ്പിക്കുകയും ചെയ്യുന്നു. അതാണ് തുടര്‍ന്ന് പറയുന്നത്.