ഇന്‍ശിഖാഖ് (പൊട്ടിപ്പിളരല്‍) ഭാഗം: 2

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2019 ജനുവരി 05 1440 റബീഉല്‍ ആഖിര്‍ 28

അധ്യായം: 84

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

يَا أَيُّهَا الْإِنْسَانُ إِنَّكَ كَادِحٌ إِلَىٰ رَبِّكَ كَدْحًا فَمُلَاقِيهِ (٦) فَأَمَّا مَنْ أُوتِيَ كِتَابَهُ بِيَمِينِهِ (٧‬) فَسَوْفَ يُحَاسَبُ حِسَابًا يَسِيرًا (٨‬) وَيَنْقَلِبُ إِلَىٰ أَهْلِهِ مَسْرُورًا (٩) وَأَمَّا مَنْ أُوتِيَ كِتَابَهُ وَرَاءَ ظَهْرِهِ (١٠) فَسَوْفَ يَدْعُو ثُبُورًا (١١) وَيَصْلَىٰ سَعِيرًا (١٢) إِنَّهُ كَانَ فِي أَهْلِهِ مَسْرُورًا (١٣)
(6) ഹേ, മനുഷ്യാ! നീ നിന്റെ രക്ഷിതാവിങ്കലേക്ക് കടുത്ത അധ്വാനം നടത്തി ചെല്ലുന്നവനും അങ്ങനെ അവനുമായി കണ്ടുമുട്ടുന്നവനുമാകുന്നു. (7) എന്നാല്‍ (പരലോകത്ത്) ഏതൊരുവന്ന് തന്റെ രേഖ വലതുകയ്യില്‍ നല്‍കപ്പെട്ടുവോ, (8) അവന്‍ ലഘുവായ വിചാരണക്ക് (മാത്രം) വിധേയനാകുന്നതാണ്. (9) അവന്‍ അവന്റെ സ്വന്തക്കാരുടെ അടുത്തേക്ക് സന്തുഷ്ടനായിക്കൊണ്ട് തിരിച്ചുപോകുകയും ചെയ്യും. (10) എന്നാല്‍ ഏതൊരുവന് തന്റെ രേഖ അവന്റെ മുതുകിന്റെ പിന്നിലൂടെ കൊടുക്കപ്പെട്ടുവോ; (11) അവന്‍ നാശമേ എന്ന് നിലവിളിക്കുകയും (12) ആളിക്കത്തുന്ന നരകാഗ്‌നിയില്‍ കടന്ന് എരിയുകയും ചെയ്യും. (13) തീര്‍ച്ചയായും അവന്‍ അവന്റെ സ്വന്തക്കാര്‍ക്കിടയില്‍ സന്തോഷത്തോടെ കഴിയുന്നവനായിരുന്നു.

ഹേ മനുഷ്യാ, നീ നിന്റെ രക്ഷിതാവിങ്കലേക്ക് കടുത്ത അധ്വാനം നടത്തി ചെല്ലുന്നവനും അങ്ങനെ അവനുമായി കണ്ടുമുട്ടുന്നവനുമാകുന്നു. അതായത്, അവന്റെ കല്‍പനകളും വിരോധങ്ങളും പ്രവര്‍ത്തിച്ച് നന്മയോ തിന്മയോ ചെയ്ത് അവനിലേക്ക് അടുത്തുകൊണ്ടിരിക്കുന്നവനായി നീ അല്ലാഹുവിലേക്ക് അധ്വാനം ചെയ്തുകൊണ്ടിരിക്കുന്നവനാണ്. അങ്ങനെ ഉയിര്‍ത്തെഴുന്നേല്‍പു നാളില്‍ അല്ലാഹുവിനെ കണ്ടുമുട്ടുമ്പോള്‍ ശ്രേഷ്ഠവും നീതിപൂര്‍വകവുമായ പ്രതിഫലം ലഭിക്കാതിരിക്കില്ല. സൗഭാഗ്യവാനാണെങ്കില്‍ ശ്രേഷ്ഠതയും ദൗര്‍ഭാഗ്യവാനാണെങ്കില്‍ നീതിപൂര്‍വകമായ ശിക്ഷയും ലഭിക്കും. 

തുടര്‍ന്ന് ആ പ്രതിഫലത്തെ വിശദീകരിക്കുന്നു: (എന്നാല്‍, (പരലോകത്ത്) ഏതൊരുവര്‍ തന്റെ രേഖ വലതുകയ്യില്‍ നല്‍കപ്പെട്ടുവോ) അവര്‍ സൗഭാഗ്യവാന്മാരാണ്. (അവന്‍ ലഘുവായ വിചാരണക്ക് (മാത്രം വിധേയനാകുന്നതാണ്). അല്ലാഹുവിന്റെയടുക്കല്‍ അവന്റെ പ്രവര്‍ത്തനങ്ങള്‍ ചെറുതായി പ്രദര്‍ശിപ്പിക്കും. എന്നിട്ട് അവന്റെ പാപങ്ങള്‍ അവനെക്കൊണ്ട് അംഗീകരിപ്പിക്കും. അപ്പോള്‍ അവന്‍ താന്‍ നശിച്ചെന്ന് വിചാരിക്കും. അല്ലാഹു പറയും: ഇഹലോകത്ത് ഞാന്‍ നിനക്ക് മറച്ചുവെച്ചിരുന്ന പാപങ്ങള്‍ ഇന്നും നിനക്ക് ഞാന്‍ മറച്ചുവച്ചു തരുന്നു. (അവന്‍ തന്റെ സ്വന്തക്കാരുടെ അടുക്കലേക്ക് തിരിച്ചുപോവുകയും ചെയ്യുന്നു). സ്വര്‍ഗത്തില്‍, (സന്തുഷ്ടനായിക്കൊണ്ട്). കാരണം അവന്‍ പ്രതിഫലം നേടുകയും ശിക്ഷയില്‍ നിന്നു രക്ഷപ്പെടുകയും ചെയ്തു. 

(എന്നാല്‍ ഏതൊരുവന് തന്റെ രേഖ അവന്റെ മുതുകിന്റെ പിന്നിലൂടെ കൊടുക്കപ്പെടുന്നുവോ) അതായത് പിന്നിലൂടെ ഇടതു കയ്യില്‍. (അവന്‍ നാശമേ എന്ന് നിലവിളിക്കും). അവന്‍ ചെയ്തതും പശ്ചാത്തപിച്ചിട്ടില്ലാത്തതുമായ അവന്റെ പ്രവര്‍ത്തനങ്ങള്‍ കാണുകയും നിന്ദ്യതയാലും അപമാനത്താലും അവന്‍ നിലവിളിക്കുകയും ചെയ്യുമെന്നര്‍ഥം.

(ആളിക്കത്തുന്ന നരകത്തില്‍ കടന്ന് എരിയുകയും ചെയ്യും). എല്ലാ വശത്തുനിന്നും കത്തിയാളുന്ന നരകം അവനെ വലയം ചെയ്യുകയും അതിന്റെ ശിക്ഷയില്‍ അവന്‍ കിടന്ന് മറിയുകയും ചെയ്യും. (തീര്‍ച്ചയായും അവന്‍ അവന്റെ സ്വന്തക്കാര്‍ക്കിടയില്‍ സന്തോഷത്തോടെ കഴിയുന്നവനായിരുന്നു). പരലോക ജീവിതത്തിന് യാതൊരു വിലയും കല്‍പിക്കാതെ അവന്‍ തിന്മ പ്രവര്‍ത്തിക്കുകയും തന്റെ രക്ഷിതാവിങ്കലേക്ക് മടക്കപ്പെടുമെന്നോ അവന്റെ മുമ്പില്‍ നില്‍ക്കേണ്ടിവരുമെന്നോ അവന്‍ വിചാരിച്ചില്ല. (അതെ, തീര്‍ച്ചയായും അവന്റെ രക്ഷിതാവ് അവനെപ്പറ്റി കണ്ടറിയുന്നവനായിരുന്നു). കല്‍പിക്കപ്പെടുകയും വിരോധിക്കപ്പെടുകയും ശിക്ഷിക്കപ്പെടുകയും പ്രതിഫലം നല്‍കപ്പെടുകയും ചെയ്യാതെ വെറുതെ വിടുക എന്നതുണ്ടാവില്ല.

രാത്രിയിലെ ദൃഷ്ടാന്തങ്ങളെക്കൊണ്ട് അല്ലാഹു ഇവിടെ സത്യം ചെയ്ത് പറയുന്നു. സൂര്യപ്രകാശം ശേഷിക്കുകയും രാത്രിക്ക് ആരംഭം കുറിക്കുകയും ചെയ്യുന്ന അസ്തമയ ശോഭയെക്കൊണ്ടും അവന്‍ സത്യം ചെയ്യുന്നു. (രാത്രിയും അത് ഒരുമിച്ച് ചേര്‍ക്കുന്നവയും കൊണ്ടും). ജീവികളില്‍ നിന്നും മറ്റും അത് ഉള്‍ക്കൊള്ളുന്നവ. (ചന്ദ്രന്‍ പൂര്‍ണത പ്രാപിക്കുമ്പോള്‍ അതിനെ കൊണ്ടും). പൂര്‍ണത പ്രാപിച്ചുവരുമ്പോള്‍ പ്രകാശം വര്‍ധിക്കുന്നു. അത് വളരെ മനോഹരവും  ഏറെ പ്രയോജനമുള്ളതുമായിരിക്കും. 

ഇനി സത്യം ചെയ്ത് പറയുന്ന കാര്യത്തിലേക്ക് പ്രവേശിക്കുന്നു. (നിങ്ങള്‍ കയറിക്കൊണ്ടിരിക്കുന്നതാണ്.) ജനങ്ങളേ, നിങ്ങള്‍ (ഘട്ടം ഘട്ടമായി) നിരവധി ഘട്ടങ്ങളിലൂടെ, വ്യത്യസ്ത അവസ്ഥകളിലൂടെ. ഇന്ദ്രിയാവസ്ഥയില്‍ നിന്ന് ഭ്രൂണാവസ്ഥയിലേക്ക്. പിന്നീട് മാംസ പിണ്ഡമായി ആത്മാവ് നല്‍കപ്പെടുന്നു. തുടര്‍ന്നൊരു കുഞ്ഞായി ജനിച്ചു. വിശേഷ ബുദ്ധി ലഭിച്ചു. പ്രായപൂര്‍ത്തിയായി. കല്‍പനാ വിരോധങ്ങള്‍ക്ക് വിധേയമായി ജീവിക്കാന്‍ ബാധ്യസ്ഥനായി. അതിനു ശേഷം മരണവും ഉയിര്‍ത്തെഴുന്നേല്‍പും വിചാരണയും പ്രതിഫല നടപടിയും. മനുഷ്യന്‍ കടന്നുപോകുന്ന ഈ വ്യത്യസ്തമായ ഘട്ടങ്ങള്‍ അറിയിക്കുന്നത് ആരാധനക്കര്‍ഹനായ അല്ലാഹു ഏകനാണെന്നും തന്റെ അടിമകളെ കാരുണ്യത്തോടെയും യുക്തിഭദ്രമായും അവന്‍ നിയന്ത്രിക്കുന്നു എന്നുമാണ്. അടിമയാവട്ടെ, അവനിലേക്ക് ആവശ്യമുള്ളവനും ദുര്‍ബലനും കരുണാനിധിയായ പ്രതാപശാലിയായവന്റെ നിയന്ത്രണത്തിലുമാണ്. ഇങ്ങനെയൊക്കെയാണെങ്കിലും അധികമാളുകളും വിശ്വസിക്കുന്നില്ല. (അവര്‍ക്ക് ക്വുര്‍ആന്‍ ഓതിക്കേള്‍പിക്കപ്പെട്ടാല്‍ അവര്‍ സുജൂദ് ചെയ്യുന്നുമില്ല.) അവര്‍ ക്വുര്‍ആനിന് കീഴൊതുങ്ങുന്നില്ല. അതിന്റെ കല്‍പനകളും വിരോധങ്ങളും സ്വീകരിക്കുന്നുമില്ല.

(പക്ഷേ, അവിശ്വാസികള്‍ നിഷേധിച്ചു തള്ളുകയാണ്). സത്യം വ്യക്തമായിട്ടും സത്യത്തോടവര്‍ ധിക്കാരം കാണിക്കുന്നു. ക്വുര്‍ആനില്‍ അവര്‍ വിശ്വസിക്കാത്തതിലും കീഴ്‌പ്പെടാത്തതിലും അത്ഭുതമില്ല. കാരണം സത്യനിഷേധി സത്യത്തെ എതിര്‍ക്കുന്നു. അവര്‍ക്ക് മറ്റു വഴികളില്ല.

(അവര്‍ മനസ്സുകളില്‍ സൂക്ഷിച്ചുവെക്കുന്നതിനെ പറ്റി അല്ലാഹു നല്ലവണ്ണം അറിയുന്നവനാകുന്നു). രഹസ്യമായി വിചാരിക്കുന്നതും പ്രവര്‍ത്തിക്കുന്നതും രഹസ്യമാക്കുന്നതും പരസ്യമാക്കുന്നതും അല്ലാഹു അറിയുന്നു. അതിനുള്ള പ്രതിഫലം നല്‍കുകയും ചെയ്യും. 

അതാണ് അല്ലാഹു പറയുന്നത്: (ആകയാല്‍ (നബിയേ) നീ അവര്‍ക്ക് വേദനയേറിയ ശിക്ഷയെപ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കുക). സന്തോഷ വാര്‍ത്തക്ക് 'ബിശാറത്ത്' എന്ന് പറയാന്‍ കാരണം സന്തോഷം തൊലികളില്‍ സന്തോഷത്തിന്റെ അനുരണനങ്ങള്‍ ഉണ്ടാക്കുന്നത് കൊണ്ടാണ്. അധികമാളുകളും ഖുര്‍ആനില്‍ വിശ്വസിക്കാത്തവരും അതിനെ കളവാക്കുന്നവരുമാണ്. 

ജനങ്ങളില്‍ ചിലരെ അല്ലാഹു സന്മാര്‍ഗത്തിലാക്കി. അപ്പോള്‍ അവര്‍ അവനില്‍ വിശ്വസിച്ചു. പ്രവാചകന്മാര്‍ കൊണ്ടുവന്നത് അവര്‍ സ്വീകരിച്ചു. സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിച്ചു. അവര്‍ക്ക് നിന്നുപോകാത്ത പ്രതിഫലമുണ്ട്. മാത്രവുമല്ല, ഒരു കണ്ണും കാണാത്ത, ഒരു കാതും കേള്‍ക്കാത്ത, ഒരു മനുഷ്യമനസ്സിലും വിചാരിക്കുക പോലും ചെയ്യാത്ത നിത്യപ്രതിഫലം അവര്‍ക്കുണ്ടായിരിക്കും.